ചെമ്പകം പൂക്കുമ്പോൾ, ഭാഗം 4 വായിച്ചു നോക്കൂ…

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 4

❤️❤️❤️❤️❤️❤️❤️❤️❤️

“മേഘേ…. ഡി…. “..അമ്പലത്തിൽ നിന്നും ഇറങ്ങി വന്ന   മേഘയുടെ അടുത്തേക്ക് കിങ്ങിണി ഓടി ചെന്നു.

“നിനക്ക് എങ്ങനുണ്ട് ഡി ??എപ്പോഴാ ഹോസ്പിറ്റലിൽ നിന്ന് വന്നേ”??… കിങ്ങിണി കിതച്ചു കൊണ്ട് ചോദിച്ചു.

“ഞങ്ങൾ രാവിലെ വന്നെടി……. ഇന്നലെ ഡ്രിപ് ഇട്ട് കുറച്ച് നേരം കിടന്നു.
അത് കഴിഞ്ഞു പോന്നു. അപ്പോഴാ ഓഡിറ്റോറിയത്തിൽ തീ പിടിച്ച കാര്യമൊക്കെ അറിഞ്ഞത്”….

“മ്മ്… നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട് ??വയ്യായ്ക വല്ലതും ഉണ്ടോ”??

“ഇല്ലടി എനിക്ക് അന്നേരം എന്തോപോലെ തോന്നിയതാ അല്ലാതെ വേറെ ഒന്നുമില്ല. നിനക്ക് എന്തേലും പറ്റിയോ”??

“ഏയ്… ഇല്ല…ഞാൻ ബാത്‌റൂമിൽ കുടുങ്ങി പോയിരുന്നു,  കൃത്യ സമയത്തു ഒരു ചേട്ടൻ വന്നു രക്ഷിച്ചു”…..

“ഞാൻ അറിഞ്ഞു. നിഹാൽ ഏട്ടൻ അല്ലേ”??

“ആവോ പേര് അറിയില്ല… ഒരു അടിപൊളി ചേട്ടൻ”….കിങ്ങിണി മെല്ലെ ഒരു കണ്ണ് ഇറുക്കി കുസൃതിയോടെ ആരും കേൾക്കാതെ പറഞ്ഞു.

“മ്മ് നിഹാൽ ഏട്ടനാ അമ്മ പറഞ്ഞാരുന്നു. നമ്മൾ ഡാൻസ് ചെയ്യാൻ പോയത് പുള്ളിയുടെ കമ്പനിയുടെ പരുപാടിക്കാ…. സത്യം പറയാല്ലോ… പുള്ളിയെ വായി  നോക്കി നിന്നപ്പോഴാ  ഞാൻ ബോധം കെട്ടു വീണതാ”….

“ഹഹഹഹ… അതെന്താ ഡി പുള്ളിക്കാരൻ ആനമയക്കി വല്ലോമാണോ”??

“പോടീ കളിയാക്കാതെ”….മേഘ കിങ്ങിണിയുടെ കയ്യിൽ ഒന്ന് പിച്ചി.

“മേഘ മോളെ ഇപ്പോൾ എങ്ങനെ ഉണ്ട്”??…കിങ്ങിണിയുടെ അമ്മ അവരുടെ അടുത്തേക്ക് വന്നു  അവളോട്‌ ചോദിച്ചു.

“എനിക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ല കിങ്ങിണിയുടെ അമ്മേ…. ”

“ദീപ ടീച്ചർ വന്നില്ലേ”??

“ഉണ്ട്… വഴിപാട് കഴിപ്പിക്കാൻ പോയതാ…. ”

“മ്മ്… എന്നാൽ നിങ്ങള് അങ്ങ് മാറി നിന്നോ… ഞങ്ങൾക്കും ഇന്ന് വഴിപാട് ഉണ്ട്….സമയം എടുക്കും ”

“മ്മ്”….അതും പറഞ്ഞു കിങ്ങിണിയുടെ അമ്മയും ചെറിയമ്മയും പോയി. കിങ്ങിണിയും മേഘയും കൂടെ ആൽത്തറയിൽ പോയി ഇരുന്നു.

“ശരിക്കും നിഹാൽ ഏട്ടനെ എനിക്ക് ഒന്ന് കാണാൻ പോലും പറ്റിയില്ല… ഏത് നേരത്ത് ആണോ എനിക്ക് ബോധം കെടാൻ തോന്നിയത്”….മേഘ ഇരുന്നു പരിഭവം പറഞ്ഞു.

“ഓഹ് മേഘ തമ്പുരാട്ടിക്ക് ആനമയക്കിയെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നല്ലോ”!!….ചെറിയൊരു കുസൃതിയോടെ കിങ്ങിണി ചോദിച്ചു.

“മ്മ്… ആള് മൊഞ്ചൻ അല്ലേ… നമ്മുടെ ഹിന്ദി നടൻ ഷാഹിദ് കപൂറിനെ  പോലെ”….

“ഓഹ് എന്റെ ദൈവമേ അതൊക്കെ ആരാ”??

“സിനിമയും, കുന്തവും ഒന്നും കാണാത്ത നിനക്ക് അതൊന്നും പറഞ്ഞാൽ മനസിലാകില്ല”…

“ഓഹ് പിന്നെ…ലാലേട്ടന്റെയും രാജുവേട്ടന്റെയും സൂര്യയുടെയും വിജയിടെയുമൊക്കെ അത്ര വരുവോ നിന്റെ കപൂർ”…….

“ഷാഹിദിനെ കണ്ടാൽ നീ ഇതൊന്നും പറയില്ല പുള്ളിയുടെ വിവാഹ് എന്ന് പറയുന്ന സിനിമാ എന്റെ പൊന്നോ കാണണം. എന്താ റൊമാൻസ്”……

“ഓ പിന്നെ”….

“ആ പറഞ്ഞു വന്ന കാര്യം ഇതല്ല നിഹാൽ ഏട്ടനാ….. നീ നോക്കിക്കോ ഇനി നിഹാൽ വർമയുടെ കരളും കൊണ്ടേ ഈ മേഘ പോകൂ”….

“എന്തിന് വരട്ടി തിന്നാൻ ആണോ”??

“വരട്ടി തിന്നുവോ പുരട്ടി എടുക്കുമോ എന്നൊക്കെ നമുക്ക് കണ്ടറിയാം…. “…

“എന്താടി ഒരു സ്പെല്ലിങ് മിസ്റ്റേക്ക്”??

“ഇത്രയും ഞാൻ പറഞ്ഞിട്ട് ഇപ്പോഴാണോ നിനക്ക് അത് തോന്നിയത്”??

“എന്താടി”??

“എടി ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആ ചേട്ടനെ ഒരുപാട് ഇഷ്ടമായി അമ്മ പറയുന്നതും കൂടെ കേട്ടപ്പോൾ അതിലും കൂടുതൽ”..

“അമ്മ എന്ത് പറഞ്ഞു എന്ന്”??…സംശയത്തോടെ കിങ്ങിണി ചോദിച്ചു.

“നിഹാൽ ഏട്ടൻ സുന്ദരൻ ആണെന്ന് ഞാൻ പറയണ്ടല്ലോ നിന്നോട്… പുറത്തൊക്കെ പോയി പഠിച്ച ആളാ… വളരെ മോഡേൺ ആയിട്ടുള്ള ആളാ… ചേട്ടൻ നന്നായി പാടും, ഗിത്താർ,  വയലിൻ, ഓർഗൺ  ഇതൊക്കെ വായിക്കും,എത്രയോ കുട്ടികളെ ആണെന്ന് അറിയുവോ അവരുടെ കമ്പനി പഠിപ്പിക്കുന്നത്. നല്ലൊരു അടിപൊളി വീട്, ഒരുപാട് സ്വത്തുക്കൾ, നല്ല വീട്ടുകാരും. ഇതിൽ കൂടുതൽ എന്ത് വേണം !!പിന്നെ പ്രായം അത് ഇപ്പോ ആര് നോക്കാനാ”??…മേഘ പറഞ്ഞു നിർത്തി. കിങ്ങിണിയുടെ മുഖത്ത് എന്തോ ഒരു അസ്വസ്ഥത നിറഞ്ഞു.

“എടി നിനക്ക് എന്താ അയാളോട് പ്രേമം ആണോ”??…

“പിന്നെ അല്ലാതെ… “…അതും കൂടെ കേട്ടപ്പോൾ കിങ്ങിണി കാറ്റ് പോയ ബലൂൺ പോലെ ആയി.

“നിനക്ക് അയാളെ ഇഷ്ടാ സമ്മതിച്ചു പക്ഷെ,  അയാൾക്ക്‌ നിന്നെ ഇഷ്ടായിരിക്കുവോ  ???നിന്നെ പുള്ളി കണ്ടിട്ട് പോലും കാണില്ല”…

“നീ നോക്കിക്കോ പ്ലസ് 2,കഴിഞ്ഞു ഞാൻ കൊച്ചിക്ക് പോകും… ചേട്ടനെ ഞാൻ വീഴ്ത്തും. അച്ഛന് അങ്ങോട്ട്‌ ട്രാൻസ്ഫർ ഉണ്ടാകും ഉടനെ”…

“അതിന് ആ ചേട്ടൻ തിരുവന്തപുരത്തു  അല്ലേ”??

“അല്ലടി… അവർ ഇന്ന് വീട് മാറി പോകും. അമ്മ പറഞ്ഞാരുന്നു. കൊച്ചിയിൽ ആണ് അവരുടെ ബിസ്സിനെസ്സ് കൂടുതലും അതുകൊണ്ട് അങ്ങോട്ട്‌ മാറുവാ”….

“മ്മ്… നിന്റെ അമ്മക്ക് എങ്ങനാ അവരെ പരിചയം”??

“എന്തോ അകന്ന ബന്ധവ”…

“മ്മ്…ചിലപ്പോൾ അങ്ങേരു വകയിൽ നിന്റെ മാമൻ വല്ലോം ആയിരിക്കും”….

“ഒന്ന് പോ കുരുപ്പേ ഞാൻ തുടങ്ങിയിട്ടേ ഉള്ളു…അന്നേരവ… ”

“മ്മ് നടക്കട്ടെ. നിനക്ക് കാണാൻ കൊള്ളാവുന്ന ഏത് ചെക്കനെ കണ്ടാലും ഉള്ളതല്ലേ ഇത്”….

“ഞാൻ നിന്നെ പോലെ സത്യ സാവിത്രി ഒന്നുമല്ല മോളെ”

“അഹ്”…..

“ഡി ഫാത്തിമ ഇത്തയുടെ കല്യാണത്തിന് പോകണ്ടേ”??

“പോകണം… ഇക്കാക്ക  വരാം എന്ന് പറഞ്ഞിരുന്നു കല്യാണത്തിന് രണ്ടാഴ്ച മുൻപ്”…..

“മ്മ് എന്നേ അമ്മ വിടില്ല… അമ്മവീട്ടിൽ ഉത്സവം നടക്കുന്നത് കൊണ്ട്”….

“മ്മ്…..നമ്മുടെ ഫൈനൽ എക്സാം കഴിഞ്ഞിട്ട് അല്ലേ കല്യാണം.
അതുകൊണ്ട് സമാധാനം”…

“മ്മ്”….

“കിങ്ങിണി മോളെ വാ ഇങ്ങോട്ട്”…ചെറിയമ്മ വിളിച്ചപ്പോൾ അവർ രണ്ടാളും അമ്പലത്തിലേക്ക് നടന്നു. കളഭം ചാർത്തി നിൽക്കുന്ന ഉണ്ണി കണ്ണനെ നോക്കി കിങ്ങിണി പറഞ്ഞു.

“ദേ…. ആ ചേട്ടനെ അവൾക്കു ഇഷ്ടായി… ഇനി മേലിൽ ആ പുള്ളിയെ എന്റെ ഓർമയിൽ പോലും കൊണ്ട് വന്നു പോകരുത്. കേട്ടല്ലോ.പഠിക്കുന്ന പിള്ളേരെ വഴി തെറ്റിക്കാൻ ഓരോ വേണ്ടാത്ത ചിന്തകൾ മനസ്സിൽ കുത്തി കയറ്റിക്കോളും”….കണ്ണനോട് പരിഭവത്തോടെ അതും പറഞ്ഞു അവൾ നടന്നു അകലുമ്പോൾ കുസൃതി ചിരിയോടെ കണ്ണൻ അവളെ നോക്കി നിന്നു.

ജീവൻ രക്ഷിച്ച ആളോട് ഉള്ള ആരാധനയോ,ഒരൊറ്റ കാഴ്ച്ചയിൽ അടർന്നു വീണത്  പ്രണയമോ അറിയില്ല കിങ്ങിണിക്ക്… ചിന്തകളും വിചാരങ്ങളും  പൂക്കുന്ന മധുര പതിനേഴു കാലം. മനസ്സിൽ വിരിയുന്ന ഒരായിരം സ്വപ്നങ്ങളെ സ്വന്തമാക്കാൻ തോന്നുന്ന കാലം.സ്വപ്നങ്ങൾക്ക് നിറം കൂടുന്ന കാലം.എന്തിനെയും  സ്വന്തമാക്കാൻ മോഹിക്കുന്ന കാലം. ഒരു പരിധി വരെ എല്ലാ പെൺകുട്ടികൾക്കും തോന്നുന്ന ഒരു വികാരം. ചിലപ്പോൾ വെറും ആകർഷണം ആവാം അതിനെ ഒട്ടു മിക്ക പെൺകുട്ടികളും പ്രണയമായി കരുതും. അത് അങ്ങനൊരു കാലം തന്നെയാണ്.

അമ്പലത്തിൽ നിന്ന് തിരികെ എത്തിയ കിങ്ങിണി മുറിയിൽ പോയി ആ കോട്ട് എടുത്തു. അലമാരയിൽ ആരും പെട്ടന്ന് കാണാത്ത ഒരു സ്ഥലത്ത് എടുത്തു  വെച്ചു.

“കിങ്ങിണി നിനക്ക് ഒന്നുമില്ല. ഏതോ ഒരു ചേട്ടൻ നിന്നെ സഹായിച്ചു അതിൽ കൂടുതൽ ഒരു കുന്തവും നിനക്ക് ഇല്ല കേട്ടല്ലോ… ഇനി ആ ചേട്ടനെ കുറിച്ച് അറിയാതെ പോലും ഓർക്കരുത്. ഇത് പഠിക്കേണ്ട സമയവ പോയി ഇരുന്നു പടിക്കെടി ഉണ്ടക്കണ്ണി…. അവള് കണ്ട ചെക്കന്മാരെ കുറിച്ച് ആലോചിച്ചു നടക്കുന്നു”…. കണ്ണാടിക്ക് മുൻപിൽ നിന്ന് തന്നോട് തന്നെ ഇത് പറയുമ്പോൾ അവൾ പഴയ കിങ്ങിണി കുട്ടി ആയി മാറുക ആരുന്നു.

കിങ്ങിണി പുസ്തകം എടുത്തു വെച്ചു പഠിക്കാൻ തുടങ്ങി. അത് ഏകദേശം 12മണി വരെ നീളും. കാരണം ആൾക്ക് ഉടനെ എക്സാം തുടങ്ങും അതുകൊണ്ടാ… ഇതൊക്കെ ആണെങ്കിലും നമ്മുടെ കിങ്ങിണി രാവിലെ എഴുന്നേൽക്കില്ല. നല്ല മടിച്ചി ആണ് ആ ഒരു കാര്യത്തിൽ. കിങ്ങിണി കുട്ടി പഠിക്കട്ടെ നമുക്ക് ഒന്ന് അപ്പുറം വരെ പോയിട്ട് വരാം.

“ചന്ദ്ര….. നാളെ നമുക്ക് തൃപ്പൻകോട്ട് വരെ ഒന്ന് പോകണം”….

“എന്താ ഏട്ടാ വിശേഷിച്ചു”??

“നീ രാവിലെ പറഞ്ഞത് പോലെ കിങ്ങിണിയുടെ ജാതകം ഒന്ന് കൊണ്ട് പോയി നോക്കണം… പ്രായം ആവുകയല്ലേ… .. എന്തേലും ദോഷമോ  മറ്റോ ഉണ്ടെങ്കിൽ അതിന് പരിഹാരം ചെയ്യണം”….

“ശരി ഏട്ടാ നമുക്ക് രാവിലെ തന്നെ പോകാം”.

“മ്മ് എങ്കിൽ നീ പോയി കിടന്നോ”….ചന്ദ്രൻ ഉറങ്ങാൻ വേണ്ടി മുറിയിലേക്ക് പോയി.

കൃഷ്ണ പ്രസാദ് ഉമ്മറത്തെ ചാരു കസേരയിൽ പോയി ഇരുന്നു. തലയ്ക്കു കയ്യും കൊടുത്തു അദ്ദേഹം മെല്ലെ കണ്ണുകൾ അടച്ചു  ചാഞ്ഞു ഇരുന്നു.

“കിങ്ങിണിയുടെ അച്ഛാ”…..ലളിതയുടെ വിളി കേട്ടു അദ്ദേഹം കണ്ണ് തുറന്നു.

“എന്താ ലളിതേ…. ??”

“സമയം ഒരുപാട് ആയി കിടക്കുന്നില്ലേ”??

“കുറച്ച് കഴിയട്ടെ..മോള് കിടന്നോ”??
  

“ഇല്ല..
പഠിക്കുവാ”…

‘മ്മ്…എന്തോ മനസ്സിന് ആകെ ഒരു സ്വസ്ഥത കുറവ്… അരുതാത്ത എന്തോ നടക്കാൻ പോകുന്ന പോലെയൊക്കെ ഒരു ചിന്ത…. ”

“ഏയ്… ഒന്നുമില്ല… തോന്നൽ ആവും. മോളെ കുറിച്ച് ഉള്ള ആദിയും പിന്നെ ഇന്നലത്തെ അപകടവും അതൊക്കെ ആവും”…

“ഹ്മ്മ് ആയിരിക്കും….നീ പോയി കിടന്നോ ഞാൻ കുറച്ച് കഴിഞ്ഞു കിടന്നോളാം”…

“മ്മ്”….കിങ്ങിണിയുടെ അമ്മ അകത്തേക്ക് പോയി.

കുറച്ച് കഴിഞ്ഞു കൃഷ്ണ പ്രസാദ് കിങ്ങിണിയുടെ മുറിയിലേക്ക് പോയി.

“അച്ഛന്റെ കുട്ടി പഠിച്ചു കഴിഞ്ഞോ”??
കിങ്ങിണിയുടെ മുറിയിലേക്ക് വന്ന അച്ഛൻ ചോദിച്ചു.

“കഴിഞ്ഞു അച്ഛാ ഞാൻ ഉറങ്ങാൻ പോകുവാരുന്നു”…

“മ്മ്”…അച്ഛൻ കട്ടിലിൽ വന്നു ഇരുന്നു അവളുടെ നെറ്റിയിൽ തലോടി.

“മോൾക്ക്‌ ഉറക്കം വരുന്നുണ്ടോ”??

“ഇല്ല അച്ഛാ… ”

“മോള് കിടന്നോ അച്ഛൻ മോൾക്ക്‌ കഥ പറഞ്ഞു തരാം”…

“മ്മ്”…അവളെ കട്ടിലിൽ കിടത്തി അച്ഛൻ അവൾക്കു കഥ പറഞ്ഞു കൊടുത്തു. ഇടയ്ക്ക് എപ്പോഴോ അവൾ ഉറങ്ങി. കിങ്ങിണിയെ നല്ല പോലെ പുതപ്പിച്ചിട്ട്  അച്ഛൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു.

“ഈശ്വര എന്റെ കണ്ണ് അടയും വരെ എന്റെ മോളുടെ കണ്ണീർ കാണുന്ന രീതിയിൽ ഒന്നും അവളുടെ ജീവിതത്തിൽ സംഭവിക്കരുതേ”…..കണ്ണുകൾ തുടച്ചു അദ്ദേഹം എഴുന്നേറ്റു.

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും…)

രചന : അനു അനാമിക

Scroll to Top