അവളെന്നെ എന്തിനാണ് ഉപേക്ഷിച്ചു പോയതെന്ന് സത്യമായും എനിക്ക് അറിയുമായിരുന്നില്ല….

രചന : അമ്മു സന്തോഷ്

ഒറ്റയ്ക്കായവർ

*******************

അവളെന്നെ എന്തിനാണ് ഉപേക്ഷിച്ചു പോയതെന്ന് സത്യമായും എനിക്ക് അറിയുമായിരുന്നില്ല .വിവാഹം കഴിഞ്ഞു നാലു വർഷങ്ങൾ ഞങ്ങൾ സന്തോഷമായി തന്നെയാണ് ജീവിച്ചത്

കുഞ്ഞുങ്ങൾ ഇല്ലാഞ്ഞത് ഞങ്ങൾ രണ്ടാളുടെയും കുഴപ്പമായിരുന്നില്ല .എന്തിനും ഏതിനും സമയം ഉണ്ടനൂപ് എന്നവൾ തന്നെയാണ് എന്നെ ആശ്വസിപ്പിക്കാറുണ്ടായിരുന്നത്. ഞാൻ എല്ലാ അർത്ഥത്തിലും നല്ല ഒരു ഭർത്താവായിരുന്നന്ന് തന്നെയായിരുന്നു എനിക്ക് വിവാഹമോചനം വേണം എന്നവൾ പറയും വരെ ഞാൻ വിശ്വസിച്ചു പോന്നത് . ആദ്യമൊക്കെ അതൊരു തമാശ ആണെന്നെ ഞാൻ കരുതിയുള്ളൂ .പക്ഷെ ദിവസങ്ങളോളം അവൾ മൗനിയായി. ഒരു നിർവികാരത , അവൾക്കു പോകണമെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു.

“എന്നിൽ നിന്നെന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ തിരുത്താമെന്നു ഞാൻ പറഞ്ഞു നോക്കി .എനിക്ക് പോകണം എന്ന് ആവർത്തിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ലവൾ . കാരണമെന്തെന്നറിയാതെ, ഞാൻ ചെയ്ത തെറ്റെന്തെന്നറിയാതെ അവൾ പോയതിനു ശേഷം ദിവസങ്ങളോളം ഞാൻ എന്റെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി .

അമ്മയും അച്ഛനും പലതവണ ചോദിച്ചിട്ടും എനിക്കുത്തരമില്ല .

എനിക്കറിയാത്തതു ഞാൻ എങ്ങനെ പറയും ?

ഓഫീസിൽ പോകാൻ എനിക്കൊരു മടി തോന്നി .ഞാൻ ഒരു കഴിവ് കെട്ടവനാണെന്നു അവരൊക്കെ പറയാതെ പറയുന്നുണ്ടാകും

ഒരു യാത്ര പോയി വാ എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ അനുസരിച്ചു

കുറച്ചു വസ്ത്രങ്ങൾ ഒരു ബാഗിലൊതുക്കി ഞാൻ യാത്ര തുടങ്ങി .ട്രെയിനിൽ സാധാരണ കംപാർട്മെന്റിൽ വശത്തെ സീറ്റിൽ ഞാൻ പുറത്തേക്കു കണ്ണും നട്ടു ഓടി മറയുന്ന കാഴ്ചകളിലേക്ക് നോക്കിയിരിക്കുമ്പോഴാണ് ഒരു കുടുംബം എനിക്ക് എതിരെ വന്നിരുന്നത്

ഞാൻ ആ കുഞ്ഞുങ്ങളുടെ കളിചിരികൾ വെറുതെ കണ്ടിരുന്നു

ജീവിതത്തി ലാദ്യമായി ഞാൻ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു . വില കൂടിയ കാറുകൾ വര്ഷം തോറും മാറ്റി മേടിക്കുമായിരുന്ന ഞാൻ ,പുതുതായി എന്തുണ്ടെങ്കിലും സ്വന്തമാ ക്കുമായിരുന്ന ഞാൻ , ജീവിതം ആഘോഷമാക്കിയിരുന്ന ഞാൻ ..ആ ഞാൻ അവളെന്നെ ഉപേക്ഷിച്ചു പോയപ്പോൾ മരിച്ചു പോയി .ഒരാളുടെ അവഗണകൾക്കു മറ്റൊരാളെ കൊല്ലാനുള്ള കഴിവുണ്ടെന്ന സത്യം എനിക്ക് മനസിലാവുകയായിരുന്നു .

ഞാൻ ജീവിതത്തിൽ ഒരേയൊരു പെണ്ണിനെ മാത്രമേ അറിഞ്ഞിട്ടുണ്ടായിരുന്നുള്ളു .അത് കൊണ്ട് തന്ന് ആ വേർപാട് വേദനാജനകമായിരുന്നു താനും. പെണ്ണിന് വളരെ പെട്ടെന്ന് ഒരാണിനെ കൊല്ലാൻ കഴിയും .അതിനു വലിയ ആയുധങ്ങളൊന്നും വേണ്ട .ഒരു വാക്ക് മതി .”തിരസ്‌കാരം”.

എതിരെയിരുന്ന പുരുഷൻ എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

“സാറിന്റെ പേരെന്താ ?”

തീരെ അവിചാരിതമായി അയാൾ എന്നോട് ചോദിച്ചു

“അനൂപ് “ഞാൻ മറുപടി പറഞ്ഞു ..

“സാറിനെന്താ ഇത്ര സങ്കടം ?”

ഞാൻ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങളിലേക്കും ദിവസങ്ങളോളം കുളിക്കാതെയെന്നോണം എണ്ണമയമില്ലതെ പാറി പറന്നു കിടക്കുന്ന തലമുടിയിലേക്കും നോക്കി . എനിക്കാരോടെങ്കിലും ഒന്ന് പൊട്ടിക്കരയാണെമെന്നു തോന്നിയ നി&മിഷമായിരുന്നു അത് .എന്റെ തൊണ്ടക്കുഴിയിൽ ഒരു ഭാരം നിറഞ്ഞു .അയാളുടെ മുന്നിൽ എന്റെ സങ്കടങ്ങൾ അഴിഞ്ഞു വീഴുമ്പോൾ ദൈവത്തിന്റെ മുന്നിലാണ് ഞാൻ എന്ന് എനിക്ക് തോന്നി .എന്നെ കേൾക്കാൻ ഒരാൾ .അയാൾ അലിവോടെ എന്നെ നോക്കിയിരുന്നു .എല്ലാം പറഞ്ഞു തീർന്നപ്പോൾ മനസ്സ് കെട്ടു പൊട്ടിച്ചു പറക്കുന്ന പട്ടം പോലെയായി

അയാളെന്നെ ആശ്വസിപ്പിക്കാനായി ഒന്നും പറഞ്ഞില്ല പകരം ഇത്ര മാത്രം പറഞ്ഞു.

“ജനിക്കും മുന്നേ തന്നെ ‘അമ്മ കൊന്നു കളയാൻ ശ്രമിച്ച കുഞ്ഞായിരുന്നു സാറെ ഞാൻ .പക്ഷെ ഞാൻ ചത്തില്ല ..ജനിച്ചു കഴിഞ്ഞും പലരും പലരീതിയിൽ നോക്കിട്ടുണ്ട് കൊല്ലാനും തോൽപ്പിക്കാനും .വിട്ടു കൊടുത്തിട്ടില്ല ഞാൻ എന്നെ .ഒടുവിൽ വിധി തന്നെ വന്നു ഒരു അപകടത്തിന്റെ രൂപത്തില് ..കാൽ അങ്ങ് പോയി .ആരോടാ കളി ?ഞാൻ തോൽക്കുമോ ?നമുക്ക് നമ്മളെ സ്നേഹിക്കാൻ കഴിഞ്ഞാൽ ഈ ലോകം തന്നെ മാറി പോകും സാറെ .ഒറ്റയ്ക്കു നടന്നും ഇടയ്ക്കൊക്കെ ശീലിക്കണം അപ്പൊ അറിയാം ലോകമെത്ര സുന്ദരമാണെന്നു .വന്നതും പിന്നെ പോകുന്നതും ഒക്കെ തനിച്ചല്ലേ ?അതങ്ങു ഉൾക്കൊണ്ടാൽ പിന്നെ വലിയ സങ്കടങ്ങൾ ഒന്നും നമ്മളെ ഏശുകയില്ല ”

ഞാൻ അത്ഭുതത്തോടെ അയാളുടെ വാക്കുകളിലേക്കും പൊയ്ക്കാലുകളിലേക്കും നോക്കി….

അടുത്ത സ്റ്റേഷനിൽ ഇറങ്ങും മുന്നേ അയാൾ ഭാര്യയെയും കുഞ്ഞുങ്ങളെയും എനിക്ക് പരിചയപ്പെടുത്തി തന്നു .അവർക്കു കൊടുക്കാൻ ഒരു മുഷിഞ്ഞ ചിരി മാത്രമേ എന്റെ പക്കൽ ഉണ്ടായിരുന്നുള്ളു .

“സാർ തിരിച്ചു പോ. എന്നിട്ടു നല്ല ഗംഭീരമായിട്ട് ജീവിക്ക്. ആരെയും തോൽപിക്കാനല്ല നമുക്ക് തോൽക്കാതിരിക്കാൻ …ദേ ആ കാണുന്ന ചേരിയിലാണ് എന്റെ വീട് ..ഒരിക്കൽ സാർ വരണം …സാർ വരും എനിക്കറിയാം “അയാൾ പുഞ്ചിരിച്ചു

ഞാൻ അയാളെ എന്റെ ദേഹത്തോട്, എന്റെ ആത്മാവിനോട്, എന്റെ ഹൃദയത്തിനോട് ചേർത്ത് പിടിച്ചു …

‘വരും ..”ഞാൻ അയാളോട് പറഞ്ഞു.

അയാൾ പോയിക്കഴിഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തത് ഞാൻ അയാളോട് പേര് ചോദിച്ചില്ല

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു ?ദൈവം തന്നെ പലപേരുകളിൽ അല്ലെ അറിയപ്പെടുന്നത് ?

തിരികെ എത്തുമ്പോൾ എന്നെ കാത്തു ഒരു അത്ഭുതം ഉണ്ടായിരുന്നു .

അവൾ….

വിരസമായ ദിവസങ്ങളുടെ മടുപ്പിനൊടുവിൽ അവൾക്കു വെറുതെ തോന്നിയ ഒരു തോന്നലാണത്രെ എല്ലാം ..ഇപ്പോൾ കാണാതിരുന്നപ്പോൾ, അകന്നിരുന്നപ്പോൾ പിരിയാനാവില്ല എന്ന തിരിച്ചറിവ് ഉണ്ടായത്രേ ..

ക്ഷമ ചോദിച്ചു കരഞ്ഞ അവളോട് എനിക്ക് വെറുപ്പൊന്നും തോന്നിയില്ല. ക്ഷമിക്കത്തക്ക മഹാപാപം ഒന്നും അവൾ ചെയ്‌തെന്നും തോന്നിയില്ല ..പക്ഷെ ഉടനെ പഴയ പോലെയാകാൻ എനിക്ക് കഴിയില്ലായിരുന്നു ..കാരണം എനിക്ക് അഭിനയം അറിയില്ല എന്നത് തന്നെ ..

ചിലപ്പോൾ കുറച്ചു കാലം കഴിയുമ്പോൾ അപ്പോളും അവളെന്നെ കാത്തിരിക്കുന്നു എങ്കിൽ ഞാൻ അവളെ ഒപ്പം ചേർക്കുമായിരിക്കും .അത് വരെ ഞാൻ ഒന്ന് ഒറ്റയ്ക്ക് നടന്നു നോക്കട്ടെ .. ഒറ്റയ്ക്ക് ആവുന്നത് ചിലപ്പോളെങ്കിലും നല്ലതാണ് .അങ്ങനെയാവുമ്പോ ആരുടെ നഷ്ടവും നമ്മെ ബാധിക്കില്ല .ആർക്കും നമ്മെ മുറിവേൽപ്പിക്കാൻ സാധിക്കുകയുമില്ല ..പക്ഷെ പലപ്പോഴും നമ്മൾ അതിനു ശ്രമിക്കാറില്ല എന്നതാണ് സത്യം ..അതും വേണം ..അങ്ങനെ ഒരു എക്സ്പീരിയൻസ് നല്ലതാണ്.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അമ്മു സന്തോഷ്

Scroll to Top