എഴുന്നേൽക്കാൻ തുടങ്ങിയ അവളെ അവൻ തൻ്റെ നെഞ്ചിലേക്ക് അണച്ച് നെറ്റിയിൽ മൃദുവായി തൻ്റെ ചുണ്ടുകൾ ചേർത്തു….

രചന : Shenka….

രാത്രിയുടെ ഏതോ യാമത്തിൽ സുഖാലസ്യമായ നിദ്രയിൽ നിന്ന് ഞെട്ടി ഉണർന്ന അവൾ തന്നെ പൊതിഞ്ഞു പിടിച്ചിരുന്ന കൈകളെ മെല്ലെ വിടർത്തി മാറ്റി ബെഡ്ഡിൽ എഴുനെറ്റിരുന്നു പനങ്കുലപോലെ അഴിഞ്ഞുലഞ്ഞ് കിടക്കുകയായിരുന്ന മുടി വാരിക്കെട്ടി തിരിഞ്ഞു ബെഡ്ഡിൽ ഒരുവശം ചരിഞ്ഞു ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കമായ മുഖത്തോടെ കിടക്കുകയായിരുന്ന അവനെ നോക്കി. ഒരു മാത്ര കണ്ണുകളിൽ നാണം വിരിഞ്ഞു. പെട്ടെന്ന് തന്നെ കണ്ണുകളിൽ വിരിഞ്ഞ നാണം പേരറിയാത്ത ഏതോ വികാരത്തിലേക്ക് വഴിമാറി. അവൻ്റെ നെറ്റിയിലെക്ക് വീണു കിടന്ന മുടിയിഴകളെ മെല്ലെ മാടിയൊതുക്കി തിരിയവെ അവളുടെ കൈകളിൽ പിടുത്തം വീണു.

ഒരു ഞെട്ടലോടെ ആ കൈകളെ പിഴുതെറിഞ് എഴുന്നേൽക്കാൻ തുടങ്ങിയ അവളെ അവൻ തൻ്റെ നെഞ്ചിലേക്ക് അണച്ച് നെറ്റിയിൽ മൃദുവായി തൻ്റെ ചുണ്ടുകൾ ചേർത്തു. ഒരു നിമിഷം കൂമ്പിയടഞ്ഞ കണ്ണുകൾ പതിയെ തുറന്നു അവൻ്റെ കാതിലേക്ക് മുഖം ചേർത്തു വെച്ച അവളെ ഒരു പുഞ്ചിരിയോടെ ഒന്നുകൂടി തന്നിലേക്ക് അണച്ചു പിടിച്ച് അരവിന്ദ് മെല്ലെ തൻ്റെ മുഖം അവളുടെ കഴുത്തിന് അടിയിലേക്ക് ഒളിപ്പിച്ചു. അവൻ്റെ മുടിയിഴകളെ തഴുകി അവൾ കണ്ണുകൾ അടച്ചു.

********************

ഡീ… ഒരലർച്ച കേട്ടാണ് അവൾ തൻ്റെ സ്വപ്നത്തിൽ നിന്ന് ഞെട്ടി മുഖം ഉയർത്തി നോക്കിയത്.

മുന്നിൽ കണ്ണിൽ എരിയുന്ന അഗ്നിയുമായി അരവിന്ദ്. പേടിയോടെ ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് കതകിനു പിന്നിൽ ഒളിക്കവെ കൈകളിൽ പിടുത്തം വീണു. തൻ്റെ കൈകൾ അവൻ്റെ കയ്ക്കുള്ളിൽ നിന്ന് വലിച്ചെടുക്കാൻ നോക്കവെ അണിഞ്ഞിരുന്ന കുപ്പിവളകൾ പൊട്ടി താഴെവീണു ഒപ്പം രക്തത്തുള്ളികളും.. ദയനീയമായി മുഖം ഉയർത്തി നിള അവനെ നോക്കി. അവൻ്റെ കണ്ണുകളിൽ നിന്ന് ഉതിരുന്ന അഗ്നിയിൽ താൻ ദഹിച്ചു തീരുമെന്ന് അവൾക്ക് തോന്നി. കണ്ണുകൾ ഒരുനിമിഷം കോർത്തു.. പതിയെ പതിയെ അവൻ്റെ കൈകൾ അയയുന്നത് അവളറിഞ്ഞൂ.

ഒരു നിമിഷം മുഖം ഉയർത്തി അവനെയൊന്ന് നോക്കി അവളകത്തേക്ക് ഓടി. അവളുടെ ഓട്ടം നോക്കി നിന്ന അവൻ്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു..

അകത്തേക്ക് കയറിയ അരവിന്ദ് വെറുതെ അടുക്കളപ്പുറത്തേക്ക് ഒന്ന് പാളി നോക്കി. അവിടെ സിങ്കിൽ നിന്ന് പാത്രങ്ങൾ ഓരോന്ന് എടുത്തു കഴുകുകയായിരുന്നൂ നിള. ഇടക്കിടെ കണ്ണുകൾ തുടക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ഒരു നിമിഷം അത് നോക്കിനിന്ന അരവിന്ദ് കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ അവളുടെ തൊട്ടു പിറകിൽ ചെന്നു. കഴുകിയ പാത്രങ്ങളുമായി തിരിഞ്ഞ നിള തൊട്ടുപുറകിൽ നിൽക്കുന്ന അരവിന്ദിനെ കണ്ടു പുറകോട്ടു ചുവടുകൾ വെച്ചു. ഒപ്പം അരവിന്ദും (പതിവുപോലെ ക്ലീഷെ നായികാ നായകന്മാരുടെ സ്ഥിരം ഭാവത്തോടെ ) ഭിത്തിയിൽ ഇടിച്ചു നിന്ന നിളയുടെ അപ്പുറവും ഇപ്പുറവും കൈകൾ കോർത്ത് ഇടുപ്പിലൂടെ തന്നിലേക്ക് അടുപ്പിച്ചു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു. ഒരു ഞെട്ടലോടെ മുഖം ഉയർത്തി നോക്കിയ നിള ഒരുനിമിഷം സ്വയം മറന്നു. പിന്നെ പെട്ടെന്ന് തന്നെ അവനെ തള്ളിമാറ്റി പുറത്തേക്ക് ഓടി.

കിതപ്പോടെ അടുക്കള മുറ്റത്ത് ഉള്ള അലക്കുകല്ലിലേക്ക് ഇരിക്കവെ അവളുടെ മനസ്സിലൂടെ കുറെ ചിന്നിച്ചിതറിയ ഓർമ്മകൾ കടന്നുപോയി.

10 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഇരുണ്ട രാത്രി അച്ചനെന്ന മനുഷ്യൻ്റെ കാമം പൂണ്ട കണ്ണുകളിൽ നിന്നും കൈകളിൽ നിന്നും മകളെ രക്ഷിച്ചെടുക്കാൻ ഉള്ള ഓട്ടത്തിനിടയിലാണ് അമ്മ തൻ്റെ കൈപിടിച്ച് ഇവിടേക്ക് കടന്നുവരുന്നത്. .

ഓർമ്മവെച്ച കാലം മുതൽ അച്ഛൻ്റെ ഇടിയും ചവിട്ടും കൊണ്ടു ജീവിച്ച അമ്മ എല്ലാം സഹിച്ചത് തന്നെ ഓർത്തു മാത്രമായിരുന്നു. തൻ്റെ ഭാവിയെങ്കിലും സുരക്ഷിതമാക്കാൻ വേണ്ടിയായിരുന്നു. ഒടുവിൽ താൻ വയസറിയിച്ച അന്ന് തന്നെ ചേർത്ത് പിടിച്ച അച്ഛൻ്റെ കൈകളുടെ ഭാവം മാറുന്നത് ഒരു ഞെട്ടലോടെ ആണ് മനസ്സിലാക്കിയത്. അമ്മയോട് കരഞ്ഞുകൊണ്ട് പറയുമ്പോൾ നിസ്സഹായതയോടെ തന്നെ നോക്കിയ കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങിയ കണ്ണീരിനു രക്തത്തിൻ്റെ ചുവപ്പായിരുന്നൂ.

പിന്നീടുള്ള അച്ഛൻ്റെ ഓരോ പെരുമാറ്റവും തന്നെ വല്ലാതെ ഭയപ്പെടുത്തി. ഒടുവിൽ ഭയന്നിരുന്നതുപോലെ മൂക്കറ്റം കുടിച്ചു വന്ന ഒരു രാത്രിയിൽ തന്നെ ആക്രമിക്കാൻ തുടങ്ങിയ അച്ഛനെ കയ്യിൽ കിട്ടിയ കമ്പി കൊണ്ട് അടിച്ചു വീഴ്ത്തി അമ്മ തൻ്റെ കൈകളിൽ മുറുകെപ്പിടിച്ചു ഓടി ഇവിടെ വന്നു കയറുമ്പോൾ സുരക്ഷിതമായി ഉറങ്ങാൻ ഒരിടം മാത്രമായിരുന്നു മനസ്സിൽ.

പത്താം ക്ലാസ്സിൽ നല്ല മാർക്കൊടെ വിജയം നേടിയ തന്നെ ഇവിടുത്തെ അമ്മ തങ്ങളുടെ മകൻ പഠിക്കുന്ന സ്കൂളിൽ പ്ലസ്ടുവിന് ചേർത്തു. അമ്മ ഇവിടെ ജോലിക്കാരിയുമായി. ഒഴിവ് സമയങ്ങളിൽ അമ്മയെ സഹായിച്ചു കഴിഞ്ഞു. തനിക്ക് കിട്ടേണ്ട സ്നേഹം പങ്കുവെക്കപ്പെ ടുന്നത് അരവിന്ദിന് സഹിക്കാൻ കഴിയുമായിരുന്നില്ല. തന്നെ സ്വന്തം മകളായി കണ്ട അമ്മയോട് ഉള്ള ദേഷ്യം അരവിന്ദ് തന്നോട് തീർത്തു കൊണ്ടിരുന്നു. ഒന്നും മിണ്ടാതെ ആരോടും പരിഭവം ഇല്ലാതെ എല്ലാം സഹിച്ചു. തരം കിട്ടുമ്പോഴൊക്കെ അരവിന്ദ് അവളെ ദ്രോഹിച്ചു. ഒടുവിൽ താൻ ഡിഗ്രി്ക്ക് പഠിക്കുന്ന സമയം പെട്ടെന്നായിരുന്നു അമ്മയുടെ മരണം.. ഈ ഭൂമിയിൽ താൻ വല്ലാതെ ഒറ്റപ്പെട്ടുപോയ പോലെ.

ഇവിടത്തെ അമ്മ മാത്രമായിരുന്നു ഏക ആശ്വാസം. അച്ചനില്ലാതെ വളർന്നതിനാൽ ആവണം അരവിന്ദ് താന്തൊന്നിയായാണ് വളർന്നത്. ആവശ്യത്തിനധികം പണം , കൂടെ എപ്പോഴും ഉണ്ടാകും ഒരുപറ്റം കൂട്ടുകാർ. കൂടിയും വലിയും എന്ന് വേണ്ട അരവിന്ദിന് ഇല്ലാത്ത ഒന്നും ഉണ്ടായിരുന്നില്ല.

അമ്മയാണെങ്കിൽ മകൻ്റെ നല്ലഭാവിക്കുവേണ്ടി അമ്പലങ്ങൾ തോറും വഴിപാട് കഴിച്ചു ജീവിക്കുന്നു.

ആ അമ്മയ്ക്ക് ഏക ആശ്വാസം നിള മാത്രമായിരുന്നു. അവരവളെ സ്വന്തം മോളെ പ്പോലെ നോക്കി വളർത്തി. ഡിഗ്രീ പരീക്ഷ എഴുതാൻ പോലും അരവിന്ദ് തയാറായില്ല. ഡിഗ്രീ എക്സാം കഴിഞ്ഞു വീട്ടിൽ വന്ന ദിവസം ആയിരുന്നു അവളുടെ ജീവിതത്തിൽ അത് സംഭവിച്ചത്.

അന്ന് നല്ല മഴയുള്ള ദിവസം ഇടുക്കി പ്രളയത്താൽ മുങ്ങിപ്പോയിരുന്നൂ. അരവിന്ദിൻ്റെ അമ്മ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. ബന്ധുവിനെ കാണാൻ പോയിരുന്ന അമ്മയ്ക്ക് മഴ കാരണം വീട്ടിൽ വന്നെത്താൻ കഴിഞ്ഞില്ല. രാത്രി ഒരുപാട് ഇരുട്ടി പേടികാരണം നിളക്ക് ഉറങ്ങാൻ കഴിഞ്ഞില്ല അരവിന്ദാണെങ്കിൽ ഇതുവരെയും എത്തിയിട്ടുമില്ല.

എപ്പോഴോ ഒന്ന് മയങ്ങിപ്പോയി. ശരീരത്തിൽ കൂടി എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോഴാണ് ഞെട്ടി ഉണർന്നത്. ചാടി എഴുന്നേല്ക്കാൻ നോക്കിയിട്ട് കഴിയുന്നില്ല. തന്നെ ആരോ മുറുകെ പിടിച്ചിരിക്കുന്നു.. ശ്വാസം കഴിക്കാൻ പോലും കഴിയുന്നില്ല. മൂക്കിലേക്ക് ചാരായത്തിൻ്റെ ഗന്ധം അടിച്ചപ്പോൾ അവൾക്ക് മനം പിരട്ടുന്നത് പോലെ തോന്നി. സർവ്വശക്തിയും എടുത്തു തന്നെ പിടിച്ചിരുന്ന കൈകളെ പറിച്ചറിഞ്ഞ് ഓടിപ്പോയി ലൈറ്റ് ഇട്ടു. ലൈറ്റിൻ്റെ വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന ആളേക്കണ്ട് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളുടെ കൈകൾ ശക്തിയായി ഒന്നുയർന്ന് താണൂ. അരവിന്ദ് കാലുകൾ കുഴഞ്ഞ് നിലത്തേക്കിരുന്നു പോയി. മുഖം ഉയർത്തി നോക്കാൻ കഴിയാതെ തല കുനിഞ്ഞു ഇരിക്കുന്ന അവനെ ഒന്ന് നോക്കി വാതിൽ ശക്തിയായി വലിച്ചുതുറന്ന് ഒരു കൊടുങ്കാറ്റ് പോലെ പുറത്തേക്ക് ഇറങ്ങിപ്പോകുന്ന അവളെ തിരിച്ചു വിളിക്കാൻ അവൻ്റെ നാവു കൊതിച്ചെങ്കിലും ശബ്ദം പുറത്തേക്ക് ഉയർന്നില്ല.

കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ പുറത്തേക്ക് വീഴാതെ അവനതിനെ കണ്ണിൽത്തന്നെ എരിച്ചു കളഞ്ഞു. കവിളിൽ തിണർത്ത് കിടന്ന കൈപ്പാടുകളിൽ അവൻ മൃദുവായി തലോടി.

പുറത്തെ മഴയിലേക്ക് ഇറങ്ങിയ നിള ഗേറ്റ് തുറന്നു പുറത്തെത്തിയ ശേഷം ഒന്ന് തിരിഞ്ഞു നോക്കി.

കഴിഞ്ഞ 10 വർഷക്കാലം താൻ സമാധാനമായി അന്തിയുറങ്ങിയ വീട്. സ്വന്തം അല്ലെങ്കിലും സ്വന്തമെന്നു കരുതി പരിപാലിച്ച വീട്. സ്വന്തം അമ്മയെപ്പോലെ താൻ സ്നേഹിച്ച ലക്ഷ്മിയമ്മ.. ഇന്ന് തനിക്ക് ഈ വീട് അന്യമായിരിക്കുന്നു. അരവിന്ദിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതു സംഭവിച്ചിരിക്കുന്നു.

ഇനി ഇവിടേക്ക് തിരിച്ചുവരാൻ തനിക്ക് കഴിയില്ല.

ഒരിക്കൽ അച്ഛൻ്റെ മുഖത്ത് കണ്ട വികാരം ഇന്ന് താൻ വീണ്ടും കണ്ടിരിക്കുന്നു. കണ്ണുനീർ കാഴ്ചയെ മറച്ചപ്പോൾ അവളിറങ്ങി നടന്നു അലറിപ്പെയ്യുന്ന മഴയിലേക്ക്..

********************

” ഡീ നീ എന്താ സ്വപ്നം കണ്ടിരിക്കുവാണോ?

ചോറെടുത്ത് വെയ്ക്കെടി.. ” അരവിന്ദിൻ്റെ അലർച്ചയാണ് അവളെ വീണ്ടും തിരികെ കൊണ്ടുവന്നത്.

പെട്ടെന്ന് തന്നെ മുഖം അമർത്തി തുടച്ച് അവളടുക്കളയിലേക്ക് നടന്നു. ചോറും കറികളും എടുത്തു ഡൈനിങ് ടേബിളിൽ നിരത്തി. മൊബൈലിൽ ആരോടോ സംസാരിച്ചു കൊണ്ടിരുന്ന അരവിന്ദ് മുഖം ഉയർത്തി നോക്കി. പ്ലേറ്റ് എടുത്തു അതിലേക്ക് ചോറും കറികളും എടുത്തു വെച്ച് അവൾ തിരിഞ്ഞ് നടന്നു.

അവളുടെ പോക്ക് നോക്കിയ ശേഷം ദേഷ്യത്തോടെ ചോറും കറികളും തട്ടിത്തെറിപ്പിച്ചു പുറത്തേക്ക് ഇറങ്ങി. ശബ്ദം കേട്ട് നിള പുറത്തേക്ക് ഓടി ഇറങ്ങി വന്നപ്പോഴേക്കും അവൻ തൻ്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോയിക്കഴിഞ്ഞിരുന്നു. എന്തിനെന്നറിയാതെ വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. തിരികെ അടുക്കളയിൽ എത്തിയ നിള ഒരു പ്ലേറ്റിൽ കുറച്ചു ചോറും കറികളും എടുത്തു അടുക്കളപ്പടിയിൽ ഇരുന്നു.

കുഴച്ചെടുത്ത ഒരുരുള എടുത്തു വായിൽവെക്കാൻ തുനിഞ്ഞ അവളതിനെ തിരികെ പ്ലേറ്റിലേക്ക് തന്നെയിട്ട് സിങ്കിൽ പോയി പാത്രങ്ങൾ കഴുകി വെച്ചശേഷം അടുക്കളയോട് ചേർന്നുള്ള തൻ്റെ മുറിയിലേക്ക് കയറി. മുറിയിലെത്തി തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്ന അവൾ തൻ്റെ കാൽമുട്ടുകളിലേക്ക് മുഖം ചേർത്തു വെച്ചു. എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അറിയില്ല.. മുറിയിൽ ഒരു കാൽപ്പെരുമാറ്റംകേട്ട് ഞെട്ടി മുഖം ഉയർത്തിയ നിള മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഒരു നിമിഷം കാൽ വിരലുകളിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി.

“അരവിന്ദ് നീയെന്താ ഇവിടെ?

ഇറങ്ങിപ്പോ എൻ്റെ മുറിയിൽ നിന്ന്. ”

ശക്തിയോടെ അവനെ പിടിച്ചു വെളിയിലാക്കാൻ ശ്രമിച്ചു കൊണ്ട് നിള പറഞ്ഞുകൊണ്ടിരുന്നു.

അതൊന്നും ശ്രദ്ധിക്കാതെ അവൻ അവളുടെ കൈകളിൽ പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു.

ബാലൻസ് തെറ്റിയ നിള അവൻ്റെ നെഞ്ചിലേക്ക് വീണു. ഒരു നിമിഷം അരവിന്ദ് ഒരുകൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു മറുകൈകൊണ്ട് മുഖം മെല്ലെ പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കി

അവളുടെ വെള്ളാരം കണ്ണുകളുടെ തിളക്കം അവൻ്റെ ചിന്താശക്തിയെ മൂടി. മെല്ലെ കുനിഞ്ഞു അവളുടെ അധരങ്ങളിലേക്ക് അധരങ്ങൾ അടുപ്പിക്കാൻ ശ്രമിച്ച അവനെ പെട്ടെന്ന് ബോധത്തിലേക്ക് വന്ന നിള ശക്തിയിൽ തള്ളിമാറ്റി.

കിതപ്പോടെ പുറത്തേക്ക് പോകാൻ തുടങ്ങിയ അവളെ അവൻ പിന്നിൽനിന്ന് ചേർത്ത് പിടിച്ചു കഴുത്തിൽ ചേർന്ന് ബ്ലൗസിനടിയിലേക്ക് ഒളിപ്പിച്ചു വെച്ചിരുന്ന ചെയിൻ പൊക്കിയെടുത്തു അവളുടെ കണ്ണുകൾക്ക് നേരെ പിടിച്ചു. അതിൻ്റെ അറ്റത്ത് തൂങ്ങി കിടന്നിരുന്ന ഓം എന്ന് സ്വർണലിപിയിൽ കൊത്തിയ താലി അവളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നിയപ്പോൾ അവളൊരു തേങ്ങലോടെ അവനെ തള്ളിമാറ്റി പുറത്തേക്ക് ഓടി. ഒരു നിമിഷം അവൻ്റെ കണ്ണുകൾ അനുസരണയില്ലാത്ത ഒഴുകി. പിന്നെ തിരിഞ്ഞു തൻ്റെ റൂമിൽ കയറി വാതിൽ അടച്ചു കട്ടിലിലേക്ക് വീണു

അവൻ്റെ മനസ്സിൽ പലവിധ ചിന്തകളുടെ ഭാരം അനുഭവപ്പെട്ടു.

വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രിയിലേക്ക് അവൻ്റെ മനസ്സ് പാഞ്ഞു. രാത്രി ഏകദേശം 10 മണി ആയിട്ടുണ്ടാകും ഒരു പെൺകുട്ടിയെ മുറുകെപ്പിടിച്ച് ഒരമ്മ വീടിൻ്റെ ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്തേക്ക് ഓടി കിതച്ചെത്തി. അമ്മയുടെ പിറകിൽ മുഖം ഒളിപ്പിച്ച് പേടിച്ചരണ്ട കണ്ണുകളുമായി നിൽക്കുന്ന അവളുടെ കണ്ണുകൾ ഇപ്പോഴും തൻ്റെ ഉറക്കം കെടുത്തുന്നു. സ്വന്തം അച്ഛൻ തന്നെ അവളെ നശിപ്പിക്കാൻ ശ്രമിച്ച കഥ അമ്മയോട് പറയുമ്പോൾ അവളുടെ മുഖം കുനിഞ്ഞു പോയിരുന്നു. അമ്മ അവരെയും കൂട്ടി അകത്തേക്ക് പോകുമ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി.ഒരു നിമിഷം ഹൃദയം നിലച്ചതുപോലെ തോന്നി. അവളുടെയാ വെള്ളാരം കണ്ണുകൾ തൻ്റെ ഹൃദയം തുളച്ചു കയറുന്നത് ഒരു ഞെട്ടലോടെ മനസിലാക്കുമ്പോഴേക്കും അമ്മ അവരെയും കൊണ്ട് അകത്തേക്ക് പോയിരുന്നു.

അവളോടുള്ള അമ്മയുടെ സ്നേഹം കാണുമ്പോൾ അച്ഛൻ്റെ മരണത്തിന് ശേഷം അമ്മയുടെ സ്നേഹം മുഴുവനായി അനുഭവിച്ചിരുന്ന തനിക്ക് പെട്ടെന്ന് താൻ ഒറ്റപ്പെട്ടു പോയപോലെ തോന്നി.

ഇഷ്ടം പോലെ പണം ആവശ്യത്തിൽ അധികം കൂട്ടുകാർ എല്ലാം കൂടി തൻ്റെ ഉറക്കം കെടുത്തി.

പതിയെ പതിയെ അത് അവളോടുള്ള വെറുപ്പും ദേഷ്യവുമായി മാറി. ദ്രോഹിക്കാവുന്നതിൻ്റെ പരമാവധി ദ്രോഹിച്ചു. ഒരു പരിഭവവും ഇല്ലാതെ അവളെല്ലാം സഹിച്ചു. ആരോടും ഒന്നും പറഞ്ഞില്ല.

ഒരു പെൺകുട്ടിയെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവളുടെയാ വെള്ളാരം കണ്ണുകൾ മനസ്സിലേക്ക് വരും. ഒരിക്കൽപോലും തൻ്റെ ഇഷ്ടം അവളോട് പറഞ്ഞില്ല.

പകരം ദേഷ്യം മാത്രം പുറത്ത് കാണിച്ചു.

എന്നെങ്കിലും ഒരിക്കൽ തൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു അവളെ സ്വന്തമാക്കണമെന്ന് മോഹിച്ചിരുന്നൂ.

ശപിക്കപ്പെട്ട ആ രാത്രി, തൻ്റെ കണക്ക് കൂട്ടൽ എല്ലാം തെറ്റിച്ച ആ രാത്രി. അന്നു അമ്മ രാവിലെ ബന്ധു വീട്ടിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു. നിള മാത്രമെ വീട്ടിൽ ഉള്ളൂ നേരത്തെ വീട്ടിൽ എത്തണമെന്ന് പ്രത്യേകം പറഞ്ഞെൽപ്പിച്ചിരുന്നൂ അമ്മ. പെട്ടെന്നാണ് മഴ കനത്തത്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അന്ന് പതിവിലും അധികം കുടിച്ചു. രാത്രി ഒരുപാട് വൈകിയാണ് വീട്ടിൽ എത്തിയത്. അമ്മയുടെ മുറിയിൽ നോക്കിയപ്പോൾ അമ്മ ഇല്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല.

അമ്മ വന്നിട്ടില്ല എന്നു മനസ്സിലായി.

മുകളിലുള്ള തൻ്റെ മുറിയിലേക്ക് പോകാൻ തുടങ്ങിയ തൻ്റെ കണ്ണുകൾ അറിയാതെ നിളയുടെ മുറിയിലേക്ക് പോയി. അവിടെ കണ്ട കാഴ്ച അവൻ്റെ മനസിനെയും ശരീരത്തെയും ഒരുപോലെ കീഴടക്കി. ഫാനിൻ്റെ ചെറിയ കാറ്റിൽ ദാവണിയുടെ തുമ്പു മാറിൽ നിന്ന് അൽപം നീങ്ങി കിടക്കുന്നൂ. വെളുത്ത് തുടുത്ത അവളുടെ ആലിലവയറിൻ്റെ ഭാഗം അവൻ്റെ സിരകളെ ചൂടുപ്പിടിപ്പിച്ചു.

അറിയാതെ അവൻ്റെ കാലുകൾ അവളുടെ മുറിയിലേക്ക് നീങ്ങി.

മെല്ലെ കട്ടിലിലേക്ക് ഇരുന്നു. മുറിയിലെ അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം ഒരു ദേവതയെപ്പോലെ തോന്നിച്ചു. അഴിച്ചിട്ട കാർകൂന്തൽ അവളുടെ മുഖത്തിൻ്റെ ഭംഗി കൂട്ടി. പുറത്ത് മഴ തകർത്തു പെയ്യുന്നു.

അവളോടുള്ള ഭ്രാന്തമായ സ്നേഹത്തിൽ മനസ്സ് കൈവിട്ടു പോയ ഒരു നിമിഷം…

പിറ്റേദിവസം അമ്മ വന്നപ്പോൾ അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു താൻ ഉണ്ടായ കാര്യങ്ങൾ ഒക്കെ തുറന്നുപറഞ്ഞു. സ്നേഹ നിധിയായ നാട്ടിൽ അറിയപ്പെടുന്ന ഒരു നല്ല മനുഷ്യൻ്റെ മകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാതെ കേട്ട സംഭവം ആ അമ്മയെ ആകെ തകർത്തു കളഞ്ഞു. കിടപ്പിലായ അമ്മയുടെ ഏക ആവശ്യം നിളയെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിക്കണം എന്നുള്ളത് മാത്രമായിരുന്നു. അതു കഴിഞ്ഞു മാത്രമേ മകനോട് സംസാരിക്കുകയുള്ളൂ എന്ന് അമ്മ ശപഥം ചെയ്തു. ഒരുപാട് അന്വേഷണത്തിന് ഒടുവിൽ മൂന്നാറിൽ ഉള്ള അവളുടെ അകന്ന ബന്ധു വീട്ടിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.

ആദ്യമൊന്നും അവനോടു സംസാരിക്കാനോ കാണാനോ നിള കൂട്ടാക്കിയില്ല. അവസാനം അമ്മയുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ നിള അവൻ്റെ കൂടെ വരാൻ തയാറായി.

അവനോടുള്ള അമ്മയുടെ ഒരേ ഒരു ആവശ്യം നിളയെ കല്ല്യാണം കഴിക്കണമെന്ന് മാത്രമായിരുന്നു.

മനസ്സുകൊണ്ട് സന്തോഷിച്ചെങ്കിലും അവനത് പുറത്ത് കാണിച്ചില്ല. ഒടുവിൽ മനസ്സില്ലാ മനസ്സോടെ തന്നെ സംരക്ഷിച്ച ആ അമ്മയുടെ നിർബന്ധത്തിന് മുന്നിൽ നിളക്ക് അരവിന്ദിൻ്റെ മുന്നിൽ തല കുനിക്കേണ്ടി വന്നു. അധികം താമസിക്കാതെ നിളയെ തനിച്ചാക്കി ആ അമ്മയും യാത്രയായി.

********************

മൊബൈൽ റിംഗ് ചെയ്യുന്ന സൗണ്ട് കേട്ടാണ് അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്. സമയം 5 മണിയായിരിക്കൂന്നു. പെട്ടെന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. പതിവുപോലെ നിള വിളക്ക് കൊളുത്താനുള്ള തയാറെടുപ്പിലണ്. അവളെ ഒന്ന് നോക്കി അവൻ തൻ്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് പോയി. മുഖം ഉയർത്തി ഒന്ന് നോക്കിയ ശേഷം അവൾ തൻ്റെ ജോലി തുടർന്നു.

പതിവുപോലെ അന്നും നേരം ഇരുട്ടി അവൻ വന്നു കയറുമ്പോൾ. ഡൈനിങ് ടേബിളിൽ വിളമ്പി വെച്ച ഫുഡ്ഡിൻ്റെ മുന്നിൽ തല കുമ്പിട്ടു ഇരിക്കുന്ന അവളെ ഒന്ന് നോക്കി അവൻ മുകളിലേക്ക് ഉള്ള പടികൾ കയറി. മുറിയിലെത്തി അങ്ങനെതന്നെ ബെഡ്ഢിലേക്ക് വീണു.

നെറ്റിയിൽ ഒരു തണുത്ത സ്പർശം അറിഞ്ഞ അരവിന്ദ് കണ്ണുതുറന്നു നോക്കുമ്പോൾ മുന്നിൽ നിള.

പെട്ടെന്ന് കൈകൾ പിൻവലിച്ചു അവള് തിരിഞ്ഞു നടന്നു വാതിലിൽ എത്തിയ ശേഷം തിരിഞ്ഞു

” ഫുഡ് എടുത്തു വെച്ചിട്ടുണ്ട്”.. എന്ന് പറഞ്ഞു താഴേക്കിറങ്ങി.

അവൻ മെല്ലെ തൻ്റെ കൈകൾ നെറ്റിയിലേക്ക് ചേർത്ത് വെച്ചു. കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണീരിനേ കൈകളാൽ തൂത്തെറിഞ്ഞ് അവൻ താഴേക്കിറങ്ങി. ഡൈനിങ് ടേബിളിൽ വിളമ്പിവച്ച ഭക്ഷണത്തിൻ്റെ മുന്നിൽ ഒരു നിമിഷം നിന്നിട്ട് അവൻ മെല്ലെ അടുക്കളയിലേക്ക് നടന്നു. അവിടെ സിങ്കിലേക്ക് ചാരി നിൽക്കുന്ന നിളയെ ഒരു നിമിഷം നോക്കി നിന്നിട്ട് അവൻ അവളുടെ കൈകളിൽ പിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു ഡൈനിങ് ടേബിളിലെ കസേരയിലേക്ക് ഇരുത്തി.

എന്നിട്ട് ഒരു പ്ലേറ്റ് എടുത്തു അവളുടെ മുന്നിൽ വെച്ച് അതിലേക്ക് കുറച്ചു ചോറും കറികളും വിളമ്പി.

” എനിക്ക് വേണ്ട. ഞാൻ കഴിച്ചു”

“എനിക്കറിയാം നീ ഒന്നും കഴിച്ചിട്ടില്ല എന്ന്.”

എഴുനേൽക്കാൻ തുടങ്ങിയ അവളുടെ കൈകളിൽ പ്പിടിച്ച് ഇരുത്തിയ ശേഷം അവൻ പറഞ്ഞു.

അത് വകവെക്കാതെ എഴുനേൽക്കാൻ തുടങ്ങിയ നിളയെ നോക്കി അവൻ അലറി

“ഇരിക്കടി അവിടെ.. ഇത് കഴിച്ചിട്ട് നീ പോയാൽ മതി”

അവൻ്റെ കണ്ണുകളിലെ ഭാവം കണ്ട അവള് പേടിച്ച് കസേരയിലേക്ക് ഇരുന്നു കഴിച്ചു തുടങ്ങി.

അവളുടെ ഭാവങ്ങൾ കണ്ട അവൻ്റെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു.

പെട്ടെന്ന് കഴിച്ച് എഴുനേറ്റ നിള പാത്രവും എടുത്തു അടുക്കളയിലേക്ക് ഓടി.അടുക്കളയിൽ എത്തിയ നിള ഭിത്തിയിൽ ചാരിനിന്ന് ശ്വാസം ഒന്ന് നീട്ടി വലിച്ചു വിട്ടു മുഖം ഉയർത്തി നോക്കുമ്പോൾ തൊട്ടു മുന്നിൽ അരവിന്ദ്. ഒരുനിമിഷം കണ്ണുകൾ കോർത്തു. പെട്ടെന്ന് തിരിഞ്ഞു പാത്രം സിങ്കിൽ ഇട്ടു അവൻ തിരിഞ്ഞു നടന്നു.

കാൽപാദങ്ങൾ നനഞ്ഞു കുതിർന്നു തൻ്റെ കാലുകൾ മണ്ണിൽ പുതഞ്ഞു പോകുമെന്ന് തോന്നി.

ഏതോ സ്വപ്നത്തിലെന്ന വണ്ണം രണ്ടു കരങ്ങൾ തന്നെ പൊക്കിയെടുക്കുന്നു. ആ കൈകളിലെ മാന്ത്രിക സ്പർശത്താൽ താൻ വായുവിലൂടെ ഉയർന്നു പോകുകയാണ്. മെല്ലെ ആ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ച് കണ്ണുകൾ അടച്ചു. നെറ്റിയിൽ അനുഭവപ്പെട്ട കുളിർസ്പർശം തൻ്റെ ഹൃദയത്തിലേക്ക് ആഴ്‌നിറങ്ങി തൻ്റെ ഉടലാകെ സുഖകരമായ ഒരു അനുഭൂതിയിൽ മൂടുന്നതറിഞ്ഞ നിള പതിയെ കണ്ണുകൾ വലിച്ചു തുറന്നു.

തൻ്റെ നെഞ്ചിലേക്ക് ചാരിയിരിക്കുന്ന അവളെ അവൻ ഒന്നുകൂടി ചേർത്ത് പിടിച്ചു.

പെട്ടെന്ന് ബോധത്തിലേക്ക് തിരിച്ചെത്തിയ നിള താൻ അരവിന്ദിൻ്റെ നെഞ്ചിലാണ് ചാരിയിരിക്കുന്നത് എന്നറിഞ് അവനെ തള്ളിമാറ്റി എഴുനേറ്റു.

പുറത്തേക്ക് പോകാൻ തുടങ്ങിയ അവളുടെ മുന്നിൽ കയറിയ അരവിന്ദ് അവളെ രണ്ടു കൈകൾ കൊണ്ടും ലോക്ക് ചെയ്തു. പുറത്തേക്ക് പോകാനാകാതെ നിന്ന നിളയുടെ കണ്ണുകളിൽ നിന്ന് പൊഴിഞ്ഞു വീണ കണ്ണീരിനെ തൻ്റെ കൈകൾ കൊണ്ട് തുടച്ചു മാറ്റി അരവിന്ദ് ആ കാതിലേക്ക് മുഖം അടുപ്പിച്ചു

“മതി കരഞ്ഞത്.. ഇനി ഈ കണ്ണുകൾ ഒരിക്കലും നിറയരുത്. ഇനിയും എനിക്കത് താങ്ങാൻ ആവില്ല.”

അവൻ്റെ വാക്കുകൾ കേട്ട നിള അവിശ്വസനീയതയോടെ മുഖം ഉയർത്തി നോക്കി. ആ കണ്ണുകളിൽ തെളിയുന്ന സ്നേഹം സത്യമോ മിഥ്യയോ എന്നറിയാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു. കാൽപാദങ്ങൾ നനയുന്നത് അറിഞ്ഞ അവൾ കണ്ണുകൾ തുറന്നു നോക്കി. തൻ്റെ കാലുകൾ കെട്ടിപ്പിടിച്ചു കരയുന്ന അരവിന്ദിനേ കണ്ട നിള താഴേക്കൂർന്നിറങ്ങി തറയിലേക്കിരുന്നൂ.

കൈകൾ കൂപ്പി യാചനയോടെ ഇരിക്കുന്ന അരവിന്ദിനേ തൻ്റെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ അവളുടെ കൈകൾ വിറയാർന്നിരുന്നൂ.

ഒരു കുഞ്ഞിനെ പ്പോലെ തൻ്റെ നെഞ്ചിൽ ചേർന്നിരുന്നു കരയുന്ന അവൻ്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടുമ്പോൾ തൻ്റെ നെഞ്ചില് ഇത്രയും വർഷങ്ങൾ അവനു വേണ്ടി കരുതി വെച്ചിരുന്ന സ്നേഹം മുഴുവൻ പുറത്തേക്ക് ഒഴുകുകയായിരുന്നു.

അവനെ ആദ്യമായി കണ്ട ആ രാത്രി അവൻ്റെ കണ്ണുകളിൽ കണ്ട തിളക്കം, തൻ്റെ ഹൃദയം പറഞു തൻ്റെ പ്രാണൻ്റെ പകുതി. തന്നോട് ചെയ്യുന്ന ഓരോ ദ്രോഹവും അവനു തന്നോടുള്ള സ്നേഹമാണ് എന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം.

എന്നെങ്കിലും ഒരിക്കൽ അവൻ തന്നോട് തൻ്റെ പ്രണയം വെളിപ്പെടുത്തും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.

പക്ഷേ അന്നത്തെ രാത്രി തൻ്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു…

അപ്പോഴും താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ, തനിക്ക് അവനോടുള്ള വികാരം എന്തെന്ന് വേർതിരിച്ചെടുക്കാൻ കഴിയാതെ അവനെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു അവളുടെ കൈകൾ… അനുസരണയില്ലാതെ പെയ്യുന്ന കണ്ണീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകി അവൻ്റെ നെറുകയിൽ പതിച്ചുകൊണ്ടിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Shenka….

Scroll to Top