അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 24 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

അവളുടെ കഴുത്തിൽ ആ പൂമാല ചാർത്തികൊണ്ട് അവൻ അകന്ന് നിന്നു..

” ഇനി കുട്ടി മാല ചാർത്തിക്കോള്ളൂ.. ” പൂജാരി പറയുന്ന കേട്ട് ഭദ്ര നിറകണ്ണുകൾ മെല്ലെ തുറന്നു.

ആദ്യം കണ്ടത് വിലങ്ങുവെച്ച ഒരു കൈ മാത്രമായിരുന്നു…ഭദ്ര ഞെട്ടലോടെയും സംശയത്തോടെയും മുഖം ഉയർത്തി.. നിറ ചിരിയുമായി അനന്തൻ.. ഭദ്ര സന്തോഷംകൊണ്ട് കരഞ്ഞുപോയിരുന്നു.. അവൾ വായ്പൊത്തിപിടിച്ചു കരഞ്ഞു ..അനന്തൻ അവളുടെ കൈയിൽ പിടിച്ചു കണ്ണുനീർ തുടച്ചുമാറ്റി..

എന്നാൽ അവളുടെ വിതുമ്പൽ നിന്നില്ല…ഭദ്രക്ക് അത്രക്ക് സന്തോഷം തോന്നിയിരുന്നു.. മനമുരുകി പ്രാർത്ഥിച്ചതാണ് മഹാദേവനോട്..അനന്തൻ ചിരിച്ചുകൊണ്ട് അവളെ തന്നെ നോക്കി നിന്നു..

” ഭദ്രേ എനിക്ക് അധികം സമയമില്ല.. ”

അനന്തൻ അവളുടെ കരച്ചിൽ കണ്ട് ചിരിയോടെ പറഞ്ഞതും . ഭദ്ര പൂജാരിയിൽ നിന്ന് മാല വാങ്ങി..

അനന്തനെ നോക്കി.അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്.. അത് ചിരിച്ചു മറക്കുന്നുണ്ട്…

എന്നാൽ അവളുടെ കരച്ചിൽ അടങ്ങിയില്ല.. അത് ഏങ്ങലടികളായി . അനന്തൻ കുനിഞ്ഞു നിന്നു..

ഭദ്ര അനന്തന് മാല ചാർത്തി..

അവൾ നിറക്കണ്ണുകളോടെ അവനെ തന്നെ നോക്കി നിന്ന് പോയി.. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ദേവിനെ നോക്കി.. അവന് നേരെ കണ്ണീരോടെ കൈക്കൂപ്പി .. ദേവ് വരുത്തിച്ച ചിരിയോടെ അവളെ നോക്കി.. അനന്തൻ അവനെ പുച്ഛത്തോടെ നോക്കി…

” അനന്താ സമയമായി.. ” രവി കുറച്ചക്കലെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു..

” പോട്ടേ.. ” അനന്തൻ ഭദ്രയോട് തലയാട്ടി..

അവളുടെ മുഖം പെട്ടെന്ന് മങ്ങിയിരുന്നു..കരച്ചിൽ മാറിയെങ്കിലും അനന്തൻ പോവാണെന്നു പറഞ്ഞപ്പോൾ അവളുടെ ഹൃദയം പിടഞ്ഞു..അനന്തൻ അമ്പലത്തിന് പുറത്തേക്ക് നടന്നു.

പടികൾ ഇറങ്ങുമ്പോൾ പാടത്തെ വഴിയിൽ പോലീസ് ജീപ്പ് ഉണ്ടായിരുന്നു. പുതിയ എസ് ഐ വിമൽ അനന്തൻ ഇറങ്ങി വരുന്ന കണ്ട് പുഞ്ചിരിച്ചു..

അപ്പോഴേക്കും എല്ലാവരും പടികളിലേക്ക് വന്നു..

ഏറ്റവും മുകളിലെ പടിയിൽ നിന്ന് ഭദ്ര അനന്തനെ വേദനയോടെ നോക്കി..കാര്യം എന്താണെന്ന് അറിയാതെ അവൾ എല്ലാതും സംശയത്തോടെയാണ് നോക്കികണ്ടത്… മനോജിനെ ഇടിച്ചതിനായിരിക്കുമെന്ന് അവൾ കരുതി…കൂടെ ഇറങ്ങി വന്ന രവി അനന്തനെ രണ്ടു കൈയിലും വിലങ്ങു വെച്ചു..ജീപ്പിൽ കയറാൻ നിന്ന അനന്തൻ ഭദ്രയെ കണ്ട് കയറാതെ നിന്നു.. അവൻ ഭദ്രയെ അടുത്തേക്ക് വിളിച്ചു. വിമലും രവിയുമെല്ലാം എന്താണെന്ന് അറിയാതെ പരസ്പരം നോക്കി.

ഭദ്ര എല്ലാവരെയും വകഞ്ഞുമാറ്റി അവന്റെ അരികിലേക്ക് നടന്നു. അവന്റെ അടുത്ത് എത്തിയതും അവൾ എന്തെന്നറിയാതെ അവനെ നോക്കി നിന്നു. അനന്തൻ എല്ലാവരെയും നോക്കി പിന്നെ ഭദ്രയെയും..

അവൻ ഭദ്രയുടെ അടുത്തേക്ക് ഒന്നൂടെ ചേർന്ന് നിന്നു വിലങ്ങുവെച്ച കൈകൾ കൊണ്ട് ഭദ്രയുടെ മുഖം കൈകുമ്പിളിൽ എടുത്ത് അവളുടെ നെറ്റിയിൽ ചുംബിച്ചു… ഭദ്ര പകച്ചു പോയിരുന്നു…എന്നാലും അവൾ കണ്ണടച്ചുകൊണ്ട് ആ ചുംബനം സ്വീകരിച്ചു..അടച്ചു പിടിച്ച കണ്ണിൽ നിന്നും കവിളിനെ തഴുകികൊണ്ട് കണ്ണീർ അപ്പോഴും ഒഴുകി….അവൻ വേഗം കയ്യെടുത്തു അവളെ നോക്കി.. പുറകിൽ നിന്ന് പ്രായമായവരുടെ മുറുമുറുപ്പും ചെറുപ്പക്കാരുടെ കൂകി വിളികളും വിസിലടിയും കേൾകാം…..

വിമലും രവിയും ചിരിയോടെ തല താഴ്ത്തി..

” ഞാൻ വരാൻ ചിലപ്പോൾ രണ്ട് മൂന്ന് ദിവസം എടുക്കും.. ”

അനന്തൻ അതും പറഞ്ഞ് തലയാട്ടി ജീപ്പിൽ കയറി..

” ടോ തനിക്ക് ശരിക്കും…പ്രാന്ത് ഉണ്ടോ.. ”

വിമൽ

അനന്തൻ ചിരിച്ചുകൊണ്ട് തലതാഴ്ത്തി..ഭദ്ര ചിരിക്കുന്നുണ്ടെങ്കിലും കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു..അനന്തൻ ചിരിച്ചുകൊണ്ട് മുകളിലെ പടികളിലേക്ക് നോക്കി.. അവിടെ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി ദേവ് നിൽപ്പുണ്ടായിരുന്നു..

അനന്തന്റെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു.. ദേവ് കൈ ചുരുട്ടി പിടിച്ചു തുടയിൽ ഇടിച്ചു. ജീപ്പ് അകലുന്നത് അനുസരിച്ചു ഭദ്രയുടെ ഹൃദയവും പിടഞ്ഞു പോയിരുന്നു..

” അനന്തേട്ടനെ എന്തിനാ പോലീസ് പിടിച്ചത്.. “?

ഭദ്ര

” അത് മനോജിനെ തല്ലിയതിന് ” ശങ്കരൻ
കൂടെ വന്ന സത്യയും ശങ്കരന്റെയും കൂടെ കാറിൽ തിരിച്ചു വരുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നി അവൾക്ക്..

❤❤❤❤❤❤❤❤❤❤❤

മിഥിലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അത് ആരും കാണാതിരിക്കാൻ അവൾ നന്നേ പാട് പെട്ടു…

അനന്തനെ മെഡിക്കൽ ചെക്കപ്പിന് ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ പുറകെ മിഥിലക്കും പോകേണ്ടി വന്നു.. സ്കൂട്ടിയിൽ പോവുമ്പോഴും അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീർ ഒരു ആശ്വാസം പോലെ തോന്നി.. ചിരിക്കുന്ന അനന്തന്റെ മുഖം ഓർമയിൽ വന്നതും മനസ്സ് വീണ്ടും പിടിവാശി കാണിച്ചു… എന്ത് വന്നാലും അനന്തനെ വിട്ടുകൊടുക്കില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു…

❤❤❤❤❤❤❤❤❤❤❤❤

ഭദ്ര വീട്ടിൽ എത്തിയെങ്കിലും മേലെടത്തേക്ക് പോവാൻ അവൾ കൂട്ടാക്കിയില്ല.. അവിടേക്ക് അനന്തന്റെ കൈ പിടിച്ചു കയറണമെന്ന് അവൾ നിർബദ്ധം പിടിച്ചു.. അതുകൊണ്ട് സത്യയുടെ വീട്ടിൽ തന്നെയാണ് ഭദ്ര നിന്നത്.. അവൾ വസ്ത്രം മാറുമ്പോൾ കണ്ണാടിയിലെ അവളുടെ പ്രതിബിംബത്തിലേക്ക് നോക്കി.. നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും… സന്തോഷം കൊണ്ട് ഒന്നിനും പറ്റാത്ത അവസ്ഥ… നൂലിൽ താലി കോർത്തിരിക്കാണ്…അവൾ ആ താലിയിൽ പിടിച്ചു ചുംബിച്ചു…

അനന്തനെ അമ്പലത്തിൽ കണ്ട രംഗങ്ങൾ അവൾക്ക് ഓർമ വന്നു അതിനൊപ്പം ചുണ്ടിൽ മധുരമുള്ള പുഞ്ചിരിയും വിരിഞ്ഞു..

” ഭദ്രേ കഴിക്കാൻ വാ.. ”

സത്യയുടെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. അവൾ ഡ്രസ്സ്‌ മാറി ഹാളിലേക്ക് വരുമ്പോൾ എല്ലാവരും ഉണ്ടായിരുന്നു.. സത്യയും ശങ്കരനും ഭാര്യ വിലാസിനിയും വിഷ്ണുവുമെല്ലാം..

ഭദ്ര എല്ലാവരെയും നോക്കി പുഞ്ചിരിയോടെ നിന്നു..

” മോള് കഴിക്കുന്നില്ലേ.. ”

വിലാസിനിയാണ്..

” ഇപ്പോൾ വേണ്ട.. ” ഭദ്ര

” മ്മ് കഴിക്കാൻ തോന്നില്ല.. ” സത്യ ആക്കി പറഞ്ഞതും എല്ലാവരും ചിരിച്ചു.. ഭദ്ര തലതാഴ്ത്തി നിന്നു…

” എന്നാലും അനന്തേട്ടൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.. ” വിഷ്ണുവാണ് അവന്റെ കണ്ണുകളിൽ ഇപ്പോഴും അത്ഭുതം കാണാം..

” ആ എസ് ഐ യോട് ഞാനും രവിയും കുറേ പറഞ്ഞുനോക്കി.. ഹോസ്പിറ്റലിൽ പോവുന്ന വഴി തന്നെ അല്ലേ.. ഒന്ന് വലത്തോട്ട് തിരിച്ചാൽ മതിയെന്നൊക്കെ രവി പറഞ്ഞു. എന്നാലും പ്രതീക്ഷ ഇല്ലായിരുന്നു.. ജീപ്പ് വലത്തോട്ട് തിരിച്ചപ്പോ അനന്തന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നെന്നാ രവി പറഞ്ഞെ . അത്രയും സന്തോഷം ആയിരുന്നു അവന്റെ മുഖത്ത്… പാവം എന്റെ കുഞ്ഞ്.. ”

ശങ്കരൻ തോളിൽ കിടന്ന തോർത്തെടുത്തു കണ്ണീർ തുടച്ചതും വിലാസിനി അയാളുടെ തോളിൽ കൈവെച്ചു.

എല്ലാവരുടെയും മുഖം പെട്ടെന്ന് മ്ലാനമായി..

” ആ ദേവ് മാഷ് ചന്ദനം ചാർത്തുമ്പോഴേക്കും അനന്തേട്ടൻ ഭദ്രക്ക് ചന്ദനം ചാർത്തി.. ഓഹ് എല്ലാവരുടെ മുഖം അപ്പോ കാണണമായിരുന്നു.. ”

വിഷ്ണു ഓർത്തെടുത്തു പറയുന്ന കേട്ട് ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.. ബാക്കി കൂടെ കേൾക്കാൻ അവൾ ചെവി കൂർപ്പിച്ചു..

” ഹാ ദേവ് തടസ്സം ഒന്നും നിൽക്കാത്തതും ഭാഗ്യമായി… എന്നാലും എന്റെ അനന്തൻ.. ” ശങ്കരൻ

” ഓഹ് അച്ഛൻ പേടിക്കണ്ട.. സർട്ടിഫിക്കറ്റ് വേഗം നമുക്ക് ശരിയാക്കാം.. പിന്നെ സാക്ഷി ഒക്കെ ഉണ്ടല്ലോ.. എന്തായാലും അനന്തേട്ടന് എതിരെ ആരും ഒന്നും പറയില്ല.. അനന്തേട്ടനെ നമുക്ക് വേഗം പുറത്തിറക്കാം.. ” വിഷ്ണു

” മ്മ് രവി കോടതിയിൽ കൊണ്ടുപോയ ശേഷം വിളിക്കാമെന്ന് പറഞ്ഞിരുന്നു.. ”

ശങ്കരൻ തന്റെ ഫോൺ എടുത്ത് നോക്കി.

” വിളിക്കും അച്ഛൻ പേടിക്കാതിരിക്ക്.. ”

വിഷ്ണു അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു..

എല്ലാവരും മറ്റ് സംസാരങ്ങളിൽ തിരക്കായപ്പോൾ ഭദ്രയും വിഷ്ണുവിന് പുറകെ ചെന്നു..

അടുക്കളയിൽ നിന്ന് എന്തോ എടുത്തിട്ട് അലക്കുകലിൽ ഇരുന്ന് ഫോൺ നോക്കി തിന്നുകയാണവൻ..

ഭദ്രയെ കണ്ടതും അവൻ അരികിലേക്ക് വിളിച്ചു..

അവൾ അടുത്തെത്തിയതും ഫോൺ അവൾക്ക് നേരെ നീട്ടി.. അവളുടെ കണ്ണുകൾ വികസിച്ചു..

കണ്ണടച്ച് നിൽക്കുന്ന തനിക്ക് താലി ചാര്ത്തുന്ന അനന്തേട്ടൻ …

തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്… ഭദ്ര എല്ലാ ഫോട്ടോസും തിളങ്ങുന്ന കണ്ണുകളോടെ നോക്കി…

എല്ലാം നോക്കിക്കഴിഞ്ഞതും അവൾ അവന് നേരെ ഫോൺ നീട്ടി..

” ഭദ്രേടെ ഫോൺ കൊണ്ടുവാ ഞാൻ ഇതൊക്കെ ഷെയർ ചെയാം.. ” വിഷ്ണു

” ഞാൻ ഫോൺ വാങ്ങിയില്ല വിഷ്ണു.. ” ഭദ്ര

” മ്മ് ബെസ്റ്റ്.. ആ ഇനി കെട്ട്യോൻ വരുമ്പോ വാങ്ങി തരാൻ പറ.. ” അവൻ ഒന്ന് ചിരിച്ചു. ഭദ്ര പുഞ്ചരിയോടെ മുഖം താഴ്ത്തി..

” ശരിക്കും എന്താ വിഷ്ണു നടന്നത്..? ” ഭദ്ര

” നിങ്ങളുടെ കാര്യങ്ങൾ അറിയാവുന്ന എല്ലാവരിലും നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ദേവ് മാഷ് ചന്ദനം തൊടാൻ കൈ നീട്ടുമ്പോഴേക്കും അനന്തേട്ടൻ വിലങ്ങുവെച്ച കൈകൊണ്ട് ദേവ് മാഷിന്റെ കൈയിൽ പിടിച്ചിട്ട് മറ്റേ കൈകൊണ്ട് നിനക്ക് ചന്ദനം ചാർത്തി..

പിന്നെ താലിയും സിന്ദൂരവും…എല്ലാവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ദേവ് മാഷ് ഒന്നും മിണ്ടാതെ ഇറങ്ങി നിന്നു… കെട്ടിന് വേണ്ടി മാത്രമാ വിലങ്ങ് അഴിച്ചത്… ഏട്ടനെ കണ്ടപ്പോൾ എല്ലാവരും സന്തോഷം കൊണ്ട് മിണ്ടാതെ നിന്നു.. നിന്റെ ഏട്ടനൊക്കെ എന്തോ പറയാൻ വന്നതാ പിന്നെ രവിസാർ കടുപ്പിച്ചു നോക്കിയതും നിന്റെ ഏട്ടനും അച്ഛനും മിണ്ടിയില്ല..

വിഷ്ണു പറയുന്ന കേട്ട് ഭദ്ര ചിരിച്ചു…

” അനന്തേട്ടനെ എന്തിനാ പോലീസ് പിടിച്ചേ.. “?

ഭദ്ര

” ബെസ്റ്റ് അപ്പോ നിന്നോട് ആരും ഒന്നും പറഞ്ഞില്ലേ.. ”

ഇല്ലെന്ന് ഭദ്ര തലയാട്ടി..

” ഇന്നലെ കവലയിൽ വെച്ചു അനന്തേട്ടൻ മനോജ്‌ മാഷിന്റെ രണ്ടു കൈയും ഒടിച്ചു… ” വിഷ്ണു..

ഭദ്രയുടെ മുഖം മങ്ങി.. അനന്തേട്ടൻ തന്നെ തെറ്റിദ്ധരിച്ചെന്ന് കരുതിയതാണ്.. പക്ഷെ.. അവൾ അവനെ ഓർത്തുകൊണ്ട് ഉള്ളിലേക്ക് നടന്നു..

അവളുടെ പോക്ക് കണ്ട വിഷ്ണു സമാധാനത്തോടെ ചിരിച്ചു…

ഭദ്ര നേരെ ഹാളിലേക്ക് ചെന്നു.. ശങ്കരനെ അവിടെ ഒന്നും കണ്ടില്ല.. അവൾ പുറത്തേക്കിറങ്ങി ശങ്കരൻ അവിടെ നിന്ന് ഫോണിൽ എന്തോ പറയുന്നുണ്ട്. ഭദ്ര മിണ്ടാതെ അവിടെ തന്നെ നിന്നു…

ശങ്കരൻ ഫോൺ കട്ടാക്കി തിരിഞ്ഞതും അവളെ കണ്ട് ചിരിക്കാൻ ശ്രമിച്ചു..

” രവി സാറ് വിളിച്ചോ.. “?

അവളുടെ ആ ചോദ്യത്തിൽ ഭയവും ആകാംക്ഷയും നിറഞ്ഞിരുന്നു…

” മ്മ് ഒരാഴ്ച സമയം തന്നിട്ടുണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ.. അതിനുള്ളിൽ ഹാജരാക്കിയില്ലെങ്കിൽ റിമാൻഡ് ചെയ്യും.. ” ശങ്കരൻ

” അപ്പോ ഈ ഒരാഴ്ച..? ”

” ജയിലിൽ തന്നെ.. ഞാൻ വേഗം ടൗണിലേക്ക് പോവട്ടെ.. സർട്ടിഫിക്കറ്റ് ഒക്കെ വേഗം ശരിയാക്കണം.. ”

” സർട്ടിഫിക്കറ്റ് എന്ന് പറയുമ്പോ..? ”

” നോർമൽ അല്ലെന്ന് തെളിയിക്കുന്നത്.. ”

” അതിന് അനന്തേട്ടന് കുഴപ്പം ഒന്നും ഇല്ലാലോ..

” ഇല്ല പിന്നെ അവൻ ചെറുപ്പത്തിൽ ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട്.. ”

” മ്മ് എല്ലാം പെട്ടെന്ന് ശരിയാവില്ലേ.. ”

അവളുടെ കണ്ണുകളിലെ പിടച്ചിൽ ശങ്കരൻ കണ്ടു.

” മ്മ്.. ” അയാൾ അകത്തേക്ക് കയറി..

ഭദ്ര അവിടെ തന്നെ നിന്നുകൊണ്ട് മേലെടത്തെ ബാൽക്കണിയിലേക്ക് നോക്കി..

അവിടെ സോപനത്തിൽ ഇരുന്നു തന്നെ നോക്കുന്ന അനന്തനെ അവൾക്ക് ഓർമ വന്നു..

അവളുടെ ചുണ്ടിൽ വേദനയോടെ ഒരു പുഞ്ചിരി വിരിഞ്ഞു..

❤❤❤❤❤❤❤❤❤❤❤

ഭദ്രയുടെ ജാതകം സാരിയുടെ മറയിൽ ഒതുക്കി പിടിച്ചു രാഗിണി കണിയാന്റെ അടുത്തേക്ക് ഓടി..

ആരും കാണാതെയാണ് വന്നത്.. രാവിലെ പ്രാതൽ കഴിഞ്ഞ് ഉമ്മറത്തു ഇരിക്കുകയായിരുന്ന നാരായണൻ രാഗിണിയെ കണ്ട് സംശയത്തോടെ എഴുനേറ്റു.

” കുട്ടീടെ കല്യാണം കഴിഞ്ഞല്ലേ രാഗിണി..” കണിയാൻ വളരെ ഗൗരവത്തോട് കൂടി പറഞ്ഞു..

” ഉവ്വ.. അതാ ഞാൻ ഇങ്ങോട്ട് ഓടികൊണ്ട് വന്നത്.. 24 വയസ്സിനിടക്ക് അവൾക്ക് വിവാഹം പാടില്ലെന്നല്ലേ… ”

രാഗിണി പറയുന്നതിനൊപ്പം ജാതകം നീട്ടി..

” അതേ.. ” അയാൾ ജാതകം വാങ്ങി വായിച്ചു.. ഭയത്തോടെ നിൽക്കുന്ന രാഗിണിയെ നോക്കി..”

അന്ന് പറഞ്ഞത് തന്നെയാ ഇന്നും ഞാൻ പറയുന്നുള്ളൂ.. ജാതകത്തിൽ ഒന്നും മാറിയിട്ടില്ല…

ഭദ്രക്ക് ദുരിതങ്ങൾ ഇനി വരാൻ പോവുന്നേ ഉള്ളൂ…ഇപ്പോ താങ്ങുന്ന കൈകൾ പോലും അവൾ നിരസിക്കും…ഇനിയും അവൾക്ക് അപമാനങ്ങൾ നേരിടേണ്ടി വരും… വരാനുള്ളത് വഴിയിൽ തങ്ങില്ല.. എല്ലാം സഹിക്കാനുള്ള ശക്തി അവൾക്ക് ഈശ്വരൻ കൊടുക്കും.. ” കണിയാൻ പറഞ്ഞത് കേട്ട് രാഗിണിയുടെ കണ്ണുകൾ നിറഞ്ഞു..

” പ്രതിവിധി.. “?

” ഇതിന് പ്രതിവിധി ഒന്നൂല്ല രാഗിണി… നടക്കാനുള്ളത് ആരെകൊണ്ടും തടുക്കാൻ കഴിയില്ല.. ”

അയാൾ ജാതകം തിരികെ കൊടുത്തു

രാഗിണി ദക്ഷിണ നീട്ടിയെങ്കിലും അയാൾ അത് നിരസിച്ചു..

ജാതകം നെഞ്ചോടടക്കി നടക്കുമ്പോൾ രാഗിണിയുടെ കണ്ണുകൾ നിറഞ്ഞുവന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top