ഇത്രയും കാലത്തിനിടെ ഈയടുത്താണ് ആ പെണ്ണിന്റെ മുഖമൊന്നു തെളിഞ്ഞു കണ്ടത്..

രചന : ജിഷ്ണു രമേശൻ

ആ പെണ്ണിന്റെ പാട കെട്ടിയ ചുണ്ടിൽ ഈച്ച വന്നിരിക്കുന്നുണ്ട്.. പാള ചെത്തി മിനുക്കിയ വിശറികൊണ്ട് ആരോ ഈച്ചയെ ആട്ടിയകറ്റുന്നു..

കണ്ണുകൾ പാതിയെ അടഞ്ഞിട്ടുള്ളു, കണ്ണീര് ഊറിയിരങ്ങിയ കറ പുരികത്തിനു താഴെ കാണാം..

പെരുവിരലുകൾ കൂട്ടി കെട്ടിയിട്ടും കാൽപാദം വിളറിയിട്ടുണ്ട്..

കട്ടിളപ്പടിയിൽ അറുപത് കഴിഞ്ഞ ഒരാള് ചുരുണ്ടു കൂടി ഇരിക്കുന്നു…അയാളുടെ ചുണ്ടുകളിൽ വിതുമ്പൽ കാണാം..

മുറ്റത്ത് നിന്ന് തേഞ്ഞുരഞ്ഞ ചെരുപ്പ് ധരിച്ച ഒരു കാൽപാദം ഉമ്മറത്തേക്ക് കയറി വന്നു…നന്നേ കിതയ്ക്കുന്നുണ്ട് അയാൾ.. തോളത്ത് തൂക്കിയ തുണി സഞ്ചിയിൽ മുറുകെ പിടിച്ചുകൊണ്ട് അയാള് വെളള പുതപ്പിച്ച ആ പെണ്ണിനെ ഒന്ന് നോക്കി…

കൂടി നിൽക്കുന്നവരിൽ ആരോ പുലമ്പുന്നുണ്ടായിരുന്നു,

“തലച്ചോറിൽ എന്തോ വലിയ സൂക്കെടായിരുന്നു ആ കൊച്ചിന്, ഇടയ്ക്കിടെ മൂക്കീന്ന് ചോര വരൂന്ന് ഇവിടെ ജോലിക്ക് വരണ പെണ്ണ് പറയാറുണ്ട്..ശേ, എന്തായാലും പ്രായായ അച്ഛനിരിക്കുമ്പോ മോള് പോയത് കഷ്‌ടായി..”

അടക്കം പറച്ചിൽ കേട്ടിടത്തേക്ക്‌ ഒന്ന് നോക്കിയിട്ട് അയാള് മുറ്റത്തേക്കിറങ്ങി..എന്തോ പരതുന്നത് പോലെ അയാള് ചുറ്റുമൊന്ന് കണ്ണോടിച്ചു…

ആ വീടിന് തെക്ക് വശത്തുള്ള ചെമ്പക മരത്തിലാണ് അയാളുടെ കൺചലനം അവസാനിച്ചത്…

മരത്തിനടുത്തേക്ക്‌ ചെന്ന അയാള് മുൻപരിചയമുള്ളത് പോലെ നോക്കി നിന്നു…

*******************

“ചെമ്പക”മെന്ന മൂന്നക്ഷരം കൊണ്ടാണ് അയാള് തപസ്യയെന്ന പെണ്ണിനെ ആദ്യമായി അറിയുന്നത്.

“വെളുപ്പിന് ചെമ്പകം പൂക്കുമ്പോ ജനലഴിയിലൂടെ എന്റെ മൂക്കിലേക്ക് ഇരച്ചു കയറുന്ന പനിനീർ ചെമ്പകത്തിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം…”

അവളുടെ ഈ അക്ഷരങ്ങൾ അയാൾക്ക് കൺമുന്നിൽ കാണുന്ന പ്രതീതി ആയിരുന്നു…

വടക്കു നീങ്ങി ഒരു താഴ്‌വാരത്ത് കൗതുകങ്ങൾക്ക്‌ പുറകെ സഞ്ചരിച്ച അയാള്, നിത്യവും സന്ദർശിച്ചിരുന്ന വായനശാലയിൽ നിന്നാണ് ആ പുസ്തകം ചികഞ്ഞെടുത്തത്…

“ചെമ്പകം” എന്നൊരു പേരും, കൂടെയൊരു വര ചിത്രവും ഉള്ളടക്കത്തേക്കാൾ അയാളെ ആകർഷിച്ചു..

പതിവു പോലെ പുസ്തകത്തിന്റെ പേരും നമ്പറും എഴുതി ആ പുസ്തകം സ്വന്തമാക്കിയത് പോലെ അയാൾ വീട്ടിലേക്ക് നടന്നു…

സന്ധ്യക്ക് കുളി കഴിഞ്ഞ് ജടപിടിച്ച താടി ചീകി മിനുക്കി അയാള് ഒരു ഓട്ടു വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം തുറന്നു…

“ആ ചെമ്പക മരം അവളിലെ പുഷ്പങ്ങളെ പൊഴിയിച്ച് കഴിഞ്ഞാൽ, ഞാനെന്ന പെണ്ണും ഇല്ലാതാകും..”

ആദ്യ താളിലെ വരികൾ തന്നെ അയാളെ പുറം ചട്ടയിലേക്ക്‌ കൊണ്ടുപോയി… “തപസ്യ” എന്ന പേരിന് താഴെ ഒരു വിലാസം ഉണ്ടായിരുന്നു, ദൂരെയുള്ള ഒരു കൊച്ചു ഗ്രാമത്തിലെ വിലാസം..

രണ്ടു മൂന്നു താളുകൾ വായിച്ചതിനു ശേഷം അയാള് മേശവലിപ്പിൽ നിന്നെടുത്ത എഴുത്ത് കവറിൽ രണ്ടു വാക്കുകൾ കുറിച്ചിട്ടതിന് ശേഷം പിറ്റേന്ന് അവൾക്ക് അയക്കാനായി തന്റെ ഡയറിക്കുള്ളിൽ ഭദ്രമാക്കി..

തന്നെ കീഴ്പ്പെടുത്തിയ എഴുത്തുകാരിക്കുള്ള അഭിനന്ദന വാക്കുകളാണവ..

അവളുടെ സൃഷ്ടികൾ ഒരു അധ്യാപകന്റെ സഹായത്താൽ പുസ്തക രൂപത്തിൽ വെളിച്ചം കണ്ടപ്പോ,

അഭിനന്ദനം അറിയിച്ച് ഒരുപാട് എഴുത്തുകൾ വന്നിരുന്നു…പിന്നീടത് നീരുറവ നിലച്ച കണക്കെ അവസാനിച്ചു…

പിന്നീട് പതിവില്ലാതെ അയാളുടെ എഴുത്ത് കൈപ്പറ്റിയപ്പോ അവളിൽ ഒരുതരം ആകാംക്ഷയായിരുന്നു

” ചെമ്പകമരം തന്റെ പുഷ്പങ്ങളെ പൊഴിക്കുന്നതിന് മുൻപ് എനിക്കൊരു ദർശനം വേണം, നിറയെ പൂത്തു തളിർത്തു നിൽക്കുന്ന ചെമ്പക മരത്തിന്റെ ദർശനം..”

അയാളുടെ ഈ വാക്കുകൾ അവളെ കൂടുതൽ ചിന്തിപ്പിച്ചു..

ഒരു പെണ്ണിന്റെ ആയുസ്സിനെ വെറുമൊരു ചെമ്പക മരത്തോട് ഉപമിച്ച തന്റെ വാക്കുകളെ സുന്ദരമായ വർണ്ണന നൽകി തനിക്ക് അയച്ച വാക്കുകൾക്ക് മറുപടി നൽകണമെന്ന് അവൾക്ക് തോന്നി..

കരി പിടിച്ച അടുക്കളയിൽ കഞ്ഞി വാർക്കുന്ന സമയം ഉമ്മറത്ത് ആരോ വിളിക്കുന്നത് കേട്ട അയാള് ചെന്ന് നോക്കിയപ്പോ കണ്ടത് തപാലുകാരനെയാണ്..

ആദ്യമായാണ് അയാളെ തേടി ഒരു തപാലുകാരൻ വരുന്നത്..അയാൾക്ക് അറിയാമായിരുന്നു അത് തപസ്യയുടെ മറുപടി ആയിരിക്കുമെന്ന്…

അവളുടെ അക്ഷരങ്ങൾ ഇപ്രകാരമായിരുന്നു,

” ഞാനെന്ന പെണ്ണിന് ആയുസ്സിനോട് കൊതിയില്ല..ചിലപ്പോഴൊക്കെ മൂക്കില് നിന്ന് രണ്ടു മൂന്നു തുള്ളി രക്തം ഇറ്റു വീഴും.. ചിലപ്പോ, ഞാനെന്റെ സ്വപ്നങ്ങൾ പകർത്തുന്ന കടലാസ് താളിലോ അല്ലെങ്കിൽ ചാണകം മെഴുകിയ തറയിലോ ആയിരിക്കും… ഈ ഭൂമിയിൽ നിന്നുള്ള എന്റെ മടക്ക യാത്രയ്ക്കുള്ള സൂചന മാത്രം..”

ആ വാക്കുകൾ അയാളുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചു..പിന്നീട്, ഇടവേളകളില്ലാതെ തപാലുകാരൻ അവരുടെ സന്ദേശം കൈമാറുവാനായി വിശ്രമമില്ലാതെ അലഞ്ഞു..

” പെണ്ണേ നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന” അയാളുടെ ചോദ്യത്തിന്, അവള് എഴുതിയ മറുപടി ഇതായിരുന്നു,

” പുസ്തകത്തിലെ അക്ഷരങ്ങളിലൂടെയും, കേട്ടുകേൾവിയിലൂടെയും മാത്രം മനസ്സിൽ പതിഞ്ഞുപോയൊരു സ്ഥലമുണ്ട്,

‘കൊൽക്കത്തയിലെ ഹൗറ പാലം’ ആ വശ്യമായ നഗരവും പാലവും നേരിട്ട് കാണാനൊരു പൂതി..!”

അതിനുള്ള മറുപടി എഴുതുവാൻ അയാൾക്ക് കുറച്ച് ഇടവേള വേണ്ടിവന്നു…

“ആ ചെമ്പകമരം പുഷ്പമെല്ലാം പൊഴിച്ച് മച്ചിയാവുന്നതിന് മുമ്പേ തന്നെ അതിനുള്ള അവസരം തനിക്ക് വരും തപസ്യ…!”

അയാളുടെ ഈ മറുപടിക്ക് തിരിച്ചെഴുതാൻ അവളും ദീർഘ സമയം എടുത്തു.. പത്തു വരിയിൽ കൂടുതലുള്ള അയാളുടെ വാക്കുകളിൽ ചിലതെല്ലാം അവളുടെ മനസ്സിൽ കൊളുത്തി വലിച്ചു..

അവളെയും അവളുടെ എല്ലാമായ അച്ഛനെയും ആ കൊച്ചു വീടിനെയും അതിനു ചുറ്റുമുള്ളതൊക്കെയും അക്ഷരങ്ങളിലൂടെ അയാൾക്ക് തപസ്യ പകർന്നു നൽകി..

ചിലപ്പോഴൊക്കെ അവള് പറയും, ” ഏറ്റവും ഭംഗിയുള്ളതും ഇഷ്ടമുള്ളതും നമുക്ക് സ്വന്തമാകില്ല എന്ന്…

വീടിനു ഓരത്തുള്ള ചെമ്പകമരം പോലും വിധിക്കപ്പടാത്തതാണെന്ന്…”

അവളുടെ പുസ്തകത്തിലെ ചില വാക്കുകൾക്ക് അവസാനമായി ഒരു ചോദ്യചിഹ്നം ചേർത്തിട്ടുണ്ടാകും,

ഒരായുസ് മുഴുവൻ ചിന്തിപ്പിക്കാനുള്ള അടയാളം..

തപസ്യയുടെ എഴുത്തുകളോട് ഉപമിക്കാവുന്നതാണ് അയാളുടെ ജീവിതവും…

നിറയെ ചോദ്യങ്ങൾ നിറഞ്ഞ, ഏകനായ ജീവിതം..

ചിലപ്പോഴൊക്കെ തപസ്യയുടെ എഴുത്ത് കവറിനുള്ളിൽ ചോരയുടെ രൂക്ഷ ഗന്ധം അനുഭവപ്പെടുന്നതായി തോന്നിയിരുന്നു അയാൾക്ക്…

ഒരുതരം ഭ്രാന്തമായ ഭയമായിരുന്നു അയാൾക്കപ്പോ..!

അക്ഷരങ്ങളിലൂടെ അവര് തമ്മിലടുത്തു..പ്രണയമെന്ന പാതിക്ക്‌ നിലയ്ക്കുന്ന നീരുറവ പോലെയല്ല,

കടലുപോലെ ആഴത്തിൽ ചൂഴ്ന്നിറങ്ങിയ മറ്റൊന്നിനോടും ഉപമിക്കാവാനാവത്ത ഒന്ന്…!

“പാതിക്ക്‌ മടക്കു വീണ എഴുത്തുകൾ” അവളിൽ ഭദ്രമാണെന്ന് അറിയാവുന്ന അയാള്, തനിക്ക് വായിക്കാനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു…

മഴയുള്ള വൈകുന്നേരങ്ങളിൽ അയാളെ തേടി വരുന്ന അവളുടെ എഴുത്തുകൾ തുറന്നു വായിക്കുമ്പോ,

ദേഹത്ത് തറച്ചു കയറുന്ന മഴത്തുള്ളി കണക്കെയുള്ള പ്രതീതിയായിരുന്നു ഓരോ അക്ഷരങ്ങളിലും…

അയാള് തപസ്യയ്ക്ക്‌ അവസാനമായി എഴുതിയ വാക്കുകൾ ഇപ്രകാരമായിരുന്നു,

” ചിലപ്പോ എനിക്ക് ഭൂമിയോടൊപ്പം പ്രതിക്ഷണം വെക്കണമെന്ന് തോന്നാറുണ്ട്…സാധാരണ അവിടെയാണെന്റെ ചില യാത്രകളുടെ തുടക്കം..

ഇനിയുമെനിക്ക്‌ ഭൂമിയോടൊപ്പം വലം വെയ്ക്കണമെന്ന് തോന്നിയാൽ ഞാൻ നിന്നെ തേടി വരും,

ലോകം കാണാത്ത, മരണത്തെ കാത്തിരിക്കുന്ന നിന്നെയും കൊണ്ട് പോകാനായി..”

എഴുത്തിന് താഴെ അടിക്കുറിപ്പായി ഒന്നുകൂടി എഴുതിയിരുന്നു അയാള്,

” ഈ എഴുതിനുള്ള മറുപടി എനിക്ക് നേരിട്ട് കേട്ടാൽ മതി പെണ്ണേ, അതിനായി ഞാൻ വരും…

കൊൽക്കത്തയിലെ ഹൗറ പാലവും വശ്യമായ നഗരവും നിന്നെ കാത്തിരിക്കുന്നുണ്ടാകാം..”

ശേഷം, ഏഴാം ദിവസം തപസ്യ എഴുത്ത് കൈപ്പറ്റിയെന്നിരിക്കെ, അയാള് ആ കൊച്ചു ഗ്രാമത്തിലെത്തി…

വഴിയരുകിൽ നിന്ന് തപസ്യയുടെ വീട്ടിലേക്ക് നോക്കിയപ്പോ വല്ലാത്തൊരു മൂകത..

ആളുകൾ കൂടി നിൽക്കുന്നു,

വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷം…

അയാളാ വീട്ടിലേക്ക് കയറിചെന്നു.. “ആഗ്രഹങ്ങളെല്ലാം ക=ടലാസു താളുകളിൽ പകർത്തിയ തപസ്യയെന്ന പെണ്ണിന്റെ വെളള പുതപ്പിച്ച ശരീരം അയാളെ ശ്വാസം മുട്ടിച്ചു…”

എഴുത്തുകളിലൂടെ പരസ്പരം അവരറിഞ്ഞതെല്ലാം കൂട്ടിയെഴുതിയ ഒരു പുസ്തകം അവൾക്ക് സമ്മാനിക്കാനായി അയാളുടെ തുണി സഞ്ചിയിലുണ്ടായിരുന്നു…

അയാള് മുറ്റത്തേക്കിറങ്ങി അവളിലൂടെ അറിഞ്ഞ ചെമ്പകമരം അവിടെ പരതി…

ചെമ്പക മരത്തിനു കീഴിലായി നിൽക്കുന്ന അയാള് തൊട്ടടുത്ത് അവൾക്കായി വെട്ടുന്ന കുഴി മൂകമായി നോക്കി നിന്നു…

അതേ, മണ്ണ് കാണാനാകാത്ത വിധം ചെമ്പകം അവളിലെ പൂക്കളെല്ലാം പൊഴിച്ചിരിക്കുന്നു…

വീടിനു പുറകു വശത്തുകൂടി അയാള് അകത്തേക്ക് കയറി.. അകത്ത് പ്രായമായ കുറച്ച് സ്ത്രീകൾ കൂടി നിൽക്കുന്നുണ്ട്…അവളുടെ മുഖത്തേക്ക് ഒന്ന് എത്തി നോക്കിയതിനു ശേഷം അയാള് തപസ്യയുടെ മുറിയിലേക്ക് കയറി…

അവിടെ മേശയിൽ, ഒരൊഴിഞ്ഞ കടലാസ് നിവർത്തി വെച്ചിരിക്കുന്നു, അരികിലായി ഒരു മഷിപേനയും…

അവളുടെ ചില എഴുത്തുകൾ തുറക്കുമ്പോഴുള്ള ആ ചോരയുടെ ഗന്ധം അയാൾക്ക് വീണ്ടും അനുഭവപ്പെട്ടു..

ഒഴിഞ്ഞ കടലാസിൽ രണ്ടു മൂന്നു തുള്ളി രക്തക്കറ പതിഞ്ഞിട്ടുണ്ട്…

അയാളാ കടലാസ് കയ്യിലെടുത്തു..

ചിലപ്പോ തനിക്ക് എഴുതാനായി നിവർത്തി വെച്ച എഴുത്ത് കടലാസാവും..”

അവളിലെ അവസാന തുള്ളി ജീവനാണ് ചോര കറയായി കടലാസിൽ ഇറ്റിറ്റു വീണത്.. തന്റെ തുണി സഞ്ചിയിൽ അയാളാ കടലാസ് ഭദ്രമാക്കി..

താൻ അയച്ച എഴുത്ത് അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല…

പുറത്തിറങ്ങുന്നതിന് മുമ്പ് ഒന്നുകൂടി ആ പെണ്ണിന്റെ മുഖത്തേക്കൊന്ന് നോക്കി..

“എന്ത് കിടപ്പാണ് പെണ്ണേ ഇത്, ഞാൻ വന്നത് അറിഞ്ഞുവോ നീ..”

അയാള് വെറുതെ മനസ്സിലോർത്തു…

അന്നാദ്യമായി അയാളിൽ ഒരുതരം വിങ്ങൽ അനുഭവപ്പെട്ടു…

പുറത്തിറങ്ങി ഒന്നുകൂടി ചെമ്പകമരത്തിന്റെ കീഴിലായി ചെന്ന് നിന്നു…ഒരു വൃദ്ധൻ അയാളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു,

“ഇത് മച്ചിയായി മോനേ, നിറയെ പൂവുണ്ടായിരുന്നതാണ്.. എല്ലാം പൊഴിച്ച് ഇവളിപ്പോ വെറും മച്ചിപ്പെണ്ണായി..”

ഒന്ന് ചിരിച്ചു കൊണ്ട് അയാള് അവിടുന്നിറങ്ങി..

വഴിയിലേക്ക് കടക്കുന്നതിന് മുമ്പ് അയാള് ആ വീട്ടിലേക്ക് തിരിഞ്ഞൊന്നു നോക്കി..

അപ്പോഴാണ് ഒരു തപാലുകാരൻ അയാളുടെ മുന്നിലെത്തിയത്…

‘അതേ, ആ വീട്ടിലെന്താ ആൾക്കൂട്ടം..!

അവിടുത്തെ കുട്ടിക്ക് ഒരെഴുത്തുണ്ടായിരുന്നു..’

“അതിങ്ങു തന്നേക്കൂ, എഴുത്ത് കൈപ്പറ്റേണ്ട ആളിന്ന് ഈ ലോകത്തില്ല, ദേഹം മാത്രമേ ഭൂമിയിലുള്ളു.. എഴുത്തയച്ചത് ഞാനാണ്..”

ഒരു മൂകതയോടെ തപാലുകാരൻ എഴുത്ത് അയാൾക്ക് നൽകിയതിന് ശേഷം പറഞ്ഞു,

” എന്തായാലും ഒത്തിരി നന്ദിയുണ്ട് മാഷേ, ഇത്രയും കാലത്തിനിടെ ഈയടുത്താണ് ആ പെണ്ണിന്റെ മുഖമൊന്നു തെളിഞ്ഞു കണ്ടത്.. ഈ വിലാസത്തിലുള്ള എഴുത്ത് വാങ്ങിക്കുമ്പോ ആ കൊച്ചിന്റെ മുഖത്ത് വല്ലാത്തൊരു ആകാംഷ കണ്ടിരുന്നു… അവളെ സന്തോഷിപ്പിക്കുന്ന എന്തോ ഒന്ന് ഈ എഴുത്തിലുണ്ടെന്ന് തോന്നിയിരുന്നു..”

അത്രയും പറഞ്ഞ് തപാലുകാരൻ നടന്നു നീങ്ങി…

ആ എഴുത്തും കൈവെള്ളയിൽ ചുരുട്ടി പിടിച്ചുകൊണ്ട് അയാള് നടന്നു…

“ഇതിലെ അക്ഷരങ്ങൾ ആ പെണ്ണ് ഒന്ന് വായിച്ചിരുന്നെങ്കിൽ” എന്ന് അയാള് ആഗ്രഹിച്ചിരുന്നു.

പതിവുപോലെ തന്റെ തുണി സഞ്ചിയിൽ മുറുകെ പിടിച്ചുകൊണ്ട് അയാള് നടന്നു നീങ്ങി..

പക്ഷേ, ഇന്ന് മുതൽ അതിനുള്ളിൽ തപസ്യയുടെ ജീവന്റെ അവസാന തുടിപ്പായ രണ്ടിറ്റു തുള്ളി ചോരകറയുള്ള കടലാസ് താളുണ്ടായിരുന്നു…

ഒരിക്കൽ അവളെഴുതിയ വാക്കുകൾ അയാളിൽ തികട്ടി വന്നു..

” ഏറ്റവും ഭംഗിയുള്ളതും ഇഷ്ടമുള്ളതുമായി തോന്നുന്നതൊന്നും ചിലപ്പോ നമുക്ക് സ്വന്തമാകില്ലെന്ന്..”

ആഗ്രഹങ്ങളും സ്വപ്നങ്ങളും അക്ഷരങ്ങളായി പുസ്തകതാളിലൊളുപ്പിച്ച ആ പെണ്ണിന്ന് ഒരോർമയാണ്

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ജിഷ്ണു രമേശൻ

Scroll to Top