അമ്മൂസേ എന്നു വിളിച്ചു കൊണ്ടു അവൻ അവളെ കെട്ടിപ്പിടിക്കാൻ ഒരുങ്ങിയതും ഒന്നു പോ മനുഷ്യാ എന്ന് പറഞ്ഞു അവൾ…

രചന : രമ്യ വിജീഷ്

“ദേ കണ്ണാ എന്റടുത്തു കിന്നാരം പറഞ്ഞോണ്ട് വരണ്ട കേട്ടോ… എനിക്കാകെ ദേഷ്യം വന്നിട്ട് വയ്യാ ”

അമ്മുവിനോട് കുറുമ്പ് കാട്ടിക്കൊണ്ട് വന്ന കണ്ണന്റെ നേരെ അവൾ ചീറിയടുത്തു….

ഇതു മിക്കവാറും ഉള്ള പ്രതിഭാസം ആയതുകൊണ്ട്

‘ ഓ ഇതൊക്കെ എന്ത് ‘എന്ന ഭാവത്തോടെ കണ്ണൻ അവിടെനിന്നും പോയി

” നിനക്കെന്താ അമ്മുവേ.. ഇന്നു നേരം വെളുത്തപ്പോൾ മുതൽ തുടങ്ങിയതാണല്ലോ നിന്റെയീ ഉറഞ്ഞുതുള്ളൽ.. .

നീയെന്തിനാ ഈ തിരു സന്ധ്യക്ക്‌ ആ കുഞ്ഞിന്റെ നേരെ കിടന്നു ദേഷ്യപ്പെടണത് ”

ഉദയന്റെ അമ്മയുടെ വക ചോദ്യവും വന്നു….

” ദേ അമ്മേ അമ്മയിതിൽ ഇടപെടേണ്ട കേട്ടോ ”

അവളിത്തിരി കനത്ത സ്വരത്തിൽ പറഞ്ഞു..

” ഓ ഞാനൊന്നും മിണ്ടണില്ലേ ”

“എന്താ ഇവിടൊരു ഒച്ചയും ബഹളവും ”

അങ്ങനെ ചോദിച്ചു കൊണ്ടാണ് ഉദയൻ കയറി വന്നത്…

ഉദയനെ കണ്ട മാത്രയിൽ തന്നെ അമ്മു ചാടിത്തുള്ളി അകത്തേക്കു പോയി..

അമ്മയുടെ പോക്ക് കണ്ടു

“ഇന്നു അച്ഛന് കോളാണ് ” എന്ന ഭാവേന കണ്ണൻ ഒരു കോക്രി കാണിച്ചു..

ഉദയൻ ചങ്കത്ത് കൈ വച്ചു “എന്റെ ദൈവമേ കാത്തോളണേ “എന്നു പ്രാർത്ഥിച്ചു കൊണ്ടു അകത്തേക്ക് ചെന്നു…

“അമ്മുസേ “എന്നു വിളിച്ചു കൊണ്ടു അവളെ കെട്ടിപ്പിടിക്കാൻ ഒരുങ്ങി

“ഒന്നു പോ മനുഷ്യാ ” അവളൊരു തള്ള്

” അയ്യോ അമ്മു പിണങ്ങല്ലേ ”

“വേണ്ട നിങ്ങൾ എന്നോടൊന്നും മിണ്ടണ്ട

അല്ലേലും ഞാൻ തന്നെയാ കുറ്റക്കാരി..

എന്റെ വീട്ടുകാരെ ഉപേക്ഷിച്ചു നിങ്ങൾക്കൊപ്പം ഇറങ്ങി വന്ന ഞാൻ തന്നെയാ തെറ്റുകാരി ”

“അമ്മുസേ ഞാൻ പറയട്ടെടി ”

“വേണ്ട..ആഹാരം എടുത്തു വച്ചിട്ടുണ്ട്.. ഞാൻ കിടക്കുവാ ”

“ഇത്ര നേരത്തെയോ ”

“നേരത്തെ കിടന്നാൽ എന്താ കുഴപ്പം ”

പിന്നെ ഒന്നും പറയാൻ പോലും നിൽക്കാതെ അമ്മു മുറിയിലേക്ക് കയറിപ്പോയി

” അമ്മുസേ “കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന അമ്മുവിന്റെ തലമുടിയിൽ മെല്ലെ തഴുകികൊണ്ടവൻ മെല്ലെ വിളിച്ചു

“സോറി അമ്മു.. ഇന്നലെ വരാൻ പറ്റിയില്ല.. പണികഴിഞ്ഞെത്തിയപ്പോൾ നേരം ഇരുട്ടി..

ഇങ്ങോട്ടേക്കുള്ള ബസ്‌ കിട്ടിയില്ല.. നിന്റെ പിറന്നാളിന് രാവിലെ നിന്നെയും കൊണ്ടു അമ്പലത്തിൽ പോണമെന്നു ഒക്കെ കരുതിയതാ..

നീയിങ്ങോട്ട് ഒന്നു നോക്കിയേ ഞാൻ എന്താ കൊണ്ടു വന്നേക്കുന്നതെന്നു കണ്ടോ? ”

അമ്മു മെല്ലെ തിരിഞ്ഞു എഴുന്നേറ്റിരുന്നു…

ഒരു കീറ് വാഴയിലയിൽ നിറയെ കോർത്തുവച്ച മുല്ലപ്പൂക്കളും.. വർണ്ണപൊട്ടുകൾ നിറഞ്ഞ കുപ്പിവളകളും.. അമ്മുവിന്റെ കണ്ണുകൾ തിളങ്ങി..

സന്തോഷം കൊണ്ടു ചുണ്ടുകൾ വിടർന്നു..

“നീ ആ കൈകൾ ഒന്നു കാണിച്ചേ ”

ഉദയൻ അവളുടെ രണ്ടു കൈകൾ നിറയെ ആ കുപ്പിവളകൾ ഇട്ടു കൊടുത്തു..

തലമുടിയിൽ മുല്ലപ്പൂക്കൾ വച്ചു കൊടുത്തു…

“ഉദയേട്ടാ ക്ഷമിക്കണം കേട്ടോ ഞാൻ പെട്ടെന്ന് വന്ന ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു പോയി.. എന്റെ പിറന്നാൾ ഉദയേട്ടൻ മറന്നു എന്നാ ഞാൻ കരുതിയെ.. ഈ പൊട്ടിപെണ്ണിന് അതൊന്നും സഹിക്കില്ലന്നു ഉദയേട്ടന് അറിയാമല്ലോ.. ”

അവൾ അവന്റെ നെഞ്ചിൽ തല ചായ്‌ച്ചു

“എടി പൊട്ടിപെണ്ണേ നിന്റെ പിറന്നാൾ ദിവസം ഞാൻ മറക്കുമോ… നിനക്കേറ്റവും ഇഷ്ടം ഉള്ള മുല്ലപ്പൂവും കുപ്പിവളയും ഞാൻ മറക്കുമോ… എത്രയോ വര്ഷങ്ങളായി ഞാൻ ഈ പതിവ് തെറ്റിക്കാറുണ്ടോ

“അച്ചേ കോംപ്രമൈസ് ആയോ… ഇനിയെനിക്ക് അങ്ങോട്ട്‌ വരാമോ”

കണ്ണന്റെ ചോദ്യം കേട്ട് അവിടൊരു കൂട്ടച്ചിരി മുഴങ്ങി

ചെറുതെങ്കിലും ഭർത്താവിന്റെ ഇത്തരം സ്നേഹസമ്മാനങ്ങൾ ആഗ്രഹിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നവരാണ് എല്ലാ ഭാര്യമാരും 😊😊

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രമ്യ വിജീഷ്

Scroll to Top