അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 26 വായിച്ചു നോക്കൂ….

രചന : കാർത്തുമ്പി തുമ്പി

കണ്ണും നിറച്ചു വായ്പൊത്തി നിൽക്കുന്നവളെ അനന്തൻ ചിരിയോടെ നോക്കി നിന്നു… അവൾ കുറച്ചൂടെ ഭംഗി വെച്ചിരിക്കുന്നു.. സിന്ദൂരവും താലിയും കൂടുതൽ ഭംഗി നൽകുന്ന പോലെ..

ഭദ്ര അന്തംവിട്ട് നോക്കുന്ന കണ്ട് അനന്തൻ ചിരിയോടെ വീട്ടിലേക്ക് തലകൊണ്ട് കാണിച്ചു ..

അവിടെ വിലാസിനിയും ശങ്കരനും വിഷ്ണുവും ജാനുവമ്മയും ഉണ്ടായിരുന്നു..

വിലാസിനിയുടെ കൈയിൽ നിലവിളക്കും..

ഭദ്ര എല്ലാം അത്ഭുതത്തോടെ നോക്കി..

” നീ കയറില്ലെന്ന് വാശി പിടിച്ചിട്ട് ഞാനും കയറിയിട്ടില്ല.. ഇന്നലെ വരെ കാറിലാ കിടന്നത്.. ”

അനന്തൻ

ഭദ്ര അവനെ നോക്കി ശരിയാണ് അന്ന് ധരിച്ച ഷർട്ട് തന്നെയാണ്..

അവൾ അവന്റെ മുഖത്തേക്ക് നോക്കി..

” വാ.. ” അനന്തൻ അവളെ വിളിച്ചു.. ഭദ്ര അനന്തന്റെ പിറകെ ഉമ്മറത്തേക്ക് ചെന്നു..

വിലാസിനി പുഞ്ചിരിയോടെ അവൾക്ക് നേരെ വിളക്ക് നീട്ടി.. ഭദ്ര പ്രാർത്ഥിച്ചുകൊണ്ട് ആ വിളക്ക് വാങ്ങി വലതുകാൽ വെച്ചു മേലേടത്തെ പടി കയറി..

പിറകെ അനന്തനും. വിലാസിനിയോടൊപ്പം അവൾ വിളക്ക് പൂജമുറിയിൽ വെച്ചു.. തൊഴുത് ഇറങ്ങി അനന്തൻ പിന്നെ ആ ഭാഗത്തേക്ക് പോവാറില്ല..

” എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.. ” വിലാസിനി ഭദ്രയുടെ കൈയിൽ പിടിച്ചു യാത്ര ചോദിക്കുമ്പോൾ അനന്തൻ സോഫയിലിരുന്നു ചിരിക്കുന്നുണ്ട്..

ശങ്കരനും വിലാസിനിയും വിഷ്ണുവും ഇറങ്ങി…

പുറകെ ജാനുമ്മയും ഭദ്രേടെ അടുത്ത് വന്നു..

” ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. കഴിക്കാൻ ഒന്നും വേണ്ടെന്ന് പറഞ്ഞു.. ഞാൻ ഇറങ്ങട്ടെ നാളെ വരാം.. ” ജാനുവമ്മയും ഭദ്രയോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ഭദ്രയുടെ ശരീരം ചെറുതായി വിറച്ചു. അവൾ തിരിഞ്ഞു നിന്ന് അനന്തനെ നോക്കി സോഫയിൽ ചിരിച്ച് ഇരിക്കുന്നുണ്ട്.. ആ ചിരിയിൽ എന്തോ പന്തിക്കേട്..

” വിശക്കുന്നുണ്ട്… ഉപ്പുമാവ് കിട്ടോ.. ”

അവന്റെ മുഖത്ത് കുറച്ച് മുൻപ് കണ്ട ചിരിയില്ലായിരുന്നു… ഭദ്ര തലയാട്ടി വേഗം അടുക്കളയിലേക്ക് നടന്നു.. അരമണിക്കൂറിനു ശേഷം നല്ല ഉപ്പുമാവും ചട്നിയും ഉണ്ടാക്കി ചായയും ചൂടാക്കി അവൾ ഹാളിലേക്ക് നടന്നു.. അനന്തൻ സോഫയിൽ കിടക്കുന്നുണ്ട് കണ്ണുകളടച്ചു. കൈ രണ്ടും തലക്ക് പുറകിൽ വെച്ചു.. കാലിന് മുകളിൽ കാൽ കയറ്റി വെച്ചു.. ഭദ്ര അവന്റെ മുഖത്തേക്ക് നോക്കി..

പിന്നെ മുട്ടുകുത്തി നിന്നുകൊണ്ട് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി..

വളഞ്ഞു നിൽക്കുന്ന കട്ടിയുള്ള പുരികകൊടികൾ ഉയർന്നു നിൽക്കുന്ന മൂക്ക്… മേൽചുണ്ടിനെ പകുതിയും മറച്ചു നിൽക്കുന്ന മീശ.. പിന്നെ നല്ല താടിയും… ഒരുപാട് കുറവുമല്ല എന്നാൽ നല്ല കട്ട താടിയുമല്ല… അത്യാവശ്യം കറുത്ത താടി..

അതും അനന്തന് പ്രത്യേക അഴക് കൂട്ടുന്നുണ്ട്..

ച്ചുണ്ട് നല്ല നീളമുണ്ട്.. ഇടതൂർന്ന തലമുടി ഇടതുഭാഗത്തേക്ക് ചീകി വച്ചിരിക്കുന്നു..

അവൾ പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി..

” കഴിഞ്ഞോ.. ” അനന്തൻ കണ്ണടച്ചുകൊണ്ട് തന്നെ ചോദിച്ചു..

ഭദ്ര ഞെട്ടി.. ” എന്ത് 🙄”

“നോക്കി കഴിഞ്ഞോന്ന്.. എങ്കിൽ കണ്ണ് തുറക്കാമായിരുന്നു..” അനന്തൻ

അവൻ പറയുന്നകേട്ട് ഭദ്ര കണ്ണുകൾ ഇറുക്കെ മൂടി വിരലിൽ കടിച്ചു എഴുന്നേറ്റതും ഇടതു കൈയിൽ പിടി വീണിരുന്നു… ഭദ്ര തല ചെരിച്ചു നോക്കി..

അനന്തൻ അവളുടെ കൈയിൽ പിടിച്ചു കണ്ണുകൊണ്ട് അടുത്തിരിക്കാൻ കാണിച്ചു.. ഭദ്ര ചെറിയ വിറയലോടെ മെല്ലെ അവന്റെ അടുത്തിരുന്നു.. അനന്തൻ അവളുടെ കൈ അവന്റെ ഇടനെഞ്ചിന് മീതെ വെച്ചു വലതുകൈകൊണ്ട് പൊതിഞ്ഞു പിടിച്ചു..

അവൻ വീണ്ടും കണ്ണുകൾ അടച്ചു..

ഭദ്രക്ക് കൃത്യമായി അവന്റെ ഹൃദയമിടിപ്പ് അറിയാം വളരെ വേഗത്തിൽ മിടിക്കുന്നു…

അവൾ വലതുകൈകൊണ്ട് സ്വന്തം നെഞ്ചിൽ വെച്ചുനോക്കി… തന്റെ അവസ്ഥയും മറിച്ചല്ല..

ഹൃദയം വളരെ വേഗത്തിൽ മിടിക്കുന്നു…

അനന്തൻ കണ്ണുകൾ തുറന്നു.. അവളുടെ കൈ നെഞ്ചിലേക്ക് അമർത്തി..

” ഇതാണ് നി അടുത്ത് വരുമ്പോൾ എന്റെ അവസ്ഥ.. ”

അനന്തൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.. ഭദ്ര അവനെ തന്നെ നോക്കി…

അനന്തൻ കൈ വിട്ട് വേഗം എഴുനേറ്റ് മുകളിലേക്ക് പോയി..

കുളിക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.. കുറച്ചുനേരം കൂടി അവിടെ നിന്നെങ്കിൽ ഫസ്റ്റ് നൈറ്റ്‌ അല്ല ഫസ്റ്റ് ഡേ നടത്തിയേനെ… പെണ്ണിന്റെ കണ്ണ്.. കൊത്തി വലിക്കുന്ന പോലെ…

അനന്തൻ തല തോർത്തികൊണ്ട് വേഗം ഇറങ്ങി.

ഭദ്ര ഭയങ്കര ആലോചനയിലാണ്.. അനന്തേട്ടൻ പറഞ്ഞത് ശരിയാണ്..അനന്തേട്ടൻ അടുത്ത് വരുമ്പോ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്..

ഇപ്പോ പൊട്ടി പോവും എന്ന പോലെ.. അവൾ പുഞ്ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് ചെന്നു..

വസ്ത്രം മാറി ഹാളിൽ ചെല്ലുമ്പോൾ പെണ്ണിനെ അവിടെ ഒന്നും കണ്ടില്ല…അടുക്കളയിൽ ശബ്ദം കേട്ട് അവൻ അങ്ങോട്ട് ചെന്നു.. സ്ലാബിൽ ചാരി നിൽക്കുന്നുണ്ട്.. ചായ ചൂടാക്കുകയാണ്..

അനന്തൻ ചുമരിൽ ചാരി അവളെ നോക്കി നിന്നു…

എത്ര വര്ഷങ്ങളായി ഉള്ളിൽ കൊണ്ടു നടക്കുന്നതാണ്.. ഇപ്പോഴും സ്വന്തമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..

” മൂന്നാമത്തെ തവണയാ ചായ ചൂടാക്കുന്നെ.. ഹോ.. ” ഭദ്ര..

അനന്തൻ പുഞ്ചിരിയോടെ അവളുടെ പുറകിൽ ചെന്നു മുട്ടാതെ നിന്നു..

നല്ല ചന്ദ്രിക സോപ്പിന്റെ മണം വന്നതും ഭദ്ര ഒന്ന് ഞെട്ടി.. പുറകിൽ അവന്റെ സാമിപ്യം അവൾ മനസിലാക്കി.. ഹൃദയം വീണ്ടും ക്രമാതീതമായി മിടിക്കുന്നു.. ഭദ്ര ഉമ്മിനീർ ഇറക്കി.. തിരിയണോ വേണ്ടയോ.. ” ഭദ്ര അങ്ങനെ തന്നെ നിൽക്കുന്ന കണ്ടിട്ട് അനന്തന് ചിരി വന്നു.. ഭദ്ര തലതാഴ്ത്തി കൊണ്ട് തിരിഞ്ഞു നിന്നു..മുഖം ഉയർത്തി അവനെ നോക്കണമെന്നുണ്ട്.. അനന്തന്റെ ഏത് ഭാവത്തിനും രണ്ടടി മുകളിലാണ് ഭദ്ര.. അനന്തന് ദേഷ്യമാണെങ്കിൽ അതിനിരട്ടി ദേഷ്യം ഭദ്രക്ക് ഉണ്ടാവും.. അത് അവൾ അനന്തനോട് കാണിക്കും ചെയ്യും.. പക്ഷെ അനന്തന്റെ കണ്ണുകളിലെ പ്രണയം.. അത് ഭദ്രയെ വല്ലാതെ തളർത്തുന്നു..

അവന്റെ നോട്ടത്തെ പോലും നേരിടാൻ കഴിയാതെ ഓടി ഒളിക്കാൻ തോന്നുന്നു..

ഭദ്ര മെല്ലെ ഇടതുവശത്തൂടെ കടക്കാൻ നോക്കിയതും അനന്തൻ അവിടെ കൈ വെച്ചു..

ഭദ്ര വലതുവശത്തേക്ക് നീങ്ങിയപ്പോൾ അവിടെയും.. രണ്ടു കൈകളും സ്ലാബിൽ വെച്ചു അതിന് നടുവിലാണ് ഭദ്ര അവൾ ഉമ്മിനീരിറക്കി..

ഭദ്രയുടെ പേടിയും നാണവും അനന്തൻ നന്നായി ആസ്വദിക്കുന്നുണ്ട്..

” എന്താ.. ” ഭദ്ര മെല്ലെ ചോദിച്ചു.. അവളുടെ നിശ്വാസം അവന്റെ നെഞ്ചിൽ അടിച്ചു..

അനന്തൻ കുനിഞ്ഞു നിന്ന് അവളുടെ മുഖത്തിന് നേരെ മുഖം കൊണ്ടു വന്നു..

” വിശക്കുന്നു.. ” അനന്തൻ

” പൊക്കോ കൊണ്ടുവരാം.. ” ഭദ്ര

അനന്തൻ അവളിലേക്ക് ഒന്നൂടെ ചേർന്ന് നിന്നു.

ഭദ്ര പിറകോട്ട് നീങ്ങി നിൽക്കാൻ ശ്രമിച്ചു.

അവിടെ ഇനി സ്ഥലം ഇല്ല സ്ലാബ് ആണ്..

” ആരെങ്കിലും കാണും.. ” ഭദ്ര

” എന്ത്..? ” അനന്തൻ

ച്ചേ നാണം കെട്ടു.. ഭദ്ര വേഗം മുഖം തിരിഞ്ഞു നിന്നു..

” ആരും കാണില്ല.. ”

അവളുടെ കാതിനരികെ അവന്റെ നിശ്വാസം..

ഭദ്ര ഒന്ന് വിറച്ചു.. ഉള്ള് തുടികൊട്ടുന്നു..

അനന്തന് അവളുടെ മുടിയിലെ ലാങ്കി ലാങ്കി പൂവിന്റെ മണം മത്തു പിടിപ്പിക്കുന്ന പോലെ തോന്നി…

അവൻ കണ്ണുകളടച്ചു അവളുടെ മുടിയിലേക്ക് മുഖം അടുപ്പിച്ചു.. ഭദ്ര കൈ വിരലുകൾ സ്ലാബിൽ അമർത്തി പിടിച്ചു.. അവളുടെ ശരീരം വിറച്ചു..

പെട്ടെന്ന് കാളിങ് ബെൽ കേട്ടതും അവൻ പെട്ടെന്ന് പിൻവാങ്ങി ഹാളിലേക്ക് പോയി..

ഭദ്ര അങ്ങനെ തന്നെ നിന്നു.. ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ട് വളരെ വേഗത്തിൽ അത് പഴയ പടിയാവാൻ ഭദ്ര കിണഞ്ഞു ശ്രമിക്കുന്നുണ്ട്..

അവൾ നെഞ്ചിൽ കൈ അമർത്തി…

“ഭദ്രേ ” അനന്തന്റെ വിളി വന്നപ്പോൾ അവൾ വേഗം ഹാളിലേക്ക് ചെന്നു.. ഭദ്രക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. അമ്മ.. രാഗിണി കണ്ണുനീർ വന്ന പുഞ്ചിരിയോടെ ഹാളിൽ നിൽക്കുന്നു..

” അമ്മേ.. ” ഭദ്ര വേഗം ഓടി ചെന്നു രാഗിണിയെ കെട്ടിപിടിച്ചു… രാഗിണി തിരിച്ചും.. രണ്ടാളും കെട്ടിപിടിച്ചു കരഞ്ഞു..

” അമ്മേ.. ഞാൻ.. ”

” ഒന്നും പറയണ്ട.. നീ ചെയ്തതാ ശരി..

ഇല്ലെങ്കിൽ ആ കിളവന്റെ കൂടെ എന്റെ മോള്..

ആരെന്തൊക്കെ തീരുമാനിച്ചാലും ഈശ്വരൻ ഒരാള് തീരുമാനിച്ചതെ നടക്കൂ.. ഇതാണ് നിന്റെ വിധി…

” അവർ കണ്ണീരോടെ പറഞ്ഞുകൊണ്ട് കവറിൽ നിന്ന് ഒരു ബോക്സ്‌ എടുത്ത് നീട്ടി.. ഭദ്ര അത് സംശയത്തോടെ വാങ്ങി തുറന്നു നോക്കി.. ഒരു ചെയിനും ഒരു നെക്‌ലസും ആറു വളയും ഒരു ജിമ്മിക്കി പിന്നെ ഒരു ജോഡി പാദസരവും. ഭദ്ര അമ്മയെ തല ഉയർത്തി നോക്കി..

” ഇതൊക്കെ.. ശരണ്യേടെ അല്ലേ.. ” ഭദ്ര

” ആര് പറഞ്ഞു.? നിനക്ക് നിന്റെ മുത്തച്ഛൻ നൽകിയതാ.. എന്റെ കൈയിലാ അത് സൂക്ഷിക്കാൻ തന്നത് … രാഗവേട്ടനാ പറഞ്ഞത് ഇത് നിന്നെ വേഗം എൽപ്പിക്കാൻ..”

രാഗിണി പറയുന്നകെട്ട് ഭദ്ര അനന്തനെ നോക്കി..

സോഫയിൽ ഫോണും പിടിച്ചു ഇരിക്കയാണ്..

ഇങ്ങോട്ട് ഒന്ന് ശ്രദ്ധിക്കുന്നു പോലും ഇല്ല..

ഭദ്ര ആ ബോക്സ്‌ വാങ്ങി..

” അമ്മ എന്തെങ്കിലും കഴിച്ചോ..? ”

” മ്മ് ഞാൻ കഴിച്ചിട്ടാ വന്നത്.. ”

” കഴിച്ചിട്ട് പോവാം അമ്മായി ഞാൻ കൊണ്ടുവിടാം..

” അനന്തൻ ഫോൺ മാറ്റിവെച്ചു അവരെ നോക്കി പറഞ്ഞു.

” ഏയ്‌ വേണ്ട മോനെ.. വേഗം ചെല്ലണം.. ”

രാഗിണി എഴുനേറ്റു ഉമ്മറത്തേക്ക് നടന്നു.. ഭദ്ര ഒന്നൂടെ അമ്മയെ കെട്ടിപിടിച്ചു..

” വിഷമിക്കണ്ട.. അമ്മ ഇടയ്ക്കിടെ വരാം.. ”

രാഗിണി..

” മ്മ് ” ഭദ്ര പുഞ്ചിരിയോടെ തലയാട്ടി.. രാഗിണി പുറത്തേക്ക് ഇറങ്ങി കൂടെ അനന്തനും ഗേറ്റ് എത്തിയതും അവരൊന്ന് നിന്നു അനന്തനെ തിരിഞ്ഞു നോക്കി..

” പാവാ അവള് ഇത്തിരി ഒച്ചപ്പാടും വാശിയും ഉണ്ടെന്നുള്ളൂ… എന്റെ കുട്ടിയെ നോക്കിക്കോണേ..

അനന്തൻ തലയാട്ടി..

രാഗിണി സാരി തുമ്പുകൊണ്ട് കണ്ണ് തുടച്ചു വേഗം നടന്നു..

സാധുവായ ഒരമ്മ ❤

അനന്തൻ ഉള്ളിലേക്ക് കയറി.. ഭദ്രയെ അവിടെങ്ങും കാണാനില്ല..

അടുക്കളയിൽ നോക്കി അവിടെയുമില്ല.. അവൻ അടുക്കളഭാഗത്തൂടെ പിന്നിലേക്ക് ഇറങ്ങി..

അടുക്കളയുടെ പുറകിൽ ഒരു മാവുണ്ട്..

അതിനടുത്ത് പോയി തിരിഞ്ഞു നിൽക്കുന്നുണ്ട്..

അനന്തൻ അടുത്തേക്ക് ചെന്നപ്പോൾ അടക്കിപിടിച്ച വിതുമ്പൽ കേൾക്കാം..

” ഭദ്രേ.. ” അനന്തൻ തോളിൽ കൈവെച്ചതും ഭദ്ര വേഗം കണ്ണ് തുടച് തിരിഞ്ഞു നിന്നു..

” അനന്തേട്ടന് കഴിക്കാൻ എടുക്കാം.. ”

ഭദ്ര അവനെ നോക്കാതെ വേഗം ഉള്ളിലേക്ക് കയറി..

ഭദ്രയുടെ മനസ്സിൽ ഇനിയും ഒരുപാട് വിഷമങ്ങൾ ഉണ്ടെന്ന് തോന്നി അനന്തന്.. അന്ന് വേണു കൈവെച്ചപോലെ പലതവണ ഉണ്ടായിട്ടുണ്ടാവും പക്ഷെ ഭദ്ര എന്ത്കൊണ്ട് പ്രതികരിക്കുന്നില്ല.. അമ്മയോട് പോലും ഒന്നും പറയുന്നില്ല… അവൻ ആലോചനയോടെ ഉള്ളിലേക്ക് കയറി.. ഭദ്ര മുഖം കഴുകിയിട്ടുണ്ട്.. മൂക്ക് ചാമ്പക്ക കണക്കെ ചുവന്നിരിക്കുന്നു.. നെറ്റിയിലെ ചന്ദനം വീണ്ടും നനഞ്ഞു കാണാതായി… കണ്ണെല്ലാം പാതി കരി പടർന്നിരിക്കുന്നു.. ഭദ്ര വേഗം അനന്തന് കഴിക്കാൻ വിളമ്പി.

” നി കഴിക്കുന്നില്ലേ.. ” അനന്തൻ

” പിന്നെ കഴിക്കാം.. ” ഭദ്ര

” എന്തിന്.. ഇവിടെ ഇരിക്ക്.. ” അനന്തൻ അവളുടെ കൈയിൽ പിടിച്ചിരുത്തി. അവൾക്ക് വിളമ്പി കൊടുത്തു…

” വേഗം കഴിക്ക് നമ്മുക്ക് ഒരു സ്ഥലം വരെ പോവണം.. ” അനന്തൻ

” എങ്ങോട്ട്.. “? ഭദ്ര നെറ്റി ചുളിച്ചു

” പറയാം.. ” അനന്തൻ വേഗം കഴിച്ച് എഴുനേറ്റു..

ഭദ്രയും..

അവൾ എല്ലാം അടുക്കളയിൽ കൊണ്ടുവെച്ചു…

” ഭദ്രേ.. ” അനന്തൻ

കഴുകാനെടുത്ത പാത്രം സിങ്കിൽ ഇട്ടിട്ട് അവൾ ഹാളിലേക്ക് ചെന്നു..

” വാ പോവാം.. ”

” അത് പാത്രം കഴുകാൻ ഉണ്ട്.. ”

” അത് വന്നിട്ട് നമുക്ക് ഒരുമിച്ച് ചെയാം… നീ വാ വേഗം.. ” അവൻ ഷർട്ടിന്റെ കൈ മടക്കി വെക്കുന്നതിടയിൽ പറഞ്ഞു.. ഭദ്ര തലയാട്ടി നനഞ്ഞ കൈ സാരിയിൽ തുടച്ചു…

” ഡ്രസ്സ് മാറുന്നില്ലേ.. ” അനന്തൻ

” ഏയ്‌ ഇത് മതി.. ”

” മ്മ് ഡോർ അടച്ചിട്ട് വാ… ” അനന്തൻ പോർച്ചറിൽ നിന്ന് കാർ പുറത്തേക്കിറക്കി.. ഭദ്ര ഡോർ അടച്ചു വേഗം പുറത്തേക്കിറങ്ങി.. കാറിന്റെ ഡോർ തുറന്നു കയറി.. അനന്തൻ കാർ മുന്നോട്ട് എടുത്തു..കവല കഴിഞ്ഞും കാർ മുന്നോട്ട് പോയി..

അത് കണ്ട് ഭദ്ര അവന്റെ മുഖത്തേക്ക് നോക്കി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരിപ്പാണ്.. ടൗൺ എത്തി കുറച്ചൂടെ മുന്നോട്ട് പോയതും ഒരു തുണികടക്ക് മുൻപിൽ കാർ പാർക്ക് ചെയ്തു അനന്തൻ ഇറങ്ങി..

പുറകെ ഭദ്രയും..

ഭദ്ര തുണികടയുടെ പേര് നോക്കി..

അംബിക ടെക്സ്റ്റെയിൽസ്..

അവൾ അത്ഭുതത്തോടെ അനന്തനെ നോക്കി.. .

” ഇത്.. സ്വന്തം ആണോ.. ” ഭദ്ര

” മ്മ്. ” അനന്തൻ മൂളികൊണ്ട് മുണ്ടിന്റെ ഒരു തുമ്പ് കൈയിൽ പിടിച്ചു ഉള്ളിലേക്ക് കയറി..

എല്ലാവരും അവനെ നോക്കുന്നുണ്ട്.. അനന്തനെ കണ്ടതും മാനേജർ ഓടി വന്നു..

അയാൾ എന്തൊക്കെയോ അവനോട് പറയുന്നുണ്ടായിരുന്നു..

അനന്തൻ അയാളോട് എന്തോ പറഞ്ഞ് പുറകിലേക്ക് നോക്കി..

ഭദ്ര അവന്റെ പുറകിൽ തന്നെ നിൽപ്പുണ്ട്..

” പോയ്‌ ആവശ്യമുള്ളത് വാങ്ങിയിട്ട് വാ..”

അനന്തൻ പറഞ്ഞതും ഭദ്ര തലയാട്ടി.. മാനേജർ കണ്ണ് കൊണ്ട് കാണിച്ചതും ഒരു സെയിൽസ് ഗേൾ അനന്തന്റെ അടുത്തേക്ക് ഓടി വന്നു.. അനന്തൻ ഭദ്രയെ നോക്കി എന്തൊക്കെയോ പറഞ്ഞു..

സെയിൽസ് ഗേൾ തലയാട്ടി ഭദ്രയുടെ അടുത്തേക്ക് ചെന്നു..

” വാ ചേച്ചി.. ”

ഭദ്ര അനന്തനെ നോക്കി.. അവൻ പോയിട്ട് വാ എന്ന് തലകൊണ്ട് കാണിച്ചു.. അനന്തൻ അവിടെയുള്ള സോഫയിൽ ഇരുന്നു.. മാനേജറും കൂടെ ഇരുന്നു..

അയാൾ എന്തൊക്കെയോ പറയുന്നുണ്ട് അനന്തൻ എല്ലാത്തിനും തലയാട്ടുന്നുണ്ട്… ഇടക്ക് എന്തോ കാര്യമായി അനന്തനും തിരിച്ചു ചോദിക്കുന്നുണ്ട്

ഭദ്ര ഇടക്ക് സാരി എടുക്കുന്നതിനിടക്ക് അനന്തനെ നോക്കുന്നുണ്ട്.. പക്ഷെ തിരിച്ചിങ്ങോട്ട് ഏഹേ..

” അനന്തേട്ടന്റെ അനിയത്തി ആണോ.. ” സെയിൽസ് ഗേൾ

“ഏഹ് ഭദ്ര സ്വയം ഒന്ന് നോക്കി.. താലി സാരിയുടെ ഉള്ളിലാണ്.. സിന്ദൂരം അപ്പോൾ മുഖം കഴുകിയപ്പോൾ മാഞ്ഞു കാണുമോ…

” അല്ല ഭാര്യയാ.. ” ഭദ്ര അത് പറഞ്ഞിട്ട് മുഖം കോട്ടി.. സെയിൽസ് ഗേളിന്റെ മുഖം പെട്ടെന്ന് അതിശയം വരുന്നത് അവൾ അറിഞ്ഞു.. ഭദ്ര എല്ലാം എടുത്ത് ബില്ല് ആക്കുമ്പോൾ സെയിൽസ് ഗേൾ മറ്റുള്ള സെയിൽസ് ഗേൾസിനോട് എന്തൊക്കെയോ പറയുന്നുണ്ട്. അവർ എല്ലാം ഭദ്രയെ അതിശയത്തോടെ നോക്കുന്നുണ്ട്.. ഭദ്രക്ക് ദേഷ്യം വന്നു.. എന്തിനാ ഇങ്ങനെ നോക്കുന്നെ താൻ എന്താ അന്യഗ്രഹ ജീവിയോ..

” മേം ക്യാഷ് ”

ഭദ്ര ഞെട്ടി.. അയ്യോ ബില്ലിങ്ങിൽ നിൽക്കുന്ന ചെക്കൻ ആണ്..

” ഒരു മിനിറ്റ് ഹസ്ബൻഡ് ഇപ്പോ വരും.. ” ഭദ്ര പറഞ്ഞപ്പോൾ അയാൾ തലയാട്ടി.. ഭദ്ര അനന്തൻ ഇരുന്ന ഭാഗത്തേക്ക് നോക്കി.. ഇല്ല അവിടെ ഇല്ല..

അയ്യോ.. ഭദ്ര ചുറ്റും തിരിഞ്ഞു നോക്കി.. ഇല്ല..

അവളുടെ കണ്ണുകൾ വെപ്രാളത്തോടെ ചുറ്റും അനന്തനെ തിരഞ്ഞു.. തിരിഞ്ഞു തിരിഞ്ഞു ആരെയോ മുട്ടി ഭദ്ര മുഖം ഉയർത്തി നോക്കി..

അനന്തൻ.. അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് താലിയിൽ വെറുതെ പിടിച്ചു…

” എന്താ നീ ഇവിടെ നിന്ന് തിരിയുന്നെ.. “?

അനന്തൻ

” അത് ബില്ല് ക്യാഷ് ചോദിച്ചു.. ” ഭദ്ര

” മ്മ് വാ.. ” അനന്തൻ

ഭദ്ര അവന്റെ പുറകെ നടന്നു.. അനന്തനെ കണ്ട് ബില്ലിങ്ങിൽ നിൽക്കുന്ന ചെക്കൻ എഴുനേറ്റു..

” അയ്യോ അനന്തേട്ടാ.. ഇത്.. ” ചെക്കൻ നിന്ന് താളം ചവിട്ടുന്നുണ്ട്..

” എന്റെ ഭാര്യയാ.. ” അനന്തൻ

” അയ്യോ ചേച്ചി ഞാൻ അറിഞ്ഞില്ലായിരുന്നു…

സോറി.. ”

” ഏയ്‌ അത് സാരല്ല്യ.. ” അനന്തൻ പേഴ്സിൽ നിന്ന് ക്യാഷ് എടുത്ത് നീട്ടി.. ചെക്കൻ അത് വാങ്ങി കവർ തിരികെ കൊടുത്തു…

” ശരി.. ” അനന്തൻ തലയാട്ടി പുറത്തേക്കിറങ്ങി..

അനന്തൻ കവർ എല്ലാം പുറകിൽ വെച്ചു. കാറിൽ കയറി ഭദ്രയും കാർ പിന്നെയും കുറേ ദൂരം മുന്നോട്ട് പോയി.. അനന്തൻ കാർ നിർത്തി ഇറങ്ങി.. ഭദ്ര ചുറ്റും നോക്കി.. ഒന്നും കാണാൻ ഇല്ല.. എന്താ ഇവിടെ.. പാർക്ക് ആണോ കുട്ടികൾ ഉണ്ട് കച്ചവടക്കാർ ഉണ്ട്.. അവൾ ഡോർ തുറന്ന് ഇറങ്ങിയതും ഒരു പ്രത്യേക ശബ്ദം കേട്ടു ഭദ്ര അതിശയത്തോടെ മുന്നിലേക്ക് നോക്കി.. കടൽ.. ജീവിതത്തിൽ ഈ 24 വയസ്സിനിടക്ക് ആദ്യമായാണ് കടൽ കാണുന്നത്.. ഭദ്രയുടെ കണ്ണുകൾ അത്ഭുതംകൊണ്ട് വിടർന്നു. അനന്തൻ അത് നോക്കിക്കാണുന്നുണ്ട്…

” വാ.. ” അനന്തൻ അവൾക്ക് നേരെ കൈ നീട്ടി.. ഭദ്ര അടക്കാനാവാത്ത സന്തോഷത്തോടെ അവന്റെ കൈയിൽ കൈ കോർത്തു.. അവന്റെ ഒപ്പം നടന്നു. അനന്തൻ കടലിലേക്ക് ഇറങ്ങി നിന്നു ഒപ്പം ഭദ്രയും.. അവരുടെ കാലുകളെ തിരകൾ പുണർന്നുകൊണ്ട് തിരികെ പോയി.. ഭദ്ര ആസ്വദിക്കുകയായിരുന്നു തിര വന്ന് കാലിൽ തൊടുന്നതും കാലിനടിയിലെ മണൽ ഒലിച്ചു പോവുന്നതും അവൾ അതിശയത്തോടെ അനന്തനെ നോക്കി ചിരിച്ചു.. അവളുടെ സന്തോഷം അനന്തൻ കണ്ണിമക്കാതെ നോക്കി നിന്നു.. അവൾ കൈകൾ കൊണ്ട് തിരകളെ തൊടുന്നതും അത്ഭുതത്തോടെ കരയിൽ വരക്കുന്നതും അനന്തൻ കൈയും കെട്ടി നോക്കി നിന്നു..

അവൻ മുണ്ട് ഒതുക്കിവെച്ചു കാൽമുട്ടിനു മുകളിൽ കൈകൾ കൂട്ടിപിടിച്ചു ഇരുന്നു.. ഭദ്രയും അവന്റെ കൂടെ വന്നിരുന്നു.. അവൻ അവളുടെ മുഖത്തേക്ക് നോക്കി.. കാറ്റിൽ ആടുന്ന മുടിയിഴകളും നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പ് തുളികളും..

” നീ ആദ്യായിട്ടാണോ കടല് കാണുന്നേ.. ”

അനന്തൻ

” മ്മ്.. ” ഭദ്ര പുച്ഛത്തോടെ ചിരിച്ചു.. ഒരിക്കലും വിചാരിച്ചില്ല കടല് കാണുമെന്നു… എല്ലാ മോഹങ്ങളും തീർന്നെന്ന് കരുതി നിൽക്കുമ്പോഴാ.. ”

ഭദ്ര പറഞ്ഞ് നിർത്തി കടലിലേക്ക് നോക്കി..

അനന്തൻ ചിരിയോടെ അവളെ തന്നെ നോക്കി..

” ഒരു പന്ത്രണ്ട് വയസ്സ് ഉള്ളപ്പോ കാവിൽ വിളക്ക് വെക്കാൻ പോയതാ ഞാനും ശാകേഷും.. വിളക്ക് വെച്ചു തിരിഞ്ഞതും പെട്ടെന്ന് എന്നെ ഇറുക്കെ കെട്ടിപിടിച്ചു.. ഞാൻ ഭയന്നു പോയിരുന്നു…

അയാളെ തള്ളിയിട്ടു വേഗം കുതറി അമ്മയുടെ അടുത്തേക്ക് ഓടി.. തിരിഞ്ഞു നോക്കുമ്പോൾ ഭവ്യയെ എടുത്ത് ഒക്കിൽ വെച്ചു ശാകേഷ് വരുന്നുണ്ടായിരുന്നു.. ഞാൻ ആകെ ഭയന്നു..

അന്നവൾ കുഞ്ഞാ.. അവളെ എടുക്കാൻ അയാളുടെ അരികിലേക്ക് ചെന്നതും എന്തെങ്കിലും പുറത്ത് പറഞ്ഞാൽ ഭവ്യയെ കൊല്ലുമെന്ന് അയാൾ പറഞ്ഞു.. അന്നത്തെ പ്രായത്തിൽ ഞാനും അത് വിശ്വസിച്ചു.. പേടിച്ചു… കൂടുതൽ കൊഞ്ചിച്ച വേണുവച്ഛനോട്‌ എല്ലാം തുറന്നു പറയാൻ ചെന്നതാ പക്ഷെ അരികിൽ ചേർത്ത് പിടിച്ച കൈകൾ ശരീരത്തിൽ കൂടുതൽ അമർന്നപ്പോൾ ഒന്നൂടെ ഭയന്നു..

അന്ന് അയാളുടെ കണ്ണുകളിലും ശാകേഷിന്റെ കണ്ണുകളിലും ഇരയെ കിട്ടിയ ഭാവമായിരുന്നു…

അവിടെന്നും ഞാൻ ഓടി.. പിന്നെ എല്ലാത്തിനും ഭയമായി.. രാത്രി ആയാൽ അമ്മക്ക് ചുറ്റും പറ്റിച്ചേർന്ന് നിൽക്കും..

ആദ്യമൊക്കെ ഭവ്യയും ഒപ്പം തന്നെ കിടക്കും പക്ഷെ പിന്നെ വലുതായപ്പോൾ വേറെ മുറിയിലായി..

അന്നൊക്കെ ബാത്‌റൂമിൽ പോവാൻ കഴിയാതെ അടക്കിപിടിച്ചു ഇരുന്നിട്ടുണ്ട്..ഉറങ്ങാതെ ഉണർന്നിരുന്നിട്ടുണ്ട്…പലസ്പർശനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ അഹങ്കാരിയായി മാറി.. അപ്പോഴും ഭീഷണികൾ തുടർന്നുകൊണ്ടേ ഇരുന്നു.. അമ്മയെയും അനിയത്തിയെയും വച്ചായിരുന്നു കൂടുതൽ… പൊരുതാൻ വയ്യെങ്കിലും തളർന്നില്ല..

പിടികൊടുക്കാതെ ഈ പന്ത്രണ്ട് കൊല്ലവും നടന്നു..

പല രാത്രികളിലും ഓടി ഒളിക്കേണ്ടി വന്നു. അന്ന് രാത്രി മോട്ടോർ ഹൗസിൽ എത്തിയത് അങ്ങനെയാ.. എല്ലാവരും അങ്ങനെയാണെന്നാ കരുതിയത്.. അനന്തേട്ടൻ അന്ന് വീട്ടിൽ കൊണ്ടുപോവുന്ന വരെ.. അന്നാണ് മനസിലായത് എല്ലാവരും ഒരുപോലെയല്ലെന്ന്.. ” ഭദ്ര.. ഉള്ളിലുള്ളത് മുഴുവൻ തുറന്ന് പറഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം…

അനന്തൻ നിലത്തേക്ക് നോക്കി ഇരിപ്പാണ് അവൻ കൈകൾ കൂട്ടിപിടിച്ചു.. കണ്മുന്നിൽ ഒരു പെൺകുട്ടി രാത്രി ഓടി ഒളിക്കുന്ന പോലെ…

അവൻ അവളെ നോക്കി.. കടലിലേക്ക് തന്നെയാണ് നോട്ടം.. അവൻ വേഗം എഴുനേറ്റു..

അനന്തൻ എഴുനേൽക്കുന്ന കണ്ട് ഭദ്രയും എഴുനേറ്റു.

അവൾ അവനെ നോക്കി അവളുടെ മുഖത്തേക്ക് തന്നെയാണ് നോട്ടമെന്ന് അറിഞ്ഞതും നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ ഭദ്ര വേഗം തല താഴ്ത്തി പെട്ടെന്ന് അനന്തൻ ഇടംകൈകൊണ്ട് അവളെ അവനിലേക്ക് ചേർത്തു പിടിച്ചു..ഭദ്ര ഞെട്ടി അവനെ നോക്കി.. അവളെ മുറുകെ പിടിച്ചു നെറ്റിയിൽ ഒന്ന് ചുംബിച്ചു അവൻ.. ഭദ്ര അനന്തന്റെ ഷർട്ടിന്റെ പുറകിൽ മുറുകെ പിടിച്ചു…. ചില സമയങ്ങളിൽ ആശ്വാസവാക്കുകളെക്കാളും ഒരു ചേർത്ത് പിടിക്കൽ മതിയാവും.. ഒരു ചുംബനം മതിയാവും.. നിനക്ക് ഞാനുണ്ടെന്ന് പറയാതെ പറയുന്ന ചുംബനം… ❤

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി

Scroll to Top