കല്യാണി ആദ്യമായി അവനെ കാണുന്നത് ബസ്റ്റോപ്പിൽ വെച്ചാണ്. അന്നയാൾ പോലീസ് ആണെന്നവൾക്കു അറിയുമായിരുന്നില്ല…

രചന : അമ്മു സന്തോഷ്

നെഞ്ചിൽ.. അവൾ മാത്രം

****************

“ആ പെൺകൊച്ച് സാക്ഷി പറഞ്ഞ ഇവൻ സസ്പെൻഷനിലാകും അല്ലെടോ വക്കീലെ? ”

എബ്രഹാം ജോസഫ് അഡ്വക്കേറ്റ് മാത്യുവിനെ ഒന്ന് നോക്കി.

“ചിലപ്പോൾ “അങ്ങനെ മറുപടി പറഞ്ഞെങ്കിലും മാത്യു അന്നേരം അലക്സിനെ ശ്രദ്ധിക്കുകയായിരുന്നു

ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്നൊരു ഭാവമുണ്ടായിരുന്നു ആ മുഖത്ത്,

പതിവ് കുസൃതി ചിരിയും.

“അവളെ ഒന്ന് പോയിക്കണ്ടില്ലാരുന്നോ ?

എവിടെയുള്ളതാ ?”

“രാമപുരത്തുള്ളതാ. ഇവിടെ ഹോസ്റ്റലിൽ ആണ്.

നമ്മുടെ ടൗണിലെ ഗവണ്മെന്റ് സ്കൂളിലെ ടീച്ചർ ആണ് .പേര് കല്യാണി .ഞാൻ പോയിക്കണ്ടിരുന്നു മൊഴി മാറ്റില്ല .കണ്ടത് പറയുമെന്ന പറഞ്ഞത് ”

“എന്നാ പിന്നെ കോടതിലവൾ വരാതിരിക്കാൻ വേണ്ടത് ചെയ്തേക്ക് “എബ്രഹാം കടുത്ത സ്വരത്തിൽ പറഞ്ഞു.

“അതൊന്നും വേണ്ട പപ്പാ ..”അലക്സ് പെട്ടെന്ന് പറഞ്ഞു ..”ജോലി പോകുകയൊന്നുമില്ലല്ലോ. സസ്പെൻഷനല്ലേ? സാരമില്ല പപ്പക്ക് എന്നെ കാണാൻ കിട്ടുന്നില്ല എന്നല്ലേ പരാതി ..കുറച്ചു നാൾ തോട്ടത്തിലെ കണക്കൊക്കെ നോക്കി ഞാനും പപ്പേടെ കൂടെ കൂടാം ”

അബ്രഹാമിന്റെ കണ്ണൊന്നു കലങ്ങി .അയാൾ ഭിത്തിയിലെ ജെസ്സിയുടെ ഫോട്ടോയിലേക്ക് നോക്കി.

“ഒറ്റ ഒന്നേയുള്ളു അച്ചായാ പൊന്നു പോലെ നോക്കിക്കോളണെ, വേറെ കെട്ടി അവനെ കഷ്ടപ്പെടുത്തല്ലേ

മരണക്കിടക്കയിലവൾ പറയുമ്പോൾ അവനു ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളു.

ഇനിയൊരു പെണ്ണിനേയും ഓർക്കാനാവാത്ത വിധം അവളെന്തു മായാജാലമാണ് കാട്ടിയതെന്ന് ഇടക്കൊക്കെ ഓർക്കാറുണ്ട്.

എട്ടു വവർഷം കൊണ്ട് ഒരു പുരുഷന്റെ ചേതനയിൽ ഇത്ര മേൽ നിറയാനൊക്കെ ഒരു പെണ്ണിന് എങ്ങനെ സാധിക്കുന്നു എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട്.

അവളില്ലായ്മയിൽ ജീവിക്കുന്നു എന്ന് തോന്നിയിട്ടേയില്ല.

ഉണരുമ്പോൾ മുതൽ ആ വിളിയൊച്ചയുണ്ട്.

“അച്ചായാ കാപ്പി ചൂടാറും കേട്ടോ ”

‘ ദേ പള്ളിയിൽ നിന്ന് ആൾക്കാർ വന്നിരിക്കുന്നു.

പിശുക്കരുത് . പാവപ്പെട്ട പെണ്പിള്ളാരുടെ കെട്ടിന്റെ കാര്യത്തിനുള്ള പിരിവാ ..നമുക്കു പെൺപിള്ളേർ ഒന്നുമില്ലല്ലോ കയ്യയച്ചു കൊടുത്തേക്കണേ ”

‘ഉച്ചക്ക് ബീഫ് വേണോ അച്ചായാ അതോ മീൻ വറുത്ത് മതിയോ ?”

“ദേ ഇന്ന് മതി. നാല് പെഗ്ഗ് ആയി ”

“മഞ്ഞ് പെയ്യുന്ന് അച്ചായാ പോയി കിടക്ക്”

” നമുക്കൊന്നിച്ചു മഴ കാണണം കേട്ടോ.

എന്റിച്ചായന്റെ നെഞ്ചില് ചേർന്ന് മഴ നനഞ്ഞ് അങ്ങനെ ..എന്ത് രസമായിരിക്കും അല്ലെ ?”

അയാളുടെ കണ്ണുകൾ നിറഞ്ഞു

അവളെങ്ങനെയാണ് ഒരു ജന്മത്തിലുള്ളതെല്ലാം തന്നിൽ നിറച്ചിട്ടു പോയത് ..?അതോ അവൾക്കറിയാമായിരുന്നോ ഇട്ടിട്ട് പോകേണ്ടി വരുമെന്ന്?

അയാൾ ആ ഓർമയിൽ ഒരു നിമിഷം എല്ലാം മറന്നു.

“പപ്പാ ഞങ്ങൾ ഇറങ്ങുവാ. പപ്പാ വരണ്ട ..ഞാൻ നേരെത്തെ ഇങ്ങു വന്നോളാം ”

അയാൾ മെല്ലെ തല ചലിപ്പിച്ചു.

എസിപി ആണ് അലക്സ് എബ്രഹാം പാലത്തിങ്കൽ.

കല്യാണി ആദ്യമായി അവനെ കാണുന്നത് ബസ്റ്റോപ്പിൽ വെച്ചാണ്. അന്നയാൾ പോലീസ് ആണെന്നവൾക്കു അറിയുമായിരുന്നില്ല .

തെരുവിൽ ഒരു യുദ്ധം നടക്കുന്ന പോലെ അവൾക്കു തോന്നി ഒരു ചെറുപ്പക്കാരൻ. ചുറ്റും കുറച്ചു പേര് ..സിനിമകളിൽ മാത്രമേ അവളത്തരം രംഗങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നുള്ളു .

അയാളെ അവൾ വീണ്ടും നോക്കി

കടും നീല ജീൻസ് കറുപ്പ് ഷർട്ട് നെറ്റിയിലേക്ക് അനുസരണയില്ലാതെ ചിതറി വീണു കിടക്കുന്ന തലമുടി ..കണ്ണിൽ തീ പോലെ കത്തുന്ന രോഷം

പിന്നീടൊരിക്കൽ എക്സിബിഷൻ ഹാളിൽ വെച്ച് കണ്ടു

അന്നും പോലീസ് ആണെന്ന് മനസിലായില്ല തൂവെള്ള പൈജാമ കുർത്ത ആയിരുന്നു വേഷം ..

പക്ഷെ അന്നും ആരോടൊക്കെയോ തല്ലുണ്ടാക്കി

ഓരോ തവണ അയാളുടെ കൈ ഉയരുന്നത് കാണുമ്പോളും ഓർമയിൽ ബെൽറ്റിന്റെ ചീറിയുള്ള അടിയുടെ ഓർമ്മകൾ വരും ..അമ്മയെ അടിക്കുന്ന അച്ഛന്റെ ഓർമ്മകൾ.

അടികൊണ്ടു ചുരുണ്ടു കട്ടിലിനടിയിലേക്കു പതുങ്ങുന്ന ‘അമ്മ തനിക്കും കിട്ടാറുണ്ട് ഇടയ്ക്ക് .

മാർക്കുകൾ കുറയുമ്പോൾ. നൂറിൽ നിന്ന് ഒരു മാർക്ക് കുറഞ്ഞാൽ ഒന്ന്. രണ്ടാണെങ്കിൽ രണ്ടടി..അങ്ങനെ.

വെറുപ്പാണ് തല്ലുണ്ടാക്കുന്നവരോട്. അയാളെയും കണ്ട മാത്രയിൽ വെറുത്തു .അച്ഛനെ ഓർത്തു വെറുപ്പ് കൂടി ..

പിന്നേ കാണുമ്പോൾ യൂണിഫോമിലായിരുന്നു ..

ഒരിടവഴിയിൽ വെച്ചായിരുന്നു ആ കാഴ്ച ..ഒരു സോഡാക്കുപ്പി കൊണ്ട് ഒരു ചെറുപ്പക്കാരന്റ തല നിസാരമായി അടിച്ചു പൊളിക്കുന്നതു കണ്ടു വിറങ്ങലിച്ചു പോയി ..

ഏതു പദവിയും ദുരുപയോഗം ചെയ്യാനുള്ളതല്ല ..

താൻ കോടതിയിൽ സാക്ഷി പറയും അവൾ ഉറപ്പിച്ചു

കോടതിയിൽ കല്യാണി സാക്ഷി പറയുക തന്നെ ചെയ്തു. .അന്വേഷണവിധേയമായി അലക്സിന് സസ്‌പെൻഷൻ.

അലക്സ് കോടതിയിൽ നിന്നിറങ്ങവേ കല്യാണിയുടെ അരികിൽ ചെന്നു.

“ഒരു താങ്ക്സ് ഉണ്ട്. ലീവൊന്നും കിട്ടാനില്ലായിരുന്നു

ഇപ്പൊ എളുപ്പമായി പപ്പയ്‌ക്കൊപ്പം ഒരു വെക്കേഷനങ്ങു കിട്ടി ..

കൊച്ചു കൊള്ളാം.നല്ല ധൈര്യം …എനിക്കിഷ്ടമായി ”

അവൻ കണ്ണിറുക്കി ചിരിച്ചു പിന്നെ നടന്നു നീങ്ങി

“ഇഷ്ടം ആയി പോലും കുരങ്ങൻ “അവൾ പിറുപിറുത്തു

ഒരു വിസിറ്റർ ഉണ്ടെന്നു പറഞ്ഞപ്പോൾ കല്യാണിക്കു ആദ്യം അതിശയം തോന്നി. ഇപ്പോൾ ഈ ഭൂമിയിൽ തന്നെ കാണാൻ ആരും വരാനില്ല. പിന്നെ ആരാവും .

ഹോസ്റ്റലിന്റെ സന്ദർശക മുറിയിൽ ക്ഷീണിച്ചോരു സ്ത്രീ രൂപം നിൽക്കുന്നുണ്ടയിരുന്നു.

“എന്റെ പേര് മായ”അവർ പറഞ്ഞു.

“എനിക്ക് മനസിലായില്ല”

കല്യാണി മെല്ലെ പറഞ്ഞു.

“എന്റെ ഭർത്താവിനെ ആണ് എ സി പി സാർ അന്ന് ..ടീച്ചർ സാക്ഷി പറഞ്ഞില്ലേ അത് ”

“ഓ “കല്യാണി ചിരിച്ചു

“ടീച്ചർ സാക്ഷി പറയണ്ടായിരുന്നു ..ദുഷ്ടന ടീച്ചറെ എന്റെ ഭർത്താവ്..എന്റെ മോളെ അയാള്

അവർ കണ്ണീരൊപ്പി ..

അയാളെ കൊല്ലണ്ടതാണ്..

പല പോലീസുകാരും മാറി മാറി വന്നതല്ലേ ടീച്ചറെ ഇവിടെ ..? ഇപ്പൊ ടീച്ചർ നോക്ക്. ബസ് സ്റ്റോപ്പിലോ ഇടവഴികളിലോ ആരുടെയെങ്കിലും ശല്യം ഉണ്ടോ പെണ്പിള്ളേര്ക്ക്? ഇപ്പോഴാ മനസ്സമാധാനത്തോടെ നടക്കാൻ കഴിയുന്നത് ..സാർ സസ്പെൻഷനിലായത് കൊണ്ട് അയാള് ഇതിൽ നിന്നൂരിപ്പോരും വീണ്ടും എന്റെ കുഞ്ഞിനെ ഉപദ്രവിക്കും ..ഞങ്ങൾക്ക് മരിക്കുകയല്ലാതെ മറ്റു മാർഗമില്ല ടീച്ചറെ ”

കല്യാണി സ്തബ്ധയായി. അവർ പോയിട്ടും അവൾ അങ്ങനെ നിന്നു

അറിഞ്ഞതും കണ്ടതും അല്ലെ സത്യം ?അവൾ വേദനയോടെ ചിന്തിച്ചു

“ആരാ ?”

എബ്രഹാം വാതിലിനപ്പുറം നിൽക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ നോക്കി.

“എന്റെ പേര് കല്യാണി. ഞാൻ ആണ് സാറിനെതിരെ മൊഴി കൊടുത്തത്”

അയാളുടെ മുഖം ചുവന്നു.

അലക്സ് അങ്ങോട്ടേയ്ക്ക് വന്നു. കല്യാണി ആ മുഖത്തു നോക്കി.

“എനിക്ക് ആ മൊഴി ഒന്ന് മാറ്റിപറയണമെന്നുണ്ടായിരുന്നു. അതിനുള്ള വകുപ്പേതാ എന്ന് എനിക്ക് അറീല അതാണ്‌ ”

അലക്സ് മെല്ലെ ഒന്ന് ചിരിച്ചു

“അതൊന്നും വേണ്ട കൊച്ചെ കൊച്ചു പൊക്കോ “എബ്രഹാം ആ ചിരിയിലേക്ക്, അവളെ നോക്കുന്ന അവന്റെ കണ്ണുകളിലെ തിളക്കത്തിലേക്ക് ഒന്ന് കണ്ണയച്ചു

“അതല്ല ആശുപത്രിയിൽ കിടക്കുന്ന ആളിന്റെ ഭാര്യ എന്നെ കാണാൻ വന്നിരുന്നു അപ്പോഴാണ് ഞാൻ എല്ലാം അറിഞ്ഞത് സോറി …”

“എന്തിന് സോറി? അതൊന്നും വേണ്ട. മൊഴി മാറ്റിപ്പറഞ്ഞാൽ വകുപ്പ് വേറെയാണ്.

കള്ളസാക്ഷി പറഞ്ഞതിന് ശിക്ഷ കിട്ടും

അറിയുമോ ?

“അലക്സ്‌ ചോദിച്ചു.

“അത് സാരോല്ല ..അയാൾ ഇനി ആശുപത്രിയിൽ നിന്നിറങ്ങിയാൽ അവരെ വീണ്ടും ഉപദ്രവിക്കും എന്ന് പറയുന്നു ..അയാൾ രക്ഷപ്പെടരുത്. അതിനു ഇങ്ങനെ ഒരാൾ തന്നെ വേണ്ടേ ഇവിടെ? ”

അലക്സ് പൊട്ടിച്ചിരിച്ചു

“അയാൾ ഹോസ്പിറ്റലിൽ നിന്ന് വരാതിരുന്നാൽ പോരെ ?”

കല്യാണിയുടെ കണ്ണ് ഒന്ന് മിഴിഞ്ഞു

“ഞാൻ കൊണ്ട് വിടണോ കല്യാണി ?”

അവൻ തൊട്ടടുത്തായിരുന്നു.

“വേ.. വേണ്ട “അവൾ വിക്കി

“എന്നാ പൊയ്ക്കോ ..പിന്നെ കാണാം “അവന്റെ മുഖത്ത് വീണ്ടും കള്ളച്ചിരി വന്നു.

അവൾ പോയിക്കഴിഞ്ഞപ്പോൾ അവൻ അബ്രഹാമിന് നേരെ തിരിഞ്ഞു.

“പപ്പാ എനിക്കാ കൊച്ചിനെ കെട്ടിച്ചു തരുമോ ..?

ഒരു ഭയങ്കര ഇഷ്ടം തോന്നുന്നുണ്ട് അവളോട്

എബ്രഹാം ഒരു ചിരി വന്നത് അടക്കി.

“പലയിടത്തും വെച്ച് കണ്ടിട്ടുണ്ട് ..കാണാൻ വേണ്ടി ഞാൻ ചിലയിടത്തു പോയിട്ടുമുണ്ട് ..നല്ല ഭംഗിയുള്ള കൊച്ചല്ലേ പപ്പാ? ..”

“ഉം ഉം “അയാൾ മൂളി

“എത്ര സിമ്പിൾ ആണല്ലേ? ഒരു പൊട്ടു പോലും വെച്ചിട്ടില്ല ..നമ്മുടെ അമ്മച്ചിയെ പോലെ ..

അവന്റെ അവസാന വാചകത്തിൽ അബ്രഹാമിന്റെ ചിരി മാഞ്ഞു

അഞ്ചാമത്തെ പെഗ് ഒഴിക്കുമ്പോൾ കയ്യിൽ ഒരു പിടിത്തം വീണ പോലെ.

“ടെൻഷനായി അച്ചായന് അല്ലെ ?”

ജെസ്സിയുടെ ശബ്ദം കേട്ടത് പോലെ.

“അത് ..ആ കൊച്ചു ഒരു ഹിന്ദു അല്ലിയോടി ..

നമ്മുടെ രീതി വേറെ അവരുടെ രീതി വേറെ …”

” പ്രണയത്തിന് ..അങ്ങനെ ഒന്നില്ല..അതൊരു ഭ്രാന്ത് ആണ് അച്ചായാ എനിക്ക് അച്ചായനോടുള്ള പോലെ.. അവന്റെ ഇഷ്ടം.. അതങ്ങു നടത്തി കൊടുക്ക് “അതൊരു ആജ്ഞ പോലെ തോന്നി അയാൾക്ക്.

“അതിനു ആ കൊച്ചിന് ഇവനെ ഇഷ്ടമാകണ്ടേ?

ഞാൻ കണ്ടിടത്തോളം അതിനു അവനെ ഇഷ്ടമല്ലന്നെ “അയാൾ മറുപടി എന്നോണം പറഞ്ഞു.

“ഈ ഇച്ചായൻ ..””അവനെന്റെ മോനാ.

അവൾക്ക് അവനോടും ഇഷ്ടം ആകും.

നോക്കിക്കോ ”

അന്തരീക്ഷത്തിലെവിടെയോ അവളുടെ ചിരി,

ആ ഗന്ധം.അത് അയാൾ കണ്ണുകളടച്ചു അത് ഉള്ളിലേക്കെടുത്തു.

കുറച്ചു നാൾ കഴിഞ്ഞു ഒരു സായാഹ്നം.

കോഫി ഹൗസ്

“സത്യത്തിൽ അയാളെ കൊന്നോ? സത്യം പറ ”

കല്യാണി ആ കയ്യിൽ നുള്ളി

“ഇല്ല നാട് കടത്തി “അലക്സ്‌ കാപ്പി മെല്ലെ കുടിച്ചു

“ങേ ?”

“കേരളത്തിന്റെ അതിർത്തി കടന്നാൽ തട്ടിക്കളയും ന്നു പറഞ്ഞിട്ടുണ്ട് ..ഇനി ശല്യമൊന്നുമുണ്ടാവുകേലാ ”

“അതേ നമ്മളാരാ പൊലീസോ അതോ ഗുണ്ടയോ? ” തെമ്മാടി ”

“ഞാൻ പോലീസ് ആകും മുന്നേ ഒന്നാന്തരം ഒരു ഗുണ്ട ആയിരുന്നു കൊട്ടേഷൻ ഒന്നുമല്ല. ഇത് പോലെ സർവീസ് ..

പൊതുജനസേവനം “അവൻ ചിരിച്ചു

“അയ്യടാ. എനിക്ക് ആൾക്കാരെ തല്ലുന്നത് ഇഷ്ടമല്ല.. അപ്പൊ .അച്ഛനെ ഓർമ വരും ഞാൻ പറഞ്ഞിട്ടില്ലേ എല്ലാം ?”

അവൻ അലിവോടെ അവളെ നോക്കി

‘ചിലയിടങ്ങളിൽ അതും വേണം ..തെമ്മാടി ആവണം പോലീസ് ആവണം …പിന്നെ ഇപ്പൊ നിന്നോട് ഒരു ചോദ്യം ചോദിക്കാം. നിനക്ക് ഞാൻ ആരാവണം അത് പറ ?”

അവളുടെ മുഖം ചുവന്നു

“എനിക്കോ ?”

“ഉം ”

“തെമ്മാടി എനിക്ക് ആരാവണം എന്നാണോ ?”

“ഉം ”

“എന്റെ ആവണം …എന്റെ മാത്രം ..”

അവളുടെ കണ്ണ് നിറഞ്ഞു

“നിന്റേതാണല്ലോ കൊച്ചെ ഞാൻ ..”അവനാർദ്രമായി പറഞ്ഞു. “നിന്റേതു മാത്രം ആണ് ഞാൻ “അവനാ കണ്ണിലേക്കു നോക്കി പറഞ്ഞു.

ഒട്ടും ഇഷ്ടം അല്ലാതിരുന്ന ഒരാളെ സ്‌നേഹിക്കുമ്പോൾ ഭ്രാന്തമാകുന്നതെങ്ങനെ എന്നവൾ അതുഭുതപ്പെട്ടു ..

അല്ലെങ്കിൽ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന മന്ത്ര സിദ്ധി വശമുണ്ടോ ആൾക്ക് ?

അവൾ ആ കണ്ണിനെ നേരിടാനാകാതെ പുറത്തേക്ക് നോക്കിയിരുന്നു.

പുറത്തു മഴ പെയ്യുണ്ടായിരുന്നു

മണ്ണ് നനച്ച് മനസ്സ് നനച്ച്.

“അച്ചായാ മഴ ആണല്ലേ.? കൊതിയാവുകാ. ”

മഴയുടെ ഒച്ചയിലും ജെസ്സിയുടെ ഈറൻ ശബ്ദം കേട്ട പോലെ.

അയാൾ അവളുടെ കല്ലറയ്ക്ക് മുന്നിലായിരുന്നു.

“അതേ. മഴ പെയ്യുന്നു. ജെസ്സിക്കൊച്ചേ… നീ പറഞ്ഞ പോലെ ആഗ്രഹിച്ച പോലെ എന്റെ നെഞ്ചിൽ ഉണ്ട് നീ ഇപ്പൊ.. ഒന്നിച്ചു മഴ കാണാം..

ഒന്നിച്ചു നനയാം. ”

അയാൾ മുട്ടുകുത്തി കല്ലറയിൽ മുഖം അമർത്തി.

അച്ചായാ എന്നൊരു വിളിയൊച്ച കാറ്റിൽ അലിഞ്ഞു നേർത്തു ഇല്ലാതെയായി.

അയാളുടെ കണ്ണീർ മഴയിലും…

(ശുഭം)

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : അമ്മു സന്തോഷ്

Scroll to Top