ഇനി മേലിൽ ആദിയേട്ടാ… അവളുടെ കാര്യം പറഞ്ഞു എന്റെ മുന്നില് ഇങ്ങനെ വന്നു നിക്കരുത്…

രചന : Aashna Aashi

പ്രേമലേഖനം…

******************

“ടോ…ലക്ഷ്മി…അഞ്ചൂനുള്ള അവസാനത്തെ ലെറ്ററാ ഇത്…

ഒന്നും രണ്ടുമല്ല പത്ത് പതിനഞ്ചണ്ണം എഴുതി പണ്ടാരമടങ്ങി.

അവളൊന്ന് മൈൻഡ് പോലും ചെയ്തിട്ടില്ല…!!

എന്നെ നോക്കി ഒന്ന് ചിരിച്ചാലെന്താ അവൾക്ക്..?

നീയെന്താ ഒന്നും മിണ്ടാത്തെ..?

ലച്ചു…നീയല്ലേ പറഞ്ഞേ എങ്ങനെയെങ്കിലും അവളെ പറഞ്ഞു സമ്മതിപ്പിക്കാമെന്ന്…? ”

“എടാ…ഞാൻ എന്ത് പറയാനാ…?

കത്തൊക്കെ അവള് നോക്കുക പോലുമില്ല സ്പോട്ടിൽ കീറി വെയ്സ്റ്റ് ബക്കറ്റിലിടും..

നീയിപ്പോഴും പത്തോൻപതാം നൂറ്റാണ്ടിലെ പ്രേമം പറഞ്ഞു നടന്നാലെങ്ങനെയാ…?”

നെറ്റിയിൽ കൈകൊടുത്ത് മതിലിൽ ചാരി ആദി ഇരുന്നു…

“അവക്കെന്നെ ഇഷ്ടമല്ലെങ്കിൽ തുറന്നങ്ങ് പറഞ്ഞൂടെ…?

“നീ അവളുടെ മുന്നിൽ പോയ്‌ ഒരിക്കെലെങ്കിലും നേരെചൊവ്വേ വിറക്കാതെ നിക്ക്…എന്നിട്ട് വല്യ ഡയലോഗൊക്കെ അടിച്ചാൽ മതി…!!

“ഇനി മേലിൽ ആദിയേട്ടാ…അവളുടെ കാര്യം പറഞ്ഞു എന്റെ മുന്നില് ഇങ്ങനെ വന്നു നിക്കരുത്…!!

ഞാൻ പോവാ…”

ഞാനെഴുന്നേറ്റ് നടന്നു…

പിന്നാലെ ആദിയും…

“ടീ..ടീ… ഈ ഒരുതവണ കൂടി..”

പിന്നാലെ ചെന്ന് കെഞ്ചി….

“വരുന്ന ഞായറാഴ്ച അവളേം കൂട്ടി അമ്പലത്തിൽ വരാവോ…?

അവിടെ വച്ച് ഞാൻ പറഞ്ഞോളാം…”

“എനിക്ക് പറ്റില്ല…!!

പറഞ്ഞു തീരുമുന്നേ എന്റെ ചുണ്ടുകൾ ആദിയേട്ടൻ കൈ കൊണ്ട് പൊത്തി…

“പ്ലീസ്…ടീ…അത്രയ്ക്ക് ഇഷ്ടമുള്ളൊണ്ടല്ലേ…?”

ഒരുകണക്കിന് ഞാൻ സമ്മതിച്ചു..

“അവിടെ വച്ചെല്ലാം പറഞ്ഞു അവസാനിപ്പിച്ചോണം..

പിന്നീട് എന്നെ ഇതിലേക്ക് വലിച്ചിഴക്കരുത്…

കേട്ടോ…”

ആദി അവളെ നോക്കി തലയാട്ടി…

“താങ്ക്സ് ടീ…”

സന്തോഷത്തോടെ ആദി തിരിഞ്ഞു നടന്നു..

ആ കാവിമുണ്ടുടുത്ത നാട്ടിൻപുറത്തുകാരനെ നോക്കി ഞാനും നിന്നു….

മിഴികൾ വല്ലാതെ നിറഞ്ഞു…

പണ്ട് കളിക്കുന്ന പ്രായം മുതൽ ആദിയേട്ടനെ നന്നായി അറിയാം…

അര നിക്കറും ഷർട്ടുമിട്ട് കയ്യിലെ സ്കൂട്ടറിന്റ വലിയ ടയരുമുരുട്ടി ഓടാറുള്ള ആദിയെ ആകാംഷയോടെ നോക്കി നിന്നിട്ടുണ്ട്…

“എന്നേം പഠിപ്പിക്കുവോ… വീലുരുട്ടാൻ…?”

“നിനക്ക് പറ്റില്ല ലച്ചു…”

‘എനിക്ക് വീലുരുട്ടണം ആദിയേട്ടാ…

ഒന്ന് ഒരു പ്രാവശ്യം മതി…പ്ലീസ്…”

ഒടുവിൽ ഏട്ടൻ ഒരു ചെറിയകമ്പെടുത്ത് കയ്യിൽ തന്നു… ഞാനത് അടിച്ചിട്ടും ഉന്തിയിട്ടും ഒന്നും മുന്നോട്ട് ഒരടി അത് വച്ചില്ല

അവസാനം ക്ഷമകെട്ട് ടയർ തെള്ളി തറയിലിട്ടു. കയ്യിലിരുന്ന കമ്പും വലിച്ചെറിഞ്ഞു.

ആദിയേട്ടൻ പറഞ്ഞതനുസരിച്ച് അരിയും കൂട്ടാനും കളിക്കാൻ അന്ന് ഞങ്ങളാദ്യമായ് അച്ഛനും അമ്മയുമായി…

കുട്ടിക്കാലത്തെ വികൃതിത്തരം ആണേലും എനിക്ക് ആദിയേട്ടനോട് വല്ലാത്തൊരരാധന ആയിരുന്നു…

മണ്ണപ്പം ചുട്ടു കളിച്ചും പാടത്തുടെ ഓടി നടന്നു പട്ടം പറത്താനും ഒക്കെ ആദിയേട്ടന്റെ വിരലും പിടിച്ചു നടന്നു….

ആ 96 കാരനും ഈ 2000 കാരിയും നിമിഷങ്ങൾ കൊണ്ട് വളർന്നു….

വർഷങ്ങൾ കഴിയുംതോറും ആദിയേട്ടൻ മാറി മറിഞ്ഞു പഠിച്ചു…ജോലിയൊക്കെ ആയി…

എന്റെ കൂട്ടുകാരി അഞ്ചുവിനോട് പുള്ളിക്ക് ഒടുക്കത്തെ പ്രേമം ആണെന്ന് പറഞ്ഞു സഹായം അഭ്യർത്ഥിച്ചു വന്നു.

ശരിക്കും അന്നെന്റെ നെഞ്ച് പൊട്ടിപ്പിളർന്നു..

“അതിനെന്താ…ആദിയേട്ടാ…ഞാൻ സഹായിക്കാലോ..” എന്ന് പറഞ്ഞു പുഞ്ചിരിച്ച് ആ ധൗത്യം ഏറ്റെടുത്തു…

എല്ലാ കാമുകന്മാരേം പോലെ പേടിത്തൊണ്ടൻ ആയതോണ്ട് ആവശ്യാനുസരണം ഞാൻ പല പണികളും ചെയ്തു.

ലെറ്റർ തുറന്നു പോലും നോക്കാതെ മച്ചിലേക്ക് വലിച്ചെറിഞ്ഞു കക്ഷി തന്നിട്ടുള്ള ഒരു പ്രേമലേഖനം പോലും എന്റെ കൈമറിഞ്ഞു അവളുടെ കയ്യിൽ എത്തിയിട്ടുമില്ല.

നാളിതുവരെ ആയിട്ടും അഞ്ചു ഇതൊന്നുമറിഞ്ഞട്ടുമില്ല ആദിയേട്ടനെ പലപ്പോഴും എനിക്കിഷ്ടമാണെനും പേഴ്സിൽ എന്റെ ഫോട്ടോയോടൊപ്പം പല തവണ ആദിയേട്ടന്റെ ഫോട്ടോ അഞ്ചു കണ്ടിട്ടുണ്ട് പക്ഷെ ഒരു one side പ്രണയത്തിനപ്പുറം ഞാനും ആദിയും തമ്മിൽ ഒരു ബന്ധമില്ലെന്നും അഞ്ചുവിനും അറിയാമായിരുന്നു

എന്തായാലും ഏറ്റു…ഞായറാഴ്ച അവളേം കൊണ്ട് അമ്പലത്തിൽ പോയെ പറ്റു…

ദിവസങ്ങൾ കടന്നുപോയി.

പാറമുകളിലെ ശിവക്ഷേത്രത്തിൽ നെഞ്ചിടിപ്പോടെ കയറ്റം കയറുമ്പോ അഞ്ചു എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു പിറകിലായി ആദിയേട്ടനും ഉണ്ട്‌…

തന്റെ പ്രണയമറിയാതെ അഞ്ചുവും അഞ്ചുവിനോട് മുടിഞ്ഞ പ്രേമമുള്ള ആദിയേട്ടനും.

എല്ലാം മനസ്സിലൊതുക്കി കണ്ണിൽ നിറഞ്ഞുനിൽക്കുന്ന കണ്ണുനീർ തുള്ളി ആരും കാണാതെ തുടച്ചു മുഖത്ത് ചിരി കൊണ്ട് വരാൻ അഭിനയത്തിന്റെ ഭാവങ്ങളെന്നോണം ഞാനും നടന്നു …

ഒടുവിൽ ആരുമില്ല സ്ഥലം നോക്കി അവളുടെ കയ്യിൽ നിന്ന് പിടിവിട്ട് ഞാൻ കുറച്ചൂടെ സ്പീഡിൽ നടന്ന്…

അവർക്കിടയിൽ ഞാനെന്ന കട്ടുറുമ്പിനി എന്തിനാ…??

തിരിഞ്ഞു നോക്കാൻ മനസ് വന്നില്ല…

ആദിയേട്ടനെ മറ്റൊരു പെണ്ണിന്റ കൂടെ കാണാൻ എനിക്ക് കഴിയില്ല….

നടന്നൊടുവിൽ കോവിലിന്റെ മുന്നിലെത്തി

ഞാൻ വിചാരിച്ചത് പോലെ അവര് നടന്നു വരുന്നേ ഉള്ളൂ…

നടന്ന ക്ഷീണമകറ്റാൻ കുറച്ചു നേരം ഞാനിരുന്നു…

അപ്പോഴേക്കും അവരും നടന്നടുത്തേക്ക് വന്നു..

എഴുന്നേറ്റ്, കോവിലിന്റെ മുന്നിൽ കണ്ണ് നിറഞ്ഞു പ്രാർത്ഥിച്ചു…

അവര് രണ്ടുപേരും എന്റെ ഇടവും വലവുമായ് നിന്നു…

“ഞാൻ തന്ന കത്തുകളൊക്കെ എന്തേ ലച്ചു…?”

ആദിയേട്ടന്റെ ചോദ്യം കേട്ട് ഞാൻ തെല്ല് പേടിച്ചു

ഒന്നും മിണ്ടാതെ ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു ഞാൻ നിന്നു…

“ഞാൻ ചോദിച്ചത്, നീ കേട്ടില്ലാന്നുണ്ടോ..ലക്ഷ്മി…??

ആദിയേട്ടന്റെ ശബ്‍ദം അല്പം കൂടെ കനത്തു…

ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല…

“ഞാൻ അഞ്ജുവിനായിട്ടു എഴുതിയ ഒരു കത്തുപോലും അവളുടെ കയ്യിൽ കിട്ടിയില്ലെന്നാണല്ലോ ഇവൾ പറയുന്നത്…ഓരോ തവണയും നിന്നെ അല്ലേ ഞാൻ ഏൽപ്പിച്ചത്…??

അതവൾക്ക് കൊടുത്തു… തുറന്നുപോലും നോക്കാതെ കീറി കളഞ്ഞു എന്നല്ലേ നീ എന്നോട് പറഞ്ഞത്…?എന്തിനാ എന്നോട് കള്ളം പറഞ്ഞത്…? ഞാൻ തന്ന കത്തുകൾ എല്ലാം നീ എന്ത് ചെയ്തു…?? ”

ആദിയേട്ടന്റെ ചോദ്യങ്ങൾ നേരിടാനാവാതെ, ആ മുഖത്തേക്ക് ഞാൻ ദയനീയമായി നോക്കി…കണ്ണുനീര് എന്റെ കാഴ്ചയെ മറച്ചിരുന്നു…

ഒന്നും മിണ്ടാതെ പോകാൻ ഒരുങ്ങിയ എന്നെ ആദിയേട്ടൻ തടഞ്ഞു നിർത്തി…

“എന്തായാലും… എന്റെ കത്തുകൾ അവൾക്ക് കിട്ടിയില്ലെങ്കിലും… ഇന്ന് ആ മുഖത്ത് നോക്കി തന്നെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു…

അവൾക്കും തിരിച്ചെന്നെ ഇഷ്ടാണെന്നും മറുപടിയും കിട്ടി…”

ആദിയേട്ടനതു ഒരു പ്രതികാരം പോലെ എന്നോടത് പറയുമ്പോൾ… നിസ്സഹായതയോടെ…ആ മുഖത്തേക്കും അഞ്ജുവിനെയും ഞാൻ നോക്കി…

മറുത്തൊരക്ഷരം പറയാതെ തിരികെ നടക്കുമ്പോൾ…

എന്റെ കത്തുകൾ എന്ത് ചെയ്തു എന്ന് ആദിയേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു….

വീട്ടിലേക്ക് നടക്കുമ്പോൾ…ആദിയേട്ടന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു…

ഓരോ തവണയും ആദിയേട്ടനെന്നെ കാണാൻ വരുമ്പോഴും ഒരുപാടു ആഗ്രഹിച്ചിരുന്നു…

മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ…

പക്ഷെ… ആ മനസ്സിൽ ഞാൻ അല്ല എന്നറിഞ്ഞ നിമിഷം തകർന്നു പോയിരുന്നു…

പക്ഷെ അഞ്ജുവിന്…അവൾക്ക് അറിയാമായിരുന്നല്ലോ…എല്ലാം…തന്റെ പ്രാണനാണ് ആദിയേട്ടനെന്ന്…!!

ആദിയേട്ടനെ പോലൊരാളെ ആരാ ആഗ്രഹിക്കാത്തത്….

അങ്ങിനെ ഒരാൾ ഇഷ്ടമാണെന്ന് പറയുമ്പോൾ പിന്നെ കൂട്ടുകാരിയെ എന്തിന് ഓർക്കണം…??

പലതും ചിന്തിച്ചു നടന്നു…

വീട്ടിലെത്തിയതും, മച്ചിലേക്കാണ് കയറിയത്…

മച്ചിന്റെ മുകളിലേക്ക് വലിച്ചെറിയാറുള്ള കത്തുകൾ പൊടി പിടിച്ചു തുടങ്ങി…

എങ്കിലും കയ്യിൽ കിട്ടിയതൊക്കെ എടുത്തു…

എല്ലാം ആദിയേട്ടനു തന്നെ തിരികെ കൊടുക്കണം…

ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം…!!

നിറഞ്ഞ കണ്ണുകൾ തുടച്ചു, പടികൾ ഇറങ്ങി, ആദിയേട്ടന്റെ വീട്ടിലേക്ക് നടന്നു…

ഗേറ്റ് തുറന്നു, അകത്തേക്ക് കയറിയപ്പോഴേക്കും,

ആദിയേട്ടന്റെ അമ്മ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു

ചെറുപ്പം മുതലേ ഉള്ള കൂട്ടായതുകൊണ്ട് എനിക്ക് ആദിയേട്ടന്റെ വീട്ടിലും, ആദിയേട്ടന് എന്റെ വീട്ടിലും പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു…

അമ്മയോട് ചിരിച്ചെന്ന് വരുത്തി, ആദിയേട്ടന്റെ മുറിയിലേക്ക് ഞാൻ നടന്നു…

എന്നെ കണ്ടതും, ആദിയേട്ടൻ ദേഷ്യത്തോടെ നോക്കി നിന്നു…

ഒന്നും പറയാതെ… തല കുനിച്ചു കൊണ്ട്…

കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കത്തുകൾ ആദിയേട്ടന് നേർക്കു നീട്ടി…

“എന്നോട്…ക്ഷമിക്കു ആദിയേട്ടാ… ചെയ്തത് തെറ്റാണെന്ന് പൂർണബോധ്യമുണ്ട്… പക്ഷെ…!!

എന്നോട് ഒന്നും ചോദിക്കരുത്…ഏട്ടൻ എന്നോട് ക്ഷമിക്കണം… സങ്കടത്താൽ വാക്കുകൾ പലതും മുറിഞ്ഞു പോയിരുന്നു…

കയ്യിലെ കത്തുകൾ ഏട്ടന്റെ മേശയിലേക്ക് വെച്ചു മുറിവിട്ടു തിരികെ നടക്കാൻ, ഒരുങ്ങുമ്പോഴേക്കും…

ആദിയേട്ടൻ എനിക്ക് വട്ടം കേറി നിന്നു…

“അത് എടുക്കടി…”

ആദിയേട്ടൻ കത്തിലേക്ക് വിരലു ചൂണ്ടി…

ആദിയേട്ടന്റെ മുഖത്തേക്ക് നോക്കും തോറും എന്നിൽ പേടി ഇരട്ടിച്ചു… ഒരിക്കൽ പോലും ഏട്ടൻ ദേഷ്യപ്പെട്ടു ഞൻ കണ്ടിട്ടില്ല…

വിറച്ചുകൊണ്ട് കത്ത് കയ്യിലെടുത്തു…

“അത് തുറന്നു വായിക്ക്…”

ആദിയേട്ടന്റെ ഒച്ച ആ മുറിക്കുള്ളിൽ അലയടിച്ചു..

പതിയെ ആ കത്ത് തുറന്നു നോക്കി…

ശരിക്കും അപ്പോഴാണ് ഞാൻ ഞെട്ടിയത്..

ആദിയേട്ടന്റെ ഓരോ വരികളിലും ഞാൻ മാത്രമായിരുന്നു നിറഞ്ഞു നിന്നത്…

അരിയും കൂട്ടാനും കളിക്കുമ്പോ അച്ഛനും അമ്മയുമാകാൻ മനഃപൂർവം വീലുരുട്ടി പഠിപ്പികാഞ്ഞതും എന്റെ കയ്യിൽ പിടിച്ചു നടക്കാൻ പട്ടമുണ്ടാക്കിയതുമൊക്കെ എന്നോട് പറയാൻ മടിച്ച പ്രണയത്തിന്റെ നിമിഷങ്ങളായിരുന്നു…

ഓരോ കത്തുകളും ആവേശത്തോടെ തുറന്നു നോക്കുമ്പോഴും…ആ മനസ്സിൽ എന്നോടുള്ള സ്നേഹം തിരിച്ചറിയുകയായിരുന്നു…

“വെറുതെയെങ്കിലും അതൊക്കെ ഒന്ന് തുറന്നു നോക്കിക്കൂടായിടുന്നോ..ലെച്ചു..??

എങ്കി ഇത്രയും കത്തുകളൊന്നും എഴുതേണ്ടി വരില്ലായിരുന്നു…”

ഒടുവിൽ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ,

എനിക്ക് ഏറെ ഇഷ്ടമുള്ള ആ ചുണ്ടുകളിൽ കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ എന്നെ തന്നേ നോക്കി നിൽക്കുകയായിരുന്നു… ആദിയേട്ടൻ…

“ഏട്ടാ… ഞാൻ…”പറഞ്ഞു തുടങ്ങുമ്പോഴേക്കും
ഇടതു കൈ കൊണ്ട് എന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു അരികിലേക്ക് ചേർത്ത് നിർത്തി…

“ഒന്നും പറയണ്ട…!!എനിക്ക് അറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്…കുട്ടികാലം മുതലേ എന്റെ കൂടെ നീയുണ്ടായിരുന്നു…അന്ന് തൊട്ട് എനിക്കൊരു പെണ്ണുണ്ടെങ്കിൽ നീയായിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചതും ആണ്…എന്തിനും ഏതിനും എന്നോടൊപ്പം നീ ഉണ്ടായിരുന്നു…

നിനക്ക് എന്നോട് തിരിച്ചു ഞൻ ആഗ്രഹിക്കുന്നൊരു ഇഷ്ടം ഇല്ലെങ്കിലോ എന്ന് പേടിച്ചിരുന്നു… നേരിട്ടതു തുറന്നു പറയാനും ധൈര്യമില്ലായിരുന്നു…പറഞ്ഞു കഴിയുമ്പോൾ നിനക്കു അങ്ങിനെ ഒരിഷ്ടം ഇല്ലെങ്കിൽ, നിന്നെയും നിന്റെ സൗഹൃദവും കൂടെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു…

അത് കൊണ്ടാണ്… കൂട്ടുകാരിക്ക് എന്ന് പറഞ്ഞു നിന്റെ കയ്യിൽ കത്ത് തന്നത്…നീ അത് തുറന്നു വായിക്കുമെന്ന് ഞാൻ കരുതി…

പക്ഷെ… അതുണ്ടായില്ല…പിന്നീട് ഒരിക്കൽ യാദൃഷികമായി എന്റെ ഫോട്ടോ നിന്റെ പേഴ്സിൽ ഞാൻ കണ്ടു…അന്ന് എനിക്ക് മനസ്സിലായി…

നിന്റെ ഉള്ളിലും ഞാൻ ആണെന്ന്… പക്ഷെ എല്ലാം ഉള്ളിലൊതുക്കിയുള്ള നിന്റെ അഭിനയം കണ്ടപ്പോൾ…ന്റെ പെണ്ണിനെ ഒന്ന് പറ്റിക്കാന്ന് ഞാനും കരുതി…”

ആദിയേട്ടനത് പറയുമ്പോഴേക്കും..ആ നെഞ്ചിൽ കൈകൾ ചുരുട്ടി പതിയെ ഇടിച്ചു…

“ദുഷ്ടാ…ഞാൻ എത്ര സങ്കടപെട്ടുന്നറിയുവോ…?ആദ്യമേ പറഞ്ഞുണ്ടായിരുന്നോ എന്നോട്…”

“അച്ചോടാ… ഒത്തിരി സങ്കടപെട്ടോ..ന്റെ ലെച്ചുട്ടി..? ”

“ഉം…”

“എന്നാലേ…സങ്കടമൊക്കെ മാറ്റാൻ ഒരു സാധനം തരാം…”

എന്ന് പറഞ്ഞു ഒന്നുടെ ചേർത്ത് പിടിച്ചു… ആ ചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ.. ഒരുങ്ങിയപ്പോഴേക്കും…

“കല്യാണം കഴിഞ്ഞിട്ടില്ലെന്ന് രണ്ടാൾക്കും ഓർമ്മ വേണോട്ടോ…”എന്ന് പറഞ്ഞു കൊണ്ട് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു…

“ഇവൻ എന്നോട് എല്ലാം പറഞ്ഞു… ചെറുപ്പം മുതൽ കാണുന്നതല്ലേ രണ്ടുപേരെയും… മോള് എന്റെ മോന്റെ പെണ്ണായിട്ട് വരുന്നതിൽ ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷമേ ഒള്ളൂ…

അടുത്ത ദിവസം തന്നെ മുറപോലെ പെണ്ണ് ചോദിക്കാൻ വരുന്നുണ്ട്… വീട്ടിലേക്ക്…”

അമ്മ അത് പറയുമ്പോഴേക്കും സന്തോഷത്താൽ മതിമറന്നിരുന്നു..

“ഇത്രയും നാൾ പരസ്പരം പറയാതെ അറിയാതെ പ്രണയിച്ചു… ഇനി അങ്ങോട്ട് എല്ലാം മതിമറന്നു പ്രണയിക്കണം…”

ആദിയേട്ടൻ അത് പറയുമ്പോൾ നാണത്താൽ എന്റെ കവിളും ചുവന്നു തുടുത്തിരുന്നു….

****************

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Aashna Aashi