വിവാഹം കഴിക്കുകയാണെങ്കിൽ അത് മാധുവിനെ മാത്രമേയുള്ളുവെന്ന് ഞാനും ശ്യാമേട്ടനെ മതിയെന്നു അവളും പറഞ്ഞത്…

രചന : Aysha Akbar

ഈ സാരി ഇയാൾക്ക് നന്നായി ചേരുന്നുണ്ട്…..

ഒരു സെയിൽസ് ഗേളിന്റെ കടമയെന്നോണം പുഞ്ചിരിച്ചു കൊണ്ട് പൂജയോട് രാധികയത് പറയുമ്പോഴും അവളുടെ ഹൃദയത്തിലെ നൊമ്പരം എനിക്കളന്നെടക്കാൻ കഴിയുന്നുണ്ടായിരുന്നു….

ആ വലിയ തുണിക്കടയിലെ എ സി യുടെ തണുപ്പിലും ഞാൻ വിയർത്തു…..

കൊള്ളാവോ ശ്യാമേട്ടാ…..

പൂജ എനിക്ക് നേറെ തിരിഞ്ഞു….

മ്മ്…. കൊള്ളാം….

അത്ര മാത്രം പറഞ്ഞു കൊണ്ട് പതിയെ ഞാനവിടെ നിന്നും എഴുന്നേറ്റു…..

കൂടെയുള്ള അച്ഛനും അമ്മയും എന്നെ നോക്കി നിന്നെങ്കിലും അവരുടെ മുഖത്തും വല്ലാത്തൊരു പ്രയാസം പരന്നിരുന്നു…..

ഞാൻ പുറത്ത് പോയി ഒരു സിഗററ്റ് കയ്യിലെടുത്തു

അവ ശക്തിയായി അമർത്തി വലിക്കുമ്പോഴും എന്റെ മനസ് അലറി വിളിക്കുന്നുണ്ടായിരുന്നു….

രാധിക….. എന്നെക്കാൾ മൂന്നോ നാലോ വയസ്സിനു ഇളയതായിരിക്കും…..

വീടുകൾ വലിയ അകലത്തിലല്ലാത്തത് കൊണ്ട് തന്നെ ചെറുപ്പം മുതലേ കാണാറുണ്ടെങ്കിലും ഒരു കൗമാരക്കാരിയായപ്പോഴാണ് അവളെന്റെ ഹൃദയത്തിൽ കയറി ക്കൂടിയത്…..

അമ്പലത്തിൽ പോകുമ്പോൾ പിറകെ നടന്നും സ്കൂളിൽ നിന്ന് വരുമ്പോൾ കാത്ത് നിന്നും ദിവസങ്ങൾ നീങ്ങി….

രണ്ടും കല്പ്പിച്ചു ഇഷ്ടം തുറന്നു പറഞ്ഞ ആ ദിവസം അവളുടെ കണ്ണുകളിലും പ്രണയത്തിന്റെ തിളക്കം ഞാൻ കണ്ടിരുന്നു…..

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ മറ്റാരും കാണാതെ മിഴികൾ കൊണ്ട് ഞങ്ങൾ സംസാരിച്ചു….

ഒരുമിച്ച് സ്വപ്‌നങ്ങൾ കണ്ടു….

ജീവിതത്തിലൊരു പെണ്ണുണ്ടെങ്കിൽ അതവളാകുമെന്ന് മനസ്സിൽ കുറിച്ചിട്ടു….

രണ്ട് പേരുടെ കുടുംബവും സാധാരണക്കാരായത് കൊണ്ട് തന്നെ പഠിത്തം കഴിഞ്ഞ് വീട്ടിൽ അവതരിപ്പിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു….

ഇല്ലാത്ത പണം ഉണ്ടാക്കി അച്ഛനെന്നെ ഒരു അക്കൗണ്ടന്റ് ആക്കി…എന്നാൽ ജോലിയെന്നത് വിദൂര സ്വപ്നമായി ബാക്കി നിന്നു…

അക്കൗണ്ടന്റ് ആയത് കൊണ്ട് തന്നെ മറ്റു ചെറിയ ജോലികൾക്കൊന്നും പോകാതെ കാത്തിരുന്നു…..

എന്നാൽ കാത്തിരിപ്പ് മാത്രം ബാക്കിയായി…..

എന്റെ വട്ട ചിലവിനു പോലും അച്ഛന്റെ മുന്നിൽ കൈ നീട്ടേണ്ടി വന്നപ്പോൾ പഠിപ്പിച്ചു കളഞ്ഞ കാശിനെ കുറിച്ചുള്ള സംസാരം എനിക്ക് അസ്സഹനീയമായി തോന്നിയപ്പോഴാണ് ലോണെടുത്തു ഒരു ഓട്ടോ റിക്ഷ വാങ്ങിയത്…..

അക്കൗണ്ടന്റ് ആയ മകൻ ഓട്ടോ ഓടിച്ചു അന്നന്നത്തെ വരുമാനം ഉണ്ടാക്കുന്നത് അച്ഛനും അമ്മയ്ക്കും അത്രമേൽ സങ്കടമായിരുന്നെങ്കിലും എന്റെ ആവശ്യങ്ങൾ നടന്നു പോകുന്നുണ്ടായിരുന്നു…

അപ്പോഴും ഹൃദയത്തിന്റെ മൂലയിൽ രാധുവെന്ന ഇഷ്ടം ഒരു വന്മരമായി മാറിയിരുന്നു…..

പ്ലസ് ടു കഴിഞ്ഞ് അവൾ ടീ ടീ സി ക്ക്‌ ചേർന്നു…..

ബസ് സ്റ്റോപ്പിൽ ഓട്ടോ കൊണ്ട് ഞാൻ അവളെ നോക്കി നിൽക്കുമ്പോഴും ഒളി കണ്ണിട്ടവളും അവളുടെ പ്രണയമെന്നിൽ പരത്തിയിരുന്നു…..

ഞങ്ങളുടെ സംസാരങ്ങളും നോട്ടങ്ങളും അവളെ ഓട്ടോയിൽ കയറ്റി ഞാൻ കോളേജിലേക്ക് ആക്കി കൊടുക്കുന്നതുമെല്ലാം നാട്ടുകാർ അത്ര മേൽ സൂക്ഷ്മമായി വീക്ഷിക്കുന്നത് കൊണ്ട് തന്നെ ഞങ്ങളുടെ രണ്ട് വീട്ടിലും അറിഞ്ഞു….

വിവാഹം കഴിക്കുകയാണെങ്കിൽ അത് മാധുവിനെ മാത്രമേയുള്ളുവെന്ന് ഞാനും ശ്യാമേട്ടനെ മതിയെന്നു അവളും പറഞ്ഞത് കൊണ്ട് വീട്ടുകാർക്ക് മറ്റൊരു വഴിയില്ലായിരുന്നു…..

ഞങ്ങളെ രണ്ട് പേരെയും ചെറുപ്പം മുതലേ രണ്ട് വീട്ടുകാർക്കും അറിയുന്നത് കൊണ്ട് വല്ലാതെ വാശി പിടിക്കേണ്ടി വന്നില്ല…..

എന്റെ അമ്മക്ക് രാധുവിനെ വല്യ കാര്യമായിരുന്നു..

അത് പോലെ അവളുടെ വീട്ടുകാർക്ക് ഞാനും നല്ലവനായിരുന്നു….

അങ്ങനെ അവളുടെ പഠിത്തം കഴിയുന്നതോടെ കല്യാണം എന്ന് പറഞ്ഞുറപ്പിച്ചതിനിടക്കാണ് അത് സംഭവിച്ചത്….

രാത്രി ഭക്ഷണം കഴിച്ചു കിടന്ന അവളുടെ അച്ഛൻ പിന്നീട് ഉണരാത്ത ഉറക്കത്തിലേക്ക് ആഴ്ന്നു പോയിരുന്നു…..

മൂത്തത് അവളായത് കൊണ്ട് തന്നെ താഴെയുള്ള അനിയനും അനിയത്തിക്കും അമ്മയ്ക്കും അവൾ അത്താണിയായി…..

തന്റെ കയ്യിൽ മിച്ചം വെച്ചു കിട്ടുന്നത് കൊടുത്തെങ്കിലും അവൾ വാങ്ങാൻ കൂട്ടാക്കിയില്ല….

ശ്യാമേട്ടന് ഇത് ബുദ്ധിമുട്ടാകുമെന്നതല്ലാതെ ഇത് കൊണ്ട് ഞങ്ങൾക്ക് തികയില്ല…. എന്ന് പറഞ്ഞവൾ സ്നേഹപൂർവ്വം അതിനെ നിരസിച്ചു…

അങ്ങനെയാനവൾ പഠിത്തം നിർത്തി കൂട്ടുകാരി രാജിയോടൊപ്പം തുണിക്കടയിൽ സെയിൽസ് ഗേൾ ആയി പോവാൻ തുടങ്ങിയത്….

തന്റെ കയ്യിലുള്ളത് അവർക്ക് ഒന്നുമാവില്ലെന്ന തിരിച്ചറിവിൽ ആ ജോലിക്ക് പോകുന്നതിൽ നിന്ന് ഞാനവളെ തടഞ്ഞില്ല…..

ഇനിയിപ്പോ താമസിപ്പിക്കേണ്ട….

വിവാഹം നടത്താമല്ലോ…

എന്ന അച്ഛനുമമ്മയുടെയും വാക്കുകളിൽ ഞങ്ങളുടെ സ്വപ്നങ്ങളെ വീണ്ടും തൊട്ടുണർത്തി….

ആയിടക്കാണ് ദുബായിലുള്ള എന്റെ ഒരു സുഹൃത്ത് വഴി അവിടെ ഒരു കമ്പനിയിൽ എനിക്ക് ജോലി ശെരിയാവുന്നത്…..

പോകുന്ന അന്നേ ദിവസം അമ്പല മുറ്റത്തെ ആൽമരത്തിനടുത്തിരുന്നു ഞാൻ അവളോട് യാത്ര ചോദിക്കുമ്പോൾ ആ മിഴികൾ നനഞ്ഞിരുന്നു….

എല്ലാ പ്രാരാബ്‍ദങ്ങൾക്കിടയിലും അവൾ സന്തോഷം കണ്ടെത്തുന്നത് എന്നിലായിരുന്നെന്നെനിക്കറിയാമായിരുന്നു…

എന്റെ വേർപാട് അവളിലുണ്ടാക്കിയ അതേ മുറിവ് എന്റെ ഹൃദയത്തിലും നീറി തുടങ്ങിയിരുന്നു…..

ഇനി തിരിച്ചു വരുമ്പോൾ താലി കെട്ടി കൂടെ കൂട്ടുമെന്ന് വാക്ക് കൊടുത്ത് അവിടെ നിന്നിറങ്ങുമ്പോൾ എന്നെ തന്നെ തഴുകി നിൽക്കുന്ന അവളുടെ നനഞ്ഞ മിഴികളെന്നിൽ നോവ് തീർത്തിരുന്നു….

അങ്ങനെ മാസങ്ങളും വർഷങ്ങളും നീങ്ങി പ്പോയി.

എന്റെ ജോലിക്കനുസരിച് എന്റെ ചുറ്റുപാടും ഉയർന്നു…വീട് വലുതാക്കുകയും അച്ഛന്റെ കടങ്ങളൊക്കെ വീട്ടുകയും ചെയ്തു….

ഞാൻ അയക്കുന്ന പണത്തിൽ നിന്നും രാധുവിനായുള്ളതും ഞാൻ പറഞ്ഞേൽപ്പിച്ചിരുന്നു അമ്മയോട്

എന്നാൽ ചെറുപ്പം മുതലേ അഭിമാനിയായ അവൾക്ക് അത് വാങ്ങുന്നത് ബുദ്ധിമുട്ടായി തോന്നിയത് കൊണ്ടാവും നിരസിച്ചത്….

വിവാഹം കഴിയുന്നത്തോടെ അവളോടൊപ്പം ആ കുടുംബവും എന്റെയാകും അത് കഴിഞ്ഞാൽ പിന്നെ അവളുടെ സമ്മതം വേണ്ടല്ലോ…..

എന്നും ഞാനോർത്തു…..

അവളെന്റെയാകുന്ന നിമിഷങ്ങൾ ഓർത്തു കൊണ്ട് ദിവസങ്ങൾ നീക്കി…..

ആരെങ്കിലും നാട്ടിലേക്ക് പോരുമ്പോൾ അവൾക്കുള്ള കുറച്ചു സാധങ്ങൾക്കൊപ്പം എന്റെ ഹൃദയം പകർത്തിയ കത്തുകളുമുണ്ടായിരുന്നു…

അവളത്ര മേൽ ഹൃദയത്തോട് ആ അക്ഷരങ്ങളെ ചേർത്ത് വെക്കുന്നത് ഒത്തിരി ദൂരെയാണെങ്കിലും ഞാനറിഞ്ഞിരുന്നു…..

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ എനിക്ക് ലീവിനുള്ള സമയമായി….

അവളെയെന്റേതാക്കാൻ ഞാനോടി വന്നു….

വീട്ടിലെല്ലാവരും കല്യാണം എന്ന് പറഞ്ഞു വലിയ ആഹ്ലാദത്തിലായിരുന്നു…..

എന്നാൽ വിധി അവളെ എന്നിൽ നിന്ന് വീണ്ടും തട്ടി നീക്കികൊണ്ടിരിക്കുകയായിരുന്നു……

ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ചേരില്ലെന്നും വിവാഹം കഴിഞ്ഞാൽ അമ്മക്ക് അത് ദോഷമാണെന്നും പറഞ്ഞതോടെ ഞങ്ങളുടെ കല്യാണക്കാര്യത്തിലുള്ള അമ്മയുടെ താല്പര്യം കുറഞ്ഞു….

അമ്മക്കെന്തെങ്കിലും സംഭവിക്കുമോയെന്ന ഭയത്തിൽ അമ്മ ഈ വിവാഹത്തെ ശക്തിയായി എതിർത്തു…. എങ്കിലും ഞാനവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു..

ജാതകം ചേരില്ലെങ്കിലും അതിനേക്കാളൊരായിരം മടങ് നമ്മുടെ ഹൃദയങ്ങൾ ചേരില്ലേ രാധു….

എനിക്കതിലൊന്നും വിശ്വാസമില്ല…..

വീട്ടുകാരുടെ എതിർപ്പ് കല്യാണം കഴിഞ്ഞ് കുറച്ചു കഴിയുമ്പോൾ മാറിക്കോളും….

എന്നൊക്കെ പറഞ്ഞെങ്കിലും അവൾക്കതിനോട് താല്പര്യമുണ്ടായിരുന്നില്ല….

അങ്ങനെ ഞാൻ നിങ്ങളുടെ ഭാര്യയായി വന്നാലും നിങ്ങളുടെ അമ്മയുടെ കാലിൽ ഒരു മുള്ള് തറച്ചാൽ പോലും അതിനു പഴിയെനിക്കായിരിക്കും….

എന്റെ ദോഷം കൊണ്ട് നിങ്ങളുടെ അമ്മക്ക് ഒന്നും സംഭവിക്കരുതെന്ന നിർബന്ധമേനിക്കുണ്ട്….

അത് കൊണ്ട് തന്നെ ഈ ജന്മം നമുക്കിത് മറക്കാം ശ്യാമേട്ടാ….

പറയുമ്പോഴും അവളുടെ ഹൃദയം നിലച്ചു പോകുന്നത് ഞാനറിഞ്ഞിരുന്നു…. ആ ശബ്ദത്തിലെ ഇടർച്ച അവളിലെ നൊമ്പരത്തിലേക്ക് വിരൽ ചൂണ്ടിയിരുന്നു…..

അങ്ങനെയിരിക്കെ ലീവ് കഴിഞ്ഞു പോകുന്നതിനു മുന്പേ കല്യാണം ഉറപ്പിക്കാൻ വീട്ടുകാർ തിടുക്കം കൂടിയത് എത്തി നിന്നത് അമ്മയുടെ കൂട്ടുകാരിയുടെ മകൾ പൂജയിലായിരുന്നു….

അവളുടെ അച്ഛൻ ഗൾഫിലും ഒറ്റ മോളും….

അവളാണെങ്കിൽ എഞ്ചിനീയർ…..

വീട്ടുകാരൊക്കെ തൃപ്തിയിലായിരുന്നെങ്കിലും എന്റെ മനസ്സിൽ അത് വല്ലാത്ത വേദന തീർത്തിരുന്നു…

ഓരോ ദിവസവും അവളുടെയൊർമകളിൽ ഞാൻ നീറിയിരുന്നു…. എന്നാൽ അവളീ ജന്മം എനിക്ക് സ്വന്തമാവില്ലെന്നുറപ്പുള്ളത് കൊണ്ട് തന്നെ ഞാനവളെ മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…..

നിശ്ചയത്തിന് വേണ്ടിയുള്ള വസ്ത്രങ്ങൾ എടുക്കാൻ പൂജയും വീട്ടുകാരെയും കൂടെ കൂട്ടിയത് അമ്മയായിരുന്നു…

രാധു ജോലി ചെയ്യുന്ന കടയാണിതെന്നറിയാമെങ്കിലും ടൗണിലെ ഏറ്റവും വലിയ തുണിക്കട ഇതായത് കൊണ്ട് തന്നെ അവിടെ പോകാതിരിക്കാൻ മറ്റു മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല…..

കയ്യിലുള്ള സിഗററ്റ് വലിച്ചു തീരും മുന്പേ അമ്മ വിളിച്ചു….

അവളെ ഞാൻ നോക്കുമ്പോഴും അറിയാതെ പോലും ഒരു നോട്ടം എന്നിലേക്കെത്തിയിരുന്നില്ല…..

ഞാൻ ബില്ലടക്കുമ്പോഴും അവളെ തന്നെ നോക്കിയിരുന്നത് കണ്ടിട്ടാണ് അമ്മയെന്നെ കടുപ്പിച്ചോന്ന് നോക്കിയത്..

അവിടെ നിന്നിറങ്ങുമ്പോഴും ഹൃദയത്തിൽ അലയടിക്കുന്ന കണ്ണുനീർ സമുദ്രം എന്നിൽ മാത്രമായോതുങ്ങിയിരുന്നു……

അവൻ കണ്ണിൽ നിന്ന് മറയുവോളം രാധിക കണ്ണുനീർ കടിച്ചു പിടിച് നിൽക്കുകയായിരുന്നു….

അവൻ ഇറങ്ങി കഴിഞ്ഞതും അവൾ തുണികളടുക്കി വെച്ച ഗോഡൗണിൽ പോയി ആരും കാണാതെ പെയ്തു തീർത്തത്രയും അവളുടെയുള്ളിലെ നോവായിരുന്നു….

അച്ഛാ…. എന്റെ… എന്റെ ജോലി പോയി….

കമ്പനിയിലെന്തൊക്കെയോ പ്രശ്നങ്ങൾ….

ഇനിയങ്ങോട്ട് ചെന്നിട്ട് കാര്യമില്ല…..

അചനുമമ്മയും കേട്ടത് വിശ്വസിക്കാനാവാതെ എന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു…..

വീടാകെ ഒരു മരണ വീടായി മാറി…..

അധികം വൈകാതെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് കയറാൻ പറ്റുമായിരിക്കും…

എന്റെ വാക്കുകളൊന്നും അവരിൽ യാതൊരു സമാധാനവും നൽകിയില്ല….

വീണ്ടും പുതിയൊരു ജോലിക്കായി ഞാൻ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം…

വിറക് പുറയോട് ചേർന്ന് ടാർപായ വലിച്ചു കെട്ടി നിർത്തിയിട്ടിരുന്ന പൊടി പിടിച്ച ആ പഴയ ഓട്ടോറിക്ഷയിൽ എന്റെ കണ്ണുകളുടക്കി…..

അവനെയൊന്ന് കുളിപ്പിച്ച് സുന്ദരനാക്കിയെടുക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സൗഭാഗ്യമോർത്തു അമ്മ സാരിതലപ്പിനാൽ കണ്ണ് നീരോപ്പുമ്പോഴും എന്റെ മനസ്സിൽ നഷ്ടപ്പെട്ട ഒരു സൗഹൃദം തിരിച്ചു കിട്ടിയ പോലെയായിരുന്നു….

ഉപയോഗിക്കാതെ കിടന്നത് കൊണ്ട് തന്നെ പല ഭാഗങ്ങളും കേട്പാടുകൾ സംഭവിച്ചിരുന്നു….

രണ്ട് ദിവസം വർക്ക്‌ ഷോപ്പിൽ ഇട്ട ശേഷം അവനുമായി ഞാൻ വീണ്ടും റോഡിലേക്കിറങ്ങി….

ഹാ… നീ വീണ്ടും ഓട്ടോയിൽ കയറിയോ എന്ന പലരുടെയും ചോദ്യം കേട്ടിരുന്നു…. ഓരോന്നും ഓരോ തരത്തിലായിരുന്നു… സ്നേഹം കൊണ്ടും സന്തോഷം കൊണ്ടും അസൂയ കൊണ്ടും സങ്കടം കൊണ്ടും അങ്ങനെ പല തരത്തിൽ നീണ്ടു പോകുന്ന ഭാവങ്ങളെല്ലാം എനിക്ക് നിസ്സാരമായി തോന്നിയിരുന്നു..

എന്നാൽ എന്നെ പോലെ നിസ്സാരമായി കാണാൻ കഴിയാത്ത പലരും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു…

പൂജ മോളോരേ വാശി… അവൾക്കിപ്പോ കല്യാണം വേണ്ടായെന്നും പറഞ്ഞോണ്ട്….

അവൾക്കിനിയും ഏതാണ്ടൊക്കെയോ പഠിക്കാനുണ്ടത്രേ…. അവളെ വിഷമിപ്പിച്ചിട്ട് ഞങ്ങൾക്കെന്ത് സന്തോഷം…. എന്ന് പറഞ്ഞു കൊണ്ട് നിസ്സാരമായി പറഞ്ഞുറപ്പിച്ചൊരു കല്യാണം മുടങ്ങി പോയപ്പോഴും എനിക്കൊന്നും തോന്നിയില്ല…..

ആത്മാർത്ഥ സുഹൃത്തിന്റെ മകളെ മരുമകളാക്കാൻ വെമ്പി നിന്നിരുന്ന അമ്മക്കത് വല്ലാത്ത സങ്കടമായിട്ടുണ്ടെന്നെനിക്ക് തോന്നി…..

രാജീ…. കയറുന്നോ…ഞാൻ നാട്ടിലേക്കാ….

ഓട്ടോ ചേർത്ത് നിർത്തിയത് പറയുമ്പോൾ രാജിക്കൊപ്പം രാധുവുമുണ്ടായിരുന്നു….

ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും രാജിയുടെ നിർബന്ധത്താൽ അവൾ കയറി….

ആ കല്യാണം മുടങ്ങിപ്പോയല്ലേ ശ്യാമേട്ടാ…..

രാജിയത് ചോദിക്കുമ്പോൾ രാധുവിന്റെ ഹൃദയമിടിപ്പ് വേഗത്തിലായിരുന്നു….

അതൊക്കെ പോയി രാജീ.. ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തമായിരുന്നു…

അത് മാത്രം പൊരുത്തമുണ്ടായിട്ട് കാര്യമില്ലല്ലോ…

കണ്ണാടിയിലൂടെ രാധുവിന്റെ മുഖത്തേക്ക് നോക്കിയാണ് ഞാനത് പറഞ്ഞത്…

രാധു….

ഓട്ടോയിൽ നിന്നിറങ്ങി അവള് നടന്നു തുടങ്ങിയപ്പോഴാണ് പിറകിൽ നിന്ന് ഞാൻ വിളിച്ചത്.

അവള് നിശ്ചലയായെങ്കിലും തിരിഞ്ഞു നോക്കിയില്ല.

ഒരു ജാതകത്തിനും പിരിക്കാൻ കഴിയാത്തൊരിഷ്ടം ഹൃദയത്തിൽ നിനക്കായുണ്ടിപ്പോഴും….

അത്ര മേൽ പ്രണയത്തോടെ ഞാനത് പറയുമ്പോഴും അവൾ തിരിച്ചൊന്നും പറയാതെ നടന്നു പോയി…..

ഓട്ടോ യും കൊണ്ട് സ്റ്റാൻഡിൽ പോയി നിൽക്കുന്നത് കൊണ്ട് തന്നെ ഞങ്ങൾ വീണ്ടും കണ്ടു മുട്ടി കൊണ്ടിരുന്നു..

അവളെ നോക്കി ഞാൻ നിൽക്കുമ്പോഴും അവളെന്നെ കണ്ട ഭാവം പോലും നടിച്ചിരുന്നില്ല….

എന്നാൽ ദിവസങ്ങൾ നീങ്ങവേ എന്നെ കാണുമ്പോൾ അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടിരുന്നു…..

രാധു…. ഇനിയും നിനക്കെന്നിലേക്ക് വരാൻ കഴിയില്ലേ….

വീണ്ടും അതേ അമ്പല മുറ്റത്തു വെച്ചാണ് ഞാനവളോട് ചോദിച്ചത്….

നിങ്ങളുടെ അമ്മ സമ്മതിക്കാത്തിടത്തോളം എനിക്കതിനു കഴിയില്ല ശ്യാമേട്ടാ….

അവളുടെ വാക്കുകളിൽ അങ്ങേയറ്റം ദയനീയത നിറഞ്ഞിരുന്നു….

അന്ന് രാത്രി ഞാൻ വീട്ടിൽ ഒന്ന് കൂടി സംസാരിച്ചു…

ആദ്യം എല്ലാവരും എതിർത്തെങ്കിലും പിന്നീട് പതിയെ കെട്ടടങ്ങി……

അമ്മയുടെ ഇഷ്ടത്തിനുറപ്പിച്ച കല്യാണം മുടങ്ങി പോയത് കൊണ്ട് തന്നെ അമ്മക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല…..

അങ്ങനെ എല്ലാവരുടെയും ആശീർവാദത്തോടെ തന്നെ ഞങ്ങളുടെ വിവാഹം നടന്നു….

സ്വപ്നം കണ്ടിരുന്ന ആ നിമിഷങ്ങൾ ഞങ്ങളിൽ ഒരു മഴയായ് പെയ്തു….

താലിയവളുടെ കഴുത്തിൽ കേട്ടുമ്പോൾ അങ്ങേയറ്റം സന്തോഷത്തോടെയുള്ള അവളുടെ പുഞ്ചിരി എന്റെ ഹൃദയത്തിന്റെ കോണിൽ ഞാൻ ചില്ലിട്ടു വെച്ചു….

കുറച്ചു കടങ്ങളൊക്കെയുണ്ടെടീ ഈ ഓട്ടോ ഓടിച്ചു എന്ന് തീരാനാ എന്നെനിക്കറിയില്ല…..

ഞാനത് പറയുമ്പോൾ അവളെന്നോട് ചേർന്നു കിടന്നു….

അതൊക്കെ എങ്ങനെയെങ്കിലും കഴിഞ്ഞു പോവും ശ്യാമേട്ടാ…..മാത്രമല്ല എനിക്കും ജോലിയുണ്ടല്ലോ

നീയല്ലേ പറഞ്ഞിരുന്നത്…. കല്യാണം കഴിഞ്ഞിട്ട് വേണം പ്രാരാബ്ദങ്ങളൊക്കെയൊന്നിറക്കി വെക്കാനെന്ന്…

ജോലിക്കൊന്നും പോവാതെ വീട്ടിലിരിക്കണമെന്ന്..

അതൊക്കെ ഇരിക്കാമല്ലോ…. കടങ്ങളൊക്കെയൊന്ന് വീടിയിട്ടിരിക്കാം..

രോമാവൃതമായ എന്റെ നെഞ്ചിൽ കൈ വെച്ചവളത് പറയുമ്പോൾ അവളെ ഞാൻ ഒന്ന് കൂടി ചേർത്ത് പിടിച്ചു……

അച്ഛാ…. അമ്മേ…. ഞാൻ തിരിച്ചു പോകുകയാണ്….

എങ്ങോട്ടേക്ക്…. അവർ രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി…

എന്റെ ലീവ് കഴിഞ്ഞു…. എനിക്ക് തിരിച്ചു പോവാനായി….

അപ്പൊ നീയല്ലേ ഇനി അവിടേക്ക് പോയിട്ട് കാര്യമില്ല……ജോലി പോയിയെന്നൊക്കെ പറഞ്ഞത്.

അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ….

ചിരിച്ചു കൊണ്ടത് പറഞ്ഞപ്പോഴേക്കും അച്ഛനെക്കാൾ അമ്മയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു…..

അവളെ കെട്ടാൻ വേണ്ടി അവള് നിനക്ക് പറഞ്ഞു തന്ന കള്ളമായിരിക്കുമല്ലേ ഇത്….

അമ്മയെന്റെ ഷർട്ടിന്റെ കോളറിൽ പിടിച് വലിച്ചു…

അവളെ ഇതിലേക്കു വലിച്ചിഴക്കണ്ട….

അവളും ഇപ്പഴാ ഇതറിയുന്നത്….

വാതിലിനോരത്തായി നിന്നിരുന്ന രാധുവിന്റെ മിഴികൾ നിറയുന്നത് അവൻ കണ്ടിരുന്നു….

കള്ളം പറഞ്ഞു ഞങ്ങളെ വിഡ്ഢികളാക്കാൻ നിങ്ങള്ക്കെങ്ങനെ ധൈര്യം വന്നു….

അമ്മ ദേഷ്യം കൊണ്ട് ആളികത്തുകയായിരുന്നു.

ഞങ്ങളെ പിരിക്കാൻ അമ്മ പറഞ്ഞ ജാതകത്തിന്റെ കള്ളത്തിനോളം വരുമോ അമ്മേയിത്..

പെട്ടെന്നുള്ള എന്റെ ചോദ്യത്തിൽ അമ്മയോന്ന് പകച്ചു…..

ഞാനോ… ഞാനെന്ത് കള്ളം പറഞ്ഞുവെന്നാ…

അമ്മ വെറുതെ കിടന്നു ഉരുളണ്ട…. കല്യാണം മുടങ്ങാനും പണക്കാരിയായ അമ്മയുടെ സുഹൃത്തിന്റെ മകളെ ഞാൻ കേട്ടാനും വേണ്ടിയാണ് ഇതൊക്കെ പറഞ്ഞതെന്നെനിക്ക് വ്യക്തമായറിയാം….

അച്ഛനും അനിയത്തി അനഘയും രാധുവും അമ്മയെ കുറ്റവാളിയെ പോൽ നോക്കി നിന്നു…

അവരൊക്കെ എന്റെ ജോലി കണ്ട് മാത്രമാണ് വന്നതെന്നെനിക്കറിയാമായിരുന്നു…. കല്യാണം കഴിഞ്ഞൊരു പക്ഷെ എന്റെ ജോലി പോകുകയാണെങ്കിൽ അവൾക്കപ്പോഴും പൊരുത്തപ്പെടാൻ കഴിയില്ല…..

എന്റെ ജോലിയെയോ വരുമാനത്തെയോ അല്ലാതെ എന്നെ സ്നേഹിക്കുന്ന ഒരു ഭാര്യയെയായിരുന്നു എനിക്ക് വേണ്ടത്…. അതിനിവളെക്കാൾ നല്ലൊരു പെണ്ണില്ലെന്നത് എനിക്ക് തന്നെ മനസിലായി…..

രാധു നല്ല കുട്ടിയാണെന്ന് പറഞ്ഞിരുന്ന അമ്മക്ക് അവള് ദോശക്കാരിയായത് എപ്പോ മുതലാ…

മകനു നല്ല ഉദ്യോഗം കിട്ടിയപ്പോഴായിരിക്കുമല്ലേ…

തെറ്റ് പറ്റിപ്പോയി മോനെ ഈ അമ്മക്ക്….

അമ്മയുടെ മുഖം കുനിഞ്ഞിരുന്നു….

തെറ്റ് മനുഷ്യ സഹജമാണമേ…. തിരുത്തുന്നതിലാണ് വിജയം…..

അമ്മക്ക് തിരുത്താനുള്ള അവസരം ഇവിടെ ബാക്കിയാക്കിയാണ് ഞാൻ പോകുന്നത്….

അവളെ അമ്മയെ ഏൽപ്പിച്ചു സമാധാനത്തോടെ ഞാൻ പൊയ്ക്കോട്ടേ….

ഞാനത് ചോദിക്കുമ്പോൾ വാതിലിനോരം ചാരി നിന്നിരുന്ന അവളെ കെട്ടിപ്പിടിച്ചമ്മ മാപ്പ് പറയുകയായിരുന്നു….

അവളും അത്ര മേൽ സ്നേഹത്തോടെ അവരെ ചേർത്ത് പിടിച്ചിരുന്നു….

അപ്പോഴും എന്റെ കുഞ്ഞനിയത്തി അനഘ എന്നെ നോക്കി കണ്ണിറുക്കുന്നുണ്ടായിരുന്നു….

അമ്മ കള്ളം പറയുകയാണെന്ന കാര്യം എനിക്ക് ചോർത്തി തന്നത് അവളാണെന്ന് മറ്റാർക്കുമറിയില്ല….

അത് കൊണ്ട് തന്നെയാണ് രാധു പോലുമറിയാതെ ജോലി പോയെന്ന കള്ളം പറഞ്ഞു ഞാൻ നാടകം തുടങ്ങിയത്…..

എന്റെ കുസൃതി കുടുക്കയായ കുഞ്ഞനുജത്തിയെ ഞാൻ ചേർത്ത് പിടിച്ചു നെറുകിയിലൊരു ചുംബനം കൊടുക്കുമ്പോൾ മനസ്സ് അത്ര മേൽ സമാധാനത്തിലായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം….

രചന : Aysha Akbar

Scroll to Top