അനന്തഭദ്രം, തുടർക്കഥ, ഭാഗം 42 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

അവളെ മുറുകെ തന്നിലേക്ക് ചേർത്തി കിടത്തി..

” എനിക്ക് ഒരു ഡൌട്ട് ഭദ്രേ..? ” അനന്തൻ തല ചരിച്ചു അവളെ നോക്കി..

” എന്ത്..? ” ഭദ്ര നെറ്റി ചുളിച്ചു..

” അല്ലാ ഞാൻ വന്ന് വിളിക്കാതെ വരില്ലെന്ന് പറഞ്ഞിട്ട് നീ എന്താ പെട്ടെന്ന് രാത്രി ഇങ്ങോട്ട് വന്നത്..? ”

” അത്.. അത് പിന്നെ.. നിങ്ങളെ പോലെ അല്ല ഞാൻ.. എനിക്ക് കാണാൻ തോന്നി ഞാൻ വന്നു.. അനന്തേട്ടൻ എന്നെ ഒന്ന് തിരിച്ചു വിളിച്ചില്ലല്ലോ..? ”

ഭദ്ര എഴുനേറ്റ് പുതപ്പെടുത്തു പുതച്ചു ബാത്‌റൂമിൽ കയറി..

അനന്തൻ ആകെ കിളി പോയ പോലെ കിടന്നു..

പിന്നെ ചിരിച്ചു.. അവൻ എഴുനേറ്റ് ബാൽക്കണിയുടെ ഡോർ തുറന്നു ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.

അല്ല പിന്നെ ദേഷ്യം വരില്ലേ.. ദുഃസ്വപ്നം കണ്ടതാണെന്ന് പറയാൻ പറ്റോ.. പിന്നെ അതിൽ പിടിച്ചു തൂങ്ങും.. ശരീരത്തിൽ വെള്ളം വീഴുമ്പോൾ പലയിടത്തും നീറി.. ആ നീറ്റൽ ഓർത്ത് അവളുടെ ചുണ്ടിൽ ഒരു പ്രത്യേക ചിരി വിരിഞ്ഞു.. ഭദ്ര മേൽ കഴുകി റൂമിലേക്ക് വന്നപ്പോൾ അനന്തനെ കണ്ടില്ല.. അവൾ വേഗം സാരി മാറി.. മുറിയുടെ വാതിൽ ഇപ്പോഴും ലോക്ക് തന്നെയാണ് അപ്പോ താഴേക്ക് പോയിട്ടില്ല.. ഭദ്ര ബാൽക്കണിയുടെ ഡോർ തുറന്നു.. പ്രതീക്ഷിച്ച പോലെ തന്നെ സോപനത്തിൽ ഇരിക്കുന്നുണ്ട്.. വെറുതെ ഇരിക്കല്ല സിഗരറ്റു വലിക്കാണ്.. പുറത്തേക്ക് പിടിച്ച കൈ ഇടയ്ക്കിടെ ചുണ്ടിലേക്ക് ചെല്ലുന്നുണ്ട്.. ഭദ്ര അവന്റെ അരികിലേക്ക് ചെന്നു..

” എന്താ ഇവിടെ വന്നിരിക്കുന്നേ.. “? ഭദ്ര അവന്റെ മേലേക്ക് ചാരി നിന്നു.. അനന്തൻ ഇടംകൈകൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു മടിയിലേക്കിരുത്തി.. ഭദ്ര ചെറിയ ഞെട്ടലോടെ അവനെ നോക്കി.. അവന്റെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ ഭദ്ര ചെറുതായി പുഞ്ചിരിച്ചു..

” ഞാൻ അമ്മയെ ഓർത്തതാ.. ” അനന്തൻ

” മ്മ്? എന്ത് പറ്റി..? ”

” നിന്നെ കാണാതെ വട്ട് പിടിച്ചു ഇരിക്കുമ്പോൾ അമ്മയുടെ മുറിയിൽ പോയി കിടക്കാറുണ്ട്..

അങ്ങനെ ഒരു ദിവസം കിടന്ന് മയങ്ങുമ്പോഴാ അമ്മ വന്ന് തലയിൽ തലോടുന്ന പോലെ തോന്നിയത്..

” എല്ലാം വൈകാതെ ശരിയാവും നീ സങ്കടപ്പെടണ്ട എന്നൊരു പറച്ചിലും.. അത് കഴിഞ്ഞ് രാവിലെയാ നിന്നെ കണ്ടെന്നു പറഞ്ഞു ഹരി വിളിക്കുന്നെ..

ആകെ ഒരു പകപ്പ് ആയിരുന്നു…” അനന്തന്റെ തൊണ്ട ഇടറിയപ്പോൾ ഭദ്ര അവന്റെ കവിളിലേക്ക് കൈ ചേർത്തു..

” ഏയ്‌.. ”

അവൾ അവന്റെ കവിളിലൂടെ തഴുകി..

അവൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു..

” അത് പോട്ടേ.. മറ്റന്നാൾ ആണ് അമ്പലത്തിൽ പ്രതിഷ്ഠ ദിനം.. നാളെ വൈകീട്ട് പൂജ ഒക്കെ ഉണ്ട്..

പിന്നെ ഡാൻസ് പാട്ടൊക്കെ ഉണ്ട്.. ”

” മ്മ് പോവണം.. ആരുട്ടന് നേർച്ച ഉണ്ട്.. ”

“മ്മ്..നമ്മുക്ക് ഒരുമിച്ച് ഇറങ്ങാം.. എനിക്ക് മീറ്റിംഗ് ഉണ്ട്..”

ഭദ്ര തലയാട്ടി..

സിഗരറ്റ് കളഞ്ഞു രണ്ട് കൈകൊണ്ടും അവളെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു..

” അനന്തേട്ടാ..? ” ഭദ്ര കൊഞ്ചലോടെ വിളിച്ചു..

“മ്മ്?”

” എനിക്ക് വിശക്കുന്നു.. ”

ഭദ്ര വയറുഴിയുന്ന കണ്ട് അനന്തൻ ചിരിച്ചു..

” ഈ പെണ്ണ്.. വാ..”

ഭദ്ര ചിരിയോടെ എഴുനേറ്റു.. പുറകെ അനന്തനും..

❤❤❤❤❤❤❤❤❤

രാവിലെ ഭദ്ര ആയിരുന്നു ആദ്യം എഴുന്നേറ്റത്..

അച്ഛന്റേം മോന്റേം കിടപ്പ് കണ്ട് അവൾ ചിരിച്ചു..ഓടാൻ പോവുന്ന പോലെയാ രണ്ടും കിടക്കുന്നെ..

അഴിഞ്ഞു കിടക്കുന്ന മുടി വാരി കെട്ടി അവൾ എഴുനേറ്റു.. കുളിച്ചു ഇറങ്ങിയപ്പോഴും രണ്ടാളും ഉറക്കം തന്നെ ഇടക്ക് വെച്ചു രാത്രി കുഞ്ഞ് എഴുന്നേറ്റിരുന്നു.. പാല് കൊടുക്കുന്നതിനിടക്ക് താൻ ഉറങ്ങി പോവും ചെയ്തു.. ചെക്കൻ രാത്രി എഴുന്നേറ്റാൽ പിന്നെ കുറേ നേരം കളിച്ചിട്ടേ ഉറങ്ങൂ..

ഇടക്ക് കണ്ണ് തുറന്നപ്പോൾ അച്ഛനും മകനും കളിക്കുന്ന കണ്ടു..

ഭദ്ര ചിരിയോടെ ഓർത്ത് അടുക്കളയിലേക്ക് നടന്നു..

ഇന്നലെ കൊണ്ടുവന്ന പകുതി കറികളും കേടായി..

അവിയൽ,കാബ്ബേജ് തോരൻ.., സാമ്പാർ.. ഭദ്ര എല്ലാം എടുത്ത് കളഞ്ഞു അടുക്കള ഒതുക്കി ചായ വെച്ചു.. ഫ്രിഡ്ജിൽ മാവോന്നും കാണുന്നില്ല..

വേഗം വെള്ളം വെച്ചു അരി കഴുകി ഇട്ടു.. പച്ചക്കറികൾ പിന്നെ നോക്കെ വേണ്ടേ..

” ഇവിടെ വെപ്പും കുടിയും ഒന്നും ഉണ്ടായിരുന്നില്ലേ.. ”

ഭദ്ര നിരാശയോടെ സ്ലാബിൽ ചാരി നിന്നു..

ചായ പകർത്തി വെച്ചത് ചൂടാറി..

ചായ ചൂടാക്കി കപ്പിൽ പകർത്തി അടുക്കളയുടെ പടിയിൽ ഇരുന്നു പുറത്തേക്ക് നോക്കി.. വല്യേ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.. തെങ്ങിനും കവുങ്ങിനും ഇന്നലെ വരെ നനച്ചതിന്റെ പാട് തടമെടുത്തത്തിൽ കാണാം.. പിന്നെ ഉള്ളത് ജാതിക്കാ തോട്ടമാണ്.. അത് കഴിഞ്ഞ് പാടവും.. കൊയ്ത്ത് ആകാറായി.. ഇടക്ക് വെച്ചു നോക്കിയപ്പോഴാണ് മാവിൽ ഒളിച്ചു നിൽക്കുന്ന രണ്ട് മാങ്ങ കണ്ടത്..

പിന്നെ ഒന്നും നോക്കിയില്ല.. തോട്ടി എടുത്ത് രണ്ടും വലിച്ചിട്ടു.. തൊലി കളഞ്ഞു ചെറിയ പീസാക്കി കുറച്ച് ചുവന്ന ഉള്ളിയും പച്ചമുളകും കുറച്ച് തേങ്ങയും ചിരകി ഇത്തിരി ഉപ്പും ഇട്ട് അമ്മിയിൽ അരച്ചെടുത്തു.. മിക്സിൽ അരച്ചാൽ ടേസ്റ്റ് പോവും.. അമ്മിയിൽ നിന്ന് എല്ലാം വടിച്ചെടുക്കുന്ന നേരത്താണ് ഇടുപ്പിലൂടെ രണ്ട് കൈകൾ പുറകിലൂടെ വന്ന് മുറുകിയത്.. ആരാന്ന് അറിയാവുന്നത് കൊണ്ട് അങ്ങനെ തന്നെ നിന്നു..

ഇടക്ക് തോളിൽ മുഖം അമർത്തി..

” ഭദൂ.. ”

” മ്മ്.. ” നീട്ടിയുള്ള വിളിക്ക് അവൾ ഒന്ന് മൂളി..

” നമ്മുടെ ചന്ദ്രിക സോപ്പിന് ഇത്ര മണം ഉണ്ടോടി.. കടിക്കാൻ തോന്നുന്നു.. ”

കഴുത്തിൽ ചെറുതായി കടിച്ചുകൊണ്ട് പറഞ്ഞതും ഭദ്ര അരപ്പ് എടുത്ത് തിരിഞ്ഞു..

” ദേ പൊക്കോ മനുഷ്യാ.. ഒരു സാധനം ഇല്ല ഈ വീട്ടിൽ.. ” അവൾ അടുക്കളയിലേക്ക് കയറി..

പിന്നെയും എന്തോ മുറുമുറുക്കുന്നവളെ അനന്തൻ അമ്മിക്കലിന്റെ തിട്ടിൽ കൈ കുത്തി നോക്കി നിന്നു…

” അല്ല എനിക്ക് അറിയാൻ പാടിലാണ്ട് ചോദിക്കാ.. ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ലേ.. ”

ഭദ്ര അരപ്പിലേക്ക് എണ്ണ ഒഴിക്കുന്നതിനിടക്ക് ചോദിച്ചു..

” മ്മ് ഞാൻ ബാംഗ്ലൂർ വരുന്ന വരെ ഉണ്ടായിരുന്നു..

പിന്നെ പാറുന്റെ കല്യാണം ഉറപ്പിച്ചപ്പോ ജാനുമ്മയും വരുന്നില്ല.. ”

” അതെന്തേ.. ”

” അത് അവളുടെ ചെക്കൻ ഇല്ലേ അനന്തൻ അവന്റെ അമ്മക്ക് വയ്യ കിടപ്പിലാ.. വേറെ ആരും ഇല്ല അവർക്ക്.. കല്യാണം കഴിഞ്ഞ് പോവുമ്പോ ജാനുമ്മയെയും കൊണ്ടുപോവുമെന്ന് അനന്തൻ പറഞ്ഞിരുന്നു.. ”

” മ്മ് അല്ലാ എങ്ങനെയാ അനന്തൻ എന്ന് പേരുള്ള ചെക്കനെ കിട്ടിയത്.. ”

അവൾ ഇടുപ്പിൽ കൈകുത്തി നിന്നു.

” അത് എന്റെ പേര് ആയതുകൊണ്ട് അവൾക്ക് ഇത് മതിയെന്ന് പറഞ്ഞു ഒറ്റക്കാലിൽ നിൽപ്പായിരുന്നു.. ”

ഭദ്ര ചായ ചൂടാക്കി അനന്തന് കൊടുക്കാതെ സ്ലാബിൽ വലിയ ശബ്ദത്തോടെ വച്ചു..

അവൻ ചായ എടുത്ത് കൈയിൽ പിടിച്ചു ചവിട്ടി തുള്ളി പോവുന്നവളെ ചിരിയോടെ നോക്കി..

ഡൈനിങ് ടേബിളിൽ തുടക്കാണ്.. മുഖം ബലൂൺ പോലെ വീർപ്പിച്ചിട്ടുണ്ട്…

” ഡീ ഭദ്രകാളി.. അവൾക്ക് ജാനുവമ്മയെ ഒറ്റക്കാക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോഴാ അനന്തൻ അവന്റെ അമ്മയുടെ കാര്യം പറഞ്ഞെ.. അത് കേട്ടപ്പോ അവൾ സമ്മതിച്ചു വേറെ ഒന്നും അല്ല എന്റെ പൊന്നോ

അവൻ കപ്പ് പിടിച്ചു അടുക്കളയിലേക്ക് പോവുന്ന കണ്ട് ഭദ്ര ചിരിച്ചു..

രാവിലെ കഴിച്ചു കഴിഞ്ഞതും ഭദ്രയും കുഞ്ഞും മംഗലത്തേക്ക് പോവാൻ റെഡി ആയി..

അനന്തൻ മില്ലിൽ പോവുന്ന വഴിക്ക് ആക്കാമെന്ന് പറഞ്ഞു..

ബുള്ളറ്റിനു പുറകിൽ കുഞ്ഞിനേയും എടുത്ത് കയറുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം..

അനന്തന്റെ വയറിലൂടെ ഭദ്ര ഒരു കൈകൊണ്ട് ചുറ്റി പിടിച്ചു..വഴിയിലൂടെ പോവുന്നവർ എല്ലാം അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..

” നാട്ടുകാർ എന്താ പറഞ്ഞ് നടന്നേന്ന് അറിയോ നിനക്ക്.. “? മംഗലത്ത് പടിപ്പുരയിൽ ഇറങ്ങിയപ്പോൾ അനന്തൻ ചോദിച്ചു..

അവൾ ഇല്ലെന്ന് തലയാട്ടി..

” എന്റെ ഭ്രാന്ത് മൂത്തിട്ട് നീ സഹിക്കാൻ വയ്യാതെ രക്ഷപ്പെട്ടു ഓടിയെന്ന്.. ”

അനന്തൻ ചിരിച്ചു..

ഭദ്ര ചെറിയ നടുക്കത്തോടെ അങ്ങനെ തന്നെ നിന്നു.. അവൻ കുഞ്ഞിന്റെ കവിളിൽ ചുംബിച്ച് യാത്ര ചോദിക്കുന്നതൊന്നും അവൾ അറിഞ്ഞില്ല..

” ഡീ.. ”

ഭദ്ര പെട്ടെന്ന് ഞെട്ടി..

” നീ ഏത് ലോകത്താ.. ഞാൻ വൈകീട്ട് വിളിക്കാൻ വരാം.. ” അനന്തൻ

മ്മ് അവൾ തലയാട്ടി അവൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു. ഭദ്ര വെറുതെ ചിരിച്ചു നിന്നേ ഉള്ളൂ. പക്ഷെ ഉള്ള് വല്ലാതെ വിങ്ങുന്നു.. കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക്ക് കയറുമ്പോഴേക്കും പൂജയും പായലും ഓടി വന്നിരുന്നു.. കുഞ്ഞിനെ എടുത്ത് മുഖത്ത് തുരു തുരു ഉമ്മ വെക്കുന്നുണ്ട് പൂജ..

മുംബൈയിൽ ആയിരുന്നപ്പോൾ കുഞ്ഞിന്റെ കാര്യമെല്ലാം നോക്കിയത് പൂജയാണ്.. അവൾ അവനെ വല്ലാതെ മിസ്സ്‌ ചെയ്യുമെന്ന് ഉറപ്പായിരുന്നു.. അവൻ മമ്മ മമ്മ എന്ന് വിളിക്കുന്നുണ്ട്..

ഭദ്ര പുഞ്ചിരിയോടെ ഉള്ളിൽ കയറി… അന്ന് അവിടെ തന്നെ ആയിരുന്നു ഊണ്..

ഊണിന് ചിക്കൻ കണ്ട് ഭദ്ര അത്ഭുതത്തോടെ അമ്മയെ നോക്കി..

” നീ നോക്കണ്ട ഒക്കെ ഇവളുടെ പണിയാ.. ”

അമ്മ ഭവ്യയെ കൂർപ്പിച്ചു നോക്കുന്നുണ്ട്..

” പോട്ടേ രാഗി കൊച്ചുങ്ങൾ ഇതൊക്കെ കഴിച്ചു വളർന്നതല്ലെ.. ” രാഘവൻ

” അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മാവാ.. ” ഭവ്യ

” ആ കഴിക്കുന്നതിലൊന്നും കുഴപ്പം ഇല്ല.. പക്ഷെ കുളി കഴിഞ്ഞിട്ടേ കാവിൽ തിരി കൊളുത്താവൂ.. കേട്ടോ.. ” രാഘവൻ

” ഡൺ 👍” ഭവ്യ വേഗം കഴിക്കാൻ ഇരുന്നു..

ആരുട്ടന് പൂജ വാരികൊടുക്കുന്നുണ്ട്.. അവന് ചിക്കൻ കൊടുത്തില്ല.. മുടി മൊട്ടയക്കാതെ കൊടുക്കരുതെന്നാ അമ്മയുടെ ഓർഡർ..

വൈകീട്ട് ചായ കുടി കഴിഞ്ഞ് ഹാളിൽ എല്ലാവരും കൂടി വർത്തമാനം പറഞ്ഞ് ഇരിക്കുമ്പോഴാ വാതിലിൽ ഒരു നിഴൽ ഭദ്ര ചെറുതായി ഒന്ന് ഞെട്ടി..

” അനന്തേട്ടൻ.. ” അവളുടെ കണ്ണ് മിഴിഞ്ഞു..

” ആ കുഞ്ഞ് വന്നോ.. ഞാൻ ചായ എടുക്കാം.. ”

രാഗിണി വേഗം അകത്തേക്ക് ഓടി..

അനന്തൻ ഒന്ന് ചിരിച്ചു..

” അമ്മാവന് ഇപ്പോ എങ്ങനെ ഉണ്ട്..? ”

അനന്തൻ

” കുഴപ്പല്യ.. ആദ്യം ഒരു പേടി ഉണ്ടായിരുന്നു..

ഇപ്പോ അതും ഇല്ല.. ഏത് പാതിരാത്രിയും കൊണ്ടോടാൻ മരുമകൻ ഉണ്ടല്ലോ.. “രാഘവൻ പറയുന്ന കേട്ട് അനന്തൻ ചിരിച്ചു. ഭദ്ര കണ്ണ് മിഴിച്ചു എല്ലാവരെയും നോക്കുന്നുണ്ട്..

അനന്തൻ സോഫയിലേക്കിരുന്നു കുഞ്ഞിനെ പൂജയുടെ കൈയിൽ നിന്നും വാങ്ങി.. ഭദ്ര ഒന്നും മനസിലാവാതെ നോക്കുന്നുണ്ട്.. കുഞ്ഞിനെ കളിപ്പിക്കുന്ന അനന്തനെ നോക്കിയിട്ട് ഭദ്രയുടെ കണ്ണുകൾ പോയത് അകത്തെ വാതിലിന്റെ അടുത്തേക്കാണ്.. ഇത്ര നേരം ഇങ്ങോട്ട് വരാതിരുന്ന ശരണ്യ ഇപ്പോൾ വന്ന് വാതിലിനടുത്ത് നിൽക്കുന്നു..

അവളുടെ കണ്ണുകളിലെ തിളക്കം മുഴുവൻ അനന്തനെ കേന്ദ്രീകരിച്ചാണ്.. തന്റെ വെറും സംശയം ആകണേ എന്നൊരു തോന്നൽ അവളുടെ ഉള്ളിൽ വന്നു.. ഇടക്ക് വെച്ച് രാഗിണി ചായ കൊണ്ടുവന്നതും അനന്തൻ കുഞ്ഞിനെ പൂജയുടെ കൈയിൽ കൊടുത്ത് ചായ വാങ്ങി കുടിച്ചു…

” അമ്മാവാ ഞാൻ വന്നത് അന്ന് ശരണ്യക്ക് പറ്റിയ വല്ല ആലോചന ഉണ്ടെങ്കിൽ പറയാൻ പറഞ്ഞില്ലേ…

ഒരെണം ഒത്തു വന്നിട്ടുണ്ട്.. ചെക്കൻ പോലീസിലാ.. ” അനന്തൻ പറഞ്ഞത് ശരണ്യ ഒന്ന് ഞെട്ടി..

നളിനിയുടെയും രാഗവന്റെയും മുഖം വിടർന്നു.. ശരണ്യ മുഖം തിരിച്ചു നിന്നു ..

ഭദ്ര അവളെ ഒന്ന് നോക്കിയിട്ട് അനന്തനെ നോക്കി..

” ഞാൻ അവരോട് വരാൻ പറഞ്ഞിട്ടുണ്ട്.. വിരോധം എന്തെങ്കിലും.. ” അനന്തൻ ഒന്ന് നിർത്തി..

” എന്ത് വിരോധം.. അവൾ നിന്റെ കൂടി അനിയത്തി അല്ലേ.. ” നളിനി പറയുന്ന കേട്ട് അനന്തൻ ശരണ്യയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

ആര് അത് ശ്രദ്ധിച്ചില്ലെങ്കിലും ഭദ്ര കൃത്യമായി അത് ശ്രദ്ധിച്ചു..

” അതേ അമ്മായി.. ശരണ്യ എന്റെ അനിയത്തി അല്ലേ.. ഭദ്രക്കും ശാകേഷിനും ഉള്ളപോലെ കടമ എനിക്കും ഉണ്ട്.. ഇഷ്ട്ടായാൽ നമുക്ക് ഈ വിവാഹം വേഗം തന്നെ നടത്താം.. ”

അനന്തൻ കപ്പ് തിരികെ നൽകി..

” അവരോട് മോൻ വരാൻ പറയ് അല്ലേ ഏട്ടാ.. ”

രാഗിണി

” ആ മോനെ ഞങ്ങൾക്ക് വിശ്വാസാ.. ” രാഘവൻ

” എന്നാൽ ശരി ഈ ഞായറാഴ്ച വരാൻ പറയാം..

” അനന്തൻ അതും പറഞ്ഞു എഴുനേറ്റു ഫോണെടുത്ത് പുറത്തേക്കിറങ്ങി.. ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് നേരെ അകത്തേക്ക് കയറി ശരണ്യയുടെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ കമിഴ്ന്നു കിടക്കുന്നുണ്ട്..

ഇടക്കെ കേൾക്കുന്ന ഏങ്ങലടികളിൽ നിന്നും കരയുകയാണെന്ന് വ്യക്തം

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി

Scroll to Top