ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ആദി, നീ പറയും പോലെയൊക്കെ ചെയ്തു. ഭർത്താവിന്റെ മുന്നിൽ നിന്ന് തന്നെ ഞാൻ നിന്നോട് ചാറ്റ് ചെയ്തു ഫോൺ വിളിച്ചു….

രചന : ഫൈസി ബിൻ ആദം

“ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ആദി, നീ പറയും പോലെയൊക്കെ ചെയ്തു. ഭർത്താവിന്റെ മുന്നിൽ നിന്ന് തന്നെ ഞാൻ നിന്നോട് ചാറ്റ് ചെയ്തു ഫോൺ വിളിച്ചു, അതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നു പോലുമില്ല”

ഒന്ന് നിറുത്തിയിട്ട് മീനാക്ഷി ആദിയെ നോക്കി

“മുഴുവൻ സമയവും ലാപ്ടോപ്പും ഫോണും ബിസിനസ്സും മാത്രം. ഇങ്ങനെ ഒരാൾ കൂടെ ജീവിക്കുന്നുണ്ടെന്ന് ഓർക്കുന്നത് കിടപ്പറയിൽ വരുമ്പോൾ മാത്രമാണ്. മടുത്തു ആദി ഈ ജീവിതം,

ഞാൻ എന്താണ് വേണ്ടത്…? എന്നെ ഒന്ന് കേൾക്കാൻ എങ്കിലും മാധവ് നിന്നിരുന്നെങ്കിൽ”

ആദി മീനാക്ഷിയെ നോക്കി

“നാളെ രാവിലെ മാധവ് ഇറങ്ങുന്ന സമയം ഞാൻ കാറും കൊണ്ട് വരാം. നീ ഒരുങ്ങി നിൽക്ക്”

പിറ്റേന്ന് രാവിലെ തന്നെ മീനാക്ഷി ആദിയെയും കാത്തിരുന്നു. മാധവ് ഇറങ്ങാൻ നേരമാകുമ്പോഴേക്കും ആദി വന്നു. മാധവിന്റെ മുന്നിലൂടെ തന്നെ മീനാക്ഷി ആദിയുടെ കൂടെ കാറിൽ കയറി പോയി.

മാധവിന് എന്തെങ്കിലും പറയാൻ കഴിയും മുന്നേ ആദി കാർ അവിടെ നിന്നും എടുത്തിരുന്നു.

മാധവ് ആസ്വസ്ഥനായി, കാരണം തന്നോട് ഒരു വാക്ക് പോലും പറയാതെ മീനാക്ഷി എവിടേക്കാണ് പോയത്…? മാധവ് വിളിച്ചപ്പോഴൊക്കെയും മീനാക്ഷിയുടെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.

മാധവ് വൈകുന്നേരം പതിവിലും നേരത്തെ എത്തി.

അപ്പോഴും മീനാക്ഷി തിരിച്ചു എത്തിയിട്ടുണ്ടായില്ല.

കുറച്ചു കഴിഞ്ഞപ്പോൾ മീനാക്ഷി ആദിയുടെ കൂടെ കാറിൽ വന്നിറങ്ങി. രണ്ടുപേരേയും ഒരുമിച്ച് കണ്ടപ്പോൾ മാധവിന്റെ നിയന്ത്രണം വിട്ടു

“ആരാടി ഇവൻ…?നിനക്ക് ഇവനുമായിട്ട് എന്താ ബന്ധം…? എവിടെ അഴിഞ്ഞാടിയിട്ടാടീ നീ വരുന്നേ..? നിന്റെ ഫോൺ എവിടെ പോയി…?

മാധവ് അവളെ നോക്കി അലറി, മീനാക്ഷി മാധവിനെ തറപ്പിച്ച് നോക്കി

“നിർത്ത്!!! ഒച്ച വെച്ച് ആളെ കൂട്ടേണ്ട”

ഒന്ന് നിറുത്തിയിട്ട് മീനാക്ഷി ആദിയെ നോക്കി

“ഇവൻ ആരാണെന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്…? പരിചയപ്പെട്ടിട്ട് വർഷം രണ്ടേ ആയുള്ളൂ എങ്കിലും ഇന്ന് എന്റെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും അറിയുന്നവനാണ്, എന്നിലെ എന്നെ അറിയുന്നവനാണ്!!! എന്റെ ചെറിയ കഴിവുകളെ അംഗീകരിക്കുന്നവനാണ്. എല്ലാത്തിനും അപ്പുറം എന്നെ ഒരു കൂടെപിറപ്പിനെ പോലെ സ്നേഹിക്കുന്നവനാണ്.

ആണും പെണ്ണും ചേർന്നാൽ നിങ്ങളുടെയൊക്കെ കണ്ണിൽ അഴിഞ്ഞാട്ടവും അവിഹിതവും മാത്രമേ കാണൂ എന്നെനിക്കറിയാം.

അത്കൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനൊരു വഴി തിരഞ്ഞെടത്തതും. ഇവിടെയും ഞാൻ തോറ്റു പോയെങ്കിൽ, ഞാൻ എന്ന പെണ്ണ്, ഭാര്യ തോറ്റു പോകുമായിരുന്നു മാധവ്, ഇനിയെങ്കിലും എനിക്ക് നിങ്ങളോട് സംസാരിക്കണം, ഞാൻ ഇവന്റെ കൂടെ പോയത് മറ്റെവിടേക്കും അല്ല. മാധവിന്റെ അച്ഛന്റേം അമ്മയുടേയും അടുത്തേക്ക് തന്നെയാണ്. മറ്റെവിടെ പോയെന്ന് ഞാൻ പറഞ്ഞാലും മാധവ് വിശ്വസിക്കില്ല.. അത്കൊണ്ട് തന്നെയാണ് അവിടേക്ക് തന്നെ പോയത്. ഇത് എനിക്കൊരു അറ്റ കൈ പ്രയോഗമായിരുന്നു.

ഞാൻ എന്ന ഭാര്യയെ മറ്റൊരു ആണിന്റെ കൂടെ കാണുമ്പോഴെങ്കിലും നിങ്ങൾ എന്നെ ഒന്ന് പരിഗണിക്കുമോ എന്നറിയാനുള്ള ശ്രമം.

എന്തായാലും അത് വിജയിച്ചു.

ഇനി എന്നെയൊന്നു കേൾക്കാൻ ശ്രമിക്കു മാധവ്

മാധവ് മീനാക്ഷിയെ നോക്കി

“നിന്നെ കയ്യോടെ പിടിച്ചപ്പോൾ, നീയെന്താ നാടകം കളിക്കുകയാണോ…?”

മീനാക്ഷിയുടെ മുഖത്ത് പുച്ഛം

“അതെ, നാടകം തന്നെയാണ്. ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ നടത്തുന്ന നാടകം”

മാധവ് മീനാക്ഷിയുടെ കണ്ണിലേക്ക് നോക്കി

“നിന്റെ ജീവിതത്തിന് ഇവിടെ എന്താണ് പ്രശ്നം മീനാക്ഷി…? ഭക്ഷണം, വസ്ത്രം എല്ലാം നിനക്ക് ഞാൻ തരുന്നില്ലേ…? പാർട്ടികളിൽ കൊണ്ട് പോകുന്നില്ലേ…? പിന്നെ നിനക്കെന്താണ് പ്രശ്നം…?”

“അങ്ങനെ ചോദിക്കു മാധവ്,

ഞാൻ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിനു എപ്പോഴെങ്കിലും മാധവ് ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ…?

ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾ എപ്പോഴെങ്കിലും മാധവ് ശ്രദ്ധിച്ചിട്ടുണ്ടോ…?

ഈ പറയുന്ന പാർട്ടികളിൽ ഒക്കെയും ഒരു പാവ കണക്കെ ഞാൻ വന്നിട്ടുണ്ടെന്നെല്ലാതെ എന്നെ കൂടെ നിർത്തി എപ്പോഴെങ്കിലും നിങ്ങൾ സമയം ചിലവഴിച്ചിട്ടുണ്ടോ…?

അപ്പോഴൊക്കെയും നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സും സുഹൃത്തുക്കളും അല്ലെ ഉണ്ടായിരുന്നുള്ളൂ

ഞാൻ മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാനുള്ള വെറും ഒരു ഭാര്യ മാത്രം ആയിരുന്നില്ലേ…?

എന്റെ ഇഷ്ടങ്ങളെ പറ്റി മാധവ് എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ…?

എന്റെ ആഗ്രഹങ്ങളെ പറ്റി മാധവ് ആലോചിച്ചിട്ടുണ്ടോ…?

എന്റെ എഴുത്തുകൾ മാധവ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ…?

എന്റെ സംഗീതം മാധവ് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ…?”

ഒന്ന് നിറുത്തിയിട്ട് മീനാക്ഷി മാധവിന്റെ കണ്ണിലേക്ക് നോക്കി

“ഇല്ല മാധവ്, മാധവിന് ഒന്നും അറിയില്ല.

മാധവിന് അറിയാം മീനാക്ഷി മാധവ് എന്ന മാധവിന്റെ ഭാര്യയെ മാത്രം.

എന്നെ മനസ്സിലാക്കി, എന്നിലെ എന്നെ അറിഞ്ഞവനാണ് ആദി, അവിചാരിതമായി പരിചയപ്പെട്ടതാണെങ്കിലും എന്നെ പറ്റി ഇന്ന് എല്ലാം ഇവന് അറിയാം. എന്റെ ഇഷ്ടങ്ങൾ അറിയാം,

എന്റെ ആഗ്രഹങ്ങൾ അറിയാം, എന്റെ കഴിവുകൾ അറിയാം, എന്റെ കുറവുകൾ അറിയാം, മൂന്ന് വർഷമായിട്ട് എന്റെ കൂടെ കഴിഞ്ഞിട്ടും നിങ്ങൾക്ക് അറിയാൻ കഴിയാതെ പോയ പലതും ആദിക്ക് ഇന്ന് നന്നായി അറിയാം.

ഞാൻ ഇതൊക്കെയും മാധവിനെ അറിയിക്കണമെന്നുള്ളത് എന്നേക്കാൾ വാശി ആദിക്കായിരുന്നു,

കാരണം ഞാൻ നിങ്ങളെ അത്രമേൽ സ്നേഹിക്കുന്നു മാധവ്, ഇതൊന്ന് കേൾക്കാനെങ്കിലും നിങ്ങൾ നിന്നിരുന്നേൽ എനിക്ക് ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നു”

മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, കുറ്റബോധത്താൽ മാധവിന്റെ മനസ്സ് നീറി. മാധവ് അവളെ ചേർത്ത് പിടിച്ച് ആദിയെ നോക്കി ”

“നന്ദി.. ഞാൻ എന്ന ഭർത്താവ് എന്താണെന്ന് എന്നെ അറിയിച്ചു തന്നതിന്”

ആദി ചിരിച്ചു കൊണ്ട് അവിടെ നിന്നും നടന്നുനീങ്ങി.

(NB: മാധവ് വീണ്ടും നാളെ പഴയ പോലെ ആയേക്കാം, മാധവിനെയും മീനാക്ഷിയെയും പോലെ ഒരുപാട് ജീവിതങ്ങൾ നമുക്കിടയിൽ ഉണ്ട്.

അതിനിടയിലേക് കടന്നു വരുന്ന സുഹൃത്തുക്കൾ എല്ലാം ആദിയെ പോലെ ഉള്ളവർ ആകണമെന്നില്ല, അതിൽ ചിലർ ഈ കഥ എഴുതിയ എന്നെപ്പോലെ കാട്ട് കോഴികളും ആവാം😜)

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഫൈസി ബിൻ ആദം

Scroll to Top