എന്തൊക്കെയോ ശെരിക്കും നഷ്ടപ്പെടാൻ പോവാണെന്നുള്ള തോന്നൽ മനസിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു…

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

ഏട്ടന് ഇനി എന്ന് പെണ്ണ് കിട്ടുമെന്ന് കരുതിയിട്ടാ ഞാൻ കാത്തിരിക്കേണ്ടത്?

കൊല്ലം മൂന്നായി ശരിയാവും ശരിയാകുമെന്ന് കരുതി കാത്തിരിക്കണേ..

ഇനി ഞാനും കൂടി ഇങ്ങനെ നിക്കാം ഇപ്പോത്തന്നെ എനിക്ക് 28 ആയി 30 കഴിഞ്ഞാൽ ബ്രോക്കർ മാര് വരെ ഈ പടി കേറില്ല. ഏട്ടാ പറഞ്ഞില്ലാന്നു വേണ്ട ഞാൻ ഇനി വെയിറ്റ് ചെയ്യില്ല ഞാൻ എന്റെ കാര്യം നോക്കാൻ പോവാ.

വിഷമൊന്നും തോന്നരുത്.

പിന്നെ ഒരിക്കലും തിരിച്ചു വരില്ലാത്തവർക്ക് വേണ്ടി എന്തിനാ ഇങ്ങനെ കാത്തിരുന്നു ജീവിതം കളയണേ? എല്ലാത്തിനും ഒരു ലിമിറ്റില്ലേ ഏട്ടാ

ഏട്ടാ.. ഏട്ടാന്നു പിന്നാലെ വിളിച്ചു നടന്ന അനിയൻകുട്ടൻ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞപ്പോൾ.

പെട്ടന്ന് വല്ലാതെയായി.

അവന്റെ ബൈക്ക് പടി കടന്നു പോകുന്നത് നോക്കി ഇങ്ങനെ നിൽകുമ്പോൾ ആണ് അമ്മ പിന്നിൽ നിന്നു വിളിച്ചത്.

ടാ.. അവൻ നിന്നോട് കയർത്തു സംസാരിച്ചല്ലേ?

അവന്റെ കൂടെയുള്ളവരൊക്കെ കല്യാണം കഴിഞ്ഞു കുട്ടികളൊക്കെയായി നടക്കല്ലേ അവരനെങ്ങാനും വല്ലതും പറഞ്ഞു കളിയാക്കിയിട്ടുണ്ടാകും അതാ ഈ പുകില്.

നീയത് കാര്യമാക്കണ്ട ചെക്കന് ദേഷ്യം അല്ലേലും കുറച്ചു കൂടിണ്ട്.

അല്ലമ്മേ.. അവൻ പറഞ്ഞതിലും കാര്യമുണ്ട്. ഞാനിനീ എന്ന് കിട്ടുമെന്ന് കരുതിയിട്ടാ..

നിനക്ക് വിഷമായോ

എന്ത് വിഷമം അമ്മേ. ആ മാധവട്ടനോട് പറ അവനു പറ്റിയ കുട്ടികളുണ്ടെങ്കിൽ പറയാൻ നമുക്ക്‌ നോക്കാം. എന്നും പറഞ്ഞു ഞാൻ ട്രാക്ടർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ. അമ്മേടെ മുഖത്തും പ്രതീക്ഷ അസ്തമിച്ച ഭാവം ഉണ്ടായിരുന്നു.

വണ്ടിയും കൊണ്ട് പാടത്തു എത്തുമ്പോൾ വെയിലു കേറി വരുന്നേ ഉണ്ടായിരുന്നുള്ളു. ശങ്കരേട്ടനും പണിക്കാരുമൊക്കെ എത്തിയിട്ടുണ്ട്. അച്ഛന്റെ വല്യ കൂട്ടുകാരനായിരുന്നു. അച്ഛൻ പോയപ്പോൾ എന്നോടായി കൂട്ട്. എല്ലാത്തിനും കൂടെ ഉണ്ടാകും.

ഒന്നിനോടും ഒരു പരാതിയും പരിഭവവും ഇല്ലാത്ത മനുഷ്യൻ. ഇടക്ക് കള്ളുകുടിക്കണമെന്ന് തോന്നുമ്പോൾ എന്നേം വിളിക്കും. എന്നിട്ട് കയ്യാലപ്പുരയുടെ അവിടെ അടുപ്പുകൂട്ടി നല്ല ഞണ്ട് ഫ്രൈ ചെയ്യും. ശങ്കരേട്ടൻ.

കള്ളും ഞണ്ടും ബെസ്റ്റാ.. നീ കഴിക്കടാ എന്നും പറഞ്ഞു വാഴയിലയിൽ വിളമ്പിതരും. നിന്റെ അച്ഛക്കും വല്യ ഇഷ്ടായിരുന്നു. ഇങ്ങനെ വന്നു കഴിക്കാൻ എന്നൊക്കെ പറയും.

പറഞ്ഞ കഥകളൊക്കെ പിന്നേം പിന്നേം പറയും.

എന്നാലും ഞാൻ എതിർത്തൊന്നും പറയില്ല അച്ഛനെ കാണുന്നപോലാ എന്നേം കാണണേ നീയുള്ളപ്പോൾ അവൻ കൂടെ ഉള്ളപ്പോലാണ് എന്ന് പറയും.

മൊന്തയിലുള്ള മോരുംവെള്ളം കുടിച്ചു പാടം കലക്കി മറിച്ചു ഉഴുമ്പോൾ മനസുമുഴുവൻ അവൻ പറഞ്ഞ വാക്കുകളായിരുന്നു.

ഇനി അവൻ പറഞ്ഞപോലെ ഒറ്റക്കായിപോവോ ഇനിയുള്ള കാലം. മനസു ആസ്വസ്ഥമായപ്പോൾ ട്രാക്ടർ ഒതുക്കി ശങ്കരേട്ടാ.. ബാക്കി നോക്കിക്കോ ഒരു യാത്ര ഉണ്ട്.

യാത്രയോ, അതെന്താ പെട്ടന്നൊരു യാത്ര വെയിലു മണ്ടയിൽ അടിച്ചപ്പോൾ നിനക്കു വെളിപാടുണ്ടായോ?

ഒന്നൂല്യ ശങ്കരേട്ടാ.. ആകെ ഒരു മടുപ്പുപോലെ ഒന്ന് കറങ്ങിതിരിഞ്ഞു വന്നാൽ എല്ലാം ശരിയാവും.

ആണോ എന്നാൽ എനിക്കും ഒരു മടുപ്പുപോലെ ഞാനും ഉണ്ട്.

ആ ബെസ്റ്റ്. അപ്പൊപിന്നെ ഇവിടുത്തെ കാര്യമൊക്കെ ആര് നോക്കും. അതു മ്മളു ഇല്ലെങ്കിലും നടന്നോളും..

ശങ്കരേട്ടാ ഈയിടെ ആയിട്ടു ഇങ്ങക്ക് കുറച്ചു ഉത്തരവാദിത്വം കൂടിണ്ട്.

എന്നാ മോൻ പോയി ജീപ്പ് എടുത്തിട്ട് വായോ ഞാൻ വീട്ടിൽ പോയി മുണ്ട് മാറിയിട്ട് വരാം.

എന്നാ ഒരു രണ്ടു ജോഡികൂടെ എടുത്തുവെച്ചോ എന്നാ വരാ എന്നൊന്നും പറയാൻ പറ്റില്ല.

വീട്ടിൽ ചെന്നു ബാഗ് പാക്ക് ചെയ്തു ഇറങ്ങുമ്പോൾ അമ്മ ചോദിച്ചു എങ്ങോട്ടാണെന്ന്.

വന്നിട്ട് പറയാമെന്നുപറഞ്ഞു ഇറങ്ങി.

ശ്രീകുട്ടാ ആ ഫോൺ ഓൺ ചെയ്തു വെച്ചോളോ.

ആ.. അമ്മ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട. എന്നും പറഞ്ഞു ഇറങ്ങി

കവലയിൽ ശങ്കരേട്ടൻ നേരത്തെ എത്തിയിരുന്നു.

അല്ലാ ഇതാര് ആറാം തമ്പുരാനിലെ ലാലേട്ടനോ ജുബ്ബയൊക്കെ ഇട്ടു സുന്ദരകുട്ടപ്പൻ ആയിണ്ടല്ലോ.

അതുപിന്നെ നിന്റെ കൂടെ ദൂരേക്ക്‌ വരുമ്പോൾ ശങ്കരേട്ടനായിട്ട് കുറക്കാൻ പാടില്ലല്ലോ.

കഴിഞ്ഞ പിറന്നാളിന് മോൾടെ മോളു വാങ്ങിത്തന്നതാ ആരതി കുട്ടി. നന്നായിണ്ടാ..

പിന്നെ.. പൊന്നുംകുടത്തിനു എന്തിനാ കുടം 😄

അപ്പൊ പോവല്ലേ…

അല്ല എങ്ങോട്ടാ പോണേ..

അതൊക്കെയുണ്ട് ഒരു മുന്നൂറു കിലോമീറ്ററോളം ഓടാനുണ്ട്.

എന്നാ ഓടിച്ചോ..

**************

വണ്ടി ഒരു പഴയകെട്ടിടത്തിന്റെ മുന്നിൽ വന്നു നിന്നപ്പോൾ ശങ്കരേട്ടൻ ഉറങ്ങുകയായിരുന്നു.

എണീക്കു മ്മളെത്തി ട്ടോ..

കൃഷിഭവൻ പൂഞ്ചോലചിറ.

ഹേയ്.. മ്മടെ നാട്ടിൽ കിട്ടാത്ത എന്ത് വിത്താണ് ഇവിടെ കിട്ടാൻ ഉള്ളത്.

അതൊക്കെയുണ്ട് ശങ്കരേട്ടാ..

എന്നാലും പറയെടോ.

ശങ്കരേട്ടന് മിത്രയെ അറിയില്ലേ?

മിത്ര രാമചന്ദ്രൻ. മ്മടെ ടൗണിൽ ടെക്സ്റ്റ്‌ടൈൽ ഷോപ്പ് നടത്തുന്ന രാമേട്ടന്റെ മോള്.

യ്യോ.

എന്തെ എന്റെ കാര്യം പറഞ്ഞു. അവളുടെ വീട്ടിലേക്കു കല്യാണം ആലോചിക്കാൻ പോയ അവസ്ഥ ഓർമവന്നോ?

ഇങ്ങോട്ടാണെങ്കിൽ മോൻ ഒറ്റയ്ക്ക് വന്നാൽ മതിയാർന്നു.

ഹേയ്. അതൊക്കെ കഴിഞ്ഞില്ലേ ശങ്കരേട്ടാ..

ഇപ്പോൾ ദേഷ്യമൊക്കെ മാറിക്കാണും. അവൾ അവളുടെ അച്ഛന്റെയടുത്തു ഉള്ള ദേഷ്യം ശങ്കരേട്ടന്റെ അടുത്തൂടെ കാണിച്ചു.

അത്രയേ ഉള്ളൂ..

അത്രയേ ഉള്ളൂ…?

എന്നാൽ മോൻ പോയി കണ്ടിട്ട് വായോ. ഞാൻ ഈ സ്ഥലമൊക്കെ ഒന്ന് കാണട്ടെ..

എന്നെ കണ്ടതും തിരക്കിലായിരുന്ന അവളുടെ മുഖത്തു ഒരു അമ്പരപ്പ് പടരുന്നത് ഞാൻ കണ്ടു.

ഞാൻ ശ്രദ്ദിച്ചു നോക്കിയപ്പോൾ.

വിത്തിനു വന്നതാണെങ്കിൽ അപ്പുറത്തെ ജനലിന്റെ അവിടെ ഒരു ഫോം ഉണ്ട് അതു പൂരിപ്പിച്ചു തന്നോളൂ.

അതെ വിത്തിനു തന്നെയാണ്. ഈ മത്ത കുത്തിയാൽ കുമ്പളം മുളക്കുന്ന വിത്തില്ലേ അതു കുറച്ചു വേണം.

എന്തോന്ന്.? അവിടുത്തെ വേറേതോ ഒരു സ്റ്റാഫ്‌ ആണ് ചോദിച്ചത്.

അതു ഇങ്ങക്കറിയില്ല ഇവിടുത്തെ മാഡത്തിനു അറിയാ..

ശ്രീ.. വാ. പുറത്തുനിന്നു സംസാരിക്കാം.

ആദ്യം ഇതുചെയ്താൽ പോരേ എന്റെ……

ഓ എന്റെയല്ലലോ ലേ?

പിന്നെന്തിനാ ഇത്രേം ദൂരം വണ്ടിയോടിച്ചു. വിക്രമാദിത്യനും വേതാളവും കൂടി ഇങ്ങോട്ട് വന്നേ?

ഇനി ഒരിക്കലും കാണില്ല. നീയില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല എന്ന് എന്ന് പറഞ്ഞു പോയതല്ലാർന്നോ. എനിക്ക് പ്രകൃതിയുണ്ട് മണ്ണുണ്ട്.

മണ്ണ് ചതിക്കില്ല എന്നൊക്കെ പറഞ്ഞു?

എന്നിട്ട് മണ്ണ് ചതിച്ചോ?

പ്രകൃതിക്കു ശുഖാണാവോ?

ടോ.. വഴക്കൂകൂടാൻ വന്നതൊന്നുമല്ല. ഇനി എത്ര കൂടിയാലും എനിക്ക് നീയില്ലാതെ പറ്റില്ല.

ദാ ഇന്നിപ്പോ അനിയൻകുട്ടന്റെ മുൻപിലും ആകെ ഉത്തരമില്ലാതെ നിൽക്കേണ്ടി വന്നു. അതാണ് മനസിലെ വാശിയൊക്കെ കളഞ്ഞു ദാ മ്മടെ ശങ്കരേട്ടനെയും കൂട്ടി ഇങ്ങോട്ട് വെച്ചുപിടിച്ചത്.

ഇങ്ങോട്ടാണെന്ന് ആൾക്ക് അറിയില്ലാരുന്നു നിന്നെ ഇപ്പോഴും പേടിയാണ് പാവത്തിന്.

ഈ അടിപിടിയൊക്കെ നമുക്ക്‌ ഇനി നമ്മുടെ വീട്ടിലായിക്കൂടെ എന്ന് ചോദിക്കാൻ വന്നതാണ്.

കാത്തിരിപ്പു ചിലപ്പോൾ ഭ്രാന്ത് പിടിപ്പിക്കുന്നു..

പോട്ടെ എന്നാൽ..

ആലോചിച്ചു പറഞ്ഞാൽ മതി..

എന്തായാലും ഇത്രദൂരം ഡീസൽ കത്തിച്ചു വന്നതല്ലേ കുറച്ചു വിത്തും തൈകളുമൊക്കെ കൊണ്ടുപൊയ്ക്കോളൂ. അപ്പൊ ശെരി.

വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ശങ്കരേട്ടൻ ചോദിച്ചു അപ്പോ പോവാ?

ഉം..

ആ കുട്ടി ഒന്നും പറഞ്ഞില്ലേ? ഇല്ല.. എന്ന് പറഞ്ഞു ആക്‌സിലേറ്ററിൽ കാലമർത്തുമ്പോൾ എന്തൊക്കെയോ ശെരിക്കും നഷ്ടപ്പെടാൻ പോവാണെന്നുള്ള തോന്നൽ മനസിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു..

പെട്ടന്നാണ് അവൾ ശങ്കരേട്ടാ എന്ന് വിളിച്ചത്.

അതേയ് അന്ന് വന്നപോലെ എന്നോട് ദേഷ്യമൊന്നുമില്ലെങ്കിൽ ഒന്നുടെ വരോ വീട്ടിലേക്കു .

ഇങ്ങടെ മോനേം കൊണ്ട് പെണ്ണുകാണാനായിട്ട്.

അതിനെന്താ.. പറ്റാണെങ്കിൽ മ്മടെ ദേവിടെ അവിടുത്തെ ഓഡിറ്റോറിയവും ശങ്കരേട്ടൻ ബുക്ക്‌ ചെയ്തിടാം.. പോരേ?

ചിരികൾക്കിടയിൽ നിറഞ്ഞുനിന്നതു സ്നേഹമാണ് മറ്റൊന്ന്കൊണ്ടും പകരം വെക്കാൻ പറ്റാത്ത സ്നേഹം.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

Scroll to Top