മരുമക്കൾ വീട്ടിൽ വേലക്കു നിർത്തിയിരിക്കുന്ന അടിമകളാണെന്ന മനോഭാവമായിരുന്നു അവർക്ക്..

രചന : ജിഷ സുരേഷ്

മരുമകൾ….

***************

രാവിലെ ഒരു ഗ്ലാസ് കട്ടൻ എടുത്തു കുടിച്ച് തെക്കേ മൂലയിൽ ചാരി വെച്ച കുറ്റിച്ചൂലുമെടുത്ത് മുറ്റത്തേക്ക് നടക്കുമ്പോൾ പിന്നാലെ അമ്മുവും ഓടിയെത്തി .തന്റെ കയ്യിൽ നിന്നവൾ ചൂല് നിർബന്ധമായി പിടിച്ചു വാങ്ങി, ഞാനടിക്കാമമ്മെ എന്നു പറഞ്ഞ് മുന്നോട്ട് ഉൽസാഹപൂർവ്വം നടക്കുന്നത് കണ്ടപ്പോൾ ഉള്ളിലൊരു ചിരി വിടർന്നു.

അമ്മു മൂത്ത മകന്റെ ഭാര്യയാണ്.എപ്പോഴും ,ഞാനും കൂടാമമ്മെയെന്ന് പറഞ്ഞ് ഓരോ പണിക്കും തന്റെ പിന്നാലെ തന്നെയുണ്ടവൾ.

വാക്കുറപ്പിക്കലിന് അവരുടെ വീട്ടിൽ എത്തിയപ്പോൾ അമ്മുവിന്റമ്മ ആദ്യം പറഞ്ഞത് അവൾക്ക് പാചകമോ ,അടുക്കള പണിയോ ഒന്നും വശമില്ലെന്നാണ്.ഒരു നീരസവും തോന്നിയില്ല .

കാരണം 26 വർഷങ്ങൾക്കു മുൻപ് തന്റെയമ്മയും ശേഖരേട്ടന്റെ അമ്മയോട് ഇതുപോലെ പറഞ്ഞപ്പോൾ ആ മുഖത്ത് വിരിഞ്ഞ പുച്ഛഭാവം ഇന്നും മനസ്സിൽ മായാത്ത വേദനയായി കിടക്കുന്നുണ്ട്.

അന്ന് തനിക്കമ്മയോട് വല്ലാത്ത ദേഷ്യമാണ് തോന്നിയത്. അമ്മയെന്തിനാ അവരെ ഇതൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തുന്നത്. താനത്ര മണ്ടിയൊന്നുമായിരുന്നില്ലല്ലോ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് താനാണമ്മയുടെ ഡ്രസ്സുകൾ മുഴുവൻ അലക്കിയിരുന്നത് .

അതാരും പറഞ്ഞിട്ടായിനുന്നില്ല.

അമ്മക്ക് വീട്ടിൽ ധാരാളം പണികളുണ്ട്.

ഭക്ഷണം പാകം ചെയ്യണം, പശുവിനെ കറക്കണം,

മുറ്റമടിക്കണം, കുട്ടികളെ നോക്കണം. വളപ്പിലെന്നും ധാരാളം പണിക്കാരു കാണും അവർക്കുമുള്ള ഭക്ഷണം തയ്യാറാക്കണം. അമ്മയൊരു യന്ത്രത്തെപ്പോലെയായിരുന്നു. അതിനാൽ ചെറുപ്പം മുതലേ അമ്മക്ക് പറ്റാവുന്ന എല്ലാ സഹായവും താൻ ചെയ്തു കൊടുക്കുമായിരുന്നു.

അമ്മ ഒന്നും ആവശ്യപ്പെട്ടിട്ടല്ല, പാചകമൊഴിച്ച് മറ്റെല്ലാം കണ്ടറിഞ്ഞ് ചെയ്തു കൊടുക്കുന്നത് മനസ്സിലൊരു സന്തോഷം തന്നെയായിരുന്നു.

പാചകകാര്യത്തിൽ താനൽപം പിറകോട്ടായിരുന്നു അന്നൊക്കെ. അതാണമ്മ ശേഖരേട്ടന്റെ അമ്മയോടങ്ങനെ പറയാൻ കാരണം. പക്ഷെ അതു വെറുതെയായി. കാരണം അവർക്ക് സ്വന്തം മക്കളോടും ഭർത്താവിനോടും മാത്രമേ സ്നേഹമുണ്ടായിരുന്നുള്ളൂ. മരുമക്കൾ വീട്ടിൽ വേലക്കു നിർത്തിയിരിക്കുന്ന വെറുമടിമകളാണെന്ന മനോഭാവമായിരുന്നു അവർക്ക്.

ജാതകദോഷം കൊണ്ടൊന്നു മാത്രമാണ് തങ്ങളേക്കാൾ വളരെ വളരെ താഴ്ന്ന ആ കുടുംബത്തിൽ താനെത്തിപ്പെട്ടത്.

എന്തുമാത്രം അനുഭവിച്ചു .

മനസ്സും ശരീരവും ഒരു പോലെ വ്രണിതമായി.

കല്യാണത്തിന്റെ അന്ന് ഉച്ചതിരിഞ്ഞ് ബന്ധുക്കളൊക്കെ പൊയ്ക്കഴിഞ്ഞ് ശേഖരേട്ടനും അമ്മയും തന്നോട് ഡ്രസ്സ് മാറ്റി വരാൻ പറഞ്ഞപ്പോൾ മറ്റൊന്നും മനസ്സിലില്ലായിരുന്നു.

പക്ഷെ ഭക്ഷണം കഴിച്ചശേഷം ആളുകൾ ആ വീടിന്റെ മൂലയിൽ ഒരു വീപ്പയിൽ കൂന കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങൾ നിറഞ്ഞ വാഴയിലകൾ മുറത്തിൽ കോരിയെടുത്ത് മുഴുവൻ താഴത്തെ തെങ്ങിൻ ചുവട്ടിൽ കൊണ്ടിടാൻ പറഞ്ഞപ്പോൾ അനുഭവിച്ച നാണക്കേട് ഈ ഇരുപത്താറ് വർഷങ്ങൾക്കിപ്പുറവും തന്നെ രോഷാകുലയാക്കാറുണ്ട്.

വേറൊന്നും കൊണ്ടല്ല. പണിയെടുക്കാൻ മടിയുണ്ടായിട്ടുമല്ല. ഒരു പെൺകുട്ടി ജനിച്ചതും ജീവിച്ചതുമായ ചുറ്റുപാടിൽ നിന്ന് എത്രയോ അപരിചിതമായൊരു ചുറ്റുപാടിലെത്തുമ്പോൾ അവളുടെ മനസ്സിലുണ്ടാവുന്ന ചില സങ്കൽപ്പങ്ങൾ ,

പ്രതീക്ഷകൾ അപ്പാടെ തകിടം മറിയുകയാണ്.

ആ ഒരു ദിവസമെങ്കിലും അവളുടെ മനസ്സിനെ ഇനിയിതാണ് നിന്റെ ലോകമെന്നും ,ഇവിടുള്ളവരാണ് നിന്റെ സർവ്വസ്വമെന്നും പറഞ്ഞു പഠിപ്പിക്കാനൊരവസരം നൽകേണ്ട ചുമതല ചെന്നു കയറുന്ന വീട്ടിലുള്ളവർക്കുണ്ടാകേണ്ടതാണ്.

ആ വീടും അവിടുള്ളവർ തന്റെ സ്വന്തമാണെന്നും തോന്നിയാൽ പീന്നീടെന്തും ചെയ്യുവാൻ അവൾക്ക് മടി കാണില്ല.

പക്ഷെ ആ വീട്ടിൽ വന്നു കയറിയ തനിക്ക് പിന്നീടങ്ങോട്ട് കഷ്ടകാലത്തിന്റെ പെരുമഴക്കാലമായിരുന്നു.

ചെന്നു കയറി രണ്ടാഴ്ച കഴിഞ്ഞതേ ഏടത്തിയമ്മ പ്രസവത്തിനായി അവരുടെ വീട്ടിലേക്ക് പോയി.

പിന്നീടാ വലിയ വീട്ടിലെ ഭാരിച്ച ജോലികളെല്ലാം തന്റെ തലയിലായി.

ആരുമൊരു കൈ സഹായിച്ചതുമില്ല.

അന്ന് മിക്സിയോ , വാഷിംഗ് മെഷീനോ മറ്റ് യാതൊരു വിധ സൗകര്യങ്ങളോ ആ വീട്ടിലുണ്ടായിരുന്നില്ല.

അമ്മ രണ്ടു മൂന്നിടങ്ങഴി അരി വെള്ളത്തിട്ടങ്ങ് പോകും. വൈകീട്ട് ഒറ്റക്കതിടിച്ച് പൊടിച്ച് വറുത്തു വെക്കണം. രാവിലെ പലഹാരം കൃത്യ സമയത്തിന് വേണം എല്ലാവർക്കും.

ചോറ്,കറികൾ അലക്ക് വെള്ളം കോരൽ , മുറ്റമടി

ഉച്ചക്ക് വളപ്പു മുഴുവൻ നടന്ന് പട്ടയും കൊതുമ്പും ഉണ്ടാക്കൽ, തേങ്ങയിടുമ്പോൾ തൊടിമുഴുവൻ അരിച്ചു പെറുക്കി മുറ്റത്തെത്തിക്കൽ ,,

അങ്ങനങ്ങനെ രാവിലെ തുടങ്ങിയാൽ പാതിരാവരെ നീളുന്ന കലാപരിപാടികൾ.

വൈകീട്ട് തനിയാർത്തനം. ചോറിന് ചൂടുവേണം .

അതുകൊണ്ടുതന്നെ ചോറും കറികളും ഉപ്പേരിയും എല്ലാം പുതുതായി ഉണ്ടാക്കും.എട്ടെട്ടരയാകുമ്പഴാകും ശേഖരേട്ടനോ , മറ്റേട്ടൻമാരാരെങ്കിലുമോ കുറേ മൽസ്യവുമായെത്തുക. അതൊക്കെ വെട്ടിക്കഴുകി വറുത്ത് കഴിയുമ്പഴേക്കും ഊണിന് തിരക്കു കൂട്ടുകയായി. അതൊന്നുമല്ല ഏറെ വ്യസനിപ്പിച്ചിരുന്നത്,

എല്ലാം ഉണ്ടാക്കിക്കഴിഞ്ഞ് തനിക്ക് കഴിക്കാനാകുമ്പഴേക്കും മിക്കവാറും എല്ലാം കാലിയാക്കിയിട്ടുണ്ടാകും

അമ്മയാണതിന്റെ സൂത്രധാര.

അവർ ഭൂരിഭാഗവും മക്കളുടേയും ,

ഭർത്താവിന്റേയും പാത്രങ്ങളിൽ തട്ടിയിട്ടുണ്ടാകും.

ഒരു കഷണം മീൻ വറുത്തതിന് എത്ര കൊതിച്ചിട്ടുണ്ടെന്നോ. . 😓

അവസാനം അമ്മയുടെ വക ഒരു സർട്ടിഫിക്കറ്റുണ്ട്. ഒന്നും വായിൽ വെക്കാൻ കൊള്ളില്ലെന്ന് .

അങ്ങനെ എത്രയെത്ര വർഷങ്ങൾ കടന്നുപോയി.. അനുഭവിച്ചതിലുമധികം തിക്താനുഭവങ്ങളിലൂടെ..

പിന്നീടും ഒരുപാടു നാൾ 😥.

ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം മകൻ വിവാഹിതനായപ്പോൾ താനനുഭവിച്ച വേദനയുടേയും അവഗണനയുടേയും ആഴമറിയാവുന്നതു കൊണ്ട് അവന്റെ പെൺകുട്ടിയെ മകളെപ്പോലെ കരുതലോടെ കൊണ്ടു നടക്കുന്നു. തന്റെയിഷ്ടങ്ങളേക്കാൾ അവളുടെയിഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. ഒന്നിനുമവളെ നിർബന്ധിക്കാറില്ല. അവളുടെ സ്വാതന്ത്യത്തിലൊരിക്കലും കൈ കടത്താൻ ശ്രമിച്ചിട്ടുമില്ല.ഇടക്കൊക്കെ തന്റെ കഴിവിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അവൾക്കായി ചില സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുവാനും മറക്കാറില്ല…

അതുകൊണ്ടുതന്നെ അവളെപ്പോഴും ഹാപ്പിയാണ്…

അവൾ ഹാപ്പിയായിരിക്കുന്നതു കൊണ്ട് ഞങ്ങളും നൂറു ശതമാനം ഹാപ്പി….

എത്ര ഈസിയായ മെത്തേഡാണിത്.

ഭരണമില്ല , മാൽസര്യമില്ല, തമ്മിൽ തല്ലില്ല..പാരവെപ്പുമില്ല. അതുകൊണ്ടുതന്നെ 100% വിജയം ഉറപ്പ്. രാഷ്ട്രീയമായാലും, ജീവിതമായാലും സമാധാനമാണല്ലോ ഏവരും ആഗ്രഹിക്കുന്നത്…

എന്താ ശരിയല്ലെ…? അപ്പൊ അറിയാത്തവരൊന്നു ട്രൈ ചെയ്തു നോക്കു..ഇതാണെന്റെ പോളിസി.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ജിഷ സുരേഷ്

Scroll to Top