മക്കൾക്കു ഞാനൊരു ഭാരമാകുന്നു.. ഇനിയുള്ള കാലം എങ്ങനെ കഴിഞ്ഞു കൂടും തീരാവ്യാധികളെറെ….

രചന : ഗിരീഷ് പടയണിവെട്ടം

ചെറുകഥ അമ്മ

*************

വീടിന്റെ ഉമ്മറപ്പടിയിൽ ചുക്കിച്ചുളിഞ്ഞ ശരീരവുമായി ഒരു ജീവൻ…..

മുറിയിൽ തകൃതിയായി നടക്കുന്ന ചർച്ച

മറു ദേശത്തെക്ക് പോകുവാനൊരുങ്ങുന്ന മക്കൾ….

അടുക്കള പണിക്കും അമ്മയെ നോക്കുവാനും ഒരു വേലക്കാരിയെ നിർത്തിയാലോ……

അതു വേണ്ടാ അതൊക്കെ വലിയ ചിലവാണ്…..

ഇപ്പോഴുള്ള സമയത്തു ആരെയും വിശ്വസിക്കുവാൻ പറ്റില്ല…..

നമുക്ക് അമ്മയെ ഏതെങ്കിലും വൃദ്ധ സദനത്തിലാക്കാം… അച്ഛന്റെ അസ്ഥി എവിടെയെങ്കിലും നിമജ്ജനം ചെയ്യാം

നീളുന്ന ചർച്ച ……

ഇതെല്ലാം കേട്ടു കലുഷിതമായ മനസ്സുമായി പുരയിടത്തിന്റെ തെക്കുവശത്തെക്കു ഇനിയും എരിഞ്ഞടങ്ങാത്ത ചിതയിലെക്കു ദൃഷ്ടി പതിപ്പിച്ചു ഒരു ഗദ്ഗദത്തോടെ ഉരുവിട്ടു…

“” എന്തിനാ എന്നെ ഒറ്റയ്ക്കാക്കിയിട്ടു പോയതു…. എന്നെ കൂടെ കൂട്ടാമായിരുന്നില്ലെ””

വർഷങ്ങളായി താങ്ങും തണലുമായി ഒരു നിഴൽ പോലെ എന്നൊടൊപ്പം ഉണ്ടായിരുന്നല്ലോ

എനിക്കു വയ്യാ….ഞാനും വരുകയാണ് കൂടെ

മക്കൾക്കു ഭാരമാകുന്നു

ഇനിയുള്ള കാലം എങ്ങനെ കഴിഞ്ഞു കൂടും തീരാവ്യാധികളെറെ….

എപ്പോഴും എന്നോട് പറയമായിരുന്നല്ലോ ..

ഞാനില്ലെ കൂടെ

എന്നിട്ടു എന്നെ ഒറ്റയ്ക്കാക്കി പോയി

കണ്ണിൽ നിന്നും ഉതിർന്നു വീണ കണങ്ങൾ കഴിഞ്ഞ മുപ്പതു വർഷത്തെ പര്സപര സ്നേഹത്തിന്റെ വിശ്വാസത്തിന്റെ ബാക്കിപത്രമോ ???

ചർച്ചകൾക്കു വിരാമമായി

മൂത്ത മകന്റെ വക ഉപദേശം…

അമ്മയ്ക്കു യാതൊരു കുഴപ്പവും വരില്ല അവർ നന്നായി നോക്കിക്കൊള്ളും

ഞാനെല്ലാം പറഞ്ഞു ശരിയാക്കാം

സമയാസമയത്തു പൈസാ അയച്ചു കൊള്ളാം…

മരുന്നിന് വെറെയും

നാളെ തന്നെ പോകണം കുറച്ചു ദൂരമുണ്ട് രാവിലെ തന്നെ പോകണം…. അവിടുത്തെ പേപ്പറുകൾ ശരിയാക്കി ഞങ്ങൾക്കു സമയത്തിന് തിരിച്ചു വരാമല്ലോ….

എല്ലാം കേട്ടു നിസ്സഹായായി അമ്മ നേരത്തെ ഉറങ്ങണം രാവിലെ പുതിയ വാസസ്ഥലത്തെക്കു പോകണം.

അടുത്തടുത്ത ഇട്ടിരിക്കുന്ന മര കട്ടിലിൽ ആയിരുന്നു ഉറക്കം

അധികം ഉറങ്ങാറില്ലാ

ശരീര വേദന കൊണ്ട് പുളയുമ്പോൾ തൈലവും കുഴമ്പും പുരട്ടി തരുമായിരുന്നു

എന്നിട്ട് ഒരു വഴക്കും

പകൽ മുഴുവനും അടങ്ങിയിരിക്കില്ലാ

രാത്രിയാകുമ്പോൾ എന്നെ ഉറക്കില്ലാ…

പക്ഷെ ഞാനുറങ്ങുന്നതു വരെ ഉറങ്ങാതെയും

ഉണരുന്നതിന് മുമ്പ് നനുനനുത്ത കൈകളാൽ എന്റെ നെറ്റിയിൽ സ്പർശിച്ചു ഉണർത്തുമായിരുന്നല്ലോ

ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ നോക്കി ഒരു വിങ്ങലോടെ പറഞ്ഞു

” നാളെ ഞാൻ പോകുകയാണ് മക്കൾ പറഞ്ഞ പുതിയ വീട്ടിലെക്ക്””

ഊന്നുവടിയും ഫോട്ടോയും മുറുക്കാൻ ചെല്ലവും ഞാൻ കൊണ്ട് പോകുകയാണ് എന്റെ മരണം വരെ കാണുവാൻ

ഉറക്കം വരുന്നില്ലാ

തലയിണ കണ്ണീരാൽ നനഞ്ഞു കുളിച്ചു

ഇടതു കൈ തണ്ടയിൽ എത്രയോ നാൾ കിടന്നുറങ്ങി ഉറങ്ങി കഴിഞ്ഞാലും കൈ മാറ്റാതെ നെഞ്ചൊട് ചെർത്തു കിടത്തിയിരുന്നല്ലോ

അടുത്ത ക്ഷേത്രത്തിലെ സുപ്രഭാത ഗീതം കേട്ടു പതിവ് തെറ്റിക്കാതെ പ്രഭാത കൃത്യങ്ങൾക്കു ശേഷം ദീപം കൊളുത്തി നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞു പോകുവാൻ തയ്യാറായി

മക്കൾ എഴുന്നെറ്റിട്ടില്ലാ

മരപ്പെട്ടിയിൽ തുണിയും മരുന്നുകളും കരുതി

പ്രിയപ്പെട്ടവന്റെ ചിതയരുകിൽ കുറെ നേരം നിന്നു

മനസ്സില്ലാ മനസ്സോടെ കാറിൽ കയറി മടിയിൽ സൂക്ഷിച്ച ഫോട്ടോ നോക്കി ഒന്നു കൂടെ നെടു വീർപ്പിട്ടു

ഇതിനാണോ എന്നെ ഇത്രയും സ്നേഹിച്ചതു.

വർഷങ്ങളായി കഴിഞ്ഞ വീട് ഒന്നു കൂടെ തിരികെ നോക്കി… ആരോ പുറകിൽ നിന്ന് വിളിക്കുന്നത് പോലെ എന്നെയിട്ടിട്ടു നീ പോകുകയാണോ…

വൃദ്ധ സദനത്തിന്റെ മതിൽ കടന്നു… പുതിയ വീട് ശിഷ്ടകാലം ഇനിയും ഇവിടെ തന്നെ
കയറി ചെല്ലുന്നിടത്തു തന്നെ വച്ചിരിക്കുന്ന ഭഗവാന്റെ ഫോട്ടോയും വലിയൊരു വിളക്കും ആരുമില്ലാത്തവർക്കു ഒരു അഭയസ്ഥാനം

ആവശ്യമായ രേഖകൾ തയ്യാറാക്കി മക്കൾ യാത്രയാകുന്നു

മാറോട് ചേർത്ത് വച്ചിരിക്കുന്ന പ്രിയപ്പെട്ടവന്റെ ഫോട്ടോയും കൊണ്ട് ജന്നൽപ്പാളികളിൽ കൂടി മക്കളെ യാത്ര അയച്ചു

ഒരിക്കലും അവരെ ശപിക്കുവാൻ കഴിയാത്ത മനസ്സുമായി ഒരു അമ്മ…

മക്കൾ കൺവെട്ടത്തു നിന്നും മായും വരെ അവരെ നോക്കി നിന്നു..

കാറിന്റെ പിൻസീറ്റിലിരുന്നു തിരിഞ്ഞു അമ്മൂമ്മയെ നോക്കുന്ന കൊച്ചുമകൾ

മനസ്സ് കലുഷിതമാകുന്നു

കണ്ണീർ കണങ്ങൾ ജന്നൽപ്പടിയിലെക്ക് പതിച്ചു

ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന ഒരു കാലം

താലി ചാർത്തി കൂടെ കൂട്ടിയവൻ നേരത്തെ പോയി

മക്കൾക്കു ഭാരമായി

ഭൂമിയ്ക്കു തന്നെ ഭാരമാകുമോ

എനിക്കു വയ്യാ

ഞാനും വരട്ടെ അങ്ങോട്ട്

ഭർത്താവിന്റെ ഫോട്ടോയിൽ നോക്കി ഒരു തേങ്ങലോടെ വിതുമ്പി

എന്തായാലും നേരത്തെ പോയതു കാര്യമായി

ഇതൊന്നും കാണുവാൻ ശേഷിയുണ്ടാകില്ലാ

ചിന്തയിൽ മുഴുകിയ ഏതോ സമയത്തു തോളിൽ ഒരു കര സ്പർശം

തിരിഞ്ഞു നോക്കിയപ്പോൾ മറ്റൊരു അമ്മ

” എന്താ ആലോചിക്കുന്നത്

വിഷമിക്കേണ്ടതില്ല എല്ലാം മാറും ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ഞാനും ഇങ്ങനെയായിരുന്നു വലിയ വിഷമം ആയിരുന്നു ആദ്യ നാളുകളിൽ

പിന്നെ ഇവിടത്തെ സ്നേഹം എല്ലാം മാറ്റിയെടുത്തു.

വന്നോളൂ കഞ്ഞിയും പയറും തയ്യാറായിട്ടുണ്ട്

പിന്നീട് ദിവസങ്ങൾ പ്രാർത്ഥനയുടെയും ശുശ്രൂഷകളുടെയും ദിനങ്ങളായിരുന്നു….

പരസ്പര സ്നേഹം എന്തെന്ന് മനസ്സിലാക്കുവാനായത് എല്ലാം അന്തേവാസികളും സ്നേഹ സമ്പന്നർ തന്നെ അതിനോടൊപ്പം തുല്യദുഃഖിതരും….

സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ഒരു പുത്തൻതലം അറിയാൻ കഴിഞ്ഞു.

രക്തബന്ധത്തിനെക്കാൾ വലുത് സ്നേഹബന്ധം ആണെന്ന് മനസ്സിലാക്കുവാനും

മറു ദേശത്തേക്ക് പോയ മക്കൾ ഒരു ദിവസം പോലും വിളിച്ചിട്ടില്ലാ ക്ഷേമാന്വേഷണം നടത്തിയിട്ടില്ല

അവരുടെ ലോകത്ത് അമ്മയുടെ സ്ഥാനം കുറഞ്ഞു വന്നു

മാസത്തിൽ അയച്ചിരുന്ന പൈസ മുടങ്ങി

തൈലവും കുഴമ്പും പോലും വാങ്ങാൻ പൈസയില്ല ആരോട് ചോദിക്കും ചോദിച്ചു വാങ്ങാൻ അർഹതയുള്ളവൻ നേരത്തെ പോയില്ലേ

പിന്നെ ദുരിത നാളുകൾ മാത്രം. അങ്ങനെയിരിക്കെ ഒരു നാൾ മകൻറെ പിറന്നാളാഘോഷിക്കാൻ ഒരു കുടുംബം എത്തി

ഏകദേശം 20 വയസ്സുള്ള മകൻറെ പിറന്നാൾ….

സുഭിക്ഷമായ ഭക്ഷണം എല്ലാവർക്കും ധരിക്കാൻ പുത്തൻ വസ്ത്രം കൂടെ ഒരു 500 രൂപായും ആഘോഷങ്ങൾക്ക് അവസാനം മകന്റെ താല്പര്യ പ്രകാരം ഓരോരുത്തരെയും പരിചയപ്പെടുത്തി

അമ്മയില്ലാതെ വളർന്ന മകന് അമ്മമാരോട് നല്ല കാര്യവും….

അമ്മ വരുന്നോ എന്റെ കൂടെ എൻറെ വീട്ടിലേക്ക് ഞാൻ നോക്കിക്കോളാം അമ്മയെ

മകന്റെ ചോദ്യം

അങ്ങനെ ഒരു വ്യവസ്ഥ ഇവിടെയില്ല ഓരോ അമ്മമാരുടെയും കുടുംബത്തിന്റെ സമ്മതപത്രം വേണം

വൃദ്ധസദന അധികൃതരുടെ മറുപടി

കാണുവാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ എന്നും വന്നു കാണാം.

അങ്ങനെ അവൻ വൃദ്ധ സദനത്തിലെ ഒരു നിത്യ സന്ദർശകനായി

ഒരിക്കൽ അവൻ തന്നെ നൽകിയ 500 രൂപ തിരിച്ചു കൊടുത്തു പറഞ്ഞു മോനെ നാളെ വരുമ്പോൾ ഒരു കുപ്പി തൈലവും കുഴമ്പും കൊണ്ട് വരണേ

പൈസാ വാങ്ങാതെ തന്നെ പിറ്റെന്ന് അവനതു വാങ്ങി വന്നു

വൈകിയെറെ വരെ അമ്മമാരുടെ അടുത്തിരിക്കും

കാല് തടവി കൊടുക്കും

അമ്മമാരെ സന്തോഷിപ്പിക്കുവാൻ പാട്ട് പാടും

മറ്റൊരുലോകത്തേക്ക് അവൻ കൂട്ടിക്കൊണ്ടു പോയി

മകൻറെ സ്നേഹം എന്താണെന്ന് അറിയുവാൻ കഴിഞ്ഞ നാളുകൾ

എല്ലാ അമ്മമാർക്കും സന്തോഷം ഒരു ദിവസം അവൻ വന്നില്ലെങ്കിൽ ഒരു ആവലാതിയും പൊക്കിൾക്കൊടി ബന്ധത്തിന്റെ മറ്റൊരു അർത്ഥതലം കാണുവാൻ കഴിയുന്നു

വളരെ ചെറിയ പ്രായത്തിൽ അമ്മ നഷ്ടപ്പെട്ട മകൻ വൃദ്ധസദനത്തിൽ എല്ലാ അമ്മമാർക്കും അവൻ ജീവനായി അവർക്ക് ഒരു കൂട്ടായി…..

അവനെപ്പോഴുമുണ്ട് കൂടെ

കാലചക്രത്തിന്റെ തിരച്ചിലിൽ ഉദയവും അസ്തമയവും മാറി മറിഞ്ഞു…

അങ്ങനെയിരിക്കെ ഒരു ദിവസം ആരോടും യാത്ര ചോദിക്കാതെ അമ്മ മടങ്ങി അച്ഛൻറെയടുത്തേക്ക്

മക്കളെ വിളിച്ചു വിവരങ്ങൾ അറിയിപ്പിച്ചു

അവർക്കാർക്കും വരുവാൻ കഴിയില്ല. സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ പൈസ അയച്ചു തരാമെന്ന് മറുപടി

അന്ത്യകർമ്മങ്ങൾ ആരു ചെയ്യും…..

കത്തിച്ചു വച്ചിരിക്കുന്ന ദീപനാളം സാക്ഷി….

ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം മുറിയിൽ…..

കാൽ വിരലുകൾ പരസ്പരം കൂട്ടി കെട്ടി

താടി അകലാതിരിക്കാൻ അവിടെയും വെള്ളത്തുണി കൊണ്ട് കെട്ടി മുമ്പെങ്ങും ഇല്ലാത്ത ഒരു ഐശ്വര്യം മുഖത്തിന്…

ജീവിതത്തിൽ കൂടെ കൂട്ടിയവന്റെ അടുക്കലേക്ക് യാത്രയാകാൻ ധൃതിയായതു പോലെ

മുറുക്കാൻ ചെല്ലവും ഊന്നുവടിയും ഫോട്ടോയും അരികത്ത് തന്നെയുണ്ട്..

മക്കൾക്ക് വേണ്ടാത്ത ഒരു ജന്മം

തലയ്ക്കരികിൽ തന്നെ സ്വന്തം അമ്മയെപ്പോലെ ഇന്നലെവരെ കരുതിയ ചെറുപ്പക്കാരൻ

ഒരു ഗദ്ഗദത്തോടെ അവൻ വിതുമ്പി എന്നെ വിട്ട് എൻറെ അമ്മ പോയിട്ട് വർഷങ്ങളായി പിന്നെ അമ്മയുടെ സ്നേഹം അറിയുന്നത് ഇവിടെ നിന്നാണ് ഇതിനായിരുന്നോ ഞാനിത്രയും സ്നേഹിച്ചത്

എന്നെ വിട്ടു ഇത്രയും പെട്ടെന്ന് പോകണമായിരുന്നോ

കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ അമ്മയുടെ നെറ്റിയിലേക്ക്

അന്ത്യ കർമ്മങ്ങൾ ഞാൻ തന്നെ ചെയ്യാം എന്ന് അവൻ യാതൊരു മടിയുമില്ലാതെ വൃദ്ധസദനത്തിന്റെ അധികൃതരോട് അറിയിച്ചു

വൃദ്ധ സദനത്തിന്റെ തെക്കു വശം തയ്യാറാക്കിയ സ്ഥലത്തു അമ്മയുടെ ഭൗതിക ശരീരവു പേറി മകനും കൂടെയുള്ള അന്തേവാസികളും

മക്കൾ അരികിലില്ലാതെ അഗ്നിയിലമർന്ന ശരീരം ജന്മം കൊടുത്തില്ലെങ്കിലും സ്വന്തം മകനായി സ്നേഹിച്ച അമ്മ

തീ നാളങ്ങൾ അടങ്ങും വരെ കാവലിരുന്ന മകൻ

തിരിച്ചു പോകുമ്പോൾ ഒരു ചോദ്യവും

ഇതായിരുന്നോ അമ്മയുടെ സ്നേഹം

പെറ്റമ്മയല്ലെങ്കിലും എത്ര എന്നെ സ്നേഹിച്ചിരുന്നു

അത്രയും സ്നേഹമതിയായ അമ്മയെ വൃദ്ധ സദനത്തിലാക്കിയ മക്കളെ ഓർത്തു അവൻ ലജ്ജിച്ചു

പൊക്കിൾകൊടി ബന്ധത്തിന്റെ അവസാന വാക്കായി …..

ലൈക്ക് കമന്റ്‌ ചെയ്യണേ

NB : അമ്മയെ സ്നേഹിക്കുന്ന മക്കൾക്കായി….🙏

ശുഭം

രചന : ഗിരീഷ് പടയണിവെട്ടം

Scroll to Top