എൽസ തുടർക്കഥയുടെ ഭാഗം 19 വായിക്കുക….

രചന : പ്രണയിനി

ദിനങ്ങൾ ഓരോന്നായി മാഞ്ഞുകൊണ്ടിരുന്നു…

പുതിയ മാറ്റങ്ങളുമായി എബിയും…. ഓരോ ദിവസവും അവനിൽ പുതിയ മാറ്റങ്ങൾ വരുത്തി എൽസയും….

ഇപ്പോൾ എബി പണ്ടത്തെപോലെയല്ല…

എൽസയുടെ കൂടെ കൂടി മാറ്റങ്ങൾ ഏറെ വന്നിരിക്കുന്നു… ആളുകളോട് ഒരു കോംപ്ലക്സ് ഇല്ലാതെ പെരുമാറാനും മീറ്റിംഗ്സിൽ നന്നായി സംസാരിക്കാനും അവൻ പഠിച്ചു… പല ന്യൂ ട്രൈനീസിനും ഓറിയന്റേഷൻ ക്ലാസ്സ്‌ എടുക്കുന്നത് ഇപ്പോൾ എബിയാണ്… ആദ്യമൊക്കെ എൽസ അവന്റെ ക്ലാസ്സ്‌ കേൾക്കാൻ ഇരിക്കുമായിരുന്നു…

എന്നാലിപ്പോൾ അവൾക്കറിയാം അവനത് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന്…ചെക്കൻ അതിനും കുറെ വഴക്ക് കേട്ടിരുന്നു എന്നുള്ളത് കറകളഞ്ഞ സത്യവും….

മാറാത്തത് ഒന്നുമാത്രം… എബിക്ക് എൽസയോടുള്ള പ്രണയവും അതു നേരിൽ പറയാനുള്ള ഭയവും….

ഓഫീസിലെല്ലാവരും ഇപ്പോളറിഞ്ഞിരിക്കുന്നു എബിക്ക് എൽസയോടുള്ള പ്രണയം….അല്ലെങ്കിലും നമ്മൾ ഒളിപ്പിക്കുന്ന പല രഹസ്യങ്ങളും കാട്ടുതീ പോലെ പരക്കുമല്ലോ…എല്ലാരുമിപ്പോൾ അവനെ നോക്കുന്നതേ ഏതോ അത്ഭുതജീവിയെ പോലാണ്..പലർക്കും അവനോട് അസൂയയാണ്…

അതു കാണുമ്പോൾ എബി ചൂളാൻ തുടങ്ങും…

സാം കുറെയേറെ പറഞ്ഞുകൊടുത്തു നീയിങ്ങെനെ പറയാതിരുന്നാൽ ശരിയാകില്ലെന്നു… പക്ഷെ എബിക്ക് അതിനു കഴിഞ്ഞിട്ടില്ല ഇന്നുവരെ…

ഇപ്പോഴും എൽസ മാത്രം നേരെ നോക്കിയാൽ അവൻ മുഖം കുനിക്കും… എൽസ പറഞ്ഞത് നേരാണ്… ഈ കഥ ഇങ്ങെനെയിങ്ങെനെ നീണ്ടുകൊണ്ടിരിക്കും…

**************

രാമേട്ടാ…. ഒരു വഴി പറഞ്ഞു താ…

നീയൊന്നു പോയെടാ…. നാണമുണ്ടോ നിനക്ക്..

ഇല്ല….

അതെനിക് മനസിലായി…

ചേട്ടാ….. എബി ചിണുങ്ങി….

പോടാ ചെറുക്കാ നിന്നു കൊഞ്ചാതെ…എനിക്ക് വേറെ പണിയുണ്ട്……അവനു ആ കൊച്ചിനെ പ്രേമിക്കാനും കിടന്നു കരയാനും ആരുടേയും സഹായം വേണ്ടായിരുന്നു.. ആ കൊച്ചിന്റെ മുഖത്ത് നോക്കിയൊന്നു ഇഷ്ടം പറയാൻ പറഞ്ഞപ്പോൾ അതവന് ബോധക്കേട്…. പരവേശം… വിമ്മിഷ്ടം… ശ്വാസം മുട്ടൽ… എന്തൊക്കെ ബഹളമാ…

എനിക്ക് പേടിയായിട്ടല്ലേ രാമേട്ടാ….

എടാ ശവി… ഈ പേടിയും വെച്ച് നീ അതിന്റെകൂടെ എങ്ങെനെ ജീവിക്കും…

അതു….. അതു….

അതുമില്ല ഇതുമില്ല.. നിന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ല… ആ കൊച്ചിന് നല്ല കിണ്ണം കാച്ചിയ ചെറുക്കന്മാരെ കിട്ടും… നീ പോയിരുന്ന് കരയു…അതാ നിനക്ക് ചേരുന്നത്….

എബി മുഖം കുനിച്ചു നിന്നു…

കണ്ടോ ഇതാ നിന്റെ ആദ്യത്തെ കുഴപ്പം… എന്ത് പറഞ്ഞാലും കേട്ടാലും കള്ളനെപ്പോലെ കുനിഞ്ഞു നിന്നോളും… അദ്യം അത് മാറ്റണം…

മുന്നിൽ നിൽക്കുന്ന ആളുടെ കണ്ണിൽനോക്കി ആത്മവിശ്വാസത്തോടെ സംസാരിക്കണം…പിന്നെ പ്രണയം പറഞ്ഞു പഠിച്ചു പറയേണ്ടതല്ല… അതു ഉള്ളിൽനിന്നും വരേണ്ടതാണ്….നിന്റെയുള്ളിൽ ഇപ്പോൾ എൽസകൊച്ചിനോട് പ്രണയവുമുണ്ട് അതെയളവിൽ ഭയവുമുണ്ട്… എന്നാണോ ആ ഭയം മാറി അവിടെ പ്രണയം പൂർണമായും നിറയുന്നോ അന്ന് നീ ആരും പറയാതെതന്നെ അവളോട് നിന്റെ പ്രണയം പറയും…

***************

എൽസമ്മോ…. എന്നായി കാര്യങ്ങൾ….

എന്താകാനാ അമ്മച്ചി…. ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ….

ഈ ചെക്കനിതു എന്താ പറയാത്തെയെന്നാ ഞാൻ ആലോചിക്കുന്നെ…

അതു മമ്മി…. അതിനൊരു കാരണമേയുള്ളു…

എന്നതാ അതു…

നിങ്ങളുടെയൊക്കെ എബിമോന് എന്നെ പേടിയാണ്… പേടിയെന്നു പറഞ്ഞാൽ ഞാനൊന്നു സൂക്ഷിച്ചു നോക്കിയാൽ ആള് നിന്നു വിറക്കും..

പിന്നെ എങ്ങെനെ പറയാനാ… അല്ലെ അപ്പാ….

അദ്ദേഹം ചിരിച്ചതേയുള്ളു…

എന്ന അപ്പാ ചിരിക്കൂന്നേ

അല്ലടാ… ഞാനോർക്കുവായിരുന്നു അന്നാധ്യമായി നിന്നോടൊപ്പം അവനിവിടെ വന്നത്…

അതിനെന്താ അപ്പാ…

ചില വരവുകൾ അങ്ങെനെയാണ് മോളെ.. തിരികെ പോകാനുള്ളവരല്ല അവർ.. നമ്മുടെ കൂടെ ഉണ്ടാകാൻ പോകുന്നവരാണ്… നമ്മൾ കൂടെ കൂട്ടേണ്ടവരാണ്…

എൽസമ്മോ… നിനക്ക് എബിമോനെ ഇഷ്ടാണോ….

അമ്മച്ചിയുടെ ചോദ്യത്തിന് എൽസ മറുപടി വെറുമൊരു ചിരിയിലൊതുക്കികൊണ്ട് മുകളിലേക്ക് നടന്നു….

കറിയാച്ഛൻ മാത്രം ആ പോക്ക് കണ്ട് ചിരിച്ചപ്പോൾ അമ്മച്ചിയും ഗ്രേസിയും സംശയത്തോടെ പരസ്പരം നോക്കി…

കറിയാച്ച….

എന്നതാ അമ്മച്ചി…

ഡാ നമ്മുടെ കൊച്ചിന് എബിമോനെ ഇഷ്ടമില്ലേ.

ഉണ്ടല്ലോ…

ഏഹ്… പക്ഷെ കൊച്ചെന്നാടാ പിന്നെ ഞാൻ ചോദിച്ചിട്ടൊന്നും പറയാഞ്ഞേ….

അതു നമ്മളോടല്ലലോ അമ്മച്ചിയെ ആദ്യം പറയേണ്ടത്….

അമ്മച്ചിക്ക് ആദ്യം അദ്ദേഹം പറഞ്ഞത് പിടികിട്ടിയില്ല…

അമ്മച്ചി ഇച്ചായൻ ഉദേശിച്ചത് എബിമോൻ മോളോട് പറയുന്ന കാര്യമാ… എന്നിട്ടല്ലേ അവൾ അവളുടെ മനസ് തുറക്കൂ….

ഓഹ്…. അങ്ങെനെ…. എന്നാലും ഇതുങ്ങൾ ഇതിങ്ങെനെ തുടങ്ങിയാൽ എന്നതാകുമെടാ….

അമ്മച്ചി കണ്ടോ…. അവൻ ഉടനെ തന്നെ നമ്മുടെ കൊച്ചിന്റെ മുന്നിൽ മനസ് തുറക്കുമെന്നെ….

ആണോ ഇച്ചായ….

നീ കണ്ടോടി ഗ്രേസികൊച്ചേ…

***************

എബിമോനെ…..

ഓഫീസ് മുറിയിലിരിക്കുന്ന എബിയെ എൽസ വിളിച്ചു….

Yes മാഡം…

ഇന്ന് വൈകിട്ട് നമുക്ക് ഹോട്ടൽ Paradise വരെ പോകണം… അവിടെ ജേക്കബ് അസോസിയേറ്റ്സ്ന്റെ എംഡി വരുന്നുണ്ട്…

ഓക്കേ….

വൈകുന്നേരം വീട്ടിൽ റെഡിയായി നിന്നാൽ മതി… ഞാൻ വന്നു കൂട്ടിക്കോളം…. ഓക്കേ

ഓക്കേ മാഡം….

ഞാനിറങ്ങുന്നു… വൈകിട്ട് കാണാം….

*******************

അവൾ പോയതും അവന്റെ മനസ്സിൽ പുതിയ പദ്ധതികൾ രൂപംകൊണ്ടു..

ഇതുതന്നെ പറ്റിയ അവസരം… എന്റെ പൂച്ചക്കണ്ണിയോട് എന്റെ പ്രണയം പറയാൻ പറ്റിയ ദിവസവും സമയവുമിന്നാണ്…വേറെയാരുടെയും ശല്യമില്ലാതെ ഞങ്ങൾ മാത്രം..കർത്താവെ കാത്തോണേ…

എബി ആരോടുമൊന്നും പറയാതെ നേരെ വീട്ടിലേക്കിറങ്ങി…. കുളിച്ചു അവൾ വാങ്ങിക്കൊടുത്ത നല്ലൊരു ഷർട്ടും ജീൻസും ഷൂവുമൊക്കെ ധരിച്ചു റെഡിയായി….

ഏഴു മണിക്ക് തന്നെ എൽസ അവനെക്കൂട്ടാനെത്തി…

ഒരു സിമ്പിൾ ബ്ലാക്ക് ഓഫീസ് യൂസ് ഫ്രോക്കായിരുന്നു അവളുടെ വേഷം… തോളൊപ്പമുള്ള മുടി വെറുതെ അഴിച്ചിട്ടിരിക്കുകയാണ്… അതു കാറ്റിൽ ഇളകിയാടുന്നു….

ഒരു പാവക്കുട്ടിയെ പോലെ തന്റെ മുന്നിൽ നില്കുന്നവളെ എബിയൊന്ന് നോക്കി.. അവളുടെ തുടുത്ത കവിളിൽ ഒന്നു നുള്ളി നോക്കാൻ അവനുതോന്നി…

പോകാം…. എൽസയുടെ ശബ്ദമാണ് അവനെ ഉണർത്തിയത്….

ഹ്മ്മ്….

കഥ ഇന്ന് അവസാനിക്കുമല്ലോ…. എൽസയുടെ ഉള്ളം മന്ത്രിച്ചു….ഒരു പുഞ്ചിരിയോടെ അവർ ഹോട്ടൽ Paradise ലേക്ക് തിരിച്ചു…

***************

അവൾ എപ്പോഴാണ് ഹോട്ടലിൽ നിന്നിറങ്ങുന്നത് രഘു….

ഒരു ഒൻപത് മണിയോടെ എന്ന് കണക്ക് കൂട്ടാം…

അവളുടെ കൂടെ വേറെയാരാ ഉള്ളത്…

പി എ ഉണ്ട്…

ഹ്മ്മ്…. സുശീല ക്രൂരമായ മുഖത്തോടെയൊന്ന് ചിരിച്ചു….

സുശീലെ…. അവളെ കൊല്ലണോ… എനിക്കൊരു വട്ടം തന്നുടെ….

വേണ്ട…. അതൊരു ആജ്ഞയായിരുന്നു… അവളെ നിങ്ങൾക് വേണ്ട… വേറെയുണ്ടല്ലോ ഇഷ്ടം പോലെ ഓരോ ദിവസവും ഓരോന്നായി… ആ സുഖം അനുഭവിച്ചാൽ മതി… എനിക്ക് വേണ്ടത് അവളുടെ ജീവൻ നഷ്ടമായ ശരീരമാണ്…

അവളുടെ ശരീരത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ചുടുചോരയുടെ ഗന്ധം എനിക്കറിയണം… ഈ സുശീലദേവിയോട് കളിച്ചാൽ കളി ഞാനവളെ പഠിപ്പിക്കും

രഘു എല്ലാം റെഡിയല്ലേ…

അതെ മാഡം….. ടോറസും അതിന്റെ ഡ്രൈവറുമൊക്കെ റെഡിയാണ്….പിന്നെ നമ്മുടെ പ്ലാനിങ്ങും…

ഹ്മ്മ്… ഒരിടിക്ക് ചത്തില്ലേൽ…..

അതിനു അടുത്ത ടോറസും റെഡിയാണ് മാഡം…

രണ്ട് സൈഡിൽ നിന്നും അവർ വന്നോളും….

എനിക്കാ കാഴ്ച കാണണം… ഞാനുണ്ടാകുമവിടെ….. എൽസ….. നിന്റെ അന്ത്യമായി….

അവരുടെ മുഖം വന്യമായി..

****************

മീറ്റിംഗും കഴിഞ്ഞു ഒൻപതരയോടെയാണ് എൽസയും എബിയും ഇറങ്ങിയത്…

എൽസ തന്റെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോളാണ് വഴിയിലൊരു കരച്ചിൽ കേൾക്കുന്നത്….

അവൾ നോക്കുമ്പോൾ ഒരു സ്ത്രീയാണ്… വഴിയുടെ നടുക്കുനിന്നു അലറിയലറി കരയുന്നു….

എൽസ അങ്ങോട്ടേക്ക് നടന്നു….

എബിക്കറിയാമായിരുന്നു ആ പോക്ക് എങ്ങോട്ടാണെന്ന്…

എൽസ നടന്നു വരുന്നത് കണ്ട ടോറസ് ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് വന്നുകൊണ്ടിരുന്നു…. എൽസ അങ്ങോട്ട് കടന്നപ്പോഴേക്കും ആ സ്ത്രീ പിന്തിരിഞ്ഞോടി …

എൽസക്ക് ആദ്യം ഒരു പകപ്പ് തോന്നിയെങ്കിലും അവൾക് അപകടം മണത്തു… അവൾ പെട്ടെന്ന് തിരിഞ്ഞപ്പോളാണ് തന്റെ നേരെ പാഞ്ഞടുക്കുന്ന ടോറസ് കാണുന്നത്… അവൾ  വേഗത്തിൽ പുറകോട്ട് മാറുകയും ടോറസ് അവളുടെ ശരീരത്തിൽ തട്ടിയിരുന്നു…

ഈ കാഴ്ച കണ്ടുകൊണ്ടാണ് എബി ഓടിവരുന്നത്…..

എൽസാസാസാസാ…………. അവനലറി അവളുടെയെടുത്തേക്ക് പാഞ്ഞു…

ആളുകൾ ഓടിക്കൂടി… ടോറസിന്റെ ഡ്രൈവർ ഓടി രക്ഷപെട്ടു….. സുശീലയും അവിടുന്ന് വേഗംമാറി..

എബി ആളുകളെ തള്ളിമാറ്റി മുന്നോട്ട് വന്നു എൽസയെ എടുത്തവന്റെ നെഞ്ചോട് ചേർത്തു…

അവളുടെ തലയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു…ദേഹത്തു പലയിടത്തും പരിക്കുകൾ ഉണ്ട്…

എൽസേ….. മോളെ…. ഡി…. കൊച്ചേ…..

കണ്ണു തുറക്കെടി……

എബി കരഞ്ഞുകൊണ്ട് അവളെ വിളിച്ചുകൊണ്ടേയിരുന്നു….

ഡോ എണീക്ക്… ആ കൊച്ചിനെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകണം…. കൂടിനിന്നവരിലാരോ പറഞ്ഞു…

ആരുടെയോ കാറിൽ എല്ലാരൂടി എൽസയെ കയറ്റി… കൂടെ കരഞ്ഞുകൊണ്ട് എബിയും…

അവനവളെ നെഞ്ചോട് ചേർത്ത് അപ്പോഴും പൊതിഞ്ഞു പിടിച്ചിരുന്നു…

മോളെ ഡി… കണ്ണു തുറക്കെടി…. എൽസേ….

എബി വീണ്ടും വീണ്ടുമവളെ വിളിച്ചുകൊണ്ടിരുന്നു….

അൽപസമയത്തിന് ശേഷം എൽസയുടെ കൺപോളകൾ പതിയെ അനങ്ങി……. രക്തം അവളുടെ കണ്ണുകളെ മറച്ചിരുന്നു

എബിക്ക് ശ്വാസം നേരെ വീണു.. അവനവളെ ഇറുക്കി പുണർന്നു….അവന്റെ കണ്ണുനീർ അവളുടെ കഴുത്തിടുക്കിൽ പതിച്ചുകൊണ്ടിരുന്നു..

എന്റെ കർത്താവെ…. എന്റെ പെണ്ണിന് ഒന്നും വരുത്തല്ലേ…. അവൻ വേഗം അവളെ മുഖമുയർത്തി നോക്കി…

മോളെ… ഡി… ഞാനാ..ഒന്ന് കണ്ണുതുറക്ക്…എന്തിനാ… ന്തിനാ… കൊച്ചേ നീ അങ്ങോട്ട് പോയെ… നിനക്ക് എന്തേലും പറ്റിയാൽ ഞാൻ… ഞാൻ പിന്നെയില്ല കെട്ടോ കൊച്ചേ….എനിക്ക് പറ്റുന്നില്ലല്ലോ കർത്താവെ ഈ കിടപ്പ് കാണാൻ….

എൽസ ശ്രമപ്പെട്ട് തന്റെ കണ്ണുകൾ വലിച്ചു തുറന്നു… മുന്നിൽ എല്ലാം തകർന്നവനെപ്പോലെ കരഞ്ഞുകൊണ്ടിരിക്കുന്ന എബിയെ അവൾ മങ്ങിയ കാഴ്ചയിൽ കണ്ടു….

മോളെ…. ഡി…നീ എന്റെയല്ലേ…. എന്റെ ജീവനല്ലേ… നീയില്ലാതെ ഞാനുണ്ടോ… അത്രയും ഇഷ്ടാ എനിക്ക് നിന്നെ… കൊച്ചേ എന്നെ ഇട്ടേച്ചു പോകല്ലേ..എബി എന്തൊക്കെയോ പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു..

വണ്ടിയിൽ ഇരുന്നവർ അത്ഭുതത്തോടെ പരസ്പരം നോക്കി…

ഇന്നു…. ഇന്ന്… നിന്നോട് എന്റെ ഇഷ്ടം പറയാൻ കാത്തിരുന്നതാ ഞാൻ… എന്നിട്ട്….

ന്നിട്ടിപ്പോ…… കൊച്ചേ…എനിക്ക് സഹിക്കാൻ ആകുന്നില്ല

എൽസ എന്തോ പറയാനായി ചുണ്ടുകൾ അനക്കി.. എബി വേഗം അവൾക്കടുത്തേക്ക് മുഖം കുനിച്ചു….

എന്നാടാ…. മോളെ… എന്നാ വേദനയുണ്ടോ…

ഇപ്പോൾ ഹോസ്പിറ്റലിൽ എത്തുമെ..ഒന്നുമില്ല ട്ടോ… പേടിക്കേണ്ട.. ഞാനുണ്ട് കൂടെ.. എന്റെ കൊച്ചിന് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല…

എബിമോന് എന്നെ ഇഷ്ടാണോ….. എൽസ പതിയെ ചുണ്ടുകൾ അനക്കി….അവളുടെ വിരലുകൾ അവന്റെ കൈയിൽ കൊരുത്തു.

ന്റെ മാതാവേ….എൽസയുടെ ആ ചോദ്യം അവനെ തകർത്തുകളഞ്ഞിരുന്നു ആ നിമിഷം.

എന്റെ കൊച്ചേ….നിന്നെ മാത്രേ നിന്റെ എബിമോന് ഇഷ്ടമുള്ളൂ….നിന്നെ മാത്രം…

എന്റെ പ്രാണൻ തന്നെ നീയല്ലെടി മോളെ…

എൽസ വേദനക്കിടയിലും അവനെ നോക്കി നേർമയായി പുഞ്ചിരിച്ചു..

പതിയെ അവളുടെ കണ്ണുകൾ  അടഞ്ഞു …..വിരലുകൾ അവനിൽ നിന്ന് ഊർന്നു താഴേക്ക് വീണു…

****************

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും 😁😁😁😁

കൊല്ലരുത്…..😄

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : പ്രണയിനി

Scroll to Top