എടീ… നിനക്ക് അവനെ തന്നെ മതി എന്നാണെങ്കിൽ നീ ഇറങ്ങി പൊയ്ക്കോ. പക്ഷേ ഈ നാട്ടിൽ നിൽക്കരുത്. എനിക്കതു സഹിക്കാൻ പറ്റില്ല…

രചന : സിന്ധു മനോജ്‌

ഓർമ്മയൂഞ്ഞാൽ

***************

“താനെന്തോ ഓർത്ത് തനിയെ ചിരിക്കുവാണല്ലോ എന്നെ കൂട്ടാതെ””

അവളുടെ ചുണ്ടിൽ ഊറി വരുന്ന പുഞ്ചിരിയിലേക്ക് നോക്കി, കൈത്തണ്ടയിൽ പതിയെ തൊട്ട് അയാൾ ചോദിച്ചു.

ട്രെയിനിന്റെ താളാത്മകമായ ചലനങ്ങളിലേക്ക് മനസ്സ് വിടർത്തിയിട്ട് സീറ്റിലേക്കു ചാരിയിരിക്കുകയായിരുന്നു നീലിമ.

“ഞാൻ വെറുതെ, പണ്ടത്തെയാ പട്ടുപാവാടക്കാരിയുടെ സ്വപ്‌നസഞ്ചാരങ്ങളിലേക്ക് ഒന്നൂളിയിട്ടതാ.”

“ആഹാ.. എന്തായിരുന്നു അന്നത്തെ ഏറ്റവും വലിയ സ്വപ്‌നങ്ങൾ.പറയൂ ഞാനും കേൾക്കട്ടെ.”

“അതിന് മുൻപ് ഞാനൊന്നു ചോദിച്ചോട്ടെ ?

ചോദിക്കൂ

പച്ചപ്പട്ടുപാവാടയും ബ്ലൗസുമിട്ട് അമ്പലത്തിൽ വരണമെന്ന് പറഞ്ഞില്ലേഎന്നോട് അന്ന് ഞാൻ വന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു.

“എന്ത് സംഭവിക്കാൻ. എന്റെയുള്ളിലെ പ്രണയം മുഴുവൻ ചാലിച്ചുചേർത്തെഴുതിയ പ്രണയലേഖനം ദേവിയെ സാക്ഷിയാക്കി ആ കയ്യിലങ്ങു വെച്ചു തന്നിട്ട്, നീലൂ എത്രയും പെട്ടെന്ന് ഇതിനൊരു മറുപടി തരണേ, ഇല്ലെങ്കിൽ ഇതിന്റെ മറുപടി എന്താകും എന്ന ടെൻഷൻ കയറി ഞാൻ തട്ടിപോകൂട്ടാന്ന് പറഞ്ഞേനെ.”

ഹഹഹ…..

ഞാനന്നു മുഴുവൻ ദിവാസ്വപ്നം കണ്ടു നടന്നതെന്താന്നറിയോ രമേശിന്.

പറയൂ.. കേൾക്കട്ടെ

“ചില സിനിമകളിലൊക്കെ കാണാറില്ലേ നായകനും നായികയും നടയിൽ ചേർന്ന് നിന്ന് തൊഴുതു പ്രാർത്ഥിക്കുന്നു. പിന്നെ നായികയുടെ കയ്യിലേക്ക് പൂജാരി ഇട്ടുകൊടുക്കുന്ന ഇലച്ചീന്തിൽ നിന്ന് ഒരു നുള്ളു ചന്ദനം തൊട്ടെടുത്തു നായകന്റെ നെറ്റിയിൽ തൊടുവിക്കുന്നു. തൊഴുതിറങ്ങുമ്പോൾ ആലിന്റെ മറവിൽ നിന്നൊരു ചുംബനം കൈമാറുന്നു അങ്ങനെയങ്ങനെ… ഹഹ

രമേശ്‌ കേട്ടത് വിശ്വസിക്കാനാകാതെ അവളുടെ ചിരിയിലേക്ക് മിഴിച്ചു നോക്കി.

“എന്നിട്ട് ഞാൻ വരാതിരുന്നപ്പോൾ എന്തു തോന്നി.”

“കുറെ സങ്കടം തോന്നി. നടയടക്കും വരെ ഞാൻ കാത്തു നിന്നു. എന്നെ പറ്റിച്ചു ന്ന് തോന്നിയപ്പോ കണ്ണ് നിറഞ്ഞൊഴുകി. പിന്നെയത് മറക്കാൻ ഒരുപാട് കാലങ്ങളെടുത്

അന്ന് ഞാൻ വന്നിരുന്നെങ്കിൽ നമ്മുടെ ജീവിതം ഒരുപക്ഷെ ഇങ്ങനെയൊന്നുമാകില്ലയിരുന്നു അല്ലെ.

അതൊന്നുമില്ല. കാര്യം ഞാനൊരു സഖാവാണ്, നിരീശ്വരവാദിയാണ് എന്നൊക്കെ വീമ്പു പറയുമെങ്കിലും ഞാനും വിധിയിൽ വിശ്വസിക്കുന്നുണ്ട്.എന്റെയും തന്റെയും ജീവിതം ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നത് ഇങ്ങനെയൊക്കെയായിരുന്നു.

അത് സംഭവിച്ചു കൊണ്ടിരിക്കുന്നു.അത്രേയുള്ളൂ.

ഉം..

അന്നൊക്കെ എല്ലാം അമ്മയോട് തുറന്നു പറയുമായിരുന്നു.

എനിക്കൊരു ഇഷ്ടമുണ്ടെന്ന് ആദ്യം പറഞ്ഞതും അമ്മയോടാ.അന്ന് അമ്മ പറഞ്ഞു എടി പെണ്ണേ,

ആ രമേശിന്റെ അച്ഛനും അമ്മയ്ക്കും സർക്കാർ ജോലിയുണ്ട്, നല്ല വീടുണ്ട്, സ്വത്തുണ്ട്. എന്നിട്ടും അവരെയിപ്പോഴും നാട്ടുകാർ വിളിക്കുന്നത് അയ്യപ്പൻ പുലയൻ, തങ്കമ്മ പുലക്കള്ളി എന്ന് തന്നെയാ.നാളെ ഒരു കാലത്ത് നിനക്കും ആ പേര് വീഴും. അതിലും വലിയൊരു നാണക്കേട് വേറെ വരാനുണ്ടോ.

ഇനിയിപ്പോ അവനെ തന്നെ മതി എന്നാണെങ്കിൽ ഇറങ്ങി പൊയ്ക്കോ. പക്ഷേ ഈ നാട്ടിൽ നിൽക്കരുത്. എനിക്കതു സഹിക്കാൻ പറ്റില്ല.

അന്നത്തെയാ പൊട്ട മനസ്സുകൊണ്ട് ആലോചിച്ചപ്പോൾ എനിക്കും അയ്യേ ന്ന് തോന്നിപ്പോയി.

പേരക്കുട്ടികളാകാൻ പ്രായമുള്ളവർ പോലും ജാതി ചേർത്ത് പേര് വിളിച്ചിരുന്നു അന്ന്

എന്തൊരു വൃത്തികെട്ടചിന്താഗതിയുള്ള സമൂഹമാണ് നമുക്ക് ചുറ്റിലും എന്ന് ചിന്തിച്ചതൊക്കെ കുറെ കഴിഞ്ഞാ

അമ്മയെ വിഷമിപ്പിക്കാൻ വയ്യല്ലോയെന്ന ആകുലതകൾ പേമാരിയായി പെയ്തു നിറഞ്ഞ രാത്രിയിൽ ഞാനെന്റെ സ്വപ്‌നങ്ങളെ പാടിയുറക്കി.

ഒരിക്കലും ഉണരാത്ത വിധം.

അന്നൊക്കെ വായിച്ചു തീർത്ത കഥകളിലെ കഥാപാത്രങ്ങൾക്ക് മനസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ മടിയായിരുന്നു.

ദിവസങ്ങൾ ചെല്ലുമ്പോൾ അത് നീയും ഞാനുമാകും.പിന്നെ നമ്മളൊന്നിച്ചു കടൽ കാണാൻ പോകും,

ഏതോ ഒരു സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങുന്ന തീവണ്ടിയിൽ കയറി അതിന്റെ ഓട്ടം നിലക്കുന്ന വരെ യാത്ര ചെയ്യും. ചൂണ്ടാന്തുരുത്തി പുഴയിലെ ആമ്പൽപ്പൂക്കൾ മുഴുവൻ ഇറുത്തെടുത്തു, സ്കൂളിൽ നിന്ന് ഉച്ചയൂണ് കഴിഞ്ഞു പാത്രം കഴുകാൻ പുഴക്കരയിൽ വരുന്ന കുട്ടികൾക്ക് വീതിച്ചു കൊടുക്കും. അതിന്റെ കാരണം എന്തെന്നോ ഞാനും അതേ പോലെ ആ പൂക്കളെ കൊതിച്ചിട്ടുണ്ട് ഒരിക്കൽ.

പിന്നെയാ സ്വപ്‌നങ്ങളെ മറക്കാൻ എന്ത് പാടു പെട്ടു.

എന്നിട്ടും ഇന്നത്തെയീ നീലിമ ചന്ദ്രശേഖർ മേനോൻ എന്തു നേടി എന്നു ചോദിച്ചാൽ എടുത്തു കാണിക്കാൻ ഒന്നുമില്ല.എനിക്ക് വെറും നീലിമ രമേശ്‌ ആയാൽ മതിയായിരുന്നു.

എന്തിനാ നീലു വെറുതെ അതൊക്കെ ഓർത്ത് മനസ്സ് വിഷമിപ്പിക്കുന്നെ.ഒക്കെ കഴിഞ്ഞു പോയില്ലേ. രണ്ടു പേർക്കും കുടുംബമായി. കുട്ടികളായി.അതിനോട് പൊരുത്തപ്പെട്ട് പോകേണ്ടവരാ നമ്മൾ.

രമേശിന് എന്നോട് ദേഷ്യമുണ്ടോ..? കുന്നോളം സ്നേഹമുണ്ടായിട്ടും, നിന്റെ പ്രണയം അത്രമേൽ ആഗ്രഹിച്ചിട്ടും അതൊളിപ്പിച്ചു വെച്ച് നിന്നെ ആട്ടിയോടിച്ചതിൽ.

ഒരിക്കലുമില്ല നീലു.അർഹതയില്ലാത്തതിനെ സ്വന്തമാക്കാൻ കൊതിച്ച ഞാനെന്ന വിഡ്ഢിയോട് സഹതാപം മാത്രേ ഉണ്ടായിരുന്നുള്ളൂ അന്ന്.

“അർഹത എന്നതുകൊണ്ട് എന്താ ഉദ്ദേശിക്കുന്നത്?

“ഓൾഡ് ജനറേഷന് നമ്മുടെയീ തൊലിയുടെ നിറവ്യത്യാസം പോലും അനർഹതയാണ്.

പക്ഷേ ഇന്നെനിക്ക് ആ വിഡ്ഢിയെയോർത്ത് ഒട്ടും സങ്കടമില്ല. ജ്യോതി എന്റെ ജീവിതത്തിലേക്ക് വന്നത് അത്രയേറെ സ്നേഹവും സന്തോഷവും കൊണ്ടാണ്.

ആ, ചോദിക്കാൻ മറന്നു. വൈഫ് എന്ത് ചെയ്യുന്നു.

അവളും എന്റൊപ്പം തന്നെ ബാങ്കിൽ.

നന്നായി. ഒരേ ഫീൽഡിൽ ആകുമ്പോൾ ഈഗോയും അതിന്റെ പേരിൽ പരസ്പരമുള്ള പോർവിളികളും ഒന്നുമുണ്ടാകില്ല എന്നാ എന്റെയൊരു തോന്നൽ.

ശരിയാണോ?

അതൊന്നും എനിക്കറിയില്ല. പക്ഷെ ജ്യോതിക്ക് എന്നെ ജീവനാ.എനിക്കു അവളെയും. പിന്നെ ഞങ്ങളുടെ മക്കളും കൂടി ചേരുമ്പോൾ സ്വർഗതുല്യമാണ് വീട്.

അതിൽ കൂടുതൽ എന്ത് വേണം രമേശ്‌. സമാധാനമല്ലേ ഏറ്റവും വലിയ സമ്പത്ത്.

“ഉം അതേ.

തന്റെ കുടുംബം?

“രമേശ്‌ പറഞ്ഞതിൽ നിന്നും നേരെ വിപരീതം.

കണ്ണ്നിറയുമ്പോൾ, സാരമില്ല പോട്ടെ എന്നൊന്നു ചേർത്തു നിർത്താൻ, സ്നേഹത്തോടെ ഒരുമ്മ തരാൻ, പ്രണയമഴയിൽ നനഞ്ഞ് കിടപ്പറയിൽ എല്ലാം മറന്നൊന്നാകാൻ ഒന്നിനും വിധിയുണ്ടായില്ല രമേശിന്റെ നീലുന്

അത്രയേറെ മനോഹരമായ സ്വപ്നങ്ങളെ കഴുത്തു ഞെരിച്ചു കൊന്നതിനുള്ള ശിക്ഷ.

സ്വയം നിന്ദയോടെ അവളൊന്നുചിരിച്ചു. ആ ചിരിയിൽ കണ്ണീരുപ്പ് പടരാൻ തുടങ്ങുന്നതറിഞ്ഞു അയാൾ പെട്ടെന്ന് വിഷയം മാറ്റാനെന്ന വിധം അവളോട് ചോദിച്ചു

നീലു, തന്റെ എഫ്ബി ഫ്രണ്ട് ജ്യോതിക രമേശ്‌ ആരെന്നറിയോ..?

“ഇല്ല ”

ഹഹ…അതാണെന്റെ പെണ്ണുംപിള്ള.

എന്റെ കൃഷ്ണാ…സത്യായിട്ടും.

അതേന്ന്.

തന്റെ എഴുത്തുകളോടൊക്കെ ഭയങ്കര ആരാധനയാ.

ഞാൻ പറഞ്ഞിട്ടുണ്ട് നമ്മൾ ഒന്നിച്ചു പഠിച്ചതാണെന്നും ഒരേ നാട്ടുകാരാണെന്നും.

“ആ കുട്ടി എന്റെ എല്ലാ കഥകളും വായിച്ച് നല്ല വിശദമായ കമന്റ്‌ ചെയ്യാറുണ്ട്. പക്ഷേ ഒരിക്കൽ പോലും ആളെ ഒന്ന് പരിചയപ്പെടാൻ തോന്നിയില്ല.

എന്തെ എന്നെ തിരിച്ചറിഞ്ഞിട്ടും രമേശും എന്നോട് സൗഹൃദം കൂടാൻ വന്നില്ല.

എന്തോ, എനിക്ക് ഒളിച്ചിരിക്കാൻ തോന്നി.

എന്നെങ്കിലും ഒരിക്കൽ ഇതുപോലെ താനെന്റെ മുന്നിൽ വരും എന്നൊരു തോന്നൽ

എന്നാലും ഇത്രയും വർഷം ഒളിഞ്ഞിരുന്നു എന്നെ നോക്കിക്കാണാൻ എങ്ങനെ മനസ്സ് വന്നു.

ഞാനായിരുന്നെങ്കിൽ ഓടി വന്നു മിണ്ടിയേനെ.

സാരമില്ല എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്നല്ലേ. ആ സമയം ആഗതമായിരിക്കുന്നു.

അതല്ലേ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഞാനീ കമ്പാർട്ട്മെന്റിൽ കയറി വന്നതും എന്റെ എതിരെയുള്ള സീറ്റിൽ താൻ നേരത്തെ സ്ഥലം പിടിച്ചതും.

ശരിയാണ് രമേശ്‌, ആകസ്മികതകളാണ് ജീവിതത്തിലെ ഏറ്റവും വലിയ തമാശ.ഒരുപക്ഷേ നമ്മെയൊക്കെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും അതു തന്നെയാ.

ഒന്നിച്ചൊരു യാത്ര സ്വപ്നംകണ്ടു നടന്ന കാലത്ത് അതൊന്നും നടന്നില്ല. എന്നിട്ടിപ്പോ ദാ പ്രതീക്ഷിക്കാത്ത നേരത്ത്.

ഉം… അതാണ്…

നോക്കൂ അടുത്ത സ്റ്റേഷൻ എറണാകുളമായ്. ഞാൻ അവിടെവരെയേ ഉള്ളൂട്ടോ. അവിടെയിറങ്ങി പാർട്ടി ഓഫീസിൽ കയറിയിട്ട് വേണം വീട്ടിൽ പോകാൻ.

താനും ഇറങ്ങുന്നെങ്കിൽ പിന്നെയങ്ങോട്ട് കാറിൽ ഒന്നിച്ചാകാം യാത്ര.

വേണ്ട രമേശ്‌. ഇത്രനേരമെങ്കിലും ഒന്നിച്ചിരിയ്ക്കാൻ കഴിഞ്ഞുലോ.അതു തന്നെ ഭാഗ്യം.അടുത്ത കഥക്ക് ഒരു വിഷയവും കിട്ടി.

ശരിയെന്നാൽ ഞാനിറങ്ങട്ടെ.താനിനി ഓരോന്ന് ആലോചിച്ചു ഉറങ്ങിപ്പോകരുത്. ആലുവയിൽ ഇറങ്ങണ്ടേ.

ബാഗ് എല്ലാം എടുത്തു വെച്ചോളൂ.

പിന്നേയ്,തിരിച്ചു പോകും മുൻപ് വീട്ടിലേക്ക് വരണം.ജ്യോതിക്ക് ഒരു സർപ്രൈസ് കൊടുക്കണം.തന്റെ ഫോൺ തരൂ എന്റെ നമ്പർ സേവ് ചെയ്തു തരാം.

ഫോൺ അയാൾക്ക് നേരെ നീട്ടുമ്പോൾ അടക്കിവെച്ച കണ്ണീർത്തുള്ളികളിലൊന്ന് ഡിസ്പ്ലേയിൽ വീണു ചിതറി.

അയാൾ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി .പിന്നെയാ മുഖം കൈകളിൽ കോരിയെടുത്ത് തുളുമ്പിയോഴുകുന്ന മിഴികളിൽ ചുണ്ടുകൾ ചേർത്തു.സാരമില്ല പോട്ടേ എന്ന മൃദു മന്ത്രണത്തോടെ.

നടുങ്ങി വിറച്ചു പോയി നീലിമ.പിന്നെയവൾ പരിസരം പോലും മറന്ന് മുഖംപൊത്തി ഏങ്ങലടിച്ചു.

ഒരു നിമിഷം കൂടി അവളെ നോക്കി നിന്നിട്ട് അടക്കിച്ചിരിയോടെ പകച്ചു നോക്കുന്ന മറ്റു യാത്രക്കാർക്കുമുന്നിലൂടെ പുറത്തേക്കിറങ്ങി നടക്കുമ്പോൾ അയാളും കരയുകയായിരുന്നു. എന്തിനെന്നറിയാതെ….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : സിന്ധു മനോജ്‌

Scroll to Top