അപ്പാ…. എണീക്കപ്പാ… സ്കൂളിൽ ഇന്ന് എന്നെ കൊണ്ടാക്കാന്ന് പറഞ്ഞിട്ട്… ബാഗ് വാങ്ങാന്ന് പറഞ്ഞിട്ട്… അപ്പാ… എണീയ്ക്കപ്പാ..

രചന : Sayana Gangesh

ചുട്ടുപൊള്ളുന്ന വെയിലിൽ മണലിലൂടെ തന്റെ സ്ലിപ്പർ ചെരുപ്പ് രാജ ആയാസത്തോടെ മുൻപോട്ട് എടുത്ത് വയ്ച്ചു. ആ കടപ്പുറത്തെ സൂര്യന്റെ മുഴുവൻ താപവും തന്നിലേക്ക് അരിച്ചിറങ്ങുന്ന പോലെ തോന്നി അയാൾക്ക്.മുന്നോട്ട് നടക്കുന്നതിനിടെ രാജ ഒന്ന് ചുറ്റും കണ്ണുകളോടിച്ചു. ” അങ്ങിങ്ങായി കുറച്ച് ആളുകൾ നിൽക്കുന്നതൊഴിച്ചാൽ ബീച്ച് കാലിയാണ്…

“അയാൾ മനസ്സിൽ ആലോചിച്ചു. അപ്പോഴേക്കും അയാൾ അയാളുടെ തള്ള് വണ്ടിയുടെ അടുത്തത്തിയിരുന്നു.

ശ്രദ്ധയോടെ രാജ വണ്ടിയ്ക്ക് മേലെ ഇട്ടിരിക്കുന്ന നീല ഷീറ്റ് എടുത്ത് മാറ്റി, കൈയ്യിൽ കവറിൽ കരുതിയിരുന്ന ചതുരത്തിൽ മുറിച്ച ന്യൂസ്‌ പേപ്പർ കഷ്ണങ്ങൾ ഒരു സ്ഥലത്ത് ഒതുക്കി വച്ചു.രാജ മെല്ലെ വാത്സല്യത്തോടെ തന്റെ വണ്ടിയെ ഒന്ന് തലോടി, “രാജാ….. കടലിലേക്കിറങ്ങല്ലേ, തിര കൂടുതലാ കണ്ണാ…”അമ്മയുടെ സ്നേഹത്തോടെ ഉള്ള വാക്കുകൾ തന്റെ ചെവിയിൽ ഒരു വട്ടം കൂടെ അലയടിച്ച പോലെ തോന്നി അയാൾക്ക്, മെല്ലെ ഓർമ്മയുടെ മണ്ണിട്ട നടപ്പാതയിലേക്ക് അയാൾ നടന്നിറങ്ങി.

“അപ്പാ…. എണീക്കപ്പാ… സ്കൂളിൽ ഇന്ന് എന്നെ കൊണ്ടാക്കാന്ന് പറഞ്ഞിട്ട്… ബാഗ് വാങ്ങാന്ന് പറഞ്ഞിട്ട്… അപ്പാ… എണീയ്ക്കപ്പാ…”നാലുവയസ്സുകാരൻ രാജ തലേ ദിവസം കുടിച്ച് ശർദിച്ച് അതിൽ തന്നെ ബോധമില്ലാതെ കമിഴ്ന്ന് കിടക്കുന്ന അച്ഛനെ ദയനീയമായി വിളിച്ചു. അവന്റെ കുഞ്ഞ് കൈകൾ കൊണ്ട് അവൻ അയാളെ കുലുക്കാൻ ശ്രമിയ്ക്കുന്നുണ്ടെങ്കിലും അയാളുടെ കരുത്തുറ്റ ശരീരം അത് അറിയുന്ന പോലും ഉണ്ടായിരുന്നില്ല.

അപ്പോഴേക്കും നേരിയ തണവോട് കൂടിയ രണ്ട് കൈകൾ അവനെ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ച് അവിടെ നിന്നെടുത്ത് വീടിനകത്തേക്ക് നടന്നു. രാജ തന്റെ കുഞ്ഞി കൈകൾ കൊണ്ട് അവളുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് തേങ്ങി…

“അമ്മാ…. അപ്പയോട് എണീക്കാൻ പറയ് അമ്മാ… ബാഗ് വാങ്ങി തരാൻ പറ… എനിക്ക് സ്കൂളിൽ പോണ്ടേ അമ്മാ….”

“അവൻ ഇന്നലെ എന്തേലും തന്നോ മോളേ…?”

ആ വീടിന്റെ പുറകിൽ അടുക്കളയോട് ചേർന്ന് വച്ച് കെട്ടിയുണ്ടാക്കിയ ഒരു മറകെട്ടിൽ നിന്ന് അവളുടെ അമ്മ ചോദിച്ചു. നിർവികാരമായ അവളുടെ നോട്ടം കണ്ട് അവർ മച്ചിലേക്ക് നോക്കി വീണ്ടും പറഞ്ഞു തുടങ്ങി, “ഹമ്, ഈ നാട്ടിലെ ഏറ്റോം ഭംഗിയുള്ളവളായിരുന്നു എന്റെ മോൾ…

എന്നിരുന്നാലും വീട്ടിൽ പട്ടിണി ആയിരുന്നു, പെണ്ണിനിത്ര ഭംഗിയുണ്ടെങ്കിലും കാണാൻ വരുന്നവർ ചോദിക്കുന്ന പൊന്നും പണവും എന്നെ കൊണ്ട് താങ്ങൂല എന്ന് മനസിലായപ്പോഴാണ് കൊച്ചാപ്ല കൊണ്ട് വന്ന തമിഴന്റെ ആലോചനയ്ക്ക് വന്ന് കണ്ടോളാൻ അന്ന് സമ്മതം മൂളിത്.വന്ന് കണ്ടപ്പോൾ ചെക്കനും തെറ്റില്ല, പിന്നെ നമ്മുടെ ഒപ്പം നിന്നോളും.. മോളെ നല്ലോണം നോക്കിക്കോളും എന്നൊക്കെ കേട്ടപ്പോൾ….., ഹ്മ് എല്ലാം വെറും വെള്ളത്തിൽ വരച്ച വരകൾ മാത്രമായിരുന്നു എന്ന് മനസിലായപ്പോഴേക്കും എല്ലാം.. തീർന്ന് ഞാൻ കിടപ്പിലുമായി, എന്റെ അമ്മുന്റെ ടെ വിധി……”

പാറുവമ്മയുടെ ചുളിഞ്ഞ കവിളുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.

പിറ്റേന്ന് പണി കഴിഞ്ഞ് വന്ന അമ്മുന്റെ കയ്യിൽ രാജയ്ക്കുള്ള ബാഗും ഒക്കെ ഉണ്ടായിരുന്നു. പഴകിയതാണെങ്കിലും തനിയ്ക്കാദ്യമായി കിട്ടിയ ബാഗിനെയും മറ്റും കൗതുകത്തോടെ തിരിച്ചും മറിച്ചും തലോടിയും നോക്കുന്ന രാജയെ കാൺകെ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു. അത് കണ്ട് രാജ അവിടെ നിന്നെഴുന്നേറ്റ് അമ്മുവിന്റെ അടുത്തേക്ക് ചെന്നു, ” അമ്മ വിഷമിക്കേണ്ട, ഇനി ഞാൻ സ്കൂളിൽ പോയി ഞാൻ പഠിച്ച് വലുതായാൽ എനിക്ക് നല്ല ജോലി കിട്ടൂലേ, അപ്പൊ കൂടുതൽ കാശും കിട്ടും അങ്ങനെ ആയാ പിന്നെ നമുക്ക് എല്ലാനേരോം ചോർ കഴിക്കാം.. ഉള്ളിൽ മഴ പെയ്യാത്ത വീട് ഉണ്ടാക്കാം…

കീറത്ത കുപ്പായമിടാം പിന്നെ ആ വളവിലെ വല്യ വീട്ടിലുള്ള പോലത്തെ പച്ച നിറമുള്ള സൈക്കിൾ വാങ്ങാം….എല്ലാം ശരിയാകും അപ്പോൾ.. അല്ലേ അമ്മേ.. ”  തന്റെ മുപ്പത്താറ്കാരൻ ഭർത്താവിൽ നിന്ന് ഒരിക്കലെങ്കിലും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ നാലര വയസ്സ്കാരൻ മകന്റെ നാവിൽ നിന്ന് കേട്ടതും അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ വാരി പുണർന്നു..

ദിവസങ്ങൾ കടന്ന് പോയി സ്കൂൾ വാർഷികത്തിന് സദസ്സിന് മുൻപിൽ വച്ച് കിട്ടിയ മിന്നുന്ന സ്വർണ്ണ നിറത്തിലുള്ള ക്ലാസ്സിൽ ഒന്നാമനായതിനുള്ള ട്രോഫി നെഞ്ചോട് ചേർത്ത് പിടിച്ച് രാജ വീട്ടിലേക്കോടി… ഓരോ ചുവട് മുൻപോട്ട് വയ്ക്കുമ്പോഴും അവന്റെ ഉള്ളിൽ തെളിഞ്ഞത് അവന് കിട്ടിയ ട്രോഫി കാണുമ്പോഴുള്ള അമ്മയുടെ മുഖത്തെ സന്തോഷം ആയിരുന്നു.

വീടിനടുത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും വീടിന്റെ പടിയിൽ കമിഴ്ന്ന് കിടക്കുന്ന അമ്മയെ അവൻ കണ്ടു,

“അമ്മേ…” ഓടിച്ചെന്ന് അമ്മയെ പിടിച്ചപ്പോൾ ആ ശരീരം തണുത്തുറഞ്ഞ ഐസ് പോലെ തോന്നി അവന്.. അവൻ ഉറക്കെ അമ്മയെ കുലുക്കി വിളിച്ചു…

“അമ്മ… എണീക്കമ്മ…. അമ്മാ….”അവന്റെ കൈയ്യിൽ നിന്നും തിളങ്ങുന്ന ട്രോഫി ഇഴുകി മണ്ണിലേക്ക് വീണു. ഒച്ച കേട്ട് ആളുകൾ കൂടി…ചുറ്റും ഒച്ചയും ബഹളവും ആയപ്പോൾ രാവിലത്തെ കെട്ട് വിട്ട് അയാൾ ഉള്ളിൽ നിന്നെഴുന്നേറ്റ് വന്നു, ചേതനയറ്റ അവളുടെ ശരീരം കണ്ട് ഒരു നിമിഷം സ്തംഭിച്ച് നിന്നതിന് ശേഷം വല്യ വായിൽ ഒച്ചവയ്ച്ച് കരയാൻ തുടങ്ങി..

എന്തോ അപ്പയുടെ കരച്ചിൽ രാജയ്ക്ക് അവന്റെ ചെവിയിൽ തുളച്ച് കയറുന്ന പോലെ തോന്നി.

തിളങ്ങുന്ന ട്രോഫിക്ക് ജീവിതത്തിൽ വലിയ സ്ഥാനമില്ലെന്ന് മനസിലാക്കി രാജ അതെടുത്ത് അമ്മയുടെ തകരപ്പെട്ടിയിലിട്ട് അടച്ച് വച്ചു…

പിന്നെ പതിയെ ചേരിയിലെ മറ്റ് കുട്ടികൾക്കൊപ്പം അവർ ചെയ്യുന്ന കുഞ്ഞ് ജോലികൾ ചെയ്യാനിറങ്ങി. രാവിലെ ആ ജോലികളും ഉച്ച കഴിഞ്ഞ് അമ്മയുടെ അവസാനമായി തനിക്കായ് ബാക്കി വച്ച കപ്പലണ്ടി വണ്ടിയിൽ കടൽ തീരത്ത് കച്ചവടം നടത്തി മൂന്ന് നേരം വയർ നിറയ്ക്കാനുള്ളത് കണ്ടെത്താൻ തുടങ്ങി, ആദ്യമാദ്യം വൈകിയെങ്കിലും വീടെത്തിയിരുന്ന അവന്റെ അപ്പ ഒരു നാൾ മുതൽ വരാതായി..എങ്കിലും ആ ഒറ്റമുറിയിൽ അവന്റെ അമ്മയുടെ സാരിയും ചുറ്റി പിടിച്ച് അമ്മൂമ്മയും അവനും കഴിഞ്ഞ് പോന്നു.

വേനൽ വർഷമായി.. ഗ്രീഷ്മവും… മഞ്ഞും മാറി മാറി വന്നു പോയി. കുഞ്ഞ് രാജ വളർന്ന് കുടുംബ നാഥൻ ആയി.. അവന്റെ തന്നെ കൂടെ ഉണ്ടായിരുന്ന അമ്പിളിയെ തന്റെ ജീവിതപങ്കാളിയാക്കി.അവർക്കിടയിലേക്ക് രാം പിറന്നു… രാജ തനിക്കും തന്റെ അമ്മയ്ക്കുമായി കണ്ടിരുന്ന അവന്റ സ്വപ്നങ്ങൾ അവന്റെ പുതിയ ജീവിതത്തിൽ യാഥാർഥ്യമാക്കി രാജയും അമ്പിളിയും എല്ലുമുറിയെ പണിയെടുത്ത് ഉള്ളിൽ മഴ പെയ്യാത്ത വീടുണ്ടാക്കി,

ഭാര്യക്കും മോനും മൂന്ന് നേരം ഭക്ഷണം നൽകി അവനലാകുന്ന വിധത്തിൽ നല്ല വസ്ത്രങ്ങൾ നൽകി..റാമിന് ഒരു സൈക്കിൾ…പിന്നെ അവന് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം രാമിന് രാജ നൽകി അവനെ അധ്യാപകനാക്കി , ഒപ്പം സ്വന്തം ജീവിതം അവനെ പഠിപ്പിച്ച ഒന്ന് രണ്ട് സ്വപ്നങ്ങൾ കൂടെ അവൻ തന്റെ ജീവിതത്തിൽ യഥാർഥ്യമാക്കി… ഒരു നല്ല ഭർത്താവും അച്ഛനുമാകാനും പിന്നെ ഒരു നല്ല മനുഷ്യനാകാനും…

“അച്ഛൻ കണ്ണ് തുറന്ന് സ്വപ്നം കാണുകയാണോ…?” പെട്ടന്ന് റാമിന്റെ ശബ്‌ദം രാജയെ ചിന്തകളുടെ ചുഴിയിൽ നിന്ന് പുറത്തേക്ക് വലിച്ചെടുത്തു. നോക്കിയപ്പോൾ രാജയുടെ വണ്ടിക്കടുത്ത് നിൽക്കുന്ന റാമിനെയും അവന്റെ ഭാര്യയെയും കൊച്ച് മോനെ എടുത്ത് അയാളെ സ്നേഹത്തോടെ നോക്കി നിൽക്കുന്ന അമ്പിളിയെയുമാണ് രാജ കണ്ടത്…

“ഞാൻ….. പഴയ കാര്യങ്ങൾ ഓർത്ത് അങ്ങ് നിന്ന് പോയി…” കപ്പലണ്ടിയുടെ കുഞ്ഞ് സഞ്ചി പുറത്തേക്ക് വച്ച് കൊണ്ട് അയാൾ അവർക്ക് മറുപടി നൽകി.

“ഇങ്ങ് നീങ്ങൂ ഞാൻ ചെയ്യാം,” അമ്പിളി അവന്റെ കൈയ്യിൽ നിന്ന് സഞ്ചി വാങ്ങി അവളുടെ കൂടെ തന്റെ മകനും മരുമകളും കളിചിരിയോടെ ചേരുന്നത് കണ്ട് നിറഞ്ഞ മനസ്സോടെ റാമിന്റെ മകനെ ചുമലിലെടുത്ത് രാജ ഓടിക്കളിക്കുന്ന തിരമാലകളെക്കടുത്തേക്ക് നടന്നു ആ കുഞ്ഞിന് നല്ലൊരു മുത്തശ്ശനും കൂടിയായി……

ആ കപ്പലണ്ടി കച്ചവടക്കാരന്റെ മറ്റൊരു സ്വപ്നവുമായി.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Sayana Gangesh

Scroll to Top