കറുത്തവർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ കറുത്തു പോയത് തന്റെ കുറ്റമാണോ.. സ്കൂളിൽ നിന്നേ കേൾക്കാൻ തുടങ്ങിയതാ കരിക്കട്ടയെന്ന്…

രചന : Rajesh Dhibu

വെളുത്ത പെണ്ണ്…

******************

“ചേച്ചീ കുളിക്കുന്നില്ലേ.. ഉവ്വേ ഉവ്വേ സ്വപ്നം കണ്ടു കിടക്കുകയായിരിക്കും.” ലച്ചു കളിയാക്കി കൊണ്ട് സീതയെ ഒന്നു നുള്ളി..

“ഒന്നുപോടീ.. ”

നുള്ളിയ ഭാഗത്ത് അമർത്തി തിരുമ്മി കൊണ്ട് സീത ചാടിയെഴുനേറ്റു..

“എടീ നിന്റെ പുലിനഖം ഒന്നു മുറിച്ചുകളയാമോ… എനിക്ക് വേദനിച്ചു ട്ടോ..”

“വേദനിച്ചാൽ കണക്കായി പോയി..

ചേച്ചിപെണ്ണേ..”

“ചേച്ചിയെ ഇന്ന് കാണാൻ വരുന്നവർക്ക് ഇഷ്ടപ്പെട്ടാൽ ഇനി ഞാൻ ആരെയാ പിച്ചുക..”

അതു പറയുമ്പോൾ ലച്ചുവിന്റെ കണ്ണുകൾ നിറയുന്നതും ശബ്ദം ഇടറുന്നതും കണ്ടപ്പോൾ സീതയുടേയും കണ്ണുനിറഞ്ഞു..

“അപ്പോഴേക്കും നിന്റെ കണ്ണു നിറഞ്ഞോ എന്റ ലച്ചുകുട്ടി ചേച്ചീ ഒരു തമാശ പറഞ്ഞതല്ലേ… എന്റെ മോള് പിണങ്ങണ്ടട്ടോ..”

അവൾ കണ്ണുതുടച്ചു തലയാട്ടികൊണ്ട് തിരിഞ്ഞു നടന്നപ്പോൾ സീത ഇന്നത്തെ തന്റെ പെണ്ണുകാണലിനെ കുറിച്ചു ഗാഢമായി ചിന്തിക്കുകയായിരുന്നു..

ഇത് എത്രാമത്തെ അണിഞ്ഞൊരുങ്ങലാണ്..

മടുത്തു..

വരുന്നവർ എല്ലാം അറിഞ്ഞിരുന്നിട്ടും തന്റെ മുഖത്ത് നോക്കിയുള്ള പരിഹാസ ചോദ്യങ്ങൾ കേൾക്കുമ്പോഴാണ് ചങ്ക് പ്പൊട്ടി പോകുന്നത്….

അച്ഛനും അമ്മയും അനുജത്തിയും വെളുത്തിട്ടാണല്ലോ.. കുട്ടി മാത്രം എന്തേ കറുത്ത് പോയത്..?

ഇത്രയും കറുപ്പ് ആകാൻ താൻ വല്ല ഗുളികയും കഴിച്ചിരുന്നോ.. കുട്ടിക്ക് വല്ല മാരക രോഗമുണ്ടോ.?..

വിവാഹം കഴിഞ്ഞാൽ ഞാൻ ഫെയർ ഏന്റ് ലൗവലി വാങ്ങിമുടിയുമല്ലോ..!!

എന്തല്ലാം ചോദ്യങ്ങളാണ്.. ആവനാഴി നിറച്ചും കൂരമ്പുകൾ തനിക്കു നേരെ തൊടുത്തു വിടുന്നത്…

വന്നു കണ്ട ആണുങ്ങൾ എല്ലാം വലിയ ഗന്ധർവ്വൻമാർ എല്ലാം തികഞ്ഞവർ അവൾ ആ വാക്കുകളെ പുച്ചത്തോടെ നോക്കി കണ്ടു..

കറുത്തവർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ കറുത്തു പോയത് തന്റെ കുറ്റമാണോ.. സ്കൂളിൽ നിന്നേ കേൾക്കാൻ തുടങ്ങിയതാ കരിക്കട്ടയെന്ന്..

അമ്മയാണേ സത്യം ഇന്ന് വരുന്നവർ ഇതിനെ പറ്റി വല്ലതും ചോദിക്കുക യാണങ്കിൽ പച്ച തെറി വിളിച്ചു ഞാനവരെ ആട്ടും.. നോക്കിക്കോ..

കണ്ണാടിയിൽ പതിഞ്ഞ തന്റെ പ്രതിബിംബത്തിലേയ്ക്ക് നോക്കിയവൾ കോപത്തോടെ സ്വയം പിറുപിറുത്തു..

സീത മോളേ.. നീ ഇതു വരെ എഴുന്നേറ്റില്ലേ..?

പാത്രങ്ങളോട് മല്ലിടുന്ന കൂട്ടത്തിൽ അമ്മ അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു കൂവിയപ്പോഴാണ്..

അവൾ കണ്ണാടിയിൽ നിന്നും തന്റെ കാർമേഘം മൂടിയ മുഖത്തെ അടർത്തിമാറ്റിയത്..

ഉവ്വ് അമ്മേ…

മനസ്സില്ലാ മനസ്സോടെ കിടക്കയിൽ നിന്ന് എഴുന്നേറ്റു.അഴിഞ്ഞുലഞ്ഞു കിടന്ന മുടി വാരി ചുറ്റി കെട്ടി കൊണ്ടു മുഖം പോലും കഴുകാതെ അടുക്കളയിലേക്ക് നടന്നു..

പാദസരത്തിന്റെ കിലുക്കം കേട്ടിട്ടാകണം.. അമ്മ ചോറു ഊറ്റുന്നതിനിടയിൽ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു തുടങ്ങിയത്..

കേട്ടിട്ട് നല്ല ബന്ധമാണ് മോളെ.. ചെക്കൻ ഓട്ടോ ഡ്രൈവറായിരുന്നാലും വീട്ടിൽ അത്യാവശ്യം കഴിവുള്ളവര ..ചെറുക്കനും അൽപം കറുത്തിട്ടാ നിനക്ക് നന്നായി ചേരുമെന്നാണ് അമ്മിണിയമ്മ പറഞ്ഞത്..

നിന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അവർ അമ്മിണിയമ്മയെ വിളിച്ചതെന്ന്..

ഉം അവൾ ഒന്നു നീട്ടി മൂളി അമ്മയുടെ പുകഴ്ത്തലിന് മറുപടി നൽകി..

ഓട്ടോ ഡ്രൈവറോ .. ഇതു പോലെ എത്ര പേരെ കണ്ടിരിക്കുന്നു..

“എനിക്കു തോന്നുന്നില്ല അമ്മേ .. ഇതു നടക്കുമെന്ന്.. ഇത്രയും പേരും ഇവിടെ വന്നതും എന്റെ ഫോട്ടോ കണ്ടിട്ടു തന്നെയാ..

നേരിട്ടു കാണുമ്പോഴല്ലേ.. അവരുടെ മനസ്സുമാറുന്നത്…”

മറുപടി പരിഹാസ ചിരിയിലൊതുക്കി കൊണ്ട് കാപ്പിയെടുക്കാൻ തുടങ്ങുമ്പോഴാണ് അമ്മയുടെ വാക്കുകൾക്ക് കടുപ്പമേറിയത്..

“നീയൊന്നു കരിനാക്കു വളക്കാതിരിക്കുമോ.. നീ എന്ത് കണ്ടിട്ടാ കിടന്നു തുള്ളുന്നേ…

പിന്നേ.. ഓട്ടോ ഡ്രൈവർക്ക് എന്താടീ ഒരു കുറച്ചിൽ പ്രീഡിഗ്രി വരെ പഠിച്ച നിന്നെ കെട്ടാൻ ഐഎഎസ് വരും.നീ നോക്കിയിരുന്നോ,..

അവളുടെ ഒരു കാര്യം അന്വേഷിക്കൽ..

പോയി കുളിച്ച് ഒരു നല്ല സാരിയെടുത്ത് ഉടുക്കെടി….”

മേശപ്പുറത്തിരുന്ന കാപ്പിയെടുത്തു കുടിച്ചു കൊണ്ട് അമ്മക്ക് മറുപടി നൽകാതെ അവൾ തിരിച്ചു നടന്നു..

കുളി കഴിഞ്ഞ് മുടിയുണക്കാൻ വരാന്തയിലേയ്ക്ക് ചെന്നപ്പോഴാണ്. ചായ്പ്പിന്റെ അപ്പുറത്ത് ആരോ അടക്കം പറയുന്നത് അവളുടെ കാതിൽ പതിഞ്ഞത്..

ഇടയ്ക്കുള്ള മൂളലിൽ നിന്ന് അച്ചനോടാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമായി..

അവൾ ജനാലയോട് ചേർന്നു നിന്നുകൊണ്ട് ആ വാക്കുകൾക്ക് കാതോർത്തു..

“പ്രഭാകരാ.. നിന്റ ഒറ്റവാക്കിൻ മേലാണ് ഞാനവരെ ഇങ്ങോട്ട് കൂട്ടികൊണ്ടുവരുന്നത്..’

“ഇനി കെട്ടുകഴിഞ്ഞ് ഒരു മാതിരി വർത്തമാനവുമായി വന്നാൽ പെണ്ണ് കുടുംബത്ത് വന്ന് നിൽക്കും… ഞാൻ പറഞ്ഞില്ല എന്നുവേണ്ട…”

“അമ്മിണിയമ്മേ.. ഞാൻ വാക്ക് പറഞ്ഞാൽ വാക്കാണ്.. കെട്ടുകഴിഞ്ഞ് പിറ്റേദിവസം തന്നെഈ വീടും പതിനാറു സെന്റ് ഭൂമിയും അവന്റെ പേർക്ക് എഴുതിത്തരും ഇത് പ്രഭാകരന്റെ വാക്കാണ്..”

“പ്രഭാകര ഇതു നിങ്ങൾക്ക് ലോട്ടറി അടിച്ചത് പോലെയാണ്..അല്ലെങ്കിൽ ചെക്കൻ ഇതിനു സമ്മതിക്കുമോ.. ഞാൻ ചെറുക്കനെ പറഞ്ഞു മനസിലാക്കാൻ കഴിച്ച ഒരു പാട്.”

“എന്താകുമോ എന്തോ….?

ഞാൻ പോകുന്നു അവരെയും കൂട്ടി പത്തു മണിക്ക് തന്നെ ഞാൻ ഇങ്ങു എത്തിയേക്കാം
അപ്പോൾ എല്ലാം പറഞ്ഞപോലെ..”

നിശബ്ദത നിറഞ്ഞു നിന്ന അതരീക്ഷത്തിലേയ്ക്ക് ഒരു പേമാരിയായ് ചോദ്യ ശരങ്ങൾ അവളെ നനയിച്ചു കൊണ്ടിരുന്നു..

പാവം അച്ഛൻ തനിക്ക് വേണ്ടി ത്യാഗം ചെയ്യുന്നതു കണ്ടപ്പോൾ ഇങ്ങിനെയൊരു കല്യാണം ആവശ്യമാണോ എന്നു വരെ ഒരു നിമിഷമവൾ ചിന്തിച്ചുപോയി..

ഉള്ളതു മുഴുവൻ വിറ്റുപെറുക്കി താൻ ഈ കുടുബത്തിൽ നിന്നും പടിയിറങ്ങിയാൽ തെരുവിലേയ്ക്കിറങ്ങുന്നത് മൂന്ന് പേരായിരിക്കും..

പാവം ലച്ചു അവളുടെ ശാപം തന്നെ ജീവിതാവസാനം വരെ വേട്ടയാടിക്കൊണ്ടിരിക്കും …

വേണ്ട എനിക്കീ കല്യാണം വേണ്ട…

സ്വയം തീരുമാനിച്ചുറപ്പിച്ചു കൊണ്ടവൾ തന്റെ ഈറനായ മുടി അഴിച്ചിട്ടുകൊണ്ടു തന്നെ അടുക്കളയിലേക്ക് ചെന്നു..മുടിത്തുമ്പിൽ നിന്നും അപ്പോഴും നീർമുത്തുകൾ വാർന്നൊലിക്കുന്നുണ്ടായിരുന്നു…

“ഇത് എന്തുകോലമാടി..”

അടുക്കളയിലെ ജോലി തിരക്കിലെ അമർഷം സരസ്വതി തീർത്തത് സീതയുടെ മുഖത്ത് നോക്കി തറപ്പിച്ച് പറഞ്ഞുകൊണ്ടായിരുന്നു..

“ഈ കോലത്തിൽ ആണോ നീ ചെന്ന് നിൽക്കാൻ പോകുന്നത്..”

“ഞാൻ ഒന്നിനും ഇല്ല..എനിക്ക് ഈ കല്യാണവും വേണ്ട…”

കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന മകളെ കണ്ടപ്പോൾ സരസ്വതി എന്തന്നറിയാതെ അവളെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു..

“അമ്മയും കൂടി അറിഞ്ഞിട്ടാണോ ഈ കച്ചവടം..”

“മോളേ..”

“വിളിക്കരുത് നിങ്ങൾ എന്നേ അങ്ങിനെ..

അന്നേ കൊന്ന് കളയാമായിരുന്നില്ലേ എന്തിനാണ് എന്നെ വളർത്തിയത്…”

ആ വാക്കുകൾ ചെന്നു തറച്ചത് സരസ്വതിയുടെ നെഞ്ചിലായിരുന്നു..

ഒരു നിമിഷത്തേയ്ക്ക് മറുപടി പറയാൻ കഴിയാതെ അവർ നിന്നു വിയർക്കുകയായിരുന്നു..

“ഇത്രയും ത്യാഗം ചെയ്ത് എന്നെ പറഞ്ഞയച്ചാൽ.. ലച്ചുവിന്റെ കാര്യം വരുമ്പോൾ അച്ഛൻ എന്തു ചെയ്യും.

നിങ്ങൾ മൂന്നുപേരും എങ്ങോട്ടുപോകും..”

അണപൊട്ടിയൊഴുകിയതു പോലെ അവൾ വീണ്ടും വാചാലയായപ്പോഴാണ് സരസ്വതിക്ക് ശ്വാസം നേരെ വീണത്..ഹാവൂ അവർ ഒരു ദീർഘശ്വാസമെടുത്ത് അവളുടെ അടുത്തേക്ക് ചെന്നു..

തനിക്കു നേരെ ഉയർത്തിയ മകളുടെ കൈകളിൽ ചേർത്ത് പിടിച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞു

“അതൊന്നുമോർത്ത് എന്റെ മോൾ വിഷമിക്കരുത്..

“എല്ലാം നല്ല രീതിയിൽ നടക്കണേയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കൂ..

മോൾ ചെന്ന് കുളിച്ച് റെഡിയാവാൻ..നോക്ക്..

സരസ്വതി മകളെ ആശ്വസിപ്പിച്ച് പറഞ്ഞയച്ചു….

ആശ്വാസവാക്കുകളുമായി എത്തിയ അമ്മയുടെ മുന്നിൽ അവൾ ചോദിച്ചതിനു ഉത്തരമുണ്ടായിരുന്നില്ല..

ഇനിയെന്താണ് ചെയ്യുക ഈശ്വരാ…

തീരുമാനമെടുക്കാൻ കഴിയാതെ അവൾ നിന്നുരുകുകയായിരുന്നു..

ചിന്തകൾ കാടു കയറിയപ്പോഴാണ് അനുവിന്റെ മുഖം അവളുടെ മനസ്സിലേയ്ക്ക് ഓടിയെത്തിയത്..

അനു.. അവൾക്കറിയാം..

എന്നും അവളുടെ തീരുമാനങ്ങളാണ് തന്നെ താങ്ങി നിറുത്തിയിട്ടുള്ളത്..

പരിഹാസവാക്കുകളിൽ കിടന്നു താൻ നീറുമ്പോൾ.. അവൾ എന്നും എന്നേ ചേർത്തു പിടിച്ചിട്ടേയുള്ളു..

ഈക്കാര്യത്തിലും അവൾ സഹായിക്കും..

കൂടുതലൊന്നും ആലോചിക്കാതെ പടിഞ്ഞാപ്പുറത്തെ വാതിൽ തുറന്നു കൊണ്ടവൾ അനുവിന്റെ വീട്ടിലേയ്ക്ക് തിരിച്ചു..

“ആരാ ഇത് കല്യാണ പെണ്ണോ..?”

“എന്താടീ കളിയാക്കുകയാണോ..”

“ഏയ്…”

മുഖം തിരിച്ചു കൊണ്ടാണ് അനു മറുപടി നൽകിയത്.

“എന്താടി മുഖത്ത് ഒരു മ്ലാനത..

ഇനി ഞാൻ കരിക്കട്ടതന്നെയാണ് എനിക്ക് മംഗല്യയോഗം ഉണ്ടാകില്ല നീയും വിചാരിച്ചിരുന്നുവോ..”

“സീതേ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുത്..”

“പിന്നെ ഞാൻ എന്തു പറയണം

ഇന്നൊരു നല്ല ദിവസം ആയിട്ട് നിന്നെ അങ്ങോട്ടൊന്നും കണ്ടില്ലല്ലോ അനു..”

“അതൊന്നുകൊണ്ടുമല്ല സീതേ എനിക്ക് ആ കാഴ്ച്ച കണ്ടു നിൽക്കാൻ കഴിയില്ല സീതേ.

അതെന്താടി എന്നേ കെട്ടിച്ചു വിടുന്നത് നിനക്കും ഇഷ്ട്ടമല്ലേ..”

“എനിക്ക് സന്തോഷമുള്ള കാര്യം തന്നെ എന്നാൽ ഇതു..

നീ കാര്യമെന്താണെന്ന് തെളിച്ചു പറയുന്നുണ്ടോ..

ഞാനിവിടെ ചെകുത്താനും കടലിനും നടക്കുകകപ്പെട്ടപോലെയാ ഒരു തീരുമാനം എടുക്കാൻ കഴിയാതെ..

അതുവരെ ശാന്തമായി കേട്ടുകൊണ്ടിരുന്ന അനു ഓടിവന്നു സീതയെ കെട്ടിപിടിച്ചു…

എടി എല്ലാവരും കൂടി നിന്നെ ചതിക്കുകയാണെടി…

തന്നെ കെട്ടിപ്പുണർന്നിരുന്ന അനുവിന്റെ കൈകൾ വിടുവിച്ചു സീത അനുവിനെ തനിക്ക് അഭിമുഖമായി നിറുത്തി ആ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചുനോക്കി…

നീ എന്താപറഞ്ഞത്..

“അതേടീ ഇന്ന് പെണ്ണ് കാണുവാൻ വരുന്നത് നിന്നെയല്ല ലച്ചുവിനെയാണ്..”

“അനു…”

ആ വിളിയിൽ വേദനയുടെ പ്രതിധ്വനി മാത്രമായിരുന്നു മുഴങ്ങിയത്..

“അതേ സത്യമാണ് ഞാൻ പറഞ്ഞത്..

നിന്റെ അമ്മ വന്ന് ഇവിടെ എന്റെ അമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്..”

എല്ലാ കാര്യങ്ങളും മുടങ്ങി പോകുന്നത് കണ്ടപ്പോൾ അമ്മിണിയമ്മയാണ് പറഞ്ഞത്

മേലെക്കുന്നിലെ ബ്രഹ്മദത്തൻ പണിക്കരെ കണ്ടു കാര്യം പറയാൻ.. “നിന്റെ ജാതകം നോക്കിയ അയാൾ പറഞ്ഞത് ഈ കുടുംബത്തിലെ എല്ലാവരുടെയും കണ്ണീരു കണ്ടിട്ടേ നീ അടങ്ങൂയെന്ന്..

ഒന്നുകിൽ ഇരിക്കപിണ്ഡം വെക്കണം അല്ലെങ്കിൽ എത്രയും പെട്ടന്ന് വിവാഹം കഴിച്ചയക്കണമെന്ന് നിന്റെ വിവാഹജീവിതം പ്രവചിക്കുവാൻ അങ്ങേരെ കൊണ്ടു കഴിയില്ലെന്ന്…”

“അതിനെന്തിനാണ് അവർ ഇങ്ങനെ ഒരു നാടകം കളിച്ചതു… എന്നോട് പറഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ ഞാൻ സമ്മതിക്കുമായിരുന്നല്ലോ..”

“നീ ചിന്തിച്ച പോലെ ഞാനും ചിന്തിച്ചത..

എന്നാൽ അവിടെയാണ് നീ വില്ലനായത്..നീ കാളിയുടെ അവതാര ജന്മമാണത്രെ..നിനക്ക് വേണ്ടി ജനിച്ച പുരുഷനല്ലാതേ വേറെ ആരെ വിവാഹം കഴിച്ചാലും നീ വിധവയാകും.. അങ്ങിനെ ഒരാൾ വരുന്നതുവരെ നീ കാത്തിരിക്കേണ്ടി വരും..എത്ര നാൾ എന്ന് വെച്ചിട്ട കാത്തിരിക്കുക…അതു കൊണ്ടാകും അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തതു..

ലച്ചുവിനെ ശപിക്കല്ലെടി ആ പാവത്തിന് ഒന്നും അറിയില്ല..”

“ശപിക്കാനോ ഞാനോ..അനു സ്നേഹിക്കാൻ മാത്രമേ ഞാൻ പഠിച്ചിട്ടുള്ളൂ.. അതിപ്പോൾ ശത്രു ആയിരുന്നാലും..”

“പോട്ടെടി നിന്റെ വിധിയാകാം.

എന്നു കരുതി സമാധാനിക്കു.. നീ ഒന്നും അറിയാത്ത പോലെ പെരുമാറിയാൽ മതി..”

“ഞാൻ എന്തു പറയാൻ അവൾ എന്റെ കൂടെപ്പിറപ്പല്ലെടി..അവർക്കു ഞാൻ ചെയ്തില്ലങ്കിൽ പിന്നെ ആരാണുള്ളത്..”

കണ്ണു നിറഞ്ഞുതുളുമ്പുമ്പോഴും…അവൾ പുഞ്ചിരിച്ചു കൊണ്ടാണ് പറഞ്ഞു നിറുത്തിയത്..

എല്ലാവർക്കും ഞാൻ ഒരു ഭാരമാണോടി,. ഞാൻ ഇറങ്ങുന്നു..

“സീതെ ഒന്ന് നിന്നെ.. നീ വഴക്ക് പറയില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം..”

“ഉം..”

“ഇന്നലെ കവലയിൽ വെച്ചു ഞാൻ ഒരാളെ കണ്ടു..നിന്നെ കുറിച്ച് ചോദിച്ചു…”.

സീത തിരിഞ്ഞു നിന്നു തലയാട്ടികൊണ്ടു ആംഗ്യഭാഷയിൽ ആരെന്ന് തിരക്കി..

“അതെ വേറെ ആരുമല്ല നിന്റെ ശത്രുതന്നെ ഹരി.. ഡൽഹിയിലെ പഠിപ്പു എല്ലാം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്..അതേടി കരിക്കട്ടയുടെ യഥാർത്ഥ നാമകർത്താവ്…

പുള്ളിക്ക് നിന്നെ ഒന്നു കാണണമെന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ വിടരുന്നതും മുഖത്തെ സന്തോഷവും എനിക്ക് നിന്നോട് പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല”

“നിന്റെ വിവാഹക്കാര്യം ഞാൻ സൂചിപ്പിച്ചപ്പോൾ ആ മുഖമൊന്നു വാടിയത് ഞാൻ ശ്രദ്ധിച്ചായിരുന്നു..

എന്തോ നഷ്ടപ്പെട്ടതു പോലെയുള്ള ഒരു നിൽപ്പ് ..

സീതേ ഇനി പണിക്കരു പറഞ്ഞ ആ അവതാര പുരുഷൻ അവനെങ്ങാനും ആകുമോടി…

പിന്നെ നിന്നെ കാത്തിരിക്കുന്ന ആ ഒരാൾ അവൻ ആണെങ്കിലോ..

ഒരു പക്ഷെ നിനക്കായി എഴുതി വെച്ചത് ഇവനായിരിക്കും…

അഥവാ അതു നിന്റെ അവതാരപുരുഷൻ ആണെങ്കിൽ അവന്റെ മനസ്സിൽ നീയാണെങ്കിൽ നാളെത്തെ കളക്ടറുടെ ഭാര്യ ആയിരിക്കും നീ…ഈ ലോകത്തെ ഏറ്റവും ഭാഗ്യം നേടിയ പെണ്ണ് നിനക്കു മാത്രം സ്വന്തം…”

അതു കേട്ടപ്പോൾ സീതയുടെ കണ്ണിലെ തിളക്കം നോക്കി നിൽക്കുകയായിരുന്നു അനു അന്നേരം

ആർത്തിരമ്പുന്ന മനസ്സുമായി എന്തോ ചിന്തിച്ചുകൊണ്ടു നിന്ന സീതയെ നോക്കി അപ്രതീക്ഷിതമായിട്ടാണ് അനു ചോദിച്ചതു.

ഇനിയെങ്കിലും മനസ്സുതുറന്നു ഒന്ന് ചിരിച്ചൂടെടി നിനക്ക്.. കണ്ണുനീർ തുള്ളികൾ വീഴ്ത്താത്ത ഒരു പുലരിയെ സ്വപ്നം കണ്ടു കൂടെ..

നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ടു തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ സീതയെ അനു ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു.. നീ കറുത്തപെണ്ണല്ലടി വെളുത്ത പെണ്ണാ…

എന്ന് നിങ്ങളുടെ സ്വന്തം ദീപു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Rajesh Dhibu

Scroll to Top