എനിക്ക് വീടില്ല ടീച്ചറെ, അച്ഛനും അമ്മയും ജോലി ചെയ്യുന്ന വീട്ടിലാ ഞാൻ താമസിക്കുന്നത്….

രചന : നെസ്‌ല. N

പിറന്നാൾ സമ്മാനം

********************

ഒരു ഉച്ച സമയം ടീച്ചർ ക്ലാസ്സിലേക്ക് വന്നു.പുറത്തെ ചൂട് ക്ലാസ്സിലും അനുഭപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ കുട്ടികളും അസ്വസ്ഥരാണ്. കുട്ടികളുടെ ബഹളം കൂടിയപ്പോൾ ടീച്ചർ അവരോട് നിങ്ങളുടെ ഏറ്റവും വലിയ ഒരു ആഗ്രഹം എഴുതാൻ ആവശ്യപ്പെട്ടു. എല്ലാകുട്ടികൾക്കും ടീച്ചർ ഓരോ പേപ്പർ വീതം നൽകി.പേപ്പർ കയ്യിൽ വാങ്ങിയ അമ്മു തന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നു ആലോചിച്ചു.

നല്ല കളിപ്പാട്ടം, ഉടുപ്പ്, മിഠായി,അങ്ങനെ പലതും ആ കുഞ്ഞു മനസ്സിലൂടെ കടന്നു പോയി.

അല്ല, അതൊന്നുമല്ല എന്റെ ഏറ്റവും വലിയ ആഗ്രഹം. പിന്നെ എന്താണ്?

അവൾ ആലോചിച്ചു

ഒരു കൊച്ചു വീട്. അതാണെന്റെ ആഗ്രഹം.

ആ വീട്ടിൽ ഞാനും അച്ഛനും അമ്മയും. വീട് മാത്രം പോരാ.

മുറ്റത്തു നല്ലൊരു പൂന്തോട്ടം ഉണ്ടാക്കണം.

ആ പൂന്തോട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള റോസയും , മുല്ലയും വെച്ചുപിടിപ്പിക്കണം.മുറ്റത്തു ഒരു മാവ് വേണം. അതിൽ നല്ലൊരു ഊഞ്ഞാൽ കെട്ടി തരാൻ അച്ഛനോട് പറയണം. ചക്കി ചേച്ചിയുടെ വീട്ടിലുള്ളത് പോലെ ഒരു കുഞ്ഞാടിനെയും വാങ്ങിക്കണം. അവൾക്കു അമ്മിണി എന്ന് പേരിടണം.ചക്കി ചേച്ചിക്ക് ഒരുപാട് ആടും പശുവും ഉണ്ട്. എനിക്ക് ഒരെണ്ണം മതി.അമ്മു പുറത്തേക്ക് നോക്കിയിരുന്നു.

അമ്മു നീ എഴുതുന്നില്ലേ.

അവൾ ടീച്ചറെ നോക്കി ചിരിച്ചു.

എല്ലാവരും ഓരോ ആഗ്രഹങ്ങൾ എഴുതാൻ തുടങ്ങി.

അമ്മു മാത്രം ഒന്നും എഴുതിയില്ല. ക്ലാസ്സിൽ കുട്ടികൾ പരസ്പരം ആഗ്രഹങ്ങൾ പറഞ്ഞു കൊണ്ടു കലപില കൂട്ടി. ടീച്ചർ ഇടക്കിടക്ക് മേശമേൽ തട്ടി കുട്ടികളുടെ ബഹളത്തെ നിയന്ത്രിച്ചു.

അമ്മു നീ എന്താ എഴുതാൻ പോകുന്നത്?

ആവണിയാണത് ചോദിച്ചത്.

ഒന്നും എഴുതിയില്ല. അതെന്താ?

എഴുതണം.

നീ എന്താ എഴുതിയത്?അമ്മു തിരിച്ചു ചോദിച്ചു.

‘അതോ അച്ഛൻ അടുത്ത പ്രാവശ്യം വരുമ്പോൾ ഞങ്ങളെയും കൂടി ദുബായിൽ കൊണ്ടു പോകണേ എന്ന്

മ്മ്.

കുട്ടികൾ ഓരോരുത്തരായി എഴുതിയ പേപ്പർ ടീച്ചറിന്റെ കയ്യിൽ കൊണ്ടു കൊടുത്തു.

കുറച്ചു സമയങ്ങൾക്ക് ശേഷം ടീച്ചർ എല്ലാവരുടെയും പേപ്പർ വാങ്ങി. ഓരോ കുട്ടികളെയും അരികിൽ വിളിച്ചു അവരുടെ രചനകൾ കയ്യിൽ കൊടുത്തിട്ട് വായിക്കാൻ പറഞ്ഞു. ഓരോ കുട്ടികളും എഴുതിയത് വായിച്ചും അക്ഷരങ്ങൾ അറിയാത്തവർ ആഗ്രങ്ങൾ പറയുകയും ചെയ്തു.

അടുത്തത് അമ്മുവിന്റെ ഊഴമായിരുന്നു.ടീച്ചർ അമ്മുവിന്റെ പേപ്പറിലേക്ക് നോക്കി. ഇതൊരു ചിത്രം ആണല്ലോ. ഭംഗിയുള്ള ഒരു ചിത്രം.

ടീച്ചർ ആ ചിത്രം നോക്കി. വലിയൊരു മുറ്റം,

ചെറിയൊരു കുഞ്ഞു വീട്, മനോഹരമായ പൂന്തോട്ടം,

വീടിന്റെ അരികിൽ ഒരു കൊച്ചു മൃഗം. പട്ടിയോ പൂച്ചയോ ആയിരിക്കും ടീച്ചർ കരുതി.ഒരു മരം വരച്ചിട്ടുണ്ട്, അതിൽ ഒരു ഊഞ്ഞാൽ.

“അമ്മു, ടീച്ചർ എഴുതാനല്ലേ പറഞ്ഞത്.

കുട്ടിയെന്താ പടം വരച്ചത്?”

ടീച്ചർ ഇതു എന്റെ വീടാണ് വരച്ചത്.

ഞാൻ നിങ്ങളോട് വീട് വരയ്ക്കാനല്ലല്ലോ പറഞ്ഞത്.

ഇതെന്റെ വീടല്ല.

ഇങ്ങനത്തെ ഒരു വീട് വേണം എന്നാണ് എന്റെ ആഗ്രഹം.

‘അപ്പോൾ എങ്ങനെയുള്ള വീടാണ് അമ്മുവിന് ഉള്ളത്?’

എനിക്ക് വീടില്ല, വീടില്ലേ..?

‘അതെന്താ അമ്മുവിനു വീടില്ലാത്തതു?’

‘എനിക്കറിയില്ല.’

അമ്മു എവിടാ താമസിക്കുന്നത്?

അതോ ചക്കി ചേച്ചിയുടെ വീട്ടിൽ. അതാരാ.

അച്ഛനും അമ്മയും ജോലി ചെയ്യുന്ന വീടാ.

അവിടെയാണ് ഞാൻ താമസിക്കുന്നത്.

അവിടെ പൂവാലി പശുവിന്റെ തൊഴുത്തിനോട് ചേർന്നു. രാത്രിയാകുമ്പോൾ കൊതുകും,

പൂവാലിയുടെ കരച്ചിലും കാരണം ഉറങ്ങാൻ കൂടി കഴിയില്ല. അതുകൊണ്ടു എനിക്ക് നല്ലൊരു വീട് വേണം. എനിക്ക് പഠിക്കാനും ഉറങ്ങാനും കളിക്കാനുമൊക്കെ.

മഴവരുമ്പോൾ അമ്മുവിന് പേടിയാ. ആ വീട്ടിൽ കാറ്റടിച്ചാൽ വെള്ളം വീഴും. അപ്പോൾ അമ്മ എന്നെ ചേർത്തു പിടിക്കും. ഒരു ദിവസം അമ്മു ഉറങ്ങി കിടന്നപ്പോൾ മഴ പെയ്തു. അന്ന് അമ്മുവിന്റെ മേലെല്ലാം നനഞ്ഞു. ആ എട്ടു വയസ്സുകാരിയുടെ നിഷ്കളങ്കമായ പറച്ചിൽ ടീച്ചറിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. പാവം കുട്ടി. ശെരി, നന്നായിട്ടുണ്ട് പോയിരുന്നോ.അമ്മുവിന്റെ പ്രായത്തിലുള്ള ഒരു കുട്ടി തനിക്കും ഉണ്ട്. അപ്പോൾ ടീച്ചറിന്റെ മനസ്സിലേക്കോടിയതിയത് തന്റെ കുട്ടിയുടെ മുഖം ആയിരുന്നു

അമ്മുവിന്റെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ അവരുടെ സ്കൂളിലെ നല്ല മനസ്സിനുടമകളെ കണ്ടെത്തി.അമ്മുവിന് നല്ലൊരു കൊച്ചു വീട് വെച്ച് നൽകുന്ന കാര്യം അവതരിപ്പിച്ചു.വീട് വെച്ചാൽ പോരല്ലോ, അതിന് സ്ഥലവും വേണ്ടേ? അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ അതിനും ടീച്ചർ പരിഹാരം കണ്ടു. വീട് വെക്കാനുള്ള സ്ഥലം ടീച്ചർ നൽകാം എന്നായി. പക്ഷെ ഒരിക്കൽ പോലും ഇതിനെ കുറിച്ച് അമ്മു അറിഞ്ഞില്ല.

ടീച്ചറിന്റെയും നല്ലവരായ സുമനസ്സുകളുടെ കൂട്ടായ്മയിലൂടെ അമ്മുവിന്റെ വീടിന്റെ പണി വേഗം നടന്നു.

അങ്ങനെ അമ്മുവിന്റെ പിറന്നാൾ ദിവസം വന്നെത്തി.

അമ്മുവിന്റെ പിറന്നാൾ ദിവസം അവൾക്കുള്ള സമ്മാനമായി ആ വീടിന്റെ താക്കോൽ അവൾക്ക് കൈമാറി.

അതോടൊപ്പം അമ്മു അന്ന് വരച്ച ചിത്രം ടീച്ചർ ഫ്രെയിം ചെയ്തു അമ്മുവിന് നൽകുകയും ചെയ്തു.

അമ്മു ആ ചിത്രം തന്റെ കൊച്ചു വീടിന്റെ ഉമ്മറത്ത് തൂക്കുമ്പോൾ അവളുടെ കുഞ്ഞു മുഖത്തു
വിടർന്ന പുഞ്ചിരി ആയിരം നക്ഷത്രങ്ങൾ

ഒന്നിച്ചു ഉദിച്ചത് പോലെയായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : നെസ്‌ല. N

Scroll to Top