ഞാൻ ഇന്ന് തന്റെ വീട്ടിലേക്ക് വരാം.. അയ്യോ, ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും…

രചന : ഗിരീഷ് കാവാലം

“ലെന കുട്ടനാട്ടുകാരിയല്ലേ അപ്പോൾ മീൻകറിയും,

കക്കാ ഇറച്ചിയുമൊക്കെ നല്ല പോലെ വെക്കാൻ അറിയാമല്ലോ. ഒരുദിവസം നമുക്ക് എല്ലാവർക്കും ലെനയുടെ വീട്ടിൽ കൂടണം. നല്ല കുട്ടനാടൻ കരിമീൻ കറി കഴിക്കണം ”

വിനയൻ പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു

“ഓ…ഐ ആം എഗ്രി…എല്ലാവർക്കും വെൽകം.. ഡേറ്റ് നിശ്ചയിച്ചാ മതി”

വിനയൻ കമന്റ്‌ ചെയ്തതിനെ ലെന സന്തോഷത്തോടെ സ്വീകരിച്ചു

1998 ബാച്ച് ബികോം റീ യൂണിയൻ ഭംഗിയായി നടക്കുവാണ്

എല്ലാവരും വളരെ ത്രില്ലിൽ ആണ് കുറച്ചു നാൾ മുൻപ് രൂപം കൊടുത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നേരിൽ കണ്ടതിന്റെ സന്തോഷം എല്ലാവരിലും ഉണ്ടായിരുന്നു

ചിലരുടെ രൂപം മാറിയിരിക്കുന്നു, ചിലരുടെ സൗന്ദര്യം പണ്ടുണ്ടായതിനേക്കാൾ കൂടിയിരിക്കുന്നു.. പണ്ടത്തെ ചുള്ളൻമാരിൽ ചിലർ ഇന്ന് പുറകോട്ട് പോയിരിക്കുന്നു

“എന്നാലും ലെനയെ അമ്പലപ്പുഴയാ കെട്ടിച്ചത് എന്നറിയില്ലായിരുന്നു”

“അപ്പോൾ നമ്മുടെ വീട് തമ്മിൽ വലിയ ദൂരം ഇല്ല കഷ്ടിച്ച് പതിനഞ്ച് കിലോമീറ്റർ കാണും”

“എനിക്ക് രണ്ടു കുട്ടികൾ ഒരാണും ഒരു പെണ്ണും കെട്ടിയോൾ നേഴ്സാ മെഡിക്കൽ കോളേജിൽ.. പേര് സ്മിത”

“എന്റെ ഹസ്ബന്റ്..ഒമാനിലാ ഒരു അമേരിക്കൻ കമ്പനിയിൽ..എനിക്ക് രണ്ടു പെണ്മക്കൾ”

വിനയൻ വനിതകളിൽ മറ്റെല്ലാവരേക്കാളും അടുത്തിഴപഴകിയത് ലെനയോടായിരുന്നു

വാട്സ്ആപ്പ് നമ്പർ ഉപയോഗിക്കാത്തവർ പരസ്പരം മൊബൈൽ നമ്പർ കൈമാറുന്നു

യാത്ര പറഞ്ഞു എല്ലാവരും മനസ്സിൽ കാത്തു സൂക്ഷിക്കാൻ പാകത്തിനുള്ള ഒരു പിടി ഓർമകളുമായി പിരിഞ്ഞു

അന്ന് വൈകുന്നേരം സാധാരണയിൽ കവിഞ്ഞു എല്ലാവരും ഗ്രൂപ്പിൽ ആക്റ്റീവ് ആയി

റീയൂണിയൻ ചടങ്ങിലെ നർമ മുഹൂർത്തങ്ങൾ എല്ലാവരും ആവേശത്തോടെ അയവിറക്കി

അന്നൊരു ദിവസം വിനയന്റെ കാൾ വന്നത് ലെന അറ്റൻഡ് ചെയ്തു

“എന്താ ലെന ഞാൻ ഇട്ട ആ കമന്റ്‌ന് ഭയങ്കരമായിട്ട് സ്മൈലി ഇട്ടത്”

“ഉം ഒന്നും അറിയാത്ത പോലെ പെണ്ണുങ്ങൾ എല്ലാവരും എന്നെ കളിയാക്കി മെസ്സേജ് അയക്കാൻ തുടങ്ങി”

“ഞാൻ ഗ്രൂപ്പിൽ എപ്പോൾ എൻട്രി ആകുന്നോ അപ്പോൾ വിനയനും എൻട്രി ആകുന്നു എന്നാ എല്ലാവരുടെയും കണ്ടെത്തൽ… ഉം അത് ശരിയുമാ ”

“അയ്യോ മനഃപൂർവം അല്ല ചിലപ്പോൾ അങ്ങനെ ആയിപോകുന്നതാ”

“പറയുന്നവർ പറയട്ടെ അതിലെന്താ”

വിനയൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

“അല്ലേൽ തന്നെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ലെനയോട് താല്പര്യം ഉണ്ടായിരുന്നു പക്ഷേ അത് തുറന്നു പറയാൻ ഉള്ള ധൈര്യം അന്നെനിക്ക് ഇല്ലായിരുന്നു.. അതൊക്കെ പോട്ടെ കഴിഞ്ഞ കാര്യം ”

“ആഹാ അത് പുതിയ അറിവാണല്ലോ… കൊള്ളാം”

ലെനയും പുഞ്ചിരിയോടെ പറഞ്ഞു

“ഹാ ലെന ഞാൻ ഒരു കാര്യത്തിനാ വിളിച്ചത് ഇന്ന് താറാവ് കറി വെയ്ക്കാൻ പോകുവാണ്”

“കുട്ടനാടൻ സ്റ്റൈൽ താറാവ് കറി എങ്ങനാ വെക്കുന്നത് എന്ന് പറഞ്ഞു തരാമോ”

“ഓക്കേ അതിനെന്താ”

ലെന ഓൺലൈനിൽ നിന്നുകൊണ്ട് പറയുന്നതിന് അനുസരിച്ചു വിനയൻ പാചകം ചെയ്തുകൊണ്ടിരുന്നു

“ശരി വിനയാ അവസാനം തേങ്ങാ പാൽ ഒഴിച്ച് വാങ്ങിയേക്കണം”

“ഓക്കേ ലെന താങ്ക് യു..ഇന്ന് ഞാൻ വെച്ച താറാവ് കറി കഴിച്ചു സ്മിത വണ്ടർ അടിച്ചു നിന്നുപോകും”

“ഓക്കേ…”

പുഞ്ചിരിയോടെ ലെന പറഞ്ഞു നിർത്തി

അടുത്ത ദിവസവും വിനയൻ ലെനയെ വിളിച്ചു

“എങ്ങനെ ഉണ്ടായിരുന്നു ഞങളുടെ കുട്ടനാടൻ കറി സ്മിതക്ക് ഇഷ്ടപ്പെട്ടോ”

കാൾ അറ്റൻഡ് ചെയ്തതും ലെന ചോദിച്ചു

“ആകെ കുളമായി”

“ങേ.. എന്ത് പറ്റി.?

ലെന ആകാംക്ഷയോടെ ചോദിച്ചു

“കുരുമുളക് പൊടി കൂടി പോയി, കൂടി പോയി എന്ന് പറഞ്ഞാൽ ശരിക്കും കൂടി പോയി … ഒപ്പം ഉപ്പും”

“അതിന് പരിഹാരമായി തക്കാളി കുറെ ഇട്ടു ചുരുക്കം പറഞ്ഞാൽ അവസാനം തമിഴന്മാരുടെ തക്കാളി കറിയായി ”

“അയ്യോ…”

ലെനയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല

“ഉം കളിയാക്കി ചിരിച്ചോ”

വിനയൻ അല്പം കൊഞ്ചലോടെ പറഞ്ഞു

വിനയന്റെ കാൾ വരുന്നത് പതിവായി

ലെനക്കും താല്പര്യം ആയിരുന്നു വിനയനോട് സംസാരിക്കാൻ. വിനയന്റെ നർമത്തിൽ പൊതിഞ്ഞ സംസാരം ലനക്ക് നന്നേ ഇഷ്ടമായി

അതിന്റെ തുടർച്ച എന്നവണ്ണം ചാറ്റിങ്ങും തുടർന്നുകൊണ്ടിരുന്നു

“ലെന ഞാനും വൈഫും ഇന്ന് തന്റെ വീട്ടിൽ വരുന്നുണ്ട്”

ആഹാ… വെൽക്കം

രാവിലെ വിളിച്ച വിനയനെ വെൽകം ചെയ്തു ലെന

“അയ്യോ സൺ‌ഡേ വരാൻ മേലാരുന്നോ കുട്ടികളെയും കാണാമായിരുന്നല്ലോ”

“അത് പിന്നീട് ഒരു ദിവസം ആയിക്കോട്ടെ”

വിനയൻ പറഞ്ഞു

“ആ പിന്നെ താറാവ് കറി വേണേ”

“ഉം…പക്കാ”

ലെന പുഞ്ചിരിയോടെ പറഞ്ഞു

ലെന തന്റെ ക്ലാസ്സ്‌മേറ്റ്സ്നെയും ഭാര്യയെയും സത്കരിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

മാർകെറ്റിൽ പോയി ഡ്രെസ് ചെയ്ത ഒരു താറാവിനെയും വാങ്ങിവന്നു റെഡിയാക്കി അടുപ്പിലേക്ക് വെയ്ക്കാൻ തുടങ്ങിയതും വിനയന്റെ കാൾ വന്നു

“എന്താ വിനയാ.?

“സോറി… വൈഫിനെ മെഡിക്കൽ കോളേജിലേക്ക് വിളിപ്പിച്ചു.. അവരുടെ ഡിപ്പാർട്മെന്റിലെ രണ്ടു നേഴ്‌സ്മാര് ഇന്ന് എമർജൻസി ലീവ് എടുത്തു അതിന് വിളിപ്പിച്ചതാ”

“ലെന അറേഞ്ച്മെന്റ് ഒന്നും ചെയ്തില്ലെങ്കിൽ മറ്റൊരു ദിവസം ആക്കാം താൻ പറഞ്ഞപോലെ സൺ‌ഡേ”

“ശോ…ദേ താറാവ് ഇപ്പൊ അടുപ്പിലേക്കു കയറ്റിയതേ ഉള്ളൂ”

“ഇനിയിപ്പോ എന്താ ചെയ്യുന്നേ.. ഇല്ലേ ഞാൻ വരാം”

വിനയൻ പറഞ്ഞു

“അത് ശരിയാകുമോ”

“എന്ത് പറ്റി…?

“ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും”

“എടോ താനൊക്കെ കുറച്ചു ബോൾഡ് ആണെന്നാ ഞാൻ കരുതിയത് പക്ഷേ അല്ല ഇപ്പോഴും ഇരുപത്തഞ്ചു കൊല്ലം പുറകിലാ താനൊക്കെ”

“ഒരു തെറ്റും ചെയ്യാത്ത പക്ഷം നമ്മൾ എന്തിനാ പേടിക്കുന്നെ ”

“ഉം….ശരി”

വിനയൻ ഉച്ചക്ക് മുൻപ് തന്നെ ബൈക്കിൽ ലെനയുടെ വീട്ടിൽ എത്തി

വന്ന ഉടൻ തന്നെ അവൾ അവനെ സ്വീകരച്ച് ഇരുത്തി

“എന്നാലും സ്മിത കൂടി ഉണ്ടായിരുന്നേൽ അടിപൊളി ആയേനെ”

കുശല സംഭാഷണത്തിനിടയിൽ ലെന പറഞ്ഞു

“ഒരു കണക്കിന് ഇന്ന് അവൾ ജോലിക്ക് പോയത് നന്നായി.. അവൾ കൂടെ ഉണ്ടായിരുന്നേൽ തന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ പറ്റുമായിരുന്നോ”

“ഉം… ഇച്ചിരി കൂടുന്നുണ്ട്”

നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ കിച്ചണിലേക്ക് പോയ ലെന ഒരു ടിഫിൻ ബോക്സ്‌ എടുത്തുകൊണ്ടു വന്നു പോളി‌തീൻ കവറിൽ പാക്ക് ചെയ്യാൻ തുടങ്ങി

“ങേ.. ഇതെന്താ പാക്ക് ചെയ്യുന്നത്.?

വിനയൻ ചോദിച്ചു

“ഇത് എന്റെ ഒരു കൂട്ടുകാരിക്കാ…. കുട്ടനാടൻ വിഭവങ്ങൾ ഒക്കെ പുള്ളിക്ക് ഇഷ്ടമാ.. അച്ഛനേം കൊണ്ട് ആശുപത്രിയിൽ കിടന്നപ്പോ പരിചയപെട്ടതാ”

“ആളും നേഴ്‌സാ മെഡിക്കൽ കോളേജിൽ, ഒരു പക്ഷേ വിനയന്റെ വൈഫിന് അറിയാമായിരിക്കും”

“കക്ഷി ഇവിടെ അടുത്തുള്ള കൂട്ടുകാരിയുടെ കുടുംബ അമ്പലത്തിൽ ഉത്സവത്തിന് വന്നിട്ടുണ്ട്

“അത് കഴിഞ്ഞു ഇങ്ങോട്ട് വരുമെന്നാ പറഞ്ഞത്.. ഇപ്പൊ എത്തും ആള്”

വിനയന്റെ മുഖം പെട്ടന്ന് ഇരുണ്ടു

“ഫോട്ടോ ഉണ്ടോ ഒന്ന് കാണിച്ചേ ചിലപ്പോൾ ഞാനും കണ്ടിട്ടുണ്ടായിരിക്കും”

ലെന കൂട്ടുകാരിയുടെ മൊബൈലിലെ ഫോട്ടോ ഉയർത്തി കാണിച്ചതും വിനയൻ ചാടി എണീറ്റു

വിനയന്റെ ഭാര്യ സ്മിതയുടെതായിരുന്നു അത്

“എന്ത് പറ്റി വിയാ…?

വിനയൻ പെട്ടന്ന് കസേരയിൽ ഇരുന്നു

“ഒരു വയറു വേദന.. അല്ല തലവേദന ”

“വിനയാ ടോയ്ലറ്റ് പോകണം എങ്കിൽ പൊക്കോ.. ഇല്ലേ പാരസെറ്റമോൾ എടുക്കട്ടെ”

“വേണ്ട ഞാൻ ഇറങ്ങുവാ..”

“വിനയാ താറാവ് കറി”

“വേണ്ട പിന്നെ ഒരിക്കൽ ആകാം”

എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ കണ്ണ് മിഴിച്ചു നിൽക്കുകയായിരുന്നു ലെന

ധൃതിയിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വിനയൻ ഗേറ്റ് കടന്നു പോയതും ലെനയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

” കണ്ടില്ലേ തനി നിറം….വൈഫിന്റെ ഫോട്ടോ ഒന്ന് കാണിച്ചു ഒരു നമ്പർ ഇട്ടപ്പോൾ പോയ പോക്ക് കണ്ടില്ലേ.. പോയ വഴിയിൽ ഇനി പുല്ല് പോലും കിളുക്കില്ല”

പുഞ്ചിരിയോടെ പാക്ക് ചെയ്ത ടിഫിൻ ബോക്സിൽ നിന്നും അവൾ താറാവ് കറി ചട്ടിയിലേക്ക് തിരിച്ചിടാൻ ഒരുങ്ങുകയായിരുന്നു……

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ഗിരീഷ് കാവാലം

Scroll to Top