കൃത്യം അഞ്ചുമണിക്ക് തന്നെ ഉണരണം, കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് ആദ്യ ദിവസമാണ്…

രചന : സിന്ധു മനോജ്‌..

അലാറം വെച്ചിട്ടുണ്ടെങ്കിലും അത് കാറിവിളിക്കുന്നത് കേൾക്കാതെ പോയാലോ എന്ന പേടിയോടെ ഉറങ്ങാൻ കിടന്നതുകൊണ്ട് ഇടയ്ക്കിടെ ഉറക്കം ഞെട്ടി ഫോണെടുത്തു സമയം നോക്കി. കൃത്യം അഞ്ചുമണിക്ക് തന്നെ ഉണരണം.കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് ആദ്യ ദിവസമാണ്. ഒന്നിലും പിഴവ് പറ്റരുത്.

പണ്ടേ അമ്മക്ക് പരാതിയാണ്, ഈ പെണ്ണിന് ഉറങ്ങാൻ കേറിയാ പിന്നൊരു ബോധവുമില്ല. വല്ല വീട്ടിലും കയറി ചെല്ലാനുള്ളതാണല്ലോയെന്ന്.

ഇവിടെ ഏതെങ്കിലും നേരത്ത് എഴുന്നേറ്റ് വന്ന്, ഞാൻ ഉണ്ടാക്കി വെക്കുന്നത് വെട്ടി വിഴുങ്ങി ഫോണും കുത്തിയിരിക്കുന്ന ശീലം അവിടെയും ചെന്ന് കാണിക്കാൻ നിക്കരുത്. അമ്മായിയമ്മ തിളച്ച വെള്ളം തലയിൽ കമിഴ്ത്തും. പഠിക്കാൻ വിട്ടപ്പോ മര്യാദക്ക് പഠിച്ചു നല്ലൊരു ജോലി നേടിയെടുത്തിരുന്നെങ്കിൽ നല്ല കുടുംബത്തു ചെന്നു കയറി കൊച്ചമ്മയാകായിരുന്നു. പത്തിൽ നാലു തവണ എഴുതി തോറ്റ നിനക്ക് അടുക്കളയിൽ കിടന്നു മേടാനാ യോഗം. അതോണ്ട് നോക്കീം കണ്ടുമൊക്കെ നിന്നാ നിനക്ക് നല്ലത്.

അമ്മയുടെ ഉപദേശങ്ങൾ ഒന്നൂടെ മനസ്സിലോർത്ത് കൃഷ്ണാ, ഗുരുവായൂരപ്പാ കാത്തുകൊള്ളണേയെന്ന പതിവുപ്രാർത്ഥനയോടെ വലതു വശം ചെരിഞ്ഞെണീറ്റു. രാവിലെ ചെയ്തു തീർക്കാനുള്ള ജോലികളുടെ ലിസ്റ്റ് ഒന്നൂടെ അടുക്കിപ്പെറുക്കിയെടുത്തു

മുറ്റമടിച്ചിട്ടു കുളിക്കാം.

പല്ല് തേച്ചുനിൽക്കുമ്പോൾ ഒന്നൂടി സ്വയം പറഞ്ഞുറപ്പിച്ചു.

ചൂലുമായി മുറ്റത്തേക്കിറങ്ങുമ്പോൾ തൊട്ട് പിന്നാലെ അമ്മായിയമ്മ.

“ഹോ,പുത്തനച്ചി പുരപ്പുറം തൂക്കും എന്നാണല്ലോ ല്ലേ ” എന്നാലും ഇത്ര രാവിലെ എണീറ്റു മുറ്റമടിക്കാൻ നിൽക്കേണ്ട ട്ടോ എന്റെ പുന്നാര മരുമോള്.

രാവിലെ തന്നെ കല്ലുകടിയായല്ലോയെന്ന് മനസ്സിലോർത്തെങ്കിലും ശരിയമ്മേ എന്ന് വിനീതവിധേയയായി ചൂല് ഇരുന്നിടത്തു തന്നെ കൊണ്ട് വെച്ചു.

നീയാള് കൊള്ളാമല്ലോ പെണ്ണെ. ഞാനിങ്ങനെ പറഞ്ഞുന്ന് കരുതി ചൂല് അവിടെ കൊണ്ടോയി വെക്കണോ.

കൃഷ്ണാ.. വലതു വശം ചരിഞ്ഞുതന്നെയല്ലേ എണീറ്റത്.ഒന്നൂടി ആലോചിച്ചു നോക്കി.ഇവര് രാവിലെ തന്നെ മനപ്പൂർവം ഉടക്കാൻ തുനിഞ്ഞിറങ്ങിയതാണോ ഇനി

കുറച്ചു വൈകിമതി എന്ന് ഞാൻ പറഞ്ഞതിന്റെ കാരണം എന്താന്ന് വെച്ചാൽ, ദാ ഈ കിടക്കുന്നപ്ലാവിലയുണ്ടല്ലോ അതിൽ നീളം കൂടിയ ഇലകൾ അപ്പുറത്തെ രമണീടെ പ്ലാവിന്റയാ നീളം കുറഞ്ഞത് വാസന്തീടെ പറമ്പിലെയും. രണ്ടും തരം തിരിച്ച് അവരുടെ പറമ്പിലേക്ക് വാരി ഇട്ടേക്കണം. ബാക്കി ഉള്ളത് നമ്മുടെ വേസ്റ്റ് കുഴിയിൽ ഇട്ടാൽ മതി.

പിന്നേ തെക്കേ മുറ്റത്തു കിടക്കുന്ന തേക്കിന്റെ ഇല വറീത് മാപ്ലെടെയാ അതിലൊരെണ്ണം പോലും ബാക്കിവെക്കാതെ അങ്ങോട്ട്‌ കോരി ഇട്ടേക്കു

വടക്കേ മുറ്റത്തെ ചാമ്പയുടെ ഇല നമ്മുടേത്തും മീൻ പുളിയുടെ ഇല ആ വത്സലയുടെയുമാ.. അതു നല്ല പോലെ നോക്കിയെടുത്തു അങ്ങോട്ട്‌ ഇട്ടേക്കണം.

പിന്നേ പടിഞ്ഞാറേ മുറ്റത്തെ എന്ന് പറഞ്ഞു തുടങ്ങിയതും എന്റെ കണ്ണുകൾ ആ കാഴ്ച കണ്ട് മേലോട്ട് മറിഞ്ഞു പോയി. അപ്പുറവും ഇപ്പുറവും ആണെങ്കിലും ആലിംഗനബദ്ധരായി നിൽക്കുന്ന ഒരേപോലെയുള്ള രണ്ടു പുളിമരങ്ങൾ.

അതുങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നു എന്ന് തോന്നിയതും എന്റെ കൃഷ്ണാ എന്ന ആർത്ത നാദം തൊണ്ടയിൽ കുരുങ്ങി ഞാൻ മേലോട്ട് നോക്കി. അവിടെയും ഇവർ വല്ലതും നട്ടുപിടിപ്പിച്ചിട്ടുണ്ടോയെന്ന്

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : സിന്ധു മനോജ്‌..

Scroll to Top