കുളി കഴിഞ്ഞു വന്നവൾ നനഞ്ഞ മുടിയിഴകളിൽ തോർത്ത്‌ കെട്ടി തലയിൽ ഉറപ്പിച്ചു… സാരിയുടെ തലപ്പ് പിടിച്ചു എളിയിൽ കുത്തി…

രചന : rejitha sree…

പവിത്രമീജന്മം…

**********

കുളി കഴിഞ്ഞു വന്നവൾ നനഞ്ഞ മുടിയിഴകളിൽ തോർത്ത്‌ കെട്ടി തലയിൽ ഉറപ്പിച്ചു.. അടുക്കളയിലെ ആണിയിൽ തൂങ്ങിയ പൊട്ടിയ കണ്ണാടിയിൽ പതിപ്പിച്ചിരുന്ന ഒരു വലീയ വട്ടപ്പൊട്ടെടുത്ത് നെറ്റിയിൽ വെച്ചു.. ഇത്തിരി ഭസ്മം കൊണ്ടൊരു കുറി വരച്ചു…

സാരിയുടെ തലപ്പ് പിടിച്ചു എളിയിൽ കുത്തി ചായ ഇടാനായി അടുക്കള ചായ്‌പിലേക്ക് ഇറങ്ങി…

ചായപാത്രത്തിൽ അല്പം വെള്ളവും പാലും കൂടി അടുപ്പത്തേയ്ക്ക് വച്ചു..

തേയില ടിന്നിന്റെ അടപ്പുതുറന്നപ്പോൾ ഒരു തരി പോലും അതിലില്ല…

“ശോ… ന്റീശ്വരാ…ഇതെപ്പോ തീർന്നു.. ”

“ഇനിയിപ്പോ എന്താ ചെയ്ക..”

നടുവിന് കൈ കൊടുത്ത് ആലോചിച്ചു…

“.അടുത്ത വീട്ടിലെ സിന്ധു ചേച്ചിയോട് ചോദിച്ചാലോ..”?

“അല്ലെ വേണ്ട.. അവിടുത്തെ അയാളുടെ നോട്ടം കണ്ടാൽ മോന്ത അടചൊന്നു കൊടുക്കാനാ തോന്നുക..”

“ആഹ്.. ..തത്കാലം പാല് തിളപ്പിച്ച്‌ കുഞ്ഞനനന്ദു ന് കൊടുക്കാം..അവൻ എണീക്കാറായി ..

കട്ടിലിൽ കിടന്ന പുതപ്പിനുള്ളിൽ നിന്നും ഇത്തിരിയോളം പോന്ന അവനെ തപ്പിയെടുക്കാൻ ഇച്ചിരി പാടുപെട്ടു..

കുഞ്ഞനന്ദു.. അവനിപ്പോ 5 വയസായി.. ന്നാലും എല്ലാത്തിനും അമ്മ തന്നെ വേണം..

“അനന്തു..ഇന്നേലും നീ നേരത്തെ സ്കൂളിൽ പോവ്വോ..”

“എണീക്ക് ന്റെ കുഞ്ഞൂ… .” അഞ്ചു വയ്യസുകാരന്റെ കൺപീലികൾ പതിയെ ചലിക്കാൻ തുടങ്ങി…

“”അവന്റെ അച്ഛന്റെ അതേ മുഖമാണ് അവനും..നവീനേട്ടനെ പോലെ കണ്ണുകളിൽ നിറയെ കൺപീലികൾ…””

അവൻ പതിയെ മടിമാറ്റി എണീറ്റു..

അവന്റെ മടി മാറാൻ അവന്റെ അമ്മയും കൂടെ നടക്കണം എല്ലാറ്റിനും…

“ന്റെ ഗായത്രിയെ….കുട്ടി ഇച്ചിരി ആയില്ലേ ഇപ്പോഴും ഇതിനെ നീ താഴത്തു വെക്കാതെ കൊണ്ട് നടന്നോ…”

അപ്പുറത്തെ സിന്ധു അനന്ദുനെ കുളിപ്പിക്കുന്നത് കണ്ട് ചിരിച്ചുകൊണ്ട് വിറക് കീറുകൾ മുറ്റത്തേയ്ക്ക് നിരത്തി..

തെല്ല് ദേഷ്യത്തോടെ സിന്ധുനെ നോക്കിയ അനന്ദുന്റെ തലമേലെ വെള്ളം കോരിയൊഴിച്ചുകൊണ്ട് അങ്ങോട്ട് നോക്കിയപ്പോ സിന്ധു ചേച്ചിടെ പുറകിലായ് അടുക്കള വാതിലിന്റെ കട്ടള ചാരി നിന്നു തന്റെ ശരീര വടിവ് അളക്കുന്ന അയാളെയാണ് കണ്ടത്..

കുളിപ്പിക്കലൊക്കെ പെട്ടെന്ന് തീർത്തു തോർത്തിൽ കുഞ്ഞനന്ദുനേം പൊതിഞ്ഞു കൊണ്ട് അവൾ പെട്ടെന്ന് അകത്തു കയറി.

****************

കുഞ്ഞനന്ദു ന്റെ സ്കൂളിന്റെ അപ്പുറത്തെ സ്റ്റേഷനിറി കടയിൽ ചെറിയ ഒരു ജോലി ഉണ്ട്.ബില്ലിംഗ് ഇലാണ്.. ജീവിക്കാൻ കിട്ടിയ ഒരാശ്വാസം.. ആരുടേം മുൻപിൽ കൈ നീട്ടണ്ടല്ലോ..

സ്കൂളിലേക്കുള്ള വഴിയിൽ നിന്നു രണ്ടുപേരും യാത്ര പറഞ്ഞു പിരിയുമ്പോൾ അവന്റെ കുഞ്ഞു മുഖം വാടും..

കെട്ടിപിടിച്ചുകൊണ്ട് കുഞ്ഞന്റെ കാതിൽ ഗായത്രി പറയും

“”അമ്മ അടുത്ത് തന്നെയുണ്ടെട്ടോ.. ന്റെ മോൻ ധൈര്യായി പോയിട്ടുവാ… “”

ഗായത്രിയുടെ വാക്കിൽ ആ കുഞ്ഞു മനസ്സ് സമാധാനത്തെ തലയും കുലുക്കി സ്കൂൾ വളപ്പിലേക്ക് നടന്നകലും…

“എന്താ ഗായത്രി ഇന്നും വളരെ നേരത്തെ ആണല്ലോ.. ”

മുതലാളി യുടെ പരിഹാസം ഗായത്രി പല്ലുകാണിച്ചോതുക്കി. മനസ്സിൽ പറഞ്ഞു രാവിലെ വീട്ടുപണിയും പിള്ളേരെ വിടലും കഴിഞ്ഞു വീട് പൂട്ടി ഇറങ്ങുന്നവളുടെ പാട് പോകാൻ നേരം ബാഗ് എടുത്ത് കാറിൽ കേറി വരുന്ന ഇയാളൊക്കെ എങ്ങനെ മനസിലാക്കാനാ..

ഉച്ച ആകുമ്പോൾ മനസ്സിൽനിന്നും ഒരു നോട്ടം അവന്റെ അരികിലേയ്ക്ക് പോകും..

“”കുഞ്ഞു കഴിച്ചുകാണുമോ..ന്തെടുക്കുവാകും ന്നൊക്കെ…”

ഇടയ്ക്ക് കസ്റ്റമർ ഇല്ലാത്തപ്പോൾ
അയാളുടെ ഒരു വിശേഷം ചോദിക്കലും അറിയാതെ ഉള്ള തട്ടലും മുട്ടലും..

“നിന്റെ കെട്ടിയോൻ എന്നേലും തിരിച്ചു വരുവോടി..”

കണ്ണുകൾ കൊണ്ട് അവളുടെ ഉടയാത്ത ശരീരഭാഗങ്ങളുടെ അളവെടുത്ത് അയാൾ ചോദിക്കും..

“അവൻ ഇനി വരില്ലായിരിക്കും ഇല്ലേ.. അവളുടെ മുഖത്തുനോക്കി പ്രതീക്ഷയോടെ അത് പറയുമ്പോ ആ നാറിയുടെ തൊണ്ടക്കുഴി ചലിക്കുന്നത് കാണാം…”

***************

“ഗായത്രി.. ഇനിയും എണീക്കാറായില്ലേ.. “” നവീൻ അത് ചോദിക്കുമ്പോൾ അവളുടെ അഴിഞ്ഞ മുടിയിഴകളെ തള്ളി അവൾ തിരിഞ്ഞു കിടക്കും..

പുറംരാജ്യത്താണ് ജോലി എങ്കിലും ഗായത്രിയെ സ്വന്തമായതിൽ പിന്നെ അവധി കിട്ടിയാൽ നാട്ടിലേയ്ക്ക് പറന്നെത്താൻ കാത്തിരിക്കും..

അവൾ തന്റെ ജീവിതത്തിലേയ്ക്ക് വന്നതിൽ പിന്നെയാണ് നാടിനെപോലും സ്നേഹിച്ചുതുടങ്ങിയത്.. അത് വരെ ആരും കെട്ടിയിടനില്ലാത്ത പട്ടം പോലെ മനസും ലഹരിയിൽ അടിമപ്പെട്ട ശരീരവും മാത്രമായിരുന്നു താൻ..”

“അവൾ വന്നതിൽ പിന്നെയാണ് സ്നേഹമെന്ന ലഹരി തലയ്ക്ക് പിടിച്ചത് ”

“എണീക്കെന്റെ ഗായത്രി.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്..””

രാവിലെ നവീൻ എണീറ്റു കഴിഞ്ഞാൽ പിന്നെ അവളുറങ്ങുന്നത് അവനിഷ്ടമല്ല..

എത്രനേരം ഉറങ്ങുന്ന അവളെ ഇങ്ങനെ നോക്കി ഇരിക്കും..

അവളെപ്പോഴും കൂടെ ഉണ്ടാകണം..മിണ്ടീം പറഞ്ഞുമൊക്കെ..

“ഇതിപ്പോ അവൾ… അവളെന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു…”

” എന്റെ ജീവൻ അവളുടെ ഉള്ളിൽ വളർന്നു തുടങ്ങി … കഴിഞ്ഞ ദിവസംഡോക്ടറിനെ കണ്ടപ്പോൾ സൂക്ഷിക്കണം ന്ന് പ്രത്യേകം പറഞാ വിട്ടത് .. ”

“ആഹ് .., കൊട്ടാരം പോലൊരു വീട്ടിൽ നിന്നും എനിക്ക് വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി തിരിച്ചു … ”

ഇപ്പോൾ … അവളൊരു അമ്മയാകുമ്പോൾ അവളെ കുഞ്ഞിനെപോലെ നോക്കാൻ ആരുമില്ലന്ന് അവളുടെ മനസ്സ് പരാതി പറയുന്നുണ്ടാകും ..

ഓരോന്നോർത്ത് അരി കലം തിളച്ചു മറിയുന്നതും നോക്കി നവീൻ അങ്ങനങ്ങു ഇരുന്നു..

പെട്ടെന്ന് പിറകിൽ നിന്നൊരു വളക്കൈ തന്നെ കെട്ടി വരിഞ്ഞത്.. കുളികഴിഞ്ഞു വന്ന അവളുടെ തണുപ്പും മണവും…

അവൻ അവളെ തന്റെ നേരെ തിരിച്ചു നിർത്തി ആ മുഖത്തേയ്ക്ക് നോക്കി.. നെറുകയിലെ സിന്ദൂരത്തിലെ പൊടി ഊതി കളഞ്ഞു..

സിന്ദൂരത്തിന്മേൽ നനവാർന്ന ഒരു ഉമ്മ കൊടുത്തു..

അവളുടെ കണ്ണുകൾ നിറഞ്ഞു…

“വിശപ്പായികാണുമല്ലോ അമ്മയ്ക്കും കുഞ്ഞിനും…”

“അവിടിരിക്ക്.. ” അടുക്കളയിലെ സ്റ്റൂൾ പിടിച്ചു അടുത്തിട്ട് അവൻ അവളെ അതിലിരുത്തി..

നല്ല ചൂട് ദോശയും വെളുത്തുള്ളി ചമ്മന്തിയും പാത്രത്തിൽ കുഴച്ചു ചൂട് ഊതി കൊണ്ട് വന്നപ്പോഴേ കൊച്ചുകുഞ്ഞിനെ പോലെ അവൾ വാ തുറന്നു..

ഈ ലോകം ഇത്രമേൽ ചെറുതാകുന്നത് നവീന്റെ കൂടെ ഇരിക്കുമ്പോഴാണെന്ന് ഗായത്രിക്ക് തോന്നി..

“സ്നേഹം.. അത് ആർത്തിരമ്പുന്ന കടലുപോലെയാണെന്ന് പരസ്പരം മനസിലാക്കിതുടങ്ങിയ നാളുകൾ…”

ആദ്യമായി വിവാഹശേഷം എല്ലാവരേം പോലെ നവീൻ തന്റെ ദേഹത്തു തൊടാനോ ഒന്നിനും വന്നില്ല. പകരം തന്റെ ഇഷ്ടങ്ങൾക്കൊപ്പം കൂടെ നിന്നു..

“ഒരു പുരുഷൻ പെണ്ണിനെ പ്രാപിക്കേണ്ടത് ആദ്യം അവളുടെ മനസ്സിന്റെ ഉടമ ആയതിനു ശേഷം മാത്രമാകണം..”

ആദ്യമായി തന്റെ കാൽ പാദങ്ങളിൽ നവീൻ കൈകൾ കൊണ്ട് ചേർത്തുപിടിച്ചു ചുംബിച്ചപ്പോൾ തന്റെ സിന്ദൂരത്തിന്റെ ചുമന്ന നിറം ഒന്നുകൂടി ചുവന്നു തുടുത്തു..”സ്നേഹവും ബഹുമാനവും ഒരുപോലെ അനുഭവിച്ച നിമിഷങ്ങൾ…”

പരസ്പരം ഹൃദയത്തിൽ നിന്നും ഗന്ധങ്ങളിലേയ്ക്ക് മനസ്സ് പടരുമ്പോൾ അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിഴകളിൽ മുഖം പൂഴ്ത്തി നവീൻ ചോദിക്കും…

“മത്ത് പിടിപ്പിക്കുന്ന ഈ ഗന്ധം… നീ എന്നെ ഇവിടെ പിടിച്ചുകെട്ടുവോ പെണ്ണെ..”

അത് കേൾക്കുമ്പോൾ നാണം കൊണ്ട് പിടയുന്ന തന്റെ മുഖം നോക്കി ആ കണ്ണുകൾ കുറുകി ചെറുതായൊന്നു ചിരിക്കും അപ്പോൾ നവീന്റെ കൺപീലികൾ മാത്രമേ കാണൂ…

അതിന് ശേഷം എന്നും കൂടെയുള്ള നാൾ അത്രയും നവീൻ ഗായത്രിയുടെ സിന്ദൂര രേഖയിൽ സിന്ദൂരം ചാർത്തുമ്പോൾ അറിയാതെ അവളുടെ മിഴികളിൽ നനവ് പടരും…. “ആ ജീവന്റെ തുടിപ്പും പ്രണയവും മുഴുവനായി തന്നിലേയ്ക്ക് ആവാഹിച്ചു തരും പോലെ …

അവധി കഴിഞ്ഞ് തിരികെ പോകാൻ പെട്ടി കെട്ടുമ്പോൾ ഗായത്രി വീർത്തു വരുന്ന വയറും താങ്ങി നവീന് ഇഷ്ടമുള്ളതെല്ലാം വാരികെട്ടി കൂടെ നിന്നു..

ഒപ്പം സീത യും ഉണ്ടായിരുന്നു. “സീത… മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഉറപ്പുള്ള പെണ്ണ് . “”

നവീന്റെ സമ്മതത്തോടെ
ഗായത്രിയുടെ അമ്മ മകളെ നോക്കാൻ അമ്മയുടെ കുറവ് നികത്താൻ ഏർപാടാക്കിയ പെണ്ണ്..

അന്ന് കലിപൂണ്ട് പെയ്യുന്ന മഴയിൽ നവീൻ യാത്രപറഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ഒരു വിളിപാടകലെ ഇനി നവീൻ ഇല്ലെന്നോർത്തപ്പോൾ ഗായത്രി സ്വയം മണ്ണിലേക്ക് താഴ്ന്നു പോകുന്നപോലെ തോന്നി..

മാസമടുത്ത അവളുടെ അരികിൽ നിന്നും പോകുമ്പോൾ നവീന്റെ ശരീരം പിളർന്നു പോകുന്നപോലെയും..

പോകാതെ വയ്യല്ലോ..മനസ്സ് അറുത്ത് കൊടുത്തിട്ടാണ് നാട്ടിൽ നിന്നും തിരികെ പോകാനായി വണ്ടി കയറുന്നത്..

“തിരിച്ചുപോയതിൽ പിന്നെ
ഒരു മാസം ട്രെയിനിങ് എന്നൊക്കെ പറഞ്ഞു മാസത്തിൽ ഒന്നോ രണ്ടോ വട്ടം ഏതാനും നിമിഷങ്ങൾ മാത്രം കിട്ടുന്ന നവീന്റെ ഫോൺ കോളുകൾ…

ആ സമയത്ത് വിഷമം പറയണോ സന്തോഷം പറയണോ അതോ.. …”

മൗനം പാതിവഴിയിൽ മുറിഞ്ഞുപോകുമ്പോൾ പരാതിയും പ്രതീക്ഷയും പെയ്തു തീർന്ന മഴപോലെ നിശബ്ദമായി അകലും…

അന്നൊരു രാത്രിയിൽ അവൾ പേറ്റു നോവടുത്തു വാവിട്ടു കരഞ്ഞപ്പോൾ ആ കൈയുടെ ചൂട്..ഒരു വിളി… ഒരു വാക്ക്…നവീന്റെ കേട്ടെങ്കിൽ ന്ന് മനസ് അലമുറയിട്ട് വിളിച്ചുപറഞ്ഞു..

കൂടെ കൂട്ടിനു നിർത്തിയ സീത അവളെക്കാൾ കൂടുതൽ മനകട്ടി ഉള്ളവൾ ആയിരുന്നു..

ആരുടേയും സഹായമില്ലാതെ സീത അവളുടെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കി..

എന്നാൽ ഗായത്രി മാത്രം..

പ്രസവ ശേഷം കുഞ്ഞിനോട് ഒരു അകൽച്ചപോലെ.. കുഞ്ഞിനെ നോക്കാറില്ല.. അമ്മയായതിന്റെ ഒരു ഭാവഭേദവും ഇല്ലാതെ…

പാലുകൊടുക്കാറില്ല എപ്പോഴും ഒരേ നോട്ടം മുറ്റത്തേയ്ക്ക്..

മാസങ്ങൾ കടന്നുപോകുമ്പോഴും നവീന്റെ ഒരു ഫോൺ കാൾ പോലും ഗായത്രിയെ തേടി വന്നില്ല..

എപ്പോഴോ അവളുടെ മനസ്സിൽ നവീൻ അവളെ ഉപേക്ഷിച്ചുപോയ ഭർത്താവായി മാറി.. ചിലപ്പോൾ സീതയുടെ കൈ പിടിച്ചു കരയും അഴിഞ്ഞുലഞ്ഞ മുടിപോലും വാരി കെട്ടാതെ..

ഒടുവിൽ കൈയിൽ നില്കാതെ ആയപ്പോ സീത അമ്മയെ വിളിച്ചു.

“അമ്മ.. ഗായത്രി കുഞ്ഞിനെ പോലും നോക്കാറില്ല.. എന്ത് സംഭവിച്ചു ന്നറിയില്ല ഒരേ ഇരുപ്പാണ് ഇവിടെ ഇറയത്ത്..കഴിക്കില്ല, ഉറക്കമില്ല,കുളിയില്ല… സിന്ദൂരം തൊടാറില്ല, കുഞ്ഞിന് പാലുപോലും കൊടുക്കാറില്ല…

പറഞ്ഞു തീരും മുൻപ് എന്തോ കരിഞ്ഞു മണത്ത പോലെ കാൾ കട്ട്‌ ചെയ്യാതെ സീത അകത്തേയ്ക്ക് ഓടി..

സാരി തുമ്പിൽ നിന്നും തീ ആളിപടരുമ്പോഴും ഗായത്രി മറ്റേതോ ലോകത്തിൽ തന്നെ ആയിരുന്നു..

“അയ്യോ…ഗായത്രി.. മോളെ.. എന്റെ പൊന്നുമോളെ ..”!!

“”അയ്യോ…””!

തലയ്ക്ക് മീതെ കൈകൊണ്ടടിച്ചു സീത അലമുറയിട്ട് കരഞ്ഞു.. പെട്ടെന്ന് കണ്ട പാത്രത്തിൽ കുറെ വെള്ളം കോരി ഗായത്രിയുടെ ദേഹത്തേക്കൊഴിച്ചു..

ആദ്യമായി അന്നവൾ സീതയുടെ മുഖത്തെ പരിഭ്രമം കണ്ടു അവളുടെ മുഖത്തുനോക്കി…

“നീയെന്തിനാ കരയുന്നത് നിന്റെ നിന്റെ ഭർത്താവ് എന്തെ.. വിളിക്ക്..””

“നിന്നെ നോക്കാതെ എവിടെപ്പോയി…””

കലങ്ങി മറിഞ്ഞ ജലകണങ്ങൾക്കിടയിലൂടെ അവളുടെ കണ്ണുകൾ സ്പടികം പോലെ തിളങ്ങി…

ചലിക്കുന്ന പീലികൾക്കിടയിൽ കുതിർന്ന മിഴിനീർ കവിളിലൂടെ ഒഴുകിയപ്പോൾ ഗായത്രി സീതയിൽ നിന്നും നോട്ടം മാറ്റി…

എരിഞ്ഞടങ്ങിയ സാരിയുടെ ഗന്ധം സീതയിൽ മരണത്തിന്റെ ഭയം നിറച്ചു….

ഗായത്രിയുടെ നോട്ടം അതേ സാരിയിൽ തന്നെ തങ്ങി നിന്നു…. മറ്റേതോ ലോകത്തിൽ നിന്നെന്ന പോലെ ഗായത്രിയുടെ ശബ്ദമുയർന്നു…

“”അതോ നിന്നെ അവൻ ഉപേക്ഷിച്ചു പോയോ…”?

പെട്ടെന്ന് കരച്ചിലും ചിരിയും കലർന്ന ഗായത്രിയുടെ മുഖം ശാന്തമായി…

വളരെ പതിഞ്ഞ നേർത്ത ശബ്ദത്തിൽ വിറപൂണ്ട കണ്ണുകളാൽ അവൾ സീതയെ നോക്കി…

“”എന്നെ.. “”…”എന്നെ ആർക്കും വേണ്ടാ.. ആർക്കും…””

പൊട്ടികരഞ്ഞുകൊണ്ട് സീത ഹൃദയം പൊട്ടി ഗായത്രിയെ തന്റെ മാറോടണച്ചു…

വാടിതളർന്ന തണ്ടുപോലെ കരഞ്ഞു കരഞ്ഞു ഗായത്രിയുടെ മുഖത്തെ ഉപ്പുകടൽ മുഴുവൻ സീതയുടെ മാറ് നനച്ചു.. അവളുടെ തളർന്ന മിഴികൾ പതിയെപതിയെ അടഞ്ഞു..

*************

വഴിയോര കാഴ്ചകൾ പലതും ഗായത്രിയുടെ മനസ്സിൽ നിറമില്ലാതെ പതിഞ്ഞു..

ഹോസ്പിറ്റലിൽ നിന്നും അമ്മയ്‌ക്കൊപ്പമുള്ള യാത്ര..

ഭ്രാന്തിനുള്ള ചികിത്സ ആണോ അതോ മറ്റെന്തേലും ആയിരുന്നോ.

. മരുന്നുകളുടെ പിൻവിളി കൊണ്ട് മനസ്സ് പതിയെ കുഞ്ഞിലേയ്ക്ക് തിരികെ എത്തി. വീട്ടിൽ അപ്പന്റെ കുത്തുവാക്കുകൾ കേട്ടു നിന്നു മടുത്തപ്പോൾ….

ഒടുവിൽ അമ്മയുടെ സഹനത്തിനുള്ള മറുപടി അച്ഛന്റെ കൈ ചൂടിൽ തുടങ്ങിയപ്പോൾ….. ഉണ്ടാക്കിയ തന്തയോട് വെറുപ്പ് തോന്നി..

അപ്പോഴും മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ നവീനേട്ടന്റെ ഓർമ്മകൾ നിശബ്ദമായി നിൽപുണ്ടായിരുന്നു..

തന്നെ ഉപേക്ഷിച്ചു പോയവനോട് ഇനിയും എന്തിനാണ് ആത്മാർത്ഥത എന്ന മറ്റുള്ളവരുടെ ചോദ്യത്തിനോട് മറുപടി ഒന്നെയുണ്ടായിരുന്നുള്ളൂ..

“ഒരായിരം വർഷം കാത്തിരുന്നാലും നവീനേട്ടൻ കൂടെ ഉണ്ടാരുന്നപ്പോൾ രാജകുമാരി ആയിരുന്നു ഞാനാകൈകളിൽ..”

“അമ്മയെക്കാളും എന്ന് പറയാൻ പറ്റുവോ.. അറിയില്ല.. ഇനിയും ആ സ്നേഹം കിട്ടിയാൽ ഏരിഞ്ഞു തീരാറായ ഈ ജന്മം വീണ്ടും തളിർക്കും…”

നിറമിഴികളോടെ ഗായത്രി കുഞ്ഞിനൊപ്പം അമ്മയോട് യാത്ര പറഞ്ഞിറങ്ങി..

സീതയുടെ ഗ്രാമത്തിൽ അവളുടെ സഹായത്തോടെ ഒരു വീട് ശെരിയാക്കി കിട്ടി. ഒരു ജോലിയും..

ഉമ്മറത്തു വിളക്ക് വെക്കുമ്പോൾ
ഇന്നും പ്രതീക്ഷയോടെ ദൂരേക്ക് നോക്കും..

കുഞ്ഞിന്റെ മുഖം കാണാൻ ഒരുപാട് കൊതിച്ചയാൾ.. ഒരുപാട് കഥകൾ പറഞ്ഞു കൊടുത്തിട്ട് ഒടുവിൽ…

കുഞ്ഞിന്റെ സ്കൂൾ ബെൽ കേട്ടപ്പോൾ മനസ്സ് പെട്ടെന്നൊരു ഞെട്ടലോടെ ക്ലോക്കിലേയ്ക്ക് നോക്കി.. “കുഞ്ഞു ഇപ്പോ ഇറങ്ങും.”.

മുഖമൊന്നു കഴുകി പൊട്ടുണ്ടോ ന്ന് കൈ കൊണ്ട് തൊട്ടുനോക്കി. അവനെ വിളിക്കാനായി പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോ പുറകിൽ നിന്നയാൾ അനിഷ്ടത്തോടെ ഉച്ചത്തിൽ വിളിച്ചു കൂവി..

“ഇതൊക്കെ ഇവിടെ നടപ്പുള്ള കാര്യമല്ല..”!

ഒരു നിമിഷം തിരിഞ്ഞുനിന്ന് എന്തോ പറയാനായി വന്ന നാവ് വായിലേക്കിട്ടവൾ സ്കൂൾ ലക്ഷ്യമാക്കി ഓടി..

ഇളം വെയിലിൽ വാടിയ റോസാപൂ പോലെ സ്കൂൾ ഗേറ്റിന്റെ പടിമേലെ നിന്ന അവൻ അമ്മയെ ലക്ഷ്യമാക്കി ഓടി അടുത്തു.

രണ്ട് കയ്യും നീട്ടി കുഞ്ഞിനെ കെട്ടിപിടിച്ചു ആ മുഖം അവൾ കൈയിൽ കോരിഎടുത്തു ഉമ്മ വച്ചു.
ബാഗും കുഞ്ഞൂനേം ഒരുപോലെ പൊക്കി കയ്യിൽ വച്ചു..

വിശേഷമൊക്കെ പറഞ്ഞവർ കടയിലേക്ക് നടന്നു…

സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന നേരമാകുംകടയിലെ ജോലി കഴിഞ്ഞ് രണ്ടാളും കഥകളൊക്കെ പറഞ്ഞു വീട്ടിൽ എത്തുമ്പോൾ..

വിളക്ക് വെക്കാൻ നേരമായതേയുള്ളു ഇരുട്ടായപോലെ..

വീട്ടിലേയ്ക്ക് ഓടികിതച്ചു വരുന്ന ഇരുവരേം സീത ദൂരേന്നു കണ്ടു.

“വീട്ടുപടിക്കൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി..ഇത്ര താമസിക്കുവോ..”

കട്ടളപ്പടിമേലെ ഇരുന്ന താക്കോൽ എടുത്ത് കതകിന്റെ പൂട്ടിലേയ്ക്കിട്ടു തിരിച്ചുകൊണ്ട് അവൾ പറഞ്ഞു..

“എന്ത് ചെയ്യാനാ ചേച്ചി ജീവിക്കണ്ടേ..”.

“സന്ധ്യ ആയാലും അയാൾ വിടില്ല
കടയടച്ചിട്ട് പോയാൽ മതീന്ന് പറഞ്ഞു നിൽക്കും.. ആ എല്ലാം എന്റെ തലവിധി..”

കതക് തള്ളി തുറന്നപ്പോൾ കുഞ്ഞു ഓടി അകത്തുകയറി.. സീതയെയും അകത്തേയ്ക്ക് വിളിച്ചു..

“ഇന്നെന്താ പതിവില്ലാതെ ഇടദിവസം.. അതും സന്ധ്യ നേരം…”

“അല്ല…ചേച്ചി സാധാരണ അവധി ദിവസമല്ലേ ഇങ്ങോട്ട് ഇറങ്ങാറുള്ളു..”

“ആ ഇടയ്ക്കൊക്കെ വന്നു തിരക്കാൻ ആകെ ചേച്ചിയെ ഉള്ളു.”

. “ഇങ്ങനൊരുത്തി ജീവനോടെ ഉണ്ടോന്നു ഇടയ്ക്കിടെ വന്നു തിരക്കാൻ..”

അടുക്കളയിലെ പാത്രങ്ങളോട് ആയി അവൾ പിറുപിറുത്തു..

ചായ്‌പ്പിലെ ചെറിയ ഒരു ബൾബ് വെട്ടത്തിൽ അടുപ്പ് കത്തിച്ചു. തീയെരിഞ്ഞു പുകഞ്ഞു.. ഇറയത്താകെ പുക നിറഞ്ഞു മണം പരന്നു.

അരികലം അടുപ്പത്തു വച്ചിട്ട് ഇറയത്തൂന്ന് അകത്തേയ്ക്ക് കാലെടുത്തു വച്ചപ്പോൾ….

കട്ടള ചാരി തന്നെ നോക്കി കൈ കെട്ടി ആരോ നിൽക്കുന്നപോലെ..

പുകയായത് കൊണ്ട്.പെട്ടെന്ന് ആളിനെ മനസിലാകാതെ ഒരടി പുറകോട്ടു വച്ചു..

ആരാ ണെന്ന് പുകമറ നീക്കി ആ മുഖം തെളിഞ്ഞപ്പോൾ…

സ്വപ്നത്തിലെ പോലെആളുടെ അടുത്തേയ്ക്ക് കാലുകൾ അറിയാതെ ചലിച്ചു..

അടുത്തെത്തിയപ്പോ തന്റെ മനസ്സിനെ മത്തുപിടിപ്പിച്ച അതേ ഗന്ധം..

ആ മുഖം കണ്ടപ്പോൾ…

സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ അവളുടെ ചുണ്ടും മനസും ഒരുപോലെ വിറച്ചു..

കണ്ണുകൾ നിറഞ്ഞു.. തൊണ്ടയിൽ എവിടെയോ ഉടക്കിയ ആ വിളി മനസ്സ് മന്ത്രിച്ചു..

“നവീനേട്ടൻ…”

ഓടിച്ചെന്നു കെട്ടിപിടിക്കാനായി കാലുകൾ ചലിച്ചെങ്കിലും അവളെ ഒരു നിമിഷം പഴയ ഓർമ്മകൾ പിടിച്ചു നിർത്തി.

പെട്ടെന് കണ്ണുകൾ തുടച്ചു. അടുപ്പിൽ പുകഞ്ഞ തീ ഒന്നുകൂടി ഊതി കത്തിച്ചു.

അവളുടെ പരാതികൾ പലതും മനസ്സിൽ കടലുപോലെ ഇരമ്പി..

അടുക്കള പടിമേലെ തന്നെ നിന്ന് നവീൻ എല്ലാം നോക്കി നിന്നു..

“അവളിലെ നിശബ്ദത.. അത് താനവൾക്ക് നൽകിയതിന്…”

അന്ന് കടലുകടന്നു പോയപ്പോൾ ഡ്രൈവർ ആയി ജോലി നോക്കിയ ദുബായിലെ ഒരു മലയാളീ കുടുംബം..

അവിടത്തെ മുതലാളിയ്ക്ക് പറ്റിയ കൈയബദ്ധം രണ്ട് കുഞ്ഞുങ്ങളും അന്നം തന്ന കൈകളും ആത്മഹത്യയ്ക്കൊരുങ്ങിയപ്പോൾ ചെയ്ത സഹായം..

കൂറ്റം ഏറ്റു പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയതിൽ പിന്നെ ഗായത്രിയോട് ഒന്നും പറഞ്ഞറിയിക്കാൻ പറ്റിയില്ല..

“തെറ്റാണ്‌ ചെയ്തത്.. പക്ഷെ എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന അവളോട് ഇതെങ്ങനെ പറയും..”!

10 വർഷം ന്നുള്ള ശിക്ഷ പണത്തിനും ജാമ്യത്തിനും മേലെ ഇളവ് കിട്ടി..

ജയിലിൽ കിടന്ന ഓരോ നിമിഷവും അവളെയും കുഞ്ഞിനേയും ഓർത്തു കരയാനായിരുന്നു വിധി…

പ്രതീക്ഷകൾക്കും കണക്കുക്കൂട്ടലുകൾക്കും മീതെ മരണ തുല്യമായ ജീവിത സാഹചര്യങ്ങളിൽ കൂടി ഓരോ നിമിഷവും വെന്ത് നീറി നിൽക്കേണ്ടി വരുമ്പോൾ ദൈവത്തിന്റെ കയ്യൊപ്പ് പതിയുന്ന ചില ജീവിത സാഹചര്യങ്ങൾ…

ഓരോന്നോർത്ത് നവീൻഒഴുകിയിറങ്ങിയ കണ്ണീർ തുള്ളികളെ കൈകൊണ്ട് തിരുമ്മി മായ്ച്ചു…

ഗായത്രി അപ്പോഴും ആരോടൊക്കെയോ ഉള്ള ദേഷ്യത്തിലായിരുന്നു…

വാതിൽ ചാരി നിൽക്കുന്ന നവീന്റെ മുഖത്തേയ്ക്ക് നോക്കാതെ അകത്തേയ്ക്ക് കയറാനായി കാലെടുത്തു വച്ചപ്പോൾ അവൻ അവളുടെ വയറിന്മേൽ കൈവച്ചു പിറകിൽ നിന്നും തന്നിലേയ്ക്ക് വലിച്ചിട്ടു..

അവനിൽ നിന്നും
കുതറി മാറാനായി നടത്തിയ ശ്രമത്തിനിടയിൽ അവളുടെ മനസ്സ് അവനുമേലെ ക്ഷമിക്കാൻ തുടങ്ങി

ഒന്നും മിണ്ടാതെ നവീൻ അവളുടെ പിൻകഴുത്തിന്മേൽ മുഖമമർത്തി പൊട്ടികരഞ്ഞു

ഇത്ര നാളത്തെ വേദനകൾ പരസ്പരം മൗനമായി പറഞ്ഞു തീർത്തതാണോ എന്തോ… ആ നിൽപ്പിൽ രണ്ടുപേരും നെഞ്ചുപൊട്ടി കരഞ്ഞു..

തന്റെ വയറിനുമേലെ ഉള്ള നവീന്റെ കൈകളെ തന്റെ കൈകൾ കൊണ്ട് മുറുകെ പിടിച്ചവൾ നെഞ്ചിലെ സങ്കടം മുഴുവൻ തീരും വരെ ശ്വാസമെടുക്കാതെ കരഞ്ഞു..

ഒടുവിൽ നിശബ്ദമായി.. അവൾ മിഴികൾ തുടച്ചു..

അരണ്ട ബൾബിന്റെ വെട്ടത്തിൽ നവീന്റെ മുഖം കണ്ടപ്പോൾ ആ പഴയ ഗായത്രിയായി തന്റെ ജീവനും മനസും വീണ്ടും ആ കൈകളിൽ എല്പിച്ചു..

അവളുടെ നെറ്റിയിലെ പടർന്ന സിന്ദൂരരേഖയിൽ അവൻ കൈകൾ കൊണ്ട് ഒന്നുകൂടി വരച്ചു..,അവളുടെ മുഖം തന്റെ നെഞ്ചിലേയ്ക്ക് വാരി അടുപ്പിച്ചു.. ആ മുടിയിഴകൾക്കിടയിലൂടെ അവന്റെ കൈകൾ അവളെ പുണർന്നു..

ആ നെഞ്ചിലേക്ക് മുഖമമർത്തുമ്പോൾ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന വിശ്വാസം ജീവിക്കാനുള്ള കൊതി ഒക്കെ അവളുടെ മിഴികൾ നിറച്ചു….

“ഹെന്നോട്… എന്നോട്.. ക്ഷമിച്ചൂടെ ഗായത്രി.. എനിക്ക്.. എനിക്ക്.. നീ മാത്രേ ഉള്ളൂ .. ഇത്ര നാൾ നിന്നെ ഒന്ന് കാണാതെ നീറി നീറി കഴിയുകയായിരുന്നു….”

ഈ ജന്മം ഇങ്ങനെ അങ്ങ് പോകണം.. മരണം വരെ.. ഈ ലോകത്തിലെ ഒന്നിനും പകരം വെയ്ക്കാൻ ആകാതെ പരസ്പരം പ്രണയിച്ചും ജീവിച്ചും …നിന്റെ ഒപ്പം…

രണ്ടുപേരുടെയും പരിഭവം പറച്ചിൽ കണ്ട് രണ്ട് കുഞ്ഞു കണ്ണുകൾ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു..

ഗായത്രി കുഞ്ഞൂനെ വാരി എടുത്ത് നവീന്റെ കൈകളിയ്ക്ക് കൊടുത്തു..

“നമ്മുടെ പൊന്നുമോൻ…”

നവീന്റെ ഹൃദയം സന്തോഷം കൊണ്ട് പൊട്ടുന്നപോലെ തോന്നി.. ഗായത്രിയെയും മോനേം ഒരുപോലെ കെട്ടിപിടിച്ചു രണ്ടുപേരെയും മാറി മാറി ഉമ്മവച്ചു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : rejitha sree…

Scroll to Top