നിന്നെ കൊണ്ട് ഉപദ്രവം അല്ലാതെ ഉപകാരം എന്തെങ്കിലുമുണ്ടോ? ദീപക്കിന് ദേഷ്യം അടക്കാൻ ആകുന്നില്ല. തുണി മടക്കി പെട്ടിയിൽ പാക്ക് ചെയ്യുന്ന കീർത്തിയുടെ മുന്നിലൂടെ അവൻ….

രചന : ആഷ

തീവണ്ടി

*********

നിന്നെ കൊണ്ട് ഉപദ്രവം അല്ലാതെ ഉപകാരം എന്തെങ്കിലുമുണ്ടോ?

ദീപക്കിന് ദേഷ്യം അടക്കാൻ ആകുന്നില്ല. തുണി മടക്കി പെട്ടിയിൽ പാക്ക് ചെയ്യുന്ന കീർത്തിയുടെ മുന്നിലൂടെ അരിശം തീരാതെ നിലം ചവിട്ടി തേച്ചു തെറിയും വിളിച്ചു ഇങ്ങോട്ടും നടക്കുകയാണ്.

“ഒന്നടങ്ങെന്റെ ദീപു !നീയിങ്ങനെ ടെൻഷൻ ആകാതെ. കോഴിക്കോട് എത്തിയാൽ പോരേ ?

കീർത്തി ഭർത്താവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

നിങ്ങൾക്കെന്താ ട്രയിനിൽ കേറാൻ ഇത്ര മടി,

നിങ്ങളെ ട്രെയിൻ പിടിച്ചു കടിച്ചോ?

“എന്നെ കൊണ്ടൊന്നും പറയിക്കരുത്, കോഴിക്കോട് ഒരു മണിക്കൂർ കൊണ്ട് എത്താൻ വിമാനം ഉള്ളപ്പോ കൊച്ചുങ്ങളെയും തൂക്കി ട്രെയിനിൽ പോകണോ. അതും 67 മണിക്കൂർ യാത്ര . ”

പിള്ളേരേം കൊണ്ടൊക്കെ ട്രെയിനിൽ പോകുന്നത് അത്ര സുഖമുള്ള പരിപാടി അല്ല”.അത് മാത്രമല്ല ഇത്രേം യാത്രാസമയവും, ഒരു ദിവസം അങ്ങ് പോയി കിട്ടും.”

കീർത്തിക്ക് ദേഷ്യം വന്നു “സാരമില്ല, ഇത്തിരി പതുക്കെ പോയാൽ മതി, ഓടിപ്പാഞ്ഞ് ചെന്നിട്ട് അവിടെ പ്രത്യേകിച്ച് കാര്യമൊന്നും സാധിക്കാനില്ല.എന്റെ അനിയത്തീടെ കല്യാണമല്ലേ..

മറുപടി പറയാതെ ദീപക് മൂന്ന് വയസുള്ള മോളെയുമെടുത്തു കാറിലേക്ക് നടന്നു.

തിരുവനന്തപുരത്തു ഐടി പാർക്കിൽ ജോലി ചെയ്യുന്ന എഞ്ചിനീയർ ദമ്പതികൾ ആണ് ദീപക്കും കീർത്തിയും. മൂന്ന് വയസും ഒന്നരവയസും പ്രായമുള്ള ഒരു മകളും മകനുമുണ്ട് ഇരുവർക്കും. കീർത്തി കോഴിക്കോടുകാരിയാണ് ദീപക് കൊല്ലവും. കീർത്തിയുടെ അനിയത്തിയുടെ കല്യാണത്തിന് പോകാൻ ഇറങ്ങിയതാണ് ഇരുവരും

കീർത്തി കിട്ടിയതൊക്കെ ബാഗിൽ കുത്തിനിറച്ചു മോനെയും എടുത്തു പിൻസീറ്റിൽ വന്നിരുന്നു. മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ട്.

കാർ പതിയെ നീങ്ങി തുടങ്ങി. ..

ദീപക് ആകെ അസ്വസ്ഥൻ ആണ്, ഈ ട്രെയിൻ യാത്ര തീരെ ആഗ്രഹിച്ചതല്ല, കുട്ടികൾ ഒന്ന് വലുതാകുന്നത് വരെ അവരെയും കൊണ്ട് ട്രെയിനിൽ കേറില്ല എന്ന തീരുമാനം എടുത്തിരുന്നതാണ്. എവിടെ പോയാലും സ്വന്തം വണ്ടിയിലോ വിമാനത്തിലോ മാത്രമേ പോകാറുള്ളൂ. ഇത്തവണ കീർത്തിയാണ് വിമാനത്തിന് ചാർജ് കൂടുതൽ ആണെന്ന് പറഞ്ഞു ട്രെയിൻടിക്കറ്റ് എടുത്തത്.

ട്രെയിൻ എന്ന് കേട്ടാൽ തന്നെ ഒരു വേദനയാണ് , തന്റെ കയ്യിൽ നിന്ന് വഴുതി പോയ ഒരു വെളുത്ത ചിത്രശലഭത്തിനെ ആണ് ഓര്മ വരുന്നത്. ദീപക് പെട്ടെന്ന് തന്നെ ചിന്തകളിൽ നിന്നുണർന്നു.

തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ കാര് പാർക്ക് ചെയ്ത ശേഷം ദീപക്കും കുടുംബവും സ്റ്റേഷനിലേക്ക് നടന്നു. പ്ലാറ്റഫോം നമ്പർ രണ്ടിൽ എത്തിയപ്പോൾ തന്നെ ട്രെയിനിന്റെ അന്നൗൻസ്മെന്റ് കേട്ടു, 16346 തിരുവനന്തപുരത്തു നിന്ന് ലോകമാന്യതിലക് വരെ പോകുന്ന നേത്രാവതി എക്സ്പ്രസ്സ് അല്പസമയത്തിനകം പ്ലാറ്റഫോം നമ്പർ രണ്ടിൽ നിന്ന് യാത്ര ആരംഭിക്കുന്നതാണ്. . പതിവില്ലാതെ രാവിലെ ഉണർന്നത് കൊണ്ട് മക്കൾ രണ്ടും പകുതി ഉറക്കത്തിലാണ്. അത്രയും ആശ്വാസം. സീറ്റുകൾ കണ്ടുപിടിച്ചു പെട്ടിയൊക്കെ ഒതുക്കി ഇരുന്നപ്പോഴേ ട്രെയിൻ പതിവ് ചൂളം വിളിയും കിതപ്പുമായി നീങ്ങിത്തുടങ്ങി.

മോൻ കീർത്തിയുടെനെഞ്ചിൽ കിടന്ന് ഉറക്കമായി. മോൾ ദീപക്കിനെ ചാരി ഇരുന്ന് ഉറക്കാം തൂങ്ങുന്നു. ഇന്നിനി കീർത്തി മിണ്ടില്ലന്ന് അറിയാവുന്നത് കൊണ്ട് ദീപക് പുറത്തെ കാഴ്ചകളിൽ മുഴുകി. എതിരെ വീശി അടിക്കുന്ന തണുത്ത കാറ്റ് ദീപകിന്റെ കണ്ണുകളെ പതുക്കെ തളർത്തി തുടങ്ങി. ഇടയ്ക്കിടെ ഉണർന്ന് അയാൾ മോളെ ചേർത്ത് പിടിക്കും. പിന്നെയും പതിയെ മയങ്ങും. ദീപകിന്റെ ചിന്തകൾ കുതിച്ചു പായുന്ന തീവണ്ടി പോലെ കുറച്ചു വർഷങ്ങൾ പിറകിലേക്ക് പോയി.

കീർത്തി ജീവിതത്തിലേക്ക് കടന്ന് വരുന്നതിനു ഒക്കെ മുന്നെയാണ്, 10 വര്ഷം മുന്നേ മുംബയിലെ അമ്മാവന്റെ വീട്ടിൽ നിന്നും നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് ട്രെയിനിൽ വെച്ച് ആ കുടുംബത്തെ പരിചയപ്പെട്ടത്. മുംബൈ വിട്ട് ഏതോ സ്റ്റേഷനിൽ നിന്നാണ് അവർ കേറിയത്. 35 വയസോളം തോന്നിക്കുന്ന ദമ്പതികളും 78 വയസ് തോന്നിക്കുന്ന ഒരു സുന്ദരി കുട്ടിയും. നേരെ എതിർസീറ്റാണെങ്കിലും വലിയ അടുപ്പം കാണിച്ചില്ല. ലാപ്ടോപ്പിൽ തന്നെ മുഴുകിയിരിക്കുമ്പോഴാണ് ആ കുട്ടി അടുത്ത് വന്നത്

“അങ്കിൾ”

ദീപക് തല ഉയർത്തി നോക്കി, വെളുത്ത വെൽവെറ്റ് ഡ്രെസ്സിൽ ഒരു മിടുക്കി കുട്ടി..

എന്താ?

അങ്കിൾ സൈഡ്‌ സീറ്റിൽ ഇരുന്നോട്ടെ ഞാൻ..

ചോദ്യം അത്ര ഇഷ്ടപെട്ടിലെങ്കിലും ദീപക് സൈഡ് സീറ്റൊഴിഞ്ഞു കൊടുത്തു.

വരണ്ട ഭൂമിയിലൂടെ കുതിച്ചും കിതച്ചും കൂവിയാർത്തുമൊക്കെ ട്രെയിൻ മുന്നോട്ട് പാഞ്ഞു..നീണ്ട യാത്രയുടെ മടുപ്പിൽ നിന്ന് രക്ഷപെടാൻ ദീപക്കിനും ഒരു ആശ്വാസം ആയിരുന്നു ആ കുട്ടി.

ദീപക് അവളെ ലാപ്ടോപ്പിൽ ഗെയിം കളിയ്ക്കാൻ അനുവദിച്ചു, അവൾ ദീപക്കിന് പാട്ട് പാടി കൊടുത്തു.. അവർ പെട്ടെന്ന് തന്നെ വളരെ അടുത്തു. വായ തുറന്നാൽ കിലുകിലാ സംസാരിക്കുന്ന ഓരോ വാചകത്തിനും അകമ്പടിയായി പൊട്ടിച്ചിരിക്കുന്ന ഒരു കിലുക്കാംപെട്ടി.

ദീപക് ഒരു ചോക്ലേറ്റിന്റെ പാക്കറ് അവൾക്ക് നേരെ നീട്ടി, അവൾ ഇടംകണ്ണിട്ട് കള്ളച്ചിരിയോടെ അവളുടെ അച്ഛനെ നോക്കി. അയാൾ വാങ്ങിക്കോളൂ എന്ന് തലകുലുക്കി സമ്മതിച്ചു. ദീപക് അവളുടെ അച്ഛനെയും അമ്മയെയും ഒക്കെ പരിചയപെട്ടു. കോട്ടയത്ത് എവിടെയോ ഉള്ളവരാണ്. സ്കൂൾ അടച്ചത് ആഘോഷിക്കാൻ ഉള്ള പോക്കാണ്. ഉറങ്ങാൻ പോകുന്നത് വരെ അവൾ ദീപക്കിന്റെ ഒപ്പം ആയിരുന്നു.

രാത്രിയായി, തീവണ്ടിയുടെ താളത്തിലുള്ള കുലുക്കത്തിൽ ഉറങ്ങാൻ നല്ല സുഖമാണ്. കിലുക്കാംപെട്ടിയ്ക്കും കുടുംബത്തിനും ഒക്കെ അപ്പർബർത്തിലാണ് ഉറക്കം. ദീപക്കിന് താഴെയും. അപ്പോഴാണ് ഇത്ര നേരം അടുത്തിരുന്നു കളിച്ചിട്ടും ആ കുട്ടിയുടെ പേര് ചോദിച്ചില്ലല്ലോ എന്ന് ദീപക് ഓർത്തത്. അപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.

ദീപക് അതിരാവിലെ തന്നെ ഉണർന്നു. കോയമ്പത്തൂറിനോട് അടുത്തിരുന്നു അപ്പോൾ. സ്റ്റേഷനിൽ വണ്ടി നിർത്തിയതും അയാൾ പ്ലാറ്റഫോമിൽ ഇറങ്ങി ഒരു മലയാള പത്രം വാങ്ങി. അതിൽ മുഴുകി ഇരിക്കുമ്പോ ട്രെയിൻ പതിയെ അതിർത്തി കടന്നു കേരളത്തിലെത്തി. വീശി അടിക്കുന്ന കാറ്റിൽ നിന്ന് കേരളം എത്തിയത് മനസിലായി.

പുറം കാഴ്ചകളിൽ ലയിച്ചു ഇരിക്കുമ്പോഴാണ് മുകളിൽ നിന്ന് കിലുക്കാംപെട്ടി വിളിച്ചത്,

“അങ്കിളേ ഗുഡ്മോർണിംഗ് ഞാൻ താഴേക്ക് വരട്ടെ ”

അയാൾ നിറഞ്ഞ ചിരിയോടെ അവളെ വിളിച്ചു. അവൾ മുകളിലെ ബർത്തിൽ തന്നെ ഇരുന്ന അവളുടെ അച്ഛന്റെ കയ്യിൽ പിടിച്ചു താഴേക്ക് ഇറങ്ങി

പെട്ടെന്ന് അവളുടെ പിടി തെറ്റി, ദീപക് അവളെ പിടിക്കാനായി കൈ നീട്ടിയതും തുറന്ന് കിടന്നിരുന്ന എമെർജെൻസി എക്സിറ് ജനലിലൂടെ കാൽ വഴുതി അവൾ ട്രെയിനിന് പുറത്തേക്ക് തെറിച്ചു പോയി.

ഒരു വെളുത്ത ചിത്രശലഭം കൈയിൽ നിന്ന് വഴുതി പറന്ന് പോയത് പോലെ.. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അയാൾക്ക്. ആരൊക്കെയോ ചങ്ങല വലിക്കുന്നതിന്റെയും അലറി കരയുന്നതിന്റെയും ശബ്ദം. കാറ്റിൽ ചോരമണം അയാളുടെ മൂക്കിലേക്ക് അരിച്ചു കയറാൻ തുടങ്ങി.

“എന്റെ മോളെ” വലിയൊരു അലർച്ചയോടെ ദീപക് നിലം പതിച്ചു..കണ്ണിൽ ആരോ വെള്ളം തളിച്ചപ്പോഴാണ് ദീപക് ഉണർന്നത്. ചുറ്റും കൂടി നിൽക്കുന്ന ആളുകൾ പരിഭ്രാന്തയായി തുറിച്ചു നോക്കി നിൽക്കുന്ന കീർത്തി,

എന്റെ മോളെവിടെ, ഒരു നിലവിളിയോടെ ദീപക് ചാടി എഴുന്നേറ്റു..

മോൾ പെട്ടെന്ന് കരഞ്ഞു കൊണ്ട് ദീപക്കിനെ കെട്ടിപിടിച്ചു.. കീർത്തിയുടെ മടിയിൽ കിടന്ന് അയാൾ ഒരു കുഞ്ഞിനെ പോലെ ഏങ്ങലടിച്ചു കരഞ്ഞു.

കോഴിക്കോട് ട്രെയിൻ ഇറങ്ങുന്നത് വരെ മോളെ അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ആഷ

Scroll to Top