ഞാൻ അടുത്ത് ചെല്ലുന്നതും വല്ലതും ചോദിക്കുന്നതും ഒന്നും അവൾക്ക് ഇപ്പോൾ ഇഷ്ടമല്ല സിദ്ദേട്ടാ… ഞാനവളുടെ അമ്മയല്ലേ….

രചന : രതീഷ് അമ്പാടി കോഴിക്കോട്

സ്നേഹസാഗരം….

*************

മായേ…

ഇന്ന് എന്റെ നീല ഷർട്ട്‌ അയേൺ ചെയ്തു വെച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ…

ഓഫീസിൽ പോകുന്നതിന് മുൻപുള്ള പതിവ് ഒരുക്കങ്ങൾക്കിടയിൽ നിന്നും സിദ്ധു വിളിച്ചു ചോദിച്ചു

ഇന്ന് കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വീട്ടിൽ ചെല്ലാമെന്നു സിദ്ധു പറഞ്ഞിട്ടുണ്ട്

ഇന്നലെ വന്നപ്പോഴേ മായയോട് അവനാ കാര്യം പറഞ്ഞേൽപ്പിച്ചതാണ്.

രാവിലെ കുളികഴിഞ്ഞു വന്ന് നോക്കിയപ്പോൾ അവൻ പറഞ്ഞ ഷർട്ട്‌ ആയിരുന്നില്ല അവൾ അയേൺ ചെയ്തു വെച്ചത്,

അതാണ്‌ ഈ അരിശത്തിന് കാരണം.

മായയിൽ നിന്നും മറുപടി ഒന്നും കിട്ടിയില്ലെങ്കിലും അവൾ അയേൺ ചെയ്തു വെച്ച ഷർട്ടും ഇട്ട് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ തയ്യാറായി അവൻ ഡൈനിങ് ടേബിളിനടുത്തേക്ക് വന്നു.

സിദ്ധു വരുമ്പോൾ അപർണ ഭക്ഷണം കഴിച്ച് കൈകഴുകാൻ എഴുനേൽക്കുകയായിരുന്നു

പത്താം ക്ലാസ്സിൽ പഠിക്കുകയാണ് അപ്പു എന്ന അപർണ്ണ

അനിയൻ ആദി ഏഴാം ക്ലാസ്സിലും.

ആദീ…. എഴുനേല്ക്ക് നിന്റെ സ്കൂൾ ബസ് ഇപ്പൊ വരും.. അപർണ്ണ ആദിയോടായി പറഞ്ഞു.

ഇന്നെന്നെ അപ്പ കൊണ്ടാക്കി തരും അല്ലേ അപ്പ..

ആദി സിദ്ധുവിനോട് കൊഞ്ചലോടെ ചോദിച്ചു.

അയ്യോ… അപ്പ ഇന്ന് വേറെ വഴിക്കാ…

അപ്പ വേറൊരു ദിവസം മോനെ കൊണ്ടാക്കി തരാം..

സിദ്ധു മോനോട് പറഞ്ഞു.

അപ്പോഴേക്കും അപർണ്ണ കൈ തുടച്ച് ബാഗും എടുത്ത് മേശക്കടുത്തെത്തി

സിദ്ദുവിനെ പിന്നിൽ നിന്നും വട്ടം പിടിച്ച് അപ്പയുടെ കവിളിൽ ഒരു മുത്തവും കൊടുത്ത് അവൾ പുറത്തേക്കിറങ്ങി.

ആദീ… നിന്റെ ബസ് വന്നൂട്ടാ…

അത് കേട്ടതും ആദി ചാടി എഴുനേറ്റ് കൈ കഴുകി തയ്യാറാക്കി വെച്ചിരുന്ന ബാഗും എടുത്ത് ഓടി വന്ന് അപ്പയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് അവൻ അടുക്കളയിലേക്ക് ഓടി.

സിദ്ദുവിനുള്ള ദോശ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു മായ.

അവൻ ഓടി അടുക്കളയിൽ എത്തി മായയെ ചേർത്ത് പിടിച്ച് അമ്മയ്ക്കും ഒരു ഉമ്മ കൊടുത്ത് ബസ് ലക്ഷ്യമാക്കി ഓടി.

ആദിയുടെ ഓട്ടം കണ്ടു സിദ്ധു ചിരിച്ചു
ആദിക്കിതു പതിവാണ്.

ബസ് വരുന്നത് വരെ അവൻ പതിയെ പതിയെ എല്ലാം ചെയ്യൂ

ബസ് വന്നാലോ….. പിന്നെ ആള് ഫുൾ സ്പീഡ് ആകും

അപ്പു ടൗണിലുള്ള ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിലാണ് പഠിക്കുന്നത്,

അവരുടെ ബസ് അടുത്ത കവലയിൽ ആണ് വരിക
ആ കവലവരെ അവൾ കൂട്ടുകാരികളോടൊത്ത് നടന്നു പോകും

ആദി കേന്ദ്രീയവിദ്യാലയത്തിലാണ് പഠിക്കുന്നത്.

മായേ….സിദ്ധു അടുക്കളയിലേക്ക് നോക്കി വിളിച്ചു

ദാ.. വരുന്നു സിദ്ധേട്ടാ…

പറഞ്ഞു തീർന്നതും ഒരു പത്രത്തിൽ ദോശയുമായി മായ സിദ്ദുവിനു അരികിലെത്തി

ടേബിളിൽ നിന്നും പ്ലേറ്റ് എടുത്ത് അവൾ സിദ്ധുവിന് ദോശ ഇട്ടുകൊടുത്തു

നേരത്തെ തയ്യാറാക്കി വെച്ച സാമ്പാറും ചട്ണിയും മായ പ്ലേറ്റ്ലേക്ക് ഒഴിച്ചു കൊടുത്തു.

നീ കഴിച്ചോ……സിദ്ധു മായയോട് ചോദിച്ചു

ഇല്ല എന്ന ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി.

എന്നാ ഇവിടെ ഇരിക്ക്… നമുക്ക് ഒരുമിച്ച് കഴിക്കാം…

വേണ്ട…. സിദ്ധേട്ടൻ കഴിച്ചോ…

ഞാൻ…. പിന്നെ കഴിച്ചോളാം….

വാക്കുകൾ ഇടറുന്ന പോലെ തോന്നിയത് കൊണ്ടാകണം സിദ്ധു മായയുടെ മുഖത്തേക്ക് നോക്കി.

മുഖത്ത് ഒരു വിഷാദഭാവം…

കണ്ണുകളിൽ സങ്കടത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു.

സിദ്ധു കാണാതിരിക്കാൻ മായ കഷ്ടപ്പെട്ട് ചിരിക്കാൻ ശ്രമിക്കുന്നതായി അവനു തോന്നി.

സിദ്ധേട്ട…. ആ നീല ഷർട്ടിന്റെ പിന്നിൽ എന്തോ കറ ആയിട്ടുണ്ട്‌.

അതാ ഈ ഷർട്ട് തേച്ചു വെച്ചത്

അപ്പുവും, ആദിയും കഴിച്ച പ്ലേറ്റുകൾ ഓരോന്നായി എടുക്കുന്നതിനിടയിൽ മായ പറഞ്ഞു

എന്തു കറ..???

അറിയില്ല…. തേക്കാനായി എടുത്തപ്പോൾ കണ്ടതാ

അത്രയും പറഞ് മായ അടുക്കളയിലേക്ക് പോയി.

തനിക്കു മുഖം തരാതിരിക്കാൻ മായ പെട്ടന്ന് പിൻവാങ്ങിയത് പോലെയാണ് സിദ്ദുവിനു തോന്നിയത്.

സിദ്ദു കഴിച്ച് കൈ കഴുകി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് ചെന്നൂ

അടുക്കളയിലെ പിറകു വശത്തുള്ള വാതിലിനരികിൽ പുറത്തേക്കു നോക്കി നിൽക്കുകയാണ് മായ.

സിദ്ദുവിന്റെ കാൽപെരുമാറ്റം കേട്ടപ്പോൾ മായ പെട്ടന്ന് കണ്ണുകൾ തുടച്ച് സിദ്ധുവിനടുത്തേക്ക് വന്നു.

തന്റെ അടുത്തെത്തിയ മായയെ ചേർത്ത് പിടിച്ച് സിദ്ധു ചോദിച്ചു

എന്താടോ….?? എന്താ പറ്റിയെ തനിക്ക്..??

ഞാൻ കുറച്ച് നേരമായി ശ്രദ്ധിക്കുന്നു..

നീ എന്തിനാ കരഞ്ഞത്…

കണ്ണുകൾ ആകെ കലങ്ങിയിരിക്കുന്നല്ലോ….

പറയൂ.. എന്തുപറ്റി..???

അതുവരെ ഉള്ളിലൊതുക്കിയ നൊമ്പരത്തിന്റെ നീരുറവ പെട്ടന്ന് പൊട്ടിയത് പോലെ മായ സിദ്ദുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

സിദ്ധേട്ടാ….. അവൾ അവന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു.

എന്തുപറയണമെന്നറിയാതെ സിദ്ധു അവളെ ചേർത്ത് പിടിച്ചു..

പറയ്… എന്താ…??? എന്താ നിന്റെ വിഷമം..??

സിദ്ധു വീണ്ടും ചോദിച്ചു

ഞാൻ….

മായക്ക് വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല

അക്ഷരങ്ങൾ അവളുടെ നാവിൽ നിന്നും പുറത്തു വന്നില്ല..

ഞാൻ….. ഞാനൊരു മോശം അമ്മയാണോ

സിദ്ധേട്ടാ….മായ കരഞ്ഞുകൊണ്ട് സിദ്ദുവിനോട് ചോദിച്ചു.

മായയുടെ ഉള്ളിൽ അത്രയും ആഴത്തിൽ എന്തോ അവളെ വേദനിപ്പിച്ചിട്ടുണ്ടെന്നു സിദ്ദുവിനു തോന്നി

അവൻ തന്റെ കൈ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു.

ഏത് പ്രതിസന്ധിയിലും തന്റെ താങ്ങും തണലും ആ നെഞ്ചാണെന്നോർത്ത മായ തന്റെ ഹൃദയത്തിനേറ്റ മുറിവിന്റെ ആഴം സിദ്ദുവിനു മുൻപിൽ തുറന്നു വെച്ചു.

സിദ്ദേട്ടാ….

അപ്പു….

അവൾ എന്നിൽനിന്നും ഒരുപാട് അകന്നുപോയി സിദ്ധേട്ട…

അവളെന്നോട് മനസ്സ് തുറന്നു മിണ്ടിയിട്ട് ഒരുപാട് ദിവസമായി…

ഞാൻ അടുത്ത് ചെല്ലുന്നതും വല്ലതും ചോദിക്കുന്നതും ഒന്നും അവൾക്ക് ഇപ്പോൾ ഇഷ്ടമല്ല സിദ്ദേട്ടാ.

ഞാനവളുടെ അമ്മയല്ലേ….

സിദ്ധേട്ടാ…

നമ്മുടെ അപ്പു എന്നെ അമ്മേന്നു വിളിച്ചിട്ട് എത്ര ദിവസമായെന്നറിയോ..??

അവളെന്നെ ഒരുപാട് വെറുക്കുന്ന പോലെ…..

പറഞ്ഞത് മുഴുമിപ്പിക്കാനാവാതെ മായ പൊട്ടിക്കരഞ്ഞു.

ഇന്നാള് അവളുടെ പിടിഎ മീറ്റിങ്ങിന് സിദ്ധേട്ടൻ ചെല്ലണമെന്നു അവൾ വാശിപിടിച്ചില്ലേ….അതിന് മുൻപ് അവള് എന്നോട് പറഞ്ഞതറിയോ സിദ്ധേട്ട….

ഞാൻ അവളുടെ സ്കൂളിൽ ചെല്ലുന്നത് അവൾക് നാണക്കേടാണെന്ന്… അതുകൊണ്ട് ഞാൻ പോകരുതെന്ന് അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു സിദ്ദേട്ടാ….

അത് പറഞ്ഞതും മായയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.

ഉള്ളിലുള്ള സങ്കടം ആ കണ്ണുനീരിൽ ഒഴുകി പോകുന്നതുവരെ അവൾ സിദ്ദുവിന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു.

പതിയെ മായയെ ആശ്വസിപ്പിച്ച് കാറിൽ കയറിയപ്പോൾ സിദ്ധുവിന്റെ മനസ്സ് കലുഷിതമായിരുന്നു.

അമ്മയും മകളും തമ്മിലുള്ള ഈ അകലം കുറക്കേണ്ടത് തന്റെ കടമയാണെന്ന് സിദ്ധു മനസിലോർത്തു.

അതിനാദ്യം അപ്പുവിന്റെ മനസ്സറിയണം.

ചിലതെല്ലാം ചിന്തിച്ചുറപ്പിച്ച് സിദ്ധു തന്റെ കാർ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി.

വൈകീട്ട് മൂന്ന് മണിയായപ്പോൾ സിദ്ധു സീറ്റിൽ നിന്നും എഴുന്നേറ്റു.

കാറും എടുത്ത് സിദ്ധു നേരെ പോയത് അപ്പുവിന്റെ സ്കൂളിന് മുന്നിലേക്കാണ്.

മൂന്നര മണിക്കാണ് അപ്പുവിന് സ്കൂൾ വിടുന്നത്.

3.30 ക്ക് സ്കൂൾ വിടുന്നതുവരെ സിദ്ധു ഗേറ്റ്നടുത്ത് മകളെയും കാത്ത് നിന്നു.

ബെല്ല് അടിച്ച് സ്കൂൾ വിട്ടതും കുട്ടികൾ കൂട്ടത്തോടെ കളിചിരികളോടെ പുറത്തേക്കൊഴുകി.

പതിവിനുവിപരീതമായി അപ്പയെ ഗേറ്റ്നടുത്ത് കണ്ടപ്പോൾ അപ്പു ചിരിച്ചു.

അവൾ അപ്പയുടെ കൈയും പിടിച്ച് കാറിൽ കയറി.

അപ്പ എന്താ ഈ സമയത്ത്…? അവൾ ചോദിച്ചു

ഇന്ന് അപ്പക്ക് നേരത്തെ ഡ്യൂട്ടി കഴിഞ്ഞു, അപ്പൊ പിന്നെ മക്കളെയും കൂട്ടി ഓരോ ഐസ് ക്രീം ഒക്കെ കഴിച്ച് മെല്ലെ പോകാമെന്നു അപ്പയും കരുതി.

ഐസ് ക്രീം എന്ന് കേട്ടതും അവളുടെ അവളുടെ കണ്ണുകൾ വിടർന്നു.

സത്യം…? അവൾ വിശ്വാസം വരാതെ ചോദിച്ചു

സത്യം… സിദ്ധു മറുപടി പറഞ്ഞു.

സിദ്ധു കാർ ആദിയുടെ സ്കൂൾ ലക്ഷ്യമാക്കി ഓടിച്ചുകൊണ്ടിരുന്നു.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ സിദ്ധു ചോദിച്ചു നമുക്ക് നമുക്ക് ആദിയെയും കൂട്ടി വീട്ടിൽ പോയി അമ്മയെയും വിളിച്ചിട്ട് വന്നാലോ…?

അതിനൊരുപാട് സമയമെടുക്കും അപ്പാ.

അമ്മ ഇനി സാരി ഒക്കെ ഉടുത്തു വരുമ്പോഴേക്കും രാത്രിയാകും, പിന്നെ ഐസ് ക്രീംമും ഉണ്ടാവില്ല പുറത്തു പോക്കും ഉണ്ടാവില്ല.

അമ്മയുമായുള്ള മകളുടെ അകലം വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു സിദ്ധു.

കാർ പതിയെ ഓരം ചേർത്ത് സിദ്ധു മകളോട് ചോദിച്ചു

മോള് എന്തിനാ കഴിഞ്ഞ മീറ്റിങ്ങിനു അപ്പ വരണമെന്ന് വാശി പിടിച്ചത്

ഇതുവരെയുള്ള മോളുടെ എല്ലാ ക്ലാസ്സിലും അമ്മ അല്ലേ മീറ്റിങ്ങിനു വന്നിരുന്നത്

പിന്നെന്തിനാ അമ്മയോട് ഇനി വരണ്ടാന്നു പറഞ്ഞത്
മോളെന്താ ഇപ്പോ പഴയ പോലെ അമ്മയോട് മിണ്ടാത്തത്.

എന്തുപറ്റി അമ്മ മോളെ എന്തിനെങ്കിലും വഴക്ക് പറഞ്ഞോ….

മോള് പറ…അപ്പയോടു പറ

ആ പത്താക്ലാസുകാരിയുടെ മനസ്സിൽ എന്ന് മുതലാണ് അമ്മയുടെ ചിത്രം പൊടി പിടിച്ച് തുടങ്ങിയത് എന്നറിയാൻ സിദ്ധു ചോദിച്ചു.

അപ്പാ….

കാറിന്റെ മുൻഗ്ലാസ്സിലൂടെ അകലേക്ക്‌ നോക്കി ഇരുന്നു കൊണ്ട് അപർണ്ണ പറഞ്ഞു തുടങ്ങി

അപ്പാ…

എന്റെ കൂട്ടുകാരികളുടെ അമ്മമാരൊക്കെ ജോലി ഉള്ളവരാ…

അവരൊക്കെ മീറ്റിങ്ങിനു വന്നാൽ എപ്പോഴും ജോലിയെ കുറിച്ചും അവരുടെ ജോലി സംബന്ധമായ കാര്യങ്ങളെ കുറിച്ചും സംസാരിക്കുമ്പോൾ എന്റെ അമ്മ ഒന്നും മിണ്ടാതെ ഒരു ഭാഗത്ത്‌ മാരി ഇരിക്കും
അത് പറഞ്ഞു എന്നെ എന്റെ കൂട്ടുകാരികൾ എപ്പോഴും കളിയാക്കും.

അവരൊക്കെ ടീച്ചേർസ്നോട് ഇംഗ്ലീഷിൽ ആണ് സംസാരിക്കാറ്

എന്റെ അമ്മ ടീച്ചറിന്റെ അടുത്ത് സംസാരിക്കുന്നതു കേട്ട് കുട്ടികൾ എന്നെ കളിയാക്കി ചിരിക്കും

അതുമാത്രമല്ല അപ്പാ..

എല്ലാ അമ്മമാരും മോഡേൺ ഡ്രസ്സ്‌ ഒക്കെ ധരിച്ച് പുതിയ കാലഘട്ടത്തിൽ വരുമ്പോൾ എന്റെ അമ്മ മാത്രം സാരി ഒക്കെ ഉടുത്ത്, മുടിയൊക്കെ…….പറഞ്ഞു വന്നത് മുഴുമിപ്പിക്കാതെ അപ്പു പകുതിയിൽ നിർത്തി.

മറ്റ് അമ്മമാർ കുട്ടികളുടെ എക്സ്ട്രാ ആക്ടിവിറ്റീസ്നെ പറ്റി വാചാലമായി പരസ്പരം സംസാരിക്കുമ്പോൾ എന്റെ അമ്മ…..

ഒന്നും മുഴുമിപ്പിക്കാനാവാതെ അപ്പു നിർത്തുന്നത് അമ്മയെ കുറിച്ച് നിരാശയുള്ളതുകൊണ്ടാണെന്ന് സിദ്ദുവിനു മനസിലായി.

വീട്ടിലായാലും എപ്പോഴും എന്നോട് എണ്ണ തേച്ചോ, മുടി ചീകിയോ, എന്നൊക്കെ ചോദിച്ച് എപ്പോഴും പിറകെ നടക്കും,

അതും പറഞ്ഞു അപ്പു സിദ്ധുവിന്റെ നേരെ തിരിഞ്ഞു..

അപ്പാ…. ഞാനിപ്പോ വല്ല്യ കുട്ടി ആയില്ലേ
ഇതൊക്കെ ഇനി ഞാൻ ഒറ്റക്ക് ചെയ്യില്ലേ…

അമ്മയും മകളും തമ്മിലുള്ള അകലത്തിന്റെ കാരണങ്ങൾ ഏകദേശം സിദ്ദുവിനു മനസിലായിരുന്നു.

അപ്പോഴേക്കും ആദിയുടെ സ്കൂൾ വിട്ടു.

സിദ്ധു പോയി ആദിയെയും കൂട്ടി ഐസ് ക്രീം പാർലറിൽ പോയി ഐസ് ക്രീം ഒക്കെ കഴിച്ചു രാത്രി വീട്ടിലെത്തി.

രാത്രി ഭക്ഷണം വിളമ്പുമ്പോൾ സിദ്ധു മായയെ ശ്രദ്ദിച്ചു.

രാവിലെ കണ്ട ആ വിഷാദഭാവം അവളെ വിട്ടു പോയിട്ടില്ല.

ഇത് പരിഹരിക്കാൻ തനിക്കേ കഴിയൂ.

എന്തായാലും നാളെ അവധി ദിനമാണ്.

നാളെയാവട്ടെ.. സിദ്ധു മനസിലോർത്തു.

അന്ന് രാത്രി കിടക്കുമ്പോൾ സിദ്ധു മായയോട് പറഞ്ഞു

നാളെ രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാക്കേണ്ട,

നീ രാവിലെ റെഡി ആയിക്കോ

ഞാൻ ബസ് കയറ്റി തരാം

നീ നിന്റെ വീട്ടിലേക്ക് പൊയ്ക്കോ

ഞങ്ങൾ വൈകീട്ട് വരാം

എന്തേ… മായ അത്ഭുതത്തോടെ ചോദിച്ചു.

ഒന്നുമില്ല… നീ കുറേ ആയില്ലേ അച്ഛനെയും അമ്മയെയും കണ്ടിട്ട്… നീ നാളെ പൊയ്ക്കോ
വൈകീട്ട് ആവുമ്പോൾ ഞങ്ങൾ വരും.

കുട്ടികളോട് ഒന്നും പറയണ്ട,

അവരോടു ഞാൻ പറഞ്ഞോളാം.

മായ സമ്മതിച്ചു.

ഉറക്കമുണർന്ന അപ്പു കാണുന്നത് അപ്പ സിറ്റൗട്ടിൽ കാർ കഴുകുന്നതാണ്

അപ്പുവിനെ കണ്ട സിദ്ധു പറഞ്ഞു

അപ്പു…

ഇന്ന് അമ്മക്ക് ലീവ് കൊടുത്തു

അമ്മേ രാവിലെ അവളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു.
ഇന്ന് ഇവിടം നമ്മുടെ സാമ്രാജ്യമാണ്
ഇന്ന് ഇവിടെ അപ്പയും മക്കളും മാത്രേ ഉള്ളൂ.
ഇന്നത്തെ ഭക്ഷണം അപ്പയും മോളും കൂടിയാണ് ഉണ്ടാക്കുന്നത്…

അത് കേട്ടതും അപ്പുവിന്റെ കണ്ണുകൾ വിടർന്നു.

ശരി അപ്പാ…

അവൾ സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി.

രാവിലത്തെ ഭക്ഷണം ഒക്കെ കഴിച്ച് ആദി കളിക്കുവാനായി അടുത്ത വീട്ടിലേക്കു പോയി.

അവന്റെ സമപ്രായക്കാരൻ ഒരാൾ അവിടെയുണ്ട് അവിടെയാണ് അവൻ എന്നും കളിക്കാറ്.

അടുക്കളയിൽ ഉച്ചഭക്ഷണത്തിന്റെ തയ്യറെടുപ്പുകൾ തുടങ്ങിയിരുന്നില്ല.

അതിനിടയിൽ സിദ്ധു അപ്പുവിനോട് പറഞ്ഞു

അപ്പൂ…

മോള് ആ പുതിയ ടേബിൾ ഷീറ്റ് എടുത്ത് ടേബിളിൽ വിരിച്ചിട്ടേ.

പഴയതു ഇന്നലെ അമ്മ കഴുകി ഇട്ടതാ.

അവൾ ടേബിളിന് അടുത്ത് മുഴുവൻ നോക്കിയിട്ടും പുതിയ ടേബിൾ ഷീറ്റ് കാണാൻ കഴിഞ്ഞില്ല.

അപ്പ ആ പുതിയ ഷീറ്റ് എവിടാ വെച്ചത്…അപ്പു ചോദിച്ചു

അമ്മ എവിടാ വെച്ചത് എന്നറിയില്ല മോളെ.

മോളാ സ്റ്റോറൂമിന്റെ മുകളിലെ സ്ലാബിന്റെ മേലെ നോക്ക്യേ….. അടുക്കളയിൽ നിന്നും സിദ്ധു വിളിച്ചു പറഞ്ഞു.

അപ്പു സ്റ്റോറൂമിൽ എത്തി ലൈറ്റ് ഇട്ടു.

അവൾ അങ്ങനെ അതികം ഇവിടേക്ക് വരാറില്ല

സ്റ്റോറൂമിൽ 4 സ്ലാബുകൾ ആയിട്ടാണ് തരം തിരിച്ചിട്ടുള്ളത്.

അതിൽ ഓരോന്നിലും അമ്മ അടുക്കി വെച്ചിരിക്കുന്ന പത്രങ്ങളും കുപ്പികളും അവൾ കണ്ടു

അതിന്റെ ഏറ്റവും മുകളിലെ തട്ടിൽ ടേബിൾ ഷീറ്റ് അവൾ കണ്ടു അതിന്റെ ഒരു വശത്തു ഒരു വലിയ പത്രം,അതിനടുത്ത് പഴയ ഒരു പെട്ടി,

ഷീറ്റിന്റെ മറ്റേ വശത്തു പഴയ ഉപയോഗശൂന്യമായ ഒരു കുക്കർ

അപ്പ ഷീറ്റ് മേലെ ആണപ്പാ എനിക്ക് എടുക്കാൻ കഴിയില്ല.. അപ്പു വിളിച്ചു പറഞ്ഞു.

അയ്യേ….

വല്ല്യ കുട്ടിയായ ന്റെ അപ്പൂന് ആ ഷീറ്റ് എടുക്കാൻ കഴിയില്ലാന്നോ.. അയ്യേ…

സിദ്ധു അവളെ കളിയാക്കി ചോദിച്ചു.

കളിയാക്കിയതാണെന് മനസിലാക്കിയ അപ്പു ഡൈനിങ് റൂമിൽ പോയി ഒരു കസേരയുമായി വന്നു

ഇപ്പൊ എത്തും അപ്പ…. ഞാനെടുത്തോളാം.

കൈ എത്തിയതിന്റെ ആത്മവിശ്വാസം അവളുടെ വാക്കുകളിൽ സിദ്ധുവിന് മനസിലാക്കാൻ സാധിച്ചു.

കസേരയിൽ കയറി നിന്ന് ഷീറ്റ് വിളിച്ചപ്പോൾ ആണ് അപ്പുവിന് മനസിലായത് ഷീറ്റിന്റെ മുകളിലാണ് ആ പാത്രവും കുക്കറും ഇരിക്കുന്നതെന്നു

അവൾ കൈ എത്തിച്ച് ആ കുക്കർ നീക്കി വെച്ചു.

പിന്നീട് ആ ഭാഗത്ത്‌ നിന്നും ഷീറ്റ് പതിയെ പുറത്തെടുത്തു.

പിന്നീട് അവൾ ആ വലിയ പത്രം നീക്കാൻ ശ്രമിച്ചു.

പക്ഷെ അത് അവൾ കരുതിയതിനേക്കാൾ ഭാരമുണ്ടായിരുന്നു.

അവൾ തന്റെ സർവ്വശക്തിയും എടുത്ത് ആ പാത്രം ആഞ്ഞു തള്ളി

പെട്ടന്ന് പത്രത്തിനടുത്തുള്ള പെട്ടി താഴെക്ക് ഊർന്നുവീണു.

അവൾ കസേരയിൽ നിന്നും താഴെയിറങ്ങി.

വീഴ്ചയുടെ ശക്തിയിൽ ആ പെട്ടിയുടെ ലോക്ക് തുറന്നു പോയിരുന്നു.

അവൾ ആ പെട്ടി പതിയെ തുറന്നു നോക്കി.

പഴയ ഒരു ന്യൂസ്‌ പേപ്പർ ആയിരുന്നു അതിന്റെ മുകളിൽ ഉണ്ടായിരുന്നത്.

അവൾ ആ പേപ്പർ കൈയ്യിലെടുത്തു

അവളുടെ കണ്ണുകൾ ആ പത്രത്തിലെ ഒരു ഫോട്ടോയിൽ ഉടക്കി നിന്നു

ആ ഫോട്ടോയിൽ അവൾ സൂക്ഷിച്ചു നോക്കി

ആ ഫോട്ടോയുടെ താഴെ എഴുതിയത് അവൾ പതിയെ വായിച്ചു

ഈ വർഷത്തെ ബിരുദാനന്തര പരീക്ഷയിൽ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ മായ മഹാദേവൻ.

അപർണ്ണക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

അവൾ വീണ്ടും ആ പെട്ടിയിലേക്ക് കണ്ണോടിച്ചു.

പഴക്കം ചെന്ന ചില വസ്ത്രങ്ങൾ വൃത്തിയായി മടക്കി അടുക്കി വെച്ചിരിക്കുന്നതവളുടെ ശ്രദ്ധയിൽപ്പെട്ടു.

അവൾ അതെടുത്തു… അപ്പോഴാണ് അതിന് കീഴെ ഒരു ആൽബം ഇരിക്കുന്നത് അവൾ കണ്ടത്.

അവൾ ആ ആൽബം കൈയിലെടുത്തു.

ഉള്ളിൽ തെല്ലു പരിഭ്രമത്തോടെ അവളാ ആൽബം തുറന്നു.

ആദ്യത്തെ താള് മറിച്ചപ്പോൾ അവൾ ആകെ ഞെട്ടി

ജീൻസും ടീ ഷർട്ടും ധരിച്ച് അക്കാലത്തെ ഫാഷൻ ആയ ഫെദർ കട്ട്‌ സ്റ്റൈലിൽ മുടി ഒതുക്കി വെച്ച അന്നത്തെ മോഡേൺ സുന്ദരി……..

അതേ തന്റെ അമ്മ.

അത്ഭുതങ്ങളുടെ മറ്റൊരു ലോകത്താണെന്ന് അപ്പുവിന് തോന്നി.

ഓരോ താളുകൾ മറിക്കുമ്പോഴും അമ്മയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത വേഷവിധാനത്തിലുള്ള ഫോട്ടോകൾ കണ്ട് അപ്പു ശ്വാസമടക്കിപ്പിടിച്ച് നിന്നു.

അമ്മയും കൂട്ടുകാരികളും കോളേജ്ൽ സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ഫോട്ടോയിൽ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു.

അവളാ ആൽബം താഴെ വെച്ച് നേരത്തെ എടുത്ത വസ്ത്രങ്ങൾ ഓരോന്നായി എടുത്തുനോക്കി
എല്ലാം അമ്മയുടേതാണെന്ന് അപ്പുവിന് മനസിലായി.

ജീൻസും, ടി ഷർട്ടും, സ്ലീവ് ലെസ്സ് ചുരിദാറും, കുർത്തയും തുടങ്ങി ഇന്നുവരെ അപ്പു കണ്ടിട്ടില്ലാത്ത അമ്മയുടെ വസ്ത്രങ്ങൾ എല്ലാം കണ്ട് അപ്പു സ്തംഭിച്ചു നിന്നു.

പെട്ടന്ന് അവളുടെ തോളിൽ ആരോ പിടിച്ചു.

അവൾ പെട്ടന്ന് ഞെട്ടി പുറകോട്ട് മാറി.

എന്തുപറ്റി മോളെ…. എന്തിനാ പേടിച്ചത്…. അപ്പയാ….

കുറച്ചു സമയത്തേക്ക് അപ്പു പരിസരം മറന്നിരുന്നു.

അപ്പാ…. അമ്മ.

അവൾ ആ പെട്ടിയിലേക്ക് കൈ ചൂണ്ടി.

സിദ്ധു പതിയെ അപ്പുവിനെ ചേർത്ത് പിടിച്ചു

എന്നിട്ട് പറഞ്ഞു.

ഞാൻ കല്യാണം കഴിക്കുമ്പോൾ അമ്മ മോള് പറഞ്ഞത് പോലെ ഇങ്ങനെ പഴഞ്ചൻ ആയിരുന്നില്ല.

മോഡേൺ ആയി വസ്ത്രം ധരിക്കുന്ന, നല്ലപോലെ പഠിക്കുന്ന, യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ,

ജില്ലാ വോളീബാൾ ടീമിൽ അംഗമായിരുന്ന ഒരു കോളേജ് കുമാരി ആയിരുന്നു മോളുടെ അമ്മ

അന്ന് അതൊക്കെയായിരുന്നു അവളുടെ ഇഷ്ടവും.

പിന്നീട് കല്യാണത്തിന് ശേഷം എന്റെ ഇഷ്ടം മനസിലാക്കിയാണ് അവൾ അതെല്ലാം ഉപേക്ഷിച്ചത്.

എനിക്ക് സാരിയുടുത്ത് കാണുന്നതാണ് ഇഷ്ടം എന്നു മനസിലാക്കിയപ്പോൾ അവൾ അവളുടെ എല്ലാ മോഡേൺ വസ്ത്രങ്ങളും ഒഴിവാക്കി.

അന്നു മുതൽ സാരിയായി അവളുടെ ഇഷ്ടവസ്ത്രം.

മോള് ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞ അന്ന് അവൾ അവളുടെ പഠനം ഉപേക്ഷിച്ചു.

നിങ്ങൾ കുറച്ച് വലുതായപ്പോൾ തുടർന്നു പഠിക്കാൻ പൊയ്ക്കോട്ടേ എന്ന് നിന്റെ അമ്മ ചോദിച്ചപ്പോൾ ഞാനാണ് വേണ്ട എന്ന് പറഞ്ഞത്.

എന്റെ ജോലി തിരക്കുകൾക്കിടയിൽ നിങ്ങളെ ശ്രദ്ദിക്കാൻ അവൾ വീട്ടിലുണ്ടാകണം എന്ന് എന്റെ സ്വാർത്ഥതകൊണ്ട് അന്ന് ഞാൻ കരുതി.
അന്നവൾ ആ മോഹവും ഉപേക്ഷിച്ചു.

കടന്നുവന്ന വഴിയിലെല്ലാം വിജയത്തിന്റെ സ്വന്തം പേര് എഴുതിച്ചേർത്ത അവൾ അതുവരെ നേടിയതും നേടാൻ ആഗ്രഹിച്ച എല്ലാ മോഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ച് അന്നു മുതൽ എൻറെ നല്ല ഭാര്യയും നിങ്ങളുടെ അമ്മയുമായി ഈ വീടിന്റെ നാഥയായി ഈ നാല് ചുമരുകൾക്കുള്ളിലൊതുങ്ങി.

അപർണ്ണക്ക് അപ്പയോട് എന്തോ പറയണം എന്നുണ്ടായിരുന്നു.

പക്ഷെ വാക്കുകൾ പുറത്തു വന്നില്ല.

മോളെ….. അപ്പക്കും മക്കൾക്കും വേണ്ടിയാണ് അമ്മ അവളുടെ എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വേണ്ടാന്നു വെച്ചത്.

നമ്മുടെ ഇഷ്ടങ്ങളാണ് ഇന്ന് അമ്മയുടേയും ഇഷ്ടം.

അപ്പയും മക്കളുമാണ് ഇന്ന് അമ്മയുടെ ലോകം.
നേടാൻ പറ്റാവുന്ന പല ഉയരങ്ങളും അപ്പക്കും മക്കൾക്കും വേണ്ടി ത്യജിച്ചവളാണ് മോളുടെ അമ്മ.

അത് പറഞ്ഞതും അപ്പു സിദ്ദുവിനെ കെട്ടിപ്പിടിച്ചു

അപ്പാ… എനിക്ക് അമ്മയെ കാണണം
എനിക്ക് അമ്മയെ ഇപ്പൊ കാണണം അപ്പ

അപ്പാ…..

വാക്കുകൾ കിട്ടാതെ അപ്പു കരഞ്ഞു

ശരി… വാ

എല്ലാം ഒതുക്കി വെച്ച് ആദിയെയും കൂട്ടി സിദ്ദുവും അപ്പുവും മായയുടെ വീട്ടിലേക്കു യാത്ര തിരിച്ചു.

വീട്ടുമുറ്റത്തു കാർ നിൽകുമ്പോൾ ഉമ്മറപ്പടിയിൽ വഴിക്കണ്ണുമായി മായ കാത്തുനിൽപുണ്ടായിരുന്നു.

കാറിൽ നിന്നും ഇറങ്ങി അപ്പു ഓടി ചെന്ന് മായയെ കെട്ടിപ്പിടിച്ചു.

അമ്മേ……

അമ്മേ….. പറ്റിപ്പോയമ്മേ…

ക്ഷമിക്കണം അമ്മേ….

അവൾ എങ്ങലടിച്ച് കരഞ്ഞു.

എന്താണ് സംഭവിച്ചത് എന്നറിയാതെ മായയും മോളെ കെട്ടിപ്പിടിച്ച് കരഞ്ഞു.

ഏറെ നാൾ തന്നിൽ നിന്നും അകന്നു മാറിയ തന്റെ പൊന്നുമോൾ…..

മായ അപ്പുവിനെ വാരി പുണര്ന്നു
അവളുടെ നെറ്റിയിലും മൂർദ്ധാവിലും ഉമ്മവെച്ചു.

ആ മാതൃത്വം കണ്ണിൽ നിന്നും സന്തോഷത്തിന്റെ സാഗരം തീർത്തു.

ആ സ്നേഹസാഗരം കണ്ട് സിദ്ധു
ആദിയോടൊപ്പം അപ്പുവിനെയും മായയെയും ചേർത്തു പിടിച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : രതീഷ് അമ്പാടി കോഴിക്കോട്

Scroll to Top