ചെമ്പകം പൂക്കുമ്പോൾ, ഭാഗം 6

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 6

❤️❤️❤️❤️❤️❤️❤️❤️❤️

ചന്ദ്ര പ്രസാദ് ഉം  കൃഷ്ണ പ്രസാദ് ഉം  വൈകുന്നേരം ആകാറായപ്പോൾ  വീട്ടിൽ എത്തി.

“എന്തായി കിങ്ങിണിയുടെ അച്ഛാ’??…. തിരുമേനി എന്താ പറഞ്ഞെ”??…. അമ്മ കിതച്ചു കൊണ്ട് ഓടി വന്നു ചോദിച്ചു.

“എല്ലാം പറയാം… മോള് എവിടെ”??

“അവൾ കുളിക്കുവാ… ”

“മ്മ് നീ പോയി രണ്ടു ചായ എടുത്തു വെക്കൂ”… കൃഷ്ണ പ്രസാദ് ഉം ചന്ദ്ര പ്രസാദ് ഉം  കാലു കഴുകി വീടിന്റെ  അകത്തേക്ക് കയറി.

ലളിത അവർക്ക് രണ്ടാൾക്കും ഉള്ള ചായയും ആയി വന്നു.

“ഏട്ടാ തിരുമേനി എന്താ പറഞ്ഞെ”??… ശ്രീദേവി ചോദിച്ചു.

“കിങ്ങിണി… കിങ്ങിണി… മോളെ… അവളുടെ… അത്”… കൃഷ്ണ പ്രസാദിന്റെ ഉള്ളിലെ തികട്ടി വരുന്ന വിങ്ങൽ മൂലം  വാക്കുകൾ മുറിഞ്ഞു.

“എന്താ കിങ്ങിണിയുടെ അച്ഛാ”??

“ഏട്ടത്തി…. കിങ്ങിണിയുടെ ജാതകം തിരുമേനി നോക്കി. അവൾക്കു ഇപ്പോൾ നല്ല സമയം തന്നെ ആണ്. കുഴപ്പം ഒന്നുമില്ല… പക്ഷെ”…

“എന്താ”??

“അത് ഏട്ടത്തി എത്രയും വേഗം അവളുടെ വിവാഹം നടത്തണം. ഇല്ലങ്കിൽ അത് അവൾക്കു ദോഷം ആണെന്ന തിരുമേനി പറഞ്ഞത്”….

”എന്താ ചന്ദ്രേട്ടാ  ഈ പറയുന്നേ ??അവൾ കൊച്ചു കുട്ടി അല്ലേ ??ഈ അറിവും വിവരവും ഉള്ള നിങ്ങൾ ഇങ്ങനെ പറയാതെ”….ശ്രീദേവി പറഞ്ഞു.

“ശ്രീ ദേവി ഇത് ഏട്ടനും തിരുമേനിയോട്  പറഞ്ഞതാണ് പക്ഷെ ഇതല്ലാതെ മറ്റൊരു വഴിയും ഇല്ല. അല്ലെങ്കിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് കിങ്ങിണി മോളെ നമ്മൾ ഇട്ട് കൊടുക്കേണ്ടി വരും. അതിന് നമുക്ക് ആർക്കെങ്കിലും പറ്റുമോ”??….ചന്ദ്രൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

“മറ്റൊരു വഴിയും ഇല്ലേ കിങ്ങിണിയുടെ അച്ഛാ”??….

“ഇല്ല ലളിതേ…. അവളുടെ ജാതകത്തിനു നന്നായി ചേരുന്ന ഒരു ജാതകം എത്രയും വേഗം കണ്ടെത്തണം. അതും അത്ര നിസ്സാരം അല്ല, അതുകൊണ്ട് ഭഗവതിക്ക്  നെയ്‌വിളക്ക് വഴിപാട് ആയി നൽകാൻ പറഞ്ഞു തിരുമേനി”….

“കിങ്ങിണിയുടെ അച്ഛാ…. നമ്മുടെ മോൾക്ക്‌ ഒരു കുടുംബത്തിലെ മരുമകളും ഭാര്യയും എല്ലാം ആകുവാൻ ഉള്ള പക്വത അതിന് ആയോ??….മാത്രമല്ല അവൾക്ക് ഒരുപാട് പഠിക്കാൻ ആഗ്രഹം ഉണ്ടെന്നു അല്ലേ പറയുന്നേ !!അവൾ സമ്മതിക്കുമോ”??

“കിങ്ങിണി ഇപ്പോൾ ഒന്നും അറിയണ്ട… കാര്യങ്ങൾ ഒന്ന് കരക്ക്‌ എത്തുന്ന വരെ അവൾ ഒന്നും അറിയരുത് എന്ന് തിരുമേനി പ്രത്യേകം പറഞ്ഞിട്ടുണ്ട്”…..ചന്ദ്രൻ പറഞ്ഞു.

“അച്ഛാ…… “….കിങ്ങിണി അച്ഛനെ കണ്ട് ഓടി വരുന്നത് കണ്ടപ്പോൾ എല്ലാവരും സംസാരം നിർത്തി.

“നിനക്ക് പഠിക്കാൻ ഒന്നുമില്ലേ”??…അമ്മ ചോദിച്ചു

“ഞാൻ പടിച്ചോളാം ഇത്തിരി കഴിയട്ടെ… അച്ചയും  ചെറിയച്ഛനും എവിടെ പോയതാരുന്നു ??”… കിങ്ങിണി അച്ഛന്റെയും ചെറിയച്ഛന്റെയും നടുക്ക് കയറി ഇരുന്നു കൊണ്ട് ചോദിച്ചു.

“അത്… ഞങ്ങള്..  കുറച്ച് വളം മേടിക്കാൻ ടൗണിൽ പോയതാ”….

“എന്നിട്ട് എനിക്ക് ഒന്നും കൊണ്ടു വന്നില്ലേ”??

“അതിന് നീ വളം തിന്നുവോ”??… അമ്മ അല്പം ദേഷ്യത്തോടെ ചോദിച്ചു.

“ഈ അമ്മക്ക് എന്താ ??എപ്പോൾ നോക്കിയാലും വഴക്ക്…. എന്നേ കെട്ടിച്ചു വിട്ട് കഴിയുമ്പോൾ അമ്മ ആരോട് വഴക്ക് കൂടും”??….

കിങ്ങിണി കളിയായി ചോദിച്ചത് ആണെങ്കിലും എല്ലാരുടെയും മുഖത്ത് പെട്ടെന്ന് അല്പം ഞെട്ടലും ഒപ്പം പരുങ്ങലും  പ്രകടമായിരുന്നു.

“ഇതെന്താ എല്ലാരും ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ??ഞാൻ വെറുതെ പറഞ്ഞതാ…. ഉടനെ ഒന്നും എന്റെ ശല്യം ഇല്ലാതെ ആക്കാം എന്ന് ആരും കരുതണ്ട”….അച്ഛന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

“നീ ഞങളുടെ പ്രാണൻ അല്ലേ മോളെ !! എങ്ങനാ നീ ഞങ്ങൾക്ക് ഒരു ശല്യം ആവുന്നേ”??….അച്ഛൻ മനസ്സിൽ എങ്ങി എങ്ങി പറഞ്ഞു. അത് മനസ്സിലായത് ഉം  ചെറിയച്ഛൻ അവളോട്‌ ചോദിച്ചു.

“അല്ല ഇന്നത്തെ പരീക്ഷ എന്തായി ??ജയിക്കുമോ ??അതോ മൊട്ട ഇടുമോ”??

“മൊട്ട ഇടുന്നത് ചെറിയച്ഛൻ … ഞാൻ ജയിക്കും നോക്കിക്കോ എന്നിട്ട് ഡിഗ്രിക്ക് പോകും”….

“മ്മ് എങ്ങാനും പൊട്ടിയാൽ നീ ഇപ്പോൾ പറഞ്ഞില്ലേ അതുപോലെ നിന്നെ കെട്ടിച്ചു വിടും”….

“അയ്യടാ…. ഇങ്ങ് വന്നാലും മതി…. ”…

“അതെന്താടി “??

“എന്നേ പതുക്കെ കെട്ടിച്ചാൽ  മതി ചെറിയച്ച എനിക്ക് ഇങ്ങനെ എപ്പോഴും എന്റെ ചെറിയച്ഛന്റെയും അച്ഛയുടെയും  ചെറിയമ്മയുടെയും അമ്മയുടെയും കൂടെ കഴിഞ്ഞാൽ മതി”…..അച്ഛനെ വട്ടം ചുറ്റി പിടിച്ചു അവൾ പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി പോയി.

“അച്ഛൻ എന്താ കരയുന്നെ”??

“ഏയ്… ഒന്നുല്ല… എന്റെ പൊന്നിനെ പൊന്നു പോലെ നോക്കാൻ ഒരു രാജകുമാരനെ  ഞാൻ എങ്ങനെ കണ്ട് പിടിക്കും എന്ന് ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി”….

“ഓഹ് പിന്നെ രാജകുമാരൻ… ഇപ്പോ വരും കുതിര പുറത്ത് .ഞാൻ പോകുവാ ഇനി ഇവിടെ നിന്നാൽ നിങ്ങൾ എല്ലാരും കൂടെ എന്നേ കെട്ടിച്ചു വിടും ഇപ്പോൾ തന്നെ”…..അതും പറഞ്ഞു കിങ്ങിണി എഴുന്നേറ്റു മുറിയിലേക്ക് പോയി.

“അവൾ സമ്മതിക്കുമോ   എന്നറിയാൻ ഒന്ന് എറിഞ്ഞു നോക്കിയതാ… കിങ്ങിണി സമ്മതിക്കും എന്ന് തോന്നുന്നില്ല”….ചന്ദ്രൻ പറഞ്ഞു.

“അത് അവിടെ നിൽക്കട്ടെ… ആദ്യം അവളുടെ പേരിൽ നെയ്‌വിളക്ക് ഭഗവതിക്ക് കൊടുക്കാം. ബാക്കി അമ്മ തീരുമാനിക്കട്ടെ. നമ്മൾ സംസാരിച്ചതിനെ  കുറിച്ചോ ഞങ്ങൾ തിരുമേനിയുടെ അടുത്ത് പോയതിനെ കുറിച്ചോ ഒന്നും കിങ്ങിണി അറിയരുത് കേട്ടല്ലോ”….അതും പറഞ്ഞു കിങ്ങിണിയുടെ അച്ഛൻ എഴുന്നേറ്റു പോയി.

“ഈശ്വര എന്താ ചെയ്യുക”??…. കിങ്ങിണിയുടെ അമ്മ തൂണിൽ ചാരി നിന്ന് കണ്ണീർ പൊഴിച്ചു. ശ്രീദേവി അവരെ സമാധാനിപ്പിച്ചു  അകത്തേക്ക് കൂട്ടികൊണ്ട് പോയി.

തുറന്നിട്ട ജനാലക്ക് ഉള്ളിൽ കൂടെ പുറത്തേക്കു നോക്കി നിൽക്കുമ്പോൾ ആണ് കിങ്ങിണി ശ്യാമിനെ കണ്ടത്. അവൻ വീടിന്റെ വലതു വശത്ത് നട്ടിരിക്കുന്ന വല്യ മാവിന്റെ കീഴെ ഒരു കസേരയും ഇട്ട് കണ്ണും അടച്ചു ഇരിക്കുക ആണ്. കിങ്ങിണി കുറച്ച് നേരം അവിടെ നിന്ന് അവനെ നോക്കി. പതുക്കെ അവൾ താഴേക്കു ഇറങ്ങി പുറത്തേക്കു പോകാൻ തുടങ്ങിയതും ചെറിയമ്മ അവളെ കണ്ടു.

“കിങ്ങിണി മോളെ നീ ഇത് എവിടെ പോകുവാ”??

“ഞാൻ ശ്യാം ഏട്ടന്റെ അടുത്തു പോകുവാ ചെറിയമ്മേ ഇപ്പോ വരാം”….

“മ്മ് വേഗം വരണേ”…

“ആം”…. അതും പറഞ്ഞു പട്ടുപാവാടയും പൊക്കി പിടിച്ചു അവൾ പുറത്തേക്കു ഓടി ഇറങ്ങി.പതുങ്ങി പതുങ്ങി ശ്യാമിന്റെ അടുത്ത് എത്തി. അവന്റെ കണ്ണ് പൊത്തി പിടിച്ചു.

കണ്ണിനു മുകളിൽ കൈ പതിഞ്ഞതും അവൻ ഞെട്ടി പോയി. പിന്നെ അവളുടെ വിരലുകളിൽ തലോടി കൊണ്ട് പറഞ്ഞു

“ടി…. കള്ളി പാറു വേണ്ടാ കേട്ടോ…. നിന്റെ കൈ തൊട്ടാൽ എനിക്ക് അറിയാം”…

“ശോ ഈ ശ്യാം ഏട്ടൻ എന്റെ കൈ തൊട്ടാൽ വേഗം അറിയാം… ഞാൻ ഒന്ന് പറ്റിക്കാം എന്നോർത്തു ഓടി വന്നതാ”….

“ഓഹ് എന്നാൽ പിന്നെ നേരത്തെ ഒരു നോട്ടീസ് അടിച്ചു പറയാൻ വയ്യാരുന്നോ??നീ പറ്റിക്കാൻ വരുന്നുണ്ട് എന്ന്. ഞാൻ അതിന് റെഡി ആയിട്ട് ഇരിക്കുമായിരുന്നല്ലോ  “……

“ഓഹ് വളിച്ച കോമഡി”….

“അല്ല കൊച്ചു തമ്പ്രാട്ടിയുടെ  ഇന്നത്തെ എക്സാം എങ്ങനെ ഉണ്ടാരുന്നു”??..

“ഓഹ് ഇന്ന് ഹിന്ദി ആരുന്നു… അതുകൊണ്ട് കുഴപ്പം ഒന്നും ഇല്ലാരുന്നു”.

“മ്മ്… അതാകുമ്പോൾ ഹിന്ദി പാട്ട് എങ്കിലും എഴുതി വെച്ചാൽ മതിയല്ലോ ഞാനൊക്കെ അങ്ങനെ ജയിച്ചു പോയതാ”…..

“ഹോ എന്തൊരു തള്ള് ആണെന്റെ പൊന്നോ”…..

“പോടീ ഉണ്ടക്കണ്ണി…. ടി മേഘ വന്നിരുന്നോ  എക്സാംമിനു “??

“ആം വന്നല്ലോ”

“അവൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ??”

“കുഴപ്പം ഒന്നുമില്ല ഇപ്പോ. എന്താ”??

“വെറുതെ ചോദിച്ചു എന്നേ ഉള്ളു”….

“ഓഹ് പിന്നെ അല്ലേലും അവളുടെ കാര്യം ചോദിക്കുമ്പോൾ ശ്യാം ഏട്ടന്റെ മുഖത്ത് ഒരു കൊട്ട റോസ് പൗഡർ കമഴ്ത്തി വെച്ച പോലെ നാണം ആണല്ലോ”…..കിങ്ങിണി ശ്യാമിനെ വെറുതെ ആക്കി കൊണ്ട് പറഞ്ഞു.

“ദേ ചെറിയ വായിൽ വല്യ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ചെവി പിടിച്ചു പൊന്നാക്കും “….അവൻ അവളുടെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച്ചു കടിച്ചു. എന്നിട്ട് വീട്ടിലേക്കു ഓടി.

”ഇവളെ കൊണ്ട് തോറ്റു പോകും…വായാടി പെണ്ണ്”…..ശ്യാം മനസ്സിൽ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

“ഊര് തെണ്ടൽ കഴിഞ്ഞു എത്തിയോ തമ്പുരാട്ടി”??…വീട്ടിലേക്കു കയറി വന്ന കിങ്ങിണിയെ നോക്കി കൊണ്ട് അമ്മ ചോദിച്ചു.

“ഇല്ല തെണ്ടാൻ പോകാൻ ഒരു പാത്രം വേണം അത് എടുക്കാൻ വന്നതാ”…

“എന്താടി പറഞ്ഞത് അധിക പ്രസംഗി”??…

“അറിയാൻ വയ്യാത്തത് കൊണ്ട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ”??

“എന്താ”??

“എന്നെ നിങ്ങൾ എവിടുന്നേലും ദത്തു എടുത്തത് ആണോ ??എന്നോടുള്ള ചില സമയത്തെ അമ്മയുടെ പെരുമാറ്റം കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നാറുണ്ട്”…..

“ദത്തു എടുത്തത് ആണേൽ നിന്നെ എടുക്കുവോ ??ഏതേലും നല്ലത് നോക്കി അല്ലേ എടുക്കു”….

“എനിക്ക് വേറെ ജോലി ഉണ്ട് ഞാൻ പോകുവാ”….കിങ്ങിണി അതും പറഞ്ഞു മുറിയിലേക്ക് പോയി. പുസ്തകം തുറന്നു വെച്ച് പഠിക്കാൻ ഇരുന്നു.

അച്ഛനും അമ്മയും എല്ലാവരും പറഞ്ഞ കാര്യത്തിലേക്ക് അവളുടെ മനസ്സ് അറിയാതെ പാഞ്ഞു.

“സത്യത്തിൽ എന്റെ രാജകുമാരൻ ആരായിരിക്കും കണ്ണാ”??….കിങ്ങിണി നഖം കടിച്ചു കൊണ്ട് ആലോചിച്ചു.

“അന്ന് അവിടെ കണ്ട പോലെ ഉള്ള ആ ചേട്ടൻ ആയാൽ മതിയാരുന്നു. “….കിങ്ങിണി സ്വയം പറഞ്ഞു.

“ഏയ് കിങ്ങിണി ആ പുള്ളി മേഘയുടെ സ്വന്തം ആണ് നിന്റെ അല്ല.ആവശ്യം ഇല്ലാത്തതു ഒന്നും ചിന്ദിക്കണ്ട”….സ്വന്തമായി തന്നെ തലയിൽ ഒരു കൊട്ട് കൊടുത്തു അവൾ ഇരുന്നു പഠിക്കാൻ തുടങ്ങി.

പരീക്ഷകൾ എല്ലാം തന്നെ വേഗം അവസാനിച്ചു. കിങ്ങിണി ഫ്രീ ആയി.

“മോളെ നാളെ രാവിലെ ഭഗവതിയുടെ  അമ്പലത്തിൽ പോകണം കേട്ടോ”….അത്താഴം കഴിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ അച്ഛൻ അവളോട്‌ പറഞ്ഞു.

“എന്താ അച്ഛാ വിശേഷിച്ചു”??

“നിന്നോട് പറയുന്നത് നീ അങ്ങ് കേട്ടാൽ മതി”…അമ്മ ഒച്ച എടുത്തു.

“ഹ… ലളിതേ അവൾ അതിന് തെറ്റ് ഒന്നും ചോദിച്ചില്ലല്ലോ…. നീ എന്തിനാ അവളോട്‌ ചൂടാകുന്നേ”??…കൃഷ്ണ പ്രസാദ് ലളിതയെ  ശാസിച്ചു

“നാളെ മോളുടെ പേരിൽ ഒരു നെയ്‌വിളക്ക് ഉണ്ട് ഭഗവതിയുടെ അമ്പലത്തിൽ. മോള് വേണം അതിന്”….

“അതാരുന്നോ കാര്യം… നമുക്ക് പോകാം അച്ഛാ”…

“മ്മ്… ”

“പിന്നെ അച്ഛാ”!!….കിങ്ങിണി ഒന്ന് പറയാൻ പരുങ്ങി.

“എന്താ മോളെ പറ “!!

“അത് എനിക്ക്….. പ്ലസ് 2കഴിഞ്ഞു ഡിഗ്രി പോകാൻ ആണ് ആഗ്രഹം…. Ba ഹിസ്റ്ററി ആണ് ഇഷ്ടം. ഞാൻ അതിന് പൊക്കോട്ടെ”….

“അതിന് എന്താ എന്റെ മോൾക്ക്‌ ഇഷ്ടം ഉള്ളത് ഞാൻ പഠിപ്പിക്കും”…അച്ഛൻ പറഞ്ഞു.

“എന്റെ പുന്നാര അച്ഛൻ…. “…അവൾ അച്ഛനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.

അപ്പോൾ ആണ് ലാൻഡ് ഫോൺ ബെൽ അടിക്കുന്നത് കേട്ടത്. ശ്രീദേവി പോയി ഫോൺ എടുത്തു.

“ഹലോ… ”

“ഹലോ ആരാ”??

“ശ്രീദേവി ആന്റി ആണോ”??

“അതേല്ലോ…. ഇത് ഫാത്തിമ മോള് ആണോ”??

“അതേ ആന്റി”…

“ആഹാ… എന്താ മോളെ വിശേഷം”??

“വിശേഷങ്ങൾ അറിയാല്ലോ ന്റെ നിക്കാഹ് ആണ് ഇപ്പോൾ പെരുത്തു വിശേഷം”….

“ഹ അത് ഞങ്ങൾക്ക് അറിയാല്ലോ”….

“എവിടെ കിങ്ങിണി കുട്ടി എവിടെ”??

“ഭക്ഷണം കഴിക്കുക ആരുന്നു. ദാ ഞാൻ വിളിക്കാം”…

“മ്മ്”….

“കിങ്ങിണി മോളെ… ദേ ഫാത്തിമ വിളിക്കുന്നു”….ശ്രീദേവി വിളിച്ചു പറഞ്ഞു.

കിങ്ങിണി കസേരയിൽ നിന്നും ചാടി ഓടി ഫോണിന്റെ അടുക്കലേക്ക്.

“മോളെ പതുക്കെ”…ചെറിയച്ഛൻ പറയുന്നുണ്ടാരുന്നു.

“ഹ…. ഹ….. ലോ…. ഹലോ… ഫാത്തിമത്താ”…..

“എന്താടി പെണ്ണേ കിതക്കുന്നെ”??

“ഓടി വന്നതാ ഇത്താ….. ”

“എന്തിനാ പെണ്ണേ ഓടിയെ”??

“അത് വെറുതെ…. ഇങ്ങള് എന്താ വിളിച്ചേ”??

“അന്റെ എക്സാം എല്ലാം  കയിഞ്ഞില്ലേ കള്ളി കുട്ടിയെ”….

“ആം…. കഴിഞ്ഞു”…

“എങ്ങനെ ഉണ്ടായിരുന്നു”??

“ചിലതൊക്കെ പാടാരുന്നു ചിലത് എളുപ്പം  ആയിരുന്നു”….

“മ്മ്…. ഞാൻ വിളിച്ചതെ ഒരു അത്യാവശ്യ കാര്യം പറയാനാ…. ”

“എന്തൈ”??

“നാളെ ഇക്കാക്ക അങ്ങോട്ട്‌ വരുന്നുണ്ട് ഉച്ച കഴിഞ്ഞു… …. ഇജ്ജ് പെട്ടി എല്ലാം പാക്ക് ചെയ്തു റെഡി ആയി നിന്നോണം. ഇങ്ങോട്ട് വരാൻ വേണ്ടി”….

“നാളെ ഉച്ച കഴിഞ്ഞല്ലേ വരൂ”??

“ആം…. രാവിലെ ഇക്കാക്ക കുറച്ച് പേരെ നിക്കാഹ് വിളിക്കാൻ പോകും. എന്നിട്ടേ അങ്ങോട്ട്‌ വരൂ”….

“ശരി ഇത്ത…. ഞാൻ രാവിലെ റെഡിയായി നിന്നോളാം. പിന്നെ ഉമ്മച്ചിയോട് എന്റെ പത്തിരിയും കോഴിക്കറിയും റെഡി ആക്കി വെക്കാൻ പറയണേ”…

“അത് പ്രേത്യേകിച്ചു പറയണ്ട കാര്യമില്ലല്ലോ ഉമ്മച്ചിക്ക് ഞങ്ങളെക്കാൾ ഇഷ്ടം നിന്നോട് അല്ലേ…. ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ മേടിക്കാൻ ഇക്കാക്ക  കടയിൽ പോയേക്കുവാ”…

“മ്മ്”….

“എങ്കിൽ നീ പോയി കഴിച്ചോ വന്നിട്ട് നമുക്ക് വിശേഷങ്ങൾ പറയാം ട്ടോ…. ”

“ശരി ഇത്ത…. നാളെ കാണാം”… അതും പറഞ്ഞ് അവർ രണ്ടും ഫോൺ വെച്ചു.

“അച്ഛാ നാളെ ഫൈസൽ ഇക്ക വരുന്നുണ്ട്…. എന്നേ കൊണ്ട് പോകാൻ”

“മ്മ് അവൻ എന്നേ നേരത്തെ വിളിച്ചു പറഞ്ഞിരുന്നു”…

“എന്നിട്ട് നിങ്ങൾ എന്താ എന്നോട് അത് പറയാഞ്ഞേ…. “… ലളിത ചോദിച്ചു

“നിന്നോട് പറഞ്ഞാൽ നീ തടസ്സം നില്കും എന്ന് അറിയാവുന്നത് കൊണ്ട്”….. അച്ഛൻ അല്പം കനത്ത സ്വരത്തിൽ പറഞ്ഞു.

“മോളെ നീ ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചോ ഫാത്തിമയുടെ കല്യാണം കഴിയും വരെ അവിടെ അവൾക്ക് കൂട്ടായി നിൽക്കണം. ആ കുടുംബത്തോട്  നമുക്കുള്ള കടപ്പാട് ഒരു ജന്മം കൊണ്ടൊന്നും തീരില്ല. എന്നേ ഞാൻ ആക്കിയതും  പഠിപ്പിച്ചതും എല്ലാം അവരുടെ അച്ഛൻ അബ്ദുൽ സാഹിബ്‌ ആണ്. അന്നത്തെ കൃഷ്ണ പ്രസാദിൽ  നിന്ന് ഇന്നത്തെ വെള്ളാരം കുന്നിന്റെ ജീവൻ ആയി ഞാൻ മാറിയിട്ട് ഉണ്ടെങ്കിൽ അതിന് കാരണക്കാരൻ അദേഹം മാത്രാ …… അദേഹത്തിന്റെ മക്കൾ എന്റെ മക്കളെ പോലെ തന്നെയാ. അവർക്ക് ഒരു ആവശ്യം വന്നാൽ എന്തായാലും ഞാൻ എന്നേ കൊണ്ട് കഴിയുന്നതിന്റെ മാക്സിമം ചെയ്തു കൊടുക്കും. അതിൽ ആരും മുഖം കറുപ്പിചിട്ട്  കാര്യം ഇല്ല”…. അതും പറഞ്ഞു അദ്ദേഹം എഴുന്നേറ്റു പോയി.

“എന്നേ ഉള്ള വഴക്ക് എല്ലാം കേൾപ്പിച്ചു കഴിഞ്ഞപ്പോൾ  നിനക്ക് സന്തോഷം ആയല്ലോ…. “…. അമ്മ കിങ്ങിണിയോട്  ദേഷ്യപ്പെട്ടു ചോദിച്ചു.

അവൾ ഏത് അപ്പാ  കോതമംഗലം എന്ന അവസ്ഥയിൽ വായും പൊളിച്ചു ഇരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ കിങ്ങിണി മുറിയിൽ പോയി അവളുടെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു വെച്ചു. നാളെ അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാൻ ഉള്ള സെറ്റ് ന്റെ ദാവണിയും എടുത്തു വെച്ചു ഉറങ്ങാൻ കിടന്നു.

ഉറക്കത്തിനു ഇടയിൽ മിന്നി മറഞ്ഞ ആ സ്വപ്നം ആണ്  അവളെ പെട്ടെന്ന് ഞെട്ടി എണീക്കാൻ പ്രേരിപ്പിച്ചത്.  അവൾ എഴുന്നേറ്റു ക്ലോക്കിൽ നോക്കി സമയം 5മണി.

“ഇത് എന്താ ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം കാണാൻ”??…അവൾ ആ സ്വപ്നം വീണ്ടും ഓർത്തു എടുത്തു. അച്ഛന്റെ മാറിൽ കിടന്നു കരയുന്ന കിങ്ങിണി അവളെ ചേർത്ത് പിടിക്കുന്ന മറ്റൊരു കൈ.ആ കൈ അത് അവൾക്ക് പരിചിതം ആയി തോന്നി. പക്ഷെ ആരുടെ ആണ് എന്ന് മനസിലായില്ല.

കിങ്ങിണി കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. എഴുന്നേറ്റു നേരത്തെ കുളിച്ചു റെഡിയായി അമ്പലത്തിൽ പോകാൻ.ഇളം പച്ച നിറത്തിൽ ഉള്ള ബ്ലൗസ് ഉം സെറ്റ്ന്റെ  ദാവണിയും ആയിരുന്നു അവളുടെ വേഷം. കണ്ണെഴുതി പൊട്ടും തൊട്ടു അണിഞ്ഞു ഒരുങ്ങി കിങ്ങിണി വന്നപ്പോൾ എല്ലാവരുടെയും മനസ്സ് നിറഞ്ഞു.

അച്ഛന്റെ കയ്യും പിടിച്ചു പടത്തിന്റെ വരമ്പിൽ കൂടെ നടക്കുമ്പോൾ കിങ്ങിണിയെ നോക്കി പാടത്തെ തൊഴിലാളികൾ എല്ലാം പുഞ്ചിരിച്ചു കാണിച്ചു.

“കിങ്ങിണി മോളെ എങ്ങോട്ടാ”…എന്ന പലരുടെയും ചോദ്യത്തിന് അമ്പലത്തിൽ പോകുവാ എന്നുള്ള മറുപടിയും അവൾ കൊടുത്തു.

അമ്പലത്തിൽ എത്തി കയ്യും കാലും മുഖവും കഴുകി കയറുമ്പോൾ മനസ്സ് വല്ലാതെ തുടി കൊട്ടുന്നത് അവൾ അറിഞ്ഞു. അച്ഛനും ചെറിയച്ഛനും കൂടെ വഴിപാടിന് രസീത് മുറിക്കാൻ പോയപ്പോൾ കിങ്ങിണി ഭഗവതിയുടെ  നടയിൽ നിന്ന് മനസ്സ് അറിഞ്ഞു പ്രാർഥിച്ചു. ശേഷം അമ്പലത്തിലെ തിരുമേനി പറഞ്ഞത് പോലെ ചിട്ട വട്ടങ്ങൾ  അനുസരിച്ചു നെയ്‌വിളക്ക് സമർപ്പിച്ചു.

തിരികെ വീട്ടിൽ എത്തിയപ്പോൾ ഫൈസൽ വന്നിരുന്നു. ഇക്കാക്ക എന്ന് വിളിച്ചു കൊണ്ട് കിങ്ങിണി ഓടി ചെന്ന് ഫൈസലിനെ കെട്ടിപിടിച്ചു.

“കിങ്ങിണി കുട്ടിയെ…. എന്താ വിശേഷം”??

“നല്ല വിശേഷം ഇക്കാക്ക…. എന്താ രാവിലെ വന്നത് ??ഉച്ച കഴിഞ്ഞു വരുമെന്ന് ആണല്ലോ പറഞ്ഞത്”!!

“ഉച്ച കഴിഞ്ഞു എനിക്ക് റെയിൽവേ സ്റ്റേഷൻ വരെ പോകണം. എന്റെ കൂട്ടുകാരനെ കൊണ്ട് വരാൻ. അതാ നേരത്തെ ഇങ്ങോട്ട് വന്നത്…ഇങ്ങോട്ട് വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല. പിന്നെ ഇങ്ങ് പോന്നു. ”

“ഞങ്ങൾ അമ്പലത്തിൽ പോയിരുന്നു അതാ. എന്തായാലും  നന്നായി ഉച്ച വരെ എങ്ങനെ പിടിച്ചു നിൽക്കും എന്നൊരു വിഷമത്തിൽ ആയിരുന്നു ഞാൻ”….

“ഫൈസൽ…. എന്തൊക്കെ ഉണ്ടെടാ വിശേഷങ്ങൾ”??കൃഷ്ണ പ്രസാദ് ചോദിച്ചു

“നന്നായി പോകുന്നു ഏട്ടാ…. ”

“ഇക്കാക്ക ഇവിടെ ഇരിക്ക് ഞാൻ വേഗം റെഡിയായി വരാം”…

“മ്മ് ആയിക്കോട്ടെ”…

കിങ്ങിണി അകത്തു പോയി ദാവണി മാറ്റി ചുരിദാർ എടുത്തു ഇട്ടു. എന്നിട്ട് ഭക്ഷണം കഴിച്ചു. അമ്പലത്തിൽ നിന്ന് കിട്ടിയ പ്രസാദം എടുത്തു പൂജാ  മുറിയിൽ കൊണ്ട് പോയി വെച്ചു.

“കണ്ണാ… എന്താണെന്നു അറിയില്ല രാവിലെ മുതൽ നെഞ്ച് പടപടാ എന്ന് ഇടിക്കുവാ എന്താ കണ്ണാ കാര്യം ??എനിക്ക് എന്തേലും കുഴപ്പം ഉണ്ടോ??…. ആ കാണും നിന്റെ കൂടെ അല്ലേ എന്റെ സഹവാസം അതാ”… കുസൃതി ചിരി ചിരിച്ചു കൊണ്ട് കിങ്ങിണി പുറത്തേക്കു പോയി.

“ഇക്കാക്ക പോകാം”??… കിങ്ങിണി അവളുടെ ഡ്രസ്സ്‌ വെച്ച ബാഗും ആയി വന്നു ഫൈസലിനോട്  ചോദിച്ചു.

“ഇത്ര വേഗം റെഡി ആയോ”??

“അവൾ ഇന്നലെ മുതൽ ഒരുങ്ങി നിൽക്കുകയാണ് അങ്ങോട്ട്‌ പോരാൻ വേണ്ടി”…

“അവിടെ ഒരുത്തി എനിക്ക് സമാധാനം തരുന്നില്ല. എക്സാം കഴിഞ്ഞ അന്ന് തുടങ്ങിയതാ കിങ്ങിണിയെ വിളിച്ചു കൊണ്ട് വാ എന്നും പറഞ്ഞു ഇരിക്കപ്പൊറുതി തന്നിട്ടില്ല”….

ഫൈസൽ ചിരിച്ചു കൊണ്ട് അവളുടെ ബാഗ് എടുത്തു കാറിൽ വെച്ചു.

“അച്ഛാ ഞാൻ പോയിട്ട് വരാം ട്ടോ”…. എന്ന് പറഞ്ഞു അച്ഛനെ കെട്ടിപ്പിടിച്ചു യാത്രയും പറഞ്ഞു അവൾ ഇറങ്ങി.

“എന്റെ കുട്ടി ഇപ്പോൾ ഒന്നും അറിയണ്ട. അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങൾ ആകും ചിലപ്പോൾ ഇതൊക്കെ. അവൾ എല്ലാം മറന്നു ചിരിക്കട്ടെ.

ജീവിക്കട്ടെ”….അയാൾ വിങ്ങുന്ന ഹൃദയ ഭാരവും പേറി അവളെ യാത്രയാക്കി.

അപ്പോഴാണ് കൃഷ്ണ പ്രസാദിനെ  തേടി ഒരു ഫോൺ കാൾ വന്നത്.   

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും…)

രചന : അനു അനാമിക

Scroll to Top