ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 25 വായിക്കുക….

രചന :- അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, Part 25

❤️❤️❤️❤️❤️❤️❤️❤️❤️

കിങ്ങിണി അവിടെ നിന്നും എഴുന്നേറ്റു  മുറിയിലേക്ക് പോയി.

കട്ടിലിൽ പോയി കണ്ണടച്ച് കുറെ നേരം കിടന്നു. കണ്ണീരും അവളിൽ നിന്ന്  ഒഴുകി ഒലിച്ചു കൊണ്ടിരുന്നു.

പതിയെ അവൾ കണ്ണുകൾ ചിമ്മി തുറന്നപ്പോൾ മുന്നിൽ കണ്ടത് നിഹാലിന്റെ ചിത്രം ആയിരുന്നു. അവൾ മെല്ലെ എഴുന്നേറ്റു ചെന്നു അതിൽ കൈകൾ കൊണ്ട് തലോടി.

”ഇനി…. ഈ മുഖം എനിക്ക് അന്യം ആണ്. ഒരിക്കലും തമ്മിൽ കാണുവാൻ ഒരു ഇട ഇനി ഉണ്ടാകില്ല…. “… കിങ്ങിണി ആ ചിത്രം എടുത്തു ഭദ്രമായി അലമാരയിൽ വെച്ചു. കണ്ണാടിക്ക് മുൻപിൽ പോയി നിന്നു കരഞ്ഞു കലങ്ങിയ കണ്ണുകളും അഴിഞ്ഞു ഉലഞ്ഞ തലമുടിയും ശരിയാക്കി വെച്ചു.

“ഇനി കരയാൻ പാടില്ല… കരയില്ല ഞാൻ….

“…അവൾ സ്വയം മനസ്സിനെ പാകപ്പെടുത്താൻ  ശ്രെമിച്ചു കൊണ്ടിരുന്നു.

മുഖത്തെ ക്ഷീണവും ഉള്ളിലെ ചൂടും ഒന്ന് തണുപ്പിക്കാൻ വേണ്ടി കിങ്ങിണി കുളിക്കാൻ വേണ്ടി കുളത്തിലേക്ക് പോയി.

പതിവ് പോലെ തന്നെ ചെമ്പക പൂക്കൾ വിടർന്നു നിന്നിരുന്നു പക്ഷെ എന്നത്തേയും പോലെ അവയെ ഒന്ന് തൊടാൻ പോലും കിങ്ങിണിക്ക് തോന്നിയില്ല. അവൾ കുളിക്കാൻ ആയി കുളത്തിലേക്ക് പോയി. കുളി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ മുറ്റത്ത്‌ ഒരു കാർ കിടക്കുന്നത് കിങ്ങിണി കണ്ടു.

ഏതോ വിരുന്നുകാർ വന്നിട്ടുണ്ട് എന്ന് തോന്നിയത് കൊണ്ട് അവൾ പുറകു വശത്ത് കൂടെ ആണ് വീട്ടിലേക്കു കയറിയത്.

“അമ്മേ… ആരാ വന്നത്”??.. കിങ്ങിണി സ്വരം താഴ്ത്തി അമ്മയോട് ചോദിച്ചു.

“അഹ്… മോള് വന്നോ !!

“എന്താ അമ്മേ”??

“അത് മോള് പോയി ഈ ഡ്രസ്സ്‌ എല്ലാം ഒന്ന് മാറി വാ… ചെറിയമ്മ മോളെ ഒരുക്കി തരും… ”

“എന്തിന്”??

“ജഗത് മോൻ വന്നിട്ടുണ്ട്. ഇന്നലെ അവൻ നാട്ടിൽ വന്നു. ലീവ് ഇല്ലാന്ന് പറഞ്ഞായിരുന്നു നിശ്ചയത്തിന് വരാഞ്ഞത്…. ഇതിപ്പോ ലീവ് കിട്ടി. അവരുടെ കൂട്ടത്തിൽ ചിലര് മോളെ കണ്ടിട്ടില്ല…അവനും  അപ്പോ അവരും കൂടെ കാണാൻ വന്നതാ”…. അമ്മ തപ്പി തടഞ്ഞു.

“പെണ്ണ് കാണൽ അല്ലേ”??

“മ്മ്… മോള് പോയി റെഡി ആയി വാ അമ്മ ചായയൊക്കെ  എടുത്തു വെക്കാം.ശ്രീദേവി നീ ഇവളെ കൂട്ടി കൊണ്ട് പൊക്കോ”!!….

ചെറിയമ്മ അവളെയും കൂട്ടി മുറിയിലേക്ക് പോയി. കടും പച്ചയും ചുവപ്പും കലർന്ന ഒരു സിമ്പിൾ പട്ടുസാരി കിങ്ങിണിയെ ഭംഗിയായി  ഉടുപ്പിച്ചു.കയ്യിൽ ചെറിയ ചില സ്വർണ വളകൾ അണിയിച്ചു. കഴുത്തിൽ കുഞ്ഞ് പാലയ്ക്ക മാലയും അണിയിച്ചു. കണ്ണെഴുതി പൊട്ടും തൊടിയിച്ചു സുന്ദരി ആക്കി അടുക്കളയിലേക്ക് കൊണ്ടു വന്നു. അമ്മ അവളെ നോക്കി പുഞ്ചിരിച്ചു. കയ്യിലേക്ക് ചായ എടുത്തു കൊടുത്തു.

കിങ്ങിണി ചെറിയ അസ്വസ്ഥതയോടെ ചായ നിറച്ച ട്രേ മേടിച്ചു ഹാളിലേക്ക് നടന്നു. അവളുടെ പുറകെ പലഹാരവും ആയിട്ട് അമ്മയും ചെറിയമ്മയും നടന്നു. ചെറിയച്ഛൻ ചെക്കനോട് എന്തൊക്കെയോ സംസാരിക്കുക ആയിരുന്നു. അയാളും എന്തൊക്കെയോ ഉത്തരം പറയുന്നുണ്ട്.

കിങ്ങിണിയുടെ കൊലുസിന്റെ ശബ്ദം കേട്ടു ജഗത്തിന്റെ  കണ്ണുകൾ ആ ശബ്ദത്തിന്റെ ഉറവിടം തേടി പോയി.

“അഹ് മോള് വന്നല്ലോ… ഇതാണ് കേട്ടോ ഞങളുടെ കിങ്ങിണി കുട്ടി… ശരിക്കും ഉള്ള പേര് ചഞ്ചല എന്നാണ് കേട്ടോ…മോളെ അതാ പയ്യൻ ചായ അങ്ങോട്ട്‌ കൊടുക്ക്…”..ചെറിയച്ഛൻ പറഞ്ഞപ്പോൾ കിങ്ങിണി ചായ അവന് നേരെ നീട്ടി.

ജഗത് മിഴികൾ ഉയർത്തി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളും പുഞ്ചിരിക്കാൻ ശ്രെമിച്ചു.

“ഇന്നലെ ഇങ്ങോട്ട് ഇറങ്ങണം എന്നോർത്ത് ഇരുന്നതാ പിന്നെ ഇവന് വന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നു അതാ പിന്നെ ഇന്നത്തേക്ക് വരവ് ഫിക്സ് ചെയ്തത്…. “…ചെക്കന്റെ അളിയൻ പറഞ്ഞു.

“ആ അത് ഒന്നും  കുഴപ്പമില്ല!!…ഏട്ടൻ ഇവിടെ ഇല്ലാതെ പോയെന്നെ ഉള്ളു”…

“അവിടെയും അതേ… ഇന്നലെ രാത്രിയാ തിരുമേനി വിളിച്ചു ഇന്ന് അങ്ങോട്ട്‌ ചെല്ലണം എന്ന് പറഞ്ഞ്…. ”

”മ്മ്… ഹ.. ചെക്കനും പെണ്ണും ആദ്യം ആയല്ലേ കാണുന്നെ അവർക്ക് എന്തേലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിലോ”??…

“അത് നേരാ ഇപ്പോഴത്തെ കുട്ടികൾ അല്ലേ… ”

“ചെല്ല് രണ്ടാളും പോയി സംസാരിച്ചിട്ട് വാ… “.. ചെറിയച്ഛൻ പറഞ്ഞു.

“മ്മ്…. പുറത്തേക്കു നിന്നാലോ”??… ജഗത് കിങ്ങിണിയോട് ചോദിച്ചു.

“മ്മ്… “… അവൾ ഒന്ന് മൂളുക മാത്രം ചെയ്തു പിന്നെ അവന്റെ പിന്നാലെ  പുറത്തേക്കു ഇറങ്ങി.

രണ്ടാളും കൂടെ മുറ്റത്തെ കാറിന്റെ അടുത്തായി പോയി നിന്നു. കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും ചിരി പാസ്സാക്കി രണ്ടാളും നിന്നു പിന്നെ ജഗത് ചോദിച്ചു.

“ചഞ്ചല എന്തിനാ പെട്ടെന്ന് ഒരു കല്യാണത്തിന് സമ്മതിച്ചത്”??,…

“അത്… അത് പിന്നെ ജാതകത്തിൽ അങ്ങനെ ഉണ്ടാരുന്നു. പിന്നെ എല്ലാവരുടെയും ഇഷ്ടം… ”

“മ്മ്… എനിക്കും അതേ കാഴ്ചപ്പാട് ആണ്. വീട്ടുകാരുടെ ഇഷ്ടം എന്താണോ അതാണ് എന്റെയും ഇഷ്ടം… ”

“മ്മ്…. ”

“ചഞ്ചലക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ടെന്നു അച്ഛൻ പറഞ്ഞിരുന്നു”…

“മ്മ്… ”

“ഞങളുടെ കുടുംബത്തിൽ സ്ത്രീകൾ അങ്ങനെ ജോലിക്ക് പോകാറില്ല. പക്ഷെ ഞാൻ പഠിപ്പിക്കും കേട്ടോ അത് ഓർത്തു ടെൻഷൻ വേണ്ടാ ട്ടോ”
….

“മ്മ്…. “കിങ്ങിണി പുച്ഛത്തോടെ ഒന്ന് മൂളി.

“ചഞ്ചലയെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം ആയി… എന്റെ വീട്ടുകാർക്ക് ഒരു തെറ്റും എന്റെ കാര്യത്തിൽ പറ്റിയിട്ടില്ല… ഇതും… ചഞ്ചലക്ക് എന്നെ ഇഷ്ടായോ”??…കട്ട താടി കലിപ്പ് ലുക്ക്‌ എല്ലാം ഉള്ള യുവകോമളൻ ആണെങ്കിലും എന്തുകൊണ്ടോ ജഗത് കിങ്ങിണിയുടെ മനസ്സിന്റെ ഏഴയലത്തു പോലും വന്നില്ല.

”എല്ലാം എല്ലാവരും തീരുമാനിച്ചു കഴിഞ്ഞല്ലേ ഈ പെണ്ണ് കാണൽ, നടത്തിയേ അപ്പോൾ പിന്നെ ഈ ചോദ്യത്തിന് പ്രസക്തി ഇല്ലാ… “..കിങ്ങിണി പറഞ്ഞു

“മ്മ്… You are right… എന്നാൽ നമുക്ക് അങ്ങോട്ട്‌ പോയാലോ”??

“മ്മ്… “..അവർ രണ്ടും അകത്തേക്ക് കയറി. കുറച്ച് കഴിഞ്ഞപ്പോൾ ചെറുക്കനും കൂട്ടരും യാത്ര പറഞ്ഞു ഇറങ്ങി.

പോകും മുൻപ് ജഗത് കണ്ണുകൾ കൊണ്ട് കിങ്ങിണിയെ അന്വേഷിച്ചു എങ്കിലും അവളെ അവിടെ എങ്ങും കണ്ടില്ല.

അവർ പോയപ്പോൾ മുറിയിൽ കയറിയ കിങ്ങിണി പിന്നെ വൈകുന്നേരം ആണ് വാതിൽ തുറന്നത്. വൈകുന്നേരം  കുളിച്ചു ഒരുങ്ങി അവൾ അമ്പലത്തിൽ പോയി. സാധാരണ ആരെങ്കിലും അവളുടെ കൂടെ വരുന്നത് ആണ് പക്ഷെ അന്ന് ആരോടും വരണ്ട എന്ന് കിങ്ങിണി പറഞ്ഞിരുന്നു.

ഉള്ളിൽ അണപൊട്ടി ഒഴുകിയ സങ്കടം മുഴുവൻ കണ്ണന്റെ കാൽക്കൽ സമർപ്പിച്ചു അവൾ മനമുരുകി പ്രാർഥിച്ചു നിന്നു. അമ്പലത്തിൽ പ്രദക്ഷിണം വെക്കുന്നതിനു ഇടയ്ക്ക് ആണ് ആരോ അവളുടെ അടുത്തേക്ക് ഓടി വന്നത്. അത് മേഘ ആയിരുന്നു.

“എടി… കല്യാണ പെണ്ണേ…നീ എന്നാലും കല്യാണക്കാര്യം എന്നോട് പറഞ്ഞില്ലല്ലോ  ”

“ഒന്ന് പോടീ… “… കിങ്ങിണി വിഷാദത്തോടെ  പറഞ്ഞു.

“എന്താടി എന്ത് പറ്റി”??

“ഒന്നുമില്ല ഞാൻ പിന്നെ പറയാം നീ പൊക്കോ”..

“വൈകിട്ട് വിളിക്കുവോ”??

“മ്മ്… ”

“എന്നാൽ ശരി… “… അതും പറഞ്ഞു മേഘ പോയി.കിങ്ങിണി അമ്പലത്തിൽ പ്രദക്ഷിണം വെച്ചു കഴിഞ്ഞ് പ്രസാദവും വാങ്ങി വീട്ടിലേക്ക് നടന്നു.

വീട്ടിലേക്ക് ഉള്ള ഇട വഴിയിൽ കയറിയപ്പോൾ ആണ് ശ്യാം അവൾക്ക് എതിരെ വരുന്നത് അവൾ കണ്ടത്…. കയ്യിൽ ഒരു ബാഗും ഉണ്ട്.

“ശ്യാം ഏട്ടൻ എങ്ങോട്ടാ”??…

“ഞാൻ ചെന്നൈക്ക് തിരികെ പോകുവാ ചഞ്ചല…. ”

“എന്താ പെട്ടെന്ന്”??

“പെട്ടെന്ന് അല്ലല്ലോ കുറച്ച് ദിവസം ആയില്ലേ ഞാൻ വന്നിട്ട്”…

“മ്മ്… ”

“അമ്പലത്തിൽ പോയതാണോ”??

“മ്മ്… ഇനി എന്നാ തിരിച്ചു??”….

“നോക്കട്ടെ തരം കിട്ടിയാൽ അവിടെ തന്നെ ഒരു ജോലി ശരി ആക്കണം. പിന്നെ മടക്കം ഇനി നിന്റെ കല്യാണത്തിനെ ഉള്ളു”….

“എല്ലാവരും എന്റെ കല്യാണം  അറിഞ്ഞു. ഞാൻ അറിഞ്ഞപ്പോൾ വൈകി അല്ലേ !! ശ്യാം ഏട്ടന് എങ്കിലും അച്ഛന്റെ തീരുമാനത്തെ  എതിർതു ഒരു വാക്ക് എനിക്ക് വേണ്ടി പറഞ്ഞൂടായിരുന്നോ”??… കിങ്ങിണി കണ്ണ് നിറച്ചു ചോദിച്ചു.

“നിന്റെ അച്ഛന്റെ തീരുമാനം ഈ നാടിനു തന്നെ അവസാന വാക്കാണ്. അതിന്റെ ഇടയിൽ ഞാൻ എന്ത് പറയാനാ മോളെ ??സത്യത്തിൽ നിന്റെ അവസ്ഥയിൽ എനിക്കും സങ്കടം ഉണ്ട്. കളിച്ച് ചിരിച്ച് നടക്കേണ്ട സമയത്തു ഒരു ഭാര്യ ആകാൻ …… അതും ജാതകത്തിന്റെ  പേരിൽ…. ”

“ഇതാ ശ്യാം ഏട്ടാ എന്റെ വിധി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ ആഗ്രഹിക്കുന്നത് അല്ലല്ലോ നമുക്ക് കിട്ടുന്നത്”…

“മ്മ്…. നീ ചെല്ല്… നേരം ഇരുട്ട് വീഴാൻ തുടങ്ങി…. ”

“മ്മ്…. കല്യാണത്തിന് വരണേ ഏട്ടാ…. ”

“വരും ഞാൻ”…

“മ്മ്…. “… കിങ്ങിണി കണ്ണുകൾ തുടച്ചു വീട്ടിലേക്കു നടന്നു.

“നിന്റെ കല്യാണം എനിക്ക് കാണണം കിങ്ങിണി. പറയാതെ പല വട്ടം ഞാൻ പറഞ്ഞ എന്റെ ഇഷ്ടം ആണ് നീ… പ്രണയം ആണ് നീ.നിന്നെ മോഹിക്കാൻ ഉള്ള അർഹത ഇല്ലാത്തവൻ തന്നെ ആണ് ഞാൻ. എങ്കിലും ഒരു പ്രതീക്ഷ എവിടെയോ ഉണ്ടായിരുന്നു.ഒരു ജോലി ആയി കഴിഞ്ഞ് നിനക്കും ഇഷ്ടം ആണെങ്കിൽ ഒരു കൊച്ച് താലി ചാർത്തി സ്വന്തം ആക്കാമായിരുന്നു എന്ന്.  അന്ന് തിരുമേനിയെ കാണാൻ നിന്റെ അച്ഛനും ചെറിയച്ഛനും പോയപ്പോൾ ആ പ്രതീക്ഷ  അവസാനിച്ചു. ഇനി നീ എന്നും എനിക്ക് സുഖം ഉള്ളൊരു ഓർമ മാത്രം ആയിരിക്കും…. “….കൺകോണിൽ അടിഞ്ഞു കൂടിയ കണ്ണീരിനെ  അമർത്തി തുടച്ചു ശ്യാം മുൻപോട്ടു നടന്നു.

കിങ്ങിണി വീട്ടിൽ എത്തിയപ്പോൾ അച്ഛൻ എത്തിയിട്ടില്ലാരുന്നു.  അവൾ കുറെ നേരം പൂജാ മുറിയിൽ കണ്ണന്റെ വിഗ്രഹത്തിൽ നോക്കി ഇരുന്നു കരഞ്ഞു. ഇതിന്റെ ഇടയിൽ അച്ഛൻ വന്നത് ഒന്നും അറിഞ്ഞില്ല അവൾ.

“ചന്ദ്രാ…. കല്യാണ കുറി അടിക്കാൻ ഉള്ള മോഡൽ നീ എഴുതിയോ “??

“ഉവ്വ് ഏട്ടാ… ”

“മ്മ്… “..ചന്ദ്രൻ കുറി എടുത്തു കൃഷ്ണനെ ഏൽപ്പിച്ചു. അദ്ദേഹം അത് വായിച്ചു നോക്കി വേണ്ട തിരുത്തലുകൾ നടത്തി.

“മ്മ്…. നാളെ തന്നെ ഇത് പ്രസ്സിൽ കൊണ്ട് പോയി കൊടുക്കണം”….

“മ്മ്..ഏകദേശം ഒരു 6000പേർക്ക് ഉള്ള സദ്യ പറയാം അല്ലേ ഏട്ടാ?? “…അവർ എല്ലാവരും കൂടെ കല്യാണ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു. തൃപ്പൻകോട്ട് തിരുമേനി പറഞ്ഞ നിർദേശങ്ങൾ എല്ലാം കൃഷ്ണ പ്രസാദ്‌ എല്ലാവരോടും പറഞ്ഞു ധരിപ്പിച്ചു.

കിങ്ങിണി ഒന്നിലും പെടാതെ അവളുടെ മുറിയിലേക്ക് തന്നെ പോയി. കുറച്ച് കഴിഞ്ഞ് മേഘ വിളിക്കുന്നു എന്ന് പറഞ്ഞു ചെറിയമ്മ അവൾക്ക് ഫോൺ കൊണ്ട് പോയി കൊടുത്തു. ചെറിയമ്മ പോയതിനു ശേഷം മേഘയോട് കിങ്ങിണി ഉള്ളിൽ ഉണ്ടായിരുന്ന വിഷമങ്ങൾ എല്ലാം തുറന്നു പറഞ്ഞു.

ഫോണിൽ കൂടെ ഉള്ള കിങ്ങിണിയുടെ കരച്ചിൽ അടക്കാൻ മേഘ ശ്രെമിച്ചു. പക്ഷെ അവൾക്ക് ഒപ്പം മേഘയും കരഞ്ഞു പോയി.

മേഘ ഫോൺ വിളിച്ചു വെച്ച പുറകെ ഫൈസൽ കിങ്ങിണിയെ വിളിച്ചു.

എന്തിനാകും ഫൈസൽ വിളിച്ചത് ??അതിനുള്ള ഉത്തരം നാളെ. പിന്നെ ഇന്നും കൂടെ എല്ലാവരും പൊങ്കാലയും മണ്ടപ്പുറ്റും എല്ലാം ഉണ്ടാക്കി വെച്ചോ. നാളെ ഞാൻ ഇതൊക്കെ തിരുത്തി കുറിക്കും നോക്കിക്കോ എല്ലാവരും. പിന്നെ ഈ പെൺകുട്ടികൾ എല്ലാം തേപ്പ് ആണെന്ന് ഞാൻ പറയില്ല. മിക്കവാറും പെൺകുട്ടികൾക്ക് ഒരു പ്രേമം എങ്കിലും ഉണ്ടായിട്ടുണ്ടാകും. അത് വീട്ടിൽ പറഞ്ഞിട്ട് തല്ല് കൊണ്ടവരും പട്ടിണി കിടന്ന പെൺകുട്ടികളും എല്ലാം ഉണ്ടായിരിക്കും. പെൺകുട്ടികൾ മനഃപൂർവം സ്നേഹിച്ച ആളെ മറന്നു മറ്റൊരാളെ വിവാഹം കഴിക്കുന്നതല്ല. കിങ്ങിണിയുടെ അമ്മയെ പോലെ തന്നെ കുടുംബക്കാരുടെ ഇമോഷണൽ ഡ്രാമക്ക് മുന്നിൽ കീഴടങ്ങി പോകുന്നതാണ്….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന :- അനു അനാമിക

Scroll to Top