ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 26 വായിക്കുക…

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 26

❤️❤️❤️❤️❤️❤️❤️❤️❤️

“ഹലോ… ”

“ഹലോ… കിങ്ങിണി കുട്ട്യേ… ഇജ്ജ് ഇവിടുന്നു പോയി കഴിഞ്ഞ് പിന്നെ ഒരു വിളിയും ഇല്ലാ അന്വേഷണവും ഇല്ലല്ലോ… !!എന്ത് പറ്റി ??ഫാത്തിമ പോയപ്പോൾ എന്നെ മറന്നോ എന്റെ പുന്നാര പെങ്ങളൂട്ടി”??….. ഫൈസൽ കുസൃതിയോടെ ചോദിച്ചു.

“ഞാൻ… ഞാൻ ഓർത്തില്ല ഇക്കാക്ക… സോറി… ”

“ഏയ് അതൊന്നും സാരമില്ല മോളെ. ഇക്കാക്ക വെറുതെ പറഞ്ഞതാ.. … അല്ല എന്താ ന്റെ കുട്ടീടെ സൗണ്ട് മാറി ഇരിക്കണേ ??വയ്യേ”??…

“ഏയ് ഒന്നുമില്ല ഇക്കാക്ക… “…..കിങ്ങിണിയുടെ  സ്വരത്തിൽ പതർച്ച നന്നായി  ഉണ്ടായിരുന്നു.

“ഇജ്ജ് എന്നോട് കള്ളം പറയാൻ പോകുവാണോ ??ജനിച്ചത് ഒരു വയറ്റിൽ നിന്ന് അല്ലേലും ന്റെ പാത്തുവിനെ പോലെ തന്നെയാ നീയും… അതുകൊണ്ട് ആ ശബ്ദം ഒന്ന് മാറിയാൽ ഇക്കാക്കക്ക് അറിയാം… പറ എന്താ ന്റെ കുട്ടിക്ക് പറ്റ്യേ”??

“ഇക്കാക്ക….ഇക്കാ… ക്ക…. “…ഫൈസലിന്റെ നെഞ്ച് പോലും പൊള്ളിക്കുന്ന വിളി ആയിരുന്നു അത്. കിങ്ങിണി കരഞ്ഞു കൊണ്ട് എല്ലാ കാര്യവും ഫൈസലിനോട് തുറന്നു പറഞ്ഞു. കല്യാണക്കാര്യവും  പെണ്ണ് കണ്ടതും എല്ലാം.

“ന്റെ… മോളെ.. നീ കരയാതെ… ഇക്കാക്കന്റെ നെഞ്ച് പൊട്ടുവാ … ഞാൻ ഇപ്പോ എന്താ പടച്ച തമ്പുരാനെ ചെയ്യാ… !! അന്റെ അച്ഛന് ഇത് എന്താ ഇപ്പോ ഇങ്ങനെ ഒരു ഭ്രാന്ത്‌”??…

“അറിയില്ല ഇക്കാക്ക… എനിക്ക് ഒന്നും അറിയില്ല… ആരും ഞാൻ പറഞ്ഞത് കേട്ടില്ല… ആരും എന്നെ മനസിലാക്കി ഇല്ലാ… ”

“മോള് കരയാതെ… അച്ഛനോട് ഞാൻ ഒന്ന് സംസാരിക്കാം”…

“വേണ്ടാ ഇക്കാക്ക ആരും ഒന്നും കേൾക്കില്ല…. ഇവിടെ ഞാൻ അറിയാതെ തന്നെ പെണ്ണ് കാണലും നിശ്ചയവും എല്ലാം കഴിഞ്ഞു.  കല്യാണ കുറിക്ക് ഉള്ള ഏർപ്പാടും  സദ്യയുടെ കാര്യവും എല്ലാം പറഞ്ഞു ഏൽപ്പിച്ചു… ഇനി ഒന്നും ആർക്കും തടുക്കാൻ ആവില്ല…..ഇനി ഇക്കാക്ക വല്ലതും പറഞ്ഞാൽ അതും മുഷിച്ചിൽ ആകും….അത് വേണ്ടാ.. ഞാൻ കാരണം ആർക്കും ഒരു പ്രശ്നവും ഉണ്ടാകേണ്ട….  ”

“മ്മ്…..ഞാൻ വിളിച്ചത്…വേറെ ഒരു കാര്യം ചോദിക്കാൻ ആയിരുന്നു.ഇനി അതിന്റെ ആവശ്യം ഇല്ലാ”…

”എന്താ ഇക്കാക്ക ??പറ. ”

“അത് പിന്നെ… മോളെ… നിഹാൽ ഇല്ലേ ന്റെ ഫ്രണ്ട്… ”

“മ്മ്… “…

ഫൈസൽ ആ പേര് പറഞ്ഞതും  കിങ്ങിണിയുടെ നെഞ്ചിടിപ്പ് കൂടിയത്  ചെറിയ രീതിയിൽ ഒന്നുമല്ല.

“അവൻ വിളിച്ചിരുന്നു… ഏപ്രിൽ 25നു അവന്റെ കല്യാണം ആണ്. അപ്പോ നിന്നെ വിളിക്കാൻ വേണ്ടി വീട്ടിലെ നമ്പർ ചോദിച്ചിരുന്നു… ”

“മ്മ്…. കൊടുക്കണ്ട ഇക്കാക്ക… എനിക്ക് വരാൻ കഴിയില്ല അന്ന് ആണ് എന്റെ കഴുത്തിൽ ജഗത് കുമാർ എന്ന് പറയുന്ന ആളുടെ താലി കേറുന്നത്…താലി ആവില്ല അതൊരു കൊല കയർ ആകും”….

“മോളെ ഇങ്ങനെ ഒന്നും പറയാതെ”…

“ഇക്കാക്കാ നിഹാൽ ഏട്ടന്റെ  കല്യാണത്തിന് പോകണം. പോകും മുൻപ് ഇങ്ങോട്ട് വരണം. അയാൾക്ക്‌ കൊടുക്കാൻ ആയി ചില സമ്മാനങ്ങൾ എന്റെ കയ്യിൽ ഉണ്ട്. അത് കൂടെ  കൊടുക്കണം… ”

“ഈ ചെറുക്കന് എന്താ ജോലി”??

“പൈലറ്റ് ആണെന്ന അച്ഛൻ പറഞ്ഞെ. ഏതോ വലിയ കുടുംബക്കാരാ … ”

“എന്ത് കുന്തം ആയാലും അവനൊന്നും കണ്ണില്ലേ ??ഇത്രേം ചെറിയ കുട്ടിയെ മാത്രേ കിട്ടിയുള്ളൂ… “!!… ഇക്കാക്കക്ക് ദേഷ്യം ഇരച്ചു കയറി.

“ഇക്കാക്ക ഇത്താത്തയോടും കൂടെ പറയണം ന്റെ കല്യാണ കാര്യം. പറ്റുമെങ്കിൽ  ഇത്താത്തയെ രണ്ടു ദിവസം മുൻപ് എങ്കിലും ഇങ്ങോട്ട് കൊണ്ട് വന്നു വിടണേ…. എനിക്ക് ഒരു കൂട്ടിന്… ആരും ഇല്ലാതെ പോയാൽ ഞാൻ ചിലപ്പോൾ തളർന്നു പോകും ഇക്കാക്ക… ”

“ഞാൻ പറയാം മോളെ….. അവളുടെ ചെക്കനോടും കൂടെ ചോദിച്ചിട്ട് കൊണ്ട് വന്നു നിർത്താം. ഇപ്പോ പണ്ടത്തെ പോലെ അല്ലല്ലോ അവൾ മറ്റൊരാളുടെ വീട്ടിലെ പെണ്ണ് അല്ലേ… ഓൻ അല്ലേ പാത്തുവിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നെ “…..

“മ്മ്… ഇക്കാക്ക നിഹാൽ ഏട്ടന്റെ കല്യാണത്തിന് പോകണം. എന്റെ സമ്മാനം കൊണ്ടു പോയി കൊടുക്കണം…മറക്കരുത്.  ഞാൻ വെക്കുവാ ഇക്കാക്ക… ഇനിയും സംസാരിച്ചാൽ ഞാൻ ചിലപ്പോൾ കരഞ്ഞു നിലവിളിച്ചു പോകും…. “…അത്രയും പറഞ്ഞു കിങ്ങിണി ഫോൺ കട്ട്‌ ചെയ്തു.

“മറ്റൊരാളുടെ സ്വന്തം ആയപ്പോൾ അത്രയും നാൾ ഒന്നിച്ചു ഒരു കൂരക്ക് ഉള്ളിൽ കഴിഞ്ഞ ഇക്കാക്കക്ക് പോലും ഫാത്തിമ ഇത്താത്തയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ വയ്യ. നാളെ എന്റെ സ്ഥിതിയും ഇതുപോലെ ആയി പോകുമല്ലോ !!….പണ്ടുള്ളവർ പറഞ്ഞ പോലെ പെണ്ണിന് സ്വപ്നം കാണണോ ആഗ്രഹിക്കാനോ  ഒന്നും അധികാരം ഇല്ലാ…. മറ്റുള്ളവരുടെ കയ്യിലെ കിലുങ്ങുന്ന പാവകൾ  ആകുവാൻ ആണ് ഞങ്ങടെയൊക്കെ വിധി…. “…കിങ്ങിണി കരഞ്ഞു തളർന്നു എന്തൊക്കെയോ ഓർത്തു  ഇരുന്നു.

*******************

“എന്താ ഈശ്വര നെഞ്ച് ഇങ്ങനെ വല്ലാതെ മിടിക്കുന്നെ ??എന്തോ ഒരു വിഷമം ഉള്ളിൽ തികട്ടി വരുന്ന പോലെ… “…നിഹാൽ ഹാളിൽ ഇരുന്നു കുട്ടികളുടെ കൂടെ ടീവി കാണുന്നതിന് ഇടയിൽ മനസ്സിൽ ഓർത്തു.അവന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. 

പെട്ടെന്ന് കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് അവൻ ഞെട്ടി എഴുന്നേറ്റത്. നിഹാൽ പോയി  വാതിൽ തുറന്നു.  നോക്കിയപ്പോൾ നിഹാലിന്റെ  അച്ഛൻ.

“ആഹാ… നീ എപ്പോൾ വന്നു”??

“ഞാൻ ഇന്നലെ എത്തി… ”

“മ്മ്…കല്യാണം എങ്ങനെ ഉണ്ടായിരുന്നു”??? ”

“പൊളിച്ചു വാരി തകർത്തു… ”

“അപ്പോ നീ അവിടം തകർക്കാൻ പോയതാണോ”??

“ഒന്ന് പോ അച്ഛാ… ഊള കോമഡി… ”

“മ്മ്… പൊന്നു മോൻ എന്നാൽ പോയി ഒന്ന് റെഡി ആയിക്കെ ഒന്ന് പുറത്ത് പോകണം… ”

“എന്താ അച്ഛാ കാര്യം”??

“അതൊക്കെ പോകുന്ന വഴിക്ക് പറയാം… ഞാനും ഒന്ന് കുളിക്കട്ടെ…അമ്മ എവിടെ ??”

“അടുക്കളയിൽ ഉണ്ട്… ”

“അഹ്… മുറിയിലേക്ക് വരാൻ പറ…”

“മ്മ്… “…നിഹാൽ അടുക്കളയിൽ ചെന്ന് അമ്മയോട് അച്ഛൻ വന്ന കാര്യം പറഞ്ഞു.അവൻ റെഡി ആകാൻ മുറിയിലേക്ക് പോയി.

“എവിടെ പോകാൻ വേണ്ടി ആണാവോ വിളിക്കുന്നെ ??എന്തോ ഒരു പണി മണക്കുന്നുണ്ട്… “… നിഹാൽ അതും മനസ്സിൽ പറഞ്ഞു ഷർട്ട്‌ മാറാൻ തുടങ്ങി. അവൻ റെഡിയായി കഴിഞ്ഞു കാറിന്റെ കീ എടുക്കാൻ തുടങ്ങുമ്പോൾ ആണ് ഫൈസലിന്റെ ഫോൺ കാൾ നിഹാലിനെ തേടി എത്തിയത്.

“ഹലോ… ഫൈസി .. ”
“അഹ് ഡാ.. ”

“കിങ്ങിണിയുടെ നമ്പർ കിട്ടിയോ”??..അമിതമായ ഒരു ആവേശം നിഹാലിന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു.

“ഇല്ലാ… അവൾ നമ്പർ  തരേണ്ട എന്നാ  പറഞ്ഞെ. വിളിച്ചാലും അവൾക്ക് അന്ന് വരാൻ പറ്റില്ല”…

“ഓഹ്… അവൾക്ക് എന്താ ഇത്ര ജാഡ ??ഓഹ് നമ്മളെ ഒന്നും ഇപ്പോ കണ്ണിൽ പിടിക്കില്ലാരിക്കും … “…നിഹാലിന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.

” അതൊന്നും അല്ല…നീ ഇനി വേണ്ടാത്തത് ചിന്തിച്ചു കൂട്ടണ്ട.  അവളുടെ കല്യാണമാ ഏപ്രിൽ 25,ന്…. “…നിഹാലിന്റെ ചെവി രണ്ടും കൊട്ടി അടയുന്നത് പോലെ തോന്നി അവന്. ഒരു നിമിഷം അവന്റെ ഹൃദയം പോലും നിലച്ചു പോയോ എന്ന് അവൻ സംശയിച്ചു.

“എന്താ… ന്താ നീ പറഞ്ഞെ”??

“ഈ മാസം ഏപ്രിൽ 25ന് അതായത് നിന്റെ കല്യാണം നടക്കുന്ന അതേ ദിവസം തന്നെയാണ് കിങ്ങിണിയുടെ കല്യാണവും… ”

“നീ എന്തൊക്കെ പൊട്ടത്തരം ആണെടാ ഈ പറയുന്നേ ??അവൾ അവൾ ചെറിയ കുട്ടി അല്ലേ ??”….നിഹാലിന്റെ വാക്കുകൾ വിറച്ചു. അവ  തൊണ്ടയിൽ തന്നെ തങ്ങി നിന്നു പോയി.

“അവൾ നിനക്ക് മാത്രം ആയിരുന്നു ചെറിയ കുട്ടി… മറ്റുള്ളവർക്ക് അവൾ വലിയ കുട്ടി തന്നെ  ആയിരുന്നു”…

“ഡാ അത്…. അതിന് …. അവള് സമ്മതിച്ചോ”??

“അവളുടെ സമ്മതത്തിനു  ഒന്നും ഇപ്പോൾ പ്രസക്തി ഇല്ലടാ… പാവം അതിന്റെ കരച്ചിൽ കേട്ടിട്ട് എന്റെ നെഞ്ച് പൊട്ടി പോകുവാ… എല്ലാം അവളുടെ വീട്ടുകാർ തീരുമാനിച്ചു. ഇനിയിപ്പോ ഒന്നും ചെയ്യാൻ ഇല്ലാ….. സമ്മതിക്കുക അല്ലാതെ വേറെ മാർഗവും ആ പാവത്തിന് ഇല്ലല്ലോ… “!!… ഫൈസലിന്റെ വാക്കുകളിൽ നിരാശ നിറഞ്ഞിരുന്നു.

“ലാലേ പറയുന്നത് തെറ്റാണു. ഒരുപക്ഷെ, നീ അവളെ ഇഷ്ടം ആണെന്ന് തുറന്നു പറഞ്ഞ് അവളെ ഒന്ന് ചേർത്ത് പിടിച്ചിരുന്നു എങ്കിൽ അവൾ ഈ വിവാഹത്തിനെ  എതിർത്തു നിൽക്കാൻ എങ്കിലും ശ്രെമിച്ചേനെ…. ഹ ഇനി എല്ലാം അവൾ പറഞ്ഞ പോലെ അവളുടെ വിധി… ”…ഫൈസൽ പറഞ്ഞത് എല്ലാം കേട്ടു നിഹാലിന്റെ നെഞ്ച് പുകയാൻ തുടങ്ങി. അത് ഒരു അഗ്നി പർവതം കണക്കെ പൊട്ടാൻ നിൽക്കുന്ന പോലെ ആയിരുന്നു.നിഹാലിന്റെ കയ്യിൽ നിന്നും ഫോൺ താഴേക്കു ഊർന്ന് ഇറങ്ങി ബെഡിലേക്ക് വീണു.

“ലാലേ…. “… അച്ഛന്റെ താഴെ നിന്നുള്ള വിളി ആണ് നിഹാലിനെ ബോധത്തിലേക്ക് കൊണ്ട് വന്നത്… അവൻ സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി തരിച്ചു പോയി. പിന്നെ മുഖം ഒന്ന് കൈ കൊണ്ട് അമർത്തി തുടച്ചു ഫോണും കാറിന്റെ കീയും ആയി താഴേക്കു  ഇറങ്ങി.

“എന്താടാ മുഖം വല്ലാതെ ഇരിക്കുന്നെ”??….അച്ഛൻ അവന്റെ മുഖം കണ്ടപ്പോൾ ചോദിച്ചു.

“ഏയ് ഒന്നുമില്ല അച്ഛാ… എങ്ങോട്ടാ പോകണ്ടേ”??

“പറയാം വാ… ”

അവർ രണ്ടാളും അമ്മയോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി. കാർ ഡ്രൈവ് ചെയ്തത് നിഹാൽ ആയിരുന്നു. അവൻ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുന്നത് അച്ഛന് ശരിക്കും അരോചകം ആയി തോന്നി.

“നീ വല്ല മരണ വീട്ടിലും പോകുവാണോ”??…അച്ഛന്റെ ചോദ്യത്തിന് അവൻ മറുപടി പറയാതെ വന്നപ്പോൾ അച്ഛൻ അവന്റെ പുറത്ത് തട്ടി.

“ഏഹ്… ഏഹ്… എന്താ അച്ഛാ”??

“നീ എന്താ സ്വപ്നം കാണുവാ”??,

“ഏയ് ഒന്നുമില്ല അച്ഛാ… ”

“എന്താടാ നിനക്ക് ??എന്തേലും സങ്കടം ഉണ്ടോ “??

“ഏയ് ഇല്ലാ… അച്ഛന് തോന്നുന്നതാ… ”

“മ്മ്…. കാർ ആ നിലാവ് കോഫി ഷോപ്പിൽ നിർത്തു… ഒരാളെ കാണാൻ ഉണ്ട്… ”

“മ്മ്… “…നിഹാൽ കാർ കോഫി ഷോപ്പിലേക്ക് വിട്ടു. കാർ പാർക്ക് ചെയ്തു അവർ രണ്ടാളും കൂടെ കോഫി ഷോപ്പിലേക്ക് കയറി. നിഹാലിന്റെ മനസ്സും മുഖവും തീർത്തും അസ്വസ്ഥം ആയിരുന്നു.

“എന്താ അച്ഛാ ഇവിടെ”??…നിഹാൽ ചോദിച്ചു.

“പറയാം… നീ വാ… ”

അച്ഛൻ അവനെയും കൂട്ടി കോഫി ഷോപ്പിന്റെ ഉള്ളിലേക്ക് നടന്നു. അവിടെ ദൂരെ ഒരു കസേരയിൽ ഇരിക്കുന്ന പ്രായമായ ഒരാളെ കണ്ടതും അച്ഛൻ കൈ പൊക്കി കാണിച്ചു. അയാളുടെ ഓപ്പോസിറ്റ് ആയിട്ട് ഒരു പെൺകുട്ടി ഇരിപ്പുണ്ടായിരുന്നു.

“വന്നിട്ട് ഒരുപാട് നേരം ആയോ മേനോൻ സാർ… “…അച്ഛൻ അയാൾക്ക്‌ കൈ കൊടുത്തു കൊണ്ട് സംസാരിച്ചു.

“ഏയ്… ജസ്റ്റ്‌ 15മിനിറ്റ്സ്സ്… ”

“ഇതാണ് പയ്യൻ കേട്ടോ…. നിഹാൽ എന്റെ ഇളയ സന്താനം”…നിഹാലിനെ അച്ഛൻ മേനോൻ സാറിന് പരിചയപ്പെടുത്തി. അവർ പരസ്പരം ഹസ്തദാനം നൽകി.

“ഇതാണ് എന്റെ മകൾ ശ്രീ നന്ദ…. ആളെ നിഹാലിന് മനസ്സിലായി കാണുമല്ലോ… “…മേനോൻ സാർ ചിരിച്ചു കൊണ്ട്  ചോദിച്ചു. അപ്പോഴാണ് അതൊരു ചെറിയ പെണ്ണ് കാണൽ ആണെന്ന് നിഹാലിന് കത്തിയത്. അവൻ സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു. നിഹാലിന്റെ അച്ഛൻ അവനെ നോക്കാതെ  മുകളിലേക്ക് നോക്കി ഇരുന്നു.

“അഹ് മോൻ ഇരിക്ക്… “…മേനോൻ സാർ വിരൽ ചൂണ്ടിയ കസേരയിലേക്ക് നിഹാൽ ഇരുന്നു. അവൻ തൊട്ടു അരികിൽ ഇരുന്ന ശ്രീ നന്ദയെ ഒന്ന് പാളി നോക്കി.

അമേരിക്കയിൽ പഠിച്ചതിന്റെ  അത്യാവശ്യം മോഡേൺ ഭംഗികൾ എല്ലാം ആ കുട്ടിയിൽ ഉണ്ടായിരുന്നു. ചുണ്ടിലെ ചുവപ്പ് ചായത്തിലും  മുഖത്തെ മേക്കപ്പ്ലും സ്ട്രൈറ്റ് ചെയ്ത മുടിയിലും ഇട്ടിരുന്ന ജീൻസിലും  ടോപ്പിലും എല്ലാം നോക്കുമ്പോൾ നിഹാലിന് വല്ലാത്ത ഒരു മടുപ്പ് തോന്നി. എങ്കിലും അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവളും.

“ഇന്നലെയാ മോള് എത്തിയത്.. നിങ്ങൾ തമ്മിൽ കണ്ടിട്ടില്ലല്ലോ അതുകൊണ്ട് ഒരു ചെറിയ പെണ്ണ് കാണൽ ആകാം എന്ന് കരുതി ഞങ്ങൾ അങ്ങ് തീരുമാനിച്ചു.”….മേനോൻ സാർ അത് പറയുമ്പോൾ നിഹാലിന്റെ മുഖം വിഷാദത്തിന്റെ  അവസ്ഥന്തരം  എല്ലാം കഴിഞ്ഞ് വേറെ ഏതോ അവസ്ഥയിൽ  ആയിരുന്നു. അച്ഛന്റെ ഒന്നും അറിയാതെ ഉള്ള ഇരിപ്പ് കണ്ട് ദേഷ്യം കേറുന്നുണ്ട് എങ്കിലും അവൻ അത് പ്രകടിപ്പിച്ചില്ല.

“ഇനി അവർ എന്താണെന്നു വെച്ചാൽ സംസാരിക്കട്ടെ… “അതും പറഞ്ഞ് അച്ചന്മാർ കുറച്ച് അകലെ ഉള്ള കസേരയിലേക്ക് മാറി ഇരുന്നു.

അവർ മാറി ഇരുന്നപ്പോൾ നിഹാൽ ശ്രീ നന്ദയുടെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ പോയി ഇരുന്നു.

“അഹ്…. ഹായ്… “… ശ്രീ നന്ദ ചെറിയ ചമ്മലോടെ സംസാരത്തിനു തുടക്കം ഇട്ടു.

“ഹായ്… “… നിഹാൽ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു.

“നിഹാലിന് എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ”??…

“ചോദ്യവും പറച്ചിലും എല്ലാം വീട്ടുകാർ പറഞ്ഞു കഴിഞ്ഞത് ആണല്ലോ…. അപ്പോൾ ബാക്കി കല്യാണം കഴിഞ്ഞിട്ട് അറിഞ്ഞോളാം “….

“മ്മ്…. Ok then… നിഹാൽ മാര്യേജ് കഴിഞ്ഞാലും നാട്ടിൽ നിൽക്കാൻ എനിക്ക് താല്പര്യമില്ല. എനിക്ക് അമേരിക്കയിൽ തന്നെ സെറ്റിൽ ആകാൻ ആണ് ഇഷ്ടം. പിന്നെ, നാളെ ഒരു ലൈഫ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പറഞ്ഞില്ല എന്ന് പറയരുത്”…. ശ്രീ നന്ദയുടെ സംസാരം കേട്ടു നിഹാലിന് പുച്ഛം ആണ് തോന്നിയത്.

“കിങ്ങിണിക്ക് എന്റെ ഒപ്പം ഈ ജീവിത കാലം മുഴുവനും ജീവിച്ച് തീർക്കാൻ ആയിരുന്നു ഇഷ്ടം…ഇവിടെ കെട്ടി ഇല്ലാ അതിന് മുന്നേ പോകണം എന്ന് ഓർഡർ വന്നു കഴിഞ്ഞു”…..നിഹാൽ പുച്ഛത്തോടെ ഓർത്തു.

“ശ്രീ നന്ദക്ക് എന്നെ കുറിച്ച് എന്തേലും അറിയാൻ ഉണ്ടോ”??

“Nothing… അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ട്… ”

“Ok then എങ്കിൽ നമുക്ക് ഈ മീറ്റിംഗ് അങ്ങ് wind up ചെയ്താലോ”??

“ഓക്കേ… Then… Let’s move on”…അവർ പരസ്പരം കൈ കൊടുത്തു എഴുന്നേറ്റു.

“ഇത്ര വേഗം നിങ്ങൾ സംസാരിച്ചു കഴിഞ്ഞോ”??…വർമ സാർ ചോദിച്ചു. 

“ഓഹ്… ഇപ്പോൾ എന്ത് സംസാരിക്കാൻ ആണ് അങ്കിൾ… മാര്യേജ് കഴിഞ്ഞല്ലേ സംസാരിക്കേണ്ടതും അടുത്ത് അറിയേണ്ടതും”….. ശ്രീ നന്ദ തന്നെ മറുപടി പറഞ്ഞു.

“അഹ്… എങ്കിൽ പിന്നെ നമുക്ക് അങ്ങ് പിരിയാം മേനോൻ സാറെ….. അപ്പൊ ഇനി കല്യാണത്തിന് കാണാം”…

“ആയിക്കോട്ടെ… വർമ്മ സാറെ… “… അവർ പരസ്പരം യാത്ര പറഞ്ഞ് ഇറങ്ങി. നിഹാൽ കാറിന്റെ ഡോർ വലിച്ച് തുറന്നു അകത്തു കയറി. അച്ഛനും വന്നു കാറിൽ  കയറി.

“അച്ഛനോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് പെണ്ണ് കാണാൻ ഒന്നും വരാൻ പറ്റില്ല എന്ന്… ”

“ഡാ നിനക്ക് വേണ്ടാരിക്കും  അവൾക്ക് നിന്നെ കാണണ്ടേ… എല്ലാരും നിന്നെ പോലെ ആകുവോ”….

“കണ്ടാലും മതി സാധനം… “… നിഹാൽ മനസ്സിൽ പറഞ്ഞു.

“ദേ ഇനി മേലിൽ എന്നെ ഈ വക പരുപാടിക്ക് ഒന്നും വിളിക്കരുത്…. പറഞ്ഞേക്കാം”…. അതും പറഞ്ഞു നിഹാൽ കാർ എടുത്തു.

വീട്ടിൽ എത്തിയിട്ടും നിഹാലിന്റെ ഉള്ളു കിടന്നു നീറി പുകയാൻ തുടങ്ങി. ഇതുവരെ ഇല്ലാത്ത ഒരു ഭയം അവനിൽ ഉരുണ്ടു കയറുന്നത് അവൻ അറിഞ്ഞു….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : അനു അനാമിക

Scroll to Top