നിങ്ങളെന്തൊക്കെ പറഞ്ഞാലും ഈ കാര്യം മാത്രം എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ പറ്റില്ല

രചന : Sneha Sneha

എൻ്റെ ഇച്ചായാ നിങ്ങളെന്തൊക്കെ പറഞ്ഞാലും ഈ കാര്യം മാത്രം എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ പറ്റില്ല

ഞാനതിനു മാത്രം വല്യ തെറ്റൊന്നുമല്ലാലോ ചെയ്തത്

തെറ്റാന്ന് ഞാൻ പറഞ്ഞോ

പിന്നെന്താ എനിക്കു പറ്റില്ലായിരുന്നു ഞാനതു ചെയ്തില്ല

നിങ്ങളുടെ പെങ്ങളും ചേട്ടനും അല്ലങ്കിൽ സ്വന്തക്കാർ ആരെങ്കിലും ആയിരുന്നു ഇന്നലെ വന്നിരുന്നേങ്കിൽ നിങ്ങൾ ഓടുല്ലായിരുന്നോ പന്നിയും പോത്തും താറാവും കോഴിയുമൊക്കെ വാങ്ങാൻ ഇതെൻ്റെ വീട്ടുകാരയതു കൊണ്ടല്ലേ നിങ്ങൾക്കു വയ്യാഴികയും ക്ഷീണവും.

നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട.

എഴുതാപ്പുറമൊന്നും അല്ല സത്യമായ കാര്യങ്ങളാ ഞാൻ പറഞ്ഞത്.

പിന്നെ ഒരു സത്യം

എന്നോട് തർക്കിക്കാൻ വരണ്ട

എന്നെ അംഗികരിച്ച് എന്നോട് സ്നേഹമുണ്ടങ്കിലേ എൻ്റെ വീട്ടുകാരോടും സ്നേഹേം ഉണ്ടാകു

ആൻസിയും റോഷനും തമ്മിലുള്ള തർക്കം മൂത്തു വന്നു.

എന്താ ഇവിടെയൊരു കല പില

അടുത്ത വീട്ടിലെ ചേച്ചി പശുവിന് കാടിവെള്ളം എടുക്കാൻ വന്നതാണ്

ഒന്നുമില്ല ചേച്ചി ഇവളു ചുമ്മ

ചുമ്മാതൊന്നുമല്ല ചേച്ചി എനിക്ക് അത്രക്കും സങ്കടമുണ്ടായിട്ടാ ഞാൻ പറഞ്ഞത്. എന്നിട്ട് എൻ്റെ സങ്കടം മനസ്സിലാക്കാതെ വീണ്ടും തൻ്റെ ഭാഗം ന്യായീകരിക്കുന്നു.

എന്താ ആൻസി ഉണ്ടായത്. എന്തിനാ നിനക്കിത്ര സങ്കടം.

ചേച്ചി ഇന്നലെ കണ്ടതല്ലേ ഞാനിവിടുന്ന് പോകുന്നത് പേരമ്മച്ചി മരിക്കാറായി കിടക്കുവാ വീട്ടിൽ നിന്ന് ആങ്ങളയും കുടുംബവും പപ്പയും കൂടി പേരമ്മച്ചിയെ കാണാൻ പോയപ്പോ വണ്ടിയിൽ സ്ഥലമുണ്ട് നീയും വരുന്നുണ്ടോന്ന് ചോദിച്ചപ്പോ ഞാനും പോയി

പോകാനായി ഇവിടുന്ന് ഇറങ്ങുന്നതിന് മുൻപ് ഞാൻ ഇച്ചായനോട് പറഞ്ഞതാ പേരമ്മച്ചിയെ കണ്ട് അവരെല്ലാവരും കൂടി ഇങ്ങോട്ട് വരും.

കറിവെയ്ക്കാൻ ഒന്നും ഇല്ല അതു കൊണ്ട് ഒരു പൂവൻ കോഴിയെ കൊന്ന് നുറുക്കി വെച്ചേക്ക് ഞാൻ വരുമ്പോ കറിയാക്കാന്ന്.

ഇവിടുന്ന് 3 മണിക്കൂർ യാത്രയുണ്ട് പേരമ്മച്ചീടെ വീട്ടിലേക്ക് എല്ലാ പണിയും തീർത്ത് ആടിന് പുല്ലും പറിച്ച് ഇവിടുന്ന് ഇറങ്ങിയപ്പോൾ സമയം 12 പോകാനുള്ള തിരക്കിൽ കഴിക്കാനും മറന്നു.

പോയ വഴി വല്ലതും കഴിക്കാന്നു വെച്ചപ്പോ ഹോട്ടലുകൾ ഒന്നും തുറന്നിട്ടില്ല. പേരമ്മച്ചീടെ വീട്ടിലെത്തിയപ്പോൾ സമയം മൂന്ന് അവിടെ എല്ലാവരും ഉച്ചഭക്ഷണവും കഴിച്ച് കലം കഴുകി കമഴ്ത്തിവെച്ചിരിക്കുന്നു പേരമ്മച്ചിക്കൊപ്പം രണ്ടു മൂന്നു മണിക്കൂർ ചിലവഴിച്ച് 6 മണിക്ക് അവിടെ നിന്നും ഇറങ്ങി. 75 വയസ്സുള്ള പപ്പയും ആങ്ങളയുടെ മൂന്നു പൊടി കുട്ടികളും ആങ്ങള നാത്തൂൻ ഇത്രയും പേർ വീട്ടിലേക്ക് വിരുന്നു വരുവാണ്.

പപ്പ സുഖമില്ലാത്താളാണ്.ഒരുപാട് നാളു കൂടി മോൾടെ വീട്ടിൽ വരുന്നതാണ്‌ പേരമ്മച്ചീടെ വീട്ടിൽ നിന്നും ഇറങ്ങും മുൻപ് ഇച്ചായനെ വിളിച്ച് ഓർമ്മപ്പെടുത്തി ഞങ്ങളിവിടുന്ന് ഇറങ്ങുവാണ് കോഴിയെ കൊന്ന് വെയ്ക്കണേന്ന്.നാടൻ കോഴീടെ കറി പപ്പക്ക് ഒത്തിരി ഇഷ്ടാണേ മനസ്സിനൊരു സുഖം പപ്പക്ക്

നാടൻ കോഴി നന്നായി കറിവെച്ചു കൊടുക്കണം. എങ്ങനെ നന്നായി നാടൻ കോഴിയെ കറി വെയ്ക്കാം എന്നൊക്കെ ആലോചിച്ചു വരുന്നാണ്

എടി ചിക്കനോ ബീഫോ എന്തെങ്കിലും വാങ്ങണോ ആങ്ങള’

വേണ്ടടാ അളിയൻ കോഴിയെ കൊന്ന് നന്നാക്കി നുറുക്കി വെച്ചിട്ടുണ്ട് ചെന്നാലുടൻ കറി വെച്ചാൽ മതി.

എടി ചിക്കൻ മസാല വാങ്ങണോ?

വേണ്ടടാ.

അവനെ കൊണ്ട് ഒന്നും മേടിപ്പിക്കാൻ മനസ്സു വന്നില്ല. കൊറോണ വന്നേപ്പിന്നെ ഒരു ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്ന അവനെ കൊണ്ട് എന്തേലും വാങ്ങിപ്പിച്ചാൽ എനിക്ക് പാപം കിട്ടും.

ഓട്ടോക്കാണങ്കിൽ ഓട്ടം പോലുമില്ല പാവം. മൂന്നു മക്കളും വയ്യാത്ത പപ്പയും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാ

അങ്ങനെ എട്ടേമുക്കാലോടെ വീട്ടിലെത്തി. പോരുന്ന വഴിയിൽ കണ്ട ഹോട്ടലിൽ നിന്ന് കുറച്ച് പൊറോട്ടയും വാങ്ങിച്ചായിരുന്നു.

എടി ഒരു ചിക്കൻ കറി വാങ്ങിക്കട്ടെ.

ചെല്ലുമ്പോൾ തന്നെ പിള്ളേർക്ക് ചിക്കൻ കറിയും കൂട്ടി പൊറോട്ട കൊടുക്കാം

വേണ്ടടാ സാമ്പാറോ മറ്റ് എന്തെങ്കിലും ചാറ് വാങ്ങിയാൽ മതി. കുട്ടികൾ ഉറങ്ങും മുൻപ് ഞാൻ ചിക്കൻ കറി വെച്ചിരിക്കും.

കുഞ്ഞാൻ്റി കൂഞാൻ്റി ചിക്കൻ്റെ കാലെനിക്ക് വേണം കാല് എനിച്ചും വേണം കാല് മൂന്നു പേരും ചിക്കൻ്റെ കാലു ബുക്ക് ചെയ്തു.

വീട്ടിലെത്തി വേഗം ഡ്രസ്സ് മാറി അടുക്കളയിൽ കയറി നോക്കിയപ്പോ ചിക്കനും ഇല്ല ചിക്കൻ്റെ കാലും ഇല്ല . രാവിലെ വെച്ചിട്ടു പോയ ചോറു മാത്രമുണ്ട്. മീൻ കറി ഉണ്ടായിരുന്നതൊക്കെ തീർന്നു.

സങ്കടം സഹിക്കാൻ പറ്റിയില്ല എൻ്റെ സങ്കടം ദേഷ്യമായി മാറി ചേച്ചി ഞാൻ പൊട്ടിതെറിച്ചു.

പശുക്കറവ ഉണ്ട് ആങ്ങളയുടെ വീട്ടിൽ അവരു പോന്നപ്പേ ഇത്തിരി തൈരു കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ അച്ചിങ്ങയും ഉണ്ട്‌ വേഗം മോരും കാച്ചി അച്ചിങ്ങ മെഴുക്കു വരട്ടി എല്ലാവർക്കും ചോറു കൊടുത്തു.

രാവിലെ ഇടിയപ്പവും കിഴങ്ങുകറിയും ഉണ്ടാക്കി അതു കഴിച്ചു കൊണ്ടിരുന്നപ്പോൾ ആങ്ങളയുടെ മക്കളു ചോദിക്കുകയാ

കുഞ്ഞാൻ്റി ചിക്കൻ്റെ കാലു തരാന്ന് പറഞ്ഞിട്ട് എവിടാന്ന്.

ഞാനെന്തോ പറയും ചേച്ചി അവരോട്.

പപ്പ ഒത്തിരി നാളു കൂടി വന്നതാ ഇനിയൊരു വരവ് ഉണ്ടാകുമോന്നറിയില്ല.

പോട്ടെ മോളെ സഹിക്ക്

ചേച്ചി കാണുന്നതല്ലേ മിക്കവാറും ദിവസങ്ങളിൽ ഇവിടെ വിരുന്നുകാരാണ്. അവർക്ക് വെച്ചും വിളമ്പിയും ഞാൻ മടുക്കാറുണ്ട് എന്നാലും ഞാനൊരു പരാതിയും പറയാറില്ല ഈസ്റ്റർ ക്രിസ്തുമസ് ഓണം എന്നു വേണ്ട എന്തു നല്ല ദിവസം വന്നാലും ഇവിടെ വിരുന്നുകാരുടെ ബഹളമാ ഞാനിവിടെ വിരുന്നൊരുക്കുമ്പോളും എൻ്റെ ഉള്ളം കരയാറുണ്ട്.

അമ്മ പോയിട്ടും അമ്മ ഇല്ലാത്ത കുറവറിയിക്കാതെ ഞങ്ങളെ വളർത്തിയ പപ്പയുടെ അടുത്ത് ഒന്നു പോകാൻ പപ്പയുടെ ഒപ്പമിരുന്ന് പപ്പയുടെ കൈയിൽ നിന്ന് ഒരുരള ചോറുണ്ണാൻ കൊതിച്ചിട്ടുണ്ട്

വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാലോ

ഇവരെല്ലാം ഇവിടെയുള്ളപ്പോ നീ വീട്ടിൽ പോയാലെങ്ങനാ ഇവർക്കെന്തേലും വെച്ചു വിളമ്പി കൊടുക്കുന്നതാരാ .?

വിരുന്നുകാർ ആരും ഇല്ലാത്തപ്പോ ചോദിച്ചാലോ.

നീയും മക്കളും പോയാൽ ഞാനിവിടെ തനിച്ചല്ല പൊയ്ക്കോ പോയിട്ട് സന്ധ്യക്ക് മുൻപ് ഇങ്ങെത്തണം.

അതിലും ഭേദം പോകാതിരിക്കുന്നതാ.

വല്ലപ്പോഴും മോളു കൊച്ചുമക്കളും ചെന്നിട്ട് അപ്പോ തന്നെ തിരികെ പോരുമ്പോൾ പപ്പയുടെ മുഖത്തെ സങ്കടം. പോകാതിരുന്നാൽ അതു കാണണ്ടല്ലോ.

എന്തേലും പറയുമ്പോൾ പറയുന്നതാ.

നിനക്കിവിടെ എന്തിൻ്റെ കുറവാ തിന്നാനില്ലേ കുടിക്കാനില്ലേ ഉടുക്കാനില്ലേ പിന്നെ എന്തിനാ ഓടി ഓടി വീട്ടിൽ പോകുന്നതെന്ന്

തിന്നാനും കുടിക്കാനുമാണോ ചേച്ചി നമ്മൾ വീട്ടിൽ പോകുന്നത്. പട്ടിണി ആണേലും അവനോൻ്റെ പപ്പയോടും കൂടപിറപ്പിനോടും സംസാരിച്ചിക്കണ സന്തോഷം കിട്ടോ ചേച്ചി കുറച്ച് തിന്നാനും കുടിക്കാനും കിട്ടിയാൽ

പാവപ്പെട്ട വീട്ടിൽ നിന്നും വന്നതുകൊണ്ട് ഇച്ചായനോർത്തത്. ഭക്ഷണവും തുണിയും കിട്ടിയാൽ എനിക്കു സന്തോഷമാകുമെന്നാ

ഞാനിവിടെ നല്ല ഭക്ഷണം കഴിക്കുമ്പോൾ പോലും ആസ്വദിച്ച് കഴിക്കാറില്ല അപ്പോ അവരുടെ മുഖം ഓർമ്മ വരും ചേച്ചി അപ്പോ സങ്കടം വരും കഴിച്ച ഭക്ഷണം തൊണ്ട കുഴിയിൽ നിന്ന് ഇറക്കാൻ പോലും പറ്റാത്ത അവസ്ഥ വരും

ഞാനിതൊന്നും ആരോടും പറയാറില്ല ചേച്ചി ഇന്നലെ എൻ്റെ പപ്പയ്ക്ക് എന്നും അവരു കൂട്ടുന്ന അവരുകൊണ്ടു വന്ന മോരു കാച്ചി ചോറു കൊടുത്തപ്പോ എൻ്റെ ചങ്കുപൊട്ടുക ആയിരുന്നു.

എനിക്കും കൊതിയില്ലേ ചേച്ചി എൻ്റെ പപ്പ വരുമ്പോളും വെച്ചും വിളമ്പിയും കൊടുക്കാൻ .

അതെന്താ ഇങ്ങേരു മനസ്സിലാക്കാത്തത്‌ ഇങ്ങേരു മനസ്സിലാക്കാൻ പോകുന്നേയുള്ളു. ദൈവം അറിഞ്ഞാ ഇങ്ങേർക്ക് രണ്ടു പെൺമക്കളെ കൊടുത്തത്. അവരിലൂടെ ഇങ്ങേരു മനസ്സിലാക്കും ഞാൻ അനുഭവിച്ച വേദന

ഇച്ചായന് ഇച്ചായൻ്റെ അമ്മയും അപ്പനും തൊട്ടടുത്തു തന്നെ താമസിക്കുന്നതു കൊണ്ട് .

ഇല്ലാതായതിൻ്റെ വേദന അറിയില്ല

ചേച്ചി ഞാനി പറഞ്ഞതൊന്നും ആരോടും പറയരുതട്ടോ ഞാനെൻ്റെ സങ്കടം കൊണ്ടു പറഞ്ഞതാ. ഞാനാരോടും പറയാറില്ല എൻ്റെ സങ്കടങ്ങൾ .പുറത്തുന്ന് നോക്കുന്നവർ ചിന്തിക്കും ആൻസിക്കെന്താ കുഴപ്പം. കള്ളുകുടിക്കാത്ത ബീഡി വലിക്കാത്ത ഭർത്താവ് വീട് കാറ് നല്ല നല്ല ഡ്രസ്സുകൾ പിന്നെ എന്താ കുഴപ്പമെന്ന്

ഇതിനൊന്നും ഒരു കുറവും ഇല്ല. പക്ഷേ എനിക്കിതൊന്നും അല്ല ആവശ്യം . മാസത്തിലൊന്ന് പപ്പയെ കാണാൻ പോകണം ഒരു രാത്രി അവരോടൊപ്പം തങ്ങണം ഒരു ക്രിസ്തുമസിന് ഒരു കേക്കും വാങ്ങി കെട്ടിയോനൊടൊപ്പം പപ്പയെ കാണാൻ പോകണം. ഓണത്തിന് വീട്ടിൽ എല്ലാവർക്കും ഓരോ ജോഡി ഓണക്കോടി എടുത്ത് കൊടുക്കണം. വല്ലപ്പോഴും പപ്പയെ വിളിച്ച് ഇവിടെ കൊണ്ടുവരണം പപ്പക്ക് എന്തേലും വെച്ചും വിളമ്പി കൊടുക്കണം.

ഇത്രയും കുഞ്ഞു കുഞ്ഞാഗ്രഹങ്ങളെയുള്ളു എനിക്ക്

ഇപ്പോ കുടി ഞാൻ പറഞ്ഞു. ഇന്നലെ ഇച്ചായൻ ചെയ്തതു വളരെ മോശമായി പോയി തെറ്റാന്ന് ഒന്നു ബോധ്യപ്പെട്ടു സമ്മതിച്ചാൽ മതി എൻ്റെ സങ്കടം കുറയും എന്ന്

ഇപ്പോഴും ഇച്ചായൻ പറയുന്നു ഇച്ചായൻ ചെയ്തതു തെറ്റല്ലന്ന് .എന്ന് അവരു വന്നാലും ഇച്ചായൻ അവരെ മൈൻഡ് ചെയ്യാറില്ല അതെന്നെ എത്ര സങ്കടപ്പെടുത്താറുണ്ടന്ന് ഇച്ചായന് അറിയില്ല

റോഷാ ആൻസി പറഞ്ഞതൊക്കെ റോഷൻ കേട്ടോ ഇന്നലെ റോഷൻ ചെയ്തതു വളരെ മോശമായി പോയീട്ടോ എത്ര പറ്റില്ലങ്കിലും റോഷൻ ആ കോഴിയെ കൊന്നു വെയ്ക്കണമായിരുന്നു

എന്താ റോഷാ ഒന്നും മിണ്ടാത്തത്. റോഷന് റോഷൻ്റെ മാതാവിതാക്കളും സഹോദരങ്ങളും എത്ര പ്രിയപ്പെട്ടവർ ആണോ അത്ര തന്നെ പ്രിയപ്പെട്ടവരാ ആൻസിക്ക് ആൻസിയുടെ പപ്പയും സഹോദരനും റോഷൻ അതും കൂടി ഒന്നു മനസ്സിലാക്കുന്നതു നല്ലതാ

ചേച്ചി എനിക്ക് എൻ്റെ തെറ്റു മനസ്സിലായി ചേച്ചി. ഞാനിനി ഇവളെ വേദനിപ്പിക്കില്ല. ഇന്നു മുതൽ ഇവളുടെ പപ്പ എൻ്റെ പപ്പയും കൂടിയാണ്‌ ഇവളുടെ സഹോദരൻ എൻ്റെ സഹോദരൻ കൂടിയാണ്.

ഇവൾക്കിത്ര സങ്കടമുണ്ടന്ന് ഞാനറിഞ്ഞിരുന്നില്ല

റോഷാ ദാമ്പത്യ ജീവിതം എന്നു പറയുന്നത് ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾ മറ്റൊരാളിലേക്ക് അടിച്ചേൽപ്പിച്ച് അവരെ അടിമാക്കി വെക്കുന്നതല്ല .പരസ്പരം സ്നേഹിച്ചും അറിഞ്ഞും മനസ്സിലാക്കിയും പരസ്പരം തോറ്റു കൊടുത്തും ജീവിക്കുമ്പോളാണ് ദാമ്പത്യ ജീവിതം വിജയിക്കുന്നത്.

നിന്നെ അനുസരിക്കുന്ന ഭാര്യയെയാണോ അതോ നിന്നെ സ്നേഹിക്കുന്ന ഭാര്യയെയാണോ നിനക്ക് വേണ്ടത്.

സ്നേഹിക്കുന്ന ഭാര്യയെ

എന്നാൽ ഇന്നു മുതൽ നീ അവളെ സ്നേഹിക്ക്.

അവളെ ചേർത്തു പിടിക്ക് അവളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സാധിച്ചു കൊടുക്ക് അവളുടെ പിണക്കങ്ങളും വാശികളും ഒന്നു ശ്രദ്ധിക്ക് അവൾക്ക് പറയാനുള്ളത് ഒന്നു കേൾക്ക്

ശരി ആൻസി ഞാൻ പോവുകയാ റോഷാ പറഞ്ഞതെല്ലാം ഓർമ്മ ഉണ്ടല്ലോ അല്ലേ

ശരി ചേച്ചി

ചേച്ചി പോയതും റോഷൻ വന്ന് ആൻസിയെ കെട്ടി പിടിച്ചു

സോറി അച്ചു നിനക്കിത്ര സങ്കടം ഉള്ളിൽ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല

മറ്റൊരാൾ വേണ്ടി വന്നു അല്ലേ ഇച്ചായന് എന്നെ മനസ്സിലാക്കാൻ?

സോറി സോറി ഞാൻ നിന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. കർക്കശകാരനായ അപ്പൻ അമ്മയെ വീട്ടിൽ വിടുന്നതോ അമ്മയുടെ വീട്ടിൽ പോകുന്നതോ ഒന്നും കണ്ടിട്ടില്ല അതിൻ്റെ പേരിൽ അമ്മ സങ്കടപ്പെടുന്നതോ വഴക്കിടുന്നതോ ഞാൻ കണ്ടിട്ടില്ല

അമ്മക്ക് സങ്കടമില്ലായിരുന്നു എന്ന് ആരാ പറഞ്ഞത്. അമ്മയുടെ സങ്കടം ആരും കണ്ടിട്ടുണ്ടാകില്ല.

അപ്പനെ പേടിച്ച് അമ്മ വഴക്കിട്ടിട്ടും ഉണ്ടാകില്ല.

നാളെ തന്നെ നമുക്ക് വീട്ടിൽ പോകാം രണ്ടു ദിവസം അവിടെ നിൽക്കാം പോകുമ്പോൾ വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി കൊണ്ടു പോകാം.

ഇനി പപ്പയെ കാണാൻ ആഗ്രഹം തോന്നുമ്പോൾ വീട്ടിൽ പോയി പപ്പയെ കണ്ട് രണ്ടു ദിവസം പപ്പയുടെ കൂടെ നിന്നിട്ട് വന്നാൽ മതി. അതിന് എൻ്റെ അനുവാദം വേണ്ട.

അതൊന്നും വേണ്ടിച്ചായ പൊയ്ക്കോട്ടെ എന്നു ചോദിക്കുമ്പോൾ പോയിട്ടു വാ എന്നൊന്നു പറഞ്ഞാൽ മതി.

സന്തോഷമായോ ഇച്ചായൻ്റെ അച്ചൂട്ടിക്ക്.

സന്തോഷമായി.

ഇനി അച്ചുനെ സങ്കടപ്പെടുത്തില്ലാട്ടോ ഇച്ചായനോട് ദേഷ്യമുണ്ടോ അച്ചൂന്

എനിക്ക് ദേഷ്യമൊന്നും ഇല്ല ഇച്ചായാ സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇപ്പോ സങ്കടമെല്ലാം മാറിയോ

മാറി എന്നാൽ രാവിലെ തന്നെ ഒരുങ്ങിക്കോളു നമുക്ക് വീട്ടിൽ പോകാം.

ആൻസി അത്യുൽസാഹത്തോടെ ജോലികൾ ചെയ്യാനാരംഭിച്ചു.

എൻ്റെ സഹായം വലതും വേണോ അച്ചു

വേണോന്നോ ആ തേങ്ങ പൊട്ടിച്ചു ചിരവിക്കേ

റോഷനും ആൻസിക്കൊപ്പം കൂടി അടുക്കള പണികളാരംഭിച്ചു.

എന്നാലും നീ ഇന്ന് എന്നെ പട്ടിണിക്കിട്ടില്ലേ അച്ചു.

നേരം വെളുത്ത് ഇതുവരേയും നീയിന്ന് അടുക്കളയിൽ കേറിയില്ലല്ലോ.

അങ്ങനെ ഞാനൊരു അടുക്കളക്കാരി മാത്രമാകണ്ടാന്ന് ഞാനങ്ങു തീരുമാനിച്ചു.

അയ്യടി ഭയങ്കരി അപ്പോ മക്കളോ

മക്കൾക്ക് ഇച്ചായൻ ഉണ്ടാക്കി കൊടുത്താലും കഴിച്ചോളും

അപ്പോ നീ എന്നെ ഒരടുക്കളക്കാരനാക്കാനായിരുന്നു അല്ലേ പ്ലാൻ.

എന്താ കുഴപ്പം

ഒരു കുഴപ്പവും ഇല്ല. ഇന്നു മുതൽ ഞാനും അടുക്കളയിലുണ്ടാകും നിന്നോടൊപ്പം നിന്നെ സഹായിച്ചുകൊണ്ട്…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Sneha Sneha