തേൻനിലാവ്, നോവൽ, ഭാഗം 33 വായിച്ചു നോക്കൂ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“ഇപ്പോ തന്നെ ഇത് വേണോ മോനെ…….”

കസവുമുണ്ടും ഷർട്ടുമിട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് സൗന്ദര്യം ആസ്വദിക്കുമ്പോഴാണ് മാധവിയുടെ ചോദ്യം.

“എന്ത് വേണോന്നാ അമ്മേ… ”

കണ്ണാടിയിലൂടെ തന്നെ അവൻ അമ്മയെ നോക്കി ചിരിച്ചു.

“ഈ വിവാഹം…. നിനക്ക് അതിനുള്ള പ്രായവും പക്വതയുമൊന്നും ആയിട്ടില്ലാടാ……… ”

“ഹമ്മ്…… ”

മുടി ചീകി ചീപ്പ് തിരിച്ചു വച്ചവൻ അമ്മയുടെ അടുത്തേക്കു പോയി.

“മീരയുടെ കല്യാണം നടത്തുമ്പോൾ അവൾക്കും 22 വയസ്സായിരുന്നില്ലേ…. ”

“അതുപോലെ ആണോ നീ…. ഒരു പെണ്ണിനെ പോറ്റാനുള്ള വരുമാനം പോലും നിനക്കില്ല…

നിനക്കൊരു ജോലിയൊക്കെ ആയിട്ട് മതിയായിരുന്നു

“അതുപോലെ തന്നെ ആണ് ഞാനും…. എനിക്ക് ആയില്ലെങ്കിലും ഒരു കുടുംബം നടത്താനുള്ള പ്രായവും പക്വതയും വരുമാനുമെല്ലാം എല്ലാം എൻെറ പെണ്ണിനുണ്ട്… മാസം പത്തു നാല്പതിനായിരം രൂപ ശമ്പളം ഉണ്ട് അവൾക്ക്…. എൻെറ കാര്യം കൂടി അവൾ നോക്കിക്കോളും….

ഞാൻ എന്തായാലും പഠിപ്പൊക്കെ കഴിഞ്ഞിട്ടേ ജോലിക്കു ശ്രമിക്കുന്നൊള്ളു….. ഒരു പെണ്ണ് കെട്ടിയെന്ന് കരുതി ഞാൻ എന്തിനാ എൻെറ ആഗ്രഹങ്ങൾ മാറ്റിവക്കുന്നത്….. ”

പുഞ്ചിരിയോടെയവൻ ഷർട്ടിൻെറ സ്ലീവ് മടക്കി വച്ചു.

“അപ്പോ നീ ഇനിയും പഠിക്കാൻ പോവാണോ…”

അരുതാത്തതെന്തോ കേട്ടപോലവർ അവനെ തുറിച്ചു നോക്കി.

“ya…. പി ജി കഴിഞ്ഞാൽ എം ഫിൽ അതു കഴിഞ്ഞാൽ റിസേർച്ച്… Dr. Manu Krishna….

ആതാണ് എൻെറ ലക്ഷ്യം…..”

പുരികം ഉയർത്തിയും താഴ്ത്തിയും അവൻ അമ്മയെ നോക്കി ചിരിച്ചു.

“എനിക്കിറിയില്ല ഭഗവതി… അച്ഛനും മകനും കൂടി എന്തൊക്കെയാ കാണിച്ചു കൂട്ടുന്നതെന്ന്…….”

നെറ്റിക്കു മുകളിൽ കൈ വച്ചവർ നെടുവീർപ്പിട്ടു.

“അമ്മക്ക് അമ്മയുടെ കണ്ണനെ വിശ്വാസമല്ലേ..മ്..”

“വിശ്വാസം ഉള്ളതുകൊണ്ടല്ലേ ഞാൻ അങ്ങേരുടെ ഒപ്പം ഇറങ്ങി പോന്നത്….. ”

മാധവി മനുവിനെ നോക്കി കണ്ണുരുട്ടി.

“ഹമ്മ്…. അമ്മക്ക് അമ്മയുടെ കണ്ണനെ വിശ്വാസമുള്ളതുപോലെ എൻെറ ജാനുവിന് അവളുടെ മനുവിനേയും വിശ്വാസമാണ്….. ഒരുപാട് അനുഭവിച്ചതാ അമ്മേ അവൾ…. ഇനിയും അവിടെ നിർത്തിയാൽ എനിക്കവളെ നഷ്ടപ്പെട്ടെന്നു വരും…. ഞാനില്ലാതെ അവൾക്കോ അവൾ ഇല്ലാതെ എനിക്കോ ജീവിക്കാൻ പറ്റില്ല അമ്മാ….

അതുകൊണ്ടാ കൂടെ കൂട്ടുന്നത്…. മറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല….. ”

ആ കണ്ണുകളിൽ ജാനുവിനോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞു.

“കണ്ണനെ പോലെ നിന്നെയും എനിക്ക് വിശ്വാസമാണ് മോനെ… അമ്മ ആവലാതി കൊണ്ട് പറഞ്ഞതാ.

അവർ അവനെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

“കെട്ടിയോൻെറ കാര്യം പറയുമ്പോൾ എന്താ ഒരു നാണം…. എന്നിട്ട് എവിടെ പോയി അമ്മയുടെ കള്ളക്കണ്ണൻ…. ”

കളിയാലെ അവൻ അമ്മയുടെ താട പിടിച്ചു കുലുക്കി.

“പോടാ ചെക്കാ….. കണ്ണനും ജിത്തുവും കൂടി രാവിലെ തന്നെ അമ്പലത്തിലേക്ക് പോയിട്ടുണ്ട്…..

അവിടെ ഒരുക്കങ്ങളൊക്കെ നോക്കാൻ…… ”

“ഒരു താലികെട്ടിന് ഇതിനും മാത്രം ഒരിക്കങ്ങളോ ”

മനു നെറ്റി ചുളിച്ചു.

“ഈ കല്യാണവും കാതുകുത്തുമൊന്നും ചെറിയ കാര്യങ്ങളല്ലാ… അതിനൊക്കെ അതിൻേറതായ രീതികളുണ്ട്… എൻെറ മോൻ അതിൽ ഇടംകോലിടാൻ വരണ്ട… കേട്ടോ…. ”

മനുവിൻെറ കവിളിൽ പിടിച്ചു വലിച്ചവർ ചിരിച്ചു കൊണ്ട് മുറിവിട്ടു പോയി.

***************

“നീ ഇതുവരെ റെഡിയായില്ലേ ജാനു….. ”

അലസമായി വാരിച്ചുറ്റിയ സെറ്റുസാരിയും വിടർത്തിയിട്ട തലമുടിയുമായവൾ ജനലഴികളിൽ തലചായ്ചു നിൽക്കുകയാണ്. ജിത്തുവിൻെറ വിളി കേട്ടവൾ കണ്ണീരൊഴുകിയിറങ്ങിയ മിഴികൾ അവനു നേരെ പായിച്ചു.

“എന്താ ജാനു…. നല്ലൊരു ദിവസമായിട്ട് രാവിലെ തന്നെ കരയാണോ നീ….. ”

അവളൊന്നും മിണ്ടാതെ അതേ നില്പു തുടർന്നു.

“നീ ഏറ്റവും അധികം ആഗ്രഹിച്ച നിമിഷമാണിത്….

അതിങ്ങനെ അനാവശ്യ ചിന്തകളിൽ ഉലയ്ച്ചു കളയരുത്….. ”

അരികിൽ ചെന്നവൻ അവളുടെ മുഖം ചൂണ്ടുവിരലാൽ ഉയർത്തി.

“ജന്മം തന്നവർ ജീവനോടെ ഇരിക്കെ എന്നെ കൈ പിടിച്ചു കൊടുക്കാൻ ആരുമില്ല…

അതിനുള്ള ഭാഗ്യം പോലും എനിക്കു കിട്ടിയില്ലല്ലോ ജിത്തു…… ”

അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

“ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിതം ആരംഭിക്കാൻ ആരും കൈ പിടിച്ചു കൊടുക്കണമെന്നില്ല ജാനു….

അതിനുള്ള ബലം വേണ്ടത് നിൻെറ കൈകൾക്കാണ്… പിന്നെ ഈ ഭാഗ്യവും ദൗർഭാഗ്യവുമെല്ലാം നമ്മുടെ പ്രവർത്തികളുടെ പ്രതിഫലനം മാത്രമാണ്…. അതുകൊണ്ട് എൻെറ ചേച്ചി ഇനിയും ഇങ്ങനെ കണ്ണീരൊഴുക്കരുത്…. നീ ജീവിച്ചു തുടങ്ങുന്നതേ ഒള്ളു….. മ്……. ”

അവൻെറ വാക്കുകൾക്ക് അവളൊരു മങ്ങിയ പുഞ്ചിരി സമ്മാനിച്ചു.

“ഇനിയും ഇങ്ങനെ കണ്ണു നിറച്ച് നിൽക്കാനാണോ നിൻെറ ഭാവം… ദേ അവരൊക്കെ ഇപ്പോ അമ്പലത്തിൽ എത്തിക്കാനും… കല്യാണപ്പെണ്ണ് ഇതുവരെ ഒരുങ്ങിയിട്ടു പോലുമില്ല….. ”

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി അലസമായി കിടന്നിരുന്ന സാരി ഭംഗിയായി ഞൊറിഞ്ഞു കുത്തി തലമുടി ചീകിയൊതുക്കി മുല്ലപ്പൂ ചൂടിച്ച് കണ്ണുകളിൽ കൺമഷിയും നെറ്റിയിലൊരു വട്ടപ്പൊട്ടും ചാർത്തി ജാനുവിനെ ഒരുക്കിയത് ജിത്തുവായിരുന്നു.

“ഇപ്പോ എൻെറ ചേച്ചി സുന്ദരിയായി….. ”

കണ്ണാടിൽ തെളിഞ്ഞ അവളുടെ പ്രതിബിംബത്തെ നോക്കിയവൻ കണ്ണുചിമ്മി.

“പോടാ അവിടുന്ന്…. ”

ജാനുവിൻെറ കവിളുകൾ ചുവന്നു.

“അയ്യടാ എന്താ പെണ്ണിൻെറ നാണം… മതി…

മതി… നാണിച്ചു നിന്ന് നേരം കളയണ്ട…… ”

ജിത്തുവിൻെറ കയ്യും പിടിച്ച് ഇറങ്ങുമ്പോൾ ഹാളിൽ സോഫയിലിരിക്കുന്ന ഹരിദാസിനെ കണ്ടവൾ ഒന്നു പുഞ്ചിരിച്ചു. പ്രതീക്ഷയോടെ അടുത്തു പോയെങ്കിലും മുഖം തിരിച്ചയാൾ അകത്തു കയറി കതകടച്ചു

നിറകണ്ണുകളോടെയവൾ ജിത്തുവിനെ നോക്കി.

ഒന്നുമില്ലായെന്നവൻ കണ്ണു ചിമ്മി കാണിക്കുമ്പോൾ അവൻെറ നെഞ്ചിലും വിങ്ങലായിരുന്നു.

ജിത്തുവും ജാനുവും യാത്ര തിരിക്കുമ്പോൾ കതകിനപ്പുറം നിന്നിരുന്ന ഹരിദാസിൻെറ മിഴികൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു.

*************

“ജാനുവേച്ചി……സുന്ദരി ആയിട്ടുണ്ട്…… ”

കാറിൽ നിന്നിറങ്ങിയ ജാനുവിനെ വരവേറ്റത് അപ്പുവായിരുന്നു.

അവളോടൊപ്പം ബാക്കി പടകളെല്ലാം ഹാജരായിരുന്നു.

“എന്താ ജാനുവേച്ചി ഒന്നും മിണ്ടാതെ നിൽക്കുന്നത്… നാണമാണോ…… ”

ദേവമ്മ ജാനുവിൻെറ തോളിലേക്ക് താടിയൂന്നി നിന്നു.

“നാണിക്കലൊക്കെ അവൻെറ മുന്നിൽ മതി മോളേ…….”

ശില്പയും മേഘയും അവളുടെ ഇടം വലം വളഞ്ഞു.

ജാനുവിന് മാത്രം മനസ്സറിഞ്ഞ് ഒന്നും ആസ്വദിക്കാനായില്ല.

“എത്തിയോ കല്യാണപ്പെണ്ണ്…… ”

പരിചിതമായ ശബ്ദം കേട്ട് ജാനു തിടുക്കപ്പെട്ട് ചുറ്റും നോക്കി. അമ്പലത്തിനകത്തു നിന്നും കുഞ്ഞിനെ എളിയിൽ എടുത്തുകൊണ്ട് ഇറങ്ങി വരുന്ന മീരയെ കണ്ടപ്പോൾ അവളുടെ മുഖമൊന്നു തെളിഞ്ഞു.

പക്ഷെ മീരയുടെ മുഖത്തെ ഗൗരവത്തിൽ അവളുടെ ആ സന്തോഷം അപ്പാടെ കെട്ടണഞ്ഞു.

“ഒടുക്കം എൻെറ അനിയനെ തന്നെ വളച്ചെടുത്തു അല്ലേ.. ”

പുരികം ഉയർത്തി ദേഷ്യത്തോടെയുള്ള മീരയുടെ ചോദ്യത്തിൽ എല്ലാവരും നിശബദരായി.

ജാനുവിൻെറ കണ്ണുകൾ നിറഞ്ഞു തല താണു.

എന്നാൽ അടുത്ത നിമിഷം മീര പൊട്ടിച്ചിരിക്കാൻ തുടങ്ങി. ആ ചിരി പതിയെ ഓരോരുത്തരിലേക്ക് പടർന്നു പിടിച്ചു. ജാനു മാത്രം ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു.

“നിൻെറ ഈ തൊട്ടാവാടി സ്വഭാവം ഇതുവരെ മാറിയില്ലേ പെണ്ണേ…. കഷ്ടം തന്നെ….

ആരെങ്കിലും എന്തെങ്കിലും പറയാൻ നോക്കി നിക്കാ പെണ്ണ് ചന്ദനമഴയിലെ അമൃത കളിക്കാൻ…

ഇങ്ങനെ ഒരു കഴുത….

ജാനുവിൻെറ തലക്കിട്ടൊരു കിഴുക്ക് കൊടുത്തവൾ പറഞ്ഞതും അറിയാതെ തന്നെ ജാനു ചിരിച്ചു പോയി.

“ഒർജിനാലിറ്റി സ്വല്പം കുറക്കാമായിരുന്നു മീരെ…

ഒരിത്തിരി…. ”

കളിയാക്കും പോലെ പറഞ്ഞുകൊണ്ട് ജിത്തു ജാനുവിനെ ചേർത്തു പിടിച്ചു.

“നീ പോടാ ചെക്കാ……. ”

“നിങ്ങൾ അവൾക്കിത്തിരി സ്വൈര്യം കൊടുക്കോ….. ”

അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിക്കൊണ്ട് ശിവ രോഷാകുലനായി.

“നീ വാ ജാനു.. അവിടെ ഒരുത്തന് കെട്ടാൻ മുട്ടി നിൽക്കാ…. ”

ശിവ വല്യേ ആളായി അവളുടെ കൈ പിടിച്ചു വലിച്ചു നടന്നു.

എല്ലാവരും അമ്പലത്തിലേക്ക് കയറുമ്പോൾ അപ്പു ജിത്തുവിൻെറ കയ്യിൽ പിടുത്തമിട്ടു. അവൻെറ തോളോടു ചേർന്നവൾ കുറുമ്പോടെ ചിരിച്ചു.

“മ്…. എന്താ….. ”

അവനിത്തിരി ഗൗരവത്തിൽ ചോദിച്ചു.

“സുന്ദരനായിട്ടുണ്ട്……. ”

“അതിന്…… ”

അവനപ്പോഴും ഗൗരവം വിട്ടില്ല.

“അതിന് കുന്തം…. ബ്ലാ……. ”

അവനെ കടുപ്പിച്ചൊന്ന് നോക്കിയവൾ കൈ വിട്ടു നടന്നതും അവൻ അവളെ പിടിച്ചു വലിച്ചവനോടു ചേർത്തു.

“എൻെറ അപ്പുക്കുട്ടനും സുന്ദരിയായിട്ടുണ്ട്….. ”

ഇടതു കാതിലേക്കേറ്റ അവൻെറ ചുടുശ്വാസം അവളെ പുളകിതയാക്കി. നാണത്താൽ ചുവന്ന അവളുടെ കവിളിണയെ തഴുകി ആ കരം കവർന്നവൻ അവൾക്കൊപ്പം ചുവടു വച്ചു.

അമ്പലനടയിൽ സർവ്വ ഐശ്വര്യവും തുളുമ്പി നിൽക്കുന്ന ശിവപാർവ്വതിമാരെ തൊഴുതു നിൽക്കുമ്പോൾ മനുവിനൊപ്പം ജാനുവും ജിത്തുവിനൊപ്പം അപ്പുവും ശിവക്കൊപ്പം ദേവമ്മയും ചേർന്നു നിന്നു.

പൂജാരി നൽകിയ മഞ്ഞച്ചരടിൽ കൊരുത്ത പൊൻതാലി മനുവിൻെറ കരങ്ങളാൽ ഏറ്റുവാങ്ങുമ്പോൾ ജാനുവിൻെറ കണ്ണുകളും മനസ്സും ഒരുപോലെ നിറഞ്ഞു. പെരുവിരലിൽ ഒരു നുള്ള് കുങ്കുമം അവളുടെ സീമന്തരേഖയിൽ തൊടുവിച്ച് അവനാ വിരിനെറ്റിയിലൊന്നു മുത്തി.

ആ ദൃശ്യം കൺകുളിരെ കാണുമ്പോൾ മാധവിയുടേയും കൃഷ്ണൻെറയും ഹൃദയങ്ങൾ 27 വർഷം പുറകിലേക്കു സഞ്ചരിച്ചു. ഇതേ നടയിൽ നിന്നും കൈപിടിച്ചിറങ്ങിയ രംഗം മനസ്സിൽ തെളിയവെ മാധവിയുടെ കരങ്ങൾ അവരുടെ കണ്ണൻെറ കരങ്ങളെ പുൽകിയിരുന്നു.

സുമംഗലിയായി നിൽക്കുന്ന ജാനുവിനെ കാൺകേ ജിത്തുവിൻെറ കണ്ണുകളിൽ സന്തോഷത്തിൻെറ നീർക്കണങ്ങൾ ഉരുണ്ടു കൂടി. ഇനി തനിക്ക് അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും അവൾ ഉണ്ടാവുകയില്ല എന്ന യാഥാർധ്യം അവനെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

അവനിലെ നോവ് തിരിച്ചറിഞ്ഞപോൽ അപ്പു അവൻെറ കയ്യിൽ കൈ ചേർത്ത് കണ്ണു ചിമ്മി കാണിച്ചു. അവളിലെ പുഞ്ചിരി അവനിലേക്കവൾ പകർന്നു നൽകി.

“കണ്ട് പഠിച്ചോ…… ”

അപ്പു ജിത്തുവിൻെറ കാതിൽ അടക്കം പറഞ്ഞു.

“കണ്ട് പഠിക്കില്ല… എന്തേ…. ”

അവൻ ചുണ്ടു കോട്ടി തല തിരിച്ചു.

“ങ്ഹും… ദുഷ്ടൻ… എന്തൊരു പോസാ….

വല്യേ പത്രാസുകാരൻ വന്നേക്കണു….. ”

പിറുപിറുത്തുകൊണ്ടവൾ കയ്യും കെട്ടി നിന്നു.

ചുണ്ടു കൂർപ്പിച്ചുള്ള അവളുടെ നില്പ് കണ്ട് ഉള്ളിൽ ചിരിക്കുകയായിരുന്നു ജിത്തു.

അമ്പലത്തിലെ ചടങ്ങുകളൊക്കെ അവസാനിപ്പിച്ച് എല്ലാവരും ഒരുമിച്ച് മനുവിൻെറ വീട്ടിലേക്കു യാത്ര തിരിച്ചു…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)