കഴിഞ്ഞ 7 വർഷം കൊണ്ട് നാല് പ്രസവം, അതും ഓപ്പറേഷൻ, നിനക്ക് മതിയായില്ലേ സൗദാ….

രചന : Muhammed Kutty

പകരം..

**********

“ഡോക്ടറേ, ഇനിയെനിക്ക് പ്രസവിക്കാൻ പറ്റില്ലേ?”

നാലാമത്തെ കുഞ്ഞും പെൺകുട്ടിയാണെന്ന് പറയുമ്പോൾ, അനസ്തേഷ്യയുടെ പാതി മയക്കത്തിലും അടുത്ത ഗർഭത്തെ കുറിച്ചായിരുന്നു സൗദയുടെ ചിന്ത.

ഗർഭപാത്രം അടുത്തുള്ള മൂത്രസഞ്ചിയിലും വൻ കുടലിലും ഒട്ടിപ്പിടിച്ചത് കഷ്ടപ്പെട്ട് മാറ്റിയെടുക്കുമ്പോഴാണ് ഡോ. മിനി അവളുടെ ശബ്ദം കേട്ടത്.

“കഴിഞ്ഞ ഏഴ് വർഷം കൊണ്ട് നാല് പ്രസവം,

അതും ഓപ്പറേഷൻ, നിനക്ക് മതിയായില്ലേ സൗദാ?”

ഡോക്ടറുടെ സ്നേഹവും വാത്സല്യവും ദേഷ്യവും കൂടിക്കലർന്നുള്ള ചോദ്യം കേട്ടപ്പോഴും സൗദക്ക് അധികമൊന്നും പറയാൻ ഉണ്ടായിരുന്നില്ല.

“ഇനി കുട്ട്യോള് വേണ്ടാന്ന് ഞാൻ മാത്രം തീരുമാനിച്ചാൽ പോരല്ലോ ഡോക്ടറേ. ഇപ്രാവശ്യങ്കിലും ആങ്കുട്ട്യായിരുന്നെങ്കിൽ, മൂപ്പരോട് അതെങ്കിലും പറയാർന്നു.”

അവളുടെ വാക്കുകൾ ഓപ്പറേഷൻ തീയേറ്ററിലെ എല്ലാവരെയും സങ്കടപ്പെടുത്തി.

പടച്ചോൻ തരുന്നത് നമ്മള് പടപ്പുകൾ തടയാൻ പാടില്ലാ എന്ന ചിന്താഗതിക്കാരനായിരുന്നു സൗദയുടെ ഭർത്താവ്.

ഗർഭ നിരോധന മാ^ർഗങ്ങൾ സ്വീകരിക്കാനൊന്നും അയാൾ തയ്യാറല്ലായിരുന്നു.

ആദ്യ മൂന്ന് സിസേറിയൻ കഴിഞ്ഞപ്പോഴും ഡോക്ടർ അയാളോട് അടുത്ത ഗർഭത്തിന്റെ സങ്കീർണതകളും ബുദ്ധിമുട്ടുകളും പറയുകയും ചെയ്തിരുന്നു.

പക്ഷേ കൃത്യം ഒരു വർഷം ആയപ്പോഴേക്കും അടുത്ത ഗർഭവുമായി സൗദയും ഭർത്താവും ഡോ. മിനിയുടെ മുന്നിലെത്തി.

കുഞ്ഞിനെ ഗർഭപാത്രത്തിൽ നിന്നെടുത്ത്, മറുപിള്ള നീക്കിയപ്പോഴാണ് ഡോക്ടർ അത് ശ്രദ്ധിച്ചത്…

ഗർഭപാത്രം ചുരുങ്ങുന്നില്ല.

കല്ല് പോലെ കട്ടിയായി നിൽക്കേണ്ടതിന് പകരം പഞ്ഞിക്കെട്ട് പോലെ നിൽക്കുന്ന ഗർഭപാത്രം. കൂടുതൽ നേരം അങ്ങനെ നിന്നാൽ അത് രക്തസ്രാവത്തിലാണ് അവസാനിക്കുക.

അനസ്‌തേഷ്യ ഡോക്ടർ ഗർഭപാത്രം ചുരുങ്ങാനുള്ള മരുന്നുകൾ നൽകുന്നുണ്ട്.

‘ഇനി എന്നെ കൊണ്ട് ഒരു ഗർഭം കൂടി പറ്റില്ല’

എന്ന് പറയും പോലെ ഗർഭപാത്രം അതേ അവസ്ഥയിലാണ്.

രക്തസ്രാവം തുടങ്ങിയിട്ടുണ്ട്.

രക്തസമ്മർദം കുറയുന്നുണ്ട്..

ഹൃദയ മിടിപ്പ് കൂടുന്നുണ്ട്..

ഇനി ചെയ്യാനുള്ളത് ഗർഭപാത്രത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികൾ നൂല് കൊണ്ട് കെട്ടി,

അവിടേക്ക് രക്തം എത്തുന്നത് തടയുക എന്നതാണ്. അതോടൊപ്പം സൗദക്ക് നഷ്ടപ്പെട്ടു പോയ രക്തം ഉടനടി നൽകേണ്ടതുമുണ്ട്.

അടിയന്തിരമായി ബ്ലഡ് ബാങ്കിൽ നിന്നും രക്തം എത്തിക്കാനുള്ള നിർദേശം നൽകി.

രക്ത ധമനികൾ കെട്ടിയിട്ടും, കൂടുതൽ മരുന്നുകളും രക്തവും നൽകിയിട്ടും ഗർഭപാത്രം ചുരുങ്ങുകയോ രക്തസ്രാവം കുറയുകയോ ചെയ്യുന്നില്ല.

ഇനി അവസാന മാർഗം ഗർഭപാത്രം എടുത്ത് കളയുക എന്നതാണ്.

ഭർത്താവിന്റെ ആൺകുട്ടി എന്ന നിർബന്ധത്തിന് വേണ്ടി അടുത്ത ഗർഭത്തെ പറ്റി വേവലാതി കൊള്ളുന്ന സൗദയോട് ആദ്യം കാര്യം പറയണം.

ശേഷം ബന്ധുക്കളോട് സംസാരിക്കണം

അവരുടെ സമ്മതം വാങ്ങണം.

സൗദാ..

ഉം..

ബ്ലീഡിംഗ് ഉണ്ട്, അത് കൊണ്ട് ഗർഭപാത്രം സർജറി ചെയ്ത് എടുത്ത് കളയേണ്ടി വരും..

അപ്പോ ഇനി പ്രസവിക്കാൻ പറ്റില്ലേ?

ഇല്ല, ജീവൻ രക്ഷിക്കണേൽ അത് ചെയ്തേ പറ്റൂ..

അൽഹംദുലില്ലാഹ്..

ഇനിയെനിക്ക് പ്രസവിക്കണ്ടല്ലോ ല്ലേ ഡോക്ടറേ..

അവളുടെ മുഖത്ത് സന്തോഷവും സമാധാനവും,

ആരൊടൊക്കെയോ ഉള്ള പകവീട്ടലും ഒരേ നിമിഷം വിരിഞ്ഞു.

ഡോ. മിനി ആദ്യമൊന്ന് അമ്പരന്നു, പിന്നെ അവളിലെ അവളെ മനസ്സിലാക്കാൻ ഡോക്ടർക്ക് വേഗം സാധിച്ചു.

ഓപ്പറേഷൻ തീയേറ്ററിന്റെ പുറത്ത് വന്ന് ഡോ.

മിനി കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തപ്പോൾ,

സൗദയുടെ ഭർത്താവിന്റെ മുഖത്ത് ആരോടൊന്നില്ലാത്ത ദേഷ്യമായിരുന്നു.

“നിങ്ങൾ എന്ത് വേണേലും ചെയ്യ്”

അയാൾ തെല്ല് ദേഷ്യത്തോടെ സമ്മതപത്രത്തിൽ ഒപ്പിട്ടു.

സർജറി കഴിഞ്ഞ്,

ഐ സി യുവിലേക്ക് മാറ്റി,

ബന്ധുക്കളെ കാണാൻ വിളിച്ചപ്പോൾ,

അയാളെ മാത്രം അവിടെ കണ്ടില്ല.

വയസ്സായ അവളുടെ ഉപ്പയും ഉമ്മയും മാത്രമേ ആ നീളൻ വരാന്തയിൽ ബാക്കിയുണ്ടായിരുന്നുള്ളൂ.

ഡിസ്ചാർജ് ചെയ്യുന്നത് വരെ അയാൾ പിന്നെ സൗദയെ കാണാനേ വന്നില്ല.

വീട്ടിലേക്ക് പോകുന്ന ദിവസം സൗദ ഡോ. മിനിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

ഇക്കാക്ക് എന്നോട് വെറുപ്പാണ്,

എന്നെയും മോളേയും കാണാൻ പോലും വന്നില്ലല്ലോ ഡോക്ടറേ..

“എല്ലാം ശരിയാകും മോളെ” എന്ന വെറും വാക്ക് പറയാൻ മാത്രമേ ഡോക്ടർക്ക് കഴിഞ്ഞുള്ളു

ആറ് മാസങ്ങൾക്ക് ശേഷം തന്റെ കൺസൾട്ടിംഗ് റൂമിൽ വെച്ചാണ് ഡോ. മിനി വീണ്ടും സൗദയുടെ ഭർത്താവിനെ കാണുന്നത്, കൂടെ പുതുക്കം മാറാത്ത ഒരു പെൺകുട്ടിയും..

ഡോക്ടറേ, ഇത് സുഹറ, ഞാൻ രണ്ടാമത് കെട്ടീതാ, ഓൾക്ക് ഗർഭം ണ്ടോന്ന് സംശയണ്ട്..

ഡോ. മിനി ഞെട്ടലോടെ അയാളുടെ വാക്കുകൾ കേട്ടു.

മറ്റോൾക്ക് പെണ്ണിനെ പെറാനേ അറിയൂ, ഇതാങ്കുട്ട്യാരിക്കും, ഒറപ്പാ..

അപ്പോ സൗദ?

ഓളെ ഞാൻ വേണ്ടാന്ന് വെച്ച്, മരിക്ക്ണ നേരത്ത് തലാക്കാം പുറത്ത് ഇരുന്ന് കരയും ന്നല്ലാണ്ട് പെങ്കുട്ട്യോൾ ണ്ടായിട്ട് ന്താ കാര്യം.. വയസ്സ് കാലത്ത് നാല് നേരം തിന്നണെങ്കി നയിക്കാൻ പോണ ആണ്മക്കള് മാണം.

അയാൾ ഡോ. മിനിയുടെ മുഖത്തേക്ക് നോക്കി.

ഡോക്ടർ ഇവളെയൊന്ന് പരിശോധിക്കി, ഇത് ഉറപ്പായിട്ടും ആങ്കുട്ടി തന്നേയ്രിക്കും..

ഡോ. മിനി ഒരു കവിൾ വെള്ളം കുടിച്ചു. അയാളോടുള്ള അമർഷങ്ങളൊക്കെയും ഉള്ളിൽ തിങ്ങി ഞെരുങ്ങി നിന്നു.

വാരിയെല്ലിന്റെ എണ്ണങ്ങൾ കൂടും, പേര് മാറി മാറി വരും..

സൗദ, സുഹ്‌റ…

ഒരു നെടുവീർപ്പോടെ ഡോക്ടർ അവളെ പരിശോധിക്കാൻ തുടങ്ങി..

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Muhammed Kutty