മോളേ പുതിയ വീടും അന്തരീക്ഷവുമാണ് .. നീ പരമാവധി അഡ്ജസ്റ്റ് ചെയ്തോളണം….

രചന : ശ്രീധർ.ആർ. എൻ

സ്നേഹ വീട്ടിലെ പൊൻതാരകങ്ങൾ …….

**************

“മോളേ പുതിയ വീടും അന്തരീക്ഷവുമാണ് .. നീ പരമാവധി അഡ്ജസ്റ്റ് ചെയ്തോളണം. നമ്മൾ ഇതുവരെ കഴിഞ്ഞതു പോലല്ല … അവിടെ കുറേ ആൾക്കാരുണ്ട്. എല്ലാവരോടും നല്ല രീതിയിൽ നിൽക്കണം. ”

അച്ഛന്റെ വാക്കുകൾ വീണയുടെ കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. യാത്ര പറയുമ്പോൾ അച്ഛന്റെ നിറമിഴികളിൽ നോക്കാൻ അവൾക്ക് ത്രാണിയില്ലായിരുന്നു.

സന്ദീപിന്റെ കൈയ്യിൽ കോർത്തു പിടിച്ച വീണയുടെ ഉള്ളംകൈ കാറിന്റെ എ സി യിലും വിയർക്കുന്ന പോലെ തോന്നി ….

താനും അച്ഛനും മാത്രമായിരുന്നു ഇത്രയും കാലം വീണയുടെ ലോകം … അമ്മയുടെ വേർപാടിനു ശേഷം അച്ഛൻ ജീവിച്ചതു തന്നെ തനിക്കു വേണ്ടിയായിരുന്നു… വിവാഹാലോചനകൾ പലതും വന്നെങ്കിലും ഒന്നും ശരിയായില്ല. ഒടുവിൽ ദൂരം കുറച്ച് അധികമുണ്ടെങ്കിലും സന്ദീപുമായുള്ള ഈ ബന്ധം അച്ഛൻ അൽപം വിഷമത്തോടെയാണ് ഉറപ്പിച്ചത്.

” വീണേ എന്താ ഒരു വിഷമം പോലെ….”

അവളുടെ കൈപ്പത്തിയിൽ വിരലോടിച്ച് കൊണ്ട് സന്ദീപ് ചോദിച്ചു….

മറുപടിയായി അവളൊന്നു ചിരിച്ചു.

പുറം കാഴ്ചകൾ പിന്നിലേക്ക് മറയുന്നത് നോക്കിയിരുന്ന വീണയുടെ മാനസവും പുറകോട്ട് ഒഴുകി.

അമ്മയുടെ മരണ ശേഷം ഒറ്റപ്പെട്ട അച്ഛൻ…

തന്റെ പഠനാവശ്യങ്ങൾക്കായി നാട്ടിലെ വീട് വിറ്റ് സിറ്റിയിൽ ഒരു ഫ്ലാറ്റ് വാങ്ങി അവിടെ താമസം തുടങ്ങി..

ഇപ്പോൾ അവിടെ അച്ഛൻ തനിച്ച്…..

ഓർക്കും തോറും വീണയുടെ മനസ്സ് ഉരുകാൻ തുടങ്ങി..

കാർ വീട്ടുമുറ്റത്ത് നിന്നു …

പഴയ നാലുകെട്ടിനെ വെല്ലുന്ന വീട് …. അമ്മ ആരതിയുഴിഞ്ഞ് അവരെ സ്വീകരിച്ചു.

മൂന്ന് സഹോദരൻമാരാണ് സന്ദീപിന് … രണ്ട് ഏട്ടൻമാരും ഒരനിയനും. …

ഏട്ടൻമാരുടെ വിവാഹം കഴിഞ്ഞ് കുട്ടികളായി …

എല്ലാവരും ഒരുമിച്ചാണ് താമസം

നിറയെ അംഗങ്ങളുള്ള വീട് ….

വീണയുടെ സ്വപ്നമായിരുന്നു അത്.

“മോളേ എന്താവശ്യം ഉണ്ടേലും പറയണേ… ”

അമ്മ അവളുടെ തലമുടിയിൽ തഴുകി പറഞ്ഞു..

എല്ലാവരും സ്നേഹമുള്ളവർ….

അച്ഛന്റെയും അമ്മയുടേയും സ്നേഹം, ഏട്ടൻമാരുടേയും ഏട്ടത്തി മാരുേടേയും കരുതൽ ,അനിയന്റെയും കുട്ടികളുടേയും കുറുമ്പ് ഒപ്പം സന്ദീപിന്റെ സ്നേഹവും…

ശരിക്കും അവൾക്ക് അവിടെ ഒരു സ്വർഗമായിരുന്നു.

പക്ഷെ അച്ഛന്റെ മുഖം…..

അവളുടെ മനസ്സിനെ ഉലച്ചിരുന്നു…. മനസ്സ് വിഷമിക്കുമ്പോൾ അവൾ അവരുടെ മുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കും ….

ചെറിയപാടവും അപ്പുറത്ത് ഒരു വീടും അവൾ കാണാറുണ്ട്. ആ വീട് കാണുമ്പോൾ അവൾക്ക് അച്ഛന്റെ ഓർമ്മകൾ വരും.

അച്ഛന്റെ മനസ്സിലുള്ള വീട് ….പക്ഷെ അവിടെ ആരേയും കാണാറില്ല. ….

“വീണേ … ഉറങ്ങണ്ടേ…? നാളെ നിന്റെ വീട്ടിൽ പോകേണ്ട ദിവസമല്ലേ …. എല്ലാവരും വരുന്നുണ്ട്.

നിനക്ക് സന്തോഷമായില്ലേ …? ”

സന്ദീപ് അവളെ ചേ_ർത്തു നിർത്തി…. നിലാവിന്റെ നേർത്ത പ്രകാശം അവരെ ഒന്നായി തീർത്തു….

മൂന്നു കാറുകൾ അവരുടെ ഫ്ലാറ്റിന്റെ പാർക്കിങ്ങ് ഏരിയയിൽ നിന്നു. …

അച്ഛൻ അവരെ സ്വീകരിച്ചു …. അച്ഛൻ ആകെ ക്ഷീണിച്ചിരിക്കുന്നു … വീണ അച്ഛന്റെ അവസ്ഥയിൽ ശരിക്കും വിഷണ്ണയായിരുന്നു.

പോകാനിറങ്ങുമ്പോൾ അവളുടെ മനസ്സ് വേദനിച്ചു.

സന്ദീപ് വലിയ ഒന്നു രണ്ട് പെട്ടികൾ വണ്ടിയിൽ വെച്ചു.

സന്ദീപും വീണയും കാറിൽ കയറി…. നീറുന്ന മനമോടെ വീണ പുറം കാഴ്ചകളിൽ മുഴുകി.

പരിചിതമല്ലാത്ത സ്ഥലത്ത് കാർ നിന്നു. പുറകിലായി മറ്റു വണ്ടികളും…

വീണയ്ക്ക് ഈ വീട് എവിടെയോ കണ്ടതു പോലെ

അതെ.. തന്റെ ജാലകത്തിലൂടെ കാണുന്ന വീട്

തങ്ങളുടെ വീട് അവിടുന്ന് വ്യക്തമായിക്കാണാം.

പുറകിലെ കാറിൽ നിന്നും സന്ദീപിന്റെ അച്ഛന്റെ കൂടെ തന്റെ അച്ഛൻ ഇറങ്ങുന്നത് കണ്ട വീണ അമ്പരന്നു.

സന്ദീപിന്റെ അച്ഛൻ വീണയെ അടുത്ത് വിളിച്ചു..

അച്ഛനെ പിരിഞ്ഞ മോളുടെ വിഷമം ഞങ്ങൾക്കറിയാം…. ഈ വിവാഹാലോചന ഉറപ്പിച്ചപ്പോൾ ഞങ്ങൾ എടുത്ത തീരുമാനമാ ഇത്..

ഇനി മുതൽ മോളും സന്ദീപും ഇവിടെ താമസിക്കും ഒപ്പം മോളുടെ അച്ഛനും …

സ്നേഹവീട് ….. വീണ വീടിന്റെ പേര് ശ്രദ്ധിച്ചു.

അതെ ശരിക്കും സ്നേഹവീട്ടിലെ പൊൻതാരകങ്ങൾ തനിക്കായി നൽകിയ സമ്മാനം ….

ആകാശത്ത് അമ്മ നക്ഷത്രം കൺചിമ്മി അവരുടെ സന്തോഷത്തിൽ ഒത്തു ചേർന്നു

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശ്രീധർ.ആർ. എൻ

Scroll to Top