സ്ത്രീയുടെ വേഷമണിഞ്ഞു തന്റെ മുന്നിൽ വന്നു നിൽക്കുന്നത് സ്വന്തം ചേട്ടനാണെന്ന്..

രചന : fasna salam

അവളൊരു സ്ത്രീ..

******************

ഓണക്കോടിയെടുക്കാൻ വേണ്ടി ലക്ഷ്മിയെയും മക്കളെയും കൂട്ടി ടൗണിലുള്ള ഒരു തുണി ഷോപ്പിൽ പോയതായിരുന്നു ഞങ്ങൾ..

എനിക്കും ലക്ഷ്മിക്കും എടുത്തു മക്കൾക്കെടുക്കാൻ വേണ്ടി കിഡ്സ്‌ സെക്ഷനിൽ കയറിയതായിരുന്നു..

അവിടെ സെയിൽസ് ഗേൾസിന്റെ കൂട്ടത്തിൽ വെച്ചായിരുന്നു അവരെ കണ്ടത്..

മിനുക്കമുള്ളൊരു ഇളം റോസ് സാരിയായിരുന്നു അവർ ധരിച്ചത്…

ചുണ്ടിൽ നിറയെ ലിപ്സ്റ്റിക്കും കഴുത്തിൽ കല്ലു വെച്ചൊരു മാലയും കൈ നിറയെ വളകളുമിട്ട അവരെ ഒറ്റ നോട്ടത്തിൽ കണ്ടപ്പോൾ എനിക്കെന്തോ ആസ്വഭാവികത തോന്നി..

ലക്ഷ്മി കണ്ട പാടെ.. ലച്ചൂ ന്നു വിളിച്ചു കൊണ്ടവർ ഓടി വന്നു..

ലക്ഷ്മി ആദ്യം ഒന്നു പകച്ചു നിന്നു .. പിന്നെ ദേഷ്യത്തോടെ കണ്ണു കുറുകി വരുന്നത് കണ്ടു..

അപ്പു മോനെ വാരിയെടുത്തു കൊണ്ടവർ കവിളിൽ ഉമ്മ വെച്ചു..

‘ഇതു രണ്ടും നിന്റെ മക്കളാണോ..എന്താ മോൾടെ പേര്..’..

അമ്മൂട്ടി യെ നോക്കി കൊണ്ടവർ ചോദിച്ചു..

ലക്ഷ്മി വേഗം മോനെ അവരുടെ അടുത്തു നിന്നും വാങ്ങി..

‘ഇത്രയും കാലം ഞങ്ങളെ ഉപദ്രവിച്ചത് മതിയായില്ലേ ..നിങ്ങൾ കാരണം ഞാനും അച്ഛനും അമ്മയുമൊക്കെ എത്ര നാണം കെട്ടു..കോലം കെട്ടി വന്നിരിക്കുന്നു..നാണമില്ലേ..ശ്ശെ ‘

അവർ മറുത്തൊരക്ഷരം മിണ്ടാതെ താഴേക്കും നോക്കി നിന്നപ്പോൾ പാവം തോന്നി..

അപ്പോഴേക്കും ബഹളം കേട്ട് കടയുടെ ഓണർ ഉൾപ്പെടെ ചെറിയൊരു ആൾക്കൂട്ടം അവിടെ രൂപപ്പെട്ടിരുന്നു..

അതു കണ്ട ഞാൻ ലക്ഷ്മിയെ അടക്കാൻ ശ്രമിച്ചു

അവൾ ദേഷ്യത്തോടെ അപ്പുവിന്റെ കൈ പിടിച്ചോണ്ട് പുറത്തേക്ക് പോയി..

എടുത്ത ഡ്രസ്സ്ന്റെ ബില്ലടക്കാൻ വേണ്ടി ഞാൻ ക്യാഷ് കൌണ്ടറിലേക്ക് പോയി..

അവളും മക്കളും എന്നെയും കാത്തു പുറത്തു വാതിൽക്കലിൽ നിൽക്കുന്നുണ്ടായിരുന്നു..

എന്റെ കണ്ണുകൾ അപ്പോഴും അവരെ തിരഞ്ഞു ..

ബില്ല് പേ ചെയ്തു പോവാനൊരുങ്ങുമ്പോഴും അവരെ തിരിഞ്ഞു നോക്കാൻ മറന്നില്ല..

എന്റെ നോട്ടം കണ്ടതോടെ വേദന കലർന്നൊരു ചിരി എനിക്ക് നൽകി..

വീട്ടിലെത്തിയപ്പോഴും എന്റെ ചോദ്യം ഭയന്നു കൊണ്ടവൾ ഒഴിഞ്ഞു മാറി നടക്കായിരുന്നു..

ഞാൻ പിടിച്ചു നിർത്തി നിർബന്ധിച്ചപ്പോൾ അവൾ കാര്യങ്ങൾ പറയാൻ തുടങ്ങി..

നാലു വയസ്സിൽ തുടങ്ങിയ അവളുടെ ഒരേയൊരു ചേട്ടന്റെ സ്‌ത്രയ്ണ സ്വഭാവങ്ങൾ..

അവരുടെ അയല്പക്കത്ത്‌ കുറെ ആൺകുട്ടികളുണ്ടങ്കിലും..

പെൺകുട്ടികൾക്കൊപ്പം കളിക്കാനായിരുന്നു ചേട്ടൻ ഇഷ്ടപ്പെട്ടത്..

അവൾക്കൊപ്പം കൂടി അലമാരയിലുള്ള അമ്മയുടെ സാരി എടുക്കാ..

പൊട്ടു കുത്താ കണ്മഷിയിടുക.. ഇതൊക്കയായിരുന്നു ചേട്ടന്റ ഇഷ്ടങ്ങൾ..

എല്ലാം ശ്രദ്ധിക്കുന്ന അച്ഛനും അമ്മയും ചേട്ടനെ വഴക്കു പറയാനൊന്നും പോയില്ല..

അതൊക്ക ചെറിയ പ്രായത്തിലുള്ള കുസൃതിയായി കണ്ടു

വീട്ടിൽ കളിക്കാൻ ആരും ഇല്ലാത്തതു കൊണ്ടു അവളും ചേട്ടനൊപ്പം തുള്ളി..

ഫാൻസിയിൽ പോയി പൊട്ടും കണ്മഷിയും കുപ്പിവളയുമൊക്കെ വാങ്ങാൻ.. അവളെക്കാൾ ഉത്സാഹം ചേട്ടനായിരുന്നു..

പതിയെ പതിയെ അനിയത്തിടെ പട്ടു പാവാടയും ഉടുപ്പും ഇട്ടു അയല്പക്കത്തൂടെ നടക്കാൻ തുടങ്ങി..

ആദ്യമൊന്നും ആളുകൾ ഗൗനിച്ചില്ലങ്കിലും പിന്നെ ചേട്ടനിലുള്ള മാറ്റങ്ങൾ അവർ ശ്രദ്ധിക്കാൻ തുടങ്ങി..

അവനെ കാണുമ്പോഴേക്കും ചാന്തു പൊട്ടെന്നു വിളിച്ചു കൂവി ..

അപ്പോഴാണ് മകന്റെ മാറ്റങ്ങൾ അച്ഛനും അമ്മയും ശരിക്കും ശ്രദ്ധിച്ചു തുടങ്ങിയത്..

അന്ന് തൊട്ടാണ് അവർ ചേട്ടനെ ഉപദ്രവിച്ചു തുടങ്ങിയത്..

ഒരൂസം അമ്മ കാണാതെ കണ്മഷി എടുത്തു കണ്ണു വരച്ചപ്പോൾ റൂമിൽ പൂട്ടിയിട്ട് കണക്കിന് തല്ലി..

രണ്ടു ദിവസം പട്ടിണിക്കിട്ടു..എന്തിനാണ് ഇത്രയും ക്രൂരത തന്റെ ചേട്ടനോട് ചെയ്യുന്നതെന്ന് ലക്ഷ്മി പലപ്പോഴും ചിന്തിച്ചു..

അമ്മ കാണാതെ റൂം തുറന്നു കൊണ്ടവൾ ചേട്ടനു ഭക്ഷണം കൊടുത്തു..

കാലിലും പുറത്തുമൊക്ക അടിയുടെ ചുവന്ന പാടുകൾ കണ്ടപ്പോൾ അവളുടെ നെഞ്ചു പിടഞ്ഞു ..

മുറിവിനുള്ള ഓയിൽമെന്റ് എടുത്തു കൊണ്ടു അവിടയെല്ലാം പുരട്ടി കൊടുത്തു..

വലിയ മാറ്റങ്ങളൊന്നും ചേട്ടനിൽ കാണാതെയായപ്പോൾ ആരോ പറയുന്നത് കേട്ടവർ ചേട്ടനെ കൌൺസിലിംഗിനു കൊണ്ടു പോയി..

അതിനു പുറമെ അമ്മ വഴി പാടും നേർച്ചയും മുടക്കാതെ ചെയ്തു …

അതെ തുടർന്നു ചില മാറ്റങ്ങൾ ചേട്ടനിൽ കണ്ടു തുടങ്ങി..അതിലേറ്റവും കൂടുതൽ സന്തോഷിച്ചത് അച്ഛനും അമ്മയും ആയിരുന്നു..

ആൺകുട്ടികൾക്കൊപ്പം ചേട്ടൻ കൂട്ടു കൂടാൻ തുടങ്ങി..അവരോടൊപ്പം ക്രിക്കറ്റ്‌ കളിക്കാനും ഫുട്ബോൾ കളിക്കാനും തുടങ്ങി..

പരിഹാസത്തിനും മുറുമുറുപ്പിനും കുറവൊന്നുമില്ലെങ്കിലും അതൊന്നും ചേട്ടൻ വക വെച്ചില്ല..

വീട്ടിൽ പഴയ സന്തോഷം തിരിച്ചു വന്നതോർത്തു അവളും ഒരുപാട് സന്തോഷിച്ചു..

ഹൈ സ്കൂൾ പഠനം കഴിഞ്ഞു കോളേജിലെത്തിയപ്പോഴാണ് ലക്ഷ്മി ഈ കമ്മ്യൂണിറ്റിയെ കുറിച്ചു കൂടുതൽ അറിഞ്ഞത്..

ട്രാൻസ്ജെൻഡേഴ്സിനേ കുറിച്ച് കൂടുതൽ റിസർച്ച് ചെയ്യാൻ തുടങ്ങിയത്..

അതറിഞ്ഞപ്പോ തൊട്ടവൾ ചേട്ടനെ പ്രേതേകം ശ്രദ്ധിക്കാൻ തുടങ്ങി..

അവളും ചേട്ടനും ഒരേ കോളേജിലായിരുന്നു

ചെറുപ്പം മുതലേ അവൾ ഡാൻസ് പഠിക്കാൻ പോയിരുന്നു..

കോളേജിൽ ആർട്സ് ഫെസ്റ്റിന്റെ സമയത്ത് ചേട്ടന്റെ നിർബന്ധ പ്രകാരമാണവൾ മോഹിനിയാട്ടത്തിനു കൂടിയത്..

അതിനു ശേഷം അവിടെയുള്ളൊരു ഡാൻസ് ടീച്ചർ ടെ അടുത്തു കൊണ്ടു പോയി ചേർത്തതും ചേട്ടൻ തന്നെയായിരുന്നു

ആർട്സ് അടുക്കും തോറും രാത്രിയിലും പ്രാക്ടീസ് തുടങ്ങി..

അവൾ മടി പിടിച്ചു നിൽക്കുമ്പോഴൊക്കെ ഉറക്കമൊഴിച്ചു കൂട്ടിരിക്കാൻ ചേട്ടനും ഉണ്ടായിരുന്നു..

ഒരു ദിവസം അച്ഛനും അമ്മയും ഉറങ്ങിയ സമയത്ത്.. ചേട്ടനും അവൾക്കൊപ്പം നൃത്തം ചെയ്തു തുടങ്ങി..

ചേട്ടനിലുള്ള ആ പഴയ സ്ത്രയിണ ഭാവം വിരിയുന്നത് കണ്ടവൾ ഭയപ്പാടോടെ നോക്കി..

അതിനു ശേഷമുള്ള ചേട്ടനിലുള്ള ഓരോ മാറ്റവും അവൾക്ക് മാത്രം മനസിലായി തുടങ്ങി..

ഡ്രസ്സടുക്കാൻ വേണ്ടി കടയിൽ കയറുമ്പോ ലേഡീസ് സെക്ഷനിൽ എത്തിയാൽ ഒരു പ്രത്യേക സന്തോഷം ചേട്ടന്റ മുഖത്തു കണ്ടു..

ചുരിദാർ എടുക്കാൻ വേണ്ടിയാണ് പോകുന്നതെങ്കിലും.. അവിടെയുള്ള ഉടുപ്പും സാരിയും വലിച്ചിടീപ്പിച്ചു ആർത്തിയോടെ നോക്കി കൊണ്ടിരുന്നു..

ഒരു ദിവസം ചേട്ടന്റ റൂം പരിശോധിച്ചപ്പോൾ ഒളിപ്പിച്ചു വെച്ച മാലയും കുപ്പി വളയും കൊലുസുമെല്ലാം അടങ്ങിയ ആഭരണ പെട്ടി അവൾ കണ്ടെടുത്തപ്പോൾ ഒരു കാര്യം മനസ്സിലായി..

വീട്ടുകാരെ പേടിച്ചു പുറമെ ആൺ രൂപത്തിൽ നടക്കുന്നുണ്ടങ്കിലും ഉള്ളു കൊണ്ട് ചേട്ടൻ പെണ്ണായി തന്നെ ജീവിക്കുന്നുണ്ടന്ന്..

അത്‌ കൂടുതൽ മനസ്സിലാക്കിയത് ആ ദിവസമായിരുന്നു..

ഒരു ദിവസം രാത്രി ചേട്ടന്റെ റൂമിൽ എന്തോ ശബ്ദം കേട്ടപ്പോൾ അവളെണീറ്റു പോയി നോക്കി

ജനലിലൂടെ ആ കാഴ്ച കണ്ടു..

ചുവന്ന നിറത്തിലുള്ള സാരിയുടുത്തു കൊണ്ട് ലിപ്സ്റ്റിക്കും കണ്മഷിയും കണ്ണാടിയുടെ മുന്നിലിരുന്നു കൊണ്ട് ഇടുന്ന തന്റെ ചേട്ടനെ ..

കണ്ണാടിക്കുള്ളിലൂടെ അവളെ കണ്ടപ്പോൾ തെറ്റുകാരനേ പോലെ താഴേക്കും നോക്കി നിന്നു..

ഉള്ളിലുള്ള വ്യക്തിത്വത്തെ പുറത്തു കൊണ്ടു വരാൻ രാത്രി വരെ ചേട്ടൻ കാത്തിരിക്കായിരുന്നു..

സാരിയുടുത്തും ദാവണിയുടത്തും മുഖത്തു ചായം പുരട്ടിയും ആ രാത്രികളിൽ തന്റെ ആഗ്രഹങ്ങൾ സഫലീകരിച്ചു കൊണ്ടിരുന്നു ..

അന്ന് മുതൽ അവൾ ചേട്ടനിൽ നിന്നു അകലാൻ തുടങ്ങി.. തീരെ മിണ്ടാതെയായി..

അതൊക്ക ചേട്ടനെ വിഷമിപ്പിക്കുന്നുണ്ടന്നു അവൾക്ക് മനസിലായി….

ഡിഗ്രി കഴിഞ്ഞതോടെ ലക്ഷ്മിക്കു വിവാഹാലോചനകൾ വന്നു തുടങ്ങി..

എത്ര നല്ല ആലോചനകൾ വന്നാലും ചേട്ടനുണ്ടാക്കിയ ഈ ചീത്ത പേര് കാരണം എല്ലാം മുടങ്ങി പോയി..

അതറിഞ്ഞ ചേട്ടൻ വീട്ടിൽ നിന്നും മാറി നിൽക്കാമെന്നും ദൂരെ എവിടെലും നിന്നു പഠനം പൂർത്തിയാക്കാമെന്നും പറഞ്ഞു..

ലക്ഷ്മിയുടെ ഭാവി യെ കുറിച്ചോർത്തപ്പോൾ അതാണ്‌ നല്ലതെന്നു അച്ഛനും അമ്മയ്ക്കും തോന്നി..

പിന്നെ നാലു വർഷകാലം ചേട്ടൻ വീട്ടിലേക്ക് വന്നതേയില്ല..

ഇടക്ക് വീട്ടിലേക്ക് വിളിച്ചു സുഖ വിവരം അന്വേഷിക്കും..എല്ലാ ദു സ്വഭാങ്ങളും മാറി നന്നായി വരട്ടെ ന്ന് ലക്ഷ്മി യും പ്രാർത്ഥിച്ചു..

അതിനിടക്ക് ലക്ഷ്മി യുടെ കല്യാണം ശരിയായി.. ചെറിയൊരു കടക്കെണിയിൽ പെട്ട അച്ഛന് ചേട്ടൻ മാത്രമായിരുന്നു ആശ്വാസം..

വിവരമറിഞ്ഞ ചേട്ടൻ ഉടനെ നാട്ടിലെത്താമെന്നേറ്റു..

വർഷങ്ങൾ ശേഷം ചേട്ടനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു അവളും അമ്മയും..

ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഉണ്ടാക്കി വെച്ചു കാത്തിരുന്നു..

വീടിനു മുന്നിലൊരു വണ്ടി വന്നു നിന്നപ്പോൾ ‘അമ്മേ ഏട്ടൻ വന്നൂന്ന് പറഞ്ഞവൾ ഉച്ചത്തിൽ വിളിച്ചു..

പക്ഷെ അതിൽ നിന്നൊരു സ്ത്രീ ഇറങ്ങി വരുന്നത് കണ്ടപ്പോൾ അവളൊന്നു പകച്ചു..

ഉമ്മറ പടിയുടെ മുന്നിൽ വന്നു നിന്നപ്പോഴാണ് അവളാ സത്യം മനസ്സിലാക്കിയത്..

സ്ത്രീയുടെ വേഷമണിഞ്ഞു തന്റെ മുന്നിൽ വന്നു നിൽക്കുന്നത് സ്വന്തം ചേട്ടനാണെന്ന്..

അവൾ വാ പൊളിച്ചു കൊണ്ട് ചേട്ടനെ അടിമുടി നോക്കി..

‘ലച്ചൂ’ ന്നു വിളിച്ചപ്പോൾ അവൾ പേടിയോടെ പിറകിലേക്ക് നീങ്ങി ..

പ_ഴയ ആ പരുക്കൻ ശബ്ദം അപ്രതീക്ഷിതമായി വളരെ നേർത്തതായിരിക്കുന്നു..

വേഷം മാത്രമല്ല പൂർണമായും ചേട്ടനൊരു സ്ത്രീയായി മാറിയെന്നു ഒരു ഞെട്ടലോടെ അവൾ മനസിലാക്കി..

അപ്പോഴേക്കും അയല്പക്കക്കാരെല്ലാം കൂടി വീടു മുറ്റം നിറഞ്ഞിരുന്നു..

വിവരമറിഞ്ഞ അമ്മ എന്തൊക്കയോ പുലമ്പി ചേട്ടൻ ഒരിക്കലും ഗുണം പിടിക്കില്ല ന്നു പറഞ്ഞു കൊണ്ടിരുന്നു..

‘അപ്പൊ ലക്ഷ്മി നീയല്ലേ പറഞ്ഞെ ഒരു ചേട്ടനുണ്ടായിരുന്നു നാടു വിട്ടു പോയിന്നൊക്കെ .. അതീ ചേട്ടനായിരുന്നു..’

‘അതെ.. അന്നത്തോട് കൂടി ചേട്ടൻ ഞങ്ങളുടയൊക്കെ മനസ്സിൽ നിന്നും മരിച്ചു പോയി..’

‘എന്നിട്ട് അന്ന് നീ പറഞ്ഞല്ലോ..ചേട്ടനാണ് വിവാഹത്തിനുള്ള ആഭരണങ്ങളൊക്കെ വാങ്ങിച്ച തന്നെ ന്നു..’

‘അതെ അതിനുള്ള ക്യാഷ് തരാനായിരുന്നു ചേട്ടനന്ന് വന്നത്.. ഇറങ്ങി പോകാൻ പറഞ്ഞിട്ടും അച്ഛൻ വരുന്നത് വരെ ചേട്ടൻ വെയിറ്റ് ചെയ്തു..’

‘ആഹാ അതു കൊള്ളാം.. ചേട്ടനെ വീട്ടിൽ നിന്നും ഇറക്കി വിടേം ചെയ്തു എന്നിട്ട് ചേട്ടൻ സമ്പാദിച്ച ക്യാഷ് മുഴുക്കെ വാങ്ങുകയും ചെയ്തു..’

‘അന്ന് അച്ഛന്റെ അവസ്ഥ അതായിരുന്നു.. എന്റെ വിവാഹം നടത്താൻ വീട് വിക്കാൻ നിക്കായിരുന്നു അച്ഛൻ..ആ സമയത്ത് കിട്ടിയ സഹായം വേണ്ടാന്ന് വെച്ചില്ല..’

‘എന്നാലും നിന്നെയും നിന്റെ വീട്ടുകാരെയും സമ്മതിച്ചു ലക്ഷ്മി.. ‘

‘പിന്നെ ഞങ്ങളെന്തു ചെയ്യമായിരുന്നു ചേട്ടൻറെ വീട്ടിലാണ് ഇങ്ങനെയൊരു ജന്മം ഉണ്ടായിരുന്നങ്കിൽ സ്വീകരിക്കോ..

ഇങ്ങനെയുള്ള ജന്മങ്ങൾ ശരീരം വിൽക്കാൻ വേണ്ടി വഴി വക്കിൽ നിൽക്കുന്നത് കാണുമ്പോഴെ അറപ്പാണ്

‘എന്റെ ലക്ഷ്മി.. നീയീ കമ്മ്യൂണിറ്റിയെ കുറിച്ച് എന്താണ് ധരിച്ചു വെച്ചിരിക്കുന്നത്..

അവരുടെ തെറ്റ് കൊണ്ടാണോ അവരിങ്ങനെ ആയത്..ഞാൻ മനസ്സിലാക്കിയെടുത്തോളം അവർക്കും ഈ സമൂഹത്ത്‌ നല്ല രീതിയിൽ ജീവിക്കാൻ ആഗ്രഹമുണ്ട്..

അവർക്ക് താല്പര്യമുണ്ടായിട്ടാണോ ശരീരം വിൽക്കുന്നത്.. ഗതി കേട് കൊണ്ടാണ് മോളെ..

അവരുടെ ഈ അവസ്ഥക്കു കാരണം ഒരു പരിധിവരെ നിങ്ങൾ വീട്ടുകാർ തന്നെയാണ്

ഒന്നു മനസ്സറിഞ്ഞു ചേർത്തു പിടിച്ചിരുന്നങ്കിൽ ഇന്നവർ ഒരു നേരത്തെ അന്നത്തിനു വേണ്ടി തെരുവിൽ നിൽക്കില്ല.

നല്ലൊരു ജോലി ചെയ്യാൻ സമൂഹം അവരെ അനുവദിക്കോ..

ചാന്തു പൊട്ട് ന്നും ഒമ്പതെന്നും പെണ്ണൂസൊന്നുമുള്ള വിളി കേട്ട് മടുത്തു ജീവൻ അപകടത്തിലാകും എന്നറിഞ്ഞിട്ടും അവർ സർജറിക്കു തയ്യാറാകുന്നു..

മരണം മുന്നിൽ കണ്ടോണ്ടാണ് അവരതിനു സമ്മതിക്കുന്നത്..

അതും എ_ല്ലാവരെയും പോലെ സമാദാനത്തിൽ ജീവിക്കാൻ..

ഇത്രയൊക്കെ നീയും നിന്റെ വീട്ടുകാരും വേദനിപ്പിച്ചിട്ടും അടിച്ചിറക്കിയിട്ടും

ആ മനുഷ്യന്റെ മുഖത്തു ഞാൻ കണ്ടു നിന്നോടുള്ള സ്നേഹവും വാത്സല്യവും..

എടീ എന്തൊക്ക പറഞ്ഞാലും ആരൊക്ക കളിയാക്കിയാലും നിന്റെ ചോരയല്ലടീ.. നീ ജനിച്ച അതെ വയറ്റിൽ തന്നെയല്ലേ അവരും ജനിച്ചത്.. ഒന്നാലോചിച്ചു നോക്ക്..

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ലക്ഷ്മിക്കു ഉത്തരം മുട്ടിയിരുന്നു..

‘ഞാനിപ്പോ എന്താണ് ചെയ്യേണ്ടത്… ചേട്ടൻ പറ..’

‘നീ നാളെ തന്നെ അവരെ പോയി കാണണം ..നീ കാരണം അവർക്കാ ജോലി നഷ്ടപ്പെട്ടോ ആവോ..പാവം..

എന്തായാലും നീയും മക്കളും അവരെ പോയി കണ്ടു നന്നായി സംസാരിക്കു.. ഈ ജന്മം ഓർത്തു വെക്കാൻ അവർക്കത് മതിയാവും..

പിറ്റേ ദിവസം തന്നെ ലക്ഷ്മിയും മക്കളും അവരെ കാണാൻ പോയി..

പേടിച്ച പോലെയൊന്നും സംഭവിച്ചില്ല.. അവരാ കടയിൽ തന്നെ ഉണ്ടായിരുന്നു..

അവിടെയുള്ള ഒരാളോട് പറഞ്ഞേൽപ്പിച്ചു പുറത്തേക്ക് വരാൻ വേണ്ടി..

പുറത്തു ലക്ഷ്മിയെയും മക്കളെയും കണ്ടപ്പോൾ അവരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു..

അവരുടെ സുഖ വിവരാന്വേഷണങ്ങൾക്കു ഞാനും സാക്ഷിയായി..

അതിനിടയിൽ അവർ അടുത്തുള്ളൊരു ബേക്കറിയിൽ പോയി കുട്ടികൾക്കു കുറച്ചു സ്വീറ്റ്സ് വാങ്ങി..

അപ്പുവും അമ്മുവും സന്തോഷത്തോടെ അത്‌ വാങ്ങി..

കടയിൽ കയറി.. മക്കൾക്കുള്ള ഉടുപ്പും ലക്ഷ്മിക്കൊരു സാരിയും വാങ്ങാൻ മറന്നില്ല..

എത്ര വേണ്ടന്ന് പറഞ്ഞിട്ടും എന്റെയൊരു സന്തോഷത്തിനു വേണ്ടി വാങ്ങണമെന്ന് പറഞ്ഞു നിർബന്ധിച്ചു..

എല്ലാവർക്കും കൈ നിറയെ സമ്മാനം കൊടുത്തു യാത്രയാക്കുമ്പോൾ..

ലക്ഷ്മി കാണാതെ എന്റെ നേരെ നോക്കി കൈ കൂപ്പി നന്ദി പറഞ്ഞു . ..

അവരും ജീവിക്കട്ടെ.. അവരുടെതായ ലോകത്ത്.. സമാധാനത്തോടെ..

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : fasna salam