സഖിയെ, തുടർക്കഥയുടെ മൂന്നാം ഭാഗം വായിച്ചു നോക്കൂ….

രചന : Vava….

ജംഗ്ഷൻ എത്തിയതും കണ്ടു അവിടവിടെയായി ചിതറി നിൽക്കുന്ന ആളുകളെ. കാര്യം അറിയാതെ മൂന്നാളും ആൽമരച്ചുവട്ടിലേക്കു നോക്കിയതും കണ്ടു കലിയോടെ ആരെയോ പിടിച്ചു നെഞ്ചിൽ ആഞ്ഞു ചവിട്ടുന്നവനെ…

“” രുദ്രേട്ടൻ “”

ഗൗരി ഞെട്ടലോടെ മനസ്സിൽ ഉരുവിട്ടു.

പഴയ രുദ്രനിൽ നിന്നും ഒത്തിരി മാറിയിരിക്കുന്നു.താടിയും മുടിയും എല്ലാം അലസമായി വളർന്നിരിക്കുന്നു. കുസൃതി മാത്രം നിറഞ്ഞ കണ്ണുകളിൽ അധികരിച്ച ദേഷ്യം സ്ഥാനം പിടിച്ചിരിക്കുന്നു.

“” നിനക്കിനിയും കാണണോടാ രുദ്രന്റെ ഭ്രാന്ത്… ഏഹ്ഹ്… പ്ഫാ… പറയടാ…””

ചവിട്ടു കൊണ്ട് വീണവനെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അവനു നേരെ അലറി. ചുറ്റും കൂടി നിന്നവർ പേടിയോടെ അവനെ നോക്കി. അടങ്ങാത്ത ദേഷ്യത്തിൽ വീണ്ടും അവൻ അയ്യാളെ ഇരുകവിളിലും മാറി മാറി അടിച്ചു. തല്ലു കൊണ്ടവൻ ഒരിറ്റു ദയക്കായി കണ്ണുകളാൽ കെഞ്ചികൊണ്ടിരുന്നു.അവനെ പിടിച്ചു മാറ്റാനുള്ള ദൈര്യം ആരും കാണിച്ചിരുന്നില്യ. ഗീതുവിന്റെ കയ്യിൽ പിടിച്ചിരുന്ന ഗൗരിയുടെ കൈകൾ ഒന്നു മുറുകി. പേടിയാലേ അവളവന്റെ ഭാവം നോക്കി കണ്ടു.

“”എടാ വേണ്ടടാ… അയ്യാളെ വിട്ടേക്ക്… ഇനി തല്ലിയാൽ അയ്യാള് ചത്തു പോവും… “”

വീണ്ടും കലിയടങ്ങാതെ നിൽക്കുന്നവനു നേരെ ജിത്തു വിളിച്ചു പറയുന്നുണ്ടെങ്കിലും അവനതു കേൾക്കുന്നില്ലയായിരുന്നു.

“” ഗൗരി…. നിങ്ങളിവിടെ നിൽക്കണ്ട.. നടന്നോ… ഞാൻ വന്നോളാം… “” സാഹചര്യം വഷളാവുന്നത് കണ്ട് ചന്ദ്രു ഗൗരിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ രുദ്രന്റെ അടുത്തേക്കോടി. അപ്പോഴേക്കും അടികൊണ്ടവൻ പാതി ബോധം മറിഞ്ഞു താഴേക്കു വീണീരുന്നു.

“” രുദ്ര… വേണ്ട…. വിട് അയ്യാളെ…നീ എന്താ ഈ കാണിക്കണേ… “” ചന്ദ്രു അവന്റെ മുന്നിൽ കയറി നിന്നുകൊണ്ട് അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

ഉരുക്കുപോലുള്ള അവന്റെ ശരീരം ദേഷ്യത്താൽ വിറച്ചിരുന്നു.

ജിത്തുവും ചന്ദ്രുവും കൂടി അവനെ ബലമായി ആൽത്തറഭാഗത്തായി പിടിച്ചു നിർത്തി.അവൻ മാറിയതും തല്ലു കൊണ്ടു കിടന്നവനെ ആരൊക്കെയോ കൂടി വന്നു എഴുന്നേൽപ്പിച്ചു കൊണ്ടുപോയി.

“” വിടെന്നെ…. “” ദേഷ്യത്തിൽ പറഞ്ഞവൻ അവരിൽ നിന്നും പിടിയഴച്ചു മാറി മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു നിന്നു. കണ്ണുകൾ രണ്ടും ചുവന്നിരുന്നു. ഈ സമയം ആൾക്കൂട്ടത്തിൽ നിന്നും മാറി മറ്റു രണ്ട് കണ്ണുകൾ അവനെ പകയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

“” കുഞ്ഞേച്ചി വാ…. നമുക്ക് പോകാം… നേരം വൈകി… “”

ഗീതുട്ടി കയ്യിൽ പിടിച്ചു വലിച്ചതും ഗൗരി ഞെട്ടലാലെ അവളെ നോക്കി.

“” വാ കുഞ്ഞേച്ചി…”” ഗീതുട്ടി വീണ്ടും വലിച്ചതും ഗൗരി അവളോടൊപ്പം യാന്ത്രികമായി നടന്നു…

മനസ്സിൽ നിറയെ അവന്റെ ഭ്രാന്തമായ ഭാവമായിരുന്നു.

“” എന്താ നായരേ… എന്താർന്നു പ്രശ്നം… ഞാൻ ഇത്തിരി വൈകി പോയി… ആരാ ആ ചെക്കൻ.. എന്തായിരുന്നു രമേശനും ആയിട്ട് പ്രശ്നം..?? “”

അയ്യാൾ നായരേ ഒന്നു നോക്കി വീണ്ടും ആൽത്തറയിലേക്ക് നോക്കിയതും പിന്തിരിഞ്ഞു നിന്ന രുദ്രൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു.

“” ദൈവമേ… ഇതാ ചെക്കനല്ലേ… രുദ്രൻ… ഇവനിതെപ്പോ എത്തി… ”

അയ്യാൾ ആകാംഷയോടെ നായരോട് തിരക്കി.

“” ങ്ഹാ… അവൻ വന്നിട്ട് രണ്ട് ദിവസായി… ആ ചെക്കൻ ആൽത്തറയില് ഇരിക്കാർന്നു.. അപ്പൊ ഈ രമേശൻ വന്നു അവനെ ഒന്നു ചൊറിഞ്ഞു… അതിന്റെ അംഗം ആണ് ഇപ്പൊ കഴിഞ്ഞത്… “”

“” എന്നാലും ഈ രമേശനു ഇത് എന്തിന്റെ കേടാ… ഒരുത്തനെ പച്ചക്ക് വെട്ടി കൊന്നവനോടാണോ അവന്റെ കളി… ആ ചെക്കൻ അവനെ കൊല്ലാതെ വിട്ടത് ഭാഗ്യം… “” അയ്യാൾ കഷ്ടം വെച്ച പോലെ പറഞ്ഞു. നായര് നേരെ ചായക്കടയിലേക്ക് നടന്നു.

പുതിയ വിഷയം കിട്ടിയതിന്റെ ചർച്ച ചായക്കടയിലെ ചുവരുകൾക്ക്കിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

❤❤❤❤❤❤❤

ഭീതി പരത്തുന്ന ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട് രുദ്രന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ടാറിട്ട പാതയിലൂടെ കുതിച്ചു പാഞ്ഞു.

ഇലചെടികൾ വേലി തീർത്ത ഒരു ഒതുങ്ങിയ വീടിനു മുന്നിൽ ചെന്നു നിന്നു.

വീടിന്റെ ഇറയത്തു തന്നെ ജിത്തുവും ചന്ദ്രുവും അവനെ കാത്തിരുപ്പുണ്ടായിരുന്നു. അവൻ അവരെ ഒന്നു നോക്കിയ ശേഷം ബുള്ളറ്റിൽ നിന്നിറങ്ങി ഉടുത്തിരുന്ന കാവിമുണ്ട് ഒന്നു കൂടി മടക്കികുത്തി, ധരിച്ചിരുന്ന കറുത്ത ഷിർട്ടിന്റെ സ്ലീവ് മടക്കി വെച്ച് കൊണ്ട് അവർക്കടുത്തേക്ക് നടന്നു.

ആറടിയിൽ കൂടുതൽ പൊക്കവും ഉറച്ച ശരീരത്തോടും കൂടിയവൻ, എന്തിനും പോന്ന ഒറ്റയാന്റെ ധൈര്യം ഉള്ളവൻ… തേവാങ്കോട്ട് തറവാടിന്റെ തലമുറ കാക്കേണ്ട ആൺതരി.

“” നീ ഇത് എവിടെയായിരുന്നു… കാത്തിരുന്നു.. കാത്തിരുന്നു.. കണ്ണ് കഴച്ചു… “” ജിത്തു അവനു നേരെ നോക്കി.

“” അമ്മ ഉറങ്ങീട്ടു ഇറങ്ങാന്നു കരുതി.. ഇല്ലെങ്കിൽ പിന്നെ വരവ് നടക്കില്ല്യ… “” രുദ്രൻ അതും പറഞ്ഞു ഇറയത്തു പടിയുടെ മുകളിലായി ഇരുന്നു. ചന്ദ്രു അരമതിലിൽ കയറി കാല് നീട്ടി ഇരിപ്പുണ്ട്..

ജിത്തു ചെയറിലാണ്.

“” നീ എനിക്കൊരെണ്ണം ഒഴിക്ക്… “” ജിത്തു കുപ്പിയിൽ നിന്നും മദ്യം ഗ്ലാസ്സിലേക്ക് പകർത്തി.

വെള്ളം ഒഴിക്കാൻ പോയതും രുദ്രൻ അതെടുത്തു വായിലേക്ക് കമിഴ്ത്തിയത് കണ്ടു ജിത്തു വാ പൊളിച്ചു.

“” ഹൗ… എന്ത് അടിയാടാ… കുറച്ചു വെള്ളം ചേർത്തടിക്കട… “”

“” ഏയ്‌… വേണ്ട ഇപ്പൊ ഇതാ ശീലം… “” ഗ്ലാസ്‌ ടേബിളിൽ വെച്ച് അരഭിത്തിയോട് ചാരിയിരുന്നു. പോക്കെറ്റിൽ നിന്നും സിഗരറ്റെടുത്തു ചുണ്ടോടു ചേർത്ത് പുകച്ചുകൊണ്ട് പുക മുകളിലേക്കൂതി വിട്ടു… ചന്ദ്രു ആ നേരമത്രയും അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

“” നീ എന്താടാ എന്നെ ഇങ്ങനെ നോക്കുന്നെ… “” ഒന്നു കൂടി പുകയൂതി വിട്ടുകൊണ്ട് രുദ്രൻ ചന്ദ്രുവിനെ നോക്കി.

“” എന്തു കോലാടാ നിന്റെ… ഞങ്ങടെ പഴയ രുദ്രന്റെ വെറും നിഴലു മാത്രമായിപ്പോയി നീ… “”

ചന്ദ്രു വേദന കലർന്ന ഭാവത്തോടെ പറഞ്ഞു.

“” ഹും… അവനൊന്നു ചുണ്ടുകോട്ടി…

“” പഴയ രുദ്രൻ ഒക്കെ… എന്നെ മരിച്ചു…ഇന്നത്തെ രുദ്രൻ ഭ്രാന്തനാ… ഒരുത്തനെ ഒരു ദാക്ഷിണ്യം ഇല്ല്യാതെ വെട്ടികൊന്ന കൊലപാതകി…. “”

അവനൊന്നു നിർത്തി… ദേഷ്യത്തോടെ കയ്യിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് നിലത്തുരച്ചു കെടുത്തി. നിലത്തേക്ക് മലർന്നു കിടന്നു.

“” പഴയതൊന്നും ഇനി തിരിച്ചു വരില്യട അങ്ങനെയാണെങ്കി.. എനിക്കെന്റെ.. ന്റെ… പാറുനെ തിരിച്ചു കിട്ടിയെനില്ല്യേ… “” അവൻ ഇരുട്ടിലെങ്ങോ നോക്കി പറഞ്ഞു. തൊണ്ടയിൽ ഒരു സങ്കടം വന്നു കുരുങ്ങി വാക്കുകളിൽ കെട്ടിരുന്നു. ആ വാക്കുകളിലെ വികാരതീവ്രത ജിത്തുവിനും ചന്ദ്രുവിനും മനസ്സിലായിരുന്നു.

രുദ്രൻ കണ്ണുകളടച്ചു കിടന്നു. ഏതോ വേദനിപ്പിക്കുന്ന ഓർമയിൽ ഇടതു കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുന്നീർ ചെന്നിയിലേക്ക് ഒഴുകിയിറങ്ങി.

ചന്ദ്രു നിലാവ് പരന്ന ആകാശത്തേക്കും നോട്ടം എരിഞ്ഞു. ആരെയോ തേടികൊണ്ടിരുന്നു.

ജിത്തു രണ്ടാളെയും ഒന്നു നോക്കിയ ശേഷം കയ്യിലിരുന്ന ഗ്ലാസ്സിലെ പാതികുടിച്ച മദ്യം വായിലേക്കൊഴിച്ചു.

മൂന്നാളുടെയും മനസ്സിൽ എരിഞ്ഞത് ഒരേ തീയായിരുന്നു.

❤❤❤❤❤❤

“” മതി കുഞ്ഞേച്ചി… എനിക്ക് ഉറക്കം വരുന്നു… ഇനി നാളെ പഠിക്കാം… “” ഉറക്കം തൂങ്ങി ഇരുന്നുകൊണ്ട് ഗീതുട്ടി പറഞ്ഞു.

ഗീതുവിനെ പഠിപ്പിക്കാൻ ഇരുത്തിയതാണ് ഗൗരി… കൂടെ ഇരുന്നില്ലെങ്കിൽ പെണ്ണ് ചിലപ്പോ മടിപിടിച്ചിരിക്കും. പത്തു മണി കഴിഞ്ഞപ്പോഴേക്കും ഗീതു ഉറക്കം തൂങ്ങി തുടങ്ങി.

“” മ്മ്… എന്നാ കിടന്നുറങ്ങാൻ നോക്ക്… രാവിലെ എഴുന്നേറ്റ് ബാക്കി ഇരുന്നു പഠിച്ചോണം… നാളെ ഇനി എന്നെ കൊണ്ട് വടിയെടുപ്പിക്കേണ്ടി വരരുത്… “” അവളെ ഒന്നു നോക്കി ഗൗരവത്തോടെ പറഞ്ഞു.

“” ഉം… “” കേൾക്കാൻ കാത്തുനിന്നോണം ഒന്നു മൂളിക്കൊണ്ട് പെണ്ണ് കട്ടിലിലേക്ക് ചാടി കിടന്നു.

ഗൗരി അവളുടെ കിടപ്പു കണ്ട് ഒന്നു ചിരിച്ചു കൊണ്ട് മേശയിൽ ഇരുന്ന പുസ്തകങ്ങൾ എല്ലാം അടക്കി ഒതുക്കി വെച്ച്. അപ്പോഴാണ് മേശ വലിപ്പിലേക്കു കണ്ണുടക്കിയത്.

പെട്ടെന്ന് എന്തോ ഓർത്തപോലെ മര അലമാരയിൽ സാരികൾക്കിടയിൽ വെച്ചിരുന്ന താക്കോലെടുത്തു. പിന്നോട്ട് തിരിഞ്ഞ് കട്ടിലിൽ പുതച്ചു മൂടി കിടക്കുന്ന ഗീതുവിനെ ഒന്നു നോക്കി.

എവിടെ.. പെണ്ണു ഒരു ലോകവും അറിയുന്നില്യ…

താക്കോലിന് ചെറിയ തുരുമ്പുണ്ടായിരുന്നു. ഗീതുട്ടി കാണാതെ ഒളിച്ചു വെച്ചതാണവിടെ.

താക്കോല് കൊണ്ട് തുറന്ന് പിന്നോട്ട് വലിച്ചതും ആദ്യം നോട്ടം എത്തിയത് ഡയറിയിലായിരുന്നു.

അടുത്തായി കുറെ ചുവന്ന മഞ്ചാടി മണികളും കുന്നിക്കുരുക്കളും ചിതറി കിടപ്പുണ്ട്.

കൗമാരത്തിലെ ഓരോ കൗതുകങ്ങൾ… അവൾ വെറുതെ ഓർത്തു. കാലങ്ങൾ ഏറെ ആയിരിക്കുന്നു ഇതിങ്ങനെ പൂട്ടി വെച്ചിട്ട്.

ഗൗരി ഡയറി കയ്യിലെടുത്തു..

പതിയെ തുറന്നു.

“” രുദ്രേട്ടന്റെ ഗൗരി…. “”

വരയിടാത്ത താളിൽ ഏറെ പ്രണയത്തോടെ എഴുതിയ വരികളിലൂടെ ആ പെണ്ണ് വിരലുകളോടിച്ചു.

ഹൃദയത്തിൽ ഒരു ഭാരം തോന്നിയെങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

തുടരും…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava….