എനിക്കിനി ഒരൊറ്റ ആഗ്രഹം കൂടിയൊള്ളൂ ഏട്ടാ. എത്രയും പെട്ടെന്ന് എനിക്ക് ഒരു അമ്മയാകണം

രചന : സനൽ SBT

രാത്രി ഉറക്കത്തിൽ കയ്യിൽ എന്തോ നനവ് പടർന്നപ്പോഴാണ് ഞാൻ ലൈറ്റ് ഓൺ ചെയ്ത് എഴുന്നേറ്റ് നോക്കിയത്. ലൈറ്റ് ഓൺ ചെയ്ത പാടെ കണ്ടതോ രക്തത്തിൽ കുളിച്ച് ബെഡിൽ കിടക്കുന്ന ഐറിനെ .

“എടോ ഇതെന്ത് പറ്റി. ”

“ഹാ ഏട്ടൻ ഉണർന്നോ ഇത്ര പെട്ടെന്ന് ”

“ഹാ ഞാനിതാ കയ്യിൽ ഒരു നനവ് തോന്നിയപ്പോൾ എഴുന്നേറ്റ് നോക്കിയതാ. ”

“ഇപ്രാവശ്യം നേരത്തെ ആയീന്നാ തോന്നണെ അതാ ഒട്ടും പ്രതീക്ഷിച്ചില്ല. ”

“എടോ അപ്പോൾ എന്നെ ഒന്ന് വിളിക്കായിരുന്നില്ലേ.”

“ഏട്ടൻ ഇന്നലെ ഒത്തിരി ലേറ്റ് ആയിട്ടല്ലേ കിടന്നത് അപ്പോ ശല്യപ്പെടുത്തേണ്ട എന്ന് കരുതി.”

” ആ ബെസ്റ്റ് ഇനി രാവിലെ വരെ ഇങ്ങനെ കിടക്കാനാണോ നിൻ്റെ പ്ലാന്.ബാ എഴുന്നേൽക്ക് എന്നിട്ട് ബാത്റൂമിൽ പോയി ഈ ഡ്രസ്സ് എല്ലാം ചെയ്ഞ്ച് ആക്ക്.”

” ഉം.”

ബെഡിൽ നിന്നും ഞാനവളെ കോരിയെടുത്ത് അടുത്തിരിക്കുന്ന വീൽ ചെയറിലേക്ക് ഇരുത്തി.

” ശ്ശോ ഏട്ടൻ്റെ കയ്യിൽ ഒക്കെ ബ്ലഡ് ആയില്ലേ.”

” അതിനെന്താ ഇത് കഴുകിയാൽ പോകുന്നതല്ലേ.”

” ഞാൻ നേരെ വീൽചെയർ ബാത്റൂമിലേക്ക് തിരിച്ചു.”

” നീ മേല് കഴുകി ഡ്രസ്സ് ചെയ്ഞ്ച് ആക്ക് ഞാൻ അപ്പോഴേക്കും ബെഡ് ഷീറ്റ് മാറ്റി വിരിക്കട്ടെ. ”

“ഏട്ടാ എൻ്റെ ഡ്രസ്സ് അലമാരയിൽ നിന്ന് എടുത്തു തരുമോ?”

” ആ ഏതാ വേണ്ടേ ഫ്രോക്ക് ആണോ അതോ ചുരിദാറോ?”

” ഏതായാലും മതി ഏട്ടാ. ആ പിന്നെ പാഡും കൂടി എടുക്കണേ.”

” ആ അത് എവിടാ വെച്ചേക്കണേ.”

” അലമാരയുടെ താഴെ കാണും ഒരു ഓറഞ്ച് പായ്ക്കറ്റില്.”

” ആ കിട്ടി ഇതാ വരുന്നു.”

” ഞാൻ രണ്ടും അവൾക്ക് നേരെ നീട്ടി. അവൾ എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി .”

” എടോ ഇനി ഞാൻ എന്തേലും ചെയ്യണോ?”

” ഒന്നും വേണ്ട ഏട്ടൻ പോയി കിടന്നോ .കഴിഞ്ഞാൽ ഞാൻ വിളിക്കാം .”

” ഉം. ”

ഇതാണ് എൻ്റെ ഐറിൻ .ഒരിക്കൽ ഞാനും എൻ്റെ സുഹൃത്തുക്കൾ എല്ലാം കൂടി കൊച്ചിയിലെ മുസിരിസ് ബിനാലെ കാണാൻ ഇറങ്ങി ഫോർട്ടുകൊച്ചി മൊത്തം കറങ്ങിയിട്ടും എടാ നന്മൾ ഒന്നും വാങ്ങിച്ചിലല്ലോ എന്ന് കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത് എന്നാൽ പിന്നെ വീട്ടിലും ഓഫീസിലും ഒക്കെയായി ഭിത്തിയിൽ തൂക്കാൻ കുറച്ച് പെയ്ൻ്റിംങ്ങ് ആയാലോ എന്ന് മറ്റൊരുത്തനും പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല തൊട്ടടുത്ത് കണ്ട പെയ്ൻ്റിംങ്ങ് ഷോപ്പിലേക്ക് കയറി.

ഓയിൽ പെയ്ൻ്റിംങ്ങ്., വാട്ടർ പെയ്ൻ്റിംങ്ങ് അങ്ങനെ പല രൂപത്തിലും ഭാവത്തിലും വർണ്ണത്തിലും ഉള്ള ഒത്തിരി പെയ്ൻ്റിങ്ങുകൾ പക്ഷേ ഒന്നും എൻ്റെ മനസ്സിലേക്ക് അങ്ങ് ഏറ്റില്ല. വീണ്ടും ആ ചെറിയ വരാന്തയുടെ ഇരുവശങ്ങളിലായി തൂക്കിയിരിക്കുന്ന ചിത്രങ്ങൾ ഓരോന്നായി നോക്കി നടക്കുമ്പോഴാണ് അന്നാദ്യമായി എൻ്റെ കണ്ണ് അവളിൽ ഉടക്കിയത്.

ഞാൻ കുറച്ച് നേരം അവളെ തന്നെ അങ്ങിനെ നോക്കി നിന്നു തൊട്ടടുത്ത് നിൽക്കുന്ന സായിപ്പിന് പെയിൻ്റിംങ്ങിനെക്കുറിച്ച് എന്തൊക്കെയൊ ക്ലാസ് എടുക്കുവാണ് അവൾ പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട് കയറി മുട്ടാൻ തന്നെ ഞാൻ തീരുമാനിച്ചു.

“ഹലോ ഈ പെയ്ൻ്റിംങിന് എന്താ വില ”

“ജസ്റ്റ് സെക്കൻ്റ് ”

അവൾ വീണ്ടും സായിപ്പിനോട് സംസാരം തുടർന്നു.ഞാൻ ഒരു പത്ത് മിനിറ്റ് വെയ്റ്റ് ചെയ്തു.

നോ രക്ഷ മൈൻ്റ് ഇല്ല ഞാൻ തിരിച്ച് നടന്നു അപ്പോഴാണ് പുറകിൽ നിന്ന് ആ വിളി വന്നത്.

“ഏത് പെയിൻ്റിംങ്ങ് ആണ് വേണ്ടേ. ”

“ദോ ദാ അത്.”

” അതിന് അമ്പതിനായിരം രൂപയാവും ചേട്ടാ.”

” എൻ്റെമ്മേ അമ്പതിനായിരോ ? ”

“ആ അതെ വില കേട്ടാൽ നിങ്ങള് മേടിക്കില്ല എന്ന് അറിയാം അതാ ഞാൻ സായിപ്പിനെ പിടി വിടാതിരുന്നത് .”

അവളൊന്ന് ചിരിച്ചു.

“കുറഞ്ഞ റേറ്റിൽ ഉള്ള പെയ്ൻ്റിംങ്ങ് ഒന്നും ഇല്ലേ.”

” ഉണ്ട് അത് അപ്പുറത്തെ സെക്ഷനിലാ വന്നാൽ ഞാൻ കാണിച്ച് തരാം.”

അവൾ വീൽ ചെയറിൻ്റെ ചക്രം കൈകൾ കൊണ്ട് തിരിച്ചു. കൂടെ ഞാനും നടന്നു. അങ്ങിനെ അവളുടെ കയ്യിൽ നിന്ന് കുറെ പെയ്ൻറിംങ്ങുമായി മടങ്ങുമ്പോഴും അവളുടെ മുഖം എൻ്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നെ ദിവസവും ഞാൻ ബിനാലെ ചുറ്റിപ്പറ്റി നടന്നു അവളെ കാണാൻ ബിനാലെ കഴിഞ്ഞപ്പോൾ അവൾ പോകുന്ന ബസ്സ് കോഫി ഷോപ്പ് അവിടെയെല്ലാം ഞാൻ അവളെ കാണാൻ പോകുമായിരുന്നു പക്ഷേ ഒരു ദിവസം അവൾ കയ്യോടെ പൊക്കി.

“അതെ എന്താ മാഷിൻ്റെ ഉദ്ദേശം ബാംഗ്ലൂർ ഡെയ്സ് കണ്ട ഹാങ്ങോവർ ഇത് വരെ മാറിയിട്ടില്ല എന്ന് തോന്നുന്നു.”

“അതെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ”

“വേണ്ട മാഷേ. മാഷ് പറയാൻ പോണ കാര്യം എന്താണെന്ന് എനിക്ക് അറിയാം .ആദ്യം ഒക്കെയൊരു കൗതുകം അല്ലേൽ സിമ്പതി കുറച്ച് കഴിഞ്ഞാൽ ആ ആവേശം ഒക്കെയങ്ങ് പോകും അതോണ്ട് മാഷ് വിട്ട് പിടി .”

പക്ഷേ ഞാൻ അങ്ങനെ പെട്ടെന്ന് അവളെ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല അങ്ങനെ ഒടുവിൽ അവൾക്ക് എൻ്റെ മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.

പക്ഷേ അവിടം കൊണ്ടൊന്നും പ്രശ്നങ്ങൾ അവസാനിച്ചില്ല വീട്ടുകാരുടെ എതിർപ്പ് ജാതി, മതം,

സാമ്പത്തികം ,എല്ലാം കൂടിയായപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി എല്ലാവരെയും തൃപ്തിപ്പെടുത്തി ഐറിനെ എനിക്ക് ഒരിക്കലും വിവാഹം ചെയ്യാൻ കഴിയില്ല എന്ന് അതോടു കൂടി ഞാൻ ഒരു തീരുമാനത്തിൽ എത്തി അവളെയും വിവാഹം കഴിച്ച് മറ്റൊരു ഫ്ലാറ്റ് എടുത്ത് താമസിക്കുക അങ്ങിനെ ഞങ്ങൾ കൊച്ചിയിലേക്ക് മാറി താമസം തുടങ്ങി.

“ഏട്ടാ………”

“എന്നുള്ള നീട്ടി വിളി കേട്ടാണ് ഞാൻ എൻ്റെ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നത്. ”

“ഹാ ഇത്ര പെട്ടെന്ന് കഴിഞ്ഞോ .?”

“ആ”

“നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ അസമയത്ത് തല നനയ്ക്കണ്ട എന്ന് . ”

“ഈ ഒരു അവസ്ഥയിൽ ഇനി കുളിക്കാതെ കിടക്കുന്നത് എങ്ങനാ ഏട്ടാ. ”

“ആ പനിച്ച് ഇവിടെ പുതച്ച് മൂടി കിടക്കുമ്പോൾ നല്ല ചേലാവും കാണാൻ .”

” എനിക്ക് ഇഷ്ടം ആ പനി ചൂടിൽ ഏട്ടനെയും കെട്ടിപിടിച്ച് കിടക്കുന്നതാ. ”

” നട്ട പാതിരായ്ക്ക് ഭ്രാന്ത് പറയാതെ നീ വന്ന് കിടന്നേ.”

വീൽ ചെയറിൽ നിന്നും അവളെ എടുത്ത് ഞാൻ ബെഡിൽ കിടത്തി.

” ഏട്ടാ”

“ഉം. എന്താ.”

” ഒന്നും വേണ്ടിയിരുന്നില്ല എല്ലാം ഒരു എടുത്തു ചാട്ടമായിപ്പോയി എന്ന് തോന്നണുണ്ടോ?”

അവൾ പറഞ്ഞ് തീരും മുൻപേ ഞാൻ അവളുടെ വായ് പൊത്തിപിടിച്ചു.

” അതിന് വേണ്ടിയാണോ എല്ലാം ഉപേക്ഷിച്ച് നമ്മൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ”

“ഇനി എനിക്ക് ഒരൊറ്റ ആഗ്രഹം കൂടിയൊള്ളൂ ഏട്ടാ. എത്രയും പെട്ടെന്ന് എനിക്ക് ഒരു അമ്മയാകണം.

ഈ ഒറ്റപ്പെടലിൽ നിന്ന് അല്പമെങ്കിലും ആശ്വാസം കിട്ടുന്നത് ഞാൻ വരയ്ക്കുമ്പോഴാണ് പക്ഷേ ഇനി അത് പോര എത്രയും പെട്ടെന്ന് എനിക്ക് ഏട്ടൻ്റെ മാത്രമായിട്ട് ജീവിക്കണം അതിന് നമുക്ക് ഒരു കുഞ്ഞ് വേണം’ ”

” നന്മൾ ഒട്ടും പ്രതീക്ഷിക്കാതെ ദൈവം നന്മളെ ഇതുവരെ കൊണ്ടെത്തിച്ചില്ലേ അപ്പോ അതും നടക്കും നീ ടെൻഷൻ ആവാതെ .”

ഞാൻ അവളുടെ അരികിലേക്ക് ചേർന്നു കിടന്നു .അവൾ ഒരു പൂച്ചക്കുട്ടിയെപ്പൊലെ എൻ്റെ നെഞ്ചിലേക്ക് തല ചായ്ച്ചു .അപ്പോഴേക്കും അവളുടെ മിഴിനീർ തുള്ളികൾ വീണുടഞ്ഞ് എൻ്റെ നെഞ്ചാകെ നനഞ്ഞിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സനൽ SBT

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top