സഖിയെ, തുടർക്കഥയുടെ ഏഴാം ഭാഗം വായിച്ചു നോക്കൂ….

രചന : Vava…

പിന്നാംപുറത്തെ തിണ്ണയിൽ മുന്നിലെ പാടത്തേക്കും നോക്കി ആലോചനയോടെ ഇരിപ്പാണ് ഗൗരി. സമയം വൈകുന്നേരമായിരുന്നു. പാടത്തോട് ചേർന്നായുള്ള ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ട്.

മാളൂട്ടി വീട്ടിലില്ല്യാത്ത കാരണം വലിയൊരു നിശബ്ദതയാണ്. ഗീതുവാണെങ്കി മുകളിലെ മുറിയിൽ ക്ലാസ്സിലേക്ക് നോട്ടെഴുതാനുള്ള തിരക്കിലും.ശ്രീധരച്ഛനും അമ്മയും പറമ്പിലേക്ക് ഇറങ്ങിയതാണ്.

“” ങ്ഹാ… നീ ഇവിടെ ഇരിക്കാർന്നോ… ഞാൻ വിചാരിച്ചു വീടൊക്കെ തുറന്നിട്ടിട്ട് ആൾക്കരെവിടെ പോയെന്നു… എത്ര വിളി വിളിച്ചൂന്നറിയോ…? “”

ചന്ദ്രു അവൾക്കടുത്തായി വലതുവശത്തായി വന്നിരുന്നു.

ചന്ദ്രുവിന്റെ ശബ്ദം കേട്ടതും പെട്ടെന്നവൾ പുറം കൈകൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു.

“” ഞാൻ… ഞാൻ കേട്ടില്യ ചന്തു.. “” അവൾ ശബ്‌ദം താഴ്ത്തി പറഞ്ഞു.

ശബ്‌ദത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞു ചന്ദ്രു അവക്കുനേരെ ഉറ്റുനോക്കി.

തല താഴ്ത്തി ഇരുപ്പാണ് പെണ്ണ്. വെളുത്ത മൂക്കിൻതുമ്പു ചെറുതായി വിറക്കുന്നുണ്ട്.

“” നീയ് കരഞ്ഞോ ഗൗര്യേ?? “”

അവൻ അൽപ്പം ഗൗരവത്തോടെ ചോദിച്ചു.

പൊട്ടിവന്നൊരു തേങ്ങൽ അവളുടെ തൊണ്ടക്കുഴിയിൽ തങ്ങി നിന്നു.അവൾ ഇല്ല്യെന്ന രീതിയിൽ തല വെട്ടിച്ചു.

ചന്ദ്രു അവളെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു.

“” എന്താടാ… എന്താ നിനക്ക്… എന്തിനാ നീയി കരയണേ… “”

അവൻ അവളെ നോക്കി വ്യാകുലതയോടെ ചോദിച്ചു.

പെണ്ണൊന്നും മിണ്ടിയില്ല്യ. ഉള്ളിൽ നിന്നും നേർത്ത തേങ്ങലുകൾ ഇടക്കിടെ പുറത്തു വരുന്നുണ്ട്.

അവളെ ആശ്വസിപ്പിക്കാണെന്നോണം അവൻ തോളിൽ പതിയെ തട്ടിക്കൊണ്ടിരുന്നു.

പണ്ടുമുതലേ അങ്ങനെയാണ്. വല്ലാത്തൊരു ആത്മബന്ധമാണ് അവനാ പെണ്ണിനോട്. അവന്റെ കയ്യിൽ പിടിച്ചു നടന്നവളാണ്. അറിഞ്ഞുകൊണ്ട് ആ കണ്ണുകൾ നിറയിക്കാൻ അവൻ ഇടവരുത്താറില്ല്യ.

ഗൗരിയുടെ ചെറിയൊരു വിഷമം പോലും അവനെയും നോവിച്ചിരുന്നു.

കരച്ചിലിന്റെ വ്യാപ്തി കൂടിയതും അവൻ ഒന്നുകൂടി ആ പെണ്ണിനെ ചേർത്ത് പിടിച്ചു.

അവന്റെ നെഞ്ചിൽ ചാരി അവളിരുന്നു.

“” ന്നെ… ന്നെ… വേണ്ടത്രേ…. ന്നെ.. ഇഷ്ടല്ലത്രേ… എല്ലാം വെറും നേരമ്പോക്കായിരുന്നുന്ന്….

വെറുതെയാ പറയണതാ… നിക്കറിയാം…. രുദ്രേട്ടന് ന്നെ ഇഷ്ടാ….

ഇഷ്ടല്ലന്നൊക്കെ.. വേ… വെറുതെ പറയണതാ…

പതം പറഞ്ഞു കരയുന്ന ആ പെണ്ണിനെ അവൻ അലിവോടെ നോക്കി.

“” ന്തേലും കാരണല്യതെ രുദ്രേട്ടൻ ന്നെ വേണ്ടാന്ന് പറയില്ല്യ…. നിക്കോറപ്പാ…. ചന്തുവിനറിയാം അത്… പറ… നിക്കറിയണം… ന്റെ ഒരു മനസ്സമാധാനത്തിനാ… പറ ചന്തു… എന്തിനാ രുദ്രേട്ടൻ എന്നെ വേണ്ടാന്ന് പറഞ്ഞെ…?? “”

തന്നെ ഉറ്റുനോക്കി പറയുന്ന ആ പെണ്ണിന്റെ കലങ്ങി ചുവന്ന കണ്ണുകൾ അവന്റെ നെഞ്ചിനെ കൊത്തി വലിച്ചു.

എന്തു പറയും ഇവളോട്… അവനിവളെ സ്നേഹിക്കുന്നില്ലെന്ന കള്ളം വീണ്ടും ആവർത്തിക്കണോ….

താങ്ങുവോ ഈ പെണ്ണത്…

അതും തന്റെ നാവിൽ നിന്നു തന്നെ…

വേദനയോടെ അവൻ ഓർത്തു…

“” നിക്കറിയില്യ ഗൗര്യേ… “”

ഒറ്റവാക്കിൽ പറഞ്ഞവൻ വിദൂരതയിലേക്ക് നോട്ടം എറിഞ്ഞു. ഇനിയൊരു സംസാരത്തിനു താൽപ്പര്യമില്ലെന്ന പോലെ. അപ്പോഴും ഇടതുകരം ഒരു താങ്ങിനെന്ന പോലെ ആ പെണ്ണിനെ ചേർത്ത് പിടിച്ചിരുന്നു.

തനിക്കൊരുത്തരം കിട്ടില്ലയെന്നറിഞ്ഞതും ആ പെണ്ണ് വീണ്ടും നിശബ്ദമായി കണ്ണീർ ഒഴുക്കി.

❤❤❤❤❤❤❤

ജിത്തുവിന്റെ വീട്ടിൽ അരമതിലിൽ കണ്ണിനു മുകളിൽ കൈവെച്ചു നിവർന്നു കിടക്കുകയാണ് രുദ്രൻ.നേരം ഇരുട്ടി കഴിഞ്ഞിരുന്നു. ജിത്തു പടിയിൽ ഫോണിൽ നോക്കി ഇരുപ്പുണ്ട്.

ശിവജിത്ത് എന്ന ജിത്തു… ഒറ്റക്കാണിപ്പോൾ താമസം. ആകെയുള്ള ചേച്ചി കല്യാണം കഴിഞ്ഞു ഭർതൃവീട്ടിലാണ്.

“” ങ്ഹാ… ദേ… ചന്തു വരുന്നുണ്ടല്ലോ…. “”

നടന്നു വരുന്ന ചന്ദ്രു വിനെ കണ്ടവൻ പറഞ്ഞു.

രുദ്രൻ ഒന്നും മിണ്ടിയില്ല്യ.

“” എന്നാ ഞാൻ പോയി സാധനം സെറ്റ് ഒക്കെ സെറ്റാക്കട്ടെ…. “” ജിത്തു നേരെ അടുക്കളയിൽ ചെന്നു ഗ്ലാസും ഐറ്റംസും എല്ലാം കൊണ്ടുവന്നു.

ചന്ദ്രു രുദ്രനെ ഒന്നു നോക്കി അരമതിലിൽ ഇരുന്നു.

“” നീ കഴിക്കുന്നുണ്ടോ…?? “”

ഗ്ലാസ്സിലേക്ക് മദ്യം പകർത്തുന്നതിനിടയിൽ ചന്ദ്രുവിനെ നോക്കി ജിത്തു ചോദിച്ചു.

ചന്ദ്രു അധികം കഴിക്കില്ല്യ. വല്ലപ്പോഴും ഒള്ളൂ. അതും കുറച്ചു മാത്രം.

“” എനിക്ക് വേണ്ട… നിങ്ങള് കഴിച്ചോ… “”

ചന്ദ്രു അലസ്സമായി മറുപടി പറഞ്ഞു.

“” ടാ… ഇന്നാ… “”

മദ്യഗ്ലാസ് അവൻ രുദ്രന് നേരെ ഉയർത്തി.

അവൻ എഴുന്നേറ്റിരുന്നു മദ്യം നുണഞ്ഞുകൊണ്ടിരുന്നു.

“” നിനക്കിതു എന്തു പറ്റി?? “”

ചന്ദ്രുവിന്റെ മുഖത്തെ അസ്വസ്ഥത കണ്ട് രുദ്രൻ നെറ്റി ചുളിച്ചു.

“” നിനക്കിനിയും മതിയായില്ല്യേ രുദ്രാ….

എന്തിന്റെ പേരിലായാലും ആ പെണ്ണിനെ ഇനിയും ഇങ്ങനെ നോവിക്കണോ…? “” ചന്ദ്രു വേദനയോടെ പറഞ്ഞു. മനസ്സ് നിറയെ കരഞ്ഞ കണ്ണുകളോടെയുള്ളയുള്ള അവളുടെ നോട്ടമാണ്.

“” നീ ഗൗരിയെ കണ്ടിരുന്നല്ലേ…

രുദ്രൻ മുന്നോട്ടു നോക്കി ഗൗരവത്തോടെ ചോദിച്ചു.

“” സഹിക്കുന്നില്യട എനിക്ക്…. നിനക്കൊന്നു മതിയാക്കിക്കൂടെ ഈ അഭിനയം… ഈ പ്രായത്തിനിടയിൽ ഒരുപാടാനുഭവിച്ചതാ അവള്…

കിച്ചു പോയേപ്പിന്നെ ആ കുടുംബത്തെ കരകയറ്റാൻ അവളനുഭവിച്ച പാടെല്ലാം കണ്ടറിഞ്ഞവനാ ഞാൻ… ഇനി നീയും കൂടെ അവളെ ഇങ്ങനെ നോവിക്കല്ലേ… ഇന്നും അവളുടെ മനസ്…. “”

“”മതി… നിർത്ത്…””

ചന്ദ്രുവിനെ ബാക്കി പറയാനുവതിക്കാതെ രുദ്രൻ ശബ്ദമുയർത്തി കൈകൾ കൊണ്ട് തടഞ്ഞു. ചന്ദ്രു അവനോടുള്ള ദേഷ്യത്തോടെയും സങ്കടത്തോടെയും മുഖം വെട്ടിച്ചു. ജിത്തു രണ്ടാളുടെയും ഭാവങ്ങൾ നോക്കിയിരിപ്പാണ്.

“” നീ ആരോടുള്ള വാശിയാടാ തീർക്കുന്നേ?? “”

അൽപ്പനേരത്തെ മൗനത്തിന് ശേഷം ചന്ദ്രു സൗമ്യമായി ചോദിച്ചു.

“” വാശി…. ഹും… എന്റെ വാശിയും ദേഷ്യവുമെല്ലാം എന്നോട് തന്നെയാടാ… എന്റെ ഈ ജീവിതത്തോട്… ഇന്നെനിക്ക് മുന്നും പിന്നും നോക്കാനില്ല്യ… നാളെയെ പറ്റി ചിന്തയുമില്ല്യ…

എല്ലാം അറിയാവുന്നതല്ലേ നിങ്ങൾക്കും…. ഞാനെന്താണെന്നും എന്റെ ജീവിതം എങ്ങനാണെന്നും…

ഇതിലേക്ക് ഞാൻ ആ പെണ്ണിനേയും കൂടെ വലിച്ചിടണോ….അവളുടെ ജീവിതം കൂടി ഞാനായി തകർക്കണോ… ഏഹ്ഹ്??

പറയടാ… വേണോന്ന്… “”

രുദ്രൻ ദേഷ്യത്താൽ ശബ്ദമുയർത്തി. ചന്ദ്രു ഒന്നും പറയാതെ തലതാഴ്ത്തി ഇരുന്നു. രുദ്രൻ കയ്യിലുള്ള മദ്യം വായിലേക്ക് കമിഴ്ത്തി. ചാരിപടിയിലേക്ക് ചാരിയിരുന്നു.

“” വയ്യടാ… എനിക്ക്… ആ പെണ്ണിനെ കൂടി…. ചിലപ്പോ അന്നത്തെ പോലെ എന്റെ ഭ്രാന്തോണ്ട് ഞാൻ തന്നെ എന്റെ പെണ്ണിനെ….. “”

ഏതോ ഓർമയിൽ കുറ്റബോധത്താൽ അവന്റെ കണ്ണ് നിറഞ്ഞു.

പ്രണയമാണവൾ… തന്റെ ഗൗരി പെണ്ണ്….

ചന്ദ്രുവും ജിത്തുവും അവന്റെ ഭാവപ്പകർച്ചയിൽ വല്ലാതായി. ഒരു വേള ചോദിക്കേണ്ടായിരുന്നെന്നു തോന്നിപോയി ചന്ദ്രുവിനു.

ആ പെണ്ണിന്റെ സങ്കടം കാണാൻ വയ്യാതെ ചോദിച്ചു പോയതാണ്. രുദ്രന്റെ മനസ്സും കാണണമായിരുന്നു. ഓർക്കണമായിരുന്നു അവനെ കുറിച്ചും. ചന്ദ്രുവിന്റെ മനസ്സ് രണ്ടാളെയും ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

❤❤❤❤❤❤

തേവാങ്കോട്ട് തറവാട്ടിൽ അകത്തളത്തിലെ ഘടികാരം സമയം 11 മണിയായെന്നു വിളിച്ചോതികൊണ്ട് ശബ്ധിച്ചു.

ഹാളിലെ സോഫയിലായി രഘു അക്ഷമാനായി ഇരിക്കുന്നുണ്ട്. അടുത്ത് തന്നെ യശോധയും.

രുദ്രൻ ഇതുവരെ എത്തിയിട്ടില്യ. അവനെ നോക്കിയിരിക്കുകയാണ്.

പുറത്ത് ബുള്ളെറ്റ് വന്നു നിൽക്കുന്ന ശബ്‌ദം കേട്ടതും യാശോദ എഴുന്നേറ്റു ചെന്നു വാതിൽ തുറന്നു കൊടുത്തു. രുദ്രൻ മുന്നിൽ നിൽക്കുന്ന രണ്ടാളെയും ഒന്നു നോക്കി അകത്തേക്ക് കടന്നു.അവനിൽ നിന്നും വമിച്ച മദ്യത്തിന്റെ ഗന്ധം അറിഞ്ഞതും രഘു മുഖം തിരിച്ചു.

“” നീ ഇന്നും കുടിച്ചല്ലേ…. “”

അയ്യാൾ ശബ്ദം ഉയർത്തി ചോദിച്ചു.

അവനൊന്നും മിണ്ടാതെ തലകുനിച്ചു നിന്നതേയുള്ളു.

“” എത്ര പറഞ്ഞിട്ടും എന്താ കാര്യം… ഇപ്പൊ ആരെയും ഒരു അനുസരണയില്ല്യല്ലോ… എല്ലാം തന്നിഷ്ഠത്തിനല്ലേ… “” അയ്യാൾ ദേഷ്യത്തോടെ പറഞ്ഞു. അവൻ എതിർത്തൊന്നും പറയാതെ അയ്യാളെ ഒന്നു നോക്കി തിരിഞ്ഞു. രഘു ദേഷ്യത്താൽ മറ്റെന്തോ പറയാൻ വന്നതും യശോദ കണ്ണുകൾ കൊണ്ടായ്യാളോട് വേണ്ടെന്നപേക്ഷിച്ചു.

ഇടറുന്ന കാലടികളോടെ അവൻ മുകളിലേക്കുള്ള പടികൾ കയറി മുറിയിലേക്ക് നടന്നു .

മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു. നേരെ ബെഡിലേക്ക് ചെന്നു വീണു. പാതി അടയാറായ കണ്ണിലൂടെ കണ്ടു കട്ടിലിനു എതിർവശത്തു ചുവരിൽ ഫ്രെയിം ചെയ്തു വെച്ച ഫോട്ടോയിൽ തന്നോട് ചേർന്നു നിൽക്കുന്ന ഒരു പെൺകുട്ടിയെ.കണ്ണെല്ലാം വാലിട്ട് നീട്ടിയെഴുതി വട്ടപ്പൊട്ടും തൊട്ട് കവിളിൽ ചെറു നുണക്കുഴിയുമായി അഴകാർന്നൊരു പെൺകൊടി.

വല്ലാത്തൊരു തീക്ഷണതയാണ് ആ കണ്ണുകൾക്ക്.

“” പാറുട്ട്യേ…. “” അടയാറായ കണ്ണുകൾ വലിച്ചു തുറന്നവൻ വിളിച്ചു. ചെറു മന്ദാഹാസം ചുണ്ടിൽ വിരിഞ്ഞു. കാതുകളിൽ ആ പെണ്ണിന്റെ ചിരി അലയടിച്ചു കേൾക്കുന്ന പോലെ. ഉള്ളിൽ ഒരു ഭൂതകാലത്തിന്റെ കനലെരിഞ്ഞു.

ചാരിയിട്ട വാതിലിന്റെ വിടവിലൂടെ അവനെ തന്നെ നോക്കി നിന്ന ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

ഉള്ളിൽ ഉരുണ്ടു കൂടിയ സങ്കടക്കടൽ അവർ സാരിതലപ്പുകൊണ്ട് വാ മൂടി ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ട് താഴെക്കിറങ്ങി.

താഴെ രഘു ഉണ്ടായിരുന്നു.

“” എനിക്ക് പറ്റുന്നില്യേട്ടാ… എന്റെ കണ്ണന്റെ അവസ്ഥ കണ്ടു നിൽക്കാൻ…. ന്റെ വയറ്റിൽ പിറന്നില്ലെന്നേ ഒള്ളൂ…. ഈ നെഞ്ചിൽ കിടത്തിയാ ഞാനെന്റെ കണ്ണനേം പറുനേം വളർത്തീത്…

നിക്ക് ആവുന്നില്യേട്ടാ… ന്റെ മോൻ….. “”

പാതി മുറിഞ്ഞ വാക്കുകൾ പറഞ്ഞു നിർത്തിയവർ മുറിയിലേക്ക് നടന്നു. അവരെ ഒന്നു സമാധാനിപ്പിക്കാനാകാതെ അയ്യാൾ നിന്നു. വാക്കുകൾ കൊണ്ടുള്ള ആശ്വസിപ്പിക്കലിനും പരിമിതികൾ ഇല്ല്യേ…

അയാളുടെ മനസ്സിൽ രണ്ട് മുഖങ്ങൾ തെളിഞ്ഞു. അകാലത്തിൽ കൊഴിഞ്ഞ രണ്ട് അധ്യായങ്ങൾ.

തുടരും…..

ഇഷ്ടാവുന്നില്യേ….

പാറു ആരെന്ന കാര്യത്തിൽ കുറച്ചു പിടി കിട്ടിയല്ലോലെ… മുൻ partil നിങ്ങൾ പലരും ആയി പാറുവിനെ തെറ്റിദ്ധരിച്ചുവെങ്കിൽ അതെന്റെ എഴുത്തിന്റെ പോരായ്മ കൊണ്ടായിരിക്കണം.

ക്ഷമിക്കണേ…

അപ്പൊ ബെല്ല്യ comment ഒക്കെ പോന്നോട്ടെയ്…

ബാക്കി നാളെ….

രചന : Vava…

Scroll to Top