എന്റെ ഭർത്താവ് , അയാൾക്ക് ഇപ്പോൾ എന്നെ മടുത്തു എന്ന്.. ഒന്ന് വിളിക്കാറ് പോലുമില്ല

രചന : ആതി

മിത്ര

❤❤❤❤❤❤❤

“വാർത്തകളുമായി വിനയ് നമുക്കൊപ്പം ചേരുന്നു..പറയൂ വിനയ്..എന്താണ് കോടതിയിൽ നടന്നത്?ഇനി എന്താണ് പോലീസിന്റെ അടുത്ത നീക്കം..?”

“അഞ്ജലി..കോടതിയിൽ എത്തിച്ച മിത്രയെ ഇനി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ആണ് ഉത്തരവിൽ പറയുന്നത്.അവർക്ക് മാനസികമായി പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. അങ്ങനെ അല്ലെന്ന് തെളിയിക്കാൻ പറ്റിയില്ല.അവരുടെ ഭർത്താവ് തന്നെ കൂടെ ജോലി ചെയ്യുന്നവരോട് മുമ്പ് എപ്പോഴോ അങ്ങനെ പറഞ്ഞിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്….

അതാ…. മിത്രയെ കൊണ്ടുപോവുകയാണ്.സ്വന്തം ഭർത്താവിനെ വീടിനുള്ളിൽ വച്ച് കൊലപെടുത്തി,

വെട്ടിക്കീറി കത്തിച്ച മിത്ര ഇനി മുതൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ….അവരുടെ അച്ഛനും അനിയത്തിയും നെഞ്ച് തകർന്നു നിൽക്കുന്ന കാഴ്ച എല്ലാവരെയും കണ്ണീരിൽ ആഴ്ത്തുന്നതാണ്…”

ന്യൂസ് ചാനലിൽ മിത്രയുടെ മുഖം എടുത്തുകാണിക്കുമ്പോൾ അനന്യ അവളുടെ മുഖത്തേക്ക് ഉറ്റ് നോക്കി.

പ്രതീക്ഷയുടെ തിരിനാളങ്ങൾ അണഞ്ഞു പോയ കണ്ണുകൾ ,പാറി പറന്ന മുടിയിഴകൾ , വിലങ്ങുകൾ അണിഞ്ഞ കൈകൾ അവയെ മാടിയൊതുക്കാൻ ശ്രമിക്കുന്നുണ്ട്. വിഭ്രാന്തി മനസ്സിനെ കീഴടക്കിയ പോലെ എന്തെല്ലാമോ ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്.

അനന്യയുടെ കണ്ണിൽ നിന്ന് നീർത്തിളക്കം നിറഞ്ഞ കണ്ണുനീർ തുള്ളി ഉരുണ്ടുകൂടി കവിളിലൂടെ പെയ്തിറങ്ങി. മുറിയിലേക്ക് നടന്നു അനന്യ പഴയ ഒരു പെട്ടി കട്ടിലിന്റെ അടിയിൽ നിന്നും വലിച്ചെടുത്തു.

അതിലെ പൊടി എല്ലാം തട്ടി കളഞ്ഞ്,അനന്യ പെട്ടി തുറന്നു.അതിനുള്ളിൽ നിന്ന് ഒരു ആൽബം എടുത്ത് മടിയിൽ വച്ചു. താളുകൾ അതിവേഗം മറിച്ച് ഒരു ഫോട്ടോയിൽ അവളുടെ കണ്ണുകൾ ഉടക്കി.മൈക്കിനു മുന്നിൽ നിൽക്കുന്ന ഒരു ഊർജ്ജസ്വലയായ പെൺകുട്ടി.

“മിത്ര….നീ….”അവളുടെ ചുണ്ടുകൾ പിറുപിറുത്തു.ഓർമയിൽ അവളുടെ കൂട്ടുകാരിയായ മിത്രയുടെ ചിത്രം തെളിഞ്ഞു വന്നപ്പോൾ ,അനന്യ കട്ടിലിൽ കയറി കിടന്നു കണ്ണുകൾ അടച്ചു.

❤❤❤❤❤❤❤❤

“സ്ത്രീകൾക്ക് സ്വപ്നങ്ങൾ ഉണ്ട്,ആഗ്രഹങ്ങൾ ഉണ്ട് .കല്യാണം എന്ന കയർ കൊണ്ട് ഒരിക്കലും അവരെ കെട്ടിയിടരുത്. അവരും പറക്കട്ടെ ഉയരങ്ങളിലേക്ക്

പ്രസംഗത്തിന്റെ അവസാന ഭാഗം പറഞ്ഞു നിർത്തുമ്പോഴേക്കും അവിടെ കൂടിയിരുന്ന ആളുകളുടെ കൈയടി കൊണ്ട് ഇരമ്പുന്ന കടൽ പോലെ ആയി തീർന്നിരുന്നു ഓഡിറ്റോറിയം.

സന്തോഷത്തോടെ ഇറങ്ങി വരുന്ന മിത്ര. നീണ്ടു മെലിഞ്ഞ ശരീരം,നിതംബം വരെ നീളുന്ന കറുത്തിരുണ്ട ചുരുണ്ട മുടി, ചൊടികളിൽ തത്തി കളിക്കുന്ന പുഞ്ചിരി. പഠനത്തിൽ മിടുക്കി..

മിത്ര….അവളായിരുന്നു കോളജിലെ താരം.

അവൾക്ക് ഒരുപാട് കൂട്ടുകാർ ഒന്നും ഉണ്ടായിരുന്നില്ല.

ഒരാളോട് മാത്രം അവളെല്ലാം പറയുമായിരുന്നു. അനന്യയോട്…

പാവപെട്ട വീട്ടിൽ നിന്നും ആയത് കൊണ്ട് തന്നെ,പഠിച്ച് ജോലി വാങ്ങണം എന്നതായിരുന്നു അവളുടെ ലക്ഷ്യം. അവൾക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അമ്മ അവൾക്ക് 20 വയസ്സ് ആയപ്പോൾ ക്യാൻസർ വന്നു അവരെ വിട്ട്‌ പോയി. ഒരു അനിയത്തി ഉണ്ട്.അവളെ പഠിപ്പിച്ച് ഡോക്ടർ ആക്കാൻ ആണ് അവളുടെ മറ്റൊരു ലക്ഷ്യം.

അങ്ങനെ പഠിത്തം കഴിഞ്ഞു നല്ലൊരു പി എസ്സ് സി ജോലി സമ്പാദിച്ചു . പിന്നീട് അനിയത്തിയെ എം ബി ബി. എസ്സ് പഠിക്കാൻ ചേർത്തി.

അതിനു ശേഷമായിരുന്നു കല്യാണം. കാര്യമായി ആഘോഷം ഒന്നും ഇല്ലാതെ ലളിതമായി ആയിരുന്നു കല്യാണം. അതിനു ശേഷം അവളുമായി അങ്ങനെ സംസാരിച്ചിട്ടില്ല .

അനന്യയുടെയും വിവാഹം കഴിഞ്ഞതിനു ശേഷം അങ്ങനെ നാളുകൾ പോയി.ഒരിക്കൽ മാത്രം മിത്ര വിളിച്ചു.ഒരു തവണ കോളജിൽ വച്ച് കാണണം എന്ന് പറയാൻ. പക്ഷേ പോകാൻ തീരുമാനിച്ചപ്പോഴേക്കും…

ഇല്ല എനിക്ക് അവളെ കാണാൻ പോകണം. ഒരിക്കൽ മാത്രം. മനസ്സിന്റെ താളം തെറ്റിയത് എങ്ങനെ എന്ന് അറിയണം.

ആഴ്ച ഒന്ന് കഴിഞ്ഞു. അനന്യ മിത്രയെ കാണാൻ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തി. കോടതിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് അനന്യ മിത്രയ്ക്ക്‌ അരികിൽ എത്തിയത്.

ഇരുമ്പഴികൾക്ക്‌ പിന്നിൽ നിർജീവമായി കിടക്കുന്ന മിത്ര. അനന്യ ഇരുമ്പഴികൾക്ക്‌ ഇടയിലൂടെ വിളിച്ചു…

” മിത്ര…”

ആ വിളി പ്രതീക്ഷിച്ച പോലെ മിത്രയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

” വൈകി പോയി…”

ശാന്തവും വേദനയും കലർന്ന ഒരു നേർത്ത ശബ്ദം മിത്രയുടെ കണ്ഠത്തിൽ നിന്നും ഉയർന്നു. ചങ്ങലകൾ കൊണ്ട് ബന്ധിച്ച കാലുകൾ വലിച്ച് വലിച്ച് മിത്ര അനന്യയുടെ അടുത്തേക്ക് നടന്നു. പാദസരങ്ങൾ മുത്തമിടേണ്ട കാലുകളിൽ വിരിഞ്ഞു കെട്ടിയ ചങ്ങലകൾ കാൺകെ ,അതിന്റെ കിലുക്കം കേട്ടപ്പോൾ അനന്യയ്ക്ക്‌ ഓർമയിൽ വന്നത് കിലുക്കംപെട്ടി പോലെ ചിരിക്കുന്ന മിത്രയെ തന്നെ ആയിരുന്നു.

ഒരു ചെറു പുഞ്ചിരി തൂകി മിത്ര അവളുടെ കൈകൾ കൊണ്ട് അനന്യയെ തഴുകി.

“ഒരുപാട് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ടായിരുന്നു. ഇനി ഒന്നും പറയാൻ ഇല്ല മോളെ.

എന്നെങ്കിലും നീ എന്നെ തേടി വരുമ്പോൾ തരാൻ കാത്ത് വച്ച ഒന്നു മാത്രം എന്റെ കൈയിൽ ഉണ്ട്.

അത് നിനക്ക് തരാം. ”

നടന്നു പോയി ഒരു ഓരത്ത് വച്ച ഒരു പുസ്തകം അവളുടെ നേർക്ക് മിത്ര നീട്ടി. അത് വാങ്ങി ഭദ്രമായി ബാഗിൽ വച്ചിട്ട് അനന്യ മിത്രയുടെ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടാതെ ഒരു നോട്ടം മാത്രം തിരികെ നൽകി മിത്ര നടന്നകന്നു. പ്രിയപ്പെട്ട കൂട്ടുകാരിക്ക് മൗനം മാത്രം സമ്മാനിച്ച്..

തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരം ചോദ്യങ്ങൾ അനന്യയിൽ ഉടലെടുത്തു.വീട്ടിലെത്തി ബാഗിൽ നിന്നും എടുത്ത പുസ്തകം അവൾ തുറന്നു .പ്രഥമദൃഷ്ട്യാ ഒരു നോവൽ ആണെന്ന് തോന്നുമെങ്കിലും അത് ഒരു ഡയറി ആയിരുന്നു.ആദ്യ പേജിൽ തന്നെ മിത്ര കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു.അത് അവളുടെ ജീവിതമായിരുന്നു. അനന്യ അറിയാൻ വേണ്ടി മിത്ര എഴുതിയ താളുകൾ..

❤❤❤❤❤❤❤

അനന്യ…

അല്ല അങ്ങനെ അല്ലാലോ ഞാൻ നിന്നെ വിളിക്കാറ്…

അനു…

തിരക്കുകൾ നമ്മെ തമ്മിൽ അകറ്റിയെങ്കിലും ,മനസ്സിൽ എന്നും നീ ഉണ്ടായിരുന്നു. നമ്മൾ ചിലവഴിച്ച ഓരോ നിമിഷവും ഞാൻ ഇടയ്ക്കിടെ ഓർക്കും..

ജീവിതം പലപ്പോഴും നമ്മെ കോമാളി ആക്കുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. വയ്യെടോ..കുറെ ആയി . സഹനം ഇപ്പൊൾ എന്നെ കൊല്ലുന്നത് പോലെ. വിവാഹ ജീവിതം ഒരു പെണ്ണിന് എന്നും കടിഞ്ഞാൺ ആണെന്ന് തോന്നിപ്പോവും ചില നേരത്ത്. ഒരു ജോലി ഉള്ളത് കൊണ്ട് പിടിച്ചുനിൽക്കാൻ പറ്റുന്നു. എന്റെ ഭർത്താവ് ,അയാൾക്ക് ഇപ്പോൾ എന്നെ മടുത്തു എന്ന്. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന അയാൾ എന്നെ ഒന്ന് വിളിക്കാറ് പോലുമില്ല. ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത പെണ്ണിനെ അയാൾക്ക് വേണ്ട പോലും. ഞാൻ ഒരുപാട് ഡോക്ടർമാരെ കണ്ടെടോ. പക്ഷേ ,എനിക്ക് അല്ല കുഴപ്പം.

അയാൾക്ക് ആണെന്ന് പറയുമ്പോൾ സമ്മതിക്കുന്നത് പോലുമില്ല. ഗത്യന്തരമില്ലാതെ ജീവിതം മുന്നോട്ട്…

അനിയത്തി പഠിച്ച് കഴിഞ്ഞ് , ഒരു ജോലി ആക്കി അവളുടെ വിവാഹം കഴിഞ്ഞാൽ ഞാൻ ഈ ബന്ധം ഒഴിയും. ഇനിയും വയ്യ. അടി, തൊഴി അങ്ങനെ പലതും. ആരോട് പറയാൻ? ഞാൻ സ്വസ്ഥമായി കഴിയുകയാണെന്ന് വിചാരിച്ച് നടക്കുന്ന അച്ഛനോടോ?

ഇനിയും ആ വിഷമം കാണാൻ വയ്യ.

അവരുടെ വീട്ടിൽ ആദ്യമൊക്കെ ചെറിയ മുറുമുറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.പക്ഷേ ,പിന്നെ മച്ചി എന്ന പേര് തന്നെ എനിക്ക് ചാർത്തി. അവരുടെ മകന്റെ ജീവിതം ഞാൻ തുലച്ചു എന്നാണ് പറയുന്നത്. മദ്യപിക്കുന്നത് ഒന്നും മറ്റുള്ളവർക്ക് അറിയില്ല.

എത്തുന്ന രാവുകളിൽ അസഹ്യമായ ചെയ്തികൾ എന്നിൽ പരീക്ഷിക്കും. വീട്ടിൽ ആരുമില്ലാത്ത സമയത്ത് മറ്റു സ്ത്രീകളുമായി പോലും …..

അത് ചോദ്യം ചെയ്തപ്പോൾ എന്നെ സംശയരോഗി ആക്കി മറ്റുള്ളവർക്ക് മുന്നിൽ ചിത്രീകരിച്ചു.

എല്ലാം ഞാൻ ഉള്ളിൽ ഒതുക്കുകയാണ്. എന്നാണ് ഇതിനെല്ലാം ഒരു അവസാനം? അറിയില്ല…

ആരെയും കാണാനോ ഈ പ്രശ്നങ്ങൾ പറയാനോ വയ്യെട. പിന്നീടുള്ള നോട്ടങ്ങളും സ്പർശനങ്ങളും ഞാൻ ഭയപ്പെടുന്നു. മരണം പോലും എന്നിൽ നിന്നും അകന്നു നിൽക്കുന്നു.

❤❤❤❤❤❤

പിന്നീടുള്ള കുറെ താളുകൾ ശൂന്യമായിരുന്നു.

അവളുടെ ജീവിതം പോലെ ശൂന്യം. നല്ലൊരു ജോലി ഉണ്ടായിട്ട് പോലും ധൈര്യം ഇല്ലാത്ത പൊട്ടി പെണ്ണ് മിത്ര.അതിവേഗം അനന്യ താളുകൾ മറിച്ചു.

അവയിൽ രക്തം പറ്റിപ്പിടിച്ച് കിടന്നിരുന്നു.

❤❤❤❤❤❤❤

അനന്യ ..

തീർന്നു. എല്ലാം തീർന്നു. ഞാൻ അയാളെ കൊന്നു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അയാൾ… അയാൾ ഇന്ന് …ഇന്ന് എന്റെ അനിയത്തിയെ..

ഹോസ്റ്റലിൽ നിന്ന് വന്ന അവളെ അയാൾ മയക്കുമരുന്ന് കൊടുത്ത് ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചു.. അത് കണ്ട് വന്ന അച്ഛനെ അയാൾ അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കി.

ജോലി കഴിഞ്ഞ് തിരികെ എത്തിയ ഞാൻ കണ്ട കാഴ്ചകൾ….

അയാളെ തള്ളി മാറ്റാൻ ശ്രമിക്കുന്ന അനിയത്തിയെയും അടിയേറ്റ് ബോധം മറഞ്ഞു നിലത്ത് കിടക്കുന്ന അച്ഛനെയും… പിന്നൊന്നും ആലോചിച്ചില്ല. വെട്ടുകത്തി എടുത്ത് ഞാൻ അയാളെ വെട്ടി കീറി. വേറെ വഴി ഇല്ലായിരുന്നു.

നിയമം ഞങ്ങളെ സഹായിക്കില്ല. എന്റെ അനിയത്തിയെ ഒരു ഇരയായി കാണാൻ ആരെയും ഞാൻ അനുവദിക്കില്ല. അവൾക്ക് വേണ്ടിയാണ് എല്ലാം ഞാൻ സഹിച്ചത്. അത് തെറ്റായി പോയി.

ഒരു തെളിവും ബാക്കി വയ്ക്കാതെ ഞാൻ അവനെ കത്തിച്ചു. അവൾക്ക് ഇങ്ങനെ ഒരു ദുർവിധി ഉണ്ടായെന്ന് ആരും അറിയില്ല. ഇതെല്ലാം എന്റെ കൂടെ മണ്ണിൽ കുഴിച്ചുമൂടപെടും. നീയും ഞാനും അച്ഛനും അനയത്തിയും അറിയുന്ന രഹസ്യം. അത് ഒരിക്കലും പുറംലോകം അറിയരുത്.

നിന്റെ മിത്രയുടെ അവസാന ആഗ്രഹമാണിത്. ഇനി ഞാൻ ഒരു ഭ്രാന്തി ആയിരിക്കും. മരണം വരെ.

ഇല്ലെങ്കിൽ ഞാൻ അവനെ എന്തിന് കൊന്നു എന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകേണ്ടി വരും.

എനിക്ക് അയാളെ ഉപേക്ഷിക്കാമായിരുന്നു.എന്നാലും മനസ്സിൽ അയാളെ പ്രതിഷ്ഠിച്ചിരിക്കുന്നു.

എന്നെങ്കിലും എന്നെ സ്നേഹിക്കുമെന്ന് മനസ്സ് ഉരുവിട്ടിരുന്നൂ.എന്റെ അനിയത്തി ഉയരങ്ങളിൽ എത്തണം .എന്റെ ആഗ്രഹം അവൾക്ക് പൂർത്തിയാക്കാൻ കഴിയും.എനിക്ക് നിന്നോട് ഒരു ആവശ്യം പറയാനുണ്ട്.നീ എന്റെ അനിയത്തിയെ ചെന്ന് കാണണം.അവൾക്ക് ഒരു ചേച്ചിയായി എന്നും കൂടെ ഉണ്ടാവണം.എന്റെ അച്ഛന്റെ മിത്രയായി ..എനിക്ക് പകരമായി…

എന്ന്

സ്വന്തം

മിത്ര….

❤❤❤❤❤❤

കണ്ണീരോടെ അനന്യ ആ ഡയറി അടച്ച് വച്ചു.അടുക്കളയിലേക്ക് നടന്നു അനന്യ

വിറകടുപ്പ്‌ കത്തിച്ചു.ഓരോ താളുകളായി അതിലേക്ക് പറിച്ചിടുമ്പോൾ , മിത്രയുടെ പ്രതികാരം ഒരു അഗ്നിയായി അവളുടെ ഭർത്താവിനെ വിഴുങ്ങിയ പോലെ ,താളുകളും അതിലെ രഹസ്യവും തീയിൽ എരിഞ്ഞ് ചാമ്പലായി.

ഒരിക്കലും ആരും അറിയാതെ അനന്യ രഹസ്യവും പേറി ജീവിതത്തിലേക്ക്. മനസ്സ് നീറുന്ന വേദനയുമായി ,എന്നാലും ചെറിയ സംതൃപ്തിയോടെ മിത്ര ഭ്രാന്തിയായി അഴികൾക്ക്‌ പിന്നിലും…

അവളുടെ ആഗ്രഹം അനന്യ സഫലമാക്കി.അവളുടെ അച്ഛനും അനിയത്തിക്കും കൂട്ടായി അനന്യ ഉണ്ട്.മിത്ര തിരികെയെത്തും വരെ..

ഇനിയും നമുക്കിടയിൽ മിത്രകൾ ഉണ്ടാവും അല്ലെങ്കിൽ ഇനിയും ഉടലെടുക്കാം

അവസാനിച്ചു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ആതി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top