നീയങ്ങ് നീങ്ങി നിൽക്ക്… ആർത്തവക്കാരി അടുത്ത് നിൽക്കുന്നതേ അശുദ്ധിയാണ്…

രചന : Arjun D Nair

അന്ന് അവൾ വളരെ സന്തോഷവതിയായിരുന്നു. തന്റെ പ്രിയപ്പെട്ട സുഹൃത്തും ഭർത്താവിന്റെ അമ്മാവന്റെ മകളുമായ ദേവിക വീട്ടിലേക്ക് വിരുന്നെത്തുന്നതിന്റെ സന്തോഷം.

അനാഥക്കുട്ടിയായി ജനിച്ചതുകൊണ്ടാവും ഭർത്തവായ നന്ദന്റെ ബന്ധുക്കളെ സ്വന്തം ബന്ധുക്കളെപ്പോലെ തന്നെയാണ് അവൾ കണ്ടിരുന്നത്.

അതുകൊണ്ട് തന്നെ അവരുടെ വരവ് അവൾക്കേറെ സന്തോഷമുള്ളതായിരുന്നു.

നന്ദന്റെ അമ്മ വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ എത്തിയപ്പോൾ അവളവിടെ കറിക്ക് നുറുക്കുകയായിരുന്നു.

“ആഹാ… മോള് വെളുപ്പിനേ എഴുന്നേറ്റോ…?”

“ഉവ്വമ്മേ… അവരെല്ലാവരും ഇന്ന് വിരുന്നു വരുന്നതല്ലേ… ഭക്ഷണം ഒരുക്കണ്ടേ? അതുകൊണ്ട് നേരത്തേ എഴുന്നേറ്റ് തുടങ്ങി..”

“എന്തിനാ മോളേ? ഇന്നലെ രാത്രി ജോലികളെല്ലാം തീർത്തിട്ട് നീ കിടന്നപ്പോഴേക്കും കുറേ വൈകിയില്ലേ..?? കറിക്ക് നുറുക്കലൊക്കെ അമ്മ ചെയ്യില്ലായിരുന്നോ…??”

“സാരമില്ലമ്മേ, സ്വന്തം ബന്ധുക്കൾക്ക് വെച്ചുവിളമ്പാനുള്ള ഭാഗ്യമോ ഈ അനാഥപ്പെണ്ണിനില്ല.

ഇങ്ങനെയെങ്കിലും എനിക്കാ വിഷമം തീർക്കാല്ലോ…”

“എന്തിനാ മോള് അങ്ങനെ ചിന്തിക്കുന്നത്? നിന്നെ ഒരിക്കലും ഞാനൊരു മരുമകളായി മാത്രം കണ്ടിട്ടില്ല.

ഈ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ മോള് തന്നെയാണ് നീ. എന്നും ഈ വീട്ടിൽ നന്ദന് തുല്യമായി മാത്രമേ ഞാനും അച്ഛനും നിന്നെ കണ്ടിട്ടുള്ളു. അതുകൊണ്ട് നീ ഒരനാഥയാണെന്ന കാര്യം ഇനി ഓർക്കേണ്ട. നിനക്ക് അച്ഛനുണ്ട്, അമ്മയുണ്ട്, എല്ലാ ബന്ധുക്കളുമുണ്ട്.”

ഇതുകേട്ട അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകി.

“അമ്മേ…?! ചായ…!”

“ങാ മോളെ നന്ദൻ എഴുന്നേറ്റെന്ന് തോന്നുന്നു. നീ ഈ ചായ അവനു കൊണ്ടുപോയി കൊടുക്ക്.

കറിയുടെ കാര്യം അമ്മ നോക്കാം.”

“ശരിയമ്മേ…”

“നന്ദേട്ടാ… ചായ”. സിറ്റൗട്ടിൽ ഇരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന നന്ദനും അച്ഛനും അവൾ ചായ കൊണ്ടുപോയി കൊടുത്തു.”

“ശിൽപേ…? നീയിന്നു നേരത്തെ എഴുന്നേറ്റോ…?”

“ഉവ്വ് നന്ദേട്ടാ… ഇന്ന് ദേവുവും അമ്മാവനുമൊക്കെ വരുന്നതല്ലേ..?? ഊണൊരുക്കണ്ടേ…?? അയ്യോ എണ്ണ ചൂടായിക്കാണും. ഞാനകത്തേക്ക് ചെല്ലട്ടെ…”

ഇതു കണ്ടോണ്ടുനിന്ന അച്ഛൻ പറഞ്ഞു.

” പാവം കുട്ടി. എല്ലാവരും വരുന്നതിൻറെ സന്തോഷത്തിലാണ് അവൾ..”

നന്ദൻ ഒന്ന് പുഞ്ചിരിച്ചു.

അകത്ത് തോരൻ ചീനച്ചട്ടിയിലിട്ട് ഇളക്കിക്കൊണ്ടിരുന്നപ്പോഴാണ് അവൾക്ക് അടിവയറ്റിൽ പെട്ടെന്നൊരു വേദന വന്നത്.

“നന്ദേട്ടാ…!!” അവൾ നിലവിളിച്ചുകൊണ്ട് താഴേക്ക് വീണു. ശബ്ദം കേട്ട് ഉമ്മറത്തിരുന്ന നന്ദൻ ഓടിവന്നു. വന്നപ്പോൾ അവൾ തറയിൽ ഇരിക്കുകയായിരുന്നു. അപ്പോഴേക്കും ഇലവെട്ടാൻ പോയ അമ്മയും വന്നു.

“അമ്മേ… അവൾക്ക്…” നന്ദൻ പേടിച്ചുകൊണ്ട് ചോദിച്ചു.

അമ്മ ഒരുനിമിഷം അവളെ നോക്കിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു. “ഒന്നുമില്ലെടാ… അവൾക്ക് മാസമുറ വന്നതാ…”

“ഹോ അത്രേയുള്ളോ… ഇവളുടെ നിലവിളി കേട്ടപ്പോൾ ഞാനങ്ങ് പേടിച്ചുപോയി. ഇതിനാണോടീ പോത്തേ ഇങ്ങനെ കിടന്ന് കാറിയത്…ഹഹ” നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“സോറി നന്ദേട്ടാ…” അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

“ങാ മോനേ, കടുക് തീർന്നു. നീയാ ബൈക്കെടുത്ത് കവലയിൽ പോയി ഒരു 100 ഗ്രാം കടുക് വാങ്ങിയിട്ട് വാ.. ”

അമ്മ പറഞ്ഞു.

നന്ദൻ ബൈക്കെടുത്ത് പോകാൻ ഒരുങ്ങിയപ്പോൾ ശില്പ വന്ന് ഉമ്മറത്ത് നിന്നു.

“നീയെന്താ നിന്ന് പരുങ്ങുന്നത്? എന്തെങ്കിലും വാങ്ങണോ…??”

അവൾ പേടിച്ച് ചുറ്റും നോക്കിയിട്ട് അവന്റെ അടുത്ത് ചെന്ന് കാതിൽ മെല്ലെ പറഞ്ഞു.

“ഏട്ടാ… എനിക്കൊരു വിസ്പർ വാങ്ങിയിട്ട് വരുമോ…??”

ഇതുകേട്ട അവൻ പൊട്ടിച്ചിരിച്ചു. “ഇതിനാണോ നീയിങ്ങനെ പേടിച്ചത്…??”

“അല്ല നന്ദേട്ടാ.. ആരെങ്കിലും കേട്ടാൽ…??”

“കേട്ടാലെന്താ…?? കഞ്ചാവും മയക്കുമരുന്നുമൊന്നുമല്ലല്ലോ…?? ഒരു സാനിറ്ററി പാഡ് അല്ലേ…?? മോളേ, ഇതൊക്കെ എല്ലാ സ്ത്രീകൾക്കും എല്ലാ മാസവും വരുന്നതും അവരീ സാധനം ഉപയോഗിക്കുന്നതുമാണ്. അതുകൊണ്ട് നീയിങ്ങനെ ചമ്മുകയും നാണിക്കുകയുമൊന്നും വേണ്ട. കേട്ടല്ലോ…??”

അവൾ തലയാട്ടി.

അവൾക്കൊരുമ്മ കൊടുത്ത് നന്ദൻ ബൈക്കുമെടുത്ത് ഗേറ്റ് കടന്ന് പോയി.

അവൾ അകത്തേക്ക് ചെന്നപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നു.

“മോളേ… നന്ദന്റെ അമ്മാവൻ, അതായത് എന്റെ ഏട്ടൻ ഒരല്പം മുൻശുണ്ഠിക്കാരനാണ്. പഴഞ്ചൻ ചിന്താഗതിക്കാരനാണ്. അതുകൊണ്ട് ഏട്ടൻ എന്തെങ്കിലും പറഞ്ഞാൽ മോള് മനസ്സിലൊന്നും വെച്ചേക്കരുത്. പാവമാണ്.”

“ശരിയമ്മേ… അതെന്റെയും കൂടി അമ്മാവനല്ലേ…?? ഞാൻ ശ്രദ്ധിച്ചോളാം. ”

“ഇക്കാലത്ത് ഇങ്ങനെയുള്ള പെൺകുട്ടികളെ മഷിയിട്ടു നോക്കിയാൽ കിട്ടുമോ..??”

അമ്മ മനസ്സിൽ പറഞ്ഞു.

വൈകാതെ നന്ദൻ പോയിട്ട് വന്നു. വന്ന് കടുക് അമ്മയുടെ കൈയിലും സാനിറ്ററി പാഡ് അവളുടെ കൈയിലും കൊടുത്തു.

“അമ്മെ…?? എന്തേലും സഹായം വേണോ..??”

“ങേ?! അല്ലെങ്കിൽ അടുക്കളയുടെ പരിസരത്ത് പോലും വരാത്തവനാണല്ലോ നീ.. ഇന്നെന്ത് പറ്റി…??”

“ഓ ചുമ്മാ… നിങ്ങൾക്കിവിടെ കിടന്നു കഷ്ടപ്പെടുവല്ലേ…?? അതുകൊണ്ട് സഹായിക്കാമെന്ന് വെച്ചു. ”

“ഓ… ഒരു സഹായോം വേണ്ട… എന്റെ പൊന്നുമോനങ്ങ് ചെല്ല്. അല്ലെങ്കിൽ വെള്ളം കുടിക്കാൻ പോലും അടുക്കളയിൽ കേറാത്തവനാണ്. ” ഇത് കേട്ടതും നന്ദൻ പരിഭവം സൂചിപ്പിക്കുന്നതുപോലെ ചിറി കോട്ടി പുറത്തേക്ക് നടന്നു. അമ്മയും അവളും ആ കാഴ്ച കണ്ട് പൊട്ടിച്ചിരിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാർ ഗേറ്റ് കടന്ന് വന്നു.

“അമ്മേ ദാ അവരിങ്ങെത്തി. ”

അമ്മയും അവളും ഓടി ഉമ്മറത്ത് ചെന്നു. ദേവിക അവളെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു.

തൊട്ടുപിന്നാലെ അമ്മാവനും അമ്മായിയും ദേവികയുടെ ഭർത്താവും കുഞ്ഞും അകത്തേക്ക് കേറി.

അവർ ഡ്രോയിങ് റൂമിൽ ഇരുന്നു.

“എന്താ ശില്പയുടെ മുഖത്തൊരു ക്ഷീണം…??”

“ഒന്നുമില്ലേട്ടത്തി. അവൾക്ക് മാസമുറയായതിന്റെയാണ്. ” ഇതുകേട്ട അമ്മാവന്റെ മുഖം ചുളിയുന്നത് നന്ദൻ ശ്രദ്ധിച്ചു.”

ഇതിനിടെ ദേവികയുടെ ഭർത്താവിന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ ശില്പ ചെന്ന് എടുക്കാൻ നോക്കിയതും അമ്മാവൻ പറഞ്ഞു.

“ശില്പാ… നീയങ്ങ് മാറി നിൽക്ക്. ആർത്തവക്കാരി കുഞ്ഞിനെ തൊടുന്നത് കുഞ്ഞിനാപത്താണ്.

ഇത് കേട്ട ദേവികയടക്കം സ്തംഭിച്ചുപോയി.

തൊട്ടുപിന്നാലെ അടുത്ത ഉത്തരവും വന്നു.

“നീയങ്ങ് നീങ്ങി നിൽക്ക്…. ആർത്തവക്കാരി അടുത്ത് നിൽക്കുന്നതേ അശുദ്ധിയാണ്.”

ഇതും കൂടി കേട്ട ശില്പയ്ക്ക് സങ്കടം അടക്കാനായില്ല. അവൾ കരഞ്ഞുകൊണ്ട് അകത്തേക്കോടി.

അവളെ ആശ്വസിപ്പിക്കാൻ അകത്തേക്ക് പോവാനൊരുങ്ങിയ ദേവികയെ അയാൾ തടഞ്ഞു.

“നീയവിടെ നിൽക്ക്… എങ്ങോട്ട് പോവുന്നു…??”

“ഞാൻ.. അവളെ… അവള് പാവമല്ലേ അച്ഛാ…??”

“അല്ലെന്നാരും പറഞ്ഞില്ലല്ലോ…?? ആർത്തവ സമയത്ത് പെണ്ണുങ്ങൾ എല്ലാക്കാര്യത്തിലും ഒരു മിതത്വം പാലിക്കണം. ഇങ്ങനെ ഓടിച്ചാടി നടക്കുകയൊന്നുമല്ല വേണ്ടത്. അതെങ്ങനെയാ…?? നല്ല കുടുംബത്തിൽ വല്ലതും ജനിച്ചതാണെങ്കിലല്ലേ ഇതൊക്കെ മനസ്സിലാവൂ…?? ഏതോ അനാഥാലയത്തിൽ തന്തയാരാ തള്ളയാരാ എന്നറിയാതെ ജീവിച്ചവൾക്കൊക്കെ എന്ത് ആചാരം എന്ത് അനുഷ്‌ഠാനം…?!”

ഇതുകേട്ട നന്ദന് അടിമുടി ദേഷ്യം കേറിയെങ്കിലും അമ്മ കണ്ണുകൊണ്ട് വേണ്ടെന്ന് ആംഗ്യം കാണിച്ചപ്പോൾ അവൻ അടങ്ങി.

“ഇതൊക്കെ എല്ലാ കുടുംബങ്ങളിലും എല്ലാവരും പാലിക്കുന്ന നിഷ്ഠകളാണ്. അത് ഇവിടെ മാത്രമായി തെറ്റിക്കാൻ ഞാൻ സമ്മതിക്കില്ല.” അമ്മാവൻ പറഞ്ഞു.

ഇതെല്ലാം മുറിയിലിരുന്നു കേട്ട ശില്പ ഏങ്ങിയേങ്ങി കരഞ്ഞു. തനിക്ക് അനാഥത്വമെന്ന ദുർവിധി സമ്മാനിച്ച ദൈവങ്ങളെ അവൾ ശപിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ നന്ദൻ അവളുടെയടുത്ത് വന്നു.

“ശില്പാ… എഴുന്നേൽക്ക്. വാ ഭക്ഷണം കഴിക്കാം. എനിക്ക് വിശക്കുന്നു.”

“നന്ദേട്ടൻ പോയി കഴിച്ചോ. ഞാൻ പിന്നെ കഴിച്ചോളാം. ”

“അതെന്തിനാ… നമ്മളെല്ലാ ദിവസവും ഒരുമിച്ചിരുന്നല്ലേ കഴിക്കാറുള്ളൂ…??”

“അതല്ല നന്ദേട്ടാ… അമ്മാവന് ഇഷ്ടമാവില്ല ഞാൻ വന്നാൽ.”

“ഏയ്.. അമ്മാവൻ പാവമാണെടോ… പഴയ ആളുകളല്ലേ… അതുകൊണ്ട് പറഞ്ഞതാ… താനത് കാര്യമാക്കണ്ട. വാ…”

അവൾ നന്ദനൊപ്പം എഴുന്നേറ്റ് ഊണുമുറിയിലേക്ക് ചെന്നു. അപ്പോഴേക്കും എല്ലാവരും ഇരുന്നു കഴിഞ്ഞിരുന്നു.

ദേവികയുടെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ പോയ ശില്പയെ അമ്മാവൻ തടഞ്ഞു.

“നിനക്ക് പിന്നെ എപ്പോഴെങ്കിലും കഴിച്ചാൽ പോരെ…?? ആർത്തവമാണെന്ന ചിന്ത പോലും ഇല്ല.

ഒപ്പമിരുന്നുണ്ണാൻ വന്നിരിക്കുന്നു. അശുദ്ധിയാക്കാൻ.”

ഇതുകേട്ട അവൾ കരഞ്ഞുപോയി.

“ഓ എന്ത് പറഞ്ഞാലും ഉടനൊരു പൂങ്കണ്ണീര് ഒഴുക്കലുണ്ട്. അമ്മാവൻ പുച്ഛത്തോടെ പറഞ്ഞു.”

ഉടൻ അവൾ എഴുന്നേറ്റ് കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി.

അമ്മാവന്റെ ഇലയിൽ ചോറിടാൻ ഒരുങ്ങിയ അമ്മയെ അവൻ തടഞ്ഞു.

“അമ്മേ.. നിൽക്ക്…!!”

അമ്മ സംശയത്തോടെ അവനെ നോക്കി.

“ഇവർ പുറത്ത് ഹോട്ടലിൽ പോയി കഴിച്ചോളും. ആ ഇല എടുത്ത് മാറ്റിക്കോളൂ…!!”

“മോനെ.. നീയെന്താ ഈ പറയുന്നത്…??” അമ്മ ചോദിച്ചു.

“അല്ലമ്മേ… ആർത്തവക്കാരി ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് അമ്മാവനെന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ഉത്തരവാദികൾ ആവില്ലേ…??”

“അതിനിപ്പോൾ എന്താ…??”

അമ്മാവൻ സംശയത്തോടെ ചോദിച്ചു.

“ഓഹോ… ആർത്തവക്കാരി ഒപ്പം ഇരിക്കാൻ പാടില്ല, അടുത്ത് നിൽക്കാൻ പാടില്ല. അവളുണ്ടാക്കിയ ഭക്ഷണം മൃഷ്ടാന്നം വെട്ടി വിഴുങ്ങാം അല്ലേ…??!!”

“എടാ… നീ ആരോടാണ് സംസാരിക്കുന്നതെന്ന ബോധം വേണം. “അമ്മാവൻ ദേഷ്യത്തോടെ പറഞ്ഞു.

“ഛീ നിർത്തഡോ… താൻ ഉത്തരവിടാൻ ഇത് തന്റെ വീടല്ല… എന്റെ വീടാ… ഇനിയൊരക്ഷരം എന്റെ ഭാര്യയെക്കുറിച്ച് മോശം പറഞ്ഞാൽ ഇതുവരെ കാണാത്ത ഒരു നന്ദനെ താൻ കാണും. പണ്ട് പുളിവടിക്കുള്ള തന്റെ അടിയും കൊണ്ട് കരഞ്ഞ ആ പഴയ കുട്ടിയല്ല ഞാനിന്ന്. ഓർമ്മയുണ്ടല്ലോ.”

“നീ എന്നെ അപമാനിക്കാനാണോ വിളിച്ചു വരുത്തിയത് സുഭദ്രേ…?” അമ്മാവൻ അമ്മയോട് ആക്രോശിച്ചു.

“തന്നോട് വർത്തമാനം പറയുന്നത് ഞാനല്ലേ…?? പിന്നെന്തിനാ താനെന്റെ അമ്മയോട് ദേഷ്യപ്പെടുന്നത്…?? എന്നോട് സംസാരിക്കെടോ….”

“ശില്പാ… ഇങ്ങോട്ട് വരൂ…!!”

നന്ദൻ വിളിച്ചു.

പേടിച്ചരണ്ട മുഖവുമായി ശില്പ പതിയെ അവർക്കരികിലേക്ക് വന്നു നിന്നു.

അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.

“ഞാൻ അഗ്നിസാക്ഷിയായി താലി കെട്ടിയ പെണ്ണാണിവൾ. എന്റെ ഭാര്യ. എന്റെ നല്ല പാതി. ഇവളെ ആക്ഷേപിക്കുന്നത് എന്നെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. തനിക്ക് തോന്നിയതൊക്കെ ഇവളെ പറയാൻ ഇവളിവിടെ വലിഞ്ഞു കേറി വന്നതൊന്നുമല്ല.”

“പിന്നെ ഇവൾ അനാഥയായിപ്പോയത് ഇവളുടെ കുറ്റമല്ല. ഇവളുടെ അച്ഛനും അമ്മയ്ക്കും ഇവളെ വേണ്ടാതായി പോയത് ഇവളുടെ കുറ്റമാണോ? ഇന്ന് നിങ്ങളൊക്കെ വരുന്നു എന്നറിഞ്ഞ് വെളുപ്പിന് എഴുന്നേറ്റ് അവൾ തയ്യാറാക്കിയ ഭക്ഷണമാണ് നിങ്ങളുടെ മുന്നിലിരിക്കുന്നത്. അതിൽ ഒരു അശുദ്ധിയും ഇല്ല. നിങ്ങളെ സ്വന്തം അമ്മാവനും അമ്മായിയും ആയാണ് ഇവൾ കണ്ടത്. അതുകൊണ്ടാണ് ഭക്ഷണം പുറത്തു നിന്നും ഓർഡർ കൊടുത്ത് ഉണ്ടാക്കിക്കാം എന്നു ഞാൻ പറഞ്ഞിട്ടും ഇവൾ അതിനു സമ്മതിക്കാതെ സ്വയം പാചകം ചെയ്തത്.”

ഇതുകേട്ട അമ്മാവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ ശില്പയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

” മോള് ഈ അമ്മാവനോട് പൊറുക്കണം. കുടുംബത്തിന്റെ കാരണവരാണെന്ന അഹങ്കാരത്തിൽ ഞാനെതൊക്കെയോ പറഞ്ഞ് മോളേ വേദനിപ്പിച്ചു. അമ്മാവനോട് പൊറുക്കണം മോള്.”

ഇതുകണ്ട എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.

“ഇല്ലമ്മാവാ. നിങ്ങളെയൊക്കെ സ്വന്തം ബന്ധുക്കളയാണ് ഞാൻ കാണുന്നത്. എനിക്കൊരു വിഷമവുമില്ല. പെട്ടെന്ന് എന്റെ അനാഥത്വം പറഞ്ഞ് അമ്മാവൻ ആക്ഷേപിച്ചപ്പോൾ എനിക്ക് സഹിക്കാനായില്ല. ആരാണെന്ന് അറിയില്ലെങ്കിലും എനിക്കെന്റെ അച്ഛനെയും അമ്മയെയും ഒരുപാടിഷ്ടമാണ്.” അമ്മാവൻ അവളെ ചേർത്തുപിടിച്ച് നെറുകയിൽ ഒരു ഉമ്മ കൊടുത്തു.

“എന്നാൽപിന്നെ എല്ലാവരും വരൂ… നമുക്ക് ഭക്ഷണം കഴിക്കാം. അത് തണുത്തുപോവുന്നു.”

എല്ലാവരും ഒരുമിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.

ഭക്ഷണം കഴിഞ്ഞ് ദേവികയും ശില്പയും പുറത്തിരുന്നു കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു. അമ്മാവനും അച്ഛനും വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പെട്ടെന്ന് നന്ദൻ വന്ന് അമ്മാവന്റെ കാലിൽ തൊട്ടു.

“എന്താ നന്ദാ ഈ കാണിക്കുന്നത്..??!”

അമ്മാവൻ ചോദിച്ചു.

“അമ്മാവനെന്നോട് പൊറുക്കണം. പെട്ടെന്നുണ്ടായ ദേഷ്യത്തിന്റെ പുറത്ത് ഞാനെന്തൊക്കെയോ മോശമായി സംസാരിച്ചു.”

“ഹേയ് സാരമില്ല മോനേ. നീ പറഞ്ഞതാണ് ശരി. ഏത് ഘട്ടത്തിലും ഭാര്യയെ ചേർത്തുപിടിക്കുന്ന നിന്നെപ്പോലുള്ള ഭർത്താക്കന്മാരാണ് ആൺകുട്ടികൾ. നിന്നെ ശില്പയ്ക്ക് കിട്ടിയത് അവളുടെ ഭാഗ്യമാണ്.”

“എല്ലാവരും വന്നേ. നമുക്കൊരു ഫോട്ടോ എടുക്കാം. എല്ലാവരും കുറേക്കാലം കൂടി ഒത്തു കൂടിയതല്ലേ…??. നന്ദൻ അവന്റെ ക്യാമറയും ട്രൈപോഡും എടുത്തുകൊണ്ടു വന്നു.”

ശില്പയും ദേവികയും കൂടി അച്ഛനും അമ്മാവനും ഇരിക്കാൻ കസേരകൾ ഇട്ടു. നന്ദൻ എല്ലാവരെയും ഫ്രെയ്മിൽ കിട്ടുന്ന രീതിയിൽ നിർത്തി. ക്യാമറയിൽ ടൈമർ ഓണാക്കി ഓടിവന്ന് ശിൽപയുടെ അടുത്ത് നിന്ന് അവൻ പറഞ്ഞു.

“സ്‌മൈൽ പ്ലീസ്…”

ക്ലിക്ക്. ക്യാമറയുടെ ഫ്ലാഷ് മിന്നി.

ശുഭം. (അവസാനിച്ചു)

(ആർത്തവം ഒരിക്കലും ഒരു അശുദ്ധിയല്ല. സ്ത്രീശരീരത്തെ ശുദ്ധമാക്കുന്ന പ്രക്രിയയാണ്. പ്രത്യുല്പാദനം സാധ്യമാണെന്ന് തെളിയിക്കുന്ന പ്രക്രിയയാണ്. ആ ദിവസങ്ങളിൽ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് കു=ടുംബാംഗങ്ങളുടെ സ്നേഹവും പരിചരണവും ആണ്. അതുകൊണ്ട് നന്ദനെപ്പോലെ ബുദ്ധിയുള്ള സ്നേഹമുള്ളവരാവാൻ നമുക്കെല്ലാവർക്കും ശ്രമിക്കാം…).

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Arjun D Nair