സഖിയെ, തുടർക്കഥയുടെ പതിമൂന്നാം ഭാഗം വായിക്കൂ…

രചന : Vava….

ഓർമകളിൽ നിന്നുണരുമ്പോൾ അടഞ്ഞിരുന്ന കൺപീലികൾക്കിടയിലൂടെ കണ്ണുനീർ കവിളിനെ നനയിച്ചുകൊണ്ട് ഒഴുകിയിറങ്ങിയിരുന്നു. മുട്ടുകാൽ മടക്കി കട്ടിലുള്ള ഇരുപ്പ് തുടങ്ങീട്ട് നേരം കുറെയായി. അടുത്തു കിടക്കുന്ന ഗീതുട്ടി നല്ല ഉറക്കമാണ്.

വീണ്ടും ചുമരിൽ തല ചാരിയിരുന്നു.ഓർമകൾ പിന്നെയും നോവിക്കുന്നു.

ദിവസങ്ങളോളം തളർന്ന മനസ്സും ശരീരവുമായി ആശുപത്രിയിൽ ഓരോരുത്തരും കഴിച്ചുകൂട്ടി.

ഓരോ നിമിഷവും ജീവനുവേണ്ടി പൊരുതുന്ന പാറുവിന്റെ പാതി പൊള്ളിയ മുഖം കണ്ടു നിൽക്കാനുള്ള ശേഷി ആർക്കുമില്ല്യായിരുന്നു.

അവസാനം ജീവിതത്തിൽ ദുഖത്തിന്റെ കരിനിഴൽ പടർത്തികൊണ്ട് വിധിയുടെ കടന്നു വരവ്.

പാറുവിന്റെ വേർപാട് കൂടുതൽ തകർത്തത് രുദ്രേട്ടനെയായിരുന്നു.

പാറുവിനി തിരിച്ചു വരില്ലെന്ന സത്യം ഉൾകൊള്ളാനാകാത്ത രുദ്രേട്ടനിൽ പിന്നീട് കണ്ടത് മറ്റൊരു രുദ്രനെയായിരുന്നു.

രൗദ്ര ഭാവം കൊണ്ട… എന്തും തകർത്തെറിയുന്ന… മനസ്സ് കൈവിട്ട അവസ്ഥയിലുള്ള രുദ്രേട്ടനെ.

പിടിച്ചു മാറ്റാൻ ചെന്ന തന്നെ പോലും ഭ്രാന്തമായി മുറിവേൽപ്പിച്ചവൻ….

ഒടുക്കം പാറുവിന്റെ ചിത എരിഞ്ഞടങ്ങും സമയം അവനൊരു കൊലപാതകിയായി മാറിയിരുന്നു.

സ്വന്തം കൂടെപ്പിറപ്പിനെ ചുട്ടുചാമ്പലാക്കിയവനെ വെട്ടിയരിഞ്ഞവൻ….

നിയമക്കുരുക്കിൽ നിന്നും മോചിതനായവന് ഭ്രാന്തൻ എന്ന മുദ്ര…. മാസങ്ങളോളം ചികിത്സ….പിന്നെ എല്ലാവരിൽ നിന്നുമുള്ള അവന്റെ ഒളിച്ചോട്ടം….

എല്ലാം ഒരു ചലച്ചിത്രം പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു. കവിളിനകളെ അമർത്തി തുടച്ചുകൊണ്ട് കട്ടിലിൽ നിന്നെഴുന്നേറ്റു. വല്ലാത്ത ദാഹം തോന്നി. ഒഴിഞ്ഞ ജെഗ്ഗുമായി വാതിൽ തുറന്നു താഴെക്കിറങ്ങി.

അടുക്കളയിൽ ചെന്നു വെള്ളവുമെടുത്തു ഗോവണി കയറാൻ വരുമ്പോഴാണ് തുറന്ന് കിടക്കുന്ന മുൻവാതിൽ കണ്ടത്. ജഗ്ഗ് അടുത്തു കണ്ട ടേബിളിൽ വെച്ച് അവൾ സംശയത്തോടെ അങ്ങോട്ട്‌ നടന്നു.

മുൻ വാതിൽക്കൽ എത്തിയതും മുറ്റത്തൂടെ നടക്കുന്ന അച്ഛനെയാണ് കണ്ടത്.

“” അച്ഛനെന്താ ഈ നേരത്ത് ഇവിടെ വന്നു നിൽക്കുന്നെ..? ഉറങ്ങിയിരുന്നില്യേ… “”

അവൾ സംശയിച്ചുകൊണ്ട് ചോദിച്ചു. ഗൗരിയുടെ ശബ്‌ദം കേട്ടതും ശ്രീധരച്ഛൻ അവൾക്കു നേരെ തിരിഞ്ഞു.

“” ഏയ്യ്… ഉറക്കൊന്നും വരുന്നില്യ കുട്ട്യേ…. ഉള്ളിലൊരു കനൽ എരിയുന്നതുകൊണ്ടാവും നേരെ ചൊവ്വേ ഉറങ്ങീട്ട് കാലം കുറെ ആയി… “”

അയാൾ അവൾക്കുനേരെ ഒന്നു വിഷാദമായി ചിരിച്ചുകൊണ്ട് ഇറയത്തേക്ക് കയറി ചാരു കസേരയിൽ നിവർന്നിരുന്നു.

ആലോചനയോടെ ദൂരേക്ക് നോക്കിയിരിക്കുന്ന ആ വൃദ്ധന്റെ കണ്ണുകളിലെ വേദന തളം കെട്ടി നിൽക്കുന്നത് അവൾക്കു കാണാമായിരുന്നു. അവൾ അയാൾക്കടുത്തു അരമതിലിൽ ഇരുന്നു.

“” എന്താ അച്ഛാ… എന്തോ പ്രയാസം ഉണ്ടല്ലോ അച്ഛന്… എന്താണേലും പറഞ്ഞോളൂ… “”

ആ മനസ്സിലെ നോവ് അറിഞ്ഞ മകളായി അവൾ ചോദിച്ചു.

ആവാതുള്ളൊടത്തോളം തങ്ങളെ ഒരു കുറവും അറിയിക്കാതെ വളർത്തിയിരുന്നു. ഇന്നാ മനുഷ്യന്റെ വിഷമം തന്നെ പൊള്ളിക്കുന്നുണ്ട്. ഒന്നും ചെയ്തു തന്നില്ലെങ്കിലും എന്നും ഇങ്ങനെ ചേർത്തു പിടിക്കാൻ ആളുണ്ടായാൽ മതി. മുന്നോട്ടു ജീവിക്കാൻ അതൊരു ധൈര്യം തന്നെയാണ്.

“” ഇന്ന് വിദ്യെടെ വീട്ടിന്നു ജയൻ വന്നിരുന്നു. ഒപ്പം നിവിയും ഉണ്ടായിരുന്നു. വിദ്യ മോൾക്കൊരു ആലോചന വന്നിട്ടുണ്ടത്രേ…. ചെക്കനും രണ്ടാംകെട്ടുകാരനാ…

ഭാര്യ മരിച്ചു.വീട്ടിൽ അമ്മ മാത്രേ ഒള്ളൂ…

ഇവരന്വേഷിച്ചെടുത്തോളം നല്ല ബന്ധം ആണ്. എല്ലാം അറിഞ്ഞപ്പോ അവർക്കും എതിർപ്പില്യ…മാളൂട്ടിയെയും കൂടെ കൂട്ടിക്കോളാം എന്നാ പറഞ്ഞത്. “”

“” ന്നിട്ട്…. വിദ്യേടത്തി എന്തു പറഞ്ഞു…? സമ്മതിച്ചോ…?? “”

“” അവള് പറ്റില്ല്യാന്ന് തന്നെ തറപ്പിച്ചു പറഞ്ഞു…അവളും മോളും മാത്രം മതീത്രെ… അവളുടെ മോൾടെ അച്ഛന് പകരം മറ്റാരും വേണ്ടത്രേ… ഹാ…. അമ്മ മനസ്സല്ലേ…. ആധിയുണ്ടാവും… “”

അവളൊന്നു മൂളുക മാത്രം ചെയ്തു. അറിയാമായിരുന്നു ഏടത്തിടെ മറുപടി അതായിരിക്കും എന്ന്…

മാളൂട്ടിക്ക് വെറും രണ്ട് മാസം പ്രായമുള്ളപ്പോൾ പോയതാണേട്ടൻ. ഒരു ആക്‌സിഡന്റ് ആണ് അവരുടെ സന്ദോഷകരമായ ജീവിതം തകർത്തെറിഞ്ഞത്… വണ്ടി പിടിച്ചിട്ട് നിന്നില്ല്യ… എതിരെ വന്ന വാഹനത്തിൽ തട്ടി വീണത് തലയിടിച്ചായിരുന്നു.

ആശുപത്രിലെത്തിക്കും മുൻപേ… കഴിഞ്ഞിരുന്നു.

അന്ന് എല്ലാം തകർന്നവളെ പോലെ ഇരുന്ന ഏട്ടത്തിയുടെ മുഖം ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്യ… പിന്നീട് ഏട്ടത്തിയെ മുന്നോട്ടു നയിച്ചത് മാളൂട്ടിയുടെ കളി ചിരികളാണ്…ഒപ്പം ദുരന്തങ്ങൾ തകർത്ത ഈ വീടിനെയും മനുഷ്യരെയും.

ഏട്ടൻ പോയി വർഷങ്ങൾക്കിപ്പുറവും ഏട്ടത്തി ഇവിടെ തന്നെ നിന്നു… ഏട്ടൻ ഉറങ്ങുന്ന മണ്ണിൽ തന്നെ മാളൂട്ടി വളരണം എന്ന് പറയും.

“” പാവം കുട്ട്യാ അത്… ആർക്കും ഒരുപദ്രവം ഇല്ല്യാ അതിനെക്കൊണ്ട്…എന്നിട്ടും ദൈവം എന്തിനു അവളെ ഇങ്ങനെ പരീക്ഷിക്കുന്നൂ…. ഈ ചെറു പ്രായത്തിനിടെ ഒരുപാട് കണ്ണീരു കുടിച്ചിട്ടുണ്ടവള്…

അവളും ചെറുപ്പല്ലേ… ഇരുപത്തഞ്ചല്ലേ ആയിട്ടുള്ളു… അവൾക്കും വേണ്ടേ ഒരു ജീവിതം…

എങ്ങനെയെങ്കിലും അവളെ പറഞ്ഞു സമ്മതിപ്പിക്കണം. ഈ അടുക്കളയിൽ കിടന്നു തീർക്കാനുള്ളതല്ല അവളുടെ ജീവിതം… നമ്മുടെ കിച്ചൂട്ടനും അവളുടെ നല്ലതേ ആഗ്രഹിക്കൂ…

പറഞ്ഞു മുഴുവനാക്കുമ്പോഴേക്കും അയാളുടെ കണ്ണിൽ നനവ് പടർന്നിരുന്നു. ആ മനസ്സിലെ വേദനയുടെ ആഴം വാക്കുകളിലൂടെ ആ മകൾ മനസ്സിലാക്കിയിരുന്നു.

“” വിഷമിക്കാതെ അച്ഛാ… എല്ലാം ശെരിയാവും… വിദ്യെചിക്കും നല്ലൊരു ജീവിതം ഉണ്ടാവും… “” ചുളിവ് വീണ ആ കരങ്ങളിൽ കയ്യമർത്തി അവൾ പറയുമ്പോൾ അയാളിൽ ചെറിയൊരു ആശ്വാസം വന്നു നിറഞ്ഞിരുന്നു.

❤❤❤❤❤❤

ശനിയാഴ്ചയാണ്…

രാവിലെ തന്നെ ഗീതുവിനെയും കുത്തിപ്പൊക്കി അമ്പലത്തിലേക്കെന്നു പറഞ്ഞിറങ്ങി. പ്രധാന ഉദ്ദേശം രുദ്രെട്ടനെ കാണുകയായിരുന്നു. ആ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന തന്നോടുള്ള പ്രണയം പുറത്തുകൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ് തേവാങ്കോട്ടേക്ക് വന്നത്.

പാതി തുറന്ന് കിടക്കുന്ന രുദ്രേട്ടന്റെ മുറിയുടെ വാതിൽക്കൽ നിന്നു ഒന്നു എത്തിച്ചു നോക്കി. ആളെ മുറിയിൽ കാണാതെ വന്നതും വാതിൽ തുറന്ന് അകത്തു കയറി.

“” ഇതെവിടെപ്പോയി… “”

എന്നൊന്ന് ചിന്തിച്ചെങ്കിലും പിന്നെ ഊഹിച്ചു കുളത്തിൽ നീരാട്ടിനു പോയിട്ടുണ്ടാവും എന്ന്.

മുറി ആകെ മൊത്തം അവളൊന്നു നോക്കി.മുറി മുഴുവൻ അലങ്കോലമായിരുന്നു. പുസ്തകങ്ങൾ നിരന്നിരുന്ന മേശയിൽ നിറയെ മദ്യക്കുപ്പികളും സിഗരറ് പാക്കറ്റുകളും സ്ഥാനം പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു.

“” ഹും… ഇങ്ങേരു കുടിച്ചു നശിക്കാനുള്ള തീരുമാനത്തിലാണോ…. ഇതുമാത്രേ ഒള്ളോ.. ഇനി വെല്ല കഞ്ചാവും ഉണ്ടോ ആവോ… “” എല്ലാം ഒന്നു നോക്കി മുഷിച്ചിലോടെ പറഞ്ഞുകൊണ്ട് ഉടുത്തിരുന്ന സാരിയുടെ മുന്താണിയെടുത്തു അരയിൽ കുത്തി, എല്ലാം മുറിയിലിരുന്ന വേസ്റ്റ്ബാസ്കറ്റിലേക്ക് മാറ്റി.മുഷിഞ്ഞ തുണികളെല്ലാം എടുത്ത് താഴെക്കിറങ്ങി.

“” നീ ഇത് എങ്ങോട്ടാ ഗൗരി ചൂലുമായിട്ട്… “”

യശോധയുടെ പിൻവിളികേട്ട് അവളൊന്നു തിരിഞ്ഞു നോക്കി.

“” അത് രുദ്രേട്ടന്റെ മുറിയിലേക്ക്…ആ മുറിയുടെ കോലം ഒന്നു കാണണം… ഞാൻ ഒന്നു അടിച്ചു വാരിയിട്ട് വരാം… “”

“” ങ്ഹാ… അതെങ്ങനെയാ… എന്നെ അവൻ ആ മുറിയിലേക്കൊന്നു കയറാൻ പോലും സമ്മതിക്കില്ല്യ… അല്ലെങ്കിലേ മുട്ടുവേദന കാരണം പടി കയറാനൊക്കെ നല്ല ബുദ്ധിമുട്ടാ… എന്റെ കണ്ണെത്താതായതോടെ എല്ലാം കുഴഞ്ഞു… “”

ഗൗരി അതുകേട്ടു ഒന്നു ചിരിച്ചുകൊണ്ട് മുകളിലേക്കു പോയി. ആകെ മൊത്തം അടിച്ചുവാരി, തുണികളെല്ലാം വൃത്തിയിൽ മടക്കിവെച്ച് കിടക്കവിരി മാറ്റി വിരിക്കുമ്പോഴാണ് പുറകിൽ വാതിലിനരികിൽ കാൽപ്പെരുമാറ്റം കേട്ടത്.

രുദ്രേട്ടനാണെന്ന് മനസ്സിലായെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല്യ.

കുളി കഴിഞ്ഞു വന്നതും മുറിയിൽ അവളെക്കണ്ട രുദ്രന്റെ നെറ്റി ചുളിഞ്ഞു.

“” നീയെന്താടി ഇവിടെ… “”

ഗൗരവത്തോടെ ഉള്ള അവന്റെ ചോദ്യം കേട്ടില്ലയെന്ന മട്ടിൽ അവൾ തലയിണ കവർ ഇ=ട്ടുകൊണ്ടിരുന്നു.

“” നിന്നോടാ ചോദിച്ചേ… നീ എന്താ എന്റെ മുറിയിലെന്നു…

ശബ്ദം കുറച്ചുകൂടി കടുപ്പിച്ചുള്ള അവന്റെ ചോദ്യം കേട്ടൊന്നു തല ചെരിച്ചു നോക്കി.

“” അതെന്താ എനിക്കീ മുറിയിൽ കയറാൻ വിലക്ക് വെല്ലതും ഉണ്ടോ… ഞാൻ ആദ്യായിട്ടൊന്നും അല്ലല്ലോ ഇങ്ങോട്ടേക്കു കയറുന്നത്… “”

ചെയ്തുകൊണ്ടിരിക്കുന്ന ജോലി തുടർന്നുകൊണ്ട് തന്നെ കൂസാതെ നിൽക്കുന്ന പെണ്ണിനെ കണ്ടവൻ പല്ലുകൾ ഞെരിച്ചു. അപ്പോഴാണ് മുറിയുടെ മാറ്റം അവൻ ശ്രദ്ധിക്കുന്നത്.

മേശയിലിരുന്ന മദ്യക്കുപ്പികളും മറ്റും കാണാതെ വന്നതും അവനിൽ ദേഷ്യം നിറഞ്ഞു.

കോപത്തോടെ അവൻ പെണ്ണിന്റെ കയ്യിൽ പിടിച്ചു വലിച്ചു തനിക്കുനേരെ നിർത്തികൊണ്ട് അവളുടെ കൈപിടിച്ച് പിറകിലേക്ക് ചേർത്ത് ഞെരിച്ചുകൊണ്ട് തന്നോട് ചേർത്ത് നിർത്തി.

എന്നാൽ പെണ്ണവന്റെ നീക്കം പ്രതീക്ഷിച്ചെന്ന വണ്ണം അവനിൽ നിന്നും കുതറി മാറാതെ നിന്നു.

“” നീയാരോട് ചോദിച്ചിട്ടാടി എന്റെ മുറിയിൽ കയറിയതും ഇവിടെയിരുന്ന സാധനങ്ങൾ ഒക്കെ എടുത്ത് മാറ്റിയത്തും… ഏഹ്ഹ്… ആരോട് ചോദിച്ചിട്ടാന്നു…? “”

കണ്ണിൽ ദേഷ്യം നിറച്ചവളെ നോക്കി. പെണ്ണ് പക്ഷെ പതറാതെ നിന്നു.

“” ആരോട് ചോദിക്കാൻ…. നിങ്ങടെ മുറിയിൽ കയറുന്നതിനു ഞാനെന്തിനാ മനുഷ്യാ മറ്റുള്ളോരോട് ചോതിക്കുന്നെ… എന്റെ രുദ്രേട്ടന്റെ മുറിയെന്നു പറഞ്ഞാ അത് എന്റേം മുറിയല്ലേ…””

കണ്ണിൽ കുറുമ്പ് നിറച്ചു പറയുന്ന പെണ്ണിനെ തന്നെ അവൻ നോക്കി നിന്നു. പഴയ കൗമാരക്കാരിയുടെ കുസൃതി തങ്ങി നിൽക്കുന്ന അതേ മുഖം.

“” ഹൗ… വിട് മനുഷ്യാ… എന്റെ കൈ വേദനിക്കുന്നു… “” മുഖം ഒന്നു ചുളിച് പരിഭവത്തോടെ പറയുന്ന പെണ്ണിനെ കണ്ടതും അമർത്തിപിടിച്ചിരുന്ന കൈ താനെ അഴഞ്ഞു.

തന്നോട് ചേർന്നു നിൽക്കുന്ന പെണ്ണിന്റെ ഭാവങ്ങൾ ഒപ്പിയെടുക്കാൻ കണ്ണുകൾ ദൃധി കൂട്ടിയതും അവൾക്കു വേണ്ടി പിടയുന്ന ഹൃദയത്തെ സ്വയം ശാസിച്ചു നിർത്തി.

ഈ നേരമത്രയും പെണ്ണവന്റെ സാമീപ്യം ആസ്വദിക്കുകയായിരുന്നു.

ദേഷ്യത്തോടെയെങ്കിലും തന്നോട് പറയുന്ന വാക്കുകളിലും ഓരോ നോട്ടങ്ങളിലും പ്രണയത്തെ തേടുകയായിരുന്നു.

“” ഒന്നിറങ്ങി പോടീ എന്റെ മുറീന്ന്… “” ദേഷ്യം നടിച്ചവൻ ഒച്ച ഉയർത്തിയതും പെണ്ണ് അവനെ ഒന്നു നോക്കി കൊണ്ട് കുസൃതിച്ചിരിയാലേ മുറി കടന്നു പോയി.

തുടരും…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava….