തനിക്കൊപ്പം നാടുചുറ്റാൻ വരാനോ, തെറ്റുകൾക്ക് കൂട്ടു നിൽക്കാനോ എനിക്ക് താൽപര്യമില്ല.

രചന : Aparna Nandhini Ashokan

കൽപണി കഴിഞ്ഞുവന്ന് തൊലി പൊട്ടിയടർന്ന കൈവെള്ളയിൽ മരുന്നു പുരട്ടുന്ന ഏട്ടനെ കണ്ടപ്പോൾ അന്നാദ്യമായി ഏട്ടന്റെ കഷ്ടപ്പാടുകളെ ആലോചിച്ച് തന്റെ ഹൃദയം നീറുന്നതെന്ന് മന്യ ഓർത്തൂ. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മന്യമോളെ..എന്തിനാ കരയണേ.ഫീസ് അടക്കാൻ പോയപ്പോൾ ടീച്ചർ വഴക്കു പറഞ്ഞോടാ..ഈയൊരു തവണ ഏട്ടനോട് ക്ഷമിക്ക് ഏട്ടന്റെ കുട്ടി..കഴിഞ്ഞാഴ്ചയല്ലേ മോളുടെ സെമസ്റ്റർ ഫീസ് അടച്ചത് അതിന്റെ പിന്നാലെ വീണ്ടും വേറെ ഫീസ് അടക്കേണ്ടു വരുമെന്ന് ഏട്ടനറിയില്ലാലോ. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ചിട്ടിയടക്കാൻ കൈയിലുണ്ടായിരുന്നത് മുഴുവനായും കൊടുത്തത്..”

“അതു സാരല്യ ഏട്ടാ..ഫീ ഇന്ന് അടച്ചൂലോ അത് മതി”

“എന്നാലും ഫീസ് അടക്കാൻ ഇന്ന് അവസാന ദിവസായിരുന്നില്ലേ.ടീച്ചർ, മോളെ വഴക്കു പറഞ്ഞോന്ന് ആലോചിച്ച് ഏട്ടന് പണിസ്ഥലത്തു നിൽക്കുമ്പോഴും സമാധാനം ഇല്ലായിരുന്നൂ.ഇപ്പോ നീ കണ്ണും നിറച്ച് ഇരിക്കുന്നതു കണ്ടപ്പോൾ അതാകുമോ കാര്യമെന്ന് കരുതി വിഷമമായി.കോളേജിൽ പ്രശ്നമൊന്നും ഇല്ലെങ്കിൽ പിന്നെ മോളെന്തിനാ കരഞ്ഞത്??..”

“ഞാൻ വേറെ എന്തൊക്കെയോ ആലോചിച്ചിരുന്നതാ ഏട്ടാ..അച്ഛന്റെ കാര്യങ്ങളൊക്കെ ഓർത്തപ്പോ കണ്ണുനിറഞ്ഞതാവും”

പെട്ടന്നു തോന്നിയൊരു കള്ളം പറഞ്ഞ് മന്യ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകാനൊരുങ്ങി.

“മോളവിടെയിരുന്നേ ഏട്ടൻ ചോദിക്കട്ടെ, കഴിഞ്ഞ ആറെഴു വർഷം നിനക്ക് അച്ഛനെ പറ്റി ചിന്തകളൊന്നും ഇല്ലായിരുന്നൂല്ലോ. അതല്ലാ, ഇപ്പോ അച്ഛൻ നമ്മുടെ കൂടെയുണ്ടായിരുന്നെങ്കിൽ ഏട്ടനെക്കാൾ നന്നായി നിന്റെ കാര്യങ്ങൾ അച്ഛൻ ചെയ്തു തന്നേനെ എന്നു തോന്നുന്നുണ്ടോ എന്റെ മോൾക്ക്..”

മക്കളുടെ സംസാരം കേട്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞൂ.അച്ഛനെ പറ്റിയുള്ള സംസാരം ഒഴിവാക്കാനായി അവരെഴുന്നേറ്റു വന്ന് മന്യയുടെ അടുത്തിരുന്നൂ ഇടയ്ക്കു കയറി സംസാരിക്കാനാരംഭിച്ചൂ.

“നീയെന്തിനാ ചെക്കാ അനാവശ്യമായി ഓരോന്നു പറഞ്ഞു കൂട്ടണേ..അവള് അങ്ങനെയൊന്നും ചിന്തിക്ക പോലും ഇല്ലടാ. മോൻ കൈ കഴുകി വായോ കഴിക്കാൻ എടുത്തു വെക്കാം ഞാൻ..”

കൂടുതലൊന്നും പറയാനാവാതെ കൈ കഴുകാൻ എഴുന്നേറ്റു പോകുന്ന മകനെ നോക്കി അമ്മ കണ്ണുകൾ തുടച്ചൂ.

“നീയെന്തിനാ മോളെ പതിവില്ലാതെ അച്ഛന്റെ കാര്യങ്ങളെല്ലാം പറയാൻ പോയത് അവന് നല്ല വിഷമമായിട്ടുണ്ട്..”

“ഞാൻ അത്രക്കൊന്നും ചിന്തിച്ച് പറഞ്ഞതല്ല അമ്മേ..”

“ഇത്തരം കാര്യങ്ങൾ ചിന്തിച്ചു തന്നെ സംസാരിക്കണം.മോള് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴല്ലേ അച്ഛൻ ഒരു പെണ്ണിനൊപ്പം നാടുവിട്ടു പോയത്.അന്ന് നിന്റെ ഏട്ടൻ നാട്ടിലെ സർക്കാർ സ്ക്കൂളിൽ പ്ലസ്ടൂ ന് പഠിക്കാണ്.അച്ഛൻ പോയതിനു ശേഷം ആദ്യായീട്ട് ക്ലാസിൽ പോയ അവൻ കരഞ്ഞുകൊണ്ടാണ് അന്ന് മടങ്ങി വന്നത്. മറ്റൊരു പെണ്ണുമായുള്ള അച്ഛന്റെ ഒളിച്ചോട്ടം കാരണം എന്റെ മോൻ ഒരുപാട് പരിഹാസങ്ങൾ സഹിച്ചൂ.എന്നിട്ടും വാശിയോടെ പഠിച്ച് നല്ല മാർക്കോടെ പാസായീ..”

“ഇതെല്ലാം എനിക്കറിയാവുന്ന കാര്യങ്ങളല്ലേ. അമ്മ വീണ്ടും പഴയ കാര്യങ്ങൾ ഓർത്ത് വിഷമിക്കല്ലേ..”

“പഴയ കാര്യങ്ങൾ മോള് മറന്നു തുടങ്ങിയെങ്കിൽ അമ്മയതൊന്നു ഓർമ്മിപ്പിച്ചു തരണമെന്ന് കരുതിയിട്ട് ദിവസങ്ങളായി.കോളേജിൽ പോയി തുടങ്ങുന്നതുവരെ നിനക്ക് നിന്റെ ഏട്ടനായിരുന്നു ലോകം.അവന്റെ കഷ്ടപ്പാടുകളറിഞ്ഞ് ഒതുങ്ങിയാണ് ജീവിച്ചതും.പക്ഷേ കുറച്ചു കാലമായി അവനോടൊന്നു സ്നേഹത്തോടെ സംസാരിക്കാറുണ്ടോ നീ. ഓരോ ദിവസവും നിന്റെ ആവശ്യങ്ങൾ കൂടി കൂടി വരുന്നില്ലേ.

വിലകൂടിയ ഫോണും ചുരിദാറുമെല്ലാം ആവശ്യപ്പെടുമ്പോൾ നീ എപ്പോഴെങ്കിലും അവന്റെ ഷർട്ടും മുണ്ടും ശ്രദ്ധിച്ചിട്ടുണ്ടോ. കഴിഞ്ഞവർഷം അനിമാമന്റെ മോളുടെ കല്യാണത്തിന് അവര് വാങ്ങി കൊടുത്ത ഷർട്ടാണ് അവനിപ്പോഴും ഏതെങ്കിലും പരിപാടികൾക്ക് പോകുമ്പോൾ ധരിക്കുന്നത്.

നിന്റെ പിറന്നാള് ഓർത്തുവെച്ച് വാച്ചും നല്ല വസ്ത്രങ്ങളും ഓരോ വർഷവും വാങ്ങി തരുന്ന അവന്റെ പിറന്നാളിന് ഒരു മിഠായിയെങ്കിലും നീ കൊടുത്തിട്ടുണ്ടോ. അതെല്ലാം പോട്ടെ അവന്റെ പിറന്നാളെന്നാണെന്ന് ഞാൻ പറയാതെ നീയറിയാറുണ്ടോ.ഏതാനും വർഷങ്ങളായി എന്റെ മോള് ഏട്ടനെ മറന്നു തുടങ്ങിയേക്കാണ്.നിന്റെ ആവശ്യങ്ങൾ നടത്തി തരാനുള്ള ഒരാളായി മാത്രമാണ് നീയവനെ കാണുന്നതെന്ന് പലപോഴും എനിക്ക് തോന്നിയിട്ടുണ്ട് അതുകൊണ്ടാണ് പഴയ ചിലത് ഓർമ്മിപ്പിച്ചത്”

സങ്കടം സഹിക്കാതെ അമ്മയെ ചേർത്തു പിടിച്ച് മന്യ പൊട്ടികരഞ്ഞൂ

“എന്നോട് ക്ഷമിക്ക് അമ്മേ എനിക്ക് കൊറേ തെറ്റുപറ്റിയിട്ടുണ്ട് അതെല്ലാം തിരുത്തി പണ്ടത്തെ മന്യയാകും ഞാൻ..”

“മോള് വിഷമിക്കാൻ വേണ്ടിയല്ല അമ്മ ഇതൊക്കെ പറഞ്ഞത്.അച്ഛൻ പോയതിൽ പിന്നെ നിന്റെ അച്ഛനായി മാറുകയായിരുന്നില്ലേ അവൻ.കൂടെ പഠിച്ചവരെല്ലാം അവനെക്കാൾ കുറവ് മാർക്കോടെ പ്ലസ് ടൂ പാസ്സായിട്ടും ഇപ്പോ നല്ല കോഴ്സുകളെല്ലാം പഠിച്ച് വലിയ സ്ഥാപനങ്ങളിൽ ജോലിക്കാരായപ്പോൾ അവൻ എന്റെ കഷ്ടപ്പാടു കണ്ട് സഹിക്കാതെ പഠിപ്പ് നിർത്തി പണിയ്ക്ക് ഇറങ്ങിയതാണ്.നമുക്ക് കയറി കിടക്കാനൊരു വീടുണ്ടായതും, പട്ടിണിയില്ലാതെ ജീവിക്കുന്നതും,

മോള് നല്ലൊരു കോളേജിൽ പഠിക്കുന്നതുമെല്ലാം എന്റെ കുഞ്ഞിന്റെ അധ്വാനം കൊണ്ടാണെന്നും അവന്റെ സ്വപ്നങ്ങളെ ത്യജിച്ചുകൊണ്ടാണെന്നും നീയൊരിക്കലും മറന്നേക്കല്ലേ മന്യമോളെ..”

“ഇല്ല അമ്മാ..ഏട്ടനെ മറന്ന് ഞാനൊന്നും ചെയ്യില്ല..”

“എന്നാൽ കരച്ചിലു നിർത്തി രണ്ട് വാഴയില വെട്ടി വായോ.നാളെ സ്പെഷ്യൽ ക്ലാസിന് പോകുമ്പോൾ അമ്മ പൊതിച്ചോറ് കെട്ടിതരാം..”

“നാളെ രാവിലെ വാഴയില വെട്ടിയാൽ പോരെ.അവളവിടെയിരുന്ന് ടിവി കണ്ടോട്ടെ അമ്മേ”

“അവളുടെ കാര്യങ്ങൾ ചെയ്യേണ്ട പ്രായമായീല്ലേ മോനെ ചെറിയ സഹായങ്ങൾ ചെയ്യട്ടെ..നീ പോയി ഇല വെട്ടി വായോ മന്യേ”

കത്തി വാങ്ങി പിന്നിലെ മുറ്റത്തേക്ക് ഇറങ്ങിയ മോളെ നോക്കി അവർ കണ്ണു തുടച്ചു.

“എന്തിനാ അമ്മ കരയുന്നേ..ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ.രണ്ടാൾക്കും ഇന്നെന്താ പറ്റിയത്..”

“അവള് നമ്മളെ ചതിക്കുവാണോന്ന് എനിക്ക് സംശയമുണ്ട് മോനേ.കഴിഞ്ഞ ഞായറാഴ്ചയും അവൾ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞ് പോകാൻ ഇറങ്ങിയില്ലേ. അപ്പോഴല്ലേ അനി മാമനും കുടുംബവും വിരുന്നു വന്നത്.അതുകാരണം അവളുടെ ക്ലാസ് മുടങ്ങിയതല്ലേ.ആ തെക്കേലെ സുമയുടെ മോളെ ഇന്നലെ കടയിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചൂ..ആ കുട്ടിക്ക് സ്പെഷ്യൽ ക്ലാസ്സൊന്നും ഇല്ല്യാന്നാ പറഞ്ഞത്.അവരു ഒരു കോളേജിലല്ലേ പഠിക്കണേ..ആ കുട്ടിക്ക് ക്ലാസില്ലാതെ ഇവൾക്കു മാത്രമായി ക്ലാസുണ്ടാവുന്നതെങ്ങനെയാടാ..”

“എന്റെ അമ്മേ ഇതു എന്നോട് പറയാനാണോ ആ പെണ്ണിനെ ഇലവെട്ടാൻ പറഞ്ഞു വിട്ടത്..സുമേച്ചിടെ മോള് നമ്മുടെ മന്യയുടെ ക്ലാസിലല്ല പഠിക്കണേ. പരീക്ഷയൊക്കെ അടുക്കുമ്പോൾ ക്ലാസ് പെട്ടന്ന് തീർക്കാൻ ടീച്ചർമാര് ഇതുപോലെ ഞായറാഴ്ചയൊക്കെ ക്ലാസ് വെക്കുന്നത് പതിവാണ്.അത് എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഉണ്ടായെന്നും വരില്ല. അമ്മയിങ്ങനെ അനാവശ്യകാര്യങ്ങൾക്ക് അവളെ സംശയിക്കരുത്.നമ്മളെ മറന്ന് അവളൊരു തെറ്റിനും കൂട്ടുനിൽക്കില്ല. എനിക്ക് വിശ്വാസാണ് എന്റെ മോളെ..”

“നീയിങ്ങനെ തലയിൽ കേറ്റി വെച്ചോ പെണ്ണിനെ..അവൾക്ക് ഫോണിൽ തോണ്ടിയിരിക്കലൊക്കെ കൂടിയേക്കാണ് ഈയിടെയായീട്ട്. അവസാനം അമ്മയൊന്നും ശ്രദ്ധിച്ചില്ല, പറഞ്ഞില്ലാ എന്നൊന്നും എന്നോട് വന്ന് പറഞ്ഞേക്കരുത്”

അമ്മ കണ്ണു തുടച്ച് അടുക്കളയിലേക്ക് നടന്നൂ.അമ്മയ്ക്കു പിന്നാലെ മന്യ വരുന്നുണ്ടായിരുന്നൂ.അവളുടെ ചുവന്നു തുടുത്ത മുഖവും, നിറഞ്ഞ കണ്ണുകളും കണ്ടതും അമ്മ സംസാരിച്ച കാര്യങ്ങളെല്ലാം അവൾ കേട്ടെന്നു മനീഷിന് മനസിലായീ.അവൻ കൈനീട്ടി മന്യയെ അടുത്തു വിളിച്ചിരുത്തി.

“അമ്മയൊക്കെ പഴയ ആളുകളല്ലേ മോളേ..എപ്പോഴും ഫോൺ ഉപയോഗിക്കുന്നതു കാണുമ്പോൾ പേടിയൊക്കെ തോന്നും.

അതുകൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്.നിനക്ക് ഇരുപത് വയസ്സായപ്പോൾ കല്ല്യാണം നടത്താൽ എല്ലാവരും ഏട്ടനോട് പറഞ്ഞില്ലേ എന്നിട്ട് അതിനൊന്നും ചെവി കൊടുക്കാതെ ഏട്ടൻ നിന്നെ പഠിപ്പിക്കുന്നത് എന്തിനാ, വിവാഹം കഴിഞ്ഞ് എന്തേങ്കിലും പ്രശ്നങ്ങൾ ജീവിതത്തിലുണ്ടായാൽ നമ്മുടെ അമ്മയെ പോലെ അടുക്കള പണിക്കു പോയീട്ടും, തുണിക്കടയിൽ പോയി നിന്നും നീ കഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്.

അന്നത്തെ കാലത്ത് പത്താംക്ലാസ് വരെ പോലും പഠിക്കാൻ അമ്മയ്ക്ക് സാഹചര്യമില്ലായിരുന്നൂ.അ

തുകൊണ്ട് അച്ഛൻ ഉപേക്ഷിച്ചപ്പോൾ പല പണികൾക്കും അമ്മയ്ക്ക് പോവേണ്ടി വന്നത്.

വീട്ടുജോലിക്ക് പോയ വീട്ടിലെ മുതലാളി അമ്മയെ നശിപ്പിക്കാൻ ശ്രമം നടത്തിയെന്നറിഞ്ഞപ്പോൾ ഏട്ടൻ അയാളെ കൊല്ലണമെന്ന് കരുതി വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും നിന്റെ മുഖം കണ്ടപ്പോൾ പ്രശ്നത്തിനൊന്നും പിന്നെ പോയീല്ല.ഏട്ടൻ പഠിപ്പ് നിർത്തി പണിക്കിറങ്ങി.കാരണം, നിന്നെ നന്നായി വളർത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നൂ.

മോള് നന്നായി പഠിക്കുന്നുണ്ടെന്ന് ഏട്ടനറിയാം എന്നാലും പറഞ്ഞെന്നു മാത്രം.നാളെ സ്പെഷ്യൽ ക്ലാസ് ഉള്ളതല്ലേ കഴിച്ചിട്ട് കിടക്കാൻ നോക്ക്..”

തന്റെ മുടിയിഴകളെ വാത്സല്യത്തോടെ തലോടുന്ന ഏട്ടനെ നിറകണ്ണുകളോടെ മന്യ നോക്കിയിരുന്നൂ.

******************

“നാളെ ബസ്സ് സ്റ്റോപ്പ് കഴിഞ്ഞുള്ള വഴിയിൽ കാറിൽ ഞാൻ ഉണ്ടാകും.പത്തു മണിയ്ക്ക് തന്നെ എത്തില്ലേ ഡിയർ”

ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന നവീന്റെ വാട്സപ്പ് സന്ദേശം വായിച്ചപ്പോൾ മന്യയുടെ ഉള്ളൊന്നു പിടഞ്ഞൂ.

നവീൻ തന്റെ സുഹൃത്തിന്റെ ചേട്ടനാണ്. അവളെ കോളേജിൽ വിടാൻ വരുമ്പോഴാണ് താൻ നവീനോട് അടുക്കുന്നതും പ്രണയത്തിലാകുന്നതും.

ഇതുവരെയും അയാളുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച കറങ്ങാൻ പോകാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചത്.അന്ന് സ്പെഷ്യൽ ക്ലാസ്സുണ്ടെന്നു കള്ളം പറഞ്ഞ് ഇറങ്ങാനൊരുങ്ങിയെങ്കിലും അനി മാമൻ വന്നതു കാരണം അതുമുടങ്ങി. ഈ ആഴ്ചയെങ്കിലും ഒന്നിച്ചൊരു യാത്ര പോകണമെന്ന് നവീന്റെ ആഗ്രഹമാണ്.

കുറച്ചു സമയം മുൻപ് ഏട്ടൻ പറഞ്ഞ വാക്കുകളോരോന്നായി അവളുടെ ഹൃദയത്തെ കൂടുതൽ ആഴത്തിൽ വേദനിപ്പിച്ചു കൊണ്ടിരുന്നു.

കണ്ണുകളിറുക്കി അടച്ചു കിടന്നെങ്കിലും ഏട്ടന്റെ തൊലിയടർന്ന കൈവെള്ളയുടെ രൂപവും, തന്നെ വിശ്വാസമാണെന്ന ഏട്ടന്റെ വാക്കുകളും അവളുടെ കണ്ണിനെയും കാതുകളെയും പൊള്ളിച്ചു കൊണ്ടിരുന്നൂ.

********************

“മോളെ ഈ പൊതിച്ചോറ് കൂടി എടുക്ക്. ക്ലാസ് കഴിയാൻ വൈകിയാൽ ബസിലൊന്നും വരാൻ നിൽക്കണ്ട.ഏട്ടനെ വിളിച്ചാ മതി അവൻ ബൈക്കായീട്ട് നിന്നെ വിളിക്കാൻ വന്നോളും..”

അമ്മയുടെ മുഖത്തു നോക്കാനുള്ള ശക്തിയില്ലാത്ത കാരണം പെട്ടന്നു തന്നെ പൊതിച്ചോറ് വാങ്ങി ബാഗിൽ വെച്ച് മന്യ ഇറങ്ങി.അൽപം നടന്നു കഴിഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടനും അമ്മയും തന്നെ നോക്കിയിരിക്കുന്നത് കണ്ടു.

ആ കാഴ്ച കണ്ട് അവളുടെ നെഞ്ചൊന്നു പിടയുകയും കണ്ണുനീർ കാരണം കാഴ്ച മറയുകയും ചെയ്തൂ.കുറച്ചു ദൂരം നടന്ന് ബസ്സ്സ്റ്റോപ്പ് എത്തിയപ്പോഴെക്കും കാലുകൾ കുഴയുന്നതു പോലെ അവൾക്ക് തോന്നി.

ആളുകൾ ബസ്സ് കാത്തിരിക്കുന്നിടത്തേക്ക് കയറി ഒഴിഞ്ഞൊരിടത്ത് മന്യ ഇരിപ്പുറപ്പിച്ചൂ. അൽപദൂരം കൂടി നടന്നാൽ കാണുന്ന വളവിൽ നവീൻ കാറുമായി കാത്തു നിൽപ്പുണ്ടാകുമെന്ന് അവളോർത്തൂ.

കൈയിലിരുന്ന ഫോണിൽ നവീന്റെ മെസ്സേജ് വരുന്നുണ്ട്.അവളതു വായിച്ചു തുടങ്ങുമ്പോഴും ഏട്ടന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത്.കുറ്റബോധം വലിയ രീതിയിൽ തന്നെ വേട്ടയാടാനാരംഭിച്ചെന്ന് അവൾക്കു ബോധ്യമായി.

“നീ ഇറങ്ങിയില്ലേ മന്യേ..ഞാനിവിടെ കാറിലിരിപ്പുണ്ട്”

അൽപ സമയത്തെ ആലോചനയ്ക്കു ശേഷം അവൾ മറുപടി അയച്ചു.

“എനിക്ക് നവീനെ ഒരുപാട് ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താൽപര്യവും ഉണ്ട്.നവീന് എന്നോടുള്ളതും ആത്മാർത്ഥ സ്നേഹമാണെങ്കിൽ നമ്മുടെ കാര്യം വീട്ടിൽ പറയണം.വീട്ടുക്കാരുമായി വന്ന് എന്റെ ഏട്ടനോട് സംസാരിക്കണം.അതല്ലാതെ എന്റെ വീട്ടുക്കാരെ വിഡ്ഢിയാക്കി തനിക്കൊപ്പം നാടുചുറ്റാൻ വരാനോ, തെറ്റുകൾക്ക് കൂട്ടു നിൽക്കാനോ എനിക്ക് താൽപര്യമില്ല.നല്ലതുപോലെ ആലോചിച്ച് തീരുമാനം എന്നെ അറിയിച്ചാൽ മതി. ഇങ്ങനെയൊരു യാത്രയ്ക്ക് തയ്യാറെടുത്തിട്ട് അവസാന നിമിഷം വേണ്ടെന്നു പറഞ്ഞതിൽ എന്നോട് ക്ഷമിക്കൂ.എനിക്കെന്റെ ഏട്ടനെ ചതിക്കാൻ വയ്യ..”

മെസ്സേജ് അയച്ചതിനു ശേഷം ഫോൺ ഓഫാക്കി അവൾ വീട്ടിലേക്ക് നടന്നു.

“ഇതെന്താ ഈ പെണ്ണ് പോയതിനും വേഗം മടങ്ങി വന്നെല്ലോ.ക്ലാസിനു പോയീലേ മോളെ..”

അകത്തേക്കു കയറി വന്ന മന്യയെ കണ്ടപ്പോൾ അമ്മ അതിശയത്തോടെ ചോദിച്ചു.

“ക്ലാസ്സ് ഇല്ലെന്ന് കൂട്ടുക്കാരി വിളിച്ചു പറഞ്ഞു അമ്മേ..”

“അതെന്തായാലും നന്നായി.നീ കൈകഴുകി ഏട്ടന്റെ കൂടെ കഴിക്കാനിരുന്നോ.നേരം വൈകിയെന്നു പറഞ്ഞ് രാവിലെ കഴിക്കാതെയല്ലേ ഇറങ്ങിയത്.അമ്മ ദോശ എടുത്തിട്ടു വരാം..”

“എനിക്ക് ദോശ വേണ്ട അമ്മേ..ഏട്ടന് ചോറെടുക്കണ്ട.ഞാൻ കൊണ്ടുപോയ പൊതിച്ചോറ് ബാഗിലുണ്ട് ഞങ്ങളതു കഴിക്കാം..”

“രാവിലെ ചോറു കഴിക്കാത്തവളാണല്ലോ. ഇതെന്താ ഈ പെണ്ണിന് പുതിയ ശീലങ്ങളൊക്കെ..”

“ചില മാറ്റങ്ങൾ നല്ലതാണ്.അല്ലേ ഏട്ടാ..”

അവനവളെ നോക്കി പുഞ്ചിരിച്ചൂ.മന്യ കൈകഴുകി ഏട്ടന്റെ അടുത്ത് പൊതിച്ചോറുമായി ഇരുന്നൂ.പൊതി തുറന്ന് ചോറു കുഴക്കാൻ തുനിഞ്ഞ മനീഷിനെ അവൾ തടഞ്ഞുകൊണ്ട് അവന്റെ തൊലിയടർന്ന കൈവെള്ളയിലേക്കു നിറകണ്ണുകളോടെ നോക്കി,

“കൈയിലെ തൊലിയെല്ലാം അടർന്നിരിക്കല്ലേ കറിയാവുമ്പോൾ നീറും ഏട്ടന് ഞാൻ വാരി തരാം ഇന്ന് ”

നിറകണ്ണുകളോടെ അനിയത്തി വാരി കൊടുക്കുന്ന ചോറ് കഴിക്കുമ്പോൾ സകല ദൈവങ്ങളോടും നന്ദി പറയുകയായിരുന്നൂ മനീഷ്.

കാരണം,

രണ്ടു ദിവസം മുൻപ് രാത്രി ഏറെ വൈകിയിട്ടും അവളുടെ മുറിയിൽ നിന്ന് അടക്കിപിടിച്ച ശബ്ദം കേട്ടപ്പോൾ വാതിൽക്കൽ നിന്ന് ശ്രദ്ധിച്ചത്.മറ്റൊരാളോട് സംസാരിക്കുന്നത് മറഞ്ഞു നിന്ന് കേൾക്കുന്നത് തെറ്റാണെന്നു തോന്നിയെങ്കിലും അനിയത്തിയോടുള്ള ഏട്ടന്റെ കരുതലിന്റെ മുന്നിൽ താനതു മനപൂർവ്വം മറന്നു.അവളുടെ സംസാരത്തിൽ നിന്ന് അവൾ ആരോടോ ഇഷ്ടത്തിലാണെന്നും ഞായറാഴ്ച സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നു കള്ളം പറഞ്ഞു അവരൊന്നിച്ചു യാത്ര പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും തനിക്ക് മനസിലായിരുന്നൂ.

തന്റെ അനിയത്തി തെറ്റു ചെയ്യില്ലെന്ന വിശ്വാസം കൊണ്ടാണ് അവൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതു വരെയും തനൊന്നും അറിഞ്ഞതായി ഭാവിക്കാതിരുന്നത്.പക്ഷേ വീടിന്റെ പടി കടന്നു അവൾ പോയപ്പോൾ മുതൽ നെഞ്ചിലൊരാളലായിരുന്നൂ.അന്വേഷിച്ച് പോകണോ വേണ്ടയോ എന്ന് സംശയിച്ചു നിന്ന സമയത്താണ് താൻ പ്രതീക്ഷിച്ചതു പോലെ തന്നെ അവൾ മടങ്ങി വന്നത് ഒരുപാട് സന്തോഷം തോന്നിയപ്പോൾ.

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവൻ മന്യയുടെ കൈയിൽ നിന്നു അടുത്ത ചോറുരുള വാങ്ങി കഴിച്ചു.

അവളുടെ ഓരോ ചലനവും തനിക്കല്ലാതെ മറ്റാർക്കാണ് അറിയുക. അവന്റെ മനസ്സ് മന്ത്രിച്ചു,

“നമ്മളെ മറന്ന് അവളൊരു തെറ്റിനും കൂട്ടു നിൽക്കില്ല..എനിക്ക് വിശ്വാസമാണ് എന്റെ കുഞ്ഞിനെ..”

അവളെന്റെ ഹൃദയത്തിലുള്ളവളാണ്..!!

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aparna Nandhini Ashokan