ഇവളെക്കാൾ 18 വയസ്സ് കൂടുതലുണ്ട് അയാൾക്ക്. കണ്ടാൽ വാപ്പയും മോളും ആണെന്ന് നാട്ടുകാർ കരുതും…

രചന : ഷാൻ കബീർ

പാരമ്പര്യ സ്വത്ത്‌

***************

“ഇവളെക്കാൾ പതിനെട്ട് വയസ്സ് കൂടുതലുണ്ട് അയാൾക്ക്. കണ്ടാൽ വാപ്പയും മോളും ആണെന്ന് നാട്ടുകാർ കരുതും… അയാളെക്കൊണ്ട് ഇവളെ കല്യാണം കഴിപ്പിക്കാൻ ഇങ്ങൾക്ക് വട്ടാണോ ഉപ്പാ”

ഷാൻ ഉപ്പാനെ തറപ്പിച്ചൊന്ന് നോക്കി, ഉപ്പ ഷാനിനെ ദയനീയമായൊന്ന് നോക്കി

“അതുപിന്നെ… ഈകാലത്ത് സ്ത്രീധനം ഒന്നും വേണ്ടാന്ന് പറഞ്ഞ് നല്ലൊരു കാര്യം വരുമ്പോൾ,

എങ്ങനാ മോനേ നമ്മള് വേണ്ടാന്ന് പറയാ”

“വല്യ വർത്താനൊന്നും പറയേണ്ട, സ്വന്തം വാപ്പേണെന്നൊന്നും നോക്കില്ല, ഉണ്ടായിരുന്നതൊക്കെ കൊണ്ടുപോയി നശിപ്പിച്ചിട്ടല്ലേ…? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്”

ഷാൻ ഉപ്പാനെ നോക്കി കണ്ണുരുട്ടി

ഉപ്പ ഷാനിന്റെ കണ്ണിലേക്ക് ദയനീയമായൊന്ന് നോക്കി

“ഉപ്പ എന്ത്‌ ചെയ്യാനാ മോനേ, ഉണ്ടായിരുന്ന സമ്പാദ്യമൊക്കെ ഞാൻ ദൂർത്തടിച്ച് നശിപ്പിച്ചു. അത് ഞാൻ ഏറ്റുപറയുന്നണ്ടല്ലോ”

ഒന്ന് നിറുത്തിയിട്ട് ഉപ്പ തന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ തുള്ളികൾ തന്റെ മുണ്ടിന്റെ ഒരറ്റംകൊണ്ട് തുടച്ചുമാറ്റി. ഷാൻ അതൊന്നും മൈൻഡ് ചെയ്തില്ല, അവൻ വീണ്ടും ഉപ്പാക്ക് നേരെ ഉറഞ്ഞുതുള്ളി

“ഇനിയിപ്പം ഏറ്റുപറഞ്ഞിട്ട് വല്യ കാര്യായീ… ചെങ്ങായിമാരൊക്കെ കളിച്ച് നടക്കുമ്പം ഞാൻ പണിക്ക് പോവാണ്, അറിയോ…? ഉണ്ടായിരുന്ന സ്വത്തൊക്കെ ഇഷ്ടത്തിന് അനുഭവിച്ച് തുലച്ചിട്ട് ഇപ്പൊ കണ്ണീർവാർക്കാണ്”

ഷാൻ അത് പറഞ്ഞ് നിറുത്തിയതും, മൂത്ത പെങ്ങളും അളിയനും വീട്ടിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു. അളിയൻ ഷാനിനെ സമാധാനിപ്പിച്ചു

“ഒന്നുല്ലേലും അന്റെ വാപ്പല്ലേത് ഷാനോ, അനക്കൊന്ന് ഒരുപിടിക്ക് അടങ്ങിക്കൂടെ”

ഷാൻ അളിയനെ ദ=യനീയമായൊന്ന് നോക്കി

“ന്റെ അളിയാ, ചില സമയത്ത് ഓരോന്ന് ഓർക്കുമ്പോൾ കയ്യീന്ന് പോവും. നമ്മളൊക്കെ എങ്ങനെ ജീവിക്കേണ്ടവരാ, ഇയാളുടെ കയ്യിലിരിപ്പ് കാരണല്ലേ നമുക്കീ അവസ്ഥ വന്നത്”

ഒന്ന് നിറുത്തിയിട്ട് ഷാൻ വീണ്ടും ഉപ്പയെ നോക്കി കണ്ണുരുട്ടി

“ഒന്നും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയതല്ലല്ലോ, പാരമ്പര്യായി കിട്ടിയതല്ലേ…? ഇങ്ങളെ തലമുറവരെ അങ്ങോട്ട്‌ അടിച്ച് പൊളിച്ച് ജീവിച്ചു, ഇനിയുള്ള ഞങ്ങളുടെ തലമുറ ഇങ്ങനെ കാൽകാശിന് വകയില്ലാതെ നെരകിച്ച് ജീവിക്കണം അല്ലേ…?”

ഉപ്പ ഷാനിനെ നോക്കി

“പാരമ്പര്യായി തരാൻ ഉപ്പാന്റെ കയ്യിൽ ഒന്നുമില്ല മോനേ, ഇനി മോനായിട്ട് എല്ലാം ഒന്നീന്ന് തുടങ്ങണം. മോന്റെ തലമുറയെ മോൻ സംരക്ഷിക്കണം”

ഷാൻ പുച്ഛത്തോടെ ഉപ്പയെ അടിമുടിയൊന്ന് നോക്കി തന്റെ റൂമിലേക്ക് കയറി. കുറച്ച് സമയത്തിന് ശേഷം കയ്യിൽ ഒരു വലിയ പെട്ടിയും പിടിച്ച് ഉപ്പയുടെ മുന്നിൽ വന്ന് ആ പെട്ടി മുന്നിലേക്ക് ചെരിച്ചു. അതിൽ നിന്നും ഡോക്ടറെ കാണിച്ചതിന്റേയും, മരുന്നിന്റെയും ലിസ്റ്റുകൾ കുന്നുകൂടി

“ന്റെ ഉപ്പ എനിക്ക് പാരമ്പര്യായി ഒന്നും തന്നില്ലാന്ന് പറയരുത്”

താഴെ കിടക്കുന്ന മരുന്ന് ലിസ്റ്റുകൾ ചൂണ്ടിക്കാണിച്ച് ഷാൻ ഉപ്പാനെ നോക്കി

“ദാ ഈ കാണുന്നതൊക്കെ ഇങ്ങളുടെ പാരമ്പര്യം കൊണ്ട് കിട്ടിയതാ. ഒരഞ്ച് സെൻറ് സ്ഥലോ വീടോ ഒന്നും ഇങ്ങളുടെ പാരമ്പര്യായിട്ട് കിട്ടിയിട്ടില്ല, ആകെ കിട്ടിയത് ഇങ്ങളുടെ പാരമ്പര്യം തലമുറകളായി പിന്തുടരുന്ന മുടിഞ്ഞ തുമ്മൽ, അലർജി, തൈറോയിഡ്, ബിപി ഇതൊക്കെയാണ്. കിട്ടുന്ന പൈസ മൊത്തം ഇതൊക്കെ ചികിൽസിക്കാനേ തികയുന്നില്ല”

പെട്ടെന്ന് ഷാനിന്റെ ചെവി വേദനിച്ചു, അവൻ ചെവിയിൽ കൈവെച്ച് പിറുപിറുത്തു

“പെണ്ടാരം, കുറച്ച് ദിവസായി ഈ മുടിഞ്ഞ ചെവി വേദന തുടങ്ങീട്ട്”

പിറുപിറുക്കൽ കേട്ട വാപ്പ ഷാനിന്റെ കണ്ണിലേക്ക് നോക്കി

“വല്ലാണ്ടെ ആ ഭാഗത്ത്‌ തോടേണ്ട, അത് നമുക്ക് പാരമ്പര്യായി കിട്ടിയ ചെവി വേദനയാണ്. എനിക്കും അന്റെ മൂത്താപ്പക്കും ഈ ചെവി വേദനയുണ്ട്”

ഷാൻ ഉപ്പാനെ ദയനീയമായൊന്ന് നോക്കി.

“ന്റെ ഉപ്പാ, പെങ്ങളെ ഞാൻ കൂലിപ്പണി എടുത്തിട്ടാണേലും അന്തസ്സായി കെട്ടിക്കും. അതിനിടയിൽ ഈ പെണ്ടാരം അടങ്ങാനുള്ള പാരമ്പര്യ രോഗങ്ങളോട് ഒന്ന് പോവാൻ പറയോ!!!”

ഇതൊരു കഥയായി എഴുതിയത് അല്ല. മനസ്സിൽ തോന്നുന്നത് എന്തും എഴുതാൻ ഇഷ്ടാണ്,

അതോണ്ടാ, ഇങ്ങളങ്ങ് ക്ഷമിച്ചാളീ… അലർജിയുടെ അസുഖമുള്ള അടുത്തൊരു സുഹൃത്ത് എപ്പോഴും അവന്റെ വീട്ടുകാരെ നോക്കി തമാശയായി പറയുന്നൊരു വാക്കാണ്

“പാരമ്പര്യമായി ഒരു പത്തു സെന്റ് സ്ഥലം തരാൻ തന്തക്കും തള്ളക്കും വയ്യ, പാരമ്പര്യായി കിട്ടിയത് ഈ മറ്റേതിലെ തുമ്മലാണ്”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഷാൻ കബീർ