സഖിയെ, തുടർക്കഥ, ഭാഗം 20 വായിച്ചു നോക്കൂ…

രചന : Vava…

തന്റെ നെഞ്ചിൽ ഒരു മുയൽകുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നു കിടക്കുന്ന പെണ്ണിനെ പ്രണയത്തോടെ ചേർത്തു പിടിച്ചു.കൈകൾ വാത്സല്ല്യത്തോടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു. ഇടക്ക് അധരങ്ങൾ അവളുടെ സിന്ദൂരം പടർന്ന നെറ്റിയിലും ചേർന്നു.

“” ഗൗരി…. “” പ്രണയത്തോടെ വിളിച്ചു. ആ ശബ്‌ദം കാതിലൂടെ തന്റെ ഹൃദയത്തിൽ ചെന്നു പതിക്കുന്നതായവൾക്ക് തോന്നി.

“” മ്മ്… “” നേർത്തൊരു മൂളൽ മാത്രം കേട്ടു.അവനെ തലയുയർത്തി നോക്കാനുള്ള മടികൊണ്ട് ആ നെഞ്ചിൽ മുഖമോളിപ്പിച്ചിരിക്കുകയാണ് പെണ്ണ്. അത് കാൺകെ അവന് ചിരിയാണ് വന്നത്.

“” ഹാ…ഇങ്ങോട്ട് നോക്ക് പെണ്ണെ…ആ മുഖം ഒന്നു കാണട്ടെ… “” എവിടെ പെണ്ണുണ്ടോ തലയുയർത്തുന്നു…

“” എന്താടി… നിനക്ക് നാണം വന്നോ… “” ഒരു കുസൃതി ചിരിയോടെ ചോദിച്ചു. മറുപടിയായി പെണ്ണവന്റെ നെഞ്ചിൽ നഖമമർത്തി.

“” ഔവ്വ്… ഈ പെണ്ണിനെ ഞാൻ… “”

പറഞ്ഞുകൊണ്ട് പെണ്ണിനെ അരയിൽ പിടിച്ചുയർത്തി കൊണ്ടവൻ തനിക്കു മുകളിലായി കിടത്തി.

ചെമ്പരത്തിപ്പൂ പോൽ ചുവന്നിരിക്കുന്ന അവളുടെ മുഖം കാണെ മീശകൂട്ടിപിടിച്ചവൻ ഒന്നു ചിരിച്ചു.

കണ്ണുകൾ തമ്മിൽ കോർത്തതും പിടച്ചിലോടെ…

നാണത്തോടെ പെണ്ണവന്റെ നെഞ്ചിൽ തന്നെ മുഖമൊളുപ്പിച്ചു. രുദ്രേട്ടന്റെ കൈകൾ പിന്നെയും പ്രണയത്തോടെ പെണ്ണിനെ പൊതിഞ്ഞു.

ആ നെഞ്ചിലെ താരാട്ടിൽ അവളുറക്കം പിടിച്ചു. എപ്പോഴോ അവനും…

❤❤❤❤❤❤❤❤

രാവിലെ ആദ്യം ഉണർന്നത് ഗൗരിയായിരുന്നു.

അപ്പോഴും അവന്റെ കരവലയത്തിനുള്ളിൽ തന്നെയാണെന്നറിഞ്ഞതും ചൊടികൾ വിടർന്നിരുന്നു.

കുറച്ചു നേരം ആ ഹൃദയതാളം കേട്ടങ്ങനെ കിടന്നു.

ഇനി തന്റെ ജീവിതം ഈ താളത്തിനൊത്തായിരിക്കും.

തലയുയർത്തി ആ മുഖത്തേക്കൊന്നു നോക്കി.ആ മുഖത്തെ പുരികകൊടികൾക്ക് നടുവിലായൊന്നു മുത്തികൊണ്ട് രുദ്രേട്ടനെ ഉണർത്താതെ തന്നെ എഴുന്നേറ്റു.

ഷവറിൽ നിന്നും തണുത്തവെള്ളം ദേഹത്തേക്കൊഴുകിയിറങ്ങുമ്പോൾ അവിടവിടെയായി സുഖമുള്ളൊരു നോവ് തോന്നിയിരുന്നു. ഒരു സാരിയും എടുത്തുടുത്തു പുറത്തേക്കിറങ്ങി.

രുദ്രേട്ടൻ അപ്പോഴും അതെ കിടപ്പു തന്നെയായിരുന്നു.

കണ്ണാടിക്ക് മുന്നിൽ നിന്നും സിന്ദൂരം ചാർത്തുമ്പോൾ കണ്ണാടിയിലൂടെ തന്റെ പ്രാണനെ ഒന്നു നോക്കിയിരുന്നു. നെഞ്ചോരം ചേർന്നുകിടക്കുന്ന താലിയിലും ഒന്നു മുത്തികൊണ്ട് താഴെക്കിറങ്ങി.

അടുക്കളയിൽ ചെന്നപ്പോൾ അമ്മയോടൊപ്പം നിർമലേച്ചിയും ഉണ്ടായിരുന്നു.

“” ഞാഹ്…. മോളെഴുന്നേറ്റോ… വാ അമ്മ ചായ തരാം… “”

യശോദാ അവളെ അടുത്തേക്കു വിളിച്ചു ചായ പകർത്തി കൊടുത്തു.

“” ചേച്ചി രാവിലെ തന്നെ വരും അല്ലെ… “”

ചായ മുതികുടിച്ചുകൊണ്ട് സ്ലമ്പിലായി ചാരി നിന്നു.

“” ആ… മോളെ… ഏഴ് മണിക്ക് മുൻപേ ചോറും കറികളും പാകാക്കി ഞാൻ ഇറങ്ങും… ബാക്കി പിള്ളേര് തന്നെ എടുത്തോളും… രണ്ടാൾക്കും പണിയെടുക്കാൻ മടിയില്ല്യാത്തോണ്ട് എനിക്ക് നല്ല സഹായം ഉണ്ട്…. “”

ഇഡ്ഡലി തട്ടിലേക്ക് മാവോഴിച്ചു അടച്ചുകൊണ്ട് നിർമല പറഞ്ഞ് നിർത്തി.അമ്മ കറിക്കൊരുക്കാനുള്ള തിരക്കിലാണ്.

പച്ചക്കറിയറിയാനും മറ്റു പണികൾക്കുമെല്ലാം അവരോടൊപ്പം അവളും കൂടി. നിർമല നല്ലൊരു സംസാരപ്രിയയായിരുന്നതുകൊണ്ട് മിണ്ടിയും പറഞ്ഞും പണികൾ തീർത്തു.

ഭക്ഷണം എല്ലാം ഡൈനിങ് ടേബിളിലേക്ക് എടുത്ത് വെക്കുന്ന സമയത്താണ് രുദ്രേട്ടൻ കുളിയും കഴിഞ്ഞ് ഫ്രഷ് ആയി താഴേക്കു ഇറങ്ങി വന്നത്. രഘുവച്ചനും എത്തിയതോടെ എല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നു.

യശോദാമ്മയെ നിർബന്ധിച്ചിരുത്തികൊണ്ട് ഗൗരി തന്നെ എല്ലാവർക്കും ഭക്ഷണം വിളമ്പി. അവളും രുദ്രന്റെ അടുത്തായിരുന്നു.

“” ശ്രീധരൻ വിളിച്ചിരുന്നൂട്ടോ.. നിങ്ങൾ ഇന്ന് എപ്പോഴാ ചെല്ലുന്നതെന്നും ചോദിച്ച്…

ഉച്ചയാകുമ്പോഴേക്കും എത്തുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…””

കഴിക്കുന്നതിനിടയിൽ രഘു പറഞ്ഞു.

രുദ്രേട്ടൻ പെണ്ണിനെ ഒന്നു നോക്കി.

“” ആ അച്ഛാ..അങ്ങനെ ചെയ്യാം… “” രുദ്രനും സമ്മതം പറഞ്ഞു.

കഴിച്ചെഴുന്നേറ്റ് കുറച്ചു നേരം അടുക്കളയിലൊക്കെ ചുറ്റിതിരിഞ്ഞ് ഗൗരി മുറിയിലേക്ക് ചെന്നു. രുദ്രേട്ടൻ ബാൽക്കണിയിലായിരുന്നു.

അപ്പോഴായിരുന്നു കണ്ണാടിക്കുമുന്നിൽ മേശയിലായി ഒരു പൊതിയിരിക്കുന്നത് കണ്ണിൽ പെട്ടത്.

നേരത്തെ താനതു കണ്ടിരുന്നില്ല്യല്ലോ…എന്നവൾ സംശയിച്ചു. അതെടുത്തു തുറന്നു നോക്കിയതും കണ്ണുകൾ ഒന്നു വിടർന്നു.

രണ്ട് സെറ്റ് കറുത്ത കരിവളകൾ.

പതിയെ അതിലൂടെ വിരലോടിച്ചു.

സംശയത്തോടെ നിന്നതും ഒരു ചുടു നിശ്വാസം കഴുത്തിൽ പതിയുന്നതിനോടൊപ്പം രോമവൃദമായ രണ്ട് കൈകൾ വയറിനെ പൊതിഞ്ഞിരുന്നു.

പെണ്ണിന്റെ കയ്യിൽ നിന്നും വളകൾ വാങ്ങി രുദ്രേട്ടൻ തന്നെ അതാ കൈകളിൽ അണിയിച്ചു.പെണ്ണിനുള്ളിൽ ഒരേ സമയം സന്ദോഷവും അത്ഭുതവും നിറഞ്ഞു.

“” അന്ന് ഞാൻ കണ്ടിരുന്നു… നീ ഇത് കൊതിയോടെ നോക്കി നിൽക്കുന്നത്… നീ പോയതിനു ശേഷം വാങ്ങിയതാ… ഇത് ഈ കൈകളിൽ കിടക്കുന്നതു കാണാൻ ഒരു ഒരു പ്രത്യേക ഭംഗിയാ. “”

കരിവളയിട്ട പെണ്ണിന്റെ കൈയ്യിൽ ഒന്നമർത്തി ചുംബിച്ചു രുദ്രേട്ടൻ.

“” ഇഷ്ടായോ…. “”

മറുപടിയായി പെണ്ണിന്റെ ചുണ്ടിൽ ഒരിളം ചിരിയായിരുന്നു.

“” എന്നാ വേഗം റെഡിയാവ്… നമുക്ക് ടൗണിൽ ഒക്കെ ഒന്നു കറങ്ങിയിട്ടു വീട്ടിലേക്ക് പോകാം… “”

കവിളിൽ തലോടി പറഞ്ഞതും ഗൗരി ഒന്നു തലയാട്ടി.

വീട്ടിൽ നിന്നും രണ്ടാളും ഒരു പത്തു മണിയോടെ ഒരുങ്ങിയിറങ്ങി.

കാറിലായിരുന്നു യാത്ര. നേരെ പോയത് പോയത് ടൗണിലുള്ള തേവങ്കോട്ട് ക്കാരുടെ തന്നെ ടെക്സ്റ്റ്‌ടൈൽ ഷോപ്പിലേക്കായിരുന്നു.

“” ഇത് നോക്ക്യേ… ഈ കളർ നിനക്ക് നന്നായി ചേരും… “”

മുന്നിൽ നിരത്തിയിട്ടിരിക്കുന്ന സാരികളിൽ നിന്നും ഒന്നെടുത്തു അവളുടെ ദേഹത്തായി ചേർത്തു വെച്ചു കൊണ്ടവൻ പറഞ്ഞു. കണ്ടപ്പോൾ അവൾക്കും അതിഷ്ടപ്പെട്ടു.

“” മേഡത്തിന് അല്ലെങ്കിലും ഏതു നിറവും നന്നായി ചേരും സാർ…””

അവർക്കെതിരെ നിന്ന സെയിൽസ് ഗേൾ ഒരു ചിരിയോടെ പറഞ്ഞു.

രുദ്രനും അതെ നിറത്തിൽ ഷർട്ട്‌ എടുത്ത്…

പിന്നെ ഗീതുവിനും ശ്രീധരച്ഛനും അമ്പികാംക്കുമെല്ലാം എടുത്തവർ ഇറങ്ങി.

അവിടെന്നു നേരെ ബീച്ചിലേക്കായിരുന്നു രുദ്രൻ ഡ്രൈവ് ചെയ്തത്.

“” വാ ഇറങ്… “”

റോഡരികിലായി കാർ നിർത്തികൊണ്ട് ഡോർ തുറന്നവൻ ഇറങ്ങി. പുറകെ അവളും.

വിസ്തൃതമായി പറന്നു കിടക്കുന്ന കടല് കണ്ടതും അവളുടെ മുഖം വിടർന്നു.

കാലം കുറെയായി ഇതിന്റെ ഒക്കെ ഭംഗി ആസ്വദിച്ചിട്ട് എന്നവൾ ഓർത്തു.

“” വാ… “” ഇടതു കൈ അവൾക്കു നേരെ നീട്ടികൊണ്ട് വിളിച്ചതും ഗൗരി ഒരു ചിരിയോടെ അവന്റെ കയ്യിൽ കൈ കോർത്തുകൊണ്ട് മുന്നോട്ടു നടന്നു.

രാവിലത്തെ ഇളം വെയിൽ ചൂട് പിടിച്ചു വന്നിരുന്നു. ആ പകലിന്റെ ഭംഗി ആസ്വദിക്കാനെന്ന വണ്ണം കുടുംബമായും കമിതാക്കളായും കൂട്ടുകൂടിയും ഒറ്റക്കും പലതരം ആൾക്കാരും അവിടെ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും അവരവരുടേതായ ലോകത്താണ്.

അനുസരണയില്ല്യാതെ പാറിപറക്കുന്ന മുടിയിഴകളെ ചെവിക്കു പിന്നിലേക്ക് ഒതുക്കി വെച്ചു കൊണ്ട് ഗൗരി കൗതുകത്തോടെ ഓരോന്നും നോക്കി നിന്നു.

“” ഇറങ്ങണോ… “” രുദ്രേട്ടന്റെ ചോദ്യത്തിന് പെണ്ണ് ഉത്സാഹത്തോടെ തലയാട്ടി. രുദ്രേട്ടൻ മുണ്ടോന്നു മടക്കികുത്തികൊണ്ട് പെണ്ണിന്റെ കയ്യും പിടിച്ച് കടലിലേക്കിറങ്ങി.

ആർത്തലച്ചു വരുന്ന തിരലകൾക്ക് പിടികൊടുക്കാതെ പിന്നോട്ട് നീങ്ങുന്ന പെണ്ണിനെ വീഴാതെയവൻ കൈകളിൽ മുറുകെ പിടിച്ചു. പെണ്ണെല്ലാം നിറഞ്ഞാസ്വദിക്കുന്ന തിരക്കിലായിരുന്നു.

തിരമാലകൾ അവരുടെ കാലിനെ ചുംബിച്ചു കൊണ്ട് പുറകോട്ടു വലിഞ്ഞുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞതും കളി മതിയാക്കി അവർ പോകാൻ തീരുമാനിച്ചു.

“” രുദ്രേട്ടാ… ദേ.. ഐസ്ക്രീം… വാങ്ങിക്ക്… “”

കുറച്ചു മാറിയുള്ള ഐസ്ക്രീം കടയിലേക്ക് ചൂണ്ടികൊണ്ട് പെണ്ണ് കൊഞ്ചാലോടെ പറഞ്ഞതും രുദ്രേട്ടൻ ഒന്നു ചിരിച്ചു.

“” നിന്ന് ചിരിക്കാതെ വാങ്ങി താ മനുഷ്യാ… “”

പെണ്ണ് കുറുമ്പോടെ പറഞ്ഞു.

“” മ്മ്… ഇവിടെ നിൽക്ക്…. ഞാൻ പോയ്‌ വാങ്ങീട്ട് വരാം… “”

അവളെ അവിടെ നിർത്തികൊണ്ടവൻ ചെന്ന് രണ്ട് കോൺ ഐസ്ക്രീം വാങ്ങിക്കൊണ്ട് വന്നു.പെണ്ണ് കൊതിയോടെ അത് വാങ്ങി കഴിച്ചു.പിന്നെയും അവൾക്കിഷ്ടപ്പെട്ട സ്ഥലങ്ങളും ചുറ്റി നടന്നു.

തിരിച്ചുള്ള യാത്രയിൽ രണ്ടാളും നല്ല സന്ദോഷത്തിൽ ആയിരുന്നു. ഗൗരിയുടെ മുഖത്തുള്ള പ്രത്യേക തിളക്കം രുദ്രൻ ശ്രദ്ധിച്ചിരുന്നു. ഡ്രൈവിംഗിനിടയിൽ തന്നിലേക്ക് പാളി വീഴുന്ന അവന്റെ നോട്ടവും അവളറിയുന്നുണ്ടായിരുന്നു. ഇടക്കെല്ലാം രണ്ടാളുടെയും കണ്ണുകൾ മൗനമായി പ്രണയം കൈമാറികൊണ്ടിരുന്നു. കൂട്ടായി സ്റ്റീരിയോയിൽ നിന്നും പ്രണയ ഗാനവും ഒഴുകി.

ഗൗരിയുടെ വീടെത്തിയതും അവരെ കാത്തെന്നോണം ശ്രീധരച്ഛൻ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.

“” ങ്ഹാ…. അംബികേ… ദാ.. പിള്ളേരെത്തിട്ടോ… “”

അകത്തേക്ക് നോക്കിയയ്യാൾ വിളിച്ചു പറഞ്ഞു.

“” അച്ഛൻ ഞങ്ങളെ കാത്തിരിക്കായിരുന്നോ…??

ഗൗരി ചോദിച്ചുകൊണ്ട് കയ്യിൽ കവറുകളുമായി ഇറയത്തേക്ക് കയറി.

അപ്പോഴേക്കും അംബികയും ഉമ്മറത്തേക്കെത്തിയിരുന്നു…

“” നിങ്ങള് വരൂന്ന് വിളിച്ചു പറഞ്ഞപ്പോതൊട്ട് നോക്കിയിരിക്കാൻ തുടങ്ങീതാ ഇതിയാൻ…ഗീതു നിങ്ങള് വരുന്നോണ്ട് സ്കൂളിൽ പോവാൻ മടിച്ച് ഇരിക്കയിരുന്നു. പിന്നെ ഞാൻ ഉന്തിതള്ളി പറഞ്ഞ് വിട്ടു…ങ്ഹാ.. മക്കള് കയറി വാ….””

അംബികാമ്മയുടെ കൂടെ രണ്ടാളും അകത്തേക്ക് കയറി.

“” മക്കള് കൈ കഴുകിയിരുന്നോ…. ഞാൻ ചോറെടുക്കാം…. “”

“” ആ അമ്മേ…. ചോറെടുത്തോ… ഞാൻ അപ്പോഴേക്കും ഒന്നു ഫ്രഷായി വരാം… “”

രുദ്രൻ പറഞ്ഞു കൊണ്ട് ഗൗരിയുടെ മുറിയിലേക്കായി ഗോവണി കയറി. കവറുകൾ എല്ലാo മുറിയിൽ വെച്ച് അവളും ചെന്നു.

അമ്പികാംമ്മ നല്ലൊരു ഉച്ചഭക്ഷണം തന്നെ അവർക്കായി തയ്യാറാക്കിയിരുന്നു. നാലാളും ഒരുമിച്ചിരുന്നു കഴിച്ചു.

ഗൗരി പിന്നെ അച്ഛനോടും അമ്മയോടുമെല്ലാം വിശേഷങ്ങൾ പറഞ്ഞിരുന്നു. അവളുടെ മുഖത്തെ സന്തോഷവും പുഞ്ചിരിയും രണ്ടാളിലേക്കും പടർന്ന്. അവർക്കതൊരു ആശ്വാസമായിരുന്നു.

വൈകിട്ടായതും ഗീതുവുമെത്തി.

“” ഡീ… കുഞ്ഞേച്ച്യെ…. വന്നിട്ട് എനിക്കൊന്നും കൊണ്ടുവന്നില്യേട്യേ… “”

ഗൗരിയെ കണ്ടതും അതായിരുന്നു ആദ്യത്തെ ചോദ്യം.

“” ഓ… അതൊക്കെ വാങ്ങിട്ടുണ്ടെന്റെ ഗീതു… നിനക്കുള്ളതൊക്കെ അവിടെ വെച്ചിട്ടുണ്ട്… “”

പറഞ്ഞ് തീർന്നതും സ്കൂൾ ബേഗും തോളത്തിട്ടവൾ മുറിയിലേക്കോടിയിരുന്നു. ഗൗരി ചെന്നതും പെണ്ണ് കവറെല്ലാം തുറന്നു വാങ്ങിയ ഡ്രസ്സ്‌ ഒക്കെ ദേഹത്തു വെച്ച് നോക്കുന്നത് കണ്ടു.

“” നിനക്ക് ഇഷ്ടായോടി… “”

വാതിൽക്കൽ ചാരി നിന്നു കൊണ്ട് ചോദിച്ചു.

“” പിന്നല്ല… അല്ലെങ്കിലും കുഞ്ഞേച്ചിടെ സെലക്ഷൻ ഒക്കെ സൂപ്പറല്ലേ…. “”

“” ഞാനല്ല… ഇതൊക്കെ രുദ്രേട്ടനാ എടുത്തേ… “”

“” അതാ പറഞ്ഞെ… കുഞ്ഞേച്ചിടെ സെലെക്ഷൻ എല്ലാം പൊളിയാണെന്നു… “”

ഒറ്റക്കണ്ണിറുക്കിയുള്ള പെണ്ണിന്റെ മറുപടിയിൽ ഗൗരി ഒന്നു ചിരിച്ചു.

രുദ്രനും ശ്രീധരനും ആ സമയം ഉമ്മറത്തിരുന്നു ചായകുടിക്കുകയായിരുന്നു. ഓരോ വർത്താനത്തിനിടക്കാണ് ചന്ദ്രുവും ജിത്തുവും കയറി വരുന്നത്. പിന്നെ സംസാരവും കഥ പറച്ചിലും ചിരിയുമൊക്കെയായി ആകെ നല്ല രസമായിരുന്നു.

ഗൗരി ഉമ്മറത്തു തന്നെ അമ്മയുടെ തോളിൽ ചാരി കിടന്നു സംസാരത്തിലായിരുന്നു. അടുത്തിരിക്കുന്ന ഗീതുവിന്റെ കണ്ണുകൾ ഇടക്കിടക്ക് മാഷിലേക്ക് നീണ്ടിരുന്നു.ചന്ദ്രു അത് ഇഷ്ടപ്പെടാത്ത വണ്ണം പെണ്ണിനെ ഇടക്കൊന്ന് കണ്ണുരുട്ടി നോക്കി. പിന്നെ അവളെ ശ്രദ്ധിക്കാത്ത മ=ട്ടിലിരുന്നു.

“” എന്നാ ഞാൻ ഇറങ്ങട്ടേ … സമയം വൈകി..””

നേരം ഇരുട്ടിയതും ചന്ദ്രു യാത്ര പറഞ്ഞിറങ്ങി.

പോകുന്ന വഴിക്ക് തന്നെ തുടരുന്ന രണ്ട് കണ്ണുകളെ നോക്കി പേടിപ്പിക്കാനും മറന്നിരുന്നില്യ.

ജിത്തു അവരുടെ അത്താഴവും കഴിച്ചിട്ടാണ് മടങ്ങിയത്.

ഗൗരി അമ്മയുടെ കൂടെ അടുക്കളയിലെല്ലാം ഒതുക്കി മുറിയിലേക്ക് വരുമ്പോൾ രുദ്രൻ കട്ടിലിൽ ചാരി ഫോണിലും നോക്കി ഇരിക്കുന്നുണ്ട്.

അവനെ ഒന്നു നോക്കി പിന്നെ കിടക്കയിൽ ഇരുന്നു ആ കൈക്കുള്ളിലേക്ക് നുഴഞ്ഞു കയറി.

“” ഇതെന്തുവാ ഈ നോക്കിയിരിക്കണേ…. എടുത്ത് വെച്ചിട്ട് കിടക്കാൻ നോക്ക് രുദ്രേട്ടാ…

എനിക്ക് ഉറക്കം വരുന്നുണ്ട്… “”

“” നിനക്ക് ഉറക്കം വരുന്നെങ്കിൽ നീ ഉറങ്ങിക്കോടി… എന്താ ഇനി രുദ്രേട്ടന്റെ ചൂടുപറ്റിയെ ഉറങ്ങുന്നുണ്ടോ… മ്മ്… “”

കുറുമ്പോട് പറയുന്നവനെ പെണ്ണൊന്നു കൂർപ്പിച്ചു നോക്കി.

“” ച്ചി… പോടാ… “” ആ നെഞ്ചിലൊരു കുത്തുകൊടുത്തായിരുന്നു മറുപടി പറഞ്ഞത്.

രുദ്രേട്ടൻ ഫോൺ ടേബിളിലേക്ക് മാറ്റി വെച്ചുകൊണ്ട് പെണ്ണിനെ ചേർത്തു പിടിച്ചു.

അവളാ നെഞ്ചിലായി ചാരി.

“”താങ്ക്സ് രുദ്രേട്ടാ…””

പെണ്ണവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു പറഞ്ഞ്.

“” എന്തിന്… “” ചോദ്യഭാവതിൽ ആ മുഖത്തേക്ക് നോക്കി.

“” ഇത്രേം നല്ലൊരു ദിവസം നൽകിയതിന്…

ഒത്തിരി സന്ദോഷിപ്പിച്ചതിനു… ഒരുപാട് കാലങ്ങൾക്ക് ശേഷാ… ഇങ്ങനെ പുറത്തേക്കെല്ലാം പോകുന്നെ…. സത്യം പറഞ്ഞാൽ മനസ്സ് നിറഞ്ഞൊന്നു ചിരിച്ചിട്ട് പോലും കാലങ്ങളായിരുന്നു…. രുദ്രേട്ടൻ ന്നെ വിട്ടു പോയേപ്പിന്നെ ന്റെ സന്ദോഷങ്ങളും അവസാനിച്ചിരുന്നു. അതുകഴിഞ്ഞു കിച്ചേട്ടന്റെ വേർപാടും….അച്ഛന്റെ അവസ്ഥയും… എല്ലാം കൊണ്ടും ആകെ തളർന്നിരുന്നു. അതെല്ലാം എങ്ങനെ അതിജീവിച്ചു എന്ന് നിക്ക് ഇപ്പോഴും അറിയില്യ…. ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത നാളുകളാ അത്…പിന്നീട് മാളൂട്ടിയായിരുന്നു എന്നോ പോയ്‌ മറഞ്ഞ ചിരികളികൾ എല്ലാം തിരികെ കൊണ്ട് വന്നത്… “”

പറഞ്ഞ് നിർത്തിയതും മാളൂട്ടിയുടെ ഓർമയിൽ നേർത്തൊരു ചിരി ചുണ്ടിൽ വിരിഞ്ഞു. ഒപ്പം കൺകോണിൽ നീർതുള്ളികളും.

രുദ്രേട്ടൻ പെണ്ണിനെ നിശബ്ദതമായി കേട്ടുനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല്യ. ആ കൈകൾ ആശ്വാസമേന്നോണം അവളെ തലോടുക മാത്രം ചെയ്തു.

വേദന തോന്നിയിരുന്നു അവന്. തന്റെ പെണ്ണിന് താങ്ങാവേണ്ട സമയത്ത് അകന്നു നിന്നതിനു തന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നു.

മൗനമായൊരു മാ=പ്പപേക്ഷ നടത്തി.

ഇനിയുള്ള കാലം സ്നേഹം കൊണ്ട് അതിന് പ്രായശ്ചിത്തം ചെയ്യുമെന്ന് മനസ്സിലുറപ്പിച്ചു.

തുടരും…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava…