വലതുകാൽ വച്ച് വീട്ടിൽ കയറിയ അവൾ വീടിനകത്ത് ജോമോനെ കണ്ടു ഞെട്ടിപ്പോയി..

രചന : വിജയ് സത്യ

കണ്ണുതുറന്ന് പാൽ കുടിക്കുന്ന പൂച്ച.

❤❤❤❤❤❤❤❤❤

രാഘവൻ മാഷുടെ മകൾ അരുണിമക്ക്‌ ഡിഗ്രി കഴിഞ്ഞപ്പോൾ പിജി ചെയ്യാനാണ് തോന്നിയത്.. ആ കാലത്ത് അക്കാദമിക്കു ബിരുദങ്ങൾക്ക് ആയിരുന്നു പ്രാമൂഖ്യം

പിന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം വന്നു.

തൊഴിലില്ലാതെ വീട്ടിൽ ഇരിക്കുമ്പോഴാണ് കുറെ വർഷം തുലഞ്ഞു പോയത് മനസ്സിലായത്.. അങ്ങനെ ബി എഡ് പഠിച്ചു ടീച്ചർ ആവാൻ തോന്നി..

ടീച്ചർ ആയപ്പോൾ സ്കൂളിലെ കുട്ടികളുമൊത്ത് പഠിപ്പിക്കലും കളിയുമായി പിന്നെയും കുറച്ചു വർഷങ്ങൾ കടന്നുപോയി..

മാഷായ അച്ഛനും വീട്ടമ്മയായ അമ്മയും ആറും തോടും കടന്ന് മകൾക്ക് കല്യാണാലോചനകൾ കുറേ കൊണ്ടുവന്നു.. പക്ഷേ ഒന്നും നേരെ ആയില്ല.. എന്താ ഒന്നും ഒത്ത് വരാത്തതെന്തേ എന്ന് അവർ ആലോചിച്ചിട്ട് ഉണ്ടാവാം

വിവാഹം കഴിക്കണമെന്ന് അവൾക്കൊരു ആഗ്രഹം ഇല്ല.. തനിക്ക് അതിൽ ഇച്ഛശക്തിയില്ലാത്തതുകൊണ്ടായിരിക്കാം ഒന്നും നടക്കാത്തത്.. അവളുടെ ജീവിതത്തെക്കുറിച്ചുള്ള സങ്കൽപങ്ങളും മോഹങ്ങളും അവളുടെ ഉള്ളിൽ എന്നേ അസ്തമിച്ചതാണ്…

ഡിഗ്രി പഠിക്കുന്ന കാലത്ത് ജോമോൻ തേച്ചിട്ട് പോയ നൈരാശ്യത്തിന്റെ ഹാങ്ങോവർ ഇതുവരെ മാറാത്തത് ആണ് അതിന്റെ പ്രധാന കാരണം..അതു എല്ലാവരെക്കാളും നന്നായി അവൾക്കറിയാം

എന്തൊരു പ്രസരിപ്പും ഉഷാറുമായിരുന്നു അരുണിമയ്ക്ക്‌ പിജിക്ക് മുമ്പുള്ള ആ കാലഘട്ടത്തിൽ…

ക്യാമ്പസിൽ ഒരു വർണ്ണ പൂത്തുമ്പിയെ പോലെ അവൾ ജോമോനും ഒത്ത് കറങ്ങി നടന്നു..

ജോമോൻ ഇല്ലാത്ത ഒരു ജീവിതം അവൾക്ക് ഒന്നു സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു..

ജോമോനും അങ്ങനെ എന്നാ അവൾ കരുതിയത്.. അരുണിമ ഇല്ലാതെ അവൻ ശ്വാസം പോലും കഴിക്കാൻ കഴിയില്ലെന്നായിരുന്നു അവൻ അന്ന് പറഞ്ഞത്..

ഏതോ പണക്കാരി പെണ്ണിനെ കിട്ടിയപ്പോൾ അവൻ തന്നിൽ നിന്നും അകന്നു പോയി..

അങ്ങനെ പോകുന്നവൻ പോകട്ടെ എന്ന് വിചാരിച്ചു.. അതുകൊണ്ട് അവന്റെ മാർഗ്ഗത്തിൽ തടസ്സം നിൽക്കാൻ പോയില്ല…

ഇടയ്ക്കെപ്പോഴോ അവളെ കെട്ടി എന്നുള്ള വാർത്തയും കേട്ടു..

അങ്ങനെ ഇരിക്കുകയാണ് പ്രൊഫസർ റെജി അരുണിമയെ പെണ്ണുകാണാൻ വന്നത്..

പുള്ളിയും ഡിലെ മാരീഡ് ആണ്..

അരുണിമയ്ക്ക് കണ്ടപ്പോൾ തന്നെ ആളെ ഇഷ്ടപ്പെട്ടു.. അയാൾക്കും അങ്ങനെ തന്നെ… തന്റെ പാതി തന്റെ ആഗമനം കാത്തു നിൽക്കുകയാണ് എന്ന് തോന്നിപ്പോയി.. അരുണിമയ്ക്കും അങ്ങനെ തന്നെ തോന്നുന്നു.. തന്റെ വീരപുരുഷൻ തന്നെ തേടിയെത്തിയിരിക്കുന്നു..

അങ്ങനെ ആ വിവാഹം ഉറപ്പിച്ചു..

പട്ടണത്തിലെ കോളേജിലെ പ്രൊഫസറും കുടുംബങ്ങളും ഗ്രാമത്തിലെ സ്കൂളിലെ ടീച്ചറുടെ ബന്ധുക്കളും പിന്നെ ഇരു വിഭാഗങ്ങളിലെ നാട്ടുകാരും എല്ലാവരും മനമറിഞ്ഞ് പങ്കെടുത്തു ആർഭാടമായി തന്നെ ആ വിവാഹം കഴിഞ്ഞു..

അവിടുത്തെ അമ്മ നൽകിയ നിലവിളക്കും ഏന്തി വലതുകാൽ വച്ച് വീട്ടിൽ കയറിയ അവൾ വീടിനകത്ത് ജോമോനെ കണ്ടു ഞെട്ടിപ്പോയി..

“നീയെന്താടാ കതിർമണ്ഡപത്തിൽ വരാതിരുന്നത്?”

” സുസ്മിത വന്നല്ലോ…അത് പിന്നെ ചേട്ടാ ഞാൻ ഭക്ഷണത്തിന്റെ മേൽനോട്ടത്തിലായിരുന്നു.”

“അതു നന്നായി പിന്നെ… ദേ..അരുണിമ ഇതാണ് എന്റെ അനുജൻ ജോമോൻ”

അനുജനെ അടുപ്പിച്ചു നിർത്തി റെജി അനുജനെ അരുണിമയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതൊന്നും അവൾക്ക് കേൾക്കാനേ കാണാനോ കഴിഞ്ഞില്ല..

ജോമോനെ ആ വീട്ടിൽ കണ്ട അവൾ ഞെട്ടിത്തരിച്ച് അങ്ങനെ നിൽക്കുകയാണ്..

ജോമോൻ വളരെ എളിമയോടെ പുഞ്ചിരിച്ചു അരുണിമയെ തൊഴുതുകൊണ്ട് തന്റെ സാന്നിധ്യമറിയിച്ചു..

പെട്ടെന്ന് അവന്റെ ഒരു ക്രച്ചസ് കയ്യിൽ നിന്നും താഴെ വീണു…

അപ്പോഴാണ് അരുണിമ അവനെ കൂടുതൽ ശ്രദ്ധിക്കുന്നത് അവന്റെ ഒരു കാൽ മുട്ടിനു താഴെ മുറിച്ചു കളഞ്ഞിരിക്കുന്നു.. തോളിൽ ഫ്ലക്സ് കുത്തിയാണ് നിൽക്കുന്നത്..

ഏട്ടൻ റെജി വേഗം താഴെ വീണു പോയ ക്രച്ചസ് എടുത്ത് അനിയന് നൽകി..

ജോമോൻ അത് തോളിൽ ഇറുക്കി അതിന്റെ കാൽ ഭാഗം നിലത്ത് കുത്തി ഒരു കാൽകൊണ്ടു ചാടിച്ചാടി പുറത്തേക്ക് നടന്നു പോയി..

അരുണിമയ്ക്ക് അതുകണ്ടപ്പോൾ വല്ലാണ്ടായി..

റെജി അരുണിമയെയും കൊണ്ട് അവന്റെ ബെഡ്റൂമിലേക്ക് പോയി.

“അത് ബെഡീൻ മുകളിൽ ഒരു പൂച്ചക്കുഞ്ഞ്”

“അത് എന്റെ പെറ്റ്… ഈ റൂമിൽ എന്റെ കൂടെ എന്നും താമസം..”

“ആഹാ അതു കൊള്ളാലോ..”

അവൾ അതിനെ കയ്യിലെടുത്ത് താലോലിച്ചു..

രാത്രി അമ്മ തന്നു വിട്ട പാൽ പകുതിയും ഒരു പ്ലേറ്റിൽ പൂച്ചയ്ക്ക് ഒഴിച്ച് കൊടുത്തു.

“ചേട്ടാ ഈ പൂച്ചകൾ കണ്ണടച്ച് ആണോ പാല് കുടിക്കുന്നത്..?”

“ഏയ് അല്ല… കണ്ണ് തുറന്നു തന്നെയാണ്.. പക്ഷേ കട്ട് കുടിക്കുമ്പോൾ കണ്ണടച്ചാണ് കുടിക്കുന്നത്..”

അന്ന് ആദ്യരാത്രി അവരുടെ സംസാര വേളയിൽ ജോമോന്റെ കാര്യം ആണ് കൂടുതലും സംസാരിച്ചത്..”

അരുണിമ ജോമോനെ കണ്ടപ്പോൾ പകയ്ക്കുന്നത് റെജി ശ്രദ്ധിച്ചിരുന്നു..

വിവാഹത്തിന്റെ അവസരത്തിൽ അരുണിമയുടെ ഫോട്ടോ വീട്ടിൽ കാണിച്ചപ്പോൾ തന്നെ ചേട്ടനോട് ജോമോൻ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു..

അതുകൊണ്ടുതന്നെ ‘ഈ ബന്ധം നമുക്ക് വേണോ? ‘ എന്ന് അനുജൻ ചോദിച്ചു കളയുമോ എന്ന ഭയം റെജിക്ക് ഉണ്ടായിരുന്നു.

കുറെ കാത്തിരുന്നു കിട്ടിയ ഒരു ജീവിതമാണ്.. ഈ കല്യാണം നടക്കാതിരിക്കാൻ പാടില്ല..

ജീവിതത്തിന്റെ തളർച്ചയുടെ മേഖലയിലൂടെ സഞ്ചരിക്കുന്നു ജോമോനിൽ നിന്നും ആ വക പ്രതിഷേധങ്ങൾ ഒന്നും ഉയർന്നില്ല..

അവനിത് പ്രായശ്ചിത്ത കാലഘട്ടമാണ്

താൻ അറിഞ്ഞോ അറിയാതെയോ ചെയ്ത കർമ്മ ദോഷങ്ങൾക്കൊക്കെ ദൈവം എണ്ണിയെണ്ണി കണക്ക് ചോദിക്കുന്ന സമയമാണ് കടന്നുപോകുന്നത്..

തന്റെ ഈ അവസ്ഥ അവൾ ആയിട്ട് എന്തിനാണ് കാണാതിരിക്കുന്നത്.. ഇനിയിപ്പോൾ ഏട്ടത്തി അമ്മയാണ്..!

“സത്യത്തിൽ ജോമോന് എന്താ സംഭവിച്ചത്?”

“പറയാം”

അരുണിമയുടെ ചോദ്യം കേട്ടപ്പോൾ റെജി പറഞ്ഞു തുടങ്ങി..

എനിക്കു മുമ്പേ സുസ്മിതയെ കല്യാണം കഴിച്ചു അവനീ തറവാട്ടിലേക്ക് തന്നെയാണ് കൊണ്ടുവന്നത്..

വിവാഹശേഷം ബിസിനസ് ചെയ്യണം എന്ന് നിർബന്ധം പിടിച്ച് അവൻ അമ്മയെ കൊണ്ട് ഇവിടത്തെ സ്വത്ത് ഭാഗം വെക്കാൻ പ്രേരിപ്പിച്ചു.

മരിച്ചുപോയ അച്ഛന്റെ സമ്പാദ്യമായ ഈ സ്വത്ത് അങ്ങനെ മൂന്നു ഓഹരി വെച്ചു..

അവന്റെ ഷെയർ വാങ്ങി അവൻ അത് ആർക്കോ വിറ്റു കാശാക്കി..

ആ കാശുകൊണ്ടവൻ ബിസിനസ് ചെയ്യാൻ തുടങ്ങി..

കഷ്ടകാലം അല്ലാതെന്തു പറയാൻ.. അവനതിൽ പുരോഗതി ഒന്നും നേടാനായില്ല.. നാൾക്കുനാൾ നഷ്ടം.. ബിസിനസ് ചെയ്യാൻ ഒടുവിൽ ബാങ്കിൽ നിന്ന് വലിയ തുകകൾ കടം എടുത്തു.. കടങ്ങൾ ഒന്നും തിരിച്ചടക്കാൻ അവനായില്ല.പലിശയും പലിശയുടെ പലിശയും കൂടിയപ്പോൾ. ബാങ്കുകാർ അവനെ പിടി കൂടി..

ഭാര്യയുടെ വീട്ടിലെ ഷെയറും ഗോൾഡ് ഒക്കെ ബാങ്കുകാർ കൊണ്ടുപോയപ്പോൾ അവന്റെ മുൻപിൽ ജീവിക്കാൻ വഴിയില്ലാണ്ടായി..

ദുഃഖം മൂത്തപ്പോൾ മദ്യപാനം തുടങ്ങി സുസ്മിതയ്ക്കും അവനും ഇടയിൽ കലഹവും അടിപിടിയും പതിവായി.. വാടക നൽകാതെ അപ്പാർട്ട്മെന്റ് നിന്ന് ഇറക്കിവിടപെട്ടു.. അവൾ അവനെ ഉപേക്ഷിച്ച് അവളുടെ വീട്ടിൽ പോകാൻ പോയപ്പോൾ അവളുടെ സഹോദരൻ അവളെ ഇറക്കി വിട്ടു.

ഒടുവിൽ രണ്ടുപേരും കൂടി തറവാട്ടിലേക്ക് മടങ്ങി വന്നു.

പക്ഷേ അമ്മ വഴക്ക് പറഞ്ഞു അവനെ ഓടിച്ചു..

ട്രെയിനിന് മുന്നിൽ ചാടി മരിക്കാൻ ശ്രമിച്ചപ്പോൾ അവിടെയും അവൻ തോറ്റു.. ഒരു കാലു മുറിച്ചെടുത്തു ട്രെയിൻ കടന്നുപോയി..

വിവരമറിഞ്ഞ് അമ്മയ്ക്ക് വളരെ സങ്കടം ആയി..ആവലാതി മുമ്പിൽ ഹോസ്പിറ്റലിൽ നിന്നും അവനെ ഇവിടെ കൊണ്ടുവന്നു..

ഇവിടെ അമ്മയുടെ ഷെയർ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ എതിർത്തില്ല..

അരുണിമ പേടിക്കേണ്ട എനിക്ക് പട്ടണത്തിൽ ഒരു ഫ്ലാറ്റ് ഉണ്ട് നമുക്ക് രണ്ടുദിവസം കഴിഞ്ഞാൽ അവിടെ പോയി താമസിക്കാം എന്താ.”

“ആണോ?”

അതുകേട്ടപ്പോൾ അവൾക്ക് വളരെ സന്തോഷമായി..

സത്യത്തിൽ അങ്ങനെയൊരു ജീവിതമാണ് കൊതിക്കുന്നത്..

ഏതായാലും ഈ അന്തരീക്ഷത്തിൽ നിന്നും മാറണം.. അതാണ് ഇപ്പോൾ വേണ്ടത്..

ഒന്നുരണ്ട് ദിവസത്തിലെ തറവാട്ടിലെ സഹവാസത്തിന് ശേഷം പ്രൊഫസർ റെജി ഭാര്യ അരുണിമയും ഫ്ലാറ്റിലേക്ക് താമസം മാറി… കൂടെ ആ പൂച്ചക്കുഞ്ഞിനെ കൊണ്ടുപോയി..

പകല് രണ്ടുപേരും ജോലിക്ക് പോകും.. രാത്രിയും ഒഴിവ് ദിനങ്ങളും അവർ നന്നായി ആസ്വദിച്ചു ജീവിച്ചു…

( ശുഭം )

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : വിജയ് സത്യ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top