സഖിയെ, തുടർക്കഥ, ഭാഗം 22 ഒന്ന് വായിക്കൂ…

രചന : Vava….

“” രുദ്രേട്ടാ… എഴുന്നേറ്റെ… ദേ സമയം പോയീട്ടോ… അമ്പലത്തിൽ പോകേണ്ടതല്ലേ…

എഴുന്നേൽക്ക് രുദ്രേട്ടാ… “”

കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന രുദ്രന്റെ പുറത്തുപിടിച്ചു കുലുക്കികൊണ്ടവൾ വിളിച്ചു.

ഞായറാഴ്ചയാണ്.

അമ്പലത്തിൽ പോകാൻ രാവിലെ തന്നെ അവനെ കുത്തിപ്പൊക്കുകയാണ് പെണ്ണ്.

“” എന്താടി…. രാവിലെ തന്നെ… ഒന്നുറങ്ങാനും സമ്മതിക്കില്ല്യേ… “”

ഒറക്കം മുറിഞ്ഞ ദേഷ്യത്തിൽ കണ്ണ് തുറക്കാതെ തന്നെ അവൻ ഉച്ചയെടുത്തു.

“” ദേ… മര്യാദക്ക് എഴുന്നേറ്റോട്ടോ… ഇന്നലെ ഞാൻ പറഞ്ഞതല്ലേ അമ്പലത്തിൽ പോണംന്ന്…

അപ്പൊ സമ്മതിച്ചിട്ട് ഇപ്പൊ കിടന്നുറങ്ങുന്നോ…

“” പെണ്ണ് നെറ്റിച്ചുളിച്ചു കൊണ്ട് ചുണ്ട് കൂർപ്പിച്ചു.

“” മ്മ്… പോവാം… ”

ഉറക്കച്ചടവോടെ പറഞ്ഞു.

“” എന്നാ എഴുന്നേൽക്ക്…. “”

കണ്ണടച്ച് കിടക്കുന്നവനെ നോക്കി പറഞ്ഞു.

“” ഈ പെണ്ണ്… “” മടിയോടെ അവൻ പുതപ്പും മാറ്റി എഴുന്നേറ്റു. മുണ്ടോന്നു മുറുക്കിയുടുത്തുകൊണ്ട് പെണ്ണിനെ നോക്കി.

രാവിലെ തന്നെ കുളിയും കഴിഞ്ഞ് സെറ്റു സാരിയും ഉടുത്തു തലയിൽ ഒരു വെള്ള തോർത്തും കെട്ടി നിൽക്കുന്നത് കണ്ടപ്പോൾ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞിരുന്നു.

കണ്ണൊന്നു തിരുമി തോർത്തും എടുത്തവൻ ബാത്ത്റൂമിലേക്ക് കയറി.

പെണ്ണ് അവൻ പോകുന്നതും ഒന്നു നോക്കി പിന്നെ മുടിയഴിച്ചു കുളിപ്പിന്നിയിട്ട് നെറ്റിയിൽ സിന്ദൂരവും കണ്ണിൽ ചെറുതായി കറുപ്പെഴുതി കണ്ണാടിയിൽ ഒന്നു നോക്കികൊണ്ടവൾ താഴെക്കിറങ്ങി.

നേരെ ഗാർഡനിലേക്കായിരുന്നു പോയത്. അവിടെ നിറയെ മുല്ലവള്ളികൾ പടർന്ന് പൂത്തു നിൽപ്പുണ്ട്.

ഒരു വാഴയില എടുത്ത് അതിലേക്ക് പൂവുകളെല്ലാം അറുത്തിട്ടു. താഴെ കുറച്ചേ ഉണ്ടായിരുന്നുള്ളു.

ബാക്കിയെല്ലാം മുകളിലേക്ക് പടർന്നിരിരിക്കുന്ന കൊമ്പിലാണ്. കയ്യെത്തിച്ചിട്ടും പറിക്കാൻ ആവുന്നില്ലയായിരുന്നു. നിരാശയോടെ നിന്നതും താഴെ നിന്നുമവൾ ഉയർന്നു പൊങ്ങിയിരുന്നു.

കയ്യിലെ വാഴയിലയിൽ നിന്നും രണ്ടു പൂക്കൾ താഴേക്കു പതിച്ചു.

“” എന്താത് രുദ്രേട്ടാ… ആരെങ്കിലും കാണുട്ടോ “”

തല രണ്ട് ഭാഗത്തേക്കും വെട്ടിച്ചു നോക്കി കൊണ്ടവൾ ഒന്നു കുതറികൊണ്ട് പറഞ്ഞു.

“”ഇവിടെ ഇപ്പൊ ആരു കാണാനാ…നീ വേഗം പൊട്ടിക്കാൻ നോക്ക് പെണ്ണെ… “”

അവൻ ഒന്നുകൂടി എടുത്തുയർത്തികൊണ്ട് പറഞ്ഞു.

പെണ്ണ് പിന്നെ ഒന്നും പറയാതെ പൂക്കൾ അറുത്തിട്ടു തുടങ്ങി.

“” കഴിഞ്ഞു… ഇനിയിറക്ക്… ”

അവൻ കയ്യോന്നഴച്ചതും പെണ്ണ് പൂവ് താഴെ വീഴാതെ ശ്രദ്ധിച്ചു കൊണ്ട് അവനിൽ നിന്നും ഊർന്നിറങ്ങി.

താഴെയിറങ്ങിയിട്ടും തന്നെ ചുറ്റിപിടിച്ച രുദ്രേട്ടന്റെ കൈകൾ വിടാത്തതു കണ്ട് പെണ്ണ് കണ്ണ് കൂർപ്പിച്ചൊന്നു നോക്കി. അത് കണ്ടതും അവനൊന്നു ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ കൈ വെച്ച് വാഴയില മുഖത്തോടടുപ്പിച്ചു. നാസിക വിടർത്തി അതിന്റെ വാസന ആസ്വദിച്ചു.

പെണ്ണിനെ ഒന്നു തിരിച്ചു നിർത്തികൊണ്ട് രണ്ട് മുല്ലപ്പൂ അവളുടെ തലയിൽ ചൂടി കൊടുത്തു.

അതെ മുല്ലപ്പൂ ഗന്ധമാണ് പെണ്ണിനെന്നും അവനോർത്തു.

“” ഹ്ര..മ്മ്….”” പെട്ടന്ന് പിന്നിൽ നിന്നൊരു ചുമ കേട്ടതും രണ്ടാളും അടർന്നു മാറി.

തിരിഞ്ഞു നോക്കുമ്പോൾ രഘുവച്ഛൻ പത്രവും എടുത്ത് ഉമ്മറത്തിരിക്കുന്നതാണ് കണ്ടത്. ആ മുഖത്ത് ഒരാക്കിയ ചിരിയും ഉണ്ട്. അത് കണ്ടതും രണ്ടാളുടെ മുഖത്ത് ചമ്മൽ വന്നു നിറഞ്ഞു.

“” യശോധേ… ഉമ്മറത്തേക്കൊരു ചായ എടുത്തോളൂട്ടോ… “” അവരെ കാണാത്ത പോലെ അയ്യാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

രണ്ടാളും പിന്നെ അവിടെ നിൽക്കാതെ വേഗം നടന്നു. രഘുവച്ഛൻ അവർ പോകുന്നത് ചെറു ചിരിയോടെ നോക്കി നിന്നു.

നടന്നാണ് പോയത്. പാടത്തു മഴ പെയ്തു ആകെ ചെളി കൂടിയിട്ടുണ്ട്. രുദ്രേട്ടൻ പെണ്ണിന്റെ കയ്യും പിടിച്ച് സൂക്ഷിച്ചു നടന്നു.

വാഴയിലയിൽ കരുതിയ പൂവ് നടയിൽ വെച്ചുകൊണ്ടവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

എന്നോ പോയ്‌ മറഞ്ഞ സന്തോഷങ്ങൾ തിരികെ തന്നതിന് നന്ദി പറഞ്ഞു.

ഇലച്ചീന്തിലെ ചന്ദനം നെറ്റിയിൽ ചാർത്തി. ഒപ്പം രുദ്രേട്ടനും തൊട്ടുകൊടുക്കാൻ പെണ്ണ് മറന്നിരുന്നില്യ.

പതിവു തെറ്റിക്കാതെ രുദ്രേട്ടന്റെ പേരിൽ അർച്ചന ഉണ്ടായിരുന്നു. പെണ്ണതിന്റെ പ്രസാദം വാങ്ങാൻ നിന്നതും രുദ്രൻ പുറത്തേക്കിറങ്ങി

ഷർട്ട്‌ ശെരിയാക്കി ബട്ടൻസ് ഇടുമ്പോഴാണ് എതിരെ നടന്നു വരുന്ന നിവേദിനെ കാണുന്നത്.

രുദ്രനെ കണ്ട് നിവേദ് അവനടുത്തേക്ക് വന്നു.

“” ങ്ഹാ… രുദ്രനോ… ഗൗരി വന്നില്യേ… “”

അടുത്ത് വന്നു ചോദിച്ചു.

“”ആ.. അവളും ഉണ്ട്….ങ്ഹാ ദേ വരുന്നു…..””

തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു. ഏതോ ഒരു മധ്യവയസ്കയുമായി സംസാരിച്ചുകൊണ്ട് വരുന്നുണ്ട്.

നിവിയും അവളെ ഒന്നു നോക്കി. മുമ്പത്തേക്കാളും ഭംഗി വെച്ചിട്ടുണ്ട്. ആ ചുണ്ടിലെ നിറചിരിയും മുഖത്തെ തിളക്കവും കണ്ടതും അവന്റെ ചൊടികളും വിടർന്നു.

രുദ്രൻ നിവിയുടെ തോളിൽ ഒന്നു തട്ടിയപ്പോഴാണ് അവൻ അവളിൽ നിന്നും നോട്ടം മാറ്റി സ്വബോധത്തിലേക്ക് വന്നത്.

“” മറക്കാൻ ശ്രമിക്കുന്നുണ്ട്… എന്നെങ്കിലും കഴിയുമായിരിക്കും… നിങ്ങള് രണ്ടാളും സന്തോഷായിട്ട് ജീവിച്ചാൽ മതിയടോ… “”

തെളിച്ചമില്ല്യാത്തൊരു ചിരി വിരിഞ്ഞു. ആ കണ്ണുകളിൽ ഒരു നഷ്ടബോധം ഉള്ളത് രുദ്രൻ ശ്രദ്ധിച്ചിരുന്നു.

“” ങ്ഹാ… നിവിയേട്ടനെപ്പോ വന്നു…

തൊഴുതായിരുന്നോ ..

ഗൗരി അടുത്തേക്ക് വന്നു ചോദിച്ചു.

“” ഇല്ല്യ… ഇപ്പൊ വന്നതേയുള്ളു… ഞാനെന്ന ചെല്ലട്ടെ ശെരി… “” അവൻ പറഞ്ഞുകൊണ്ട് ഒന്നു തലയാട്ടി മുന്നോട്ടു നടന്നു.

ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടിരുന്നു പരസ്പ്പരം കൈകോർത്തു നടന്നു പോകുന്ന രുദ്രനെയും ഗൗരിയെയും. അവനൊന്നു നിശ്വസിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് കയറി.

❤❤❤❤❤❤❤

“” വൈകും നേരം തേവങ്ങോട്ടേക്ക് പോണംട്ടോ…

ഞാൻ വരാം കൂട്ടാൻ….. “”

ചന്ദ്രുവിന്റെ വീടിനു മുന്നിൽ ബൈക്ക് നിർത്തികൊണ്ട് ജിത്തു പറഞ്ഞു.

“” ങ്ഹാ… ശെരി… “”

ചന്ദ്രു ബൈക്കിൽ നിന്നും ഇറങ്ങി മുറ്റത്തേക്ക് നടന്നു.കയ്യിൽ ഒരു കവറും ഉണ്ട്. രുക്മണിയമ്മ പഴം വാങ്ങാൻ ഏല്പിച്ചിരുന്നു.

അകത്തേക്ക് കയറിയതെ കേട്ടു അടുക്കളയിൽ നിന്നും കളിയും ചിരിയും വർത്താനവും എല്ലാം.

ഒന്നു സംശയിച്ചു കൊണ്ട് നടന്നു അടുക്കള പടിയെത്തിയതും കണ്ടു അടുക്കള സ്ലാബിൽ കയറിയിരുന്നു അമ്മയോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്ന ഗീതുവിനെ.

മടിയിൽ ഒരു പാത്രവും ഉണ്ട്. അമ്മ ഉണ്ണിയപ്പം ചുടുന്നതിനിടയിൽ അവൾ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേൾക്കുന്നും ഉണ്ട്.

“” ഇവളൊ… “” അവന്റെ മുഖം ഒന്നു ചുളിഞ്ഞു.

“” ഈ സാധനം എന്തിനാണാവോ രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്… “”

മനസ്സിൽ പറഞ്ഞുകൊണ്ടവൻ അടുക്കളയിലേക്ക് കയറി.

“” ങ്ഹാ… മാഷ് വന്നോ ”

മാഷിനെ കണ്ടതും പെണ്ണിന്റെ മുഖം ഒന്നു വിടർന്നു.

എങ്കിലും താഴെയിറങ്ങി വലിയ ബഹുമാനം കാണിക്കാനൊന്നും മെനകെട്ടില്യ.

“” നീയെന്താ പതിവില്ല്യാതെ ഇങ്ങോട്ടൊക്കെ… “”

കയ്യിലെ കവർ മാറ്റി വെച്ചുകൊണ്ട് ചോദിച്ചു.

“” മാളൂട്ടിയും കുഞ്ഞേച്ചിയും ഒന്നും ഇല്ല്യാതെ വീട്ടിൽ തന്നെ ഒരു സുഖവും ഇല്ല്യ മാഷേ… ഫുൾ ബോറടി…. അപ്പൊ വിചാരിച്ചു നമ്മടെ രുക്കുന്റെ അടുത്തേക്ക് വരാന്ന്… അങ്ങനെ രാവിലെ തന്നെ ഇങ്ങോട്ട് വെച്ച് പിടിച്ചു… “” പറഞ്ഞ് കൊണ്ട് കയ്യിലിരുന്ന പാതി കടിച്ച ഉണ്ണിയപ്പം എടുത്ത് വായിലേക്കിട്ടു.

“” മ്മ്… “” പെണ്ണിന്റെ വലിയ വർത്താനം കേട്ട് അവനൊന്നമർത്തി മൂളി കൊണ്ട് തിരിയാൻ നിന്നതും പിടി വീണിരുന്നു.സംശയത്തോടെ തിരിഞ്ഞതും പെണ്ണിന്റെ മറുപടിയും വന്നിരുന്നു.

“” ഹാ… അങ്ങനങ്ങു പോവാതെ മാഷേ…. ദേ ഇതൊന്നു കഴിച്ചു നോക്കിയേ… രുക്കുവിന്റെ സ്പെഷ്യൽ ഉണ്ണിയപ്പം… നല്ല ടേസ്റ്റാ…””

വേണ്ട എന്ന് പറയാൻ വന്നതും വലതു കയ്യിലിരുന്ന ഉണ്ണിയപ്പം അവന്റെ വായിലേക്കാവൾ വെച്ചിരുന്നു.

പെട്ടെന്നുള്ള പ്രവർത്തിയിൽ ചന്ദ്രു ഒന്നു ഞെട്ടി. നേരെ നോക്കിയത് അമ്മയെ ആയിരുന്നു.

അമ്മ എല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ ചട്ടിയിൽ നിന്നും ഉണ്ണിയപ്പം പാത്രത്തിലേക്ക് കോരിയിട്ടു കൊണ്ടിരുന്നു

ആദ്യത്തെ ഞെട്ടൽ മാറിയതും ഗീതുവിന്റെ പ്രവർത്തി ഓർത്ത് അവനിൽ ദേഷ്യം നിറഞ്ഞു.

അമ്മ നിൽക്കുന്നതുകൊണ്ട് മറ്റൊന്നും പറയാതെ അവളെ ഒന്നു കടുപ്പിച്ചു നോക്കികൊണ്ട് വാതിലും കടന്നു പോയി. പെണ്ണവൻ പോകുന്നതും നോക്കി ചുണ്ടിൽ ഊറിയ ചിരിയോടെ നോക്കി ഇരുന്നു.

കുറച്ചു കഴിഞ്ഞതും ചന്ദ്രുവിന്റെ അനക്കം ഒന്നും കേൾക്കാതെ വന്നതും പെണ്ണ് അടുക്കളയിൽ നിന്നും ഇറങ്ങി അകത്തളത്തിലേക്ക് നടന്നു.

ഒരു ഇടത്തരം വീടാണ്. ഒരു ഹാളും രണ്ട് മുറിയും അടുക്കളയും. എങ്കിലും സൗകര്യങ്ങൾ ഉണ്ട്.

അവന്റെ മുറിയിലേക്ക് ഒന്നു കയറി ചുറ്റും നോക്കി. നല്ല വൃത്തി ഉള്ള മുറിയാണ്. എല്ലാം അടക്കി ഒതുക്കി വെച്ചിട്ടുണ്ട്.

“” മ്മ്… എന്നെ പോലെയല്ല… നല്ല വൃത്തി ഉള്ള കൂട്ടത്തിലാ… “” സ്വയം പറഞ്ഞുകൊണ്ട് തിരിച്ചിറങ്ങാൻ തിരിഞ്ഞപ്പോഴാണ് മേശയിൽ ബുക്കിന് മുകളിലിരിക്കുന്ന ജ്വലറി ബോക്സിൽ കണ്ണുടക്കിയത്.

അതുകണ്ടതും അവളുടെ മുഖം ഒന്നു ചുളിഞ്ഞു. സംശയത്തോടെ അത് തുറന്നു നോക്കി.

ഒരു കുഞ്ഞു വെള്ളക്കൽ മൂക്കുത്തി.

ചൂണ്ടുവിരലും തള്ളവിരലും കൂട്ടിപിടിച്ചു അതെടുത്തു നോക്കി. തല ചെരിച്ചു ചുവരിൽ തൂക്കിയിട്ട കണ്ണാടിയിലേക്കൊന്നു നോക്കി. കുത്താത്ത മൂക്കിലേക്കും മൂക്കുത്തിയിലേക്കും മാറി മാറി നോക്കി.

പിന്നെ അത് ബോക്സിൽ തന്നെ വെച്ചു.

അടുത്തിരുന്ന ബുക്ക് വെറുതെ ഒന്നു മറിച്ചു നോക്കി.

മറഞ്ഞ താളുകളിൽ ഒന്നിൽ കണ്ട ചിത്രത്തിൽ കണ്ണ് പതിഞ്ഞതും വിശ്വാസമാകാത്ത പോലെ അവൾ വീണ്ടും കണ്ണും മിഴിച്ചു അതിലേക്കു നോക്കി നിന്നു.

പാറുവിന്റെ ചിരിതൂകി നിൽക്കുന്ന മുഖം. മൂക്കിൻ തുമ്പിലെ കല്ലുവെച്ച മൂക്കുത്തിക്കു പോലും ജീവനുള്ള പോലെ….

“” എന്റെ മൂക്കുത്തിക്ക്… “”

അടിയിലായെഴുതിയ വാക്കവൾ മനസ്സിൽ ഉരുവിട്ടു.

നെഞ്ചിൽ ഒരു ഭാരം വന്നു നിറയുന്നത് പോലെ തോന്നി. കണ്ടറിഞ്ഞത് സത്യമാവല്ലേ എന്ന് ഉള്ളിൽ പ്രാർത്ഥിച്ചു പോയി.

“” ഡീ…. “” പിന്നിൽ നിന്നും ചന്ദ്രുവിന്റെ ഉച്ചത്തിലുള്ള ശബ്‌ദം കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി.

“” നീ എന്തിനാ മുറിയിൽ കയറിയത്… എന്താ നിന്റെ കയ്യില്… “” അവളുടെ കയ്യിലുള്ള പുസ്തകവും അതിൽ മറച്ചു വെച്ച പേജും കണ്ടതും അവനിൽ ഒരു പതർച്ചയും ഒപ്പം ദേഷ്യവും നിറഞ്ഞു.

“” നീയാരോട് ചോദിച്ചിട്ടാ ഇതൊക്കെയെടുത്.””

അവളുടെ കയ്യിൽ നിന്നും ബുക്ക് തട്ടിപ്പറിക്കും പോലെ വാങ്ങി എടുത്തു. അവനിലെ ദേഷ്യം കണ്ട് പേടിയോടെ ഗീതു മറുപടിയില്ല്യാതെ നിന്നു.

“” മേലിൽ ഇതാവർത്തിക്കരുത്… ഇറങ്ങി പോ… “” ഇരച്ചു വന്ന ദേഷ്യം കടിച്ചമർത്തികൊണ്ട് അവൻ പുറത്തേക്കു പോകാനായി കൈകൊണ്ട് കാണിച്ചു.

അത് കൂടിയായതും പേടിയും സങ്കടവും കണ്ണുനീരായി കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയിരുന്നു. നിറക്കണ്ണുകളാലെ അവനെ ഒന്നു നോക്കികൊണ്ടവൾ പുറത്തേക്കു നടന്നു.

അത് കണ്ടതും അവനും ഒന്നു വല്ലാതെയായെങ്കിലും പുറകിൽ നിന്നവളെ വിളിക്കാൻ നിന്നില്ല്യ.

❤❤❤❤❤❤

അമ്പലത്തിൽ നിന്നും വന്ന ശേഷം പണികളെല്ലാം ഒതുക്കി ഗൗരിയും യശോദാമ്മയും പിന്നാമ്പുറത്തായി ഇരുപ്പുറപ്പിച്ചു. ഗൗരി താഴത്തെ പടിയിലും അവൾക്കു മുകളിലായി അമ്മയും ഇരുന്നു.

രുദ്രൻ രഘുവച്ചന്റെ കൂടെ എന്തോ ആവശ്യത്തിന് പുറത്തേക്കു പോയതാണ്.

“” നിന്റെ മുടിയുടെ ഉള്ളു കുറഞ്ഞൂലോ ഗൗര്യേ… മുടി കൊഴിയുന്നുണ്ടോ… “”

അവളുടെ മുടി കോന്തിക്കൊണ്ട് അമ്മ ചോദിച്ചു.

“” മ്മ്.. ഉവ്വമേ… നല്ല കൊഴിച്ചിലുണ്ട്… എന്നും ഉള്ള ഓട്ടത്തിന്റെ ഇടയിൽ മുടി നോക്കാനൊന്നും മെനക്കേടാറില്ല്യ… “”

“” മ്മ്… അത് കാണാനും ഉണ്ട്…. വൈകിട്ടാവട്ടെ… ഞാൻ മരുന്നിട്ട് എണ്ണ കാച്ചി തരാം…

ദിവസവും അത് തേച്ചു കുളിച്ചാ മതി…. കൊഴിച്ചിൽ കുറഞ്ഞോളും “”

അവളൊന്ന് തലയനക്കി മൂളി.

“” അമ്മേ… ഞാനൊരു കാര്യം ചോദിക്കട്ടെ…. “”

കുറച്ചു കഴിഞ്ഞതും എന്തോ ഓർത്തെടുത്ത പോലെ അവൾ ചോദിച്ചു.

“” നീ എന്താണെലും ചോദിക്ക് കൊച്ചേ… ”

അവൾ ഒന്നു തിരിഞ്ഞ് അമ്മയെ നോക്കി. പിന്നെ ചോദിച്ചു.

“” അത്… ആ വൈശാഖനെന്താ രുദ്രേട്ടനോട് ഇത്ര ദേഷ്യം… പണ്ട് മുതലേ രുദ്രേട്ടനോട് അയ്യാൾക്കെന്തോ ശത്രുത ഉള്ള പോലെയാണല്ലോ പെരുമാറ്റം… “” അവൾ മനസ്സിലെ സംശയം തുറന്നു.

അതുകേട്ടു യശോദാമ്മ ആദ്യം ഒന്നും മിണ്ടിയില്ല്യ…

“” അത്പിന്നെ… അവര് തമ്മില് മോൾക്കറിയാത്ത ഒരു ബന്ധം ഉണ്ട്… “”

യാശോദ പറയുന്നത് കേട്ട് അവൾ പുരികം ചുളിച്ച് അവരെ നോക്കി.

“” എന്ത് ബന്ധം…? “”

തുടരും…..

രചന : Vava….