അരുൺ എഴുന്നേൽക്കുന്നതിന് മുമ്പായി അവളുടെ വയറിൽ ഒരു ഉമ്മ കൊടുത്തു…

രചന : വിജയ് സത്യ

കനിവുള്ള കവിത ; എന്റെ പാറൂ

❤❤❤❤❤❤❤❤

ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ജോലിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അരുൺ

എടി പാറൂ ഒന്ന് സഹായിക്കെടി..

വസ്ത്രങ്ങൾ ഓരോന്ന് വലിച്ചുകയറ്റുന്നതിനിടയിൽ അവൻ പാറുവിനോട് പറഞ്ഞു..

“എന്തോന്ന് ജെട്ടി ഇടീപ്പിക്കാനോ.. ”

“അതൊക്കെ കഴിഞ്ഞു.. ബട്ടൻസ് ഇടാൻ,ടൈ പിന്നെ ഷൂ ലെയർ..പ്ലീസ് ഡി ”

“തന്നത്താൻ അങ്ങ് ചെയ്താൽ മതി..”

“ഹോ കല്യാണം കഴിഞ്ഞു വന്ന ആദ്യ അവസരങ്ങളിൽ എന്തൊക്കെയായിരുന്നു..

എന്റെ അമ്മ വരെ എന്നെ നേഴ്സറിയിൽ പോകുമ്പോൾ അങ്ങനെ ഒരുക്കിയിട്ടില്ല..

അത്രയ്ക്കുണ്ടായിരുന്നു സ്നേഹം..

ഇപ്പോഴല്ലേ മനസ്സിലാകുന്നത്….

അതൊക്കെ സോപ്പിടൽ ആയിരുന്നു.. വെറും സോപ്പിട്ട് പതപ്പിക്കൽ..

ഇപ്പോൾ എന്നാടി എനിക്കൊരു കുഴപ്പം…?”

“കുഴപ്പം അരുണിനല്ലല്ലോ എനിക്ക് അല്ലേ?

“നിനക്കോ എന്താ കുഴപ്പം?”

“മാസം ഇത് മൂന്ന് ആണ്.. ഇനി പഴയപോലെ ഓടാനും ചാടാനും വയ്യ..

“നിന്നോടാരാ ചാടി കൊണ്ട് ബട്ടൻസ് ഇടാനും ഓടിക്കൊണ്ട് ലെയർ കെട്ടാനും പറഞ്ഞത്..

ഇത്തിരി ഒന്ന് കുനിയുക…കുറച്ചൊന്നു കുമ്പിടുക.. അത്രയല്ലേ വേണ്ടൂ..”

“എനിക്കിപ്പോ വയ്യ എനിക്കിവിടെ എന്റെ തൂലിക ഗ്രൂപ്പിൽ ഒരു കവിത എഴുതി പോസ്റ്റ് ചെയ്യാൻ ഉണ്ട്..”

“ആഹാ കൊള്ളാം ഇന്നാൾ എഴുതിയ കവിത വായിച്ചു ബോധം പോയിരിക്കുകയാണ്.. അപ്പോൾ അടുത്തത്..!”

“എന്തോന്ന് ബോധം പോവാൻ അതൊരു പ്രകൃതി വർണ്ണനയല്ലേ? ”

“മഴയ്ക്ക് അന്ന് ഹർത്താൽ ആയിരുന്നു..

കാറ്റിന് കല്യാണം കൂടാൻ പോവാൻ ഉണ്ടായിരുന്നു

വെയിലിന് ഒരു കുഞ്ഞിന്റെ ഇരുപതിയെട്ടു കെട്ടിനു പോവാൻ ഉണ്ടായിരുന്നു..

അരുൺ പാർവ്വതിയെ കളിയാക്കി പാടിയപ്പോൾ അവളും വിട്ടില്ല.. അതേ ട്യൂണിൽ

” ജോലിക്കു പോകാൻ കുഴിമടിയൻ ആയ അരുണിനു ഒരു പതിനാറടിയന്തിരത്തിനു പോകാൻ ഉണ്ടായിരുന്നു.. അലമ്പൻ മാരായ കൂട്ടുകാരുടെ കൂടാൻ പറ്റാത്ത കലിപ്പിൽ ചൊറിച്ചിൽ ആയിരുന്നു.. ഹ ഹ ”

എന്ന് പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു..

“എടീ എന്റെ കൂട്ടുകാരെ പറഞ്ഞാലുണ്ടല്ലോ”

“ഓ മൂക്കിൽ കേറ്റും… ജോലിയും കൂലിക്കും പോകാതെ രാവിലെ തന്നെ വണ്ടിയുമെടുത്ത് കണ്ട കവലയിൽ സൈഡാക്കി സിഗരറ്റ് പുകച്ച് ഫോണും ചെവിയിൽ തിരികി,അതു പാറയാണ്,അതു മണലാണ്, മറ്റേത് ചതുപ്പ് ആണോ തെങ്ങിൻതോട്ടം ആണോ എന്നൊക്കെ പറഞ്ഞ് റിയൽ എസ്റ്റേറ്റ് എന്ന ഓമനപ്പേരിൽ ദിവസം കളയുന്ന കുറെയെണ്ണം.. ഇജ്ജാതി അല്ലേ നിന്ടെ കൂട്ടുകാർ…?

അരുൺ മണി 9 ആയെടാ..ഒന്ന് വേഗം ഓഫീസിൽ പോകാൻ നോക്ക്..”

ഇതിനിടെ അരുൺ ഷർട്ട് ഇൻ ചെയ്തു.

മുടിയൊക്കെ ചീകി ടൈ കെട്ടി, സോക്സ് ധരിച്ച് ഷൂ ഇടാൻ ഒരുങ്ങി…

“അല്ലെങ്കിൽ വേണ്ട കുറച്ചു കഴിയട്ടെ..”

എന്ന് പറഞ്ഞ് അവൻ ഷൂ മാറ്റിവെച്ചു

“ങ്ങേ വേണ്ടേ”

പാർവതിക്ക് അത്ഭുതമായി..

അവൾ ബ്ലൗസ് ഇട്ട് മുട്ടിന് മീതെയുള്ള കുഞ്ചുടുപ്പിട്ടു ബെഡിൽ ചാരിയിരുന്നു മൊബൈലിൽ ടൈപ്പുകയായിരുന്നു..

ഇൻസൈഡ് ചെയ്തു ടൈ ഒക്കെ കെട്ടിയ അരുൺ തന്റെ മടിയിൽ തല വെച്ച് കിടക്കുന്നത് കണ്ടപ്പോൾ പാറു അമ്പരന്നു..

“എന്തുവാ ഇത്..പുതിയത് ആണല്ലോ ഇ കോൺട്രാ സീൻ”

എടി ഒട്ടും വളർന്നില്ലല്ലോ

എന്തോന്ന്

നിന്റെ വയർ

അവൻ അവളുടെ മടിയിൽ നിന്നും തല ചെരിച്ചു അവളുടെ ഉണ്ണി പൂ വയറിലേക്ക് നോക്കി പറഞ്ഞു

“അതൊക്കെ വളരും മോൻ ചെല്ല്..

ഇല്ലേൽ സമയമെടുത്തു നീ ചീകി വെച്ച മുടിയൊക്കെ ഞാൻ തൊട്ടു വഷളാക്കും വേഗം എണീറ്റോ.. ”

“എനിക്ക് മാത്രമാണോ ഭാര്യയുടെ മടിയിൽ കിടന്നാൽ ഭാര്യയുടെ തിരു മോന്ത കാണാത്തത്…?”

“ഡാ…ഡാ നിർത്ത്..”

അവൾ ക്ലോക്കിൽ നോക്കി തിടുക്കം കൂട്ടി.

ഇതെന്തു സാധനം ഇതിനെ ജോലിക്ക് വിടാൻ എന്തോരു ബുദ്ധിമുട്ട് എന്റെ ഈശ്വരാ..അവൾ മനസ്സിലോർത്തു.. പാവമാണ്.. തന്റെ സ്നേഹത്തിന്റെ ചക്കര ആണ്…

അരുൺ എഴുന്നേൽക്കുന്നതിന് മുമ്പായി അവളുടെ വയറിൽ ഒരു ഉമ്മ കൊടുത്തു… അവൾ കോരിത്തരിച്ചു പോയി.. ഇതെന്താ വല്ലാത്തൊരു പ്രത്യേകത ഉണ്ടല്ലോ..

ഇത് നിനക്ക് അല്ല എന്റെ കുഞ്ഞിനെ ആണ്.

ഹോ…കിടത്തം കണ്ടപ്പോൾ എനിക്ക് തോന്നി.

കാള വാലു പൊക്കുന്നത് എന്തിനാന്ന്..

അവൻ എഴുന്നേറ്റ് ബെഡിൽ ഇരുന്നു…

തനിക്ക് ഉള്ളതു ഇല്ലേ… പിശുക്കനാണോ.. ഹേയ് അല്ലല്ലോ അവൾ മനസ്സിലോർത്തു..

ഷൂ ഇട്ട് ലേയർ കെട്ടിയശേഷം അവന്റെ പാറൂനെ പിടിച്ചെഴുന്നേൽപ്പിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അവൾക്ക് ആശ്വാസമായി..

അരുൺ . പോവാൻ ഒരുങ്ങി..

അവൾ പിറകെ ചെന്ന് സിറ്റൗട്ടിൽ നിന്നു..

പോർച്ചിൽ നിന്നും കാർ എടുത്ത് പോകുമ്പോൾ

“അരുൺ ടേക് കെയർ… വണ്ടി കൊണ്ട് പോകുമ്പോൾ കണ്ട ബൈക്കുകാരു പിള്ളേരെ ചെയ്‌സ് ചെയ്തു പിരാന്ത് ആക്കി പിറകെ ഓടിപ്പിടിക്കല്ലേ… കാത്തിരിക്കാൻ ഒരാളും കൂടി വരുന്നുണ്ടെന്ന് ഓർക്കണം.. ”

“ഇല്ലെടി അതൊക്കെ എന്നെ നിർത്തി.. നീ ഇങ്ങനെ കുത്തിയിരുന്ന് മുഷിയല്ലേ. അൽപ്പം നടക്കു…. അവൻ പോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു…

അല്പസമയത്തിനകം അവൾക്കൊരു ഫോൺ വന്നു…

ഹൈവേയിൽ ഒരു ആക്സിഡന്റ്…

അവളുടെ കൂട്ടുകാരിയാണ് വിളിച്ചത്…

ആക്സിഡന്റ് മത്സര ഓട്ടത്തിൽ ഉള്ള ടിപ്പർ ലോറികൾ തമ്മിലായിരുന്നു…

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവളുടെ ബർത്ത് ഡേ വന്നു.. കേക്ക് മുറിച്ച് വീട്ടിൽ നിന്ന് തന്നെ ആഘോഷിച്ചു.. അരുൺ ഒരു റിങ് അവൾക്കു പ്രസന്റ്റ് ചെയ്തു.. അവന്റെ ഒരു മാസത്തെ ശമ്പളം പോയി കിട്ടി..

പാർവതി അവളുടെ ഉള്ളിലുള്ള ഹൃദയം അങ്ങനെ തന്നെ വരച്ചു കാണിച്ചു കാവ്യാ ആസ്വാദകരിൽ നിന്നും പ്രശംസയും ലൈക്കും വാങ്ങിച്ചു കൊണ്ടിരുന്നു…

ബർത്ത് ഡേയുടെ ഭാഗമായി പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കാം എന്നു ഓഫർ ചെയ്തതാണ് അവന്റെ പാറൂന്

അന്നുച്ചയ്ക്ക് മുമ്പ് ഓഫീസിൽ നിന്നും ലീവ് പറഞ്ഞു അവൻ കാറുമെടുത്ത് വീട്ടിലേക്ക് തിരിച്ചു..

പാറൂനോട് ഒരുങ്ങി നിൽക്കാൻ പറഞ്ഞു..

വരുമ്പോൾ വഴിയരികിൽ അതാ ഒരു ചേട്ടൻ ഉന്തുവണ്ടിയിൽ നല്ല ഉരുണ്ട മധുരക്കിഴങ്ങ് വിൽക്കുന്നതു..

അവന്റെ പാറൂന് ഈ മധുരക്കിഴങ്ങ് എന്നുവെച്ചാൽ വലിയ ജീവനാണ്..

അവൻ വിൽപ്പനക്കാനരികിൽ തന്റെ വണ്ടി നിർത്തി ഇറങ്ങി ചെന്നു..

കിലോയ്ക്ക് എത്രയാ വില

ഇരുപത്തി രണ്ട് രൂപ

നൂറു രൂപ തരാം 5 കിലോ എടുക്കു…

അയ്യോ 10 രൂപ നഷ്ടമാകും ചേട്ടാ.. ആകെ അത്രെ ലാഭമുള്ളത്…

അയാൾ ആ ഹൈവേയിലെ വെയിലിന്റെ കാഠിന്യം കൈകൊണ്ട് നെറ്റിയിൽ തടഞ്ഞു പറഞ്ഞു..

എങ്കിൽ എനിക്ക് വേണ്ട.. അരുൺ തിരിച്ചു പോകാൻ തുടങ്ങി..

അതുകണ്ടു കച്ചവടക്കാരന് വിഷമമായി.

“എങ്കിൽ തരാം ചേട്ടാ അഞ്ചു കിലോ നൂറുരൂപയ്ക്ക്”

ഒടുവിൽ കിഴങ്ങ് കച്ചവടക്കാരൻ സമ്മതിച്ചു.

അരുൺ നൂറു രൂപ കൊടുത്തു അഞ്ചു കിലോ കിഴങ്ങ് വാങ്ങി കാറിന്റെ ഡിക്കിയിൽ വെച്ചു..

അവന് വലിയ അഭിമാനം തോന്നി.. അല്ല പിന്നെ കച്ചവടം ഏതായാലും തനിക്കും എന്തെങ്കിലും ലാഭം കിട്ടണം.. ഒരു വിജയിയെ പോലെ അവൻ കാറോടിച്ചുപോയി..

പാറൂ കാത്തിരിക്കുകയായിരുന്നു.. അവൾ കാറിൽ കയറിയിരുന്നു..

അവൻ അവളെയും കൊണ്ട് ഹോട്ടലിൽ ചെന്നു..

അതിനു മുതലാളി അവന്റെ അച്ഛന്റെ ഫ്രണ്ടാണ്..

അവനും അവളും കാർ പാർക്ക് ചെയ്ത ശേഷം കയറിച്ചെല്ലുമ്പോൾ അയാൾ ബഹുമാനപൂർവ്വം സ്നേഹത്തോടെ ചിരിച്ചു അവരെ അനുഗമിച്ചു..

ആ ഹോട്ടലിലെ ആളൊഴിഞ്ഞ ഒരു സ്പെഷ്യൽ ക്യാബിൻ കാണിച്ചു കൊടുത്തു..

അരുണും പാർവതിയും അവിടെ അഭിമുഖമായി ഇരുന്നു..

വെയിറ്റർ വന്നു ഓർഡർ എടുത്തു… മെനു നോക്കി അവളുടെ ഇഷ്ടം അവളും അവന് ഇഷ്ടപ്പെട്ടത് അവനും ഓർഡർ ചെയ്തു..

ഗംഭീര ഭക്ഷണം…. അവർ ഇരുന്നു ഓരോന്നും പറഞ്ഞു കഴിച്ചു. വീട്ടിലേക്ക് രണ്ടു സ്പെഷ്യൽ ബിരിയാണി ഓർഡർ ചെയ്തു. അമ്മയ്ക്കും അച്ഛനും….

ഒക്കെ കൂടി ആയിരത്തി നാനൂറ്റി പത്തു രൂപ ആയി ബില്ല്…

അവൻ കൈ കഴുകി വന്ന് ആയിരത്തി അഞ്ഞൂറ് രൂപ ബിൽ ബുക്കിൽ വെച്ചു അടച്ചു..

പാർസലും വാങ്ങി അവളെയും കൂട്ടി തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു…

വരുന്ന വഴിയിൽ കാറിന്റെ പിറകിൽ നിന്നും എന്തോ അനങ്ങുന്ന ശബ്ദം കേട്ടു…

“അരുൺ ആരാണ് കാറിന്റെ ഡിക്കിയിൽ?”

“ഓ ഞാൻ മറന്നു മധുരക്കിഴങ്ങാണ്… നേരത്തെ വരുമ്പോൾ ഞാൻ വാങ്ങിച്ചത്… വീട്ടിൽ എടുത്തു വെക്കാൻ മറന്നു..”

“ആണോ വൈകിട്ട് നമുക്ക് കിഴങ്ങ് പോടി ഉണ്ടാക്കാം”

“ആവാലോ… പിന്നെ അയാൾ എന്നോട് ഒരു കിലോയ്ക്ക് ഇരുപത്തിരണ്ട് രൂപ പറഞ്ഞു.. ഞാൻ പറഞ്ഞത് ഇരുപതു മാത്രമേ തരുക ഉള്ളു എന്ന്. ഒടുവിൽ അയാൾ സമ്മതിച്ചു ഇരുപത് രൂപയ്ക്ക് തന്നു…. ”

അവൻ അത് പറഞ്ഞപ്പോൾ പാറൂ വേദനയോടെ അവനെ നോക്കി..

“എന്താ അരുൺ ഇത്… ഒരു പാവപ്പെട്ട കച്ചവടക്കാരൻ അയാളുടെ മുതലിന് ഒരു എമൗണ്ട് പറഞ്ഞിട്ടും അതിൽ നിന്നും കുറച്ചിട്ടാണ് നീ വാങ്ങിച്ചത് …അതായത് അയാൾക്ക് നഷ്ടം വരുത്തിക്കൊണ്ട്…”

“ബിസിനസ് ആണ് മകളെ ബിസിനസ്”

“ഒലക്ക എന്ത് ബിസിനസാ.. നിന്റെതു…നമ്മൾ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചല്ലോ… നീ തൊണ്ണൂറ് രൂപ വെറുതെ കൊടുത്തില്ലേ… അതും അർഹിക്കാത്ത ആൾക്ക്… അതും പണക്കാരനായ ഒരു ഹോട്ടൽ ഉടമയ്ക്കു…ഈ മനുഷ്യൻ റോഡരികിൽ വെയിലുകൊണ്ട് അയാളുടെ മൊതല് പോലും ലഭിക്കാതെ തനിക്ക് സാധനം തന്നു.. എന്നിട്ടും നീ ഒന്നും മനസ്സിലാക്കിയിട്ടില്ല എങ്കിൽ കഷ്ടമാണ് നിന്റെ കാര്യം…

എന്തുകൊണ്ടാണ് നമ്മൾ അർഹിക്കുന്നവർക്ക് സഹായം ചെയ്യാൻ മടിക്കുന്നത്… പാവപ്പെട്ടവരെ അടുത്താണ് കണക്കു കാര്യങ്ങളും പറഞ്ഞു അവരുടെ ലാഭം പോലും ഇല്ലാതാക്കുന്നത്..

എന്നിട്ട് പണക്കാരന് ചോദിക്കാതെ കൊടുക്കും..

എന്നിട്ട് പറയും ബിസിനസ്… ബാർഗിങ്…. മണ്ണാങ്കട്ട…”

അവളുടെ വാക്കുകൾ കേട്ടപ്പോൾ അരുണിന്റെ കണ്ണുതുറന്നു..

ഒരു കവി എന്നാൽ ഗഹനമായ ചിന്തയും സാംസ്കാരിക തലത്തിൽ ഉന്നത ചിന്താഗതി വച്ചുപുലർത്തുന്ന മഹത്തായ മനസ്സിന്റെ ഉടമയും ആണെന്ന് അരുൺ തിരിച്ചറിയുകയായിരുന്നു..

ഓരോ കഥാകാരന്മാർ എഴുതുന്ന ആയിരം പദങ്ങളുടെ അർത്ഥം അവരുടെ ഒരു വാക്കിൽ ഉണ്ടാകുമെന്നത് അവൻ അപ്പോൾ തിരിച്ചറിഞ്ഞു..

വഴിയിൽവെച്ച് ആ കിഴങ്ങ് കച്ചവടക്കാരനെ കണ്ടു.. അവിടെ വണ്ടി നിർത്തി അരുൺ ഇറങ്ങി..

അയാൾക്ക്‌ പത്തു രൂപ നൽകി.. കൂടാതെ കീശയിൽ നിന്നും കുറച്ച് രൂപ എടുത്തു അയാളുടെ കയ്യിൽ തിരുകി.. അയാൾ അതു നിരസിക്കും എന്ന് അവനറിയാം….

അതു മുൻകൂട്ടി കണ്ടു അവൻ പറഞ്ഞു

“ചേട്ട ഇത് ഞാൻ തന്നത് ഒരു കച്ചവടക്കാരനല്ല…. നിങ്ങളുടെ ഉള്ളിലുള്ള ജോലി ചെയ്യാനുള്ള ഉത്സാഹത്തിനാണു .. കൂടാതെ എന്റെ ഒരു സന്തോഷത്തിന്…

അതും പറഞ്ഞ് അവൻ കാറിൽ കയറി…

ഡ്രൈവിങ്ങിനിടെ പാറൂ പറഞ്ഞു

” ആ ന്യായമായ പത്തുരൂപ കൊടുക്കുമ്പോൾ തന്നെ എന്റെ അരുൺ കറക്റ്റ് ആയി …”

(ശുഭം)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : വിജയ് സത്യ