സഖിയെ, തുടർക്കഥയുടെ ഭാഗം 25 വായിച്ചു നോക്കൂ….

രചന : Vava…

“” ഒന്നു വേഗം നടക്ക് മീനു… നീ നടന്നു നടന്നു പിന്നോട്ടാണോ പോവുന്നത് “” ഭവിത കൂടെയുള്ള മീനാക്ഷിയുടെ കയ്യും പിടിച്ച് വേഗത്തിൽ നടന്നു.

മീനാക്ഷി നിർമലേചിയുടെ മൂത്ത മകളാണ്. എട്ടാം ക്ലാസുകാരി.

“” ഹാ… നടക്കല്ലേ… ചേച്ചി എന്തിനാ ഇത്ര ദൃതി കൂട്ടുന്നെ… പതിയെ പോയാപ്പോരേ… “” മീനു നീരസത്തോടെ മുഖം ചുളിച്ചു.

“” പോരാ… നീ നടന്നെ…

അവൾ വീണ്ടും നടത്തത്തിന്റെ വേഗം കൂട്ടി.

“” മ്മ്.. നിക്ക് മനസ്സിലായി….വഴിയിൽ ജിത്തു ചേട്ടൻ ഉണ്ടാവും… ചേട്ടനെ കാണാതെ പോവാണല്ലേ ചേച്ചി എന്നെയും കൂട്ടി നേരത്തെ ഇറങ്ങിയത്…””

അതിനവളൊന്നും മിണ്ടിയില്ല്യ. കാര്യം സത്യം ആണേ..

ഇപ്പൊ ആഴ്ച മൂന്നായി ജിത്തു ഭവിതയുടെ പുറകെ കൂടിയിട്ട്. രാവിലെ കോളേജിൽ പോകുമ്പോഴും വരുമ്പോഴും എല്ലാം ബസ്‌റ്റോപ്പി ലും ഇടവഴിയിലും ഒക്കെയായി കാണാം. ഇടക്ക് കോളേജ് പരിസരത്തും.

കുറച്ചു ദിവസം മുൻപ് കിട്ടിയ അവസരത്തിൽ അവൻ ഇഷ്ടം പറയുകയും ചെയ്തതോടെ ഭവിത അവനെ പരമാവധി അകറ്റി നിർത്തി തുടങ്ങി.

“” ങ്ഹാ… ദേ നിൽക്കുന്നു ജിത്തു ചേട്ടൻ… “”

കുറച്ചകലെയായി ബൈക്കിൽ ചാരി നിൽക്കുന്ന ജിത്തുവിനെ മീനു ഭവിതക്ക് ചൂണ്ടികാണിച്ചു കൊടുത്തു.

ഭവിതയും അവനെ ഒന്നു നോക്കി.

“” ഇയ്യാളിത് എന്തു ഭാവിച്ചാ എന്റെ ദേവി….

ഇങ്ങേരെ കാണാതെ പോവാനാ നേരെത്തെ ഇറങ്ങിയത്… അപ്പൊ ദേ മുന്നിൽ തന്നെ വന്നു നിൽക്കുന്നു… ഇയ്യാൾക് വേറെ പണിയൊന്നും ഇല്ല്യേ… “” ഭവിത അരിശത്തോടെ മനസ്സിൽ പിറുപിറുത്തു കൊണ്ട് നടന്നു.

“” ഹേയ്… ഭവി…. “” തന്നെ ശ്രദ്ധിക്കാതെ റോഡിന്റെ മറുവശം ചേർന്ന് വേഗത്തിൽ നടന്നു പോകുന്നവളെ നോക്കി അവൻ വിളിച്ചു.

“” അങ്ങനെ അങ്ങ് പോവാതെടോ… ഇന്നെന്താ നേരത്തെയാണല്ലോ… “”

അവനും അവരുടെ ഒപ്പം നടന്നു.

“” അത് ചേച്ചി ചേട്ടൻ കാണാതെ പോവാൻ വേണ്ടി നേരത്തെ ഇറങ്ങിയതാ… “”

അടുത്ത് നിന്ന മീനു പറഞ്ഞതും ഭവിത അവളെ കണ്ണുരുട്ടി ഒന്നു പേടിപ്പിച്ചു.

“” ആഹാ… അതെന്താ മീനു നിന്റെ ചേച്ചിക്ക് എന്നെ പേടിയാണോ….? “” ജിത്തു ഭവിതയെ ഇടങ്കണ്ണിട്ടു നോക്കി ചോദിച്ചു.

അവളിപ്പോഴും താഴേക്കു നോക്കി നടക്കുകയാണ്.

“” ആവോ… എനിക്കറിയില്യ…. “” മീനു കൈ മലർത്തി.

“” നീ ഇങ്ങനെ പേടിക്കാനായിട്ട് ഞാൻ നിന്നെ കൊല്ലാൻ വന്നതൊന്നും അല്ല…

എനിക്ക് നിന്നെ കണ്ടപ്പോ തന്നെ ഒരുപാടിഷ്ടായി ഭവി… ഇനിയെന്നും നീ എന്റെ കൂടെ വേണം എന്ന് തോന്നുന്നു….

നിന്നെ കെട്ടിയാൽ പൊന്നുപോലെ നോക്കിക്കോളം എന്നൊന്നും ഞാൻ പറയുന്നില്യ… പക്ഷെ എന്നും ദേ ഈ നെഞ്ചോടു ചേർത്തു പിടിച്ചോളാം…””

അവൻ നെഞ്ചിൽ ഒന്നു തട്ടിക്കൊണ്ടു ചിരിയോടെ പറഞ്ഞു.

പെട്ടെന്നുള്ള അവന്റെ തുറന്നു പറച്ചിലിൽ അവൾ മറുപടിയില്യതെ നിന്നു.ജിത്തു തലച്ചെരിച്ചു അവളെ നോക്കി.

“” എന്തെങ്കിലും പറയടോ… എന്താ ഒന്നും മിണ്ടാത്തത്…. ”

അവൾ ചിന്തയോടെ ഷാലിന്റെ അറ്റം ചുരുട്ടിപ്പിടിച്ചു.

“” അത് ചേട്ടാ ഞാൻ… “”

തലയുയർത്തി എന്തോ പറയാൻ വന്നതും ജിത്തു കൈപത്തി വിടർത്തി തടഞ്ഞു.

“” വേണ്ട… ഇപ്പൊ ഒന്നും പറയണ്ട… നീ സമയം എടുത്ത് നന്നായി ആലോചിച്ചു ഇഷ്ടാണെന്നു മാത്രം പറഞ്ഞാ മതി…….. “”

അവനൊരു പ്രത്യേക താളത്തിൽ പറഞ്ഞു.

അതിനവളൊന്നു തലയാട്ടി.പിന്നെയാണ് അവൻ പറഞ്ഞത് എന്തെന്നവൾക്ക് തെളിഞ്ഞത്.

അപ്പോഴേക്കും മറ്റൊരു സംഭാഷണത്തിന് ഒരവസരം കൊടുക്കാതെ അവൻ പിന്തിരിഞ്ഞ് ബൈക്കിനടുത്തേക്ക് നടന്നിരുന്നു.ചുണ്ടിൽ ഒരു ചിരിയുമായി.

അവൾ അവനെ തന്നെ നോക്കികൊണ്ട് മീനുവിനെയും കൂട്ടി മുന്നോട്ടും നടന്നു.

❤❤❤❤❤❤❤❤

പിറ്റേ ദിവസം തന്നെ രുദ്രനും ഗൗരിയും തേവങ്കോട്ടെത്തിയിരുന്നു.

“” രുദ്രേട്ടൻ ഇതെങ്ങോട്ടാ…?? “”

മുറിയിൽ വന്നപ്പോ കണ്ടത് എവിടെയോ പോവാൻ ഒരുങ്ങുന്ന രുദ്രനെയാണ്.

“” ഞാനൊന്നു പുറത്തു പോയിട്ട് വരാം… “”

അവൻ താടിയുന്നൊതുക്കികൊണ്ട് പറഞ്ഞു.

“” മ്മ്… പോകുന്നതൊക്കെ കൊള്ളാം…

അതുപോലെ തന്നെ ഇങ്ങു വന്നോണം…അമ്മ പറഞ്ഞിരുന്നു പൊന്നുമോന്റെ തോന്ന്യസങ്ങൾ എല്ലാം…. അതുപോലെ കുടിച്ചു നാലു കാലിലെങ്ങാനും വന്നു കേറിയാൽ എന്റെ തനി സ്വരൂപം നിങ്ങള് കാണും…. “”

മുന്നിൽ നിന്നും ഒരു താക്കിത് പോലെ കണ്ണുരുട്ടി പറയുന്ന പെണ്ണിനെ അവനൊന്നു നോക്കി. ഇടതു കൈ കൊണ്ട് വട്ടം പിടിച്ചവളെ ദേഹത്തോട് ചേർത്ത് നിർത്തി.

“” അത് ഞാൻ കാണാത്തതൊന്നും അല്ലല്ലോ….

ഇനി കണ്ടാലേ പറ്റുന്നുണ്ടെങ്കിൽ ചേട്ടൻ വന്നിട്ട് കാണാം ട്ടൊ… “” ഒരു കണ്ണിറുക്കി കള്ളച്ചിരിയോടെ രുദ്രേട്ടൻ പെണ്ണിനെ നോക്കി.

“” ഛെ… ഇങ്ങനൊരു മനുഷ്യൻ… വാ തുറന്ന വഷളത്തരേ വരൂ…. “”

പെണ്ണവനെ നോക്കി കണ്ണ് കൂർപ്പിച്ചു.

രുദ്രേട്ടന്റെ മുഖത്തപ്പോഴും ചിരിയായിരുന്നു.

“” ഹൗ… ഇങ്ങനെ നോക്കാതെ എന്റെ പെണ്ണെ… നിന്റെ ഈ നോട്ടം വന്നു പതിയുന്നത് എന്റെ നെഞ്ചിലാഡീ… “” അവന്റെ കണ്ണുകൾ അവളുടെ മുഖത്തകെ ഓടി നടന്നു.

ആ നോട്ടത്തിൽ പെണ്ണിന്റെ കവിളുകളും ചുവന്നു.

“” വന്നു വന്നു നിങ്ങള് ഒത്തിരി പൈങ്കിളി ആവുന്നുണ്ട്ട്ടൊ… രുദ്രേട്ടാ…. “”

“” സ്വന്തം ഭാര്യേടെ അടുത്ത് പൈങ്കിളി ആവാത്ത ഏതു ഭർത്താവാടി ഉള്ളത്…. എനിക്കെന്റെ പെണ്ണിന്റടുത്തല്ലേ ഇങ്ങനെയൊക്കെ പറയാൻ പറ്റൂ…. “”

“” മ്മ്… “” അവളൊന്നു തലയാട്ടി ചിരിച്ചു.

“” ഇനിയും നിന്നാൽ ഇന്നത്തെ പോക്ക് നടക്കില്ല്യ…

ചേട്ടൻ പോയിട്ട് വേഗം വരാട്ടോ…. വന്നിട്ട് എന്റെ പെണ്ണിനെ ഞാൻ ഉറക്കിക്കോളാട്ടോ…. “”

അവളുടെ താടിയിൽ ഒന്നു പിടിച്ച് ആ കവിളിൽ ഒന്നു മുത്തികൊണ്ടവൻ അടർന്നു മാറി.

മേശയിൽ ഇരുന്ന ഫോണും എടുത്ത് പുറത്തേക്കു നടന്നു.

❤❤❤❤❤❤❤❤

രുദ്രൻ നേരെ പോയത് ജിത്തുവിന്റെ വീട്ടിലേക്കായിരുന്നു.

ജിത്തു മുറ്റത്തു കൂടെ എന്തോ ആലോചിച്ചു കൊണ്ട് നടപ്പുണ്ട്. ഇടക്ക് ചിരിക്കുന്നുണ്ട്. ഇടക്ക് ചാടി കളിക്കുന്നതും കാണാം.

രുദ്രൻ അവനെ ഒന്നു നോക്കി ബുള്ളറ്റിൽ നിന്നിറങ്ങി. ഇറയത്തെ പടിയിലിരിക്കുന്ന ചന്ദ്രുവിന്റെ അടുത്തിരുന്നു.

“” ഇവനെന്താടാ… വെല്ല ബാധ കേറി ഉള്ള ബോധം പോയോ… “” ജിത്തുവിന്റെ കാട്ടായം കണ്ട് രുദ്രൻ ചോദിച്ചു.

“” ങ്ഹാ… അതവൻ ആ പെണ്ണിനേയും ആലോചിച്ചു നടക്കുന്നതായിരിക്കും… “”

ചന്ദ്രു അലസമായി മറുപടി പറഞ്ഞു.

“” എന്നിട്ട് എന്തെങ്കിലും തീരുമാനം ആയോ… “‘

“” ഏയ്യ്… എവിടുന്ന്..ഇവൻ നടന്നു ചെരുപ്പ് തേയെത്തെയൊള്ളൂ…. “”

ചന്ദ്രു പറഞ്ഞു.

ജിത്തുവും അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“” അതൊക്കെ അടുത്ത് തന്നെ തീരുമാനം ആവും… അവൾക്കും എന്നോടൊരു ഇഷ്ടം ഒക്കെ ഉണ്ട്… “”

ജിത്തു വലിയ കാര്യം കണ്ടു പിടിച്ച പോലെ പറഞ്ഞു.

രണ്ട് പേരും അവനെ നോക്കി.

“” എന്ന് അവള് നിന്നോട് പറഞ്ഞോ…?? “”

ചന്ദ്രു ചോദിച്ചു.

“” പറഞ്ഞിട്ടില്യ… പക്ഷെ പറയും…””

മറുപടിയോടൊപ്പം അവന്റെ കൈകളും എന്തോ ആംഗ്യം കാണിച്ചു.

“” മ്മ്… ഉവ്വ…”” ചന്ദ്രു അവനെ ഒന്നു നോക്കി തലയാട്ടി…

ജിത്തു പിന്നെ അധികം നിന്നു താമസിയാതെ സാനം എല്ലാം എടുത്ത് സെറ്റാക്കിയിരുന്നു.

പതിവില്ല്യാതെ ഇന്ന് ചന്ദ്രുവും കുടിച്ചിരുന്നു.

നാല് അഞ്ചു ഗ്ലാസിനു അപ്പുറം കടക്കാത്തവൻ വീണ്ടും വീണ്ടും വലിച്ചു കേറ്റുന്നത് കണ്ട് ജിത്തു അവനെ ഒന്നു ഇരുത്തി നോക്കി.

രുദ്രനും കയ്യിലൊരു ഗ്ലാസുമായി അവനെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.

“” മനസ്സിനാകെ ഒരു സുഖം ഇല്ല്യാടാ… വല്ലാത്ത അസ്വസ്ഥത… “” അവരുടെ നോട്ടത്തിന് മറുപടിയെന്നോണം ചന്ദ്രു പറഞ്ഞു.

“” നീ ഒരെണ്ണം കൂടി ഒഴിക്കടാ… “” വീണ്ടും ജിത്തുവിന് മുന്നിൽ കാലി ഗ്ലാസ്സ് എത്തി.

“” ഗീതുവാണോ നിന്റെ ഈ സ്വസ്ഥത ഇല്ല്യായ്മക്ക് കാരണം… “” അവന്റെ മനസ്സ് മനസ്സിലാക്കിയെന്ന പോലെ രുദ്രൻ ചോദിച്ചു.

ചന്ദ്രു അവനെ ഒന്നു നോക്കി.

“” കുട്ടിയാടാ… അവള്… കൊച്ചു കുട്ടിയുടെ മനസ്സാ അവൾക്ക്…ഇതെല്ലാം അവളുടെ വെറും തോന്നലാണ്…അതിന് വേണ്ടി അവളിനിയും ശ്രമിച്ചാൽ… അതാ എന്റെ പേടി… “”

“” ഞാനെല്ലാം അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് ചന്ദ്രു… ഒരിക്കലും അവള് നിന്നെ ഈ കാര്യവും പറഞ്ഞിനി ശല്യപ്പെടുത്തില്യ…

നിനക്ക് പാറുനെ ഇഷ്ടാണെന്നറിഞ്ഞപ്പോ അവൾക്കത് ഉൾകൊള്ളാൻ ആയില്ല…

അതിലും ഉപരി നിന്റെ ഉള്ളിൽ അവളോടൊരു ഇഷ്ടം ഇല്ല്യാന്നറിഞ്ഞപ്പോ ഉണ്ടായ സങ്കടവും ദേഷ്യവും… ആണ് അവളെക്കൊണ്ടെല്ലാം പറയിപ്പിച്ചത്….

ഇന്നവൾക്കറിയാം ചന്തുവിന്റെ ഉള്ളിലെ അവന്റെ മാത്രം വീണയുടെ സ്ഥാനം… “”

രുദ്രൻ അവന്റെ തോളിൽ കൈവെച്ചു.

അവനതൊരു ആശ്വാസമായിരുന്നു.

പക്ഷെ രുദ്രന്റെ മനസ്സ് അപ്പോഴും ഗീതുവിന്റെ കണ്ണീരിലെ വേദനയുടെ ആഴം തേടി.

❤❤❤❤❤❤

“” നീയ് വന്നു ഭക്ഷണം കഴിക്ക് മോളെ… അവനെ കാത്തു നീയ് പട്ടിണിയിരിക്കണ്ട… ആ ചെക്കൻ വരുമ്പോ വരട്ടെ…. “”

ഡൈനിങ് ഹാളിലായി ചെയറിൽ ഇരിക്കുന്ന ഗൗരിയെ നോക്കി യശോദാമ്മ പറഞ്ഞു.

നേരം 9:30 കഴിഞ്ഞു. ഇതുവരെയായിട്ടും രുദ്രേട്ടൻ എത്തിയിട്ടില്യ.

“” വേണ്ടമ്മേ… ഞാൻ രുദ്രേട്ടൻ വന്നിട്ട് കഴിച്ചോളാം അമ്മ പോയി കിടന്നോ ചെല്ല്…. “” വിശക്കുന്നുണ്ടെങ്കിലും കഴിക്കാൻ നിൽക്കാതെ അവൾ യശോദാമ്മയെ മുറിയിലേക്ക് പറഞ്ഞു വിട്ട് ഹാളിൽ സോഫയിൽ വന്നിരുന്നു.

പുറത്ത് നന്നായി മഴ പെയ്യുന്നുണ്ട്. രുദ്രേട്ടനെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നും ഇല്ല്യ. ജിത്തുവിനെ കുറച്ചു മുൻപ് വിളിച്ചപ്പോൾ അവിടിന്നു ഇറങ്ങിയിട്ട് നേരം കുറെ ആയെന്നു പറഞ്ഞു.

എന്തോ മനസ്സിൽ ഒരു പേടി വന്നു നിറയുന്നത് പോലെ. അവൾ തലക്കും കൈ താങ്ങി ഇരുന്നു.

സമയം കടന്നു പോയി….

പുറത്തൊരു ബുള്ളറ്റിന്റെ ശബ്‌ദം കേട്ടതും അവൾ തലയുയർത്തി.

വാതിലിൽ മുട്ട് കേട്ടതും ചെന്നു തുറന്നു. മുന്നിൽ ആകെ നനഞ്ഞു കുളിച്ചു രുദ്രേട്ടൻ നിൽക്കുന്നു.

ഷർട്ടിലും വെള്ളമുണ്ടിലും എല്ലാം ചെളി പറ്റിയിരിക്കുന്നത് കണ്ട് അവളുടെ മുഖം ചുളിഞ്ഞു.

“” ഇതെന്താ ഡ്രെസ്സിലൊക്കെ ആകെ ചെളി പറ്റിയിരിക്കുന്നത്…. എന്താ ഇത്ര വൈകിയത്… “”

അവൻ അകത്തേക്ക് കടന്നതും അവൾ വാതിലടച്ചു.

“” അത്… വരുന്ന വഴിക്കൊന്നു വണ്ടി മറിഞ്ഞു… അങ്ങനെ ആയതാ… “” അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് വേഗം മുറിയിലേക്ക് നടന്നു.

അവന്റെ മട്ടും ഭാവവും കണ്ട് സംശയത്താൽ അവളും പുറകെ ചെന്നു.

അപ്പോഴേക്കും രുദ്രേട്ടൻ ബാത്ത്റൂമിൽ കയറി ഡ്രെസ്സും മാറി ഇറങ്ങിയിരുന്നു.

അവനോടെന്തോ പറയാൻ നിന്നപ്പോഴാണ് കയ്യിലായി ഒരു മുറിവ് കണ്ടത്. എന്തോ കൂർത്ത മുനയുള്ളതുകൊണ്ട് വരഞ്ഞ പോലെ നീളത്തിൽ കീറിയിട്ടുണ്ട് .

“” ഇത്… ഇതെന്തു പറ്റിയതാ രുദ്രേട്ടാ… “”

ഗൗരി ആധിയോട് അവന്റെ അടുത്തേക്ക് ചെന്നു.

“” അത്… വീണപ്പോ പറ്റിയതാതായിരിക്കും… കുഴപ്പം ഒന്നുമില്ല്യ… “”

“”കൊഴപ്പം ഒന്നും ഇല്ല്യാന്നോ… എന്നിട്ടും ചോര വരുന്നത് കണ്ടുടെ… അവിടെ ഇരിക്ക് രുദ്രേട്ടാ…

ഞാൻ മരുന്ന് വെച്ചു തരാം…”” അവനെ നിർബന്ധിപ്പിച്ചു ബെഡിലിരുത്തി അവൾ ഫസ്റ്റ് എയ്ഡ് ബോക്സും ആയി വന്നു.

മുറിവെല്ലാം വൃത്തിയാക്കി മരുന്നുവെച്ചു. മുറിവ് അടുത്ത് കണ്ടതും മനസ്സിലായിരുന്നു അത് വീണതായിരിക്കില്ല്യ എന്നത്. രുദ്രൻ ഒന്നും എതിർക്കാതെ എല്ലാത്തിനും ഇരുന്നു കൊടുത്തു.

“” ഇത് കണ്ടിട്ട് വീണതാണെന്നു തോന്നുന്നില്ല്യല്ലോ.. സത്യം പറ രുദ്രേട്ടാ… എന്താ ഉണ്ടായത്…

എങ്ങനെയാ ഈ മുറിവ് പറ്റിയത്…. “” ഗൗരി അൽപ്പം കടുപ്പിച്ചു തന്നെ ചോദിച്ചു.

“” വീണതാണെന്നു പറഞ്ഞില്ല്യേ നിന്നോട്… മതി മരുന്ന് വെച്ചതും ശുശ്രുഷിച്ചതും… മാറ് അങ്ങോട്ട്… “” ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവളെ മാറ്റി അവൻ എഴുന്നേറ്റു.

പെട്ടെന്നുള്ള അവന്റെ ഭാവമാറ്റത്തിൽ അവൾ ഒന്നു പകച്ചു. രുദ്രന്റെ ദേഷ്യം അവൾക്കു പണ്ടേ പേടിയാണ്.

“” രുദ്രേട്ടാ… “” അൽപ്പം പേടിയോടെയാണെങ്കിലും വിളിച്ചു.

തിരിഞ്ഞു നോക്കിയ അവന്റെ ചോരച്ച കണ്ണുകൾ കണ്ടതും അവളുടെ പേടിയും കൂടി.

“” ഇനി എന്താ… “”

ഗൗരവത്തിലായിരുന്നു.

“” അത്…. കഴിക്കുന്നില്യേ… “”

“” എനിക്ക് വേണ്ട… “” അത്രേം പറഞ്ഞവൻ നേരെ ബാൽക്കണിയിലേക്ക് നടന്നു.

അവന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. ഉള്ളിലെ പേടിയും സങ്കടവും എല്ലാം കണ്ണീരായി പരിണമിച്ചു.

തളർച്ചയോടെ ബെഡിലേക്കിയിരുന്നു. കട്ടിലിലേക്ക് ചാരി ബാൽക്കണിയിൽ കൈവരിയി ൽ പിടിച്ച് ഇരുട്ടിലേക്കു കണ്ണും നട്ടുനിൽക്കുന്ന രുദ്രേട്ടനെ തന്നെ നോക്കിയിരുന്നു…

നെഞ്ചിൽ ഒരു വേദന തോന്നി…പൊന്തി വന്നൊരു തേങ്ങൽ തൊണ്ടയിടുക്കിൽ തലതല്ലി മരിച്ചു.

തുടരും…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava…