ഞാൻ മോളെ മരുമോളായിട്ടല്ലല്ലോ, മോളായിട്ട് തന്നെ അല്ലേ കാണുന്നേ…

രചന : രമ്യ മണി

ഈ അമ്മ എന്റെ ഭാഗ്യാ….

❤❤❤❤❤❤❤❤

വാടിയ മുഖത്തോടെ, ഗായത്രി വീടിന്റെ പടികൾ കയറി ഉമ്മറത്തിണ്ണയിൽ ബാഗു വച്ച് പതുക്കെ ഇരുന്നു.

“ആഹാ, ന്റെ മോളു വന്നിട്ട് കുറെ നേരായോ?? എന്താ നീ ഇവിടെത്തന്നെ ഇരുന്നു കളഞ്ഞത്? ഇന്നെന്തു പറ്റി.. സാധാരണ ഇങ്ങനെ അല്ലല്ലോ”..

“ഹേയ് ഒന്നൂല്ല്യ അമ്മേ”..

പറഞ്ഞു കൊണ്ടു ഗായത്രി ബാഗ് എടുത്തു അകത്തേക്ക് നടന്നു.

ദേവകി കുറച്ചു സമയം ചിന്തയോടെ നിന്നു.. എന്നിട്ട് അടുക്കളയിലേക്കു നടന്നു.

പിന്നീട്, ദേവകി ചായയുമായി ചെന്നപ്പോൾ, ഗായത്രി കിടപ്പുമുറിയുടെ ജനാലയിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു.

“എന്താ പറ്റിയത് മോൾക്ക്‌… ഞാൻ മോളെ മരുമോളായിട്ടല്ലല്ലോ, മോളായിട്ട് തന്നെ അല്ലേ കാണുന്നെ… അമ്മ പരിഹരിക്കാം.. എന്താച്ചാലും പറ കുട്ടീ”…

“അമ്മേ, ഓഫീസിലെ ന്റെ കൂട്ടുകാരില്ലെ ഗീതു.. അമ്മക്കറിയില്ലേ അവളെ.. അവൾ രണ്ടു ദൂസായിട്ടു ന്നോട് മിണ്ടണില്യ.. പുതിയൊരു കുട്ടി ജോയിൻ ചെയ്തിട്ടുണ്ട്. അവര് രണ്ടാളുമാ ഇപ്പൊ എപ്പോളും ഒപ്പം”..

“ഞാൻ ചെല്ലുമ്പോ അവൾ അങ്ങ് പൊയ്ക്കളയും.ന്നോട് മിണ്ടീട്ടു ദൂസങ്ങളായി.. പ്രശാന്തേട്ടനോട് സങ്കടം പറയച്ചാൽ ആൾക്ക് ന്നോട് മിണ്ടാനും കൂടെ സമയല്ല്യ. നിക്ക് ഭയങ്കര സങ്കടം. കാരണം അവളെ നിക്ക് അത്രക്കിഷ്ട”..

മരുമകളുടെ പരിഭവവും സങ്കടവും കേട്ടപ്പോൾ വിടരാൻ വന്ന പുഞ്ചിരി ദേവകി അമ്മ അടക്കി.

“എന്റെ മോളെ.. നീ കുഞ്ഞികുട്ട്യോളെ പോലേയാട്ടോ പ്പോ സംസാരിക്കിണെ. അവളെ ന്നോട് മിണ്ടീല അവളെന്നെ നോക്കീല.. ഇതൊക്കെ നഴ്സറി കുട്ടികൾ പറയുംപോലെ ഉണ്ട്”.

ഇത് കേട്ടതും ഗായത്രി ചുണ്ടു കൂർപ്പിച്ചു.

“അമ്മേ, ഞാൻ ആ ഓഫീസിൽ ജോയിൻ ചെയ്തപ്പോ മുതൽ ഉള്ള കൂട്ടുകാരിയല്ലേ അവള്, എനിക്കങ്ങനെ അവളോട്‌ മിണ്ടാതേം ഒന്നും പറ്റില്ല. ഇതിപ്പോ പുതിയതായി ജോയിൻ ചെയ്ത കുട്ടി മാനേജരുടെ ബന്ധുവാ…അത് കൊണ്ടു എന്നെ ഒഴിവാക്കുന്നതെന്തിനാ”..

“അമ്മേടെ മോളൊരു കാര്യം മനസ്സിലാക്കണം. കാലം ഓടിക്കൊണ്ടിരിക്കയാണ്.. ആർക്കും ഒന്നിനും സമയമില്ല. എല്ലാവർക്കും അവരവരുടെ കാര്യം.. എന്തൊക്കെയോ ആവാനും നേടാനും ഒക്കെ ആളുകൾ വെപ്രാളപ്പെട്ട് ഓടുകയല്ലേ”.

“മോളുടെ കൂട്ടുകാരിക്ക് ചിലപ്പോ പുതിയ കൂട്ടുകാരി മാനേജരുടെ ബന്ധുവായൊണ്ട് അതിനാണു കൂടുതൽ വില എന്നു തോന്നുന്നുണ്ടാവും. ചില ആൾക്കാർ അങ്ങനെ ആണ്. ഉപകാരം ഉള്ളവർ മതി കൂടെ. അത്രേള്ളൂ.. എല്ലാവരും അങ്ങനെയാണ് ന്നല്ലാട്ടോ”…

“ദേ, ഈ അമ്മേടെ മരുമോളെപോലേം ആൾക്കാരുണ്ട് ല്ലെ.. ന്റെ കുട്ടീനെ കൂട്ടുകാരിയായി കിട്ടാൻ ആ പെണ്ണിന് ഭാഗ്യമില്ല.. അതാ”.

“നമ്മളെ വേണ്ടാത്തവരെ നമ്മളും അങ്ങു വേണ്ടെന്നു വച്ചേക്കണം, അല്ല പിന്നെ !! അതാണ് നമ്മുടെ വിജയം. അമ്മടെ കുട്ടി ചായ കുടിക്കു അപ്പൊ സങ്കടോക്കെ പോവും”.

കേട്ടു നിന്ന ഗായത്രിയുടെ മുഖത്തു സമാധാനത്തിന്റെ ഓളങ്ങൾ തെളിഞ്ഞു . ഈ അമ്മ എന്റെ ഭാഗ്യാ….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : രമ്യ മണി