അവന്റെ ശബ്ദമൊന്നു കേൾക്കാൻ അവനോടൊരു വാക്കു മിണ്ടാൻ അവൾ വല്ലാതെ കൊതിച്ചു

രചന : ഉണ്ണികൃഷ്ണൻ

ചാരുവിന്റെ സ്കൂൾ കാലഘട്ടത്തിലാണ് അവൾ ആദ്യമായി അഭിയെ കാണുന്നത്.ആദ്യ കാഴ്ചയിൽതന്നെ പ്രണയമെന്ന അനുഭൂതി അവളിൽ പൂത്തുലഞ്ഞു ..!

അറിയില്ല, അവനിലെ എന്താണ് അവളെ ഇത്രമാത്രം ആകർഷിച്ചതെന്ന്…….

ഒരുപക്ഷേ അവന്റെ തിളങ്ങുന്ന കണ്ണുകളാകാം..അല്ലെങ്കിൽ അവന്റെ നിഷ്കളങ്കമായ പുഞ്ചിരിയാകാം..

പക്വത ഇല്ലാത്ത പ്രായത്തിൽ തോന്നിയ പ്രണയമായിരുന്നു ചാരുവിന്റേത്.അതുകൊണ്ടുതന്നെ എന്തുപറയണമെന്നോ എങ്ങിനെ പറയണമെന്നോ അന്ന് അവൾക്ക് അറിയില്ലായിരുന്നു.പിന്നെ ഭയം കാരണം ഒന്നും തന്നെ പറഞ്ഞതുമില്ല.എന്നും അവന്റെ വെള്ളാരം കണ്ണുകൾ നോക്കിയിരിക്കാനായിരുന്നു അവൾക്കിഷ്ടം..

അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി. ഉപരിപഠനത്തിനായി ചാരു ആ നാടും സ്കൂളും വിട്ടു. കൂടെ അവനുമായുള്ള കണ്ടുമുട്ടലുകളും.പതിയെ പുതിയ സാഹചര്യങ്ങളുമായി ചാരു പൊരുത്തപ്പെടാൻ തുടങ്ങി..

വർഷങ്ങൾ കഴിഞ്ഞുപോയി…….

സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയ കാലം..

ഒരു ദിവസം മുഖപുസ്തകത്തിലായിരുന്ന അവളുടെ കണ്ണുകൾ പെട്ടെന്നൊരാളുടെ മുഖം കണ്ടു…

കണ്ണുകളെ വിശ്വസിക്കാനാകാതെ അവൾ വീണ്ടും വീണ്ടും നോക്കി..അതേ വർഷങ്ങൾക്കു മുൻപു തന്റെ ഹൃദയം കവർന്നവൻ.. അഭിയേട്ടൻ…

വീണ്ടും വീണ്ടും കാണാനുള്ള ആവേശത്തിൽ അവന്റെ പ്രൊഫൈലും പോസ്റ്റുകളും പരതി..പക്ഷേ അതുവരെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്ന അവളുടെ കണ്ണുകളിൽ സങ്കടകണ്ണീർ നിറഞ്ഞുതുളുമ്പി.

താൻ സ്നേഹിച്ചിരുന്ന ആ ഹൃദയത്തെ മറ്റാരോ പ്രണയംകൊണ്ടു മുറിവേല്പിച്ചിരിക്കുന്നു.അവന്റെ നിരാശ അതിലെ ഓരോ വാക്കുകളിലും നിഴലിച്ചു കണ്ടു..

അഭിയുടെ സങ്കടം ചാരുവിനെ അസ്വസ്ഥയാക്കി.

പതിയെ അവന്റെ സങ്കടങ്ങളിൽ നിന്നും അവനെ തിരികെക്കൊണ്ടുവരണമെന്ന് അവൾ തീരുമാനിച്ചു.

അതിനായി അഭിയുമായി അവൾ ചങ്ങാത്തം കൂടാൻ ആരംഭിച്ചു.പക്ഷേ ആരെന്നോ ഏതെന്നോ അറിയാത്ത ചാരുവുമായി ചങ്ങാത്തം കൂടാൻ അഭി തയ്യാറായിരുന്നില്ല. പലതവണ അവളെ അവൻ ആട്ടിപ്പായിച്ചു.പക്ഷേ താനാരാണെന്ന് അവൾ വെളിപ്പെടുത്താൻ തയ്യാറായില്ല. തന്നെ ഒരുപാട് സ്നേഹിക്കുന്ന അച്ഛനും അമ്മയും വീട്ടുകാരുമൊന്നും അവളുടെ ഈ പ്രണയത്തിനു കൂട്ടുനില്ക്കില്ലാന്നു അവൾക്കു പൂർണ്ണബോധ്യമുണ്ടായിരുന്നു.അതുകൊണ്ടുതന്നെ അവനോടുണ്ടായിരുന്ന പ്രണയം അവൾ മറച്ചുവെച്ചു.

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു. അവളുടെ സൌഹൃദം അവനും ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.കിട്ടുന്ന സമയമെല്ലാം അവനെ നന്നായി ജീവിക്കാൻ പ്രേരിപ്പിക്കുക മാത്രം അവൾ ചെയ്തു.പലപ്പോഴും അവനിൽ നിന്നുണ്ടായ അവഗണനകളെല്ലാം അവൾ കണ്ടില്ലെന്നു നടിച്ചു.

അഭി എല്ലാം മറന്ന് ഒരു വിവാഹം ചെയ്തു സന്തോഷത്തോടെ ജീവിക്കണം.അതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം.അവനോടൊപ്പമുണ്ടായിരുന്ന ആ ദിവസങ്ങളായിരുന്നു അവൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത്..അങ്ങനെ പൊയ്ക്കൊണ്ടിരിക്കെ അവളറിഞ്ഞു തുടങ്ങി അവനിലെ മാറ്റങ്ങൾ..അവളുടെ സ്നേഹവും അവനോടുള്ള പരിഗണനയും വെറുമൊരു സൌഹൃദമല്ലാന്ന് അവൻ തിരിച്ചറിയാൻ തുടങ്ങിയിരുന്നു.തന്റെ ഇഷ്ടം പലപ്പോഴും അവൻ പറയാതെ പറഞ്ഞുവെങ്കിലും അവൾ നീറുന്ന മനസ്സുമായി അതൊന്നും കണ്ടില്ലാന്നു നടിച്ചു..

അവനിൽ നിന്നും കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ…വർഷങ്ങൾക്കു മുൻപ് കിട്ടാൻ മോഹിച്ച അവന്റെ സ്നേഹം എല്ലാം അവൻ നീട്ടിയപ്പോൾ അവളോർത്തു..തനിക്കുവേണ്ടി ജീവിക്കുന്ന തന്നെ ഒരുപാട് സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് അവരെ സമൂഹത്തിനുമുന്നിൽ അപഹാസ്യരാക്കി ഒരുനാൾ എല്ലാ ബന്ധവും ഉപേക്ഷിച്ച് അവനോടൊപ്പം പോയി അവരെ ചതിക്കേണ്ടിവരും. അല്ലെങ്കിൽ അവൾ ഏറ്റവും അധികം ആഗ്രഹിക്കുന്ന അവന്റെ സ്നേഹം ആവോളം അനുഭവിച്ച് അവസാനം മാതാപിതാക്കൾ കാട്ടിത്തരുന്ന മറ്റൊരാളോടൊപ്പം ജീവിച്ച് അഭിയേട്ടനെ ചതിക്കേണ്ടിവരും.. ഇല്ല കഴിയില്ല..അതിനേക്കാൾ ഭേദം മരണമാണ്..

അവന് ഇനി താൻ കാരണംകൂടി വേദനിക്കാൻ പാടില്ല..അവൾ ഹൃദയം പൊടിയുന്ന വേദന അവനെ അറിയിക്കാതെ അവൻ നീട്ടിയ സ്നേഹത്തെ വേണ്ടെന്നു പറഞ്ഞു മടക്കി..

പക്ഷേ അതോടെ അവൻ അവളിൽ നിന്നും അകലുകയായിരുന്നു..അവൻ അവളെ ഇന്ന് വെറുത്തുതുടങ്ങിയിരിക്കുന്നു..അപ്പോഴും അവൾ ആശ്വസിച്ചു..

തന്നെയോർത്ത് അവൻ വേദനിക്കുന്നില്ലല്ലോ..

ദിവസങ്ങൾ കഴിഞ്ഞു..

അവൻ അവളെ ഇന്ന് മറന്നു കഴിഞ്ഞിരിക്കുന്നു..

കുറച്ചു മാസങ്ങൾ കൊണ്ടുമാത്രം അറിയുന്ന അവൾ അവന് ഒന്നുമായിരുന്നില്ല..

പക്ഷേ അവൾ….!!

അവന്റെ അസാന്നിധ്യം അവൾക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു..വർഷങ്ങൾ മനസ്സിൽ കുടിയിരുന്നവൻ.. അവന്റെ ശബ്ദമൊന്നു കേൾക്കാൻ അവനോടൊരു വാക്കു മിണ്ടാൻ അവൾ വല്ലാതെ കൊതിച്ചു..ഓരോ ദിവസവും അവൾക്ക് ഓരോ യുഗങ്ങളായി..

ഭക്ഷണമില്ലാതെയായി..

ഉറക്കമില്ലാതെയായി..

അവനില്ലാത്ത ഓരോ നിമിഷം കഴിയുംതോറും മനസ്സിന്റെ കടിഞ്ഞാൺ അവളിൽ നിന്നും നഷ്ടപ്പെടുകയായിരുന്നു..

അങ്ങനെ മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടമായ ഒരു നിമിഷം അവൾ യാത്രയായി..

സ്വന്തവും ബന്ധവും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്..ആ യാത്രയിലും അവൾ ആശ്വസിച്ചിരുന്നു..

അവനെ എല്ലാം മറന്നു വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുക അതായിരുന്നു തന്റെ ആവശ്യം..അതിന് അവൾ ഇന്ന് കുറച്ചെങ്കിലും വിജയിച്ചിരിക്കുന്നു..അവനുവേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും തുടരുന്നു..

മനസ്സിൽ മൂടിവെച്ച സ്നേഹം മുഴുവൻ നല്കാൻ..മരണമില്ലാത്ത ലോകത്ത് വെച്ച് ആവോളം പ്രണയിക്കാൻ..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഉണ്ണികൃഷ്ണൻ