അമ്മേ, ഈ കൊച്ചിനെ എടുത്തോണ്ട് പോകുന്നുണ്ടോ, എന്റെ കട്ടിലുമുഴുവൻ മൂത്രമൊഴിച്ചു നശിപ്പിച്ചു

വാവാച്ചി

❤❤❤❤❤

‘അമ്മേ… ഈ കൊച്ചിനെ എടുത്തോണ്ട് പോകുന്നുണ്ടോ.. എന്റെ കട്ടിലുമുഴുവൻ മൂത്രമൊഴിച്ചു നശിപ്പിച്ചു.. ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ സാധനത്തിനെ എന്റെ കട്ടിലിൽ കൊണ്ട് കിടത്തരുതെന്നു.. അമ്മേ.. ഇങ്ങോട്ടു വരുന്നോ.. അതോ ഞാൻ ഇതിനെ എന്റെ കട്ടിലിന്ന് തള്ളി താഴെ ഇടണോ. ‘

‘എന്താ അനു ഇത്… നിന്റെ സ്വന്തം അനിയത്തിയല്ലേ.. ഇങ്ങനൊക്കെ പറയാമോ.. ഒന്നര വയസ്സല്ലേ ആയുള്ളൂ അതിന്.. ചേച്ചിന്ന് പറഞ്ഞാൽ അമ്മയുടെ സ്ഥാനമാ.. അത്രക്കൊന്നുമില്ലേലും നിന്റെ കൂടപ്പിറപ്പെന്ന പരിഗണന എങ്കിലും കൊടുക്ക്..’

‘പിന്നെ പരിഗണന.. അമ്മ ഇതിനെ എടുത്തൊണ്ടു പോ നിന്നു പ്രസംഗിക്കാതെ.. ‘അമ്മ എന്തൊക്കെ പറഞ്ഞാലും ഇഷ്ടമല്ല എനിക്കിതിനെ’

അനുവിന്റെ ബഹളം കേട്ട് പേടിച്ച കുഞ്ഞ് അപ്പോഴേ അലറിക്കരയാൻ തുടങ്ങി..

‘അമ്മേടെ വാവാച്ചി വായോ.. ‘

‘അമ്മേടെ കൂവാച്ചി..’

അനു കൊഞ്ഞനം കുത്തിക്കൊണ്ട് ബെഡ്ഷീറ്റെടുത്തു മാറ്റി..

***********

ആ വീട്ടിലെ ഏക സന്താനമായിരുന്നു അനു.

എല്ലാത്തിലും മിടുക്കിയായിരുന്നു അവൾ. പക്ഷെ ഒറ്റമോളായതുകൊണ്ട് അല്പം പിടിവാശി കൂടുതലായിരുന്നു.. പക്ഷെ അവളുടെ അച്ഛനും അമ്മയും അവളുടെ വാശികളെല്ലാം നടത്തിക്കൊടുത്തിരുന്നു. രാജകുമാരിയെപ്പോലെ അവർ അവളെ വളർത്തി..

ഇടക്കിടെ അവരുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും ചിറ്റയും ഭർത്താവും അവരുടെ മക്കളും വരുമായിരുന്നു.. പക്ഷെ അവൾ ആരുമായും വലിയ അടുപ്പമൊന്നും കാണിച്ചില്ല. അച്ഛന്റെ ജോലി സംബന്ധമായി അവർ അല്പം ദൂരെയായിരുന്നു.

അതുകൊണ്ട് വിശേഷ ദിവസങ്ങളിൽ മാത്രമേ എല്ലാവരും ഒത്തുകൂടിയിരുന്നുള്ളൂ.. അതും അനുവിന്റെ ശാഠ്യങ്ങൾക് ഒരു കാരണമായിരുന്നു.

നല്ല സാമ്പത്തിക സ്ഥിതി ഉള്ളതുകൊണ്ട് എല്ലാം അവൾക്ക് ഏറ്റവും നല്ലത് തന്നെയായിരുന്നു കിട്ടിയിരുന്നത്..

അനു പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞു നിൽക്കുമ്പോളാണ് അവളുടെ അമ്മ വീണ്ടും ഗർഭിണി ആയത്.. അനുവിന്റെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നാണക്കേടായിരുന്നു. അവൾ അച്ഛനോടും അമ്മയോടും കെഞ്ചി പറഞ്ഞു കോളജിൽ പോകുമ്പോ നാണക്കേടാണ് ആ കുഞ്ഞിനെ വേണ്ടാന്നു വെക്കാൻ.. അന്ന് അച്ഛന്റെ കയ്യിന്നു പടക്കം പൊട്ടുന്നതുപോലെ കരണക്കുറ്റിക്ക് ഒരു അടിയായിരുന്നു മറുപടിയായി ലഭിച്ചത്… ജീവിതത്തിലാദ്യമായി.. . അതുകൊണ്ട് അവൾക്ക് ജനിക്കുന്നതിനുമുന്നേ ആ കുഞ്ഞിനോട് വെറുപ്പായിരുന്നു.. ഒരു വശത്ത് നാണക്കേട്..

മറുവശത്ത് സ്നേഹം പങ്കുവക്കപ്പെടുമ്പോളുള്ള ദേഷ്യം.. ജനിക്കുന്നത് ചാപിള്ളയാവനെയെന്ന് അവൾ പലതവണ ആരുമാറിയതെ നേർച്ചയിട്ടു പ്രാർത്ഥിച്ചു..

കുഞ്ഞു ജനിച്ചപ്പോൾ മുതൽ അവൾക്ക് അമ്മയോടും അച്ഛനോടും ദേഷ്യമായിരുന്നു..

ആവശ്യത്തിനു മാത്രം മിണ്ടും അത്രമാത്രം.. അവൾ കുഞ്ഞിനെ ഒന്നു സ്നേഹത്തോടെ നോക്കുകയോ തൊടുകയോ ചെയ്തിട്ടില്ല.. കണ്ണുതെറ്റിയാൽ അതിനെ ഉപദ്രവിക്കാനും തുടങ്ങി..

വാവാച്ചി വളർന്നപ്പോൾ മുതൽ എപ്പോഴും ചേച്ചി..

ചേച്ചി.. എന്നു വിളിച്ചു പുറകെ നടക്കുമെങ്കിലും അവൾ തിരിഞ്ഞു നോക്കാറില്ലായിരുന്നു. വാവാച്ചി അനുവിനെക്കാളും വെളുത്തതായിരുന്നു. വരുന്നോരൊക്കെ താരതമ്യം ചെയ്ത് പറയാൻ തുടങ്ങി.

‘അനുക്കുട്ടിയെ.. വാവാച്ചി വളരുമ്പോൾ നിന്നെക്കാളും സുന്ദരിയാവും കേട്ടോ..’

അതൊക്കെ അനുവിന്റെ ഉള്ളിൽ വീണ്ടും വീണ്ടും ദേഷ്യം വളർത്തി..

അങ്ങനെയിരിക്കെ അനു പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന സമയം.. അനുവിന്റെ കോളജിൽ പഠിപ്പിക്കുന്ന സാറുമായി ഇഷ്ടത്തിലായി.. നല്ല പയ്യനായിരുന്നു സുധീപ്.. അനുവിന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടമായി.. പക്ഷെ സുധീപ് ഒരു അനാഥനായിരുന്നു. അതു കാരണം അനുവിന്റെ അച്ഛൻ ഒന്നു മടിച്ചു.. അനുവിന്റെ പിടിവാശിക്കുമുന്നിൽ അവർ സമ്മതം മൂളി..

വിവാഹം കഴിഞ്ഞു സുധിയും അനുവും അവരുടെ വീട്ടിലേക്കു താമസം മാറ്റി.

സുധിക്ക് നിർബന്ധമായിരുന്നു സ്വന്തമായുണ്ടാക്കിയ വീട്ടിൽ തന്നെ ഭാര്യയുമൊത്തു താമസിക്കണമെന്ന്..

സുധിക്ക് വാവച്ചിയെ വലിയ കാര്യമായിരുന്നു.. അവളെ അവരുടെ വീട്ടിൽ കൊണ്ടുപോകാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ അനു അതിനൊന്നും സമ്മതിച്ചില്ല…

താമസിക്കാതെ അനു ഗർഭിണിയായി.. പക്ഷെ അവൾക്ക് ജനിച്ചത് പണ്ട് അവൾ പ്രാർത്ഥിച്ചതുപോലെ ഒരു ചാപിള്ളയെ . പ്രസവരക്ഷ ഒക്കെ ചെയ്തു കഴിഞ്ഞു അച്ഛനും അമ്മയും അനുവിന്റെ വീട്ടിൽ കൊണ്ടു വിട്ടു..സുധിയുടെ നിർബന്ധം കാരണം വാവാച്ചിയെയും അവിടെ നിർത്തി.. കുഞ്ഞില്ലാത്തതിന്റെ വേദന അവൾ മറക്കുമല്ലോ എന്നു കരുതി. പക്ഷെ അനുവിന്റെ ചിന്ത മറ്റൊരു രീതിയിലായിരുന്നു.. വാവാച്ചിയുടെ ദോഷം കാരണമാണ് കുഞ്ഞു മരിച്ചതെന്ന് അവൾ വിശ്വസിച്ചു..

അന്ന് അച്ഛനും അമ്മയും സുധിയെ മാറ്റി നിർത്തി എന്തൊക്കെയോ പറഞ്ഞു..

അന്ന് ആ പോയ പോക്കിൽ അവരുടെ കാർ ആക്‌സിഡന്റായി.. അച്ഛനും അമ്മയും തൽക്ഷണം മരിച്ചു.. പതിവില്ലാതെ വാവാച്ചി അവിടെ നിന്നതുകൊണ്ട് അവൾ രക്ഷപെട്ടു.. അതിനു ശേഷം വാവച്ചിയെ ഏറ്റെടുക്കാൻ ആരുമില്ലാത്തത് കൊണ്ട് അവൾ പിന്നീട് അനുവിന്റെയും സുധിയുടെയും കൂടെ തന്നെ താമസമാക്കി.. അച്ഛന്റെയും അമ്മയുടെയും മരണത്തിലും അനു വാവാച്ചിയിൽ ദോഷം കണ്ടെത്തി..

സുധി ജോലിക്ക് പോയിക്കഴിഞ്ഞാൽ അനു തുടങ്ങും പാവം വാവാച്ചിയോടുള്ള പോര്.. ഒരു ദിവസം കോളജിൽ സമരമായതുകൊണ്ട സുധി നേരത്തെ വന്നു. അവൻ വന്നത് അനു ഒട്ടും കണ്ടതുമില്ല..

അനു വാവാച്ചിയെയും കൊണ്ട് മുറ്റമടിപ്പിക്കുകയായിരുന്നു.

സുധി ചെന്നപാടെ അനുവിന് ഒരടിയാണ് കൊടുത്തത്.. എന്നിട് അവളെ വിളിച്ച് റൂമിൽ കയറി വാതിലടച്ചു.. അവൻ തന്റെ മൊബൈലിൽ സ്റ്റോർ ചെയ്തു വച്ചിരുന്ന അവളുടെ അമ്മയുടെ സംസാരം കേൾപ്പിച്ചു..

‘സുധിമോൻ ഞങ്ങളോട് ക്ഷമിക്കണം. ഒരു വിവരം മറച്ചു വച്ചാണ് ഞങ്ങൾ ഈ വിവാഹം നടത്തിയത്. ‘

‘എന്താമ്മേ..’

‘അത് .. അത്.. മോനെ.. അത്.. അനു ഞങ്ങൾക്കുണ്ടായ മോളല്ല . .’

ഞെട്ടലോടെ അനു സുധിയെ നോക്കി. അവളുടെ അമ്മയുടെ ശബ്ദം സംസാരം തുടർന്നുകൊണ്ടേയിരുന്നു

‘അതേ മോനെ അവൾ ഞങ്ങടെ സ്വന്തം മോളല്ല.. എന്റെ അനുജത്തിയുടെ മകളാണ്..

കല്യാണത്തിന് മുന്നേ അവൾ ഞങ്ങളുടെ കടയിൽ സാധനങ്ങളുമായി വരുന്ന ഒരു തമിഴൻ ലോറിക്കാരനെ സ്നേഹിച്ചിരുന്നു.. അന്ന് അവൾ അവനെ വിശ്വസിച്ചു.. പിന്നീട് അവനു വേറെ ഭാര്യയും മക്കളും ഉണ്ടെന്നറിഞ്ഞു പിന്മാറിയപ്പോഴേക്കും വൈകിയിരുന്നു. അവന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടായിരുന്നു..

അതിനെ നശിപ്പിച്ചു കളയാനുള്ള സമയവും കഴിഞ്ഞു പോയിരുന്നു. അന്ന് ഞങ്ങൾ വയനാട്ടിലാണ് താമസം. അവളെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നു. കല്യാണം കഴിഞ്ഞു മൂന്നു നാലു വർഷമായിട്ടും കുഞ്ഞുണ്ടാകാതിരുന്ന ഞങ്ങൾ ആ കുഞ്ഞിനെ ഏറ്റെടുക്കാമെന്നു വാക്ക് കൊടുത്തു.

കുഞ്ഞുണ്ടായി കഴിഞ്ഞു ഞങ്ങൾ ഇങ്ങോട്ടേക്ക് സ്ഥലം മാറ്റം വാങ്ങി പോന്നു.. ഞങ്ങളെ കൂടാതെ എൻറെ വീട്ടുകാർക്ക് മാത്രമേ ഇതറിയൂ.. ഇദ്ദേഹത്തിന്റെ വീട്ടുകാർക്കുപോലും അനു ഞങ്ങളുടെ ചോരയാ.. അങ്ങനല്ലേലും അതിനും മീതെ ഞങ്ങൾ അവളെ സ്‌നേഹിക്കുന്നുണ്ട്.. പിന്നീട് ഒരു കുഞ്ഞിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചിട്ടേയില്ല.. ഞങ്ങളുടെ മോൾക്ക് കിട്ടേണ്ട സ്നേഹം പങ്കുവച്ച് പോകേണ്ട എന്നു ഞങ്ങൾ കരുതി.. വാവാച്ചിയെപോലും ഞങ്ങൾ ആഗ്രഹിക്കാതെ കിട്ടിയതാണ്.. പക്ഷെ അനുമോൾ വാവച്ചിയെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്.. ഇപ്പൊ അവൾടെ കുഞ്ഞില്ലാത്തതുകൊണ്ട് വാവച്ചിയെ അവൾ സ്നേഹിക്കുമായിരിക്കും.. അതുകൊണ്ട് കുഞ്ഞിനെ ഞങ്ങൾ ഇവിടെ നിർത്തുവാ.. ആ കുഞ്ഞിന്റെ സ്നേഹം അവൾ തിരിച്ചറിയാതിരിക്കില്ല…. നീയെങ്ങനെയെങ്കിലും ഞങ്ങളുടെ അനുമോളെ മാറ്റിയെടുക്കണം.. പോട്ടെ മോനെ..’

അനു ഭിത്തിയിൽ ചാരി മുട്ടുകാലിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. സുധി അവളുടെ അരികിൽ ഇരുന്നു.. അവളുടെ മുഖം താടിയിൽ പിടിച്ചുയർത്തി. കരഞ്ഞുകലങ്ങിയ കണ്ണിൽ നോക്കി പറഞ്ഞു..

‘ഇനി ഞാൻ ഒന്നും പറഞ്ഞു തരേണ്ടല്ലോ.. എന്റെ അനുക്കുട്ടിക്ക് എല്ലാം മനസ്സിലായല്ലോ.. ഇതിനുവേണ്ടിയാണ് ഞാൻ അച്ഛനും അമ്മയും അറിയാതെ ഇത് റെക്കോർഡ് ചെയ്തത്.. ‘

അപ്പോൾ അവൾ പണ്ട് വീട്ടിൽ വന്നുകൊണ്ടിരുന്ന ചിറ്റയെ ഓർത്തു.. അവർ അമിത വാത്സല്യം കാണിച്ചിരുന്നു. അവൾ അവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല..

അനു ഓടിച്ചെന്നു വാവാച്ചിയെ കെട്ടിപ്പിടിച്ചു.. ‘അമ്മ പണ്ട് പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായി.. ചേച്ചി എന്നാൽ അമ്മയും കൂടിയാണ്.. അതേ ചേച്ചിയമ്മ.. അന്നുമുതൽ ആണ് വാവാച്ചിക്ക് ചേച്ചിയമ്മയായി.. പക്ഷെ അച്ഛനും അമ്മയും ചെയ്ത തെറ്റ് അവൾ ആവർത്തിച്ചില്ല..

ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അനുവും സുധിയും വാവാച്ചിക്ക് ഒരു കൂടപ്പിറപ്പിനെ കൊടുത്തു..

വാവാച്ചി ആ കുഞ്ഞിന്റെ ചിറ്റയും ചേച്ചിയും അമ്മയുമായി..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Deepa shajan