ശാരീരിക ബന്ധം പുലർത്താൻ കഴിവില്ലാത്ത അയാൾക്കൊപ്പം എനിക്കിനി ജീവിക്കാൻ പറ്റില്ല

രചന : ഗിരീഷ് കാവാലം

പോസ്റ്റ്‌മാൻ കൊണ്ടുവന്ന രെജിസ്റ്റെർഡ് ലെറ്റർ പൊട്ടിച്ചു വായിച്ച രവീന്ദ്രൻ നായർ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി. അയാളുടെ മുഖത്തെ രക്തമയം ഒരു നിമിഷംകൊണ്ട് ചോർന്നു പോയ പോലെയായി

ശാരീരിക ബന്ധം പുലർത്താൻ കഴിവില്ലാത്ത ഭർത്താവ് ആയ ശബരി രവീന്ദ്രനോടൊപ്പം ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുള്ളതിനാൽ ബന്ധം വേർപെടുത്തുവാൻ താല്പര്യപ്പെടുന്നു എന്ന് മാളു ശിവദാസ് എന്ന തന്റെ മരുമകൾ കോടതി മുഖാന്തരം അയച്ച വക്കീൽ നോട്ടീസ്

ഭർത്താവിന്റെ മുഖഭാവം ശ്രദ്ധിച്ച ഭാര്യ പത്മിനിയമ്മ അടുത്തേക്ക് വന്നു

“എന്താ ചേട്ടാ….”

“ഏയ്‌.. ഒന്നും ഇല്ല ”

ലെറ്റർ ധൃതിയിൽ മടക്കി പിടിച്ചു ഭാര്യയെ മറയ്ക്കാൻ ശ്രമിച്ചെങ്കിലും എന്തോ പന്തികേട് തോന്നി അത് പിടിച്ചു വാങ്ങി വായിച്ച പത്മിനിയമ്മ തളർന്നു പോയി. ഒന്നും ശബ്ദിക്കാൻ കഴിയാത്ത വിധം അവർ സിറ്റൗട്ടിലെ കസേരയിൽ തളർന്നിരുന്നുപോയി

കുറച്ച് ദിവസമായി വിളിച്ചാൽ മാളു ഫോൺ എടുക്കാറില്ല എടുത്താൽ തന്നെ തിരക്ക് ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നതിന്റ കാരണം ഇതായിരുന്നു എന്ന് അവർ രണ്ട് പേരും തിരിച്ചറിഞ്ഞ നിമിഷം

“രവീന്ദ്രൻ നായരെ ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ മക്കളുടെ ദാമ്പത്യ ബന്ധത്തിൽ ഒരു അച്ഛൻ എന്ന നിലയിൽ തുറന്നു പറയാൻ പറ്റാത്തവ…..നല്ല അറിവും വിദ്യാഭ്യാസവും ഉള്ള ആളല്ലേ നിങ്ങൾ…

ഞങ്ങളുടെ മോൾ അവളുടെ ഭാവിക്ക് അപ്പുറം ഞങ്ങൾക്ക് ഒരു അഭിപ്രായം ഇല്ല… ഇത് പറയുന്നതിലും ബുദ്ധിമുട്ട് ഉണ്ട്.. സോറി…അതുകൊണ്ട് ഡിവോഴ്സുമായി ഞങ്ങൾ മുന്നോട്ട് പോകുവാ ”

മാളുവിന്റെ അച്ഛന്റെ വാക്കുകൾ കേട്ടതും അവസാന ശ്രമവും പാഴായവന്റെ മുഖഭാവത്തോടെ രവീന്ദ്രൻ നായർ ഫോൺ താഴെ വച്ചു

ഈ കാര്യം എങ്ങനെ ശബരിയെ അറിയിക്കും

അവനാണേൽ അടുത്ത മാസം ദുബായിൽ നിന്ന് അവധിക്ക് വരാനും ഇരിക്കുകയാണ്

രവീന്ദ്രൻ നായരുടെ മനസ്സിനെ വ്യാകുലപ്പെടുത്തുന്നത് അതായിരുന്നു

ഇപ്പോൾ നാട്ടിലെ സംസാരം ശബരിയുടെ ഡിവോഴ്സ് കേസ് ആണ്

“ഇവനൊക്കെ എന്തിനാ കല്യാണം കഴിച്ചത്..ഒരു പെണ്ണിനെ ശാരീരികമായി തൃപ്തിപ്പെടുത്താൻ കഴിയാത്തവൻ ഈ പണിക്കു പോകരുത്..”

“നല്ല സ്വഭാവവും സൗന്ദര്യവും ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം… ഇവൻ ആണ് തന്നെ ആണോന്നാ സംശയം… അല്ലെങ്കിൽ പിന്നെ അവന് ഭർത്താവിനെ പോലെ പെരുമാറാൻ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അവൾ കോടതിയിൽ പോകുവോ ”

നാട്ടുകാരുടെയും ബന്ധുക്കളുടെയും നോട്ടത്തിലും ചോദ്യത്തിലും തല കുനിഞ്ഞു നിൽക്കേണ്ട അവസ്ഥയിലായ രവീന്ദ്രൻ നായരും, പത്മിനിയമ്മയും ആരോടും ഇടപെഴകാൻ പറ്റാത്ത മാനസികാവസ്ഥയിൽ ആയി തീർന്നു

ദുബായിൽ നിന്നും ഇന്ന് ശബരി വീട്ടിൽ എത്തുന്ന ദിവസം ആണ്

“എന്നാലും എന്റെ ശബരിമോന് ഈ ഗതി വന്നല്ലോ ഈ കൈ വെള്ളയിൽ ഇട്ട് വളർത്തിയ കുഞ്ഞാ അവൾ ഒരു കാലത്തും ഗുണം പിടിക്കില്ല ”

ശബരി ഭവന്റെ വരാന്തയിൽ ഇരുന്നുകൊണ്ട് അടുത്ത വീട്ടിലെ കല്യാണിയമ്മ മുറുക്കാൻ ചവക്കുന്നതിനിടയിൽ പറയുമ്പോൾ വീട്ടിൽ ഒത്ത് കൂടിയിരുന്ന അടുത്ത ബന്ധുക്കൾ ആയ സ്ത്രീകൾ കല്യാണിയമ്മയെ ശരി വക്കുന്ന രീതിയിൽ തലയാട്ടുകയായിരുന്നു.

ഇറ്റ് വീണ കണ്ണ്നീർ തുടക്കാൻ പാട് പെടുകയായിരുന്നു പത്മിനിയമ്മ.. പെറ്റ തള്ളയുടെ വിഷമം മറ്റുള്ളവരുടെ കൂട്ടല്ലല്ലോ…

കല്യാണം കഴിഞ്ഞു ദുബായിലേക്ക് പോയ ശബരിയുടെ ഒരു വർഷത്തിന് ശേഷം ഉള്ള മടങ്ങി വരവിൽ മറ്റെല്ലാവരേക്കാളും സന്തോഷവതിയായി, അവന്റെ ആ മുഖം കാണാൻ വെമ്പലോടെ നിൽക്കേണ്ട അവൾ മാളു, ഇന്ന് അവളുടെ സ്വന്തം വീട്ടിൽ…പകരം വിഷാദ കണ്ണുകളോടെ അവനെ സ്വീകരിക്കാൻ ഇരിക്കേണ്ട അവസ്ഥയിലായി പത്മിനിയമ്മ

“മോളെ പത്മിനി നീ എന്തിനാ വിഷമിക്കുന്നത് അവള് പോകട്ടെന്ന്…നല്ല അപ്സരസ്സ് മാതിരി ഉള്ള പെൺകുട്ടികളെ എന്റെ ശബരിമോന് ഇനിയും കിട്ടും ”

അല്പം പുകയില കൂടി വായിൽ തിരുകിയ ശേഷം കല്യാണിയമ്മ വർദ്ധിത ഊർജത്തോടെ പറഞ്ഞു

“എന്നാലും എനിക്ക് പിടികിട്ടുന്നില്ല ഇവൾക്ക് എന്തിന്റെ കുത്തലായിരുന്നു ശബരിയെ വേണ്ടാന്നു വെക്കാൻ ”

“ഞാനും അതാ ആലോചിക്കുന്നേ ചേച്ചി… ഇത്രയും കാണാൻ നല്ല മിടുക്കൻ ആയ, ഒരു ദുഃശീലവും ഇല്ലാത്ത നല്ല മാന്യനായ ഒരു ചെറുപ്പക്കാരൻ ഈ പഞ്ചായത്തിൽ ശബരിയെ പോലെ വേറെ ആരും കാണില്ല…പിന്നെ മാളുവിന് എന്താ ഇപ്പൊ കല്യാണം വേർപെടുത്താൻ തോന്നിയത് ”

“അവളെ ജോലിക്ക് വിട്ടതാ അബദ്ധം ആയി പോയത്.. അവിടെ ഹോസ്റ്റലിൽ നിന്നല്ലേ ജോലി ചെയ്യുന്നത്.. അവിടെ ഒരുത്തനുമായി സ്നേഹം ആയി അവനെ കെട്ടാൻ വേണ്ടിയാണെന്നാ ഞാൻ അറിഞ്ഞത് ”

എയർപോർട്ടിൽ ശബരിയെ കൂട്ടികൊണ്ട് വരാൻ പോയ അച്ഛൻ രവീന്ദ്രൻ നായരുടെ കാറിന്റെ വരവും കാത്ത് നിന്നിരുന്ന ബന്ധുക്കളും അയൽവാസികളുമായ സ്ത്രീകളുടെ അടക്കം പറച്ചിൽ തുടർന്നുകൊണ്ടിരുന്നു

“ആ കുഞ്ഞ് എന്ത്‌ വീർപ്പു മുട്ടിയായിരിക്കും ഇത്രയും ദൂരം യാത്ര ചെയ്തു വരുന്നത്. ഈശ്വരാ ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകരുതേ….”

കീഴ്ത്താടിയിൽ കൈ വച്ചുകൊണ്ട് ഒരു ചേച്ചി പറഞ്ഞു

ഗേറ്റ് കടന്ന് വരുന്ന കാർ കണ്ട പത്മിനിയമ്മയും മറ്റ് ബന്ധുക്കളും കാറിനടുത്തേക്ക് നടന്നു

പ്രതീക്ഷിച്ചതിന് വിപരീതമായി വളരെ സന്തോഷത്തോടെ കാറിൽ നിന്ന് ഇറങ്ങി വരുന്ന ശബരിയെ ആണ് എല്ലാവർക്കും കാണാൻ കഴിഞ്ഞത്

“അവൾ നമ്മളെ ചതിക്കുവായിരുന്നു മോനെ ”

ശബരിയെ കെട്ടിപിടിച്ച പത്മിനിയമ്മ അത് പറയുമ്പോൾ കണ്ണ് നീർ ഇറ്റ് വീഴുന്നുണ്ടായിരുന്നു

“അല്ല, അമ്മ എന്തിനാ വിഷമിക്കുന്നത് അവളുടെ ഇഷ്ടത്തിന് അവൾ പോകുന്നെങ്കിൽ പോകട്ടെ…

അതിലും നല്ല പെണ്ണിനെ അമ്മയുടെ ഈ മകൻ കെട്ടിയിരിക്കും ”

സന്തോഷത്തോടെ അവൻ അത് പറയുമ്പോൾ അവിടെ ഉണ്ടായിരുന്ന ബന്ധുക്കൾ അതിശയിച്ചു നിന്നുപോയി

അവർ എല്ലാവരും പ്രതീക്ഷിച്ചത് നിരാശ പൂണ്ട മുഖത്തോടെ കടന്ന് വരുന്ന ശബരിയെ ആയിരുന്നു

പുഞ്ചിരിയോടെ വീടിനുള്ളിലേക്ക് നടന്ന ശബരി തന്റെ ബെഡ് റൂമിലേക്ക് കയറി ഡോർ അടച്ചു ലോക്ക് ഇട്ടതും കണ്ണ് നിറഞ്ഞു തുളുമ്പുകയായിരുന്നു അവന്റെ

ഉള്ളിൽ അടക്കി പിടിച്ചു വച്ചിരുന്ന വിങ്ങൽ അണപൊട്ടി ഒഴുകി

താടിയിൽ കൈ ഊന്നി കല്യാണ ഫോട്ടോയിൽ നോക്കി കട്ടിലിൽ ഇരിക്കുമ്പോഴും അവന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു

പെട്ടെന്ന് തന്നെ അവൻ കണ്ണ് തുടച്ചുകൊണ്ട് സാധാരണനിലയിലേക്ക് വന്നു

ഇല്ല തന്റെ മാതാപിതാക്കളുടെ മനസ്സ് ഒരിക്കലും വേദനിക്കാൻ പാടില്ല അവരുടെ മുൻപിൽ താൻ തളർന്നുപോയാൽ അവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല

ഉള്ളിൽ പുകയുന്ന തീ മറച്ചു വെക്കാൻ കൃത്രിമമായി ചിരിക്കുന്ന മുഖത്തോടെ അവൻ മുറി തുറന്നു എല്ലാവരോടും നോർമൽ ആയി അടുത്തിടപെഴകി

ബന്ധം വേർപെടുത്താൻ അവൾ കോടതിയിൽ പറഞ്ഞ കാര്യം അറിഞ്ഞ ശബരി ശരിക്കും ഞെട്ടി പോയി

ഭാര്യയുമായി ശാരീരിക ബന്ധം പോയിട്ട് ഒന്ന് തൊടുവാൻ പോലും കഴിയാത്തവൻ എന്നാണ് അവൾ കോടതിയിൽ ഡൈവോഴ്സിനുള്ള കാരണം ആയി പറഞ്ഞിരിക്കുന്നത്

അത് നാട്ടിൽ മുഴുവൻ അറിയുകയും ചെയ്തിരിക്കുന്നു…

ബന്ധം വേർപെടുത്തി ഇഷ്ടപെട്ട മറ്റൊരുവനെ വിവാഹം കഴിക്കാൻ ആവശ്യമായ ഡൈവോഴ്‌സ് ഓർഡർ പെട്ടന്ന് ലഭിക്കുവാൻ പറ്റിയ ഉചിതമായ കാരണം..

മാളു വിചാരിച്ചതുപോലെ തന്നെ ഡിവോഴ്സ് നടന്നു ശേഷം അവൾ ഇഷ്ടപ്പെട്ട പുരുഷനെ തന്നെ കെട്ടി

അധികം താമസിയാതെ തന്നെ ശബരിയും വളരെ പാവപ്പെട്ട ഒരു വീട്ടിലെ പെണ്ണിനെ വിവാഹം ചെയ്തു നാട്ടിൽ തന്നെ ബിസിനസ്സിൽ ഏർപ്പെട്ടു

“അല്ല നിങ്ങൾ ദുബായിൽ ഉണ്ടായിരുന്നോ ?

ഭാര്യയോടൊപ്പം ഇരിക്കുന്ന ശബരിയെ നോക്കിയുള്ള ഗൈനക്കോളജിസ്റ്റിന്റെ ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു

“അതേ ഡോക്ടർ ഒരു പത്ത് വർഷം മുൻപ് ഞാൻ ദുബായിൽ ആയിരുന്നു….അല്ല ഡോക്ടറെ എനിക്ക് മനസ്സിലായില്ല ”

ഒരു നിമിഷം ആലോചനയിൽ ആണ്ട ശബരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു

“ഓ….പിടികിട്ടി ഞങ്ങളുടെ അയൽക്കാർ ആയി താമസിച്ച… വർഷം പത്ത് കഴിഞ്ഞില്ലേ ഡോക്ടർ അതാ…..എന്നാലും ഡോക്ടർ നമ്മളെ മറന്നില്ലല്ലോ ”

പത്ത് വർഷം മുൻപ് ദുബായിലെ ജോലി സമയം ശബരിയുടെ അയൽക്കാർ ആയിരുന്നു ഡോക്ടറും കുടുംബവും

“അല്ല എന്താ അബോർഷന് തീരുമാനിച്ചത് ”

ശബരിയെയും കൂടെയുള്ള ഭാര്യയെയും നോക്കി ഡോക്ടർ ചോദിച്ചു

“ഡോക്ടർ… പ്രിക്വേഷൻ എടുത്തതാ എന്നിട്ടും ആയി… വേണ്ടാന്ന് വെച്ചു… ഇപ്പോൾ തന്നെ കുട്ടികൾ നാല് ആയി രണ്ട് ഇരട്ട പ്രസവത്തിൽ പെണ്ണും ആണും ആയി നാല് പേർ.. അത് മതി ഡോക്ടറേ…”

“മിസ്റ്റർ ശബരി… ഒരു ജീവൻ ഉദരത്തിൽ തുടിക്കാൻ കൊതിക്കുന്ന, കുട്ടികൾ ഇല്ലാത്ത എത്രയോ സ്ത്രീകൾ ഉണ്ട് ഈ ലോകത്ത് അപ്പോൾ ദൈവം കനിഞ്ഞു തന്ന ഈ ജീവൻ ഇല്ലാതാക്കണോ ”

“ഡോക്ടറുടെ ആ ചോദ്യത്തിന് വിപരീതമായി ഒരു മറുപടി പറയുവാൻ അവർ രണ്ട് പേർക്കും കഴിഞ്ഞില്ല… അവർ സന്തോഷത്തോടെ അവിടെ നിന്നിറങ്ങി ”

വെളിയിൽ വിസിറ്റേഴ്സിന്റെ കസേരകളിൽ വീട്ടിലെ സഹായത്തിനു കൂട്ടുള്ള മാലതി ചേച്ചിയുടെ കൂടെ മൊബൈലിൽ കളിക്കുന്ന തിരക്കിൽ ആയിരുന്നു നാല് മക്കളും

“എന്ത്‌ നല്ല ചേച്ചി ആയിരുന്നു ആ ചേച്ചി ഞങ്ങളോട് ഒത്തിരി സംസാരിച്ചു ഞങ്ങക്കൊപ്പം സെൽഫിയും എടുത്തു… ദേ നമ്മുടെ മൊബൈലിലും ആ ചേച്ചി എടുത്തു ”

കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ശബരിയോടായി മൂത്ത മകൾ പറഞ്ഞു

ഇപ്പൊ കാണിച്ചു തരാം എന്ന് പറഞ്ഞു മാലതി ചേച്ചിയുടെ കൈയ്യിൽ നിന്ന് മൊബൈൽ വാങ്ങുന്ന ശബരിയുടെ മൂത്ത മകൻ

“അതേ സാറേ..ഒരു പെങ്കൊച്ച് വന്നായിരുന്നു ഡോക്ടറെ കാണാൻ ഞങ്ങളുടെ അടുത്താ ഇരുന്നേ..ഇവരെ ഇഷ്ടമായി വലിയ സംസാരം ഒക്കെ ആയിരുന്നു…”

“ഇവരോട് അച്ഛന്റെ പേര് ചോദിച്ചു, സാറിന്റെ പേര് കേട്ടതും അതുവരെ ഹാപ്പി ആയിരുന്ന ആ പെണ്ണിന്റെ മുഖം വല്ലാണ്ടായി പിന്നെ എന്നോട് കൂടുതൽ തിരക്കി.. ഞാൻ ഉള്ളത് പറഞ്ഞതും അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ആ പെണ്ണ് നടന്നു പോയി ”

“പേര് പറഞ്ഞോ…”

ആകാംഷയോടെ ആണ് ശബരി അത് ചോദിച്ചത്

” മാളു…. ”

“ദേ… പപ്പാ ഇതാ ആ ചേച്ചി….

മോൻ നീട്ടി കാണിച്ച ആ മൊബൈലിലെ ഫോട്ടോയിൽ നോക്കിയ ശബരിയുടെ മുഖത്തെ അമ്പരപ്പ് മാറും മുൻപേ മാലതി ചേച്ചി കൂട്ടി ചേർത്തു

“കല്യാണം കഴിഞ്ഞിട്ട് പത്ത് വർഷം ആയി ഇതുവരെ കുട്ടികൾ ആയില്ലെന്നാ ആ പെങ്കൊച്ച് പറഞ്ഞത്

അപ്പോഴേക്കും കാർ നിർത്തി നിർവികാരതയോടെ, മുന്നിൽ ഇരിക്കുന്ന ഭഗവാന്റെ രൂപത്തിൽ കണ്ണും നട്ട് ഇരുന്നു പോയി ശബരി……..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഗിരീഷ് കാവാലം